കരിയറിൽ ഉടനീളം ഉന്നതമായ റെക്കോർഡ് സൂക്ഷിക്കുകയും അക്കാദമിക്കുകൾക്ക് മാതൃക സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ആളുകളെ ഇങ്ങനെ കള്ളവാദങ്ങൾ നിരത്തി പുറന്തള്ളിയിട്ട് പകരം കൊണ്ടുവന്നുപ്രതിഷ്ഠിക്കുന്നത് ആരെയാണ്? ആരെയായാലും അവരുടെ ക്രെഡൻഷ്യൽസ് വെച്ച് പരസ്യമായി താരതമ്യപഠനം നടത്തേണ്ടതുണ്ട്. മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജ് മലയാളം വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ ഡോ. രവി.കെ.പി എഴുതുന്നു
കാലിക്കറ്റ് സർവ്വകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസർ / പ്രൊഫസർ തസ്തികളിലേക്ക് നടന്ന ഇൻറർവ്യൂ ഫലമൊഴികെ മറ്റു വകുപ്പുകളിലെ നിയമന ഉത്തരവുകൾ തെരഞ്ഞെടുക്കപ്പെട്ടവർക്ക് കിട്ടിക്കഴിഞ്ഞു. മലയാളത്തിൽ 15ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത അസോ. പ്രൊഫസർ ഇൻ്റർവ്യൂവിന് ശേഷം ഇപ്പോൾ പറയുന്നത് അത് sc സംവരണ പോസ്റ്റാണെന്നാണ്. sc വിഭാഗത്തിൽ പെട്ട ആരും അപേക്ഷകരായി വന്നിട്ടില്ല. അതിനാൽ അത് റീനോട്ടിഫൈ ചെയ്യാൻ തീരുമാനിച്ചത്രേ. കഷ്ടമാണിത്. റിസർവ്വേഷൻ റൊട്ടേഷൻ പ്രഖ്യാപിക്കാത്തതിനാൽ sc വിഭാഗക്കാർ അപേക്ഷിച്ചിരിക്കാനിടയില്ല. ഇൻ്റർവ്യൂവിൽ പങ്കെടുത്തവരെ അപമാനിക്കുന്ന തീരുമാനവുമായി ഈ പ്രഹസനം.
ഇങ്ങനെയൊരു അസംബന്ധം എഴുന്നള്ളിച്ച് യോഗ്യരായവർക്ക് അയോഗ്യത കല്പിച്ചതിൽ കൃത്യമായ ഗൂഢാലോചനയും സൂത്രപ്പണിയും ഉണ്ടായിട്ടുണ്ടാകണം.
പ്രൊഫസർ നിയമനം പരാതികളിലേക്കും കേസിലേക്കും നീങ്ങിയിരിക്കുകയാണ്. ഏറ്റവും യോഗ്യരായവരെ കെയർ ലിസ്റ്റ് ജേണൽ ലേഖനം ഇല്ലെന്ന് പറഞ്ഞ് വെട്ടിയൊതുക്കിയാണത്രേ പ്രൊഫസർ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്ക്രീനിങ് നടത്തി ഷോട് ലിസ്റ്റ് ചെയ്തു കഴിഞ്ഞവരെ അർഹതയുള്ള ജേർണലുകൾ ഇല്ല എന്ന കാരണം പറഞ്ഞ് മാർക്കിടാതെ പിന്തള്ളുന്ന അടവുനയം അക്കാദമികമായ മൂല്യബോധമുള്ളതല്ല. മാത്രമല്ല നിയമവിരുദ്ധവുമാണത് . 2018 ലെ റെഗുലേഷൻ പ്രകാരം 2019 ൽ മാത്രം നിലവിൽ വന്ന UGC കെയർ ലിസ്റ്റിലുൾപ്പെട്ട ജേണലുകളിൽ 1993 മുതൽ എഴുതി വരുന്ന ഒരാൾക്ക് ലേഖനങ്ങളില്ലെന്ന്!
