നടന്ന് തെളിയുന്ന രാഹുല്‍ ഗാന്ധി

നടന്ന് തെളിയുന്ന രാഹുല്‍ ഗാന്ധി
Published on

വെറുപ്പിന്റെയും വര്‍ഗീയവല്‍ക്കരണത്തിന്റെയും വിഭജന രാഷ്ട്രീയത്തിന്റെയും കെട്ട കാലത്ത് 'നാനാത്വത്തിലെ ഏകത്വമെന്ന' ആശയത്തില്‍ അധിഷ്ഠിതമായി എക്കാലത്തും നിലകൊണ്ട ഇന്ത്യയെ തിരിച്ചുപിടിക്കാനും ഒന്നിപ്പിക്കാനുമിറങ്ങിയ രാഹുല്‍ ഗാന്ധിക്കുണ്ടായ രാഷ്ട്രീയ രൂപമാറ്റമാണ് സമീപകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വളരെ പതുക്കെയാണെങ്കിലും ചര്‍ച്ചയാവുന്നത്. 2022 സെപ്റ്റംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് ഇന്ത്യയിലെ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര എന്ന ആശയത്തിന് തിരികൊളുത്തുമ്പോള്‍ അത് നയിക്കുന്ന രാഹുല്‍ ഗാന്ധി എന്ന നേതാവില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് പ്രതീക്ഷയല്ല മറിച്ച് ആശങ്കയും സംശയവുമായിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്ക് രാഹുലിനെ പരിഹസിക്കാന്‍ മറ്റൊരു വേദി കൂടി തുറന്നു കിട്ടുമെന്ന പ്രതീക്ഷയിലുമായിരുന്നു.

എന്നാല്‍ 118 ദിവസവും 52 ജില്ലകളും 10 സംസ്ഥാനങ്ങളും പിന്നിടുമ്പോള്‍ രാഹുല്‍ ഗാന്ധിയെന്ന നേതാവ് തന്റെ കാഴ്ചപ്പാടുകളിലെ ജരാനരകള്‍ തട്ടിക്കൊഴിച്ച് രാഷ്ട്രീയ യുവത്വത്തിലേക്ക് ഊന്നുന്ന കാഴ്ച്ചയാണ് ഇന്ത്യന്‍ രാഷ്ട്രീയം ദര്‍ശിച്ചത്. അപക്വമായ രാഷ്ട്രീയ തീരുമാനങ്ങള്‍, സ്ഥിരതയില്ലായ്മ, ഉത്തരവാദിത്വക്കുറവ് എന്നിങ്ങനെയുള്ള പഴികള്‍ കേള്‍ക്കേണ്ടി വന്ന നേതാവായിരുന്നു അന്ന് രാഹുല്‍ ഗാന്ധിയെങ്കില്‍ ഇപ്പോള്‍, ആകെ 3,570 കിലോമീറ്റര്‍ ദൂരം നിശ്ചയിച്ചിട്ടുള്ള മാരത്തോണ്‍ യാത്രയില്‍ ഇനി 68 കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോള്‍, രാഹുല്‍ ഗാന്ധിയെന്ന നേതാവ് പുനര്‍നിര്‍വചിക്കപ്പെട്ടുവെന്ന് വേണം കരുതാന്‍.

വെറുപ്പും വിദ്വേഷവും രാഷ്ട്രീയമായ എതിര്‍പ്പും പ്രകടിപ്പിക്കുന്നതിന് പകരം രാജ്യത്തെ സാധരണക്കാരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞും ഇടപെട്ടും അവരോട് സംസാരിച്ചും വിവിധ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകള്‍, മതവിഭാഗങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തിയുമാണ് രാഹുല്‍ ഗാന്ധി യാത്രയെ തുടക്കം മുതല്‍ നയിച്ചത്. അതുകൊണ്ട് തന്നെ വിഭജന രാഷ്ട്രീയത്തിന്റെ വാചാടോപങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷത്തിലും ഭാരത് ജോഡോ യാത്ര ശ്രദ്ധിക്കപ്പെടുകയും നിലവിലെ അന്തരീക്ഷത്തിന് മാറ്റം വരുത്താന്‍ രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയ നേതാവിനാകുമെന്ന ഒരു ബദല്‍ പ്രതീക്ഷ സാധാരണ ജനങ്ങള്‍ക്കിടയില്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ രാഷ്ട്രീയമായി ചലനമറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട കോണ്‍ഗ്രസിനും അടിത്തട്ടിലെ പ്രവര്‍ത്തകര്‍ക്കും ഉണര്‍വേകാനും രാഹുലിന്റെ യാത്രയ്ക്ക് കഴിയുകയും ചെയ്തു.

