വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ബോധന മാധ്യമാക്കുന്നതിനെക്കുറിച്ച് നടക്കുന്ന ചർച്ചകൾ സമൂഹത്തിന്റെ അധികാരഘടനയുടെ സ്വഭാവത്തെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. വാസ്തവത്തിൽ എന്താണ് ഇംഗ്ലീഷ് പഠനത്തോടുള്ള നമ്മുടെ സമീപനം വേണ്ടത് എന്നാണ് പ്രധാന സമസ്യ. മലയാളം മീഡിയം സ്‌കൂളുകളിൽ പഠിക്കുകയും തുടർജീവിതത്തിൽ തൊഴിലിലും സാമൂഹ്യഇടപെടലിലും ഇംഗ്ലീഷ് സുഗമമായി കൈകാര്യം ചെയ്യാൻ കഴിയാതിരുന്നതിന്റെ പേരിൽ അഭിവൃദ്ധിയുടെ അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്ത നിരവധിപേരാണ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ ആവശ്യകതയെക്കുറിച്ച് പറഞ്ഞുകൊണ്ട് മുന്നോട്ടു വന്നിട്ടുള്ളതും. അത് അവഗണിക്കേണ്ട ഒരു കാര്യവുമല്ല. ഇന്നത്തെ മട്ടിലുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസം സമൂലം പുതുക്കേണ്ടതുണ്ട് എണ്ണത്തിലും തർക്കമില്ല. എന്നാൽ അതുകൊണ്ട് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചർച്ചകളെ ആ രീതിയിൽ മാത്രമാക്കി കൈകാര്യം ചെയ്യാനും കഴിയില്ല.
ഇംഗ്ലീഷ് സ്‌കൂളുകളിൽ പഠിച്ചവർ നേടിയ നേട്ടങ്ങളാണ് ഇംഗ്ലീഷ് സ്‌കൂളുകൾക്കായുള്ള വാദത്തിന്റെ പ്രധാന കാരണമായി പറയുന്നത്. ഇന്ത്യയിൽ ഇംഗ്ലീഷ് ഭൗതികമായ നേട്ടങ്ങൾക്കുള്ള ഒരു വഴിയാകുന്നത് എല്ലാവർക്കും അറിയുന്നതുപോലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ബാക്കിയായാണ്. അധികാരത്തിന്റെ ഭാഷ അന്നും ഇന്നും ഇംഗ്ലീഷ് ആണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ പറഞ്ഞാൽ കേൾക്കാത്തവനോട് I say you get out എന്ന് പറഞ്ഞാൽ പിന്നെയതിൽ ചോദ്യമില്ലാതെയാകുന്നു, ഏത് വില്ലനും ഇറങ്ങിപ്പോയേ മതിയാകൂ എന്ന് വരുന്നു. ഇംഗ്ലീഷ് അറിയാത്ത മഹാഭൂരിപക്ഷം മനുഷ്യരുടെയും കോടതി വ്യവഹാരങ്ങളുടെ ഭാഷ ഇംഗ്ലീഷ് ആവുകയും അവരുടെ തർക്കങ്ങൾക്കും ആവലാതികൾക്കുമുള്ള തീർപ്പ് കോടതികൾ ഇംഗ്ലീഷിൽ നൽകുകയും ചെയ്യുന്നു. നീതിക്കും സാധാരണ മനുഷ്യർക്കുമിടയിൽ ഇംഗ്ലീഷ് എന്ന അധികാരഭാഷ കൂടി അറിയുന്ന പുരോഹിതർ സ്ഥാനം പിടിക്കുന്നു. ഇങ്ങനെയാണ് അധികാരം ഭാഷ വഴിയും പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് അറിയില്ല എന്നതിന്റെ പേരിൽ ഒരാൾ ഇന്ത്യയിൽ അപമാനിക്കപ്പെടുന്നത് ഭാഷാപ്രശ്നമല്ല അതൊരു വർഗ പ്രശ്നമാണ്.
