ഭീം ഓണ്‍ലൈന്‍ ക്ലാസ് റൂം, സാമ്പത്തികമായും സാമുദായികമായും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് പഠനമാതൃക

ഭീം ഓണ്‍ലൈന്‍ ക്ലാസ് റൂം, സാമ്പത്തികമായും സാമുദായികമായും പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് പഠനമാതൃക
Published on

കോവിഡ്-19 പശ്ചാത്തലത്തില്‍ ദലിത്-ആദിവാസി-മത്സ്യബന്ധന സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠനം ലക്ഷ്യമാക്കി 'ഭീം ഓണ്‍ലൈന്‍ ക്ലാസ് റൂം'. തിരുവന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'റൈറ്റ്സ്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് വീഡിയോ രൂപത്തിലുള്ള ക്ലാസുകള്‍ ഓണ്‍ലൈനുകളില്‍ ലഭ്യമാക്കിക്കൊണ്ടുള്ള ഒരു വെബ്സൈറ്റ് മേയ് 25 മുതല്‍ പ്രവര്‍ത്തന സജ്ജമായത്. സാമ്പത്തികമായും സാമുദായികമായും പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന ഈ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായുള്ള സൗകര്യങ്ങള്‍ നന്നേ കുറവാണ്. ഇത് പരിഹരിക്കുന്നതിനുള്ള ഒരു പ്രാഥമിക മാതൃക സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു പദ്ധതിയെന്ന് റൈറ്റ്സ് പറയുന്നു.

പ്രാഥമിക ഘട്ടമെന്നോണം സംസ്ഥാന സിലബ്ബസിലെ 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഓണ്‍ലൈന്‍ വീഡിയോ ക്ലാസുകളാണ് ഭീം ഓണ്‍ലൈന്‍ ക്ലാസ് റൂമില്‍ റിലീസ് ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകര്‍ തയ്യാറാക്കുന്ന വീഡിയോകള്‍ www.bhimonlineclassroom.in എന്ന വെബ്സൈറ്റിലുണ്ടാകും.

ഇന്ത്യയില്‍ത്തന്നെ ഇന്റര്‍നെറ്റ് പ്രാപ്യത 50% പേര്‍ക്ക് മാത്രമാണെന്നും അതില്‍ തന്നെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളിലേയ്ക്ക് ഇന്റെര്‍നെറ്റ് സൗകര്യങ്ങളോ സ്മാര്‍ട്ട്ഫോണ്‍ സൗകര്യങ്ങളോ എത്തിച്ചേര്‍ന്നിട്ടില്ലയെന്നും അതിനാലാണ് 'ഭീം ഓണ്‍ലൈന്‍ ക്ലാസ് റൂം' എന്ന പദ്ധതിയുമായി തങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും 'റൈറ്റ്സി'ന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അജയ് കുമാര്‍ ദ ക്യുവിനോട് വ്യക്തമാക്കി.

''ഇന്ത്യയില്‍ രണ്ടിലൊരാള്‍ക്ക് എന്ന വിധമാണ് ഇന്റര്‍നെറ്റ് പ്രാപ്യത ഉള്ളത്. അതില്‍ തന്നെ സമൂഹത്തിന്റെ അടിത്തട്ട് ജനതയായ ദലിത്, ആദിവാസി, മത്സ്യത്തൊഴിലാളി സമുദായങ്ങളിലുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത തുലോം തുച്ഛമാണ്. ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ ലഭ്യമാകുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഈ സമുദായത്തിലെ വിദ്യാര്‍ത്ഥികളിലേയ്ക്ക് ഓണ്‍ലൈന്‍ ക്ലാസ് റൂം സൗകര്യങ്ങള്‍ എത്തിപ്പെടേണ്ടതുണ്ട്'', അജയ്കുമാര്‍ പറഞ്ഞു.

