'മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത അണികളും പിന്‍പറ്റുന്നു'; സൈബറാക്രമണത്തില്‍ നിഷ പുരുഷോത്തമന്‍

'മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ അസഹിഷ്ണുത അണികളും പിന്‍പറ്റുന്നു'; സൈബറാക്രമണത്തില്‍ നിഷ പുരുഷോത്തമന്‍
Published on

മുഖ്യമന്ത്രി മാധ്യമങ്ങളോട് സ്വീകരിച്ച അസഹിഷ്ണുത അദ്ദേഹത്തിന്റെ അണികളും പിന്‍പറ്റുകയാണെന്ന് മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമന്‍ ദ ക്യുവിനോട്. സമൂഹ മാധ്യമങ്ങളിലൂടെ സിപിഎം അനുകൂലികള്‍ ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തുന്നതില്‍ പ്രതികരിക്കുകയായിരുന്നു മനോരമ ന്യൂസ് അവതാരക. തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടി സ്വീകരിക്കും. സ്ഥാപനമായ മനോരമ ന്യൂസാണ്‌ അക്കാര്യങ്ങള്‍ നിര്‍വഹിക്കുകയെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ അതിന് വിലങ്ങുതടിയായി ചിലര്‍ വ്യക്തിഹത്യ നടത്തുകയാണ്. കുടുംബത്തെയടക്കം തേജോവധം ചെയ്യുന്നു. ഇതിനെതിരെ മാതൃകാപരമായ നടപടിയുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദേശാഭിമാനി ജീവനക്കാരനായ വിനീത് വി.യു എന്നയാള്‍ നിഷയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കൂടാതെ സൈബര്‍ ഇടത്തിലെ സിപിഎം പ്രൊഫൈലുകള്‍ ആക്ഷേപിച്ചെത്തുന്നതിലുമാണ് പ്രതികരണം.

