ഞാൻ അഭിമാനിയായ കറുത്ത വർഗക്കാരൻ, കോവിഡിനെതിരായ പോരാട്ടത്തിനിടെ വധ ഭീഷണി വരെ നേരിടേണ്ടിവന്നു

ഞാൻ അഭിമാനിയായ കറുത്ത വർഗക്കാരൻ, കോവിഡിനെതിരായ പോരാട്ടത്തിനിടെ വധ ഭീഷണി വരെ നേരിടേണ്ടിവന്നു

Published on
Summary

കോവിഡ് പോരാട്ടത്തിൽ രാഷ്ട്രീയത്തെ ക്വാറന്റൈൻ ചെയ്യൂ, തയ്യാറല്ലെങ്കിൽ കൂടുതൽ ബോഡി ബാഗുകൾ ഒരുക്കിക്കോളൂ., ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ മനുഷ്യത്വത്തിലൂന്നിയ മറുപടിയുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം ഗെബ്രെയെയൂസ്. എം ഉണ്ണിക്കൃഷ്ണന്‍ നടത്തിയ സ്വതന്ത്ര വിവര്‍ത്തനം

ലോകത്തിന്റെ ശീലങ്ങൾ മാറ്റിയെഴുതിയ കോവിഡ്-19 വൈറസിന് എതിരായ പോരാട്ടം നൂറു ദിവസം തികയുമ്പോൾ വൈറസിനെ വെല്ലുന്ന രാഷ്ട്രീയ പോരാട്ടവും പടരുകയാണ്. കോവിഡ് പകർച്ച തടയാനുള്ള നടപടികൾക്ക് ആഗോള തലത്തിൽ ദിശാബോധം നൽകുന്ന ലോകാരോഗ്യ സംഘടനയ്ക്ക് എതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ലോകാരോഗ്യ സംഘടനയ്ക്ക് വീഴ്ചപറ്റിയെന്നും ഫണ്ട് വെട്ടിച്ചുരുക്കുമെന്നുമുള്ള ട്രംപിന്റെ ഭീഷണി ഈ പ്രതിസന്ധി ഘട്ടത്തിൽ സംഘടനയ്ക്ക് മേൽ വലിയ സമ്മർദ്ദമാണുണ്ടാക്കിയത്. ട്രംപിന്റെ ഭീഷണി അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ വികാരഭരിതനായാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം ഗെബ്രെയെയൂസ് ഇന്നലെ WHOയുടെ പതിവ് കോവിഡ് വാർത്താ സമ്മേളനം അഭിസംബോധന ചെയ്തത്. കഴിഞ്ഞ നൂറു ദിവസമായി നേരിടുന്ന അധിക്ഷേപങ്ങളോടുള്ള പ്രതികരണവും ഐക്യത്തിന്റെ അഭാവവും പറഞ്ഞ അദ്ദേഹം നേരിടാൻ പോകുന്ന വലിയ വെല്ലുവിളികളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളും അവയ്ക്ക് ടെഡ്രോസ് അധാനോം നൽകിയ മറുപടിയും ഈ സാഹചര്യത്തിൽ ഏറെ പ്രസക്തമാണ്. ചൈനയെ സഹായിച്ചു എന്ന ലോകാരോഗ്യ സംഘട നയ്ക്ക് എതിരായ പാശ്ചാത്യ രാജ്യങ്ങളുടെ വിമര്ശനത്തിനടക്കം മറുപടി നൽകുകയാണ് ടെഡ്രോസ് ഈ വാർത്താ സമ്മേളനത്തിൽ.

റിപ്പോർട്ടർ : മിസ്റ്റർ ഡയറക്ടർ ജനറൽ ടെഡ്രോസ്, ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ വിമര്ശനത്തെക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം അറിയാൻ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും WHO ചൈന കേന്ദ്രീകൃതമാണ് എന്നതടക്കം ട്രംപിനുള്ള പരാതികളെപ്പറ്റി.

ടെഡ്രോസ് അധാനോം: നിങ്ങൾക്ക് അറിയുന്നത് പോലെ, തുടക്കം മുതൽ സാധ്യമായത് എല്ലാം ചെയ്യുകയാണ് WHO. ഞാൻ എന്റെ പ്രസ്താവനയിൽ പറഞ്ഞത് പോലെ തന്നെ നാളെ കൊറോണ വൈറസ് പകർച്ച നോട്ടിഫൈ ചെയ്തത് നൂറു ദിവസം തികയുകയാണ്. നമുക്ക് നിരവധി ജീവനുകൾ നഷ്ടമായെന്നത് വലിയ ദുരന്തമാണ്. എങ്കിലും ഇപ്പോഴത്തേത് പോലെ നമ്മൾ ജീവനുകൾ രക്ഷിക്കുന്നതിനായി സാധ്യമായതെല്ലാം രാപ്പകൽ ഭേദമില്ലാതെ ചെയ്യും. ഞങ്ങൾക്ക് സമയം പാഴാക്കി കളയാൻ ആഗ്രഹമില്ല. ഇതുപോലൊരു അത്യന്തം അപകടകാരിയായ പുതിയൊരു വൈറസുമായി ഏറ്റുമുട്ടുമ്പോൾ, ഞങ്ങൾ നിരന്തര വിലയിരുത്തലുകൾ നടത്താറുണ്ട്. അതുകൊണ്ടു ഇതിനു ശേഷവും ഞങ്ങൾ ശക്തിയും ദൗബല്യവും കണ്ടെത്താനായി വിലയിരുത്തലുകൾ നടത്തും . ഇതാണ് WHOയുടെ പാരമ്പര്യം. ഇതിനെ ഞങ്ങൾ after action review എന്നാണു വിളിക്കാറ്. മറ്റേതൊരു സംഘടനയെക്കാളും WHOയ്ക്ക് ഇതാവശ്യമാണ്. കാരണം ഞങ്ങൾക്ക് ഞങ്ങളുടെ പിഴവുകളിൽ നിന്നും ശക്തികളിൽ നിന്നും പഠിക്കേണ്ടതായും മുന്നോട്ട് പോകേണ്ടതായുമുണ്ട്. പക്ഷെ ഇപ്പോഴത്തെ മുൻഗണന ഈ വൈറസിനെതിരായ പോരാട്ടത്തിൽ ആയിരിക്കണം.