ഈ പുതിയ റെഗുലേഷനും കെയർ ലിസ്റ്റും പൂർവ്വകാലപ്രാബല്യത്തോടെ നടപ്പാക്കേണ്ടതല്ലെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്? 2019 സെപ്തംബറിൽ UGC പുറപ്പെടുവിച്ച വിശദീകരണത്തിൽ ProspectiveIy എന്ന വാക്കു തന്നെ ഉപയോഗിച്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഓൾഡ് ലിസ്റ്റിലെ ലേഖനങ്ങൾ, പിയർ റിവ്യൂവ്ഡ് ജേണൽ പ്രബന്ധങ്ങളെപ്പോലെ ഗുണം നോക്കി പരിഗണിക്കണമെന്നും കെയർ ലിസ്റ്റ് സംബന്ധമായ നോട്ടീസുകളിൽ യു.ജി.സി. വ്യക്തമാക്കിയിട്ടുണ്ട്.എന്നിട്ടും ഇങ്ങനെയൊരു അസംബന്ധം എഴുന്നള്ളിച്ച് യോഗ്യരായവർക്ക് അയോഗ്യത കല്പിച്ചതിൽ കൃത്യമായ ഗൂഢാലോചനയും സൂത്രപ്പണിയും ഉണ്ടായിട്ടുണ്ടാകണം.
പുറത്താക്കുന്ന നയത്തിന് പലകാരണങ്ങളാണുള്ളത്. പ്രമാണജാതി, കക്ഷിരാഷ്ട്രീയ മൂല്യങ്ങൾ ഇവയെല്ലാമാണ് അവിടെ മുഖ്യപരിഗണനാവിഷയമായി മാറുന്നത്.
കരിയറിൽ ഉടനീളം ഉന്നതമായ റെക്കോർഡ് സൂക്ഷിക്കുകയും അക്കാദമിക്കുകൾക്ക് മാതൃക സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള ആളുകളെ ഇങ്ങനെ കള്ളവാദങ്ങൾ നിരത്തി പുറന്തള്ളിയിട്ട് പകരം കൊണ്ടുവന്നുപ്രതിഷ്ഠിക്കുന്നത് ആരെയാണ്? ആരെയായാലും അവരുടെ ക്രെഡൻഷ്യൽസ് വെച്ച് പരസ്യമായി താരതമ്യപഠനം നടത്തേണ്ടതുണ്ട്. സെലക്ഷൻ പ്രോസസ്സിൽ ചിലർ ദുരധികാരം നടത്തിയെന്ന് മനസ്സിലായിട്ടുണ്ട്. അവരെ നിയമം പറഞ്ഞു കൊടുത്തുപഠിപ്പിക്കാൻ ആരുമുണ്ടായില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. അല്പന്മാരായ ചില എക്സ്പെർട്ടുമാർ കുതന്ത്രം മെനഞ്ഞ് അഴിമതി നടത്തുന്നു. നിയമങ്ങൾ പഠിച്ച് നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ടവർ അതു ചെയ്യാതിരിക്കുമ്പോൾ സാമൂഹിക നീതിബോധം അപഹരിക്കപ്പെടുകയാണ്. അതോടെപ്പം സർവ്വകലാശാലകളെക്കുറിച്ചുള്ള പ്രതീക്ഷകളും അസ്ഥാനത്താകുന്നു. ആഗോളനിലവാരത്തിലേക്ക് സർവ്വകാലാശാലകളെ ഉയർത്തണമെന്ന ചർച്ചകൾ ഒരു ഭാഗത്തു കൊണ്ടു പിടിച്ചു നടക്കുമ്പോഴാണ് ഇത്തരം തമാശകൾ അരങ്ങേറുന്നതെന്നാണ് ദുരന്തം.
