സവര്‍ക്കറുടെ 'ബ്രിട്ടീഷ് വിരോധം' ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നില്ല

സവര്‍ക്കറുടെ 'ബ്രിട്ടീഷ് വിരോധം' ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നില്ല
Published on
Summary

ഒറ്റ നോട്ടത്തില്‍ ബ്രിട്ടീഷ് വിരുദ്ധമെന്ന് തോന്നിക്കാവുന്ന ഒരു ചരിത്രമുണ്ട് വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി സവര്‍ക്കര്‍ക്ക്. ഇന്നത്തെ ഹിന്ദുത്വ ഫാസിസത്തിന്റെ വെളിച്ചത്തില്‍ അത് ഒന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. പി.എന്‍ ഗോപീകൃഷ്ണന്‍ എഴുതുന്നുപി.എന്‍ ഗോപീകൃഷ്ണന്‍ എഴുതുന്നു.

സവര്‍ക്കര്‍ രാഷ്ട്രപിതാവായിട്ടുള്ള ഒരു പരിപൂര്‍ണ്ണ ഹിന്ദു രാഷ്ട്രസ്ഥാപനത്തില്‍ നിന്നും ഹിന്ദുത്വ സര്‍ക്കാരിനെ തടഞ്ഞു നിര്‍ത്തുന്നത് ഗാന്ധി വധത്തിന്റെ ചോരക്കറയും സവര്‍ക്കറുടെ മാപ്പ് അപേക്ഷയുമാണ്. ഇത് രണ്ടും മായ്ച്ചുകളഞ്ഞാല്‍ മാത്രമേ വി.ഡി സവര്‍ക്കറെ പ്രതിബന്ധങ്ങളില്ലാതെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ എന്‍.ഡി.എ സര്‍ക്കാരിനും അവരുടെ മാര്‍ഗദര്‍ശികളായ ഹിന്ദുത്വ സംഘടനകള്‍ക്കും സാധിക്കുകയുള്ളു. അതിനുള്ള ശ്രമങ്ങളാണ് അവര്‍ നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്. സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയെന്ന് ഹിന്ദുത്വ സര്‍ക്കാര്‍ ഊട്ടിയുറപ്പിക്കുമ്പോള്‍ ഹിന്ദുത്വയിലൂന്നിയ സവര്‍ക്കറുടെ ചരിത്രമെന്തായിരുന്നെന്ന് പരിശോധിക്കേണ്ടതുണ്ട്.

വി.ഡി. സവര്‍ക്കര്‍
വി.ഡി. സവര്‍ക്കര്‍

1923ല്‍ പുറത്തിറങ്ങിയ എസന്‍ഷ്യല്‍സ് ഓഫ് ഹിന്ദുത്വ എന്ന പുസ്തകത്തിലാണ് സവര്‍ക്കര്‍ ഹിന്ദുത്വ എന്ന ആശയം കൃത്യമായി അവതരിപ്പിക്കുന്നത്. അന്ന് സവര്‍ക്കര്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്ന് ഇന്ത്യയിലെ രത്‌നഗിരി സെന്‍ട്രല്‍ ജയിലിലേക്ക് എത്തിയിട്ടുണ്ട്. ഇതിനും മുമ്പ്, ഒറ്റ നോട്ടത്തില്‍ ബ്രിട്ടീഷ് വിരുദ്ധമെന്ന് തോന്നിക്കാവുന്ന ഒരു ചരിത്രമുണ്ട് വിനായക് ദാമോദര്‍ സവര്‍ക്കര്‍ എന്ന വി.ഡി സവര്‍ക്കര്‍ക്ക്. ഇന്നത്തെ ഹിന്ദുത്വ ഫാസിസത്തിന്റെ വെളിച്ചത്തില്‍ അത് ഒന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്. സവര്‍ക്കറെ സ്വാതന്ത്ര്യ സമര സേനാനിയായി അവരോധിക്കുമ്പോള്‍ ആര്‍.എസ്.എസിന്റെയും ഹിന്ദുത്വ വാദികളുടെയും ബ്രിട്ടീഷ് വിരോധം എന്തിന്റെ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നു എന്നും നാം അറിയേണ്ടതുണ്ട്.