ഞാൻ നേരത്തെ പറഞ്ഞത് പോലെത്തന്നെ ഇതൊരു പുതിയ വൈറസാണ്. തുടക്കത്തിൽ പലർക്കും അറിയില്ലായിരുന്നു ഇതെങ്ങനെ പെരുമാറുമെന്ന്. ഇപ്പോഴും അറിയാത്ത കുറേക്കാര്യങ്ങൾ ഉണ്ട്. ഭാവിയിൽ ഇതെങ്ങനെ പെരുമാറുമെന്നു അറിയുകയും ഇല്ല. ഫ്ലൂ പോലെത്തന്നെ വളരെ വേഗത്തിൽ പടർന്നു പിടിക്കുന്നതാണിത്. അതേസമയം ഫ്ലൂവിനേക്കാൾ മാരകവും. നിങ്ങൾക്ക് ഓർമ്മയുണ്ടാവും, ഫെബ്രവരി 11നു ഞങ്ങൾ ഇതിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ചതാണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പന്ത്രണ്ടു പതിമൂന്നു ദിവസത്തിനകമാണ് ആ പ്രഖ്യാപനം ഞങ്ങൾ നടത്തിയത്.

എനിക്ക് രണ്ടു കാര്യങ്ങളാണ് ലോകത്തോട് അഭ്യർത്ഥിക്കാനുള്ളത്. ഒന്ന്- ദേശീയതലത്തിൽ പാർട്ടി ലൈനിനും മുഖങ്ങൾക്കും മറ്റു ഭിന്നതകൾക്കും പ്രത്യയശാസ്ത്രത്തിനും അതീതമായി പ്രവർത്തിക്കാൻ നമുക്കാവണം. ദേശീയതലത്തിൽ രാഷ്ട്രീയപാർട്ടികൾക്കിടയിലും മത സംഘങ്ങൾക്കും മറ്റു വിഭാഗങ്ങൾക്കും ഇടയിൽ ഭിന്നത ഉണ്ടായാൽ ആ വിള്ളൽ വൈറസ് മുതലെടുക്കും. അതിനു നമ്മളെ പരാജയപ്പെടുത്താനാവും. അതുകൊണ്ട് ആദ്യത്തേത് ദേശീയ ഐക്യമാണ്. പാർട്ടി ലൈനിന് അതീതമായി പ്രവർത്തിക്കൽ. ഞാനൊരു രാഷ്ട്രീയക്കാരൻ ആയിരുന്നു. ഇത് എത്രമാത്രം ശ്രമകരമാണെന്ന് എനിക്കറിയാം. ബുദ്ധിമുട്ടേറിയതാണെങ്കിലും അതാണ് ചെയ്യേണ്ട ശരിയായ കാര്യം. എല്ലാത്തിനുമൊടുവിൽ ജനങ്ങൾ എല്ലാ രാഷ്ട്രീയപാര്ടികളിലും പെട്ടവരാണ്. എല്ലാ രാഷ്ട്രീയപാര്ട്ടികളുടെയും മുഖ്യ പരിഗണന അവരുടെ ജനങ്ങളെ രക്ഷിക്കാൻ ആയിരിക്കണം. ദയവ്ചെയ്ത് ഈ വൈറസിനെ രാഷ്ട്രീയവൽക്കരിക്കരുത്. നിങ്ങൾക്കിടയിൽ ദേശീയ തലത്തിലുള്ള ഭിന്നതകൾ അത് മുതലെടുക്കും. നിങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കാനും കൂടുതൽ ബോഡിബാഗുകൾ ഒരുക്കാനും ആണ് ഉദ്ദേശമെങ്കിൽ നിങ്ങൾ രാഷ്ട്രീയവൽക്കരിച്ചു കൊള്ളൂ. നിങ്ങൾക്ക് കൂടുതൽ ബോഡിബാഗുകൾ ഒരുക്കേണ്ട എന്നാണെങ്കിൽ രാഷ്ട്രീയവൽക്കരണത്തിൽ നിന്ന് വിട്ടുനിൽക്കൂ . എന്റെ ഹ്രസ്വ സന്ദേശം ഇത്രയേ ഉള്ളൂ. ദയവ് ചെയ്ത് കോവിഡിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ക്വറന്റൈൻ ചെയ്യൂ. ഈ അപകടകാരിയായ വൈറസിനെ പരാജയപ്പെടുത്തുന്നതിൽ നിങ്ങളുടെ രാജ്യത്തിന്റെ ഐക്യം സുപ്രധാനമാണ്.