രാഹുലിന്റെ രാഷ്ട്രീയ മാറ്റം

തീവ്രവലതുപക്ഷ സ്വഭാവമുള്ള ബി.ജെ.പിയും സംഘപരിവാറും മുന്നോട്ട് വെയ്ക്കുന്ന വര്‍ഗീയ അജണ്ടയും വിഭജന രാഷ്ട്രീയവും അസഹിഷ്ണുതയും നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളെ തൊട്ടറിഞ്ഞ് നീങ്ങിയ രാഹുല്‍ ജനങ്ങള്‍ക്ക് നല്‍കിയത് മതപരവും സാമൂഹികവുമായ ഐക്യം നിലനിര്‍ത്തുന്നതിനെക്കുറിച്ചുള്ള സന്ദേശമായിരുന്നു. സാമാധാനവും സാഹോദര്യത്തോടെയുള്ള സഹവര്‍ത്തിത്വവും കലര്‍ന്ന നവരാഷ്ട്രീയ സങ്കല്‍പ്പം മുന്നോട്ട് വെച്ച അദ്ദേഹം ബി.ജെ.പി മുന്നോട്ടുവെയ്ക്കുന്ന ഹിന്ദുത്വയുടെ കടുത്ത വിമര്‍ശകനുമായി മാറി.


റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ യാത്രയില്‍ ഭാഗമായപ്പോള്‍
റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ യാത്രയില്‍ ഭാഗമായപ്പോള്‍

യാത്രയില്‍ ഉടനീളം ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക മര്‍ദ്ദിത ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണത്തെക്കുറിച്ച് പ്രസംഗിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ സശ്രദ്ധം വീക്ഷിക്കുകയും അവരെ തുറന്ന മനസോടെ കേള്‍ക്കുകയും ചെയ്ത രാഹുല്‍ അതിലൂടെ കോണ്‍ഗ്രസിനെ ചൂഴ്ന്ന നിന്ന മൃദുഹിന്ദുത്വ ആരോപണത്തെ ഫലപ്രദമായി പൊളിച്ചുനീക്കുകയാണ് ചെയ്തത്. അതുമാത്രമല്ല എല്ലാ മതങ്ങളെയും ബഹുസാംസ്‌ക്കാരിക ജനാധിപത്യത്തെയും നാനാത്വത്തില്‍ ഏകത്വത്തെയും ബഹുമാനിക്കുകയും ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്ന രാഷ്ട്രീയ നേതാവായും രാഹുല്‍ ഉയര്‍ന്നു. ഒരേസമയം ബൗദ്ധികമായും രാഷ്ട്രീയമായുമുള്ള ഔന്നത്യമാണ് നേതാവെന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിച്ചത്. സമാധാനത്തിലും സമഭാവനയിലും അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയത്തോടുള്ള തന്റെ പ്രതിബദ്ധത സ്ഥിരീകരിച്ച് മതനിരപേക്ഷതയിലും ഭരണഘടനാപരമായ ജനാധിപത്യത്തിലും കോണ്‍ഗ്രസിനെ തിരിച്ചറിഞ്ഞ് പുന:സ്ഥാപിക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്നും ആരംഭിച്ച യാത്രയ്ക്കിടെ കര്‍ഷകരോടും സാധരണ ജനങ്ങളോടും ആശയവിനിമയം നടത്തിയ രാഹുല്‍ കേരളത്തില്‍ കെ-റെയില്‍, വിഴിഞ്ഞം സമരമുഖത്ത് നില്‍ക്കുന്നവരോടും സംസാരിച്ചു. കര്‍ണാടകത്തില്‍ കര്‍ഷകര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെയുള്ളവരുമായും രാജസ്ഥാനിലെ ബുണ്ടിയില്‍ കര്‍ഷക തൊഴിലാളികളുമായും അദ്ദേഹം സമയം ചെലവഴിച്ചു. തെക്കേ ഇന്ത്യയില്‍ നിന്ന് വടക്കേ ഇന്ത്യയിലേക്ക് യാത്ര കയറിയപ്പോള്‍ സാമൂഹികമായും രാഷ്ട്രീയമായും കൂടുതല്‍ ഗൗരവതരമാക്കാന്‍ രാഹുല്‍ ഗാന്ധിയിലെ നേതാവിനും കോണ്‍ഗ്രസിനും കഴിഞ്ഞു.

റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ നെഞ്ചേറ്റി വിവിധ പ്രശ്‌നങ്ങളില്‍ സമരമുഖം തുറന്ന മേധാപട്കര്‍, ബോളിവുഡ് താരങ്ങള്‍, ബോക്സര്‍ വിജേന്ദര്‍ സിംഗ് അടക്കമുള്ള കായിക താരങ്ങള്‍, രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂല, ഇന്ത്യയെ പിടിച്ചു കുലുക്കിയ കര്‍ഷക സമര നേതാക്കള്‍, മുന്‍ ആര്‍മി ചീഫ് ദീപക് കപൂറും മറ്റ് ഉദ്യോഗസ്ഥരും എന്നിവരടക്കം യാത്രയുടെ ഭാഗമായതും രാഹുലിന്റെ രാഷ്ട്രീയ നേതാവെന്ന ഗ്രാഫുയര്‍ത്തി.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ നടക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്ര പുറത്തു കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ സ്വത്വമാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പരിഹാസ പാത്രമായ, ബി.ജെ.പിയും സംഘപരിവാറും വളരെ വികലമായി പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ച രാഹുലിനെയല്ല, മറിച്ച് ഹൃദയത്തില്‍ നിന്നും പ്രശ്‌നാധിഷ്ഠിതമായി സംസാരിക്കുന്ന, കഠിനാധ്വാനിയായ, ഊഷ്മള സമീപനമുള്ള രാഹുല്‍ ഗാന്ധിയെയാണ് പൊതുസമൂഹം യാത്രയില്‍ ഉടനീളം കണ്ടത്.

വിദ്വേഷത്തിന്റെ അസഹിഷ്ണുതയുടെയും കാലത്ത് ഭാരതത്തിന്റെ പുരോഗതി, വികസനം, തൊഴിലില്ലായ്മ, തൊഴില്‍ സൃഷ്ടിക്കല്‍, പാവപ്പെട്ടവരുടെയും അസംഘടിതരുടെയും സാമ്പത്തിക ഉന്നമനം, മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത എന്നതിനെ പറ്റിയും ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ ഉറച്ച് നിന്ന് കൊണ്ട് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെ സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പാത സ്വീകരിക്കേണ്ടതിനെപ്പറ്റിയുമുള്ള രാഹുലിന്റെ കാഴ്ച്ചപ്പാടും വെളിച്ചത്തുകൊണ്ടു വരുന്നത് നേതൃപാടവമാണ്. വിലക്കയറ്റം, തൊഴിലില്ലായ്മ, വര്‍ദ്ധിച്ച് വരുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍, ജനാധിപത്യ ധ്വംസനം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചത്. നിരന്തരം ഉന്നയിക്കപ്പെട്ട വിഷയങ്ങളിലേക്ക് രാഹുലിന്റെ സഹപ്രവര്‍ത്തകരുടെ മാത്രമല്ല എതിരാളികളുടെയും വിമര്‍ശകരുടെയും രാജ്യത്തെ സാധാരണക്കാരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ രാഹുല്‍ ഗാന്ധി വിജയിച്ചുവെന്ന് തന്നെ വിലയിരുത്തേണ്ടി വരും.

പുനര്‍നിര്‍വചിക്കപ്പെട്ട ശേഷം എന്ത്?

