സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്ന, രാഹുല്‍ ഗാന്ധിയുടെ 'കടലില്‍ പോക്കും' വില്ലേജ് ഫുഡ് ചാനലില്‍ അഭിനയിക്കലും കോളേജിലെ പുഷ് അപ്പുമെല്ലാം കാണുമ്പോള്‍ പലരും ചോദിക്കുന്നതു കേട്ടിട്ടുണ്ട്- എന്താണ് ഇയാള്‍ ചെയ്യുന്നത്. ഇതൊക്കെയാണോ രാഷ്ട്രീയം എന്ന്. എന്നാല്‍ മറുവശത്ത് നടക്കുന്ന ഗൗരവവും സത്യസന്ധമായ തുറന്നു പറച്ചിലുകള്‍ നിറഞ്ഞതുമായ അക്കാദമിക് സംവാദങ്ങള്‍ അത്രയൊന്നും ആളുകളോ മാധ്യമങ്ങളോ ചര്‍ച്ച ചെയ്ത് കണ്ടിട്ടില്ല.
അടുത്തിടെയുണ്ടായ രണ്ടു പ്രധാന സംവാദങ്ങള്‍ രാഹുല്‍ മുന്നോട്ടുവെക്കുന്ന, രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നതാണ്. ആഗോള രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ എന്താണ് എന്ന് വിദ്യാര്‍ഥികളും അധ്യാപകരും ചോദിച്ചുമനസിലാക്കുന്നു. ഇന്ത്യയില്‍ ഇന്ന് തുടരുന്ന രാഷ്ട്രീയത്തിന്റെ അക്രമാസക്ത രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയേ അല്ല. നേരത്തെ, ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനും അധിനിവേശാനന്തര ചിന്തയിലെ പ്രഗത്ഭനുമായ ദീപേഷ് ചക്രബര്‍ത്തിയുമായുള്ള അഭിമുഖത്തില്‍ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവരുന്ന രാഷ്ട്രീയത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ രാഹുല്‍ പങ്കുവെച്ചിരുന്നു. അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞത് ഇങ്ങനെയാണ്. ഞാന്‍ ശുഭാപ്തി വിശ്വാസിയാണ്. ഇന്ത്യയില്‍ ഒരു പുതിയ രാഷ്ട്രീയം ഉയര്‍ന്നുവരും. നേരത്തെ രണ്ട് യു.പി.എ കാലഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച രാഷ്ട്രീയം ഉണ്ടായിരുന്നു. അതിന്റെ പ്രസക്തി അവസാനിച്ചു. ഇനി പുതിയകാലത്തിനനുസരിച്ചുള്ള രാഷ്ട്രീയം ഉണ്ടായിവരണം. അത് വളര്‍ന്നുവരാന്‍ ചിലപ്പോള്‍ ആറോ ഏഴോ വര്‍ഷമെടുത്തേക്കും. എങ്കിലും അത് വരും.
പലരും ചോദിക്കുന്നതു കേട്ടിട്ടുണ്ട്- എന്താണ് ഇയാള്‍ ചെയ്യുന്നത്. ഇതൊക്കെയാണോ രാഷ്ട്രീയം എന്ന്
ഇന്നലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍, അവിടത്തെ അധ്യാപകനും ഇന്ത്യയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന കൗശിക് ബസുവുമായുള്ള സംവാദം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. അത് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. അധികാരലെത്തുക എന്നതല്ല, ഇന്ത്യയിലെ പ്രതിപക്ഷത്തുനില്‍ക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ ലക്ഷ്യം. ഇന്ത്യയെ തന്നെ തിരിച്ചുപിടിക്കുക എന്നതാണ്. അധികാരം നേടുക എന്നതില്‍ നിന്നൊക്കെ ഇന്ത്യന്‍ സാഹചര്യം മാറിപ്പോയി. മത്സരത്തിന്റെ നിയമങ്ങളും കളിക്കളവും എല്ലാം മാറി. അവയൊന്നും ഇനി പ്രസക്തമല്ല. ഇന്ത്യയുടെ സത്തതന്നെ നിലനിര്‍ത്താനുള്ള പോരാട്ടം ആണ് ഇനി വേണ്ടത്.
രണ്ടുകാര്യങ്ങള്‍ കൊണ്ടാണ് കോര്‍ണല്‍ യൂണിവേഴ്‌സിറ്റി സംവാദം മാധ്യമങ്ങളില്‍ ഇടംപിടിച്ചത്. ഒന്ന് അടിയന്തരാവസ്ഥയെക്കുറിച്ച് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുള്ള പ്രതികരണം. രണ്ട്-പിതാവ് രാജീവ് ഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട വിലയിരുത്തലുകള്‍.
