മുഖമില്ലാതെ,പേരില്ലാതെ അവർക്ക് മറഞ്ഞു പോകേണ്ടി വന്നു; പാവപ്പെട്ടവരോടുള്ള നമ്മുടെ മനോഭാവം അതാണ്: പി.സായ്‌നാഥ്

മുഖമില്ലാതെ,പേരില്ലാതെ അവർക്ക് മറഞ്ഞു പോകേണ്ടി വന്നു; പാവപ്പെട്ടവരോടുള്ള നമ്മുടെ മനോഭാവം അതാണ്: പി.സായ്‌നാഥ്
scroll
Published on
Summary

കോവിഡ്-19 പകർച്ചവ്യാധിയും തുടർന്നുള്ള രാജ്യവ്യാപക ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ നമ്മൾ ഏറ്റവും കൂടുതൽ വായിച്ചതും കേട്ടതുമായ വാർത്തകളിൽ ഒന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളെ കുറിച്ചാണ്. അവരുടേത് പക്ഷേ പുതിയ കഥയൊന്നുമല്ല: സമകാലിക ഇന്ത്യയുടെ ചരിത്രത്തിൽ, ഇക്കാലമത്രയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അദൃശ്യ വശമായി മാത്രം നിലനിന്ന ഒരു പ്രശ്‌നത്തെ കുറിച്ച് ശ്രദ്ധിക്കാൻ നഗരങ്ങളിൽ വസിക്കുന്ന മധ്യ-അധീശ വർഗ്ഗത്തിന് ഒരു മഹാമാരി വേണ്ടി വന്നു എന്നതാണ് വസ്‌തുത.

പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ -യുടെ (PARI) സ്ഥാപകനും റാമോൺ മാഗ്‌സാസെ പുരസ്‌കാര ജേതാവുമായ പി.സായ്‌നാഥ് കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി കുടിയേറ്റ തൊഴിലാളികളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും കുറിച്ച് നിരവധി പഠനങ്ങൾ നടത്തിയ വ്യക്തിയാണ്. നിലവിലെ സാഹചര്യത്തിൽ, തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് വിലയിരുത്തുകയാണ് അദ്ദേഹം.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ പാര്‍ത്ഥ് എംഎന്‍ ഫസ്റ്റ് പോസ്റ്റിന് വേണ്ടി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍. മലയാള പരിഭാഷ: ഗോകുല്‍ കെ.എസ്

"മധ്യ പ്രദേശിൽ നിന്നുള്ള 16 കുടിയേറ്റ തൊഴിലാളികൾ ഔരംഗബാദിൽ തീവണ്ടി കയറി കൊല്ലപ്പെട്ടപ്പോൾ എത്ര ഇംഗ്ലീഷ് മാധ്യമങ്ങളാണ് അവരുടെ പേരുകൾ എങ്കിലും കണ്ടെത്തി വാർത്തകളിൽ നൽകാൻ ശ്രമിച്ചത്? മുഖമില്ലാതെ, പേരില്ലാതെ അവർക്ക് മറഞ്ഞു പോകേണ്ടി വന്നു. പാവപെട്ടവരോടുള്ള നമ്മുടെ മനോഭാവം അതാണ്. ഒരുപക്ഷേ അതൊരു വിമാപനപകടം ആയിരുന്നെങ്കിൽ, തത്സമയം വിവരങ്ങൾ അറിയിക്കാനുള്ള ഹെൽപ്‌ലൈനുകൾ വരെ ഉണ്ടാകുമായിരുന്നു. അങ്ങനെ ഒരു വിമാനാപകടത്തിൽ ഒരു മൂന്നൂറു പേർ മരിച്ചാലും, അവരുടെ എല്ലാം പേരുകൾ ദിനപത്രങ്ങളിൽ അച്ചടിച്ച് വരുമായിരുന്നു. പക്ഷേ മധ്യ പ്രദേശിൽ നിന്നുള്ള ദരിദ്രരായ 16 പേർ, അതിൽ 6 പേർ ഗോണ്ട് ആദിവാസികൾ, ആര് കേൾക്കാൻ? അവർ വീടുകളിലേക്ക് മടങ്ങി പോകാൻ റെയിൽവേ ട്രാക്കിന്റെ അരികത്തൂടെ നടക്കുകയായിരുന്നു, ഏതെങ്കിലും സ്റ്റേഷനിൽ നിന്ന് തീവണ്ടി കേറാം എന്ന പ്രതീക്ഷയോടെ. ഒരുപാട് ദൂരം അങ്ങനെ നടന്നു ക്ഷീണിച്ചിട്ടാകാം ആ ട്രാക്കുകളിൽ ഇനി ട്രെയിനുകൾ വരില്ല എന്ന് കരുതി ഒന്ന് വിശ്രമിക്കാൻ അവർ ഇരുന്നിട്ടുണ്ടാകുക. അത്രയും ദൂരം നടന്നിട്ടും തീവണ്ടി ഒന്നും വന്നില്ലല്ലോ, തളർന്നു വീണ അവർ ഉറങ്ങി പോയി."