വി.ഡി. സവര്‍ക്കര്‍ രചിച്ച പുസ്തകം
വി.ഡി. സവര്‍ക്കര്‍ രചിച്ച പുസ്തകം
ഒരു ഹിന്ദു പരിസരത്തില്‍ നിന്നും ഉണ്ടായിവന്ന ബ്രിട്ടീഷ് വിരോധമാണ് സവര്‍ക്കറടക്കമുള്ളവരെ നയിച്ചത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ചിത്പാവന്‍ ബ്രാഹ്‌മണകുലത്തില്‍ നിന്നും ഉണ്ടായിവന്നിട്ടുള്ള ഒരു വിരോധമാണിത്.
ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

സ്വാതന്ത്ര്യസമരത്തില്‍ പലധാരകളുണ്ട്. ഈ ധാരകളെല്ലാം പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളതും. സവര്‍ക്കര്‍, അദ്ദേഹത്തിന്റെ ആത്മീയ ഗുരുനാഥന്മാരില്‍ ഒരാളായ ബാലഗംഗാധര തിലക് തുടങ്ങി മറാത്ത സ്വാതന്ത്ര്യസമര സേനാനികള്‍ ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല, മുസ്ലിങ്ങള്‍ക്കും എതിരായിരുന്നു. ഒരു ഹിന്ദു പരിസരത്തില്‍ നിന്നും ഉണ്ടായിവന്ന ബ്രിട്ടീഷ് വിരോധമാണ് സവര്‍ക്കറടക്കമുള്ളവരെ നയിച്ചത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ചിത്പാവന്‍ ബ്രാഹ്‌മണകുലത്തില്‍ നിന്നും ഉണ്ടായിവന്നിട്ടുള്ള ഒരു വിരോധമാണിത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ റിപ്പബ്ലക്കിനെ മുന്നില്‍ കണ്ടുകൊണ്ടല്ല ഇവരാരും തന്നെ പ്രവര്‍ത്തിച്ചത്, മറിച്ച് പേഷ്വാ സാമ്രാജ്യത്തിന്റെ പുനസ്ഥാപനത്തിന് വേണ്ടിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

ഒരുപാട് നാട്ടുരാജ്യങ്ങള്‍ ചേര്‍ന്ന ഒന്നായിരുന്നു സ്വാതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യ. ഈ നാട്ടുരാജ്യങ്ങള്‍ മിക്കവാറും ഭരിക്കുന്നത് ഹിന്ദു രാജാക്കന്മാരും മുസ്ലിം രാജാക്കന്മാരുമാണ്. ശിവജി സ്ഥാപിച്ച മറാത്ത സാമ്രാജ്യം പിന്നീട് ഭരിച്ചിരുന്നത് പേഷ്വാമാരായിരുന്നു. പേഷ്വാകള്‍ അടിസ്ഥാനപരമായി ബ്രാഹ്‌മണരാണ്. ചരിത്രത്തില്‍ തന്നെ വളരെ പ്രത്യേകതകളുള്ള സാമ്രാജ്യമായിരുന്നു പേഷ്വാകളുടേത്. അതായത് ബ്രാഹ്‌മണര്‍ നേരിട്ട് ഭരിച്ച സാമ്രാജ്യമായിരുന്നു ഇത്. ഇവര്‍ 1818ലെ യുദ്ധത്തില്‍ ബ്രിട്ടീഷുകാരോട് പരാജയപ്പെടുന്നു. ചിത്പാവന്‍ ബ്രാഹ്‌മണരുടെ അധികാരം ഇതോടെ നഷ്ടപ്പെടുന്നതാണ് കാണുന്നത്. ഈ സാമ്രാജ്യം തിരിച്ചു പിടിക്കാന്‍ പലപ്പോഴായി അവര്‍ ശ്രമിച്ചിട്ടുണ്ട്. പേഷ്വാ സാമ്രാജ്യം നഷ്ടപ്പെടുത്തിയ വിരോധമാണ് പ്രധാനമായും സവര്‍ക്കരടക്കമുള്ളവരെ നയിച്ച ബ്രിട്ടീഷ് വിരോധം. അല്ലാതെ ഒരു വിശാല ഇന്ത്യയെ മുന്നില്‍ കണ്ടു കൊണ്ടുള്ള ബ്രിട്ടീഷ് വിരോധമായിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ റിപ്പബ്ലക്കിനെ മുന്നില്‍ കണ്ടുകൊണ്ടല്ല ഇവരാരും തന്നെ പ്രവര്‍ത്തിച്ചത്, മറിച്ച് പേഷ്വാ സാമ്രാജ്യത്തിന്റെ പുനസ്ഥാപനത്തിന് വേണ്ടിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം.