നിലവില്‍ നഗരപ്രദേശങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിരവധി സൗകര്യങ്ങളാണ് ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ക്കും പഠനത്തിനായും ലഭിക്കുന്നത്. ഈ മേഖലയെ കേന്ദ്രീകരിച്ച് നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇത്തരം ആപ്ലിക്കേഷനുകളുടെ ഒരു സവിശേഷത അവയ്ക്ക് വലിയ തോതിലുള്ള ബ്രാന്റ് വിഡ്ത്തും ഒപ്പം വലിയ സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണും ആവശ്യമാണ്. മാത്രവുമല്ല ഇത്തരം ആപ്ലിക്കേഷനുകള്‍ ചിലവേറിയതുമാണ്. 7-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ആപ്ലിക്കേഷനു തന്നെ ഏകദേശം അന്‍പതിനായിരത്തിനുമേല്‍ വിലയുണ്ട്. ഇത്തരം സൗകര്യങ്ങളില്‍ നിന്ന് സമൂഹത്തിലെ ഒരു വലിയവിഭാഗം വിദ്യാര്‍ത്ഥികള്‍ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരം വിദ്യാര്‍ത്ഥികളെ ഉദ്ദേശിച്ചാണ് 'ഭീം ഓണ്‍ലൈന്‍ ക്ലാസ് റൂം' പ്രവര്‍ത്തിക്കുന്നതെന്ന് അജയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ള ഇന്ത്യയിലെയോ സംസ്ഥാനത്തെയോ എല്ലാവര്‍ക്കും ഈ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കലല്ല റൈറ്റ്സ് ഇതിലൂടെ ചെയ്യുന്നതെന്നും ഇത്തരം മാതൃകകള്‍ സൃഷ്ടിച്ച് സര്‍ക്കാരുകളുടെ ശ്രദ്ധയിലേയ്ക്ക് ഇത് എത്തിക്കുകയാണ് ലക്ഷ്യമെന്നും അജയ്കുമാര്‍. ''ഭീം ഓണ്‍ലൈന്‍ ക്ലാസ് റൂം' എന്ന ഈ പദ്ധതിയില്‍ രണ്ട് കാര്യങ്ങളാണ് ഉള്ളടങ്ങിയിട്ടുള്ളത്. ഒന്ന്, ഈ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സാമഗ്രികളുടെ ഓണ്‍ലൈന്‍ ക്ലാസ് റൂം വീഡിയോകള്‍ ലഭ്യമാക്കുക. 25-ാം തീയതി ഉദ്ഘാടനം ചെയ്യപ്പെടുന്ന വെബ്സൈറ്റിലൂടെ അതാണ് സംഭവിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പഠനസാമഗ്രികളുടെ ഒരു ആര്‍ക്കൈവ് ആണ് അത്. രണ്ടാമതായി, ഇന്റര്‍നെറ്റ് സൗകര്യം പോലും ലഭിക്കാത്തവരുള്‍പ്പെടെയുള്ള ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം ക്ലാസ്റൂമുകളിലേയ്ക്കുള്ള ആക്സസ് ഉറപ്പിക്കുക. വിവിധ തലങ്ങളിലാണ് റൈറ്റ്സ് ഇത് നിര്‍വ്വഹിക്കുന്നത്. മൊബൈല്‍ഫോണ്‍, ഗാഡ്ജറ്റ് മുതലായവയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍. വ്യക്തികളില്‍ നിന്നും കമ്പനികളില്‍ നിന്നും അവ കളക്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മറ്റൊന്ന് അഞ്ചോ ആറോ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ ഉണ്ടാക്കി അവര്‍ക്ക് ആന്‍ഡ്രോയിഡ് ടി.വി കളിലൂടെ സാമൂഹികാകലം പാലിച്ചുകൊണ്ട് തന്നെ ക്ലാസുകള്‍ നല്‍കുക. ഇനിയും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വിദൂര ഗ്രാമങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രീ ലോഡഡ് ആയ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുക. ഇത്തരം പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്''; അജയ് കുമാര്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in