അടിയന്തരാവസ്ഥയെ കുറിച്ചുള്ള കൗശിക് ബസുവിന്റെ വിമര്‍ശനാത്മകമായ ചോദ്യത്തിന് ആലോചനയ്ക്ക് സമയമെടുക്കാതെ തന്നെ രാഹുല്‍ ഉത്തരം പറഞ്ഞു-അത് തെറ്റായിരുന്നു. പൂര്‍ണമായും തെറ്റായകാര്യമായിരുന്നു. മുത്തശ്ശി (ഇന്ദിരാഗാന്ധി) തന്നെ ഇത് (എന്നോട്)പറഞ്ഞിരുന്നു. (എന്നോട് എന്ന വാക്ക് ഇതിലില്ല. പക്ഷേ പിന്നീടുള്ള ബസുവിന്റെ ചോദ്യത്തില്‍ നിന്ന് അങ്ങനെ മനസിലാക്കാം).
ഇന്ത്യയെ തന്നെ തിരിച്ചുപിടിക്കുക എന്നതാണ്. അധികാരം നേടുക എന്നതില്‍ നിന്നൊക്കെ ഇന്ത്യന്‍ സാഹചര്യം മാറിപ്പോയി. മത്സരത്തിന്റെ നിയമങ്ങളും കളിക്കളവും എല്ലാം മാറി. അവയൊന്നും ഇനി പ്രസക്തമല്ല. ഇന്ത്യയുടെ സത്തതന്നെ നിലനിര്‍ത്താനുള്ള പോരാട്ടം ആണ് ഇനി വേണ്ടത്.
ഇതിനോട് കൗശിക് ബസു കൂട്ടിച്ചേര്‍ക്കുന്നു-പ്രണാബ് മുഖര്‍ജി മരിക്കുന്നതിന് മുമ്പ് ഇതേക്കുറിച്ച് ഞാനും അദ്ദേഹത്തോട് ഇതെക്കുറിച്ച് ചോദിച്ചിരുന്നു. ഇന്ദിരാഗാന്ധിക്കുതന്നെ തന്റെ തീരുമാനത്തെ കുറിച്ച് സംശയം തോന്നിയിരുന്നു. തോല്‍ക്കുമെന്ന് അവര്‍ക്കുതന്നെ ഭയമുണ്ടായിരുന്നു.. അത് തിരഞ്ഞെടുപ്പിലൂടെ അറിയണമെന്ന് അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ തിരഞ്ഞെടുപ്പിലേക്ക് പോയത്. വ്യക്തിപരമായി ഒരു കാര്യം കൂടി ചോദിക്കട്ടെ. വേദനിക്കിക്കുന്ന കാര്യമാണെന്നറിയാം. നിങ്ങളുടെ അച്ഛന്റെ മരണത്തെ കുറിച്ച്? അന്ന് നിങ്ങള്‍ക്ക് ഇരുപതോ ഇരുപത്തൊന്നോ വയസായിരിക്കും.
ഉത്തരം: ഇരുപത്. ഒരുതലത്തില്‍ അതൊരു വേദനാജനകമായ കാര്യമായിരുന്നു. അതില്‍ അക്രമം ഉണ്ട്. പക്ഷേ മറ്റൊരുതലത്തില്‍ അത് മാതാപിതാക്കളെ നഷ്ടപ്പെടലാണ്. ഒരുപാടുപേര്‍ക്ക് അച്ഛനമ്മമാരെ നഷ്ടപ്പെടുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, അച്ഛന്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റുമുട്ടല്‍ വലിയതരത്തിലുള്ളതായിരുന്നുവെന്ന് മനസിലായിരുന്നു. ഇത് നല്ല രീതിയില്‍ അവസാനിക്കാനുള്ളതല്ല എന്ന് അദ്ദേഹം മരിക്കുന്നതിന് മുമ്പേ തന്നെ എനിക്ക് തോന്നിയിരുന്നു. അദ്ദേഹം മരണത്തിലേക്ക് നടന്നടുക്കുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. മരണത്തെക്കാള്‍ ഭീകരമായിരുന്നത് ഇതായിരുന്നു. യഥാര്‍ഥത്തില്‍, ആ വാര്‍ത്ത ഫോണില്‍ വിളിച്ചുപറഞ്ഞപ്പോള്‍ എനിക്കുതോന്നിയത്, ഓ..അത് സംഭവിച്ചു എന്നാണ്. ഇത് സംഭവിക്കാനുള്ളതായിരുന്നു. ഇപ്പോള്‍ സംഭവിച്ചു എന്ന്. ഈ (സൈനിക) ഇടപെടലുകള്‍ കാണുന്ന ഒരാള്‍ എന്ന നിലയില്‍ മകന്‍ എന്ന നിലയില്‍ എന്നെ വ്യാകുലപ്പെടുത്തിയിരുന്ന കാര്യം, ഇദ്ദേഹം ഇതില്‍ നിന്ന് പുറത്തുകടക്കില്ലെന്ന തിരിച്ചറിവായിരുന്നു. ഈ സംഭവമാണ് എന്നെ രൂപപ്പെടുത്തിയത്. ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒരുപാട് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞതാണ് എന്റെ മനസില്‍ ഉറച്ചത്. അതായിരുന്നു ഒരുകാര്യം.