ശിവജി മുഗളന്മാര്‍ക്ക് എതിരായിരുന്നു. അതുകൊണ്ട് നമ്മളും മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് പറയുന്നൊരു രീതിയാണ് സവര്‍ക്കര്‍ക്ക് ഉണ്ടായിരുന്നത്. ഭാഗൂരിലെ ഒരു മുസ്ലിം പള്ളി കൂട്ടുകാരുമായി ആക്രമിക്കുക എന്നത് സവര്‍ക്കര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ചെയ്ത സംഭവമാണ്. തുടക്കം മുതല്‍ മുസ്ലിം വിരോധത്തില്‍ അടിയുറച്ച ഹിന്ദു സ്വതബോധം സവര്‍ക്കര്‍ക്ക് ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് എതിരെ നില്‍ക്കുന്ന കാലത്ത് അതിനായി ഒരു സംഘടന ഉണ്ടാക്കുകയാണ് ആദ്യം സവര്‍ക്കര്‍ ചെയ്യുന്നത്. മിത്ര മേള എന്നായിരുന്നു ഇതിന്റെ പേര്. ഇത് പിന്നീട് അഭിനവ് ഭാരത് എന്ന ഒളി സംഘടനയായി വികസിപ്പിച്ചു.

അക്കാലത്ത് ഇംഗ്ലണ്ടില്‍ കഴിയുന്ന വി.ഡി സവര്‍ക്കര്‍ ആണ് 20 പിസ്റ്റളുകള്‍ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തിയത് എന്ന് മനസിലാകുന്നത്.

ഈ അഭിനവ് ഭാരതിന്റെ ഒരു പ്രവര്‍ത്തകന്‍ അന്ന് നാസിക് ജില്ലാ കളക്ടര്‍ ആയിരുന്ന എ.എം.ടി ജാക്‌സണെ വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി. ഉദ്യോഗക്കയറ്റം കിട്ടി പോകുന്ന ജാക്‌സണായി യാത്രയയപ്പ് പരിപാടി നടത്തുന്നതിനിടെയാണ് 17 കാരനായ അനന്ത് ലക്ഷ്മണ്‍ കന്‍ഹാരേ ജാക്‌സണെ കൊലപ്പെടുത്തുന്നത്. ബ്രിട്ടീഷുകാരനായിരുന്നെങ്കിലും സംസ്‌കൃതം നന്നായി അറിയാമായിരുന്ന, മറാത്തി അറിയാമായിരുന്ന ജനകീയനായ കളക്ടറായിരുന്നു ജാക്‌സണ്‍. കളക്ടര്‍ക്ക് ജനങ്ങള്‍ യാത്രയയപ്പ് നല്‍കി. വിജയാനന്ദ് എന്നു പേരുള്ള ഒരു ഒരു തിയറ്റേറില്‍ വെച്ചായിരുന്നു പരിപാടി. യാത്രയയപ്പ് കഴിഞ്ഞ് അന്നത്തെ പ്രസിദ്ധ നാടക കമ്പനിയായിരുന്ന കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെ ശാരദ എന്ന് പറയുന്ന നാടകം നടക്കുന്നതിനിടെയാണ് അനന്ത് കന്‍ഹാരേ, ജാക്‌സണെ വെടിവെച്ചു വീഴ്ത്തുന്നത്. അവിടെ വെച്ചുതന്നെ കന്‍ഹാരെ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തപ്പോള്‍, ഇതിനുപയോഗിച്ചത് ബ്രൗണിംഗ് പിസ്റ്റള്‍ ആയിരുന്നെന്ന് മനസിലായി. ഇതെവിടെ നിന്ന് വന്നുവെന്ന പരിശോധനയില്‍ അക്കാലത്ത് ഇംഗ്ലണ്ടില്‍ കഴിയുന്ന വി.ഡി സവര്‍ക്കര്‍ ആണ് 20 പിസ്റ്റളുകള്‍ രഹസ്യമായി ഇന്ത്യയിലേക്ക് കടത്തിയത് എന്ന് മനസിലാകുന്നത്.