"130 കോടി ജനസംഖ്യ ഉള്ള രാജ്യത്തിലെ ആളുകൾക്ക് നാല് മണിക്കൂറാണ് അവരുടെ ജീവിതം ലോക്‌ഡോൺ ചെയ്യാൻ നൽകിയ സമയം. എം.ജി ദേവസഹായം പറഞ്ഞത്, 'ഒരു ചെറിയ ഇൻഫന്ററി ബ്രിഗേഡിന് പോലും ഇതിനേക്കാൾ കൂടുതൽ സമയം കൊടുക്കും ഒരു വലിയ പരിപാടിക്ക് സജ്ജമാക്കാൻ' എന്നാണ്. കുടിയേറ്റ തൊഴിലാളികളോട് നമ്മൾ യോജിച്ചാലും ഇല്ലെങ്കിലും, വീടുകളിലേക്ക് മടങ്ങി പോകാൻ അവർക്കുള്ള കാരണങ്ങൾ എന്തായാലും ഗൗരവമുള്ളതാണ്. അവർക്ക് അറിയാം എത്ര വിശ്വസിക്കാൻ കൊള്ളാത്തവരും, മനസാക്ഷിയില്ലാത്തവരും, വികാരങ്ങളെ മാനിക്കാത്തവരുമാണ് അവരുടെ സർക്കാരുകളും, മുതലാളിമാരും, നമ്മളെ പോലുള്ള മധ്യ-വർഗ ജോലിക്കാരും ഒക്കെയെന്ന്. അവരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനെ തടയുന്ന നിയമങ്ങളുമായി ചെന്ന് ഓരോ നിമിഷവും നമ്മൾ അത് തെളിയിക്കുന്നുമുണ്ട്"

പരിഭ്രാന്തി സൃഷ്ട്ടിച്ചത് ആരാണ്? ലക്ഷകണക്കിന് ആളുകളെ ഹൈവേ നിരത്തുകളിലേക്ക് തള്ളിവിട്ടു ഈ രാജ്യത്തെ താറുമാറാക്കിയത് ആരാണ്? അടച്ചിട്ട കല്യാണമണ്ഡപങ്ങളും, വിദ്യാലയങ്ങളും, കോളേജുകളും, കമ്മ്യൂണിറ്റി സെന്ററുകളും എല്ലാം ഈ കുടിയേറ്റ തൊഴിലാളികളെയും ഭവനരഹിതരെയും പാർപ്പിക്കാനുള്ള ഇടമാക്കാമായിരുന്നുവല്ലോ. വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന ആളുകളെ പാർപ്പിക്കാൻ സ്റ്റാർ ഹോട്ടലുകൾ വരെ നമ്മൾ ക്വാറന്റൈൻ സെന്ററുകൾ ആക്കിയില്ല? ഇനി കുടിയേറ്റ തൊഴിലാളികൾക്ക് യാത്ര ചെയ്യാനായി തീവണ്ടികൾ ഏർപെടുത്തിയപ്പോൾ, അവരുടെ കൈകളിൽ നിന്ന് മൊത്തം പണവും ഈടാക്കിയില്ലേ? എന്നിട്ട് കൊണ്ടവരുന്നതാകട്ടെ, 4500 രൂപ ടിക്കറ്റ് നിരക്കുള്ള രാജധാനി എ/സി തീവണ്ടികളും. കാര്യങ്ങൾ കൂടുതൽ മോശമാക്കാൻ, എല്ലാവരുടെയും കൈയിൽ സ്മാർട്ട് ഫോണുകൾ ഉണ്ടെന്ന് ധരിച്ചുകൊണ്ട് ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യണം എന്ന് പറയുന്നു. ചിലർ ആ ടിക്കറ്റുകൾ വാങ്ങുമായിരിക്കാം. പക്ഷേ കർണാടകയിൽ തൊഴിലാളികൾ അവർ എടുത്ത ടിക്കറ്റുകൾ വേണ്ടെന്ന് വെക്കാൻ നിർബന്ധിതരായി. ഇവരുടെ മുതലാളിമാരായ കെട്ടിട നിർമാണ കമ്പനികളുടെ ഉടമകൾ അവിടുത്തെ മുഖ്യമന്ത്രിയെ ചെന്ന് കണ്ട് ഈ 'അടിമകൾ' രക്ഷപെടാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞതാണ് കാരണം.നമ്മൾ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് പലരും മുൻകൂട്ടി കാണുന്ന 'അടിമ കലാപത്തിന്റെ' അടിച്ചമർത്തലാണ്."