നിഷ പുരുഷോത്തമന്‍ ദ ക്യുവിനോട്

ദേശാഭിമാനിയുടെ ഒരു ജീവനക്കാരന്‍ അയാളുടെ യഥാര്‍ത്ഥ അക്കൗണ്ടില്‍ നിന്ന് എന്നെ വ്യക്തിപരമായും, സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സാഹചര്യത്തില്‍ നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് നടപടിയുണ്ടാകണം എന്നാണ് ആവശ്യപ്പെടാനുള്ളത്. ജോലി ചെയ്യുന്നതിന്റെ പേരിലാണ് എന്നെ അധിക്ഷേപിക്കുന്നത്. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖപത്രത്തിന്റെ ജീവനക്കാരനായിരുന്ന് ഒരു വ്യക്തി അങ്ങനെ എഴുതുന്നുണ്ടെങ്കില്‍ അത് ആ പാര്‍ട്ടിയും നേതാക്കളും അറിയാതെയാവില്ല. എനിക്ക് നേരെയുള്ള സൈബര്‍ ആക്രമണം ഇതാദ്യമല്ല. സിപിഎമ്മിന്റെ സൈബര്‍ ടീം എനിക്കെതിരെ കുറേനാളായി അധിക്ഷേപങ്ങള്‍ നടത്തിവരികയാണ്. ഇതിനോടകം ഡിജിപിക്കടക്കം പരാതികള്‍ നല്‍കി. എന്നാല്‍ അതിലൊന്നും നടപടിയുണ്ടായിട്ടില്ല. പാര്‍ട്ടിയിലും സ്ഥാപനത്തിലുമുള്ളവരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ സ്ഥാപനങ്ങള്‍ക്കും പെരുമാറ്റച്ചട്ടവും സോഷ്യല്‍ മീഡിയ പോളിസിയുമുണ്ടാകും. ഞാനും ഒരു മാധ്യമസ്ഥാപനത്തിന്റെ ഭാഗമാണല്ലോ. എഡിറ്റോറിയലിലോ മറ്റേതെങ്കിലുമോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയെടുക്കുന്ന ആരും ഇത്തരത്തില്‍ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പോസ്റ്റിടാന്‍ ധൈര്യപ്പെടില്ല. അഥവാ ഇട്ടാല്‍ തന്നെ നടപടിയുണ്ടാകം. സ്വന്തം ജീവിതം ബലികഴിച്ചുകൊണ്ടൊന്നും ആരും ഇതിന് ഇറങ്ങിപ്പുറപ്പെടുമെന്ന് കരുതാനാകില്ല. തനിക്ക് ഒന്നും സംഭവിക്കില്ല സംരക്ഷിക്കപ്പെടും എന്നെല്ലാം ഉറച്ച ബോധ്യമുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ പോസ്റ്റുകളിടുന്നത്. ആ പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇതെല്ലാം കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ ജനം വിലയിരുത്തട്ടെ. കേരളത്തിലെ ജനങ്ങള്‍ ഇതൊക്കെ മനസ്സിലാക്കുന്നവരാണ്. അവര്‍ ഇത് ശരിയായ രീതിയില്‍ തന്നെ വിലയിരുത്തുമെന്ന് ഉറപ്പുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്‍പ് എന്നെപറ്റി അങ്ങേയറ്റം മോശമായ പരാമര്‍ശം നടത്തിയതില്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സ്റ്റേഷനില്‍ പോയി മൊഴി കാടുത്തതാണ്. ഇതുവരെയും ഒരുനടപടിയും എടുത്തിട്ടില്ല. ഇക്കാര്യങ്ങളില്‍ ഇരട്ടനീതിയാണ് കാണാനാവുക. ചിലരുടെ കാര്യം വരുമ്പോള്‍ പെട്ടെന്ന് നടപടിയുണ്ടാകും. മറ്റുചിലരുടെ കാര്യത്തില്‍ ഒന്നുമുണ്ടാകില്ല. പാര്‍ട്ടിയും കമ്മീഷനും എല്ലാം ഒന്നാണെന്നാണ് വനിത കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞത്. പാര്‍ട്ടി അണിയും പ്രസ്ഥാനത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരനുമായ ആള്‍ ചെയ്ത ഒരു കാര്യം സംബന്ധിച്ച് അങ്ങനെയൊരു കമ്മീഷന് പരാതി കൊടുത്തിട്ട് എന്തുകാര്യം ?

മുഖ്യമന്ത്രി മാധ്യമങ്ങളോട് സ്വീകരിച്ച അസഹിഷ്ണുത അദ്ദേഹത്തിന്റെ അണികളും പിന്‍പറ്റുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തില്‍ അതിനുള്ള പങ്കിനെയും, അഭിപ്രായ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നവര്‍ ഇത്തരത്തില്‍ നിലപാടെടുക്കാന്‍ തയ്യാറാകില്ല. അഞ്ചുമണിക്കൂറായി ഓണ്‍ എയറില്‍ ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ സംഭവിച്ച നാക്കുപിഴയെ, ഞാന്‍ ബോധപൂര്‍വമായി വരുത്തിയതാണെന്ന് വിദ്വേഷ പ്രചരണം നടത്തുന്നത് ഒരു ടെലിവിഷന്‍ ചാനലും പത്രവും നടത്തുന്ന പാര്‍ട്ടിയുടെ ആളുകളാണ്. അവര്‍ക്ക് ഇതൊന്നും അറിയാഞ്ഞിട്ടല്ല. ആങ്കര്‍മാര്‍ വായിക്കുമ്പോള്‍ തെറ്റുപറ്റിയിട്ടുണ്ടോയെന്ന് കൈരളി ചാനലിന്റെ ഫയലുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമല്ലോ, മാധ്യമപ്രവര്‍ത്തനം എന്താണെന്ന് അറിയാത്തവരുമല്ല ഇതെല്ലാം ചെയ്യുന്നത്. കേട്ട സാധാരണക്കാരന് അത് നാക്കുപിഴയാണെന്ന് മനസ്സിലാകും. ചര്‍ച്ചകളില്‍ സര്‍ക്കാരിന് അപ്രിയമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു എന്നതുകൊണ്ട് എന്നെ ടാര്‍ഗറ്റ് ചെയ്യുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in