ഈ 20 പിസ്റ്റളുകളില്‍ ഒന്നാണ് കളക്ടറെ കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ചത്. അങ്ങനെയാണ് സവര്‍ക്കര്‍ പ്രതിയാകുന്നതും ഇംഗ്ലണ്ടില്‍ വെച്ച് അറസ്റ്റിലാകുന്നതും. ഏറെ വൈകാതെ വിചാരണയ്ക്കായി സവര്‍ക്കറെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് 1910 ഡിസംബറില്‍ സവര്‍ക്കറെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. എങ്കിലും ഈ കേസില്‍ സവര്‍ക്കര്‍ പല തലത്തില്‍ പങ്കുവഹിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞതിനാല്‍ 1911ല്‍ ഒരു ജീവപര്യന്തത്തിന് കൂടി ശിക്ഷവിധിക്കുകയായിരുന്നു.

അങ്ങനെ ഇരട്ട ജീവപര്യന്തമാണ് സവര്‍ക്കര്‍ക്ക് ലഭിക്കുന്നത്. അന്ന് ഒരു ജീവപര്യന്തം എന്ന് പറയുന്നത് 25 വര്‍ഷമാണ്. 1911ല്‍ സവര്‍ക്കര്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ എത്തുമ്പോള്‍ 28 വയസാണ് അദ്ദേഹത്തിന്. 50 വര്‍ഷം തടവുശിക്ഷ ലഭിക്കുക എന്ന് പറഞ്ഞാല്‍ 78 വയസുവരെ സവര്‍ക്കര്‍ ജയിലില്‍ കിടക്കേണ്ടി വരും എന്ന് അര്‍ത്ഥം. ഈ ബോധ്യത്തില്‍ നിന്നാണ് സവര്‍ക്കര്‍ ആദ്യമായി മാപ്പ് അപേക്ഷ എഴുതുന്നത്. 1913ലാണ് സവര്‍ക്കര്‍ രണ്ടാമത്തെ മാപ്പ് അപേക്ഷ നല്‍കുന്നത്.

'എന്റെ മാര്‍ഗം തെറ്റായിരുന്നു, മുള്ളു നിറഞ്ഞ പാതയാണ് ഞാന്‍ തെരഞ്ഞെടുത്തത്, അതില്‍ ഞാന്‍ ഖേദിക്കുന്നു,' എന്നാണ് സവര്‍ക്കര്‍ മാപ്പ് അപേക്ഷയില്‍ പറഞ്ഞത്. അതുകൊണ്ട് ഇനിമുതല്‍ ബ്രിട്ടീഷ് ഭരണഘടന പ്രകാരം താന്‍ ജീവിച്ചുകൊള്ളാം എന്നും സവര്‍ക്കര്‍ പറയുന്നു, തന്റെ മാര്‍ഗ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരുപാട് യുവജനങ്ങള്‍ ഉണ്ട്, ഈ യുവാക്കളെയെല്ലാം അവരുടെ വിപ്ലവ പാതയില്‍ നിന്ന് വ്യതിചലിപ്പിച്ച് അവരെ ബ്രിട്ടീഷ് ഭരണഘടനാ പ്രകാരം പ്രവര്‍ത്തിക്കുന്നതിനും സജ്ജമാക്കുമെന്നും സവര്‍ക്കര്‍ പറഞ്ഞു.

