'ബോബി ചെമ്മണ്ണൂരിന് ഇനി ഒരു സാമൂഹിക ജീവിതത്തിന് അര്‍ഹതയില്ല. അതുകൊണ്ട് അത്രയും ശക്തമായി ഇതിനോട് പ്രതികരിക്കണം. വലിയ വയലന്‍സാണ്. നമ്മള്‍ നേടിക്കൊണ്ടിരിക്കുന്ന ലിംഗപരമായ സമത്വത്തിന്റെയും സ്ത്രീപുരുഷ സഹവര്‍ത്തിത്വത്തിന്റെയും മുമ്പിലാണ് ബോബി ചെമ്മണ്ണൂര്‍ കാര്‍ക്കിച്ച് തുപ്പുന്നത്'
തൃശൂര്‍ പൂരത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തിനെതിരെ സാമൂഹിക പ്രവര്‍ത്തക പി.ഇ. ഉഷ
സ്ത്രീ വിരുദ്ധവും നിയമ വിരുദ്ധവും മനുഷ്യവിരുദ്ധവുമായ പ്രസ്താവനയാണ് ബോബി ചെമ്മണ്ണൂര്‍ കഴിഞ്ഞ ദിവസം നടത്തിയത്. പ്രസ്താവന മാത്രമല്ല, ചെയ്തത് ഒരു കുറ്റമായി പോലും കാണാതെ, ഇപ്പോഴും മേന്മയായി കൊണ്ട് നടക്കുന്ന ബോബി ചെമ്മണ്ണൂരിനെ കേരള സമൂഹം തിരസ്‌കരിക്കുകയും കേസ് എടുക്കുകയും വേണം. കാരണം ഹിംസാത്മകമായ ഒരു പുരുഷത്വത്തിന്റെ പ്രതീകമാണ് ഇയാള്‍. കേരളത്തില്‍ വരുന്ന മാറ്റം ബോബി ചെമ്മണ്ണൂര്‍ മനസിലാക്കുന്നില്ല.
തൃശൂര്‍ പൂരത്തിന് സ്ത്രീകള്‍ക്ക് കൂടി സുരക്ഷിതമായി വരാന്‍ പറ്റുന്ന തരത്തില്‍ സമൂഹം ഒരുപാട് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു കാലത്താണ് ഈ വൃത്തികെട്ട മനുഷ്യന്‍ ഇങ്ങനെ പറയുന്നത്. ബോബി ചെമ്മണ്ണൂരിനെയും അയാളുടെ സ്ഥാപനത്തെയുമൊക്കെ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്. പൊതു സമൂഹത്തില്‍ വരാന്‍ അയാള്‍ അര്‍ഹനല്ല.
സ്ത്രീകളെക്കുറിച്ച് എന്താണ് ഇയാള്‍ മനസിലാക്കിയിരിക്കുന്നത്. എന്ത് വൃത്തികെട്ട ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ബോബി ചെമ്മണ്ണൂര്‍ അങ്ങനെ ചെയ്തിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതൊരു ആണത്ത പ്രഭാഷണം മാത്രമാണെന്ന് കരുതുന്നില്ല.
ഒരു ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുക, എന്നിട്ട് അതിനെ പ്രകീര്‍ത്തിക്കുകയും അത് വലിയ അഭിമാനമായി കാണുകയും ചെയ്യുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കണം. എത്രയോ പേരെ ബലാത്സംഗം ചെയ്യുന്നത് പോലെ തന്നെയാണ് ഇയാളുടെ പ്രസ്താവന. അവസരം കിട്ടാത്തതുകൊണ്ടാണ്, ഇല്ലെങ്കില്‍ ബലാത്സംഗം ചെയ്യുമായിരുന്നു എന്ന് തന്നെയല്ലേ ജാക്കി പരാമര്‍ശത്തിലൂടെ പറഞ്ഞതിന്റെ അര്‍ത്ഥം.