പ്രൊഫ. എം. കുഞ്ഞാമൻപറയുന്നത് മൂല്യങ്ങൾ വെടിഞ്ഞ രാഷ്ട്രീയം പരിശീലിപ്പിക്കുന്നതിനുള്ള ഇടമായി മാറി സർവ്വകലാശാലകളെന്നാണ്.
സർവ്വകലാശാലകൾ സർഗാത്മകമായി ജീവിച്ചിരിക്കുന്നവരുടെ ഇടമായി മാറ്റിയെടുക്കുന്നതിനു പകരം മൃതമായവരെ പുന:പ്രതിഷ്ഠിക്കുന്ന അനുഷ്ഠാനകർമ്മമായി മാറരുത്. സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായങ്ങൾ തുറന്നു പറയുകയും മികച്ച അക്കാദമികപ്രസിദ്ധീകരണങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയും ചെയ്യുന്ന ധൈഷണികരെ വാതിലടച്ചു പുറത്താക്കുന്ന നയത്തിന് പലകാരണങ്ങളാണുള്ളത്. പ്രമാണജാതി, കക്ഷിരാഷ്ട്രീയ മൂല്യങ്ങൾ ഇവയെല്ലാമാണ് അവിടെ മുഖ്യപരിഗണനാവിഷയമായി മാറുന്നത്. സർവ്വകലാശാലകൾ ജ്ഞാനത്തിന്റെ ഉൽപാദനവും സംക്രമണവും നടക്കുന്ന ഇടം എന്നതിൽ നിന്നു മാറി അധ്യാപകരെ നിക്ഷിപ്ത താല്പര്യങ്ങളിൽ കണ്ണി ചേർക്കപ്പെടുന്ന ഒന്നായി പരിവർത്തനപ്പെടുത്തുക എന്നതിലാണിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചരിക്കുന്നത്.
കേരളത്തിലെ മിക്ക സർവ്വകലാശാലകളിലും നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങളും യോഗ്യത കൂടിയവരെ പുറന്തള്ളി എക്സ്പെർട്ടുകളുടെ സ്വജനപക്ഷപാതവും അധികാരികളുടെ താല്പര്യങ്ങളും നടപ്പിലാക്കിക്കൊടുക്കുക എന്നായിക്കഴിഞ്ഞിട്ടുണ്ട്. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുള്ള സാമ്പത്തികശാസ്ത്രജ്ഞൻ പ്രൊഫ. എം. കുഞ്ഞാമൻപറയുന്നത് മൂല്യങ്ങൾ വെടിഞ്ഞ രാഷ്ട്രീയം പരിശീലിപ്പിക്കുന്നതിനുള്ള ഇടമായി മാറി സർവ്വകലാശാലകളെന്നാണ്. സർവ്വകലാശാലകൾക്ക് പുറത്തെ വിവിധ കോളേജുകളിൽ ആത്മാർത്ഥമായി പഠിപ്പിച്ചും പണിയെടുത്തും കൊണ്ടാണ് ഇതുവരെയും സി. ജെ. ജോർജ്ജ് ഉൾപ്പെടെയുള്ളവർ തങ്ങളുടെ ധൈഷണിക സംഭാവനകൾ നൽകിയതും നിലപാടുകൾ പ്രഖ്യാപിച്ചിട്ടുള്ളതും. അതുകൊണ്ട് അതിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് ഇതുവരെയുള്ള അദ്ദേഹത്തിന്റെ കൃതികളും ഇനിയും സമാഹരിക്കപ്പെടാത്ത പ്രബന്ധങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിടിപാടുകളുടെ പിൻബലമില്ലാതെ തന്നെ സർവ്വകലാശാലാ
സിലബസ്സുകളിൽപ്പോലും ഇടം നേടിയ ആ കൃതികളിൽ ഒരെണ്ണത്തിനോടെങ്കിലും കിടപിടിക്കാൻ കൊള്ളുന്ന അക്കാദമിക് രചനകൾ റാങ്ക് പട്ടികയിൽ പെടുത്തപ്പെട്ടവർക്ക് (സെലക്ഷൻ കമ്മറ്റിയിൽ പെട്ടവർക്കും ) ഉണ്ടോ എന്ന് പരിശോധിച്ചാൽ ഇല്ലെന്നാകും ഉത്തരം. ഭാഷാപഠനത്തിലും സാഹിത്യ സമീപനത്തിലും മൗലികമായ കാഴ്ചപ്പാടും ചിന്തകളും രീതികളും വളർത്തിയെടുക്കാൻ കഴിഞ്ഞ ഒറ്റപ്പെട്ട ഒരാളെയാണ് ആ കൃതികൾ കാണിച്ചുതരുന്നത്.