മുടിയനായ പുത്രന്റെ കഥ പറയുന്നതുപോലെ, ഭരണകൂടത്തിന്റെ വാതിലുകളല്ലാതെ മറ്റേതാണ് എനിക്ക് അഭയമാകുക എന്നും സവര്‍ക്കര്‍ മാപ്പപേക്ഷയില്‍ ചോദിക്കുന്നുണ്ട്. 1914ല്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് തന്നെയും മറ്റു രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും സവര്‍ക്കര്‍ കത്തെഴുതുന്നുണ്ട്.

സവര്‍ക്കറുടെ ഇളയ അനിയന്‍ ഗാന്ധിയ്ക്ക് കത്തെഴുതുന്നുണ്ട്. ജേഷ്ഠന്മാരായ സവര്‍ക്കറും ബാബാ റാമിന്റെയും ആരോഗ്യം മോശമാണ്. അതുകൊണ്ട് രാഷ്ട്രീയ തടവുകാരായ ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് നാരായണ്‍ റാവു ഗാന്ധിയ്ക്ക് കത്തെഴുതുന്നത്.

ആദ്യത്തെ മാപ്പപേക്ഷയിലേത് പോലെ താണുകേണുള്ള അപേക്ഷയല്ല പിന്നീട് സവര്‍ക്കര്‍ നടത്തുന്നത്. ഒരു ലോക രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ തന്നെ മോചിപ്പിക്കുക എന്ന തന്ത്രമാണ് സവര്‍ക്കര്‍ പയറ്റുന്നത്. എന്നെ വിടാന്‍ സാധിച്ചില്ലെങ്കില്‍ മറ്റു രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്നതരത്തിലുള്ള ഉദാരതയും സവര്‍ക്കര്‍ തന്ത്രപരമായി മുന്നോട്ടുവെക്കുന്നുണ്ട്. 1917ല്‍ എത്തുമ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റിനാണ് സവര്‍ക്കര്‍ കത്തെഴുതുന്നത്. അതില്‍ ഈ കാര്യങ്ങള്‍ മുന്‍നിര്‍ത്തി വിശാലമായാണ് കത്തെഴുതുന്നത്.

മൂന്നാമത്തെ കത്തുവരുമ്പോള്‍ ഹിന്ദുത്വയുടെ പല ഘടകങ്ങളും കടന്നു വരുന്നുണ്ട്. സവര്‍ക്കറുടെ ആദ്യകാല പ്രവര്‍ത്തനത്തില്‍ ബ്രിട്ടീഷുകാരെയും മുസ്ലിങ്ങളെയും ശത്രുക്കളായി കണ്ടിരുന്നു. ഇവിടെ എത്തുമ്പോള്‍ ബ്രിട്ടീഷുകാരുമായി സഖ്യം ചേര്‍ന്ന് മുസ്ലിങ്ങളെ ശത്രുക്കളായി കാണുന്ന പില്‍ക്കാല ഹിന്ദുത്വത്തിന്റെ രീതി ഈ കത്തില്‍ സവര്‍ക്കര്‍ കാണിക്കുന്നുണ്ട്.

ഇന്ത്യയുടെ അതിര്‍ത്തിയില്‍ അഫ്ഗാന്‍, ടര്‍ക്കിഷ് തീവ്രവാദികള്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്, അങ്ങനെ ഒരു ആക്രമണം വന്നുകഴിഞ്ഞാല്‍ തന്റെ അനുയായികളെ മനസിലാക്കി ബ്രിട്ടീഷുകാര്‍ക്കൊപ്പം നിര്‍ത്താന്‍ തനിക്ക് കഴിയുമെന്നാണ് സവര്‍ക്കര്‍ പറയുന്നത്. ആദ്യത്തെ മൂന്ന് മാപ്പ് അപേക്ഷ അയക്കുമ്പോഴും അതിലെല്ലാം ഈ ഉദാരത കാണിക്കുന്നുണ്ട്. തുടര്‍ന്ന് 1920ലും 1921ലും സവര്‍ക്കര്‍ കത്ത് ബ്രിട്ടീഷ് സര്‍ക്കാരിന് കത്തയക്കുന്നുണ്ട്.

