തിരുത വിളികള്‍ക്ക് പിന്നിലെ രാഷ്ട്രീയവും മാധ്യമ വിവരക്കേടും

തിരുത വിളികള്‍ക്ക് പിന്നിലെ രാഷ്ട്രീയവും മാധ്യമ വിവരക്കേടും
Published on

അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കാനുള്ള സമയം അതിക്രമിച്ചൊരാളാണ് കെ.വി തോമസ് എന്നതാണ് യാഥാര്‍ത്ഥ്യം. അത് അദ്ദേഹം സ്വയം തീരുമാനിക്കേണ്ടതാണ്. അത് ധാര്‍മ്മികമായ ഉത്തരവാദിത്തം കൂടിയാണ്.

ഒരിക്കല്‍ പോലും അവസരം കിട്ടാത്ത നിരവധി ചെറുപ്പക്കാര്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയിലുണ്ട്. ഈ സമയത്ത് കൂടുതല്‍ പദവികള്‍ ആവശ്യപ്പെട്ടെങ്കില്‍ അത് നീതികരിക്കാനാകാത്തതാണ്.

എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ഒരു 70 കഴിഞ്ഞ മനുഷ്യരൊക്കെ അവരുടെ ആരോഗ്യം കൂടി കണക്കിലെടുത്ത് പുതിയ തലമുറയ്ക്ക് അവസരം ലഭ്യമാകുന്ന വിധം നിലപാട് എടുക്കണം. അത് രാഷ്ട്രീയ ധാര്‍മ്മികതയാണ്. അക്കാര്യത്തില്‍ തോമസിന് പിഴച്ചിട്ടുണ്ട് എന്നാണ് വ്യക്തിപരമായ എന്റെ അഭിപ്രായം.

രണ്ടാമത്, കെ.വി തോമസ് മാത്രമല്ല നിരവധി പേര്‍ മരിക്കുന്നത് വരെ അധികാരത്തിന് വേണ്ടി നിന്നിട്ടുണ്ട്. പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്ത്. അന്നൊന്നും ഇല്ലാത്ത അധിക്ഷേപ വാക്കുകള്‍ തോമസിനെതിരെ ഒരു മടിയുമില്ലാത മാധ്യമങ്ങള്‍ തന്നെ ഉന്നയിക്കുന്നത് അദ്ദേഹം കേരളത്തില്‍ താരതമ്യേന പിന്നാക്കം എന്ന ഒരു വിഭാഗത്തില്‍ നിന്ന് വരുന്നത് കൊണ്ട് കൂടിയാണ്.

കേരള രാഷ്ട്രീയത്തില്‍ ഒരുപാട് പേര്‍ക്ക് ഇരട്ടപേരുണ്ട്. അതൊന്നും സാധാരണ ഗതിയില്‍ ഇങ്ങനെ പരസ്യമായി പറഞ്ഞ് ആക്ഷേപിക്കാറില്ല. അതിനകത്ത് ഒരു സാമൂഹിക പശ്ചാത്തലം കൂടിയുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. കെ.വി തോമസിനെതിരായിട്ടുള്ള അധിക്ഷേപ വാക്കുകള്‍ക്ക് പിന്നില്‍ അദ്ദേഹം ദുര്‍ബലമായ ഒരു വിഭാഗത്തില്‍ നിന്ന് വരുന്നുവെന്നതും ഒരു കാരണമായി പ്രവര്‍ത്തിക്കുന്നുണ്ട്.

അദ്ദേഹം ദീര്‍ഘകാലം എം.പിയായിരുന്നിരിക്കാം. എം.എല്‍.എ ആയിരുന്നിരിക്കാം, കേന്ദ്ര മന്ത്രിയും കേരളത്തിലെ മന്ത്രിയുമായിരുന്നിരിക്കാം. ഇതെല്ലാം ശരിയായിരിക്കെ തന്നെ സാമൂഹിക പിന്നാക്കാവസ്ഥ സ്ഥാനമാനങ്ങള്‍ കൊണ്ടൊന്നും പരിഹരിക്കാന്‍ കഴിയുന്നതല്ല എന്നതാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ പലവിധ ഇരട്ട പേരുകളുണ്ട്. ആ ഇരട്ട പേര് ചിലരുടെ പേരുകളില്‍ മാത്രം മീഡിയ പറഞ്ഞു കൊണ്ടിരിക്കും. ഉദാഹരണത്തിന് മമത ബാനര്‍ജിയുടെ പാര്‍ട്ടിയുടെ പരമാധികാരി മമത തന്നെയാണ്. രണ്ടാമത് ഒരാള്‍ അതിനകത്ത് ഇല്ല. മമത തീരുമാനിക്കുന്നതേ നടക്കൂ. ജയലളിതയുടെ പാര്‍ട്ടിയിലും അത് തന്നെയായിരിന്നു. പക്ഷേ 'സുപ്രീമോ' എന്ന വാക്ക് മായാവതിക്ക് മാത്രമേ ഉള്ളൂ. ഇത്തരം വാക്കുകള്‍ക്ക് പിന്നില്‍ അരഗന്റായിട്ടുള്ള സവര്‍ണബോധമാണ്. അതോടൊപ്പം തന്നെ പത്ര പ്രവര്‍ത്തകരുടെ വിവരക്കേടും എടുത്ത് പറയണം.