ഐക്യമില്ലെങ്കിൽ മികച്ച ആരോഗ്യ സംവിധാനമുള്ള രാജ്യം പോലും ബുദ്ധിമുട്ടിലാകും. കൂടുതൽ പ്രതിസന്ധികൾ ഉടലെടുക്കും. നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് കോവിഡിനെ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഒരാവശ്യവുമില്ല. നിങ്ങളുടെ ശേഷി തെളിയിക്കുന്നതിന് മറ്റു നിരവധി വഴികൾ മുന്നിലുണ്ട്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കേണ്ട ഒന്നല്ല. അത് തീക്കളി പോലെയാകും. നമ്മുടെ ജനതയെപ്പറ്റി നമുക്ക് ശ്രദ്ധയുണ്ടെങ്കിൽ മുമ്പുള്ളതിനേക്കാൾ ദേശീയ ഐക്യം ആവശ്യമായ ഘട്ടമാണിത്. നമ്മുടെ പൗരന്മാരോട് കരുതലുണ്ടെങ്കിൽ ദയവ് ചെയ്ത് പാർട്ടി ലൈനിനും , പ്രത്യയ ശാസ്ത്രത്തിനും വിശ്വാസങ്ങൾക്കും മറ്റെല്ലാ ഭിന്നതകൾക്കും അതീതമായി പ്രവർത്തിക്കൂ. നമ്മൾ പെരുമാറേണ്ട സമയമാണ്. അങ്ങനെ മാത്രമേ നമുക്ക് ഈ വൈറസിനെ തോൽപ്പിക്കാൻ ആവൂ.

രണ്ടാമതായി ആഗോള ഐക്യദാർഢ്യം വളരെ പ്രധാനമാണ്. ദേശീയ തലത്തിൽ ഐക്യം ഉണ്ടാക്കിയെടുക്കുന്നതിൽ നമ്മൾ വിജയിച്ചാൽ ആഗോള ഐക്യദാർഢ്യം ഉണ്ടാക്കുക എളുപ്പമാണ്. ഞാൻ നിങ്ങളോട് ഒരു കഥ പറയാം. ഇത് 1960 കളിലാണ്. എനിക്ക് തെറ്റിയില്ല എങ്കിൽ 1967ൽ. വസൂരിക്ക് എതിരായ പോരാട്ടം ആരംഭിച്ചപ്പോൾ എനിക്ക് രണ്ടു വയസു മാത്രമായിരുന്നു പ്രായം. കാരണം ഞാൻ ജനിച്ചത് 1965ലാണ്. അന്നത്തെ USSRഉം അമേരിക്കയും ഒരുമിച്ചു നിന്നു വസൂരിക്കെതിരെ പോരാടാൻ. അങ്ങനെ മുഴുവൻ ലോകത്തെയും അവർക്കൊപ്പം കൊണ്ടുവന്നു. നിങ്ങൾക്ക് ഓർമ്മയുണ്ടോ അത് ശീതയുദ്ധ സമയമായിരുന്നു. വസൂരി ഒരു വര്ഷം രണ്ടു ദശലക്ഷം ആൾക്കാരുടെ ജീവനെടുക്കുകയായിരുന്നു. പതിനഞ്ചു ദശലക്ഷം പേർക്ക് വസൂരി ബാധിക്കുന്നു. അങ്ങനെയൊരു ദുരന്തം ലോകത്തിനു താങ്ങാൻ ആകുന്നതല്ല. ശീതയുദ്ധ കാലത്തും സുപ്രധാന ശക്തികൾ ഒരുമിച്ചു ലോകത്തെ ഒറ്റക്കെട്ടായി കൊണ്ടുവന്നു. അതിനു ശേഷം പത്തുവർഷത്തിനകം വസൂരി ഇല്ലാതാക്കാൻ കഴിഞ്ഞു. ഇപ്പോൾ അമേരിക്കയും ചൈനയും ഒരുമിച്ചു നിന്ന് ഈ അപകടകാരിയായ ശത്രുവിന് എതിരെ പോരാടണം. ജി-20 ലെ മറ്റു രാജ്യങ്ങളും മറ്റു ലോക രാഷ്ട്രങ്ങളും ഒരുമിച്ചു നിന്ന് പോരാടണം. ഈ വൈറസ് അപകടകാരിയാണെന്നു ഞങ്ങൾ പല തവണ പറഞ്ഞു കഴിഞ്ഞു. ഫ്‌ളൂവിന്റെ ഘടകങ്ങൾ, സാർസിന്റെ ഘടകങ്ങൾ, വളരെ വേഗം പടർന്നു പിടിക്കുന്നത്, മാരകം... നമ്മൾ ശരിയായ വിധത്തിൽ പെരുമാറിയില്ല എങ്കിൽ നമുക്ക് മുന്നിൽ ഇനിയും നിരവധി ബോഡി ബാഗുകൾ കാണേണ്ടിവരും. ദേശീയതലത്തിലും അന്തര്ദേശീയതലത്തിലും വിള്ളലുകൾ ഉണ്ടാകുമ്പോഴാണ് വൈറസ് വിജയിക്കുന്നത്. ഇതുവരെ നമുക്ക് ലോകത്തെ അറുപതിനായിരം പൗരന്മാരെ നഷ്ടമായിക്കഴിഞ്ഞു. ചെറുപ്പമുള്ളയാളോ വയസായ ആളോ ആകട്ടെ, ഒരാൾ പോലും വിലയേറിയതാണ്. പത്തു ലക്ഷത്തിലധികം കേസുകൾ. നമ്മൾ എന്താണ് ചെയ്യുന്നത്? ഇനിയും മതിയായില്ലേ? ഇത് ആവശ്യത്തിലും അധികമായിക്കഴിഞ്ഞു. ഒരാളുടെ ജീവൻപോലും നഷ്ടമാകുന്നത് പരിതാപകരമാണ്.

കോവിഡിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ദയവ് ചെയ്ത് ക്വറന്റൈൻ ചെയ്യുക. അതാണ് വിജയിക്കാനുള്ള വഴി

അതുകൊണ്ട്, എന്റെ ഉപദേശം- ദേശീയതലത്തിൽ ഐക്യം. കോവിഡിനെ രാഷ്ട്രീയവൽക്കരിക്കരുത്, സത്യസന്ധമായ ഐക്യദാർഢ്യം ആഗോള തലത്തിൽ. ആത്മാർത്ഥമായ നേതൃത്വം യുഎസിനിന്റെയും ചൈനയുടെയും ഭാഗത്തുനിന്ന്. ശീതയുദ്ധവുമായി താരതമ്യം ചെയ്യുമ്പോൾ നമുക്ക് വളരെ കുറച്ചു പ്രശ്നങ്ങൾ മാത്രമേയുള്ളൂ. ഭിന്നതകൾ മാറ്റിവച്ചു കൈകോർത്തു പോരാടണം. കോവിഡിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ദയവ് ചെയ്ത് ക്വറന്റൈൻ ചെയ്യുക. അതാണ് വിജയിക്കാനുള്ള വഴി.

എനിക്കറിയാം ഞാൻ താങ്കളുടെ ചോദ്യത്തിന് നേരിട്ടുള്ള മറുപടിയല്ല തന്നത്. അതിന്റെ ആവശ്യവുമില്ല. നമ്മൾ പരസ്പരം വിരൽചൂണ്ടി സമയം പാഴാക്കേണ്ടതില്ല. നമ്മൾ ഒരുമിക്കേണ്ട സമയമാണിത്. കഴിഞ്ഞ മൂന്നു മാസക്കാലമായി നിരവധി നേതാക്കൾ പറയുന്ന കാര്യമാണിത്. ഞാൻ അവർക്കൊപ്പം ചേരുന്നുവെന്നു മാത്രം. അത് നമുക്ക് സാധ്യമാണ്. ഐക്യപ്പെടൂ, ഐക്യപ്പെടൂ. ഐക്യം മാത്രമാണ് മുന്നിലുള്ള ഒരേയൊരു വഴി. ഐക്യത്തിൽ നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ വരാനിരിക്കുന്ന ഏറ്റവും മോശം കാര്യങ്ങൾക്കായി തയ്യാറെടുത്തുകൊള്ളൂ. ഐക്യം ഉണ്ടാക്കുന്നത് നമ്മൾ ഉപേക്ഷിക്കുന്നത് വരെ ഏറ്റവും മോശം അവസ്ഥ വരില്ല. നന്ദി.

ഐക്യമില്ലെങ്കിൽ മികച്ച ആരോഗ്യ സംവിധാനമുള്ള രാജ്യം പോലും ബുദ്ധിമുട്ടിലാകും. കൂടുതൽ പ്രതിസന്ധികൾ ഉടലെടുക്കും. നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് കോവിഡിനെ ഉപയോഗിക്കേണ്ട ആവശ്യമില്ല. ഒരാവശ്യവുമില്ല. നിങ്ങളുടെ ശേഷി തെളിയിക്കുന്നതിന് മറ്റു നിരവധി വഴികൾ മുന്നിലുണ്ട്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കേണ്ട ഒന്നല്ല. അത് തീക്കളി പോലെയാകും

റിപ്പോർട്ടർ : താങ്കൾക്ക് എതിരായ ട്രംപിന്റെ വിമര്ശനത്തിലേക്ക്‌ വീണ്ടും പ്രത്യേകം കടക്കുന്നില്ല. എങ്കിലും അസാധാരണമായ ആഗോള അടിയന്തരാവസ്ഥ നേരിടുമ്പോൾ താങ്കൾക്ക് ലോക നേതാക്കളുടെ വിമർശനം നേരിടേണ്ടി വരുന്നു, ഇത് താങ്കൾക്ക് വലിയ തിരിച്ചടിയാണോ ഉണ്ടാക്കിയിരിക്കുന്നത്? താങ്കളുടെ ശക്തമായ അധികാരത്തിൽ ഇടിവ് വരുമ്പോൾ പ്രവർത്തിക്കാനും ജീവനുകൾ രക്ഷിക്കാനും ബുദ്ധിമുട്ട് നേരിടുകയാണെന്ന് വാദിക്കാൻ ആകില്ലേ? താങ്കൾ വളരെ തുടക്കം മുതൽ തന്നെ പ്രശ്നങ്ങളും നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ടായിരുന്നു, എന്നാൽ സർക്കാരുകൾ വൻ തോതിൽ അവയെല്ലാം അവഗണിച്ചു. ഇവിടെ കാനഡയിൽ പോലും ശക്തമായ നിയന്ത്രണങ്ങളാണ് ഇപ്പോൾ. ഈ സാഹചര്യം നിങ്ങളുടെ വിശ്വാസ്യതയിൽ ഇടിവ് വരുത്തില്ലേ?