തങ്ങൾക്കോ തങ്ങളുടെ കുടുംബാംഗങ്ങൾക്കോ തങ്ങൾ ജീവിക്കുന്ന ജീവിക്കുന്ന സാമൂഹ്യ പരിസരത്തിനോ യാതൊരു തരത്തിലുള്ള ജൈവബന്ധവുമില്ലാത്ത ഒരു ഭാഷയിൽ ആദ്യം മുതലേ പഠനം തുടങ്ങുമ്പോൾ വാസ്തവത്തിൽ പഠനം എന്ന പ്രക്രിയയുടെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ഒരു കുട്ടി നിസ്തേജനാക്കപ്പെടുകയാണ്.
സാർവ്വത്രിക ഇംഗ്ലീഷ് മീഡിയം എന്നത് മധ്യവർഗ്ഗക്കാരുടെയും, അതിലും താഴെയുള്ള സാമ്പത്തിക-സാമൂഹ്യ നിലകളിലുള്ളവരുടേയും വിമോചന മാർഗമാണ് എന്നാണ് ഒരു വാദം. വാസ്തവത്തിൽ നേരെ തിരിച്ചാണ് വസ്തുതകൾ. ഒരു കുട്ടിയുടെ വിദ്യാലയജീവിതത്തിന്റെ ആദ്യം മുതൽ ബോധന മാധ്യമം ഒരു വിദേശ ഭാഷയായിരിക്കുക എന്നത് തീർത്തും അശാസ്ത്രീയമായ ഏർപ്പാടാണ്. മാത്രവുമല്ല അതേറ്റവും പ്രതികൂലമായി ബാധിക്കുക സാമൂഹ്യ-സാമ്പത്തിക മൂലധനം ഏറ്റവും കുറവുള്ള വിഭാഗങ്ങളെയുമാണ്. തങ്ങൾക്കോ തങ്ങളുടെ കുടുംബാംഗങ്ങൾക്കോ തങ്ങൾ ജീവിക്കുന്ന ജീവിക്കുന്ന സാമൂഹ്യ പരിസരത്തിനോ യാതൊരു തരത്തിലുള്ള ജൈവബന്ധവുമില്ലാത്ത ഒരു ഭാഷയിൽ ആദ്യം മുതലേ പഠനം തുടങ്ങുമ്പോൾ വാസ്തവത്തിൽ പഠനം എന്ന പ്രക്രിയയുടെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ഒരു കുട്ടി നിസ്തേജനാക്കപ്പെടുകയാണ്. വിദ്യാലയത്തിലെത്തുന്ന നാലോ അഞ്ചോ വയസുള്ള ഒരു കുട്ടി ലോകവുമായുള്ള, സമൂഹവുമായുള്ള ഇടപെടൽ മുഴുവൻ ഒരു വിദേശ ഭാഷയിൽ തുടങ്ങുന്നതോടെ അവർക്കതിൽ പ്രാവീണ്യം വരും എന്നത് അശാസ്ത്രീയമായ ധാരണയാണ് എന്ന് മാത്രമല്ല ആ കുട്ടിയുടെ ഭാവിയിലെ പഠനാഭിമുഖ്യത്തെയും ശേഷിയേയും മുരടിപ്പിക്കുക കൂടിയാണ് ചെയ്യുന്നത്.