"നമ്മൾക്ക് എപ്പോഴും ഉള്ളത് ദരിദ്രര്‍ക്ക്‌ ഒരു മാനദണ്ഡം, മറ്റുള്ളവർക്ക് വേറെയൊന്ന് എന്നാണല്ലോ. അവശ്യ സേവനങ്ങളുടെ പട്ടിക എടുക്കുമ്പോൾ, ആരോഗ്യപ്രവർത്തകർ കൂടാതെ പിന്നെ ആവശ്യമായുള്ളത് പാവപെട്ട ഈ മനുഷ്യരാണ് എന്ന് നമ്മൾ തിരിച്ചറിയുന്നു. നഴ്‌സുമാരിൽ അധികംപേരും മികച്ച ജീവിത സഹചര്യങ്ങളിൽ നിന്നുള്ളവർ അല്ല. ഇവരെ കൂടാതെ, ശുചീകരണ തൊഴിലാളികൾ, ആശാ പ്രവർത്തകർ, അംഗനവാടി ജീവനക്കാർ, വൈദ്യുതി പ്രവർത്തകർ, ഊർജ്ജ മേഖലയിൽ ജോലി ചെയ്യുന്നവർ, ഫാക്‌ടറി തൊഴിലാളികൾ എന്നിവരുമുണ്ട്. ഇപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത് എത്ര 'അനാവശ്യമായ' വിഭാഗമാണ് ഈ രാജ്യത്തെ പ്രമാണി വർഗ്ഗം എന്നത്.

"പല തരത്തിലുള്ള കുടിയേറ്റക്കാരുണ്ട്. പക്ഷേ നമ്മൾ മനസിലാക്കേണ്ടത് കുടിയേറ്റങ്ങളുടെ വർഗഭേദ സ്വഭാവത്തെ കുറിച്ചാണ്. ഞാൻ ജനിച്ചത് ചെന്നൈയിൽ ആണ്. ഉന്നത വിദ്യാഭ്യാസം നേടിയത് ഡൽഹിയിലാണ്, അവിടെ ഞാൻ നാല് വർഷം ചിലവഴിച്ചു. എന്നിട്ട് മുംബൈയിലേക്ക് കുടിയേറി, ഞാൻ ഇവിടെ 36 വർഷമായി ജീവിക്കുന്നു. ഞാൻ ഒരു പ്രത്യേക വർഗ്ഗത്തിലും ജാതിയിലും പെട്ട ആളായത് കൊണ്ട് തന്നെ ഓരോ തവണയുമുള്ള കുടിയേറ്റങ്ങൾ എനിക്ക് പല രീതിയിൽ ഗുണം ചെയ്‌തിട്ടുണ്ട്. എനിക്ക് സമൂഹ മൂലധനവും പലരുമായുള്ള ബന്ധങ്ങളും ഉണ്ട്."