ടെഡ്രോസ് അധാനോം: എനിക്കറിയാം, ഞാനൊരു വ്യക്തി മാത്രമാണ്. ടെഡ്രോസ് ഈ പ്രപഞ്ചത്തിലെ ഒരു ബിന്ദു മാത്രം. എന്നെ ഉന്നം വച്ചുള്ള വിഷയങ്ങൾ ഞാൻ വ്യക്തിപരമായി മാനിക്കുന്നില്ല. എന്റെ പരിഗണന ജീവനുകൾ രക്ഷിക്കുക എന്നതിലാണ്. ഞാൻ അത് വളരെയധികം തവണ പറഞ്ഞിട്ടുള്ളതാണ്. ആളുകൾ മരിച്ചുകൊണ്ടിരിക്കുമ്പോൾ വ്യക്തിപരമായ ആക്രമണങ്ങളെ ഞാൻ എന്തിനു മാനിക്കണം! ഇതിനെ രണ്ടിനെയും താരതമ്യം ചെയ്തു നോക്കൂ. നമുക്ക് എല്ലാ ദിവസവും എല്ലാ മിനുട്ടിലും ജീവനുകൾ നഷ്ടമാകുന്നു.

അറുപതിനായിരം ജീവനുകൾ ഇതുവരെ- ആ സംഖ്യ പോലും കൂടുതൽ ആയേക്കാം. ശരിയായ ബോധമുള്ള ഒരാൾ എങ്ങനെയാണ് മനുഷ്യകുലം നേരിടുന്ന വലിയ ഭീഷണി മറന്നു വ്യക്തിപരമായ ആക്രമണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക? എന്റെ പരിഗണന ജീവനുകൾ രക്ഷിക്കുന്നതിൽ മാത്രമാണ്.

WHO യിൽ ഞങ്ങൾ രാഷ്ട്രീയം കലർത്താറില്ല. പാവപ്പെട്ടവരെയും ദുര്ബലരെയും ശ്രദ്ധിക്കുന്നതിലാണ് ഞങ്ങളുടെ പരിഗണന. ജീവൻ നഷ്ടമാകുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഞാനൊരു വ്യക്തി മാത്രമാണ്. കോവിഡ് കൊണ്ട് ക്ലേശമനുഭവിക്കുന്ന ആരെക്കാളും മികച്ചയാളല്ല ഞാൻ. എന്നെപ്പറ്റി ആര് എന്ത് പറയുന്നു എന്ന് ഞാൻ ശ്രദ്ധിക്കുന്നില്ല. സമയം പാഴാക്കാൻ ഇല്ല. ഇനിയും എത്രയധികം മരണങ്ങൾ കൂടി കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്? എനിക്ക് അതിനു കഴിയില്ല. മരണസംഖ്യ ഉയരുമ്പോൾ ഞാൻ എന്തിനു എന്നിൽ ശ്രദ്ധ കേന്ദ്രീകരിക്കണം? ലോകത്തെമ്പാടും മരിക്കുന്നവർക്ക് മുന്നിൽ വച്ച് എന്റെ വ്യക്തിത്വം നിർമ്മിക്കാൻ ഞാനാരാണ്? അതുകൊണ്ടാണ് ക്ലേശമനുഭവിക്കുന്നവരോടും ഉറ്റവരെ നഷ്ടപ്പെട്ടവരോടും വിനയവും അനുതാപവും വിശാല മനസ്കതയും കാണിക്കേണ്ടതിനെ പറ്റി ഞാൻ പറഞ്ഞത്- നിങ്ങൾ എന്റെ ട്വിറ്റര് സന്ദേശങ്ങൾ ഫോളോ ചെയ്യുന്നുണ്ടാവും.

രണ്ടു മൂന്നു മാസമായി ഈ വ്യക്തിപരമായ ആക്രമണങ്ങൾ തുടരുന്നു. അധിക്ഷേപങ്ങൾ , വംശീയ പരാമർശങ്ങൾ, കറുത്തവൻ , നീഗ്രോ എന്ന് എനിക്ക് പേര് നൽകൽ. കറുത്തയാളെന്നതിൽ എനിക്ക് അഭിമാനമുണ്ട്. നീഗ്രോ എന്നതിലും. നീഗ്രോ കറുത്തിട്ടാണ്. കറുപ്പ്, കറുപ്പാണ്. എനിക്ക് അതിൽ അഭിമാനമുണ്ട്. ഞാൻ അതൊന്നും കാര്യമാക്കുന്നില്ല, സത്യസന്ധമായും.   ഈ ചോദ്യം ചോദിച്ചതിന് നന്ദി. ഞാൻ ആദ്യമായാണ് ഇത് പരസ്യമായി പറയുന്നത്- എനിക്ക് നേരെ വധഭീഷണിപോലും ഉണ്ടായി. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. കാരണം ഇതെല്ലാം എന്നെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ളതാണ്. പക്ഷെ എന്നെ വിഷമിപ്പിക്കുന്നത് മറ്റൊന്നാണ്- അത് ഞാൻ കഴിഞ്ഞ വാർത്താസമ്മേളനത്തിലും പറഞ്ഞിരുന്നു. മുഴുവൻ കറുത്ത വർഗ്ഗക്കാരെയും അധിക്ഷേപിക്കുമ്പോൾ, ആഫ്രിക്കയെ അപ്പാടെ അധിക്ഷേപിക്കുമ്പോൾ എനിക്ക് സഹിക്കാൻ ആകില്ല. അപ്പോൾ എനിക്ക് പറയേണ്ടിവരും ആൾക്കാർ അതിരുകടക്കുകയാണെന്ന്.