നിരവധി ശാസ്ത്രീയ പഠനങ്ങൾ ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. UNESCO-യുടെ policy paper, Global Education Monitoring Report -ൽ ചോദിക്കുന്നതുപോലെ "If you don't understand, how can you learn ?". പക്ഷെ മനസിലാക്കുക എന്നത് കുട്ടികളെ സംബന്ധിച്ച് അത്യാവശ്യമല്ല എന്നും reproduce ചെയ്യുക എന്നതാണ് മികവെന്നും കണക്കാക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഈ ബോധം നഷ്ടപ്പെടുന്നു. ഇതിന്റെ കൂടെ വേണം തുടക്കം മുതൽ ഇംഗ്ലീഷ് ഭാഷയിലൂടെ പഠിപ്പിക്കുന്നതിനെയും വിലയിരുത്താൻ. സാമ്പത്തികമായി ദുർബല വിഭാഗത്തിൽ പെട്ടവരോ സാമൂഹ്യ മൂലധനത്തിന്റെ പിൻബലമില്ലാത്ത ദളിതരടക്കമുള്ളവരോ ആയ കുട്ടികൾ എങ്ങനെയായിരിക്കും ഈ വിദേശ ഭാഷ ബോധന മാധ്യമവുമായി പൊരുത്തപ്പെടുക എന്ന് പരിശോധിക്കണം. തനിക്കൊട്ടും പരിചയമില്ലാത്ത ഒരു ഭാഷയിൽ എല്ലാ വിധത്തിലുള്ള ആശയവിനിമയവും നടക്കുന്നൊരിടത്ത് എന്താണോ മനസിലാക്കേണ്ട ആശയം എന്നതല്ല അത് അത് പഠിപ്പിക്കുന്ന ഭാഷ മനസിലാക്കുക എന്നതാകും കുട്ടിയുടെ മുന്നിലുള്ള പ്രതിസന്ധി. ഇതൊരു നിസാര പ്രശ്നമല്ല. ഇത് വകഭേദങ്ങളില്ലാതെ എല്ലാ കുട്ടികളും അനുഭവിക്കും. ഇതിനെ അതിജീവിക്കുകയല്ല, ഇതിനോട് പൊരുത്തപ്പെടുകയാണ് പിന്നീട് കുട്ടികൾ ചെയ്യുക.
സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നിൽക്കുന്നവരുടെ വിമോചന മാർഗമാണ് ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷിലൂടെ മാത്രം നടത്തുന്ന സ്‌കൂളുകളിൽ പഠിക്കുക എന്നത് വാസ്തവത്തിൽ ഒരു തട്ടിപ്പാണ്.
തങ്ങൾ ജനിച്ചു വീണ ലോകവുമായി ഒരു കുട്ടി ഓടിയും നടന്നും കൗതുകവും ജിജ്ഞാസയും നിറച്ചും സംവദിക്കാൻ തുടങ്ങുന്ന കാലമാണിത്. ചോദ്യങ്ങളും സംശയങ്ങളുമായി ലോകത്തെയും അതിന്റെ വൈജ്ഞാനിക വ്യവഹാരങ്ങളേയും പരിചയപ്പെടാൻ തുടങ്ങുന്ന ജീവിതകാലം. ചുറ്റുപാടുകളുമായോ തന്റെ ജീവിത സാഹചര്യങ്ങളുമായോ ബന്ധമില്ലാത്ത മറ്റൊരു ഭാഷയിൽ സകല ആശയവിനിമയവും നടക്കുന്നതോടെ കുട്ടിയുടെ ശേഷി മുഴുവൻ കേന്ദ്രീകരിപ്പിക്കുക ഈ ആദ്യകാലത്ത് ആ ഭാഷ പഠിച്ചെടുക്കാനാണ്. സ്വാഭാവികമായും ചോദ്യങ്ങളല്ല, എങ്ങനെയാണ് ഇംഗ്ളീഷിൽ ചോദിക്കുക എന്നതാകും പ്രശ്നം. നല്ല ഇംഗ്ലീഷിൽ ചോദ്യം ചോദിക്കുന്നതാണ് പ്രാഥമിക വിദ്യാലയത്തിലെ കുട്ടികളിലെ മിടുക്കിനെ നിശ്ചയിക്കുന്നത് എന്ന് വരും. അതോടെ ഇക്കാര്യത്തിൽ സാമൂഹ്യ മൂലധനത്തിന്റെ പിൻബലമുള്ള കുട്ടികൾ പൊരുത്തപ്പെട്ടു വരുമ്പോൾ (അവർക്കും ഈ ബോധന രീതി ദോഷം തന്നെയാണ് ചെയ്യുന്നത്) സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾ അതിവേഗം 'നിശ്ശബ്ദരും' അപകർഷതാബോധത്തിൽ ഉഴറുന്നവരും ആയി മാറുന്നു. ചോദ്യങ്ങളും സംശയങ്ങളും ഇല്ലാത്തതുകൊണ്ടല്ല, അത് ചോദിക്കാൻ അവർക്കറിയാത്തതുകൊണ്ടല്ല, അവർക്കറിയുന്ന ഭാഷയിൽ ആ ചോദ്യങ്ങൾ ചോദിക്കാൻ അനുവാദമില്ലാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതായത് സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കം നിൽക്കുന്നവരുടെ വിമോചന മാർഗമാണ് ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷിലൂടെ മാത്രം നടത്തുന്ന സ്‌കൂളുകളിൽ പഠിക്കുക എന്നത് വാസ്തവത്തിൽ ഒരു തട്ടിപ്പാണ്.