മാക്സിമം ക്വാളിഫിക്കേഷനുള്ളവരെ തള്ളിമാറ്റി മിനിമം ക്വാളിഫിക്കേഷനുള്ളവരെ സ്ഥാനത്തിരുത്തുന്നതിന്റെ പിന്നിൽ എന്ത് നയമാണ് പ്രവർത്തിക്കുന്നത്?
എഴുത്തിലൂടെ മാത്രമല്ല, വിദ്യാർത്ഥി കേന്ദ്രിതമായ അധ്യാപനത്തിലൂടെയും ഊർജ്ജസ്വലമായ അഡ്മിനിസ്ട്രേഷനിലൂടെയും കഴിവ് തെളിയിച്ച അക്കാദമിഷനെയാണ് (ഡോ. കെ.എം. അനിലും ഡോ. ഷാജി ജേക്കബ്ബും വിജു നായരങ്ങാടിയും ഫെയ്സ് ബുക്കിൽ ' എഴുതിയ കുറിപ്പുകൾ മാത്രം വായിച്ചാൽ ഇക്കാര്യം അതിശ്ശയോക്തി പറയുന്നതല്ലെന്നു മനസ്സിലാകും.) സർവ്വകലാശാലയിലെത്തിയ നീതിബോധവും വിവേചനശേഷിയുമില്ലാത്ത ചില "എക്സ്പെർട്ടു"മാരുടെ തീർപ്പുകളിലൂടെ അവഹേളിച്ചിരിക്കുന്നത്. അവരുടെ എക്സ്പെർട്ടൈസ് എന്തിലായിരുന്നുവെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അവരുടെ തന്ത്രങ്ങളുടെ ഇരയായി സർവ്വകലാശാലയിലെ അധികാരികളും പണ്ഡിതരും മാറുന്നത് ഏറെ അലോസരപ്പെടുത്തുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നു. മാക്സിമം ക്വാളിഫിക്കേഷനുള്ളവരെ തള്ളിമാറ്റി മിനിമം ക്വാളിഫിക്കേഷനുള്ളവരെ സ്ഥാനത്തിരുത്തുന്നതിന്റെ പിന്നിൽ എന്ത് നയമാണ് പ്രവർത്തിക്കുന്നത് ? ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിലൂടെ വ്യക്തമാകുന്നത് സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വലിയ വൈരുദ്ധ്യമാണ്. സത്യത്തിൽ ആഗോളനിലവാരമാണോ നാം ലക്ഷ്യമാക്കുന്നത് ?
സ്വതന്ത്ര ചിന്തയുടെയും അക്കാദമികവിപ്ലവത്തിൻ്റെയും ഊർജ്ജം നിലനിർത്താൻ പോരാടുന്ന ഒരാൾക്ക് ഇത്തരം ദുരനുഭവങ്ങളെ കടന്നുപോകാൻ സാധിക്കുമെന്നുറപ്പാണ്. പക്ഷേ, സർവ്വകലാശാലകൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത് അക്ഷരാർത്ഥത്തിലുള്ള ദുരന്തമാണ് എന്നു പറയാതെ വയ്യ.