വധഭീഷണിയോട് പോലും ഞാൻ പ്രതികരിച്ചിട്ടില്ല, സമൂഹമെന്ന നിലയിൽ ഞങ്ങളെ ആൾക്കാർ അധിക്ഷേപിക്കുമ്പോൾ അത് വളരെയധികമാണ്, വളരെയധികം. അത് ഞങ്ങൾക്ക് സഹിക്കാൻ ആകുന്നതിലും അപ്പുറമാണ്. എനിക്ക് ഒരു ഇന്ഫീരിയോരിറ്റി കോംപ്ലക്‌സും ഇല്ല, ഞാൻ നീഗ്രോ ആയതിലും കറുത്ത വർഗക്കാരൻ ആയതിലും അഭിമാനിക്കുന്നയാളാണ്. അതുകൊണ്ടു ഈ വംശീയ അധിക്ഷേപങ്ങൾ എന്നെ ബാധിക്കുന്നില്ല. ഞാൻ നീഗ്രോ തന്നെയാണ്.

നമ്മൾ സത്യസന്ധരായിരിക്കണം, ഇന്ന് ഞാൻ നേരെ ചൊവ്വേ പറയാം. കൃത്യമായി നിങ്ങൾ കേൾക്കണം, മൂന്ന് മാസം മുൻപ് തായ്‌വാനിൽ നിന്ന് വംശീയ അധിക്ഷേപം വന്നു. തായ്‌വാനിൽ പ്രധാനമന്ത്രി അടക്കമുള്ളവർക്ക് ആ പ്രചാരണത്തെപ്പറ്റി അറിയാമായിരുന്നു. എന്നിട്ടും അവർ അതിൽ നിന്ന് അകലം പാലിച്ചില്ല. ആ അധിക്ഷേപങ്ങൾക്കിടയിൽ അവർ എന്നെ വിമർശിച്ചു. പക്ഷെ മൂന്ന് മാസമായി ഞാനത് കാര്യമാക്കിയില്ല . ഇന്ന് ഞാൻ അത് പറയുന്നത് ഇത് അതിരു കടന്നതുകൊണ്ടാണ്. വേണമെങ്കിൽ അവർക്ക് അത് ഇപ്പോഴും തുടരാം. ഞാൻ കാര്യമാക്കില്ല. കറുത്തവംശജരെ വംശീയമായി അവഹേളിക്കുമ്പോഴാണ് ഞാനത് കാര്യമാക്കുന്നത്. വ്യക്തിപരമാണെകിൽ, ഇത് ടെഡ്രോസിന് എതിരെങ്കിൽ മൂന്നു മാസമോ, മൂന്നോ, മുപ്പതോ, മുന്നൂറോ വർഷമോ സഹിക്കാം.

പക്ഷെ ഞങ്ങൾ ഒരുറപ്പ് നിങ്ങൾക്ക് നൽകാം ഞങ്ങൾ WHO ശരിയായ കാര്യങ്ങൾ എല്ലാം ചെയ്യും. മനുഷ്യകുലത്തെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യും. ഖേദത്തിനു ഇടവരുത്താത്തതെല്ലാം ഞങ്ങൾ ചെയ്യും. ആ പ്രക്രിയയിൽ ഞങ്ങൾക്ക് തെറ്റുപറ്റാം. ഞങ്ങൾ മാലാഖമാർ അല്ല. ഞങ്ങൾ മനുഷ്യരാണ്. മറ്റു മനുഷ്യരെപ്പോലെ ഞങ്ങൾക്കും തെറ്റുപറ്റും. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അന്തിമ അവലോകനത്തിൽ ഞങ്ങൾ ശക്തിയും ദൗർബല്യവും വിലയിരുത്തും. ഓരോ മനുഷ്യരെയും ശ്രദ്ധിക്കാം. ഞാൻ ഒരിക്കൽ കൂടി പറയട്ടെ. നമുക്ക് ഐക്യം വേണം. കരുത്തരായവർ ആഗോളതലത്തിൽ നയിക്കണം. ഒരു പൊതു ശത്രുവിനെതിരെ പോരാടുന്നതിൽ ഐക്യത്തിന്റെ വില നമുക്ക് മനസിലാകുന്നില്ല. മനുഷ്യകുലവും ഈ വൈറസും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അതിർത്തി രേഖകൾ സുവ്യക്തമാണ്. അത്രയേഉളൂ. അത് ഉപയോഗിച്ച് വേണം നമ്മൾ പോരാടി വിജയിക്കാൻ.