മറ്റൊരുകാര്യം അമേരിക്കയിലേക്ക് പോയപ്പോള്‍ ഉണ്ടായ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ഏറെക്കാലം പ്രത്യേക സുരക്ഷാ സംവിധാനത്തിനിടയില്‍ ജീവിക്കേണ്ടിവന്നു എന്നതാണ്. ദീര്‍ഘകാലം അവനവനിലേക്ക് തന്നെ ചുരുങ്ങിക്കഴിയേണ്ടിവന്നു. പല കാര്യങ്ങളേക്കുറിച്ചും സ്വയം ആലോചിച്ചുകൊണ്ടിരിക്കാനുള്ള സമയം ഉണ്ടാക്കി എന്നത് അതിലെ ഒരു പോസിറ്റീവ് ആയകാര്യമാണ്.
അത് വളരെ വേദനാകരമായ കാര്യമായിരുന്നു. പക്ഷേ, അതെനിക്ക് കുറെക്കാര്യങ്ങള്‍ തരികയും ചെയ്തു. അക്രമം എന്താണെന്ന് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അപരനെക്കുറിച്ച് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞു. അച്ഛനെ കൊന്നയാള്‍ ശ്രീലങ്കയിലെ ഒരു കടല്‍ത്തീരത്ത് കിടക്കുന്നതു ഞാന്‍ കണ്ടു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത് വളരെ മോശം അവസ്ഥയാണെന്ന് എനിക്ക് തോന്നി. ആ അവസ്ഥ എനിക്ക് ഏറെ അസ്വസ്ഥതയുണ്ടാക്കി. അതുകണ്ടപ്പോള്‍ അതെന്റെ പിതാവുതന്നെയാണെന്നാണ് തോന്നിയത്. അദ്ദേഹവും ആരുടെയോ മകനാണ്. ഞാനെന്റെ അച്ഛനെ നോക്കിനിന്നപോലെ ഒരാള്‍ അദ്ദേഹത്തെയും നോക്കിനില്‍ക്കുന്നുണ്ടാവും ഇപ്പോള്‍ എന്ന്.
അതുകൊണ്ട്, ആരെങ്കിലും അക്രമത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് തോന്നും അയാള്‍ക്ക് അതെന്താണെന്ന് ശരിക്കും മനസിലായിട്ടുണ്ടാവില്ല എന്ന്. അതുകൊണ്ടായിരിക്കാം അയാള്‍ക്ക് അതിനോട് അനുഭാവം തോന്നുന്നത്. അത് നിങ്ങളെ നേരിട്ട് ബാധിച്ചിട്ടില്ല. അങ്ങനെ ഉണ്ടാവുമ്പോള്‍ നിങ്ങളുടെ കാഴ്ചപ്പാട് മറ്റൊന്നായിരിക്കും.
പ്രഭാകരന്‍ മരിച്ചപ്പോള്‍ ഞാന്‍ എന്റെ സഹോദരിയെ ഫോണില്‍ വിളിച്ചു. എന്നിട്ട് പറഞ്ഞു-പ്രിയങ്ക, ഇത് വിചിത്രമായി തോന്നുന്നു. എനിക്ക് വളരെയധികം വിഷമം തോന്നുന്നു. എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ അപമാനിക്കുന്നതെന്നോര്‍ത്ത് അസ്വസ്ഥത തോന്നുന്നു. അദ്ദേഹത്തെ ഇത്രയധികം അപമാനിക്കപ്പെടാനുള്ള കാരണം എന്താണ്? അപ്പോള്‍ പ്രിയങ്ക പറഞ്ഞത്, രാഹുല്‍ ഇതേ വികാരം തന്നെയാണ് എനിക്കും തോന്നുന്നത് എന്നാണ്.