"ദീർഘ കാലത്തേക്ക് ഒരു ഇടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുകയും അവിടെ സ്ഥിരമായി താമസമാക്കുന്ന കുടിയേറ്റക്കാരുണ്ട്. പിന്നെയുള്ളത് താൽകാലിക കുടിയേറ്റക്കാരാണ്. ഉദാഹരണത്തിന്, കരിമ്പു കൃഷിയുമായി ബന്ധപെട്ടു മഹാരാഷ്ട്രയിൽ നിന്ന് കർണാടകത്തിലേക്ക് അഞ്ചുമാസ കാലത്തേക്ക് ജോലി ചെയ്യാൻ പോകുന്ന (പലപ്പോഴും തിരിച്ചും സംഭവിക്കാറുണ്ട്) തൊഴിലാളികൾ. അവർ ആ കാലയളവ് കഴിയുമ്പോൾ തിരിച്ചു വീടുകളിലേക്ക് മടങ്ങുന്നു. വിനോദസഞ്ചാരികൾ കൂടുതലായി വരുന്ന മാസങ്ങളിൽ കലഹണ്ഡിയിൽ നിന്ന് റായ്‌പൂരിലേക്ക് ജോലിക്കു പോകുന്ന കുടിയേറ്റ തൊഴിലാളികൾ ഉണ്ട്. ഒഡീഷയിലെ കൊരാപുട്ടിൽ നിന്ന് ആന്ധ്രയിലെ വിജയനഗരത്തിലേക്ക് ചെങ്കല്‍ച്ചൂളയിൽ പണി ചെയ്യാൻ പോകുന്നവർ ഉണ്ട്.

indian express

"ഇതുകൂടാതെ മറ്റൊരു വിഭാഗം കുടിയേറ്റ തൊഴിലാളികൾ ഉണ്ട്. എവിടെയും പോകാന്‍ സ്വതന്ത്യ്രമുള്ള, അല്ലെങ്കിൽ എവിടെ എങ്കിലും ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു, പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ലാതെ സഞ്ചരിക്കുന്ന കുടിയേറ്റക്കാരുണ്ട്. ഒരു കോൺട്രാക്ടറുടെ ഒപ്പം വരുകയും ഏതെങ്കിലും ഒരു കെട്ടിടനിർമ്മാണത്തിൽ 90 ദിവസം പണിയെടുകയും ചെയ്യുന്നവർ. അവർക്ക് ആ പണി കഴിഞ്ഞാൽ പിന്നെ അവിടെ വേറെ ജോലിയില്ല. പിന്നെ ആ കോൺട്രാക്ടർ ആ സംസ്ഥാനത്തോ പുറത്തോ ഉള്ള വേറെ കോൺട്രാക്ടറുമാരുടെ നമ്പർ നൽകി ഇവരെ അങ്ങോട്ടേക്ക് പറഞ്ഞയക്കുന്നു. ഇത് ഇങ്ങനെ തുടരുന്നു. ഒരു തരത്തിലുള്ള സുരക്ഷിതത്വവും ഇല്ലാത്ത ദുരിതപൂർണമായ ജീവിതമാണത്. അങ്ങനെയുള്ള ലക്ഷകണക്കിന് തൊഴിലാളികൾ ഈ രാജ്യത്ത് ഉണ്ട്. അവരെയാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ടത്, ഓർക്കേണ്ടത്."