ഗാന്ധിജി ചിത്രത്തിലേ ഇല്ലാതരുന്ന കാലത്താണ് സവര്‍ക്കറുടെ നാല് മാപ്പപേക്ഷകളും വരുന്നത്. 1919-20 കാലത്താണ് ഗാന്ധി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. നാരായണ്‍ റാവു എന്ന് പേരായ സവര്‍ക്കറുടെ ഇളയ അനിയന്‍ ഗാന്ധിയ്ക്ക് കത്തെഴുതുന്നുണ്ട്. ജേഷ്ഠന്മാരായ സവര്‍ക്കറും ബാബാ റാമിന്റെയും ആരോഗ്യം മോശമാണ്. അതുകൊണ്ട് രാഷ്ട്രീയ തടവുകാരായ ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് നാരായണ്‍ റാവു ഗാന്ധിയ്ക്ക് കത്തെഴുതുന്നത്. ഈ വസ്തുതകള്‍ വെച്ചു കൊണ്ട് നിങ്ങള്‍ ഒരു മെമ്മോറാണ്ടം തയ്യാറാക്കൂ എന്നാണ് ഗാന്ധി ഇതില്‍ മറുപടി പറയുന്നത്. ഇത്തരമൊരു അപേക്ഷ കിട്ടിയപ്പോള്‍ 1920ല്‍ ഗാന്ധി യങ് ഇന്ത്യയില്‍ ഒരു ലേഖനവുമെഴുതി. അതിലെ ഉള്ളടക്കവും ഇതാണ്. നിരവധി രാഷ്ട്രീയ തടവുകാര്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കുന്നുണ്ട്. അതിന് ബ്രിട്ടീഷ് സര്‍ക്കാരിനോട് നന്ദി പറയുന്നു. അക്കൂട്ടത്തില്‍ സവര്‍ക്കര്‍ സഹോദരന്മാരെ കൂടി ഉള്‍പ്പെടുത്തണം എന്നാണ് ഗാന്ധി എഴുതുന്നത്. തീര്‍ത്തും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് കത്തെഴുതുന്നത്. അല്ലാതെ ഗാന്ധി മാപ്പ് അപേക്ഷയ്ക്ക് നിര്‍ബന്ധിച്ചു എന്ന തരത്തില്‍ പറയുന്നത് അങ്ങേയറ്റം വസ്തുതാ വിരുദ്ധമാണ്.

എന്നിട്ടും ഈ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നത് രാഷ്ട്ര പിതാവിന്റെ സ്ഥാനത്തേക്ക് സവര്‍ക്കറെ കൂടി കൊണ്ടു വരുന്നതിനായാണ്. പക്ഷെ സവര്‍ക്കറെ ഈ സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിന് പ്രധാനമായും രണ്ട് പ്രശ്‌നങ്ങളാണുള്ളത്. ഒന്ന് മാപ്പപേക്ഷകളാണെങ്കില്‍ അടുത്തത് ഗാന്ധി വധം.

യങ് ഇന്ത്യയില്‍ വന്ന ലേഖനത്തിന്റെ ഭാഗം, കളക്ടഡ് വര്‍ക്‌സ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതിയില്‍ നിന്ന്
യങ് ഇന്ത്യയില്‍ വന്ന ലേഖനത്തിന്റെ ഭാഗം, കളക്ടഡ് വര്‍ക്‌സ് ഓഫ് മഹാത്മാഗാന്ധി എന്ന കൃതിയില്‍ നിന്ന്
ഗാന്ധിയുടെ കൊലപാതകം വലിയ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തെളിയുന്നത് ദിഗംബര്‍ ബാഡ്‌ഗേയുടെ തുറന്നു പറച്ചിലിലൂടെയാണ്. എന്നിട്ടും കേസ് അന്വേഷിച്ചിരുന്ന ബോംബെ പോലീസും ഡല്‍ഹി പോലീസും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് സവര്‍ക്കറെ വെറുതെ വിടുന്നതിലേയ്ക്ക് എത്തുന്നത്.