അക്രമം എന്താണെന്ന് നേരിട്ട് മനസിലാകാത്ത ഒരാള്‍ 'അയാള്‍ക്ക് അങ്ങനെ തന്നെ വേണം' എന്ന് പറഞ്ഞേക്കാം. എന്റെ കാര്യത്തില്‍ അത് ശരിയാവില്ല. അങ്ങനെയൊരു വികാരം ഉണ്ടാകില്ല.
അമേരിക്കന്‍ സര്‍വകശാലകളില്‍ പഠിക്കുന്നവര്‍ എന്ന നിലയില്‍ രണ്ട് അഭിമുഖങ്ങളിലും ചൈനയെക്കുറിച്ചും അമേരിക്കയെക്കുറിച്ചുമുള്ള സമീപനങ്ങളെക്കുറിച്ച് ചോദ്യമുണ്ടായിരുന്നു. അവ അമേരിക്കന്‍ വിധേയത്വം നിറഞ്ഞതല്ല. അമേരിക്ക ഇപ്പോഴും ഭൂതകാലത്തിലേക്ക് നോക്കുകയാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇന്ത്യയിലും അങ്ങനെ തന്നെ. ഭൂതകാലത്തെക്കുറിച്ചുള്ള കാര്യങ്ങളിലാണ് നാം ഊന്നുന്നത്. ഭാവിയെക്കുറിച്ചുള്ള ആലോചനകളല്ല ഇന്ത്യയിലെ ആര്‍.എസ്.എസ് ഭരണകൂടവും നടത്തുന്നത്. അതേസമയം, നല്ലതോ ചീത്തയോ ആകട്ടെ, ചൈനയ്ക്ക് ലോകത്തിന്റെ ഭാവിയെക്കുറിച്ച് ആലോചനകളുണ്ട്.
കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന ചോദ്യത്തെ രാഹുല്‍, ചിക്കാഗോ സംവാദത്തില്‍ നേരിട്ടത് ഇങ്ങനെയാണ്-കോണ്‍ഗ്രസ് സംഘടനാതലത്തില്‍ മാത്രമല്ല, നിലനില്‍ക്കുന്നത്. ആശയപരമായ തലത്തില്‍ കൂടിയാണ്. നിങ്ങള്‍ കോണ്‍ഗ്രസ് അംഗമായിരിക്കില്ല. പക്ഷേ അത് പലരുടെയും മനസില്‍ അനുഭാവമായി നിലനില്‍ക്കുന്നുണ്ട്. അതാണ് കോണ്‍ഗ്രസിനെ നിലനിര്‍ത്തുന്നത്. ഇന്നലത്തെ അഭിമുഖത്തിലുള്ള ഒരു പരാമര്‍ശവും ശ്രദ്ധേയമാണ്-ഇന്ത്യയില്‍ പലയിടത്തും പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അവയെ ഒരുമിച്ചുകൊണ്ടുവരിക. സമാഹരിക്കുക. Gather the Protests.
എന്നുവെച്ച് ഈ സംവാദങ്ങള്‍ പൂര്‍ണമായും കൃത്യത അവകാശപ്പെടാവുന്നതാണെന്നും പറയാനാകില്ല. പല വിഷയങ്ങളെക്കുറിച്ചും ഉത്തരങ്ങള്‍ അമൂര്‍ത്തമാണ്. ഉദാഹരണത്തിന് വിദ്യാഭ്യാസ രംഗത്തെകുറിച്ച്, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തെ കുറിച്ച്, അത്ര ഊന്നല്‍ ഈ സംവാദങ്ങളില്‍ കൊണ്ടുവരാനായിട്ടില്ല. രണ്ട്, ഉള്‍ച്ചേരലിന്റെ രാഷ്ട്രീയം മുന്നോട്ടുവെക്കുമ്പോഴും, സാംസ്‌കാരിക രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും അത്ര ആഴമുള്ള അഭിപ്രായങ്ങളല്ല രാഹുലിന്റേത്. അവ ഇനിയും രൂപപ്പെട്ടുവരേണ്ടതുണ്ട്.
ഇതിലെ പ്രധാനപ്പെട്ട കാര്യം ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യക്കാരായ ബുദ്ധിജീവികളും വിദ്യാര്‍ഥികളും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞ് ഈ സംവാദങ്ങളില്‍ പങ്കാളികളാകുന്നതാണ്.