ഉദാഹരണത്തിന് 'കൗ വിജിലന്റിസം ' എന്ന വാക്ക് എങ്ങനെ വന്നു? പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്നവനെ 'കൗ വിജിലന്റ്' എന്ന് പേരിട്ട് വിളിക്കണമെങ്കില്‍ അവന്‍ ആര്‍.എസ്.എസാണ് എന്നത് കൃത്യമാണ്. അല്ലെങ്കില്‍ അത്തരത്തില്‍ ഒരു വാക്ക് ഉണ്ടാകില്ല. പശു സംരക്ഷണം അല്ലല്ലോ അത്. ഇത് പത്രക്കാരുടെ പ്രശ്‌നമാണ്. ഇതേ മനശാസ്ത്രമാണ് തോമസിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.

ഇനി കെ.വി തോമസിനെ ഇടതുപക്ഷം സ്വീകരിക്കുമോ ഇല്ലയോ എന്നതൊക്കെ മറ്റൊരു കാര്യം. പക്ഷേ അങ്ങനെയൊരു ആലോചനയുണ്ട് എന്നാണ് പത്രവാര്‍ത്തകളിലൂടെ മനസിലാകുന്നത്. അങ്ങനെയെങ്കില്‍ എതിരാളികളെ ദുര്‍ബലപ്പെടുത്താമെന്ന വ്യാജേന അധാര്‍മ്മിക രാഷ്ട്രീയ ജീവിതത്തെ ഇടതുപക്ഷം പിന്തുണയ്ക്കുന്നതായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്.

അവരത് ചെയ്യരുത് എന്നാണ് ഞാന്‍ കരുതുന്നത്. അത്തരമൊരു അവസരം തുറന്ന് കൊടുക്കാന്‍ പാടില്ല. നമ്മുടെ രാഷ്ട്രീയ മേഖല തന്നെ വലിയ രീതിയില്‍ അപചയപ്പെട്ട് കഴിഞ്ഞു. അത് കൂടുതല്‍ അപചയപ്പെടാനുള്ള ഒരു സാഹചര്യമാണ് തോമസിനെ സ്വീകരിക്കാമെന്ന നിലപാട് എടുത്താല്‍ ഉണ്ടാകുക. അതുകൊണ്ട് തോമസ് അത് തിരുത്തുക എന്നുള്ളതാണ് പ്രധാന കാര്യം.

മറ്റൊന്ന് നമ്മുടേത് ഒരു ജനാധിപത്യ സമൂഹമാണ്. അങ്ങനൊരു സമൂഹത്തില്‍ 'കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍' ചര്‍ച്ച ചെയ്യുന്നൊരു സെമിനാറിലേക്ക് രാഷ്ട്രീയ എതിരാളികളെ ക്ഷണിക്കാം, അതാണല്ലോ രീതി. സെമിനാറുകളില്‍ വ്യത്യസ്ത അഭിപ്രായമുള്ളവരെയും ക്ഷണിക്കാറുണ്ട്.

രാഷ്ട്രീയമായി ഒഴിവാക്കപ്പെടേണ്ടവരാണ് എന്ന് കരുതുന്നവരെ മാത്രമേ ബഹിഷ്‌കരിക്കാറുള്ളൂ. ഉദാഹരണത്തിന് ഒരു ചര്‍ച്ച വന്നാല്‍ ബി.ജെ.പിക്കാരെ വിളിക്കില്ല, അല്ലെങ്കില്‍ ആര്‍.എസ്.എസിനെ വിളിക്കാറില്ല. അതുകൊണ്ട് 'ഞാന്‍ ആ സെമിനാറിന് പോകും,' എന്ന് പറയുന്നത് ഒരു കുറ്റകൃത്യമായൊന്നും കാണേണ്ടതില്ല. ഇതൊക്കെ രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന അസഹിഷ്ണുതയുടെ ഒരു പ്രതിഫലനമായിട്ടാണ് മനസിലാക്കേണ്ടത്. തികച്ചും അപകടകരമായൊരു പ്രവണതയാണ്. ഈ അസഹിഷ്ണുതയാണ് കൊലപാതകമായൊക്കെ പരിണമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in