റിപ്പോർട്ടർ : ഡയറക്ടർ ജനറൽ, ട്രംപിന്റെ പരാമര്ശങ്ങളെപ്പറ്റി താങ്കൾ സംസാരിച്ചു വിശദമായി, എന്നാൽ വളരെ കൃത്യമായി പടിഞ്ഞാറൻ രാജ്യങ്ങളിലെ, പ്രത്യേകിച്ച് ബ്രിട്ടനിലെ ഉദ്യോഗസ്ഥർ സ്വകാര്യമായി പറയുന്ന ഒരു ആശങ്ക താങ്കൾ ചൈനയുമായി അടുപ്പം സൂക്ഷിക്കുന്നതിന് കാരണം, WHO ഡയറക്ടർ ജനറൽ ആകാൻ താങ്കളെ ചൈന സഹായിച്ചതുകൊണ്ടാണെന്ന്. ചൈനയിലെ സ്ഥിതിഗതികളോടുള്ള താങ്കളുടെ തുടക്കത്തിലെ സമീപനം അത് കാരണമാകാമെന്നും.അതിനോട് എങ്ങനെ പ്രതികരിക്കുന്നു?

നന്ദി, ആദ്യമേ എനിക്ക് മാധ്യമങ്ങളോട് ഒരു ശുപാർശയുണ്ട്. നമ്മൾ കോവിഡിനെ രാഷ്ട്രീയവൽക്കരിക്കുന്നത് ക്വാറന്റയിൻ ചെയ്യണമെന്ന് പറയുമ്പോൾ ചില രാജ്യങ്ങളിൽ എരിതീയിൽ എണ്ണയൊഴിക്കുന്നതിൽ മാധ്യമങ്ങൾക്കുള്ള പങ്കുകൂടി പറയാതെ വയ്യ. ദയവ് ചെയ്ത് മനുഷ്യകുലത്തിന്റെ പൊതു ശത്രുവിനെ നേരിടാൻ എല്ലാവരെയും ഒറ്റക്കെട്ടാക്കൂ.

ഇനി താങ്കളുടെ ചോദ്യത്തിലേക്ക് വന്നാൽ, ഞങ്ങൾ എല്ലാ രാജ്യങ്ങളുമായി അടുപ്പം സൂക്ഷിക്കുന്നവരാണ്. ഞങ്ങൾ നിറം നോക്കുന്നവരല്ല. ധനികരും പാവപ്പട്ടവരും ശക്തനും ദുർബലനും ഞങ്ങൾക്ക് ഒരുപോലെയാണ്. വലുപ്പച്ചെറുപ്പം ഇല്ല. തെക്കും വടക്കും കിഴക്കും പടിഞ്ഞാറും ഉള്ളവർ ഞങ്ങൾക്ക് തുല്യരാണ്. ഞാൻ നിങ്ങളോട് ഒരു കഥ പറയാം. ഞാൻ ആഗോള ചീഫ് നേഴ്‌സിംഗ് ഓഫീസറെ നിയമിച്ചപ്പോൾ, ഞാൻ അവരെ തിരഞ്ഞെടുത്തത് കുക്ക് ഐലൻഡ് എന്ന രാജ്യത്തു നിന്നായിരുന്നു. അപ്പോൾ എന്നെ ആൾക്കാർ വിമർശിക്കാൻ തുടങ്ങി. ഞാൻ ചോദിച്ചു, എന്ത് പറ്റി? അപ്പോൾ അവർ ചോദിച്ചു, എന്താണ് ഈ കുക്ക് ഐലൻഡ്, തോമസ് കുക്ക് എന്ന കമ്പനിയാണോ അതോ മറ്റെന്തോ കുക്ക് ആണോ? ഒരു ഭാഗത്ത് അത് ധാർഷ്ട്യമാണ്. മറ്റൊരു ഭാഗത്ത് അറിവില്ലായ്‍മയും. അറിവില്ലായ്മ സ്വാഭാവികം, നിങ്ങൾക്ക് തിരുത്താം. പക്ഷെ ധാർഷ്ട്യം കണ്ടപ്പോൾ എനിക്ക് വിഷമമായി. ആഗോള നേഴ്‌സിങ് മേധാവിയെ കുക്ക് ഐലൻഡ് പോലൊരു പതിനായിരം മാത്രം ജനസംഖ്യയുള്ള ചെറിയ രാജ്യത്തു നിന്ന് തിരഞ്ഞെടുക്കണോ എന്നതായിരുന്നു അവരുടെ ധാർഷ്ട്യം. കഴിവ് സാർവ്വജനികമാണ്. എന്നാൽ അവസരങ്ങൾ അങ്ങനെയല്ല, അതാണ് എന്റെ വിശ്വാസം. ഏറ്റവും മികച്ച കഴിവുള്ള വ്യക്തിയെ നിങ്ങൾക്ക് പതിനൊന്നായിരം മാത്രം ജനസംഖ്യയുള്ള രാജ്യമായ കുക്ക് ഐലൻഡിൽ നിന്നും കണ്ടെത്താം. അതുകൊണ്ടു ഞങ്ങൾ പതിനായിരത്തിൽ കൂടുതൽ മാത്രം ജനസംഖ്യയുള്ള കുക്ക് ഐലന്റുമായി ചേർന്നും ഒന്നര ബില്യൺ ജനസംഖ്യയുള്ള ചൈനയുമായി ചേർന്നും ഞങ്ങൾ പ്രവർത്തിക്കും.