സ്വാതന്ത്ര്യ സമരത്തില്‍ നിരവധി പേര്‍ ജയിലില്‍ കിടന്നിട്ടുണ്ട്, നിരവധി പേര്‍ തൂക്കിലേറ്റപ്പെട്ടിട്ടുണ്ട്. അവരൊന്നും അവരുടെ സ്വജീവന്റെ രക്ഷയ്ക്ക് വേണ്ടി ബ്രിട്ടീഷുകാരോട് മാപ്പ് അപേക്ഷ നടത്തിയ ചരിത്രമുണ്ടായിട്ടില്ല. ഭഗത് സിംഗ് തന്നെ ഉദാഹരണമാണ്. ഭഗത് സിംഗിന്റെ അച്ഛന്‍ ദയാഹരജി നല്‍കുന്നുണ്ടെങ്കിലും സ്വന്തം നിലയ്ക്ക് ഒരു ദയാഹരജിയും ഭഗത് സിംഗ് നല്‍കിയിട്ടില്ല. പക്ഷെ ഇവിടെ സവര്‍ക്കറുടെ നിലപാട് നേരെ മറിച്ചായത് അവര്‍ക്ക് തന്നെ തടസമായി നില്‍ക്കുകയാണ് ചെയ്യുന്നത്.

1947 ഓഗസ്റ്റില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു, 1948 ജനുവരി 30ന് ഗാന്ധിയെ വെടിവെച്ചു കൊല്ലുകയും ചെയ്തു. ഇതിന്റെ ആസൂത്രണത്തില്‍ വലിയ പങ്ക് സവര്‍ക്കര്‍ക്കുണ്ട്. ഗാന്ധി വധത്തിലെ ഒമ്പത് പ്രതികളില്‍ ഒരാള്‍ സവര്‍ക്കര്‍ ആയിരുന്നു. മാത്രമല്ല, ഗാന്ധി വധത്തിന്റെ ഉള്ളുകളികള്‍ പുറത്തുവരുന്നത് അതിലെ ദിഗംബര്‍ ബാഡ്‌ഗേ എന്ന പ്രതി മാപ്പുസാക്ഷിയാകുന്നതിലൂടെയാണ്. ഗാന്ധിയുടെ കൊലപാതകം വലിയ ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് തെളിയുന്നത് ദിഗംബര്‍ ബാഡ്‌ഗേയുടെ തുറന്നു പറച്ചിലിലൂടെയാണ്. എന്നിട്ടും കേസ് അന്വേഷിച്ചിരുന്ന ബോംബെ പോലീസും ഡല്‍ഹി പോലീസും തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് സവര്‍ക്കറെ വെറുതെ വിടുന്നതിലേയ്ക്ക് എത്തുന്നത്.

ഗോഡ്‌സെ, ദിഗംബര്‍ ബാഡ്‌ഗേ, സവര്‍ക്കര്‍ തുടങ്ങിയ പ്രതികള്‍ ഗാന്ധി വധത്തിന്റെ വിചാരണയ്ക്കിടെ
ഗോഡ്‌സെ, ദിഗംബര്‍ ബാഡ്‌ഗേ, സവര്‍ക്കര്‍ തുടങ്ങിയ പ്രതികള്‍ ഗാന്ധി വധത്തിന്റെ വിചാരണയ്ക്കിടെ
ആ നാടകത്തില്‍ പറയുന്നത് മാപ്പ് അപേക്ഷകള്‍ മുഴുവന്‍ ബ്രിട്ടീഷുകാര്‍ എഴുതിയതാണ് എന്നാണ്.

എന്നാല്‍ ഗാന്ധി വധത്തിന്റെ ഗൂഢാലോചന അന്വേഷിച്ച കപൂര്‍ കമ്മീഷന്‍ സവര്‍ക്കറും അനുയായികളുമാണ് കൊല നടത്തിയതെന്ന് അസന്ദിഗ്ദ്ധമായി വെളിപ്പെടുത്തുന്നുണ്ട്.