UNESCO-യുടെ 2016-ലെ GEM റിപ്പോർട്ടിൽ കൃത്യമായി ചൂണ്ടിക്കാണിക്കുന്ന പോലെ "to be taught in a language other than one's own has a negative effect in learning ." ഇതിലിപ്പോൾ ഉയർത്തുന്ന ഒരു വലിയ പ്രശ്നം ഗണിതവും മറ്റ് ശാസ്ത്രവിഷയങ്ങളും മലയാളത്തിൽ പഠിപ്പിക്കുന്നത് തുടർപഠനത്തിൽ ദോഷം ചെയ്യുന്നു എന്നാണ്. ഇതിൽ വലിയൊരളവ് വാസ്തവമുണ്ട്. എന്നാലത് പരിഹാരമില്ലാത്ത പ്രശ്‌നമേയല്ല. പ്രശ്നം മലയാളത്തിന്റേതല്ല, നമ്മുടെ സ്‌കൂളുകളിലെ ശാസ്ത്രപഠന രീതിശാസ്ത്രത്തിന്റേതാണ്. സംസ്കൃതവത്കരിക്കപ്പെട്ട മലയാളം ഒരു പ്രശ്നമാണ്. എന്നാൽ മലയാളഭാഷയുടെ രൂപാന്തരത്തിൽ സംസ്കൃതത്തിന്റെ പിൽക്കാല സ്വാധീനം സങ്കീർണമായി ഇഴചേർന്നുകിടക്കുന്നു എന്നതും വസ്തുതയാണ്. എന്നാൽ local language ശാസ്ത്രപഠനത്തിനു ഉപയോഗിക്കേണ്ട എന്ന നിഗമനത്തിലെത്താൻ ഇത് കാരണമാക്കേണ്ടതില്ല എന്നാണ് ലോകത്തെ മറ്റു പല രാജ്യങ്ങളിലെയും ഉദാഹരണം കാണിക്കുന്നത്.
