ആമസോണ്‍ നഷ്ടപ്പെടുന്നത് എന്നെന്നേക്കുമായി, വീണ്ടെടുക്കല്‍ അസാധ്യം
ലോകത്തിന്റെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുകയാണ്. ലോക രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധം അറിയിച്ചതിനേത്തുടര്‍ന്ന് ബ്രസീലിയന്‍ പ്രസിഡന്റും തീവ്ര വലതുപക്ഷക്കാരനുമായ ജെയര്‍ ബൊള്‍സൊനാരോ തീ കെടുത്താന്‍ സൈന്യത്തെ അയച്ചു എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്ത. പലയിടങ്ങളിലായി ഏകദേശം 2,500 കാട്ടുതീകളാണ് ആമസോണിനെ തിന്നു തീര്‍ത്തുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാത്രം ആമസോണില്‍ 40,000 തീപിടുത്തമുണ്ടായെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ മഴക്കാടാണ് ആമസോണ്‍. ആഗോള താപനത്തിന്റെ തോത് കുറയ്ക്കുന്നതില്‍ ഈ മഴക്കാടുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. 30 ലക്ഷത്തോളം ജന്തുജാലങ്ങളുടെ ആവാസ വ്യവസ്ഥയും പത്ത് ലക്ഷത്തോളം വരുന്ന പ്രാക്തന ഗോത്ര വിഭാഗക്കാരുടെ വാസസ്ഥലവുമാണ്. എല്ലാ വേനല്‍ക്കാലത്തും ബ്രസീലില്‍ കാട്ടുതീ ഉണ്ടാകാറുണ്ടെങ്കിലും മനപ്പൂര്‍വ്വം തീയിടുന്ന പ്രവണതയുമുണ്ട്. കാട് കയ്യേറലും കാലി മേയ്ക്കാനുള്ള നിലമൊരുക്കലുമാണ് പ്രധാന ലക്ഷ്യങ്ങള്‍
ലോക പ്രസിദ്ധ വിനോദ സഞ്ചാര നഗരവും ബ്രസീലിന്റെ സാമ്പത്തിക തലസ്ഥാനവുമായ സാവോ പോളോയില്‍ കുറച്ചു ദിവസങ്ങളായി സൂര്യന്‍ അസ്തമിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഇരുട്ട് പരക്കുകയാണ്. കാട് കത്തിയുണ്ടാകുന്ന വിഷപ്പുകയുടെ അളവും വ്യാപ്തിയും അത്രയേറെയുണ്ട്. ഭൂമിയുടെ വലിയൊരളവ് കാര്‍ബണ്‍ ഡയോക്‌സൈഡും ശേഖരിച്ചെടുത്ത് ലോകത്തിന് വേണ്ട ആറ് ശതമാനം ഓക്‌സിജനും പുറത്തുവിടുന്നത് ആമസോണാണ്. നൂറ് കോടികണക്കിന് മരങ്ങളുള്ള, ആഗോള താപനം തടയുന്ന ആമസോണ്‍ കത്താന്‍ തുടങ്ങിയിട്ടും നോത്രദാം പള്ളിയുടെ മേല്‍ക്കൂര കത്തിയ അത്ര കവറേജ് പോലും കിട്ടുന്നില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളോടും കാലാവസ്ഥാ വ്യതിയാനത്തോടുമുള്ള മനുഷ്യകുലത്തിന്റെ നിസംഗതയുടെ അടയാളമാണിത്. കാലിഫോര്‍ണിയയിലെ മിക്ക കാട്ടുതീയും യാദൃശ്ചികമായി സംഭവിക്കുന്നതാണെങ്കില്‍ ബ്രസീലിലേത് കത്തിക്കുന്നതാണ്, കയ്യേറ്റകൃഷിയും കാലിമേയ്ക്കലും കൂടുതല്‍ വ്യാപിക്കാനായി.