ഇങ്ങനെയുള്ള സവര്‍ക്കറെയാണ് രാഷ്ട്രപിതാവ് സ്ഥാനത്തേക്ക് കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മാപ്പ് അപേക്ഷ നല്‍കുക മാത്രമല്ല, അതിനനുസരിച്ച് പ്രവര്‍ത്തിക്കുക കൂടി ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. അനന്ത് കന്‍ഹാരേ കേസില്‍ പുറത്തിറങ്ങിയ സവര്‍ക്കര്‍ ഒരിക്കല്‍ പോലും ബ്രിട്ടീഷ് സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കു ചേര്‍ന്നിട്ടില്ല. മറിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുസ്ലിം ഹിന്ദു-മൈത്രി എന്ന ബൃഹത് ആശയത്തെ നെടുകെ പിളര്‍ക്കാനാണ് സവര്‍ക്കര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂടി പുറത്തേക്ക് വന്നതോടെ താന്‍ പിടിക്കപ്പെടുമെന്ന ഭയം സവര്‍ക്കറെ പിടികൂടിയിരുന്നു. ഇത് തന്നെയാണ് നിരാഹാരമിരുന്ന് തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാതെ രീതിയില്‍ ആത്മഹൂതി ചെയ്യാന്‍ സവര്‍ക്കറെ പ്രേരിപ്പിച്ചതും.

രണ്ടാഴ്ച മുമ്പ് ഇന്ത്യയിലെ എല്ലാ പ്രധാന റേഡിയോ നിലയങ്ങളിലും സവര്‍ക്കറെക്കുറിച്ചൊരു നാടകം അവതരപ്പിക്കുകയുണ്ടായി. കേരളത്തില്‍ തിരുവനന്തപുരം നിലയമാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ നാടകം പ്രക്ഷേപണം ചെയ്തത്. ആ നാടകത്തില്‍ പറയുന്നത് മാപ്പ് അപേക്ഷകള്‍ മുഴുവന്‍ ബ്രിട്ടീഷുകാര്‍ എഴുതിയതാണ് എന്നാണ്. അതായത് യഥാര്‍ത്ഥ എഴുതപ്പെട്ട ചരിത്രത്തിന് മേല്‍ പുതിയ കെട്ടുകഥകളും പാഠഭേദങ്ങളും കൊണ്ടു വരികയാണ് ആര്‍.എസ്.എസ് ചെയ്യുന്നത്.

ഹിന്ദുത്വത്തിന് നൂറ് വയസ് തികയുന്ന കാലത്ത് ഹിന്ദു രാഷ്ട്രം എന്ന ആശയത്തിലേക്ക് നീങ്ങുമ്പോള്‍ സവര്‍ക്കറെ അവര്‍ക്ക് രാഷ്ട്ര പിതാവായി കൊണ്ടു വരണം. എങ്കില്‍ മാത്രമേ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അവര്‍ക്ക് ഒരിടം ലഭിക്കുകയുള്ളു എന്നതാണ് വാസ്തവം.
നാഥൂറാം വിനായക് ഗോഡ്‌സെ
നാഥൂറാം വിനായക് ഗോഡ്‌സെ

ഗാന്ധി വധത്തില്‍ സവര്‍ക്കറുടെ പങ്ക് വെളിപ്പെടുത്തുന്ന കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ് അടുത്തതായി അവര്‍ തിരുത്താന്‍ പോകുന്നത്. സവര്‍ക്കറുടെ പേര് വലിച്ചിഴക്കാന്‍ റിപ്പോര്‍ട്ട് നെഹ്‌റു ഇടപെട്ട് തിരുത്തിയെന്നു വരെ ഇനി കേള്‍ക്കാന്‍ സാധ്യതയുണ്ട്. ഹിന്ദുത്വത്തിന് നൂറ് വയസ് തികയുന്ന കാലത്ത് ഹിന്ദു രാഷ്ട്രം എന്ന ആശയത്തിലേക്ക് നീങ്ങുമ്പോള്‍ സവര്‍ക്കറെ അവര്‍ക്ക് രാഷ്ട്ര പിതാവായി കൊണ്ടു വരണം. എങ്കില്‍ മാത്രമേ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അവര്‍ക്ക് ഒരിടം ലഭിക്കുകയുള്ളു എന്നതാണ് വാസ്തവം. ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു തങ്ങളെന്ന ചരിത്രം മാറ്റാനുള്ള ശ്രമം മാത്രമാണ് ഇത്.

Related Stories

No stories found.
logo
The Cue
www.thecue.in