Trends in International Mathematics and Science Study (TIMSS) കാണിക്കുന്നത് തങ്ങളുടെ സ്വന്തം ഭാഷയിൽ ശാസ്ത്ര, ഗണിത പഠനം നടത്തിയ രാജ്യങ്ങളിലെ (ജപ്പാൻ, തെക്കൻ കൊറിയ, തായ്‌വാൻ, സിംഗപ്പൂർ ...) എട്ടാം തരം വിദ്യാർത്ഥികൾ അങ്ങനെയല്ലാത്ത മറ്റിടങ്ങളിലെ വിദ്യാർത്ഥികളേക്കാൾ മികവ് കാണിച്ചു എന്നതാണ്. ഉടനെ നമ്മൾ USA -യും മറ്റു വികസിത യൂറോപ്യൻ രാജ്യങ്ങളുമായി നമ്മളെ താരതമ്യം ചെയ്യണ്ടതില്ല. ചരിത്രനിരപേക്ഷമായി ഈ വിഷയത്തെ സമീപിക്കാനും പാടില്ല. കൊളോണിയൽ കൊള്ളയുടെയും അക്കാലങ്ങളിലെല്ലാം ആർജ്ജിച്ചെടുത്ത അതിഭീമമായ സമ്പത്തിന്റെയും ജ്ഞാനവിനിമയ രീതികളുടേയും അതിനാവശ്യമായ സ്ഥാപനങ്ങളുടേയുമെല്ലാം വലിയ അടിത്തറയുള്ള രാജ്യങ്ങളുടെ പഠനരീതികൾ അതേപടി പകർത്താൻ അത്തരത്തിലുള്ള യാതൊരു ആഡംബരവുമില്ലാത്ത, കൊളോണിയൽ ചൂഷണത്തിന്റെ നീണ്ട കാലങ്ങളിലൂടെ കടന്നുപോന്ന നമ്മെപ്പോലൊരു ജനതയ്ക്ക് കഴിയില്ല. നാം നമ്മുടേതായ വഴികൾ കണ്ടെത്തണം.
കോളേജിലെത്തുമ്പോൾ തങ്ങൾക്കറിയാവുന്ന ഒരു തരം ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ട് കോളേജ് അധ്യാപകർ എന്ന നിരുത്തരവാദികളായ സംഘം മലയാളം സ്‌കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ഒട്ടും പരിഗണിക്കാതെയിരുന്നു. തനിക്കറിയാവുന്ന എന്തൊക്കെയോ പറയലാണ് കേമത്തമെന്നും ജോലിയെന്നും വിദ്യാർത്ഥികൾക്ക് അത് മനസിലാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നും കരുതിയ ഒരു കൂട്ടം സാമൂഹ്യദ്രോഹികളായിരുന്നു അത്തരക്കാരിൽ പലരും.
ശാസ്ത്ര, ഗണിത പഠനത്തിന് ഇംഗ്ലീഷ് സാങ്കേതിക പദങ്ങൾ കൃത്യമായി ഇടകലർത്തി ഉപയോഗിക്കുക എന്നത് ഒരു മോശം കാര്യമല്ല. ഭാവി പഠനത്തിന് അത് ഗുണം ചെയ്യും. എന്നാൽ ആശയം കൃത്യമായി മനസിലാക്കാൻ തങ്ങൾക്ക് പരിചിതമായ ഭാഷയിൽ അത്തരം വിഷയങ്ങൾ പഠിക്കാൻ കുട്ടികൾക്ക് സാധിക്കുന്ന ഒരന്തരീക്ഷം ഉണ്ടാക്കണം. അല്ലാത്തപക്ഷം ഇത്തരം മേഖലകളിൽ നിന്നും സാമ്പത്തിക-സാമൂഹ്യ പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങൾ പുറന്തള്ളപ്പെടും. എല്ലാവരും ഇംഗ്ലീഷിൽ പഠിച്ചിട്ടും അത്തരം രാജ്യങ്ങളിൽ കറുത്ത വർഗക്കാരുടെ വിദ്യാഭ്യാസാവസ്ഥ പിറകിലാകുന്നത് ഭാഷയുടെ മാന്ത്രികവിദ്യയിലല്ല വിദ്യാഭ്യാസത്തിന്റെ പൊരുളെന്ന് കാണിക്കുന്നു. നമ്മുടെ പ്രശ്നം, എന്താണ് പഠിക്കുന്നത് എന്നതിനേക്കാൾ അത് ഇംഗ്ലീഷിൽ പഠിക്കുന്നില്ല എന്നതൊരു പ്രശ്നമായി കാണുന്നു എന്നതാണ്.