പുനര്‍നിര്‍വചിക്കപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവിന് മുമ്പില്‍ കടമ്പകള്‍ ഏറെയുണ്ടാവും. രാഹുല്‍ ഗാന്ധിയുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല. വിഭാഗീയതയുടെയും വര്‍ഗീയതയുടെയും അസഹിഷ്ണുതയുടെയും സ്വാധീനം മുറ്റി നില്‍ക്കുന്നയിടത്ത് ഇതുകൊണ്ടെന്നും നിലവിലെ അവസ്ഥയ്ക്ക് മാറ്റം വരുത്താനാകുമെന്ന് കരുതാനാവില്ല. ഇത്തരം പ്രത്യയശാസ്ത്രങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയത്തിന്റെ അമരക്കാരനാവാനും യാത്ര മാത്രം കൊണ്ട് കഴിഞ്ഞെന്നും വരില്ല. വിഭജന രാഷ്ട്രീയത്തിന്റെ ശൃംഖല വളരെ വലുതായതിനാല്‍ തന്നെ ഇതിനെ ഒറ്റയടിക്ക് തകര്‍ക്കാനാവില്ല. എന്നാല്‍ മതനിരപേക്ഷതയിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളെ വില കുറച്ച് കാണാനുമാവില്ല. തന്റെ രാഷ്ട്രീയ ശത്രുവിനെ പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയപരമായും നേരിടാന്‍ ദീര്‍ഘകാലത്തേക്കുള്ള തയ്യാറെടുപ്പായി വേണം രാഹുലിന്റെ യാത്രയെ നിര്‍വചിക്കേണ്ടത്.

വിഭജനമുദ്രാവാക്യവും വെറുപ്പിന്റെ പ്രത്യയശാസ്ത്ര അജണ്ടയും കൊണ്ട് രാജ്യത്തെ രാഷ്ട്രീയമായും സാമൂഹികമായും വിഭജിച്ചിരിക്കുന്ന അവസ്ഥയില്‍ ഭാരതത്തെ ഒരുമിപ്പിക്കുന്നതിന് ഒരു ബദല്‍ ആഖ്യാനം സൃഷ്ടിക്കുക എളുപ്പമല്ല. എന്നാല്‍ അത്തരമൊരു നവരാഷ്ട്രീയ സങ്കല്‍പ്പം ഗാന്ധി കുടുംബത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ രൂപത്തില്‍ ഉയര്‍ന്നുവരുന്നത് ബി.ജെ.പിക്ക് അലോസരം സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാവെന്ന നിലയിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനെന്ന നിലയിലുമുള്ള രാഹുലിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളെ അവമതിക്കുന്നവര്‍ക്ക് പോലും ഭാരത് ജോഡോ യാത്ര വിജയമാണെന്ന് നിഷേധിക്കാന്‍ പ്രയാസമാണ്.

യാത്രയിലുടനീളം ദര്‍ശിച്ച രാഹുലാണ് നിലവില്‍ ഇന്ത്യയുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന രാഷ്ട്രീയ നേതാവായ രാഹുല്‍ ഗാന്ധി. എന്നാല്‍ ഈ സാഹചര്യത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് ഇനിയും തെരെഞ്ഞെടുപ്പു യുദ്ധങ്ങള്‍ ജയിക്കേണ്ടി വരും. ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും വര്‍ഗീയ അജണ്ടകളെ തടയാന്‍ പാര്‍ട്ടിയും രാഹുലും മതനിരപേക്ഷതയില്‍ ഊന്നിയുള്ള രാഷ്ട്രീയത്തില്‍ ഇനിയും കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. യാത്രയില്‍ നിന്നുമുള്‍ക്കൊണ്ട വികാരം മുന്‍നിര്‍ത്തി പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പു രാഷ്ട്രീയ സാധ്യതകളെ പുനരുജ്ജീവിപ്പിക്കുകയും വേണം. ഇനി വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിയെന്ന പുനര്‍നിര്‍വചിക്കപ്പെട്ട നേതാവും പാര്‍ട്ടിയും രാഷ്ട്രീയ വിജയങ്ങള്‍ നേടണം. തുടര്‍ന്ന് വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഫല്രപദമായി പ്രതിപക്ഷ ഐക്യ രൂപീകരണം കൂടി നടത്തിയാല്‍ മാത്രമാവും രാഹുലിന്റെ രാഷ്ട്രീയ പുനര്‍നിര്‍വചനം സാര്‍ഥകമാവുക.

Related Stories

No stories found.
logo
The Cue
www.thecue.in