ആമസോണ്‍ തീകളേക്കുറിച്ചുള്ള കണക്കുകള്‍ പേടിപ്പിക്കുന്നതാണ്. ബ്രസീലിയന്‍ ഭരണകൂടത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വേനല്‍ക്കാലത്തേക്കാള്‍ ഇത്തവണയുണ്ടായത് 80 ശതമാനത്തിലധികം തീയാണ്. ലോകത്താകമാനമായി നടക്കുന്ന വനനശീകരണത്തിന്റെ തോത് കുതിച്ചുയര്‍ന്നിരിക്കുന്നു. കഴിഞ്ഞ ജനുവരി മുതല്‍ മാത്രം 2,140 ചതുരശ്ര കിലോമീറ്റര്‍ കാട് നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഈ സമയത്തുണ്ടായിരുന്നതിനേക്കാള്‍ 39 ശതമാനം കൂടുതല്‍.
ആമസോണ്‍ സംരക്ഷണത്തിനായുള്ള നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്നും മഴക്കാടുകള്‍ സാമ്പത്തിക വികസനത്തിനായി തുറക്കുമെന്നും വാഗ്ദാനം നല്‍കിയാണ് ജെയര്‍ ബൊള്‍സൊനാരോ പ്രസിഡന്റായി ജയിച്ചു കയറിയത്. ആ വാഗ്ദാനം നിറവേറ്റുകയാണ് ബോള്‍സൊനാരോ. ഏറ്റവും കൂടുതല്‍ തീ പിടുത്തമുള്ള മൂന്ന് ബ്രസീലിയന്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് കേന്ദ്രത്തിലെ ഭരണകക്ഷിയാണ്. ആമസോണ്‍ സംരക്ഷണത്തിന് 'തന്ത്രപരമായി' തടയിടാന്‍ ബൊള്‍സൊണാരോ സര്‍ക്കാര്‍ ശ്രമിക്കുന്നത് വ്യക്തമാക്കുന്ന രേഖ ഈയിടെ ചോര്‍ന്നിരുന്നു.
പാരിസ്ഥിതിക പ്രശ്‌നം എന്നതിനൊപ്പം കാട്ടുതീ ഒരു രാഷ്ട്രീയ വിഷയം കൂടിയാണെന്ന് തിരിച്ചറിയുന്നത് പരിഹാരമാകുന്നില്ല. കാട്ടുതീയേക്കുറിച്ച് ചോദിച്ചപ്പോള്‍ ചില സന്നദ്ധ സംഘടനകളാണ് അതിന് പിന്നിലെന്നായിരുന്നു ബ്രസീലിയന്‍ പ്രസിഡന്റിന്റെ വാദം. 'നമ്മുടെ വീട് കത്തുകയാണ്' എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതികരണത്തെ 'അനുചിതമായ കൊളോണിയല്‍ ചിന്താഗതി' എന്ന് വിശേഷിപ്പിച്ച് ബൊള്‍സൊണാരോ കുറ്റപ്പെടുത്തി. തീര്‍ച്ചയായും ആമസോണ്‍ മഴക്കാടുകള്‍ പ്രാക്തന ഗോത്രവിഭാഗക്കാര്‍ അടങ്ങുന്ന വലിയൊരു വിഭാഗം ബ്രസീലുകാരുടെ വാസയിടമാണ്. പക്ഷെ, ഒരു കാര്‍ബണ്‍ ശേഖരമാണെന്ന കാര്യമെടുത്താല്‍ ആമസോണ്‍ ഓരോ മനുഷ്യന്റേയും നിലനില്‍പിന്റെ അടിസ്ഥാനമാണ്. ഇല്ലാതായാല്‍ ആമസോണ്‍ എന്ന സിസ്റ്റത്തെ വീണ്ടെടുക്കാന്‍ മനുഷ്യകുലത്തിന് കഴിയില്ല. ആമസോണിയയിലെ ജൈവ വൈവിധ്യം ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അത് വീണ്ടും പൂര്‍ണ്ണമാകാന്‍ വേണ്ടിവരിക ഏതാണ്ട് നൂറ് കോടി വര്‍ഷങ്ങളാണ്. ഹോമോ സാപ്പിയന്‍സ് (മനുഷ്യന്‍) എന്ന ജീവിവര്‍ഗം നിലവില്‍ വന്ന ശേഷമുള്ള കാലഘട്ടത്തിന്റെ 33 ഇരട്ടി.
(എന്‍വയോണ്‍മെന്റല്‍ ജേണലിസ്റ്റ് റോബിന്‍സണ്‍ മേയര്‍ അത്‌ലാന്റിക് ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)