കുടിയേറ്റങ്ങൾ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെയായി. പക്ഷേ കഴിഞ്ഞ 28 വർഷങ്ങളിലാണ് ഇത്രയും വലിയ തോതിൽ കുടിയേറ്റങ്ങൾ വർദ്ധിക്കുന്നത്. 2011 -ലെ സെൻസസ് പ്രകാരം സ്വാതന്ത്ര്യാനന്തര കാലത്തെ ഏറ്റവും വലിയ കുടിയേറ്റ ഒഴുക്ക് 2001 മുതൽ 2011 വരെയുള്ള പതിറ്റാണ്ടിലാണ് നടന്നത് എന്ന് മനസിലാക്കാൻ കഴിയും. അതേ സെൻസസിലെ മറ്റൊരു ശ്രദ്ധേയമായ വസ്‌തുത 1921 -നു ശേഷം ആദ്യമായിട്ടാണ് ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളതിനേക്കാൾ നഗര പ്രദേശങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്നത് എന്ന കാര്യമാണ്. ജനസംഖ്യ വർദ്ധന നിരക്ക് നഗര പ്രദേശങ്ങളിൽ കുറവാണെന്നിരിക്കെയാണ് ഈ വർദ്ധനവ് രേഖപെടുത്തിയിരിക്കുന്നത് എന്നതോർക്കണം. ഇത്രയും ഗൗരവമുള്ള, സങ്കീർണമായ വിഷയത്തെ കുറിച്ച് എത്ര ചർച്ചകൾ ആണ് ഇവിടെ നടന്നിട്ടുള്ളത്? ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കും, ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും, തിരിച്ചും ഒക്കെ എത്ര കുടിയേറ്റങ്ങളാണ് നടന്നിട്ടുള്ളത് എന്നതിനെ കുറിച്ചോ, ഈ കുടിയേറ്റങ്ങളിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചോ ആരാണ് ചർച്ചകൾ നടത്തിയിട്ടുള്ളത്?

പെട്ടെന്ന് ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളെ നമ്മൾ തെരുവുകളിൽ കാണുന്നു. നമ്മൾക്കു ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങൾ ഇനി കിട്ടില്ല എന്ന തോന്നൽ ഉണ്ടാകുന്നു. മാർച്ച് 26 വരെ നമ്മളെ പോലെ തുല്യാവകാശങ്ങൾ ഉള്ള മനുഷ്യരാണ് അവരും എന്ന് ആരും ചിന്തിച്ചിരുന്നത് പോലുമില്ല.

"കാർഷിക മേഖലയെ നമ്മൾ താറുമാറാക്കി, അങ്ങനെ ലക്ഷകണക്കിന് മനുഷ്യരുടെ ഉപജീവനമാർഗ്ഗം ഇല്ലാതെയായി. ഇതുപോലെ മറ്റുള്ള എല്ലാ ഉപജീവനമാർഗ്ഗത്തിനുള്ള വഴികളും അടഞ്ഞു. കൈത്തറി-കരകൗശല മേഖലയാണ് കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ജോലി നൽകുന്നത്. തോണിക്കാർ, മൽസ്യത്തൊഴിലാളികൾ, ചെത്ത് തൊഴിലാളികൾ, നെയ്ത്തുകാർ എന്നിങ്ങനെ എല്ലാ തൊഴിൽ-ഉപജീവന മേഖലയിലും പ്രതിസന്ധികൾ മാത്രമാണ്. അവർക്ക് എന്ത് അവസരങ്ങളാണ് ഉണ്ടായിരുന്നത്? നമ്മളിൽ പലരും ഇപ്പോൾ ആശങ്കപ്പെടുന്നത് ഈ കുടിയേറ്റ തൊഴിലാളികൾ ഒക്കെ തിരിച്ച് നഗരങ്ങളിലേക്ക് മടങ്ങി വരുമോ എന്നാണ്. പക്ഷേ എന്തുകൊണ്ടാണ് അവർ ആദ്യം ഇവിടെ വരാൻ നിർബന്ധിതരായത്? ഈ മടങ്ങി പോകുന്ന ആളുകളിൽ നല്ലൊരു ശതമാനം തൊഴിലാളുകളും തിരിച്ചു നഗരങ്ങളിലേക്ക് വരുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. കുറച്ച് കാലം എടുക്കുമായിരിക്കാം. ഗ്രാമങ്ങളിൽ അവർക്കായി എന്ത് തൊഴിലവസരങ്ങളാണ് ഉള്ളത്? കുറഞ്ഞ നിരക്കിനുള്ള കൂലിവേല ചെയ്യാനായി ഒരു സൈന്യം നമുക്കാവശ്യമായി വന്നപ്പോൾ ഗ്രാമങ്ങളിലെ എല്ലാ തൊഴിൽ-ഉപജീവന അവസരങ്ങളും നമ്മൾ ഇല്ലാതാക്കി എന്നതാണ് യാഥാർഥ്യം."