അതുകൊണ്ട് എല്ലാ അര്‍ത്ഥത്തിലും ബഹിഷ്‌കരിക്കുകയും കേസെടുക്കുകയും ചെയ്യണം. കാരണം ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് തെറ്റാണ്. അത് അയാള്‍ ഏറ്റു പറഞ്ഞിരിക്കുകയാണ്. പറഞ്ഞിരിക്കുന്ന പ്രസ്താവനയും തെറ്റാണ്. അതുകൊണ്ട് തീര്‍ച്ചയായും കേസെടുക്കാം. ഇതിനെതിരെ പ്രതികരിക്കേണ്ടത് ആണുങ്ങള്‍ കൂടിയാണ്. ഇത്രയും അപകടകരമായ, വൃത്തികെട്ട, ലൈംഗിക ആണത്തം കാണിക്കുന്നത് ആണുങ്ങളുടെ അവകാശമാണെന്ന തരത്തില്‍ കരുതിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതികരിക്കേണ്ടത് ആണുങ്ങള്‍ തന്നെയാണ്. സ്ത്രീ പുരുഷ ബന്ധത്തിന്റെ സമത്വത്തിലും സഹവര്‍ത്തിത്വത്തിലും അതുപോലെ സമൂഹ്യമായ പ്രധാന്യത്തിലുമൊക്കെ ഊന്നിക്കൊണ്ട് മാറ്റങ്ങള്‍ നടക്കുന്ന കാലത്താണ് ഒരാള്‍ ഇത്രയും വൃത്തികേടുകള്‍ കൊണ്ട് അതിനെയാകെ ഇല്ലാതാക്കി കളയുന്നത്. ഇത്രയും പ്രായമായ, ഇത്രയും കാലം ജീവിച്ച ഒരു മനുഷ്യന്റെ സാമൂഹ്യ ബോധം അധപതിച്ചു കിടക്കുകയാണ്. ഇത്രയും വളര്‍ന്ന കേരള സമൂഹത്തിന്മേലുള്ള ബോബി ചെമ്മണ്ണൂരിന്റെ തുപ്പലാണിത്. അതുകൊണ്ട് ഇതിനെതിരെ സ്ത്രീകളും പുരുഷന്മാരും പ്രതിഷേധിക്കുകയും ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കുകയും വേണം.
കേരളത്തിലെ മുഴുവന്‍ പുരുഷന്മാരെ കൂടിയാണ് അയാള്‍ അപമാനിക്കുന്നത്. സ്ത്രീകള്‍ പോകുന്നിടത്ത് ബോബി ചെമ്മണ്ണൂരിനെ കൊണ്ട് പോകാന്‍ പറ്റുമോ? അയാള്‍ക്ക് ഇനി ഒരു സാമൂഹിക ജീവിതത്തിന് അര്‍ഹതയില്ല. അതുകൊണ്ട് അത്രയും ശക്തമായി ഇതിനോട് പ്രതികരിക്കണം. വലിയ വയലന്‍സാണ്. നമ്മള്‍ നേടിക്കൊണ്ടിരിക്കുന്ന ലിംഗപരമായ സമത്വത്തിന്റെയും സ്ത്രീപുരുഷ സഹവര്‍ത്തിത്വത്തിന്റെയും മുമ്പിലാണ് ബോബി ചെമ്മണ്ണൂര്‍ കാര്‍ക്കിച്ച് തുപ്പുന്നത്.
മാപ്പ് പറഞ്ഞാല്‍ തീരുന്ന കുറ്റമല്ല ഇത്. അയാളുടെ ഉള്ളിലുള്ള മുഴുവന്‍ അഴുക്കുമാണ് പുറംതള്ളുന്നത്. അറപ്പുളവാക്കുന്ന വിധമുള്ള അവസ്ഥയാണ് ഇത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കുന്നത് തെറ്റുതന്നെയാണ്.
നമ്മള്‍ സാമൂഹ്യ പിന്നാക്ക അവസ്ഥയെ മറികടന്ന് മുന്നോട്ട് പോവുകയല്ലേ ഇപ്പോള്‍. ആ സമയത്താണ് ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട ചര്‍ച്ച. എത്ര ചെറിയ ആളാണെങ്കിലും വലിയ ആളാണെങ്കിലും നമ്മുടെ സ്വാതന്ത്ര്യത്തിന് വില തരാത്തവരെ ബഹുമാനിക്കേണ്ടതില്ല. ഒരു സ്ത്രീയെയും, സഹജീവിയായി കാണാന്‍ പറ്റുന്നില്ല. സ്ത്രീയെ കാണുമ്പോള്‍ അയാള്‍ക്ക് തോന്നുന്നത് വേറെന്തൊക്കേയോ ആണ്. ബോബി ചെമ്മണ്ണൂരിന്റെ ലൈംഗിക വൈകൃതം ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്നതല്ല, അയാള്‍ക്കെതിരെ നടപടിയെടുക്കുക തന്നെയാണ് വേണ്ടത്.