ഞങ്ങൾ എല്ലാവരെയും തുല്യരായാണ് കാണുന്നത്. കാരണം ഞങ്ങൾ എല്ലാ അംഗ രാജ്യങ്ങളെയും ഒരു പോലെയാണ് കാണുന്നത്. ഒരേ തത്വത്തിന്റെ അടിസ്ഥാനത്തിൽ അവരെ കാണാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. കുക്ക് ഐലൻഡ് കഥ നിങ്ങളോട് ഒരു പാട് ഒരു പാട് കാര്യങ്ങൾ പറഞ്ഞു തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞങ്ങൾ എല്ലാ രാജ്യങ്ങളെയും മാനിക്കുന്നു, അവർക്കൊപ്പം പ്രവർത്തിക്കുന്നു, അവരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നു. വെല്ലുവിളികളുടെ മൂലകാരണം മനസിലാക്കി അവരെ സഹായിക്കാൻ ശ്രമിക്കുന്നു. ലോകത്തെ തുല്യതയോടെയാണ് ഞങ്ങൾ കാണുകയെന്നു നിങ്ങൾക്ക് ഞാൻ ഉറപ്പ് നൽകുന്നു.

ഞാൻ പറഞ്ഞല്ലോ, സമയം വരുമ്പോൾ ഞങ്ങൾ പരിശോധിക്കും. തെറ്റുണ്ടെങ്കിൽ നിങ്ങൾ അപ്പോൾ ചൂണ്ടിക്കാട്ടൂ. എല്ലാവരും ചെയ്തതിലെ തെറ്റും ശരിയും പരിശോധിക്കും. WHO മാത്രമല്ല, ശക്തിയും ദൗർബല്യവും തിരിച്ചറിയും. വിഷയങ്ങളിൽ കേന്ദ്രീകരിച്ചു ഈ ലോകത്തെ മികച്ചതാക്കാൻ ശ്രമിക്കും. അതുകൊണ്ട് ഇപ്പോഴത്തെ സുപ്രധാന സന്ദേശം ഇതാണ്:നമുക്ക് ശക്തമായി പോരാടാം. ഈ വൈറസിനെ ഇല്ലായ്‌മ ചെയ്യാൻ മുന്പില്ലാത്ത വിധം പോരാടാം. ഇത് അപകടകാരിയാണ്. നമുക്ക് ഐക്യം വേണം. വികസിത രാജ്യങ്ങളിലെയടക്കം മാധ്യമങ്ങൾ ഐക്യത്തിന് വേണ്ടി വാദിക്കൂ അങ്ങനെ ഈ വൈറസിനെ നമുക്ക് ഇല്ലാതാക്കാം. ആ വൈറസ് കാട്ടുതീ പോലെയാണ്. ആളിപ്പടരും. അതുകൊണ്ടു തീക്കളി തുടരാതിരിക്കാം. ഇപ്പോഴും നമുക്ക് ഈ വൈറസിന്റെ പല പെരുമാറ്റവും അറിയില്ല. നമുക്ക് കൂടുതൽ അത്ഭുതങ്ങൾ അത് നൽകിയേക്കാം. ഞങ്ങൾ ആഫ്രിക്കയെപ്പറ്റി ഇപ്പോൾ ആശങ്കയിലാണ്. എന്റെ ഭൂഖണ്ഡം. കാരണം നമുക്ക് ഈ വൈറസ് എങ്ങനെ പെരുമാറും എന്നറിയില്ല. അതുകൊണ്ടു നമുക്ക് ഒറ്റക്കെട്ടായി കരുത്തോടെ പോരാടാം.അല്ല , ഇപ്പോഴത്തെപ്പോലെയാണ് നമ്മൾ തുടരുന്നതെങ്കിൽ നമുക്ക് ഖേദിക്കേണ്ടിവരും.

റിപ്പോർട്ടർ : അമേരിക്ക ഫണ്ട് വെട്ടികുറച്ചാൽ എന്താകും പ്രത്യാഘാതം?

ആ ചോദ്യത്തിന് ഞാൻ മറുപടി നൽകിക്കഴിഞ്ഞു. ഞാൻ ഇവിടെ വലിയൊരു അജണ്ടയെപ്പറ്റിയാണ് പറയുന്നത്. ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് അമേരിക്കയിൽ നിന്നടക്കം വിഭവങ്ങൾ വരും. അമേരിക്കയുടെ ഇതുവരെയുള്ള സുമനസിനു ഞാൻ നന്ദി പറയുന്നു. ഞാൻ എത്യോപ്യൻ മന്ത്രി ആയിരുന്നപ്പോൾ ആണ് എച്.ഐ.വി രാജ്യത്തെ വലച്ചത്. അന്ന് അമേരിക്കൻ പ്രസിഡന്റ് ബുഷ് സഹായം നൽകി. എത്യോപ്യയ്ക്ക് അത് സഹായകരമായി. അമേരിക്ക അങ്ങനെ സഹായങ്ങൾ നൽകിയിട്ടുണ്ട്. അതാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മുന്‍പ് ഇല്ലാത്ത ഐക്യദാർഢ്യമാണ് നമുക്ക് ആവശ്യം. ഒരു സ്ഥലത്തു തുടങ്ങി ലോകത്തെ ആകെ ബാധിക്കുന്ന ഒരു കാര്യത്തെ നേരിടുമ്പോൾ നമുക്ക് സംസ്ഥാന, രാജ്യ അതിർത്തികൾക്ക് അകത്ത് മാത്രം നിൽക്കാൻ ആവില്ല. ഇക്കാര്യത്തിൽ ആഗോളീകരണം നിര്ബന്ധമാണ്. പരസ്പരാശ്രിതത്വം അനിവാര്യം. യുഎസ് സഹായം തുടരുമെന്ന് ഞാൻ ഉറപ്പായും പ്രതീക്ഷിക്കുന്നു.

logo
The Cue
www.thecue.in