"പല സംസ്ഥാനങ്ങളിലും തൊഴിൽ നിയമങ്ങളിൽ ഇളവുകൾ കൊണ്ടുവരാനുള്ള നിർദേശങ്ങൾ അടങ്ങുന്ന ഓർഡിനൻസുകൾ ഭരണഘടനെയെയും നിലവിലെ നിയമങ്ങളെയും ദുർബലപ്പെടുത്തുന്നതാണ്. ഒരു ഓർഡിനൻസ് വഴി കരാർ തൊഴിലാളി വിളംബരം ആണ് നടക്കുന്നത്. അത് മാത്രമല്ല ജോലി സമയത്തിലുള്ള ഇളവുകൾ ഒക്കെ നൂറു വർഷം മുൻപുള്ള മാനദണ്ഡത്തിലേക്കും നിലവാരത്തിലേക്കും പോയിരിക്കുന്നു. എട്ടു മണിക്കൂർ ജോലി എന്നത് ലോകത്തെ എല്ലാ തൊഴിൽ നിയമങ്ങളും ഒരേപോലെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. ഗുജറാത്തിലെ നിർദേശങ്ങൾ നോക്കുക, തൊഴിലാളികൾക്കു അധികജോലിക്ക് കൂലി ഇല്ല എന്നാണ് പറയുന്നത്. രാജസ്ഥാനിലാകട്ടെ അധിക ജോലിക്ക് കൂലി നൽകും എങ്കിലും ആഴ്ച്ചയിൽ 24 മണിക്കൂർ എന്ന പരിധി ഉണ്ട്. തുടർച്ചയായ ആറു ദിവസവും തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നു. പല സംസ്ഥാനങ്ങളിലെ നിർദേശങ്ങളിലും ഫാക്ടറീസ് ആക്ടിൽ ഇളവുകളോ മാറ്റങ്ങളോ വരുത്തിയിട്ടുണ്ട്. അധികജോലി അടക്കം ഒരു തൊഴിലാളിയോട് ആകെ ഒരു ആഴ്ച്ചയിൽ പരമാവധി ജോലി ചെയ്യാൻ ആവശ്യപ്പെടാൻ കഴിയുക അറുപത് മണിക്കൂർ എന്നാണ് ഈ നിയമം പറയുന്നത്. ദിവസവും 12 മണിക്കൂർ വച്ചാണെങ്കിൽ 72 മണിക്കൂർ ഒരാൾക്ക് ജോലി ചെയ്യേണ്ടി വരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു കാര്യം, ജോലി ചെയ്യുന്നവർക്ക് അധിക ജോലി ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാൻ കഴിയില്ല എന്നതാണ്. കൂടുതൽ സമയം ജോലി ചെയ്താൽ ഉൽപാദനക്ഷമത കൂടും എന്നാണാലോ സങ്കല്‌പം. പക്ഷേ ഇത് ചരിത്രത്തിൽ നടന്നിട്ടുള്ള പല പഠനങ്ങൾക്കും വിരുദ്ധമായ ധാരണയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഒരുപാട് ഫാക്ടറികൾ തൊഴിൽ സമയം 8 മണിക്കൂർ ആയി വെട്ടിച്ചുരുക്കിയത് അധികജോലി ചെയ്യുമ്പോൾ ശാരീരിക തളർച്ചയും മറ്റു ബുദ്ധിമുട്ടുകളും കാരണം ഉൽപാദനക്ഷമത കുറയുന്നു എന്ന് കണ്ടെത്തിയത് കൊണ്ടാണ്. ഇതൊന്നും കൂടാതെ, ഈ നിയമഭേദഗതികൾ മനുഷ്യാവകാശ ലംഘനങ്ങളാണ്. തൊഴിലിനെ അടിമത്തവത്കരിക്കുകയാണ് ചെയ്യുന്നത്‌. വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും കമ്പനികൾക്കും കരാറിന് തൊഴിലാളികളെ എത്തിക്കുന്ന കോൺട്രാക്ടറുടെ ജോലിയാണ് ഭരണകൂടം ചെയ്യുന്നത്‌. ദളിതർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