ഇതാകട്ടെ നമ്മുടെ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസ മേഖലയിലെ പഠന സമ്പ്രദായത്തിന്റെ പ്രശ്നമാണ്. ശാസ്ത്രവും ഗണിതവും തുടർപഠനത്തിനാവശ്യമായ സാങ്കേതിക പദങ്ങളും മറ്റും ഇംഗ്ലീഷിൽ തന്നെ മനസിലാക്കുകയും എന്നാൽ ആശയം കൃത്യമായി മനസിലാക്കാൻ മലയാളം ഉപയോഗിക്കുകയും ചെയ്യുന്നൊരു ബോധന രീതി സ്‌കൂളുകളിൽ ഉണ്ടായില്ല. അതൊന്നും ഒരിക്കലും നമ്മുടെ പരിഗണനാ വിഷയങ്ങളായിരുന്നില്ല. ശാസ്ത്ര പഠനത്തിന്റെ മാത്രമല്ല മൊത്തം സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും ഉള്ളടക്ക നിലവാരവും രീതിശാസ്ത്രവും സാർവ്വലൗകികത എന്ന ആശയത്തെ ഉൾക്കൊണ്ടെങ്കിലും മികവ് എന്ന ആശയത്തോട് കുറ്റകരമായ അവഗണന പുലർത്തി.
കോളേജിലെത്തുമ്പോൾ തങ്ങൾക്കറിയാവുന്ന ഒരു തരം ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ട് കോളേജ് അധ്യാപകർ എന്ന നിരുത്തരവാദികളായ സംഘം മലയാളം സ്‌കൂളുകളിൽ നിന്നും വന്ന വിദ്യാർത്ഥികളെ ഒട്ടും പരിഗണിക്കാതെയിരുന്നു. തനിക്കറിയാവുന്ന എന്തൊക്കെയോ പറയലാണ് കേമത്തമെന്നും ജോലിയെന്നും വിദ്യാർത്ഥികൾക്ക് അത് മനസിലാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് തന്റെ ഉത്തരവാദിത്തമല്ലെന്നും കരുതിയ ഒരു കൂട്ടം സാമൂഹ്യദ്രോഹികളായിരുന്നു അത്തരക്കാരിൽ പലരും. അത്തരം വിദ്യാഭ്യാസ സമ്പ്രദായമാണ് മാറ്റേണ്ടത്. അതിനു പകരം എല്ലാ വിഷയങ്ങളും ഒരു വിദേശ ഭാഷയിൽ പഠിച്ചെടുക്കാനുള്ള ഭാരം കുട്ടികളുടെ മേൽ ഏൽപ്പിക്കുകയല്ല. അതല്ല സർഗാത്മകമായ വിദ്യാഭ്യാസ രീതിയും.
എപ്പോഴാണ് ഇംഗ്ളീഷിൽ പഠിക്കാൻ കഴിയുക, എങ്ങനെയാണ് പഠിക്കുക? ആദ്യത്തെ ആറ് വർഷമെങ്കിലും ഒരു കുട്ടി മാതൃഭാഷയിലായിരിക്കണം തന്റെ അറിവുനേടൽ നടത്തേണ്ടത്. യാതൊരു മടിയും വിമ്മിട്ടവുമില്ലാതെ ചോദ്യം ചോദിക്കാൻ കുട്ടിക്ക് കഴിയുന്നത് തന്റെ മാതൃഭാഷയിലാണ് (or language of domicile) എന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. അതിനു ശേഷം മറ്റൊരു ഭാഷ, അതൊരു ഭാഷ എന്ന രീതിയിൽ പഠിക്കുമ്പോൾ പഠനപ്രക്രിയയുടെ രീതിയും, വിഷയങ്ങളെ സമീപിക്കാനുള്ള ശേഷിയും, ഏതു ഭാഷയിലായാലും സംശയങ്ങളുയർത്താനുള്ള ആത്മവിശ്വാസവും കുട്ടിക്കുണ്ടാകും.