"ഇന്ത്യയിലെ 93 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത്‌ അനൗപചാരിക മേഖലയിലാണ്. ഈ നിയമങ്ങൾ ഉപയോഗിച്ച് കേസിനു പോകാനും അവകാശങ്ങൾ നേടിയെടുക്കാനും ഇവർക്ക് എന്തായാലും കഴിയില്ലല്ലോ. ഇപ്പോൾ കാണുന്ന പ്രവണത, "ബാക്കിയുള്ള 7 ശതമാനത്തിന്റെയും അവകാശങ്ങൾ ഇല്ലാതാക്കാം" എന്നതാണ്. തൊഴിൽ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തിയാലേ നിക്ഷേപങ്ങൾ വരുകയുള്ളു എന്ന് ചില സംസ്ഥാനങ്ങൾ പറയുന്നുണ്ട്. പക്ഷേ സാമാന്യം മികച്ച ജീവിത സാഹചര്യങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ഒക്കെയുള്ള ഇടങ്ങളിലേക്ക് അല്ലേ നിക്ഷേപങ്ങൾ വരുക? ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു കാര്യം അവകാശപ്പെടാനുള്ള സംസ്ഥാനം ആയിരുന്നു എങ്കിൽ ഉത്തർ പ്രദേശിൽ നിന്ന് എന്തുകൊണ്ടാണ് ഏറ്റവും കൂടുതൽ കുടിയേറ്റ തൊഴിലാളികൾ ജോലി അന്വേഷിച്ചു മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത്?"

"നിയമപരമായ കുരുക്കുകൾ ഉണ്ടാകും എന്നുറപ്പുള്ള, പിൻവലിച്ചാൽ ഭരണഘടനാ വിരുദ്ധമാകും എന്നുള്ള ചില നിയമങ്ങൾ ഒഴിച്ച് നിർത്തിയാൽ, ഉത്തർപ്രദേശിലും മധ്യപ്രദേശിലും മൂന്ന് വർഷത്തേക്ക് എല്ലാം തൊഴിൽ നിയമങ്ങളും സസ്‌പെൻഡ് ചെയ്‌തിരിക്കുകയാണ്. സാഹചര്യങ്ങൾ എത്ര മോശമാണെങ്കിലും തൊഴിലാളികൾ ജോലി ചെയ്യണം എന്നാണോ പറയുന്നത്? ടോയ്‌ലറ്റ് സൗകര്യം ഒരുക്കാതെയും, ഇടവേളകൾ നൽകാതെയും, ശുദ്ധവായു സഞ്ചാരം ഇല്ലാതാക്കിയും തൊഴിലാളികളോട് മനുഷ്യത്തമില്ലാതെയാണ് ഇവർ പെരുമാറുന്നത്. ഇത് മുഖ്യമന്ത്രിമാരുടെ ഓർഡിനൻസ് മാത്രമാണ്, നിയമ നിര്‍മ്മാണപരമായ യാതൊരു പ്രക്രിയയും ഇതിനു പിന്നിൽ നടന്നിട്ടില്ല."

"ഈ രാജ്യത്തെ തൊഴിലിന്റെയും തൊഴിലാളികളുടെയും സാഹചര്യങ്ങൾ ഒരുപാട് മെച്ചപ്പെടേണ്ടതുണ്ട്. കുടിയേറ്റതൊഴിലാളികളെ നമ്മളെല്ലാരും ഇപ്പോൾ അനുഭവിക്കുന്ന മഹാമാരി ഇത്രയും ഗുരുതരമായ രീതിയിൽ ബാധിക്കുന്നത് സമൂഹത്തിൽ നിലനിൽക്കുന്ന ഭീകരമായ അസമത്വം കൊണ്ട് മാത്രമാണ്. നമ്മൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ഇന്ത്യ അടക്കം ഒപ്പുവെച്ചിട്ടുള്ള അല്ലെങ്കിൽ ഭാഗമായിട്ടുള്ള പല അന്താരാഷ്ട്ര തൊഴിൽ നിയമങ്ങളുടെയും കരാറുകളുടെയും ലംഘനമാണ്."

"ഇന്ത്യയിലെ 93 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത്‌ അനൗപചാരിക മേഖലയിലാണ്. ഈ നിയമങ്ങൾ ഉപയോഗിച്ച് കേസിനു പോകാനും അവകാശങ്ങൾ നേടിയെടുക്കാനും ഇവർക്ക് എന്തായാലും കഴിയില്ലല്ലോ. ഇപ്പോൾ കാണുന്ന പ്രവണത,
Anushree Fadnavis

"അംബേദ്ക്കർ ഇത് മുൻകൂട്ടി കണ്ടിരുന്നു. സർക്കാരിനെ കുറിച്ച് മാത്രമല്ല മുതലാളിമാരുടെ കൈകളിൽ അകപ്പെടാൻ ഇടയുള്ള തൊഴിലാളികളെ കുറിച്ചും സംസാരിക്കണം എന്ന് അദ്ദേഹം അതുകൊണ്ടാണ് ആവശ്യപ്പെട്ടത്. അദ്ദേഹം അടിത്തറ പാകിയ പല നിയമങ്ങളുമാണ് ഇന്ന് സംസ്ഥാനങ്ങൾ പിൻവലിക്കാനും ഭേദഗതി വരുത്താനും ശ്രമിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലെയും തൊഴിൽ വകുപ്പുകളുടെ ചുമതല തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നുള്ളതാണ്. പക്ഷേ ഈ രാജ്യത്തെ കേന്ദ്ര തൊഴിൽ മന്ത്രി പോലും തൊഴിലാളികളോട് പറയുന്നത് അവരുടെ മുതലാളിമാർ പറയുന്നത് കേൾക്കാനാണ്.”

“ഈ അഗ്നിപർവതം പൊട്ടിതെറിക്കുകയാണ്, അത് ആരുടെയും ശ്രദ്ധയിൽ പെടുന്നില്ല എന്ന് മാത്രം. മാധ്യമങ്ങളുടെ, സർക്കാരുകളുടെ, ഫാക്ടറി ഉടമകളുടെ, ഈ സമൂഹത്തിൽ ജീവിക്കുന്ന നമ്മളുടെയെല്ലാം കാപട്യം വെളിയിൽ വരികയാണ്. മാർച്ച് 26 വരെ നമ്മൾക്കാർക്കും കുടിയേറ്റ തൊഴിലാളികളെ കുറിച്ചറിയില്ലായിരുന്നു. പെട്ടെന്ന് ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളെ നമ്മൾ തെരുവുകളിൽ കാണുന്നു. നമ്മൾക്കു ലഭിച്ചു കൊണ്ടിരുന്ന സേവനങ്ങൾ ഇനി കിട്ടില്ല എന്ന തോന്നൽ ഉണ്ടാകുന്നു. മാർച്ച് 26 വരെ നമ്മളെ പോലെ തുല്യാവകാശങ്ങൾ ഉള്ള മനുഷ്യരാണ് അവരും എന്ന് ആരും ചിന്തിച്ചിരുന്നത് പോലുമില്ല.”

“നമ്മൾ നിലവിൽ പിന്തുടരുന്ന വികസന പാതയിൽ നിന്ന്, വളർച്ചാ മാതൃകയിൽ നിന്ന്, പൂർണ്ണമായും പിൻവാങ്ങേണ്ടതുണ്ട്. അതുപോലെ അസമത്വത്തെയാണ് നമ്മൾ അക്രമിച്ചു കീഴടക്കേണ്ടത്. ഈ അസമത്വ ജീവിത സാഹചര്യങ്ങളാണ് കുടിയേറ്റ തൊഴിലാളികൾ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം. ഇന്ത്യയിലെ പ്രമാണി വർഗ്ഗവും ഭരണകൂടവും വിചാരിക്കുന്നത് എല്ലാം തിരിച്ച് പഴയപടിയാകും എന്നാണ്. ആ വിശ്വാസം പക്ഷേ കൂടുതൽ അടിച്ചമർത്തലുകൾക്കും, അവകാശ ലംഘനങ്ങൾക്കും, അക്രമണങ്ങളൾക്കും വഴിയൊരുക്കും.

Related Stories

No stories found.
logo
The Cue
www.thecue.in