‘പരീക്ഷകള്‍ മാതൃഭാഷയിലാക്കുക’; പി.എസ്.സിക്ക് കാര്യങ്ങള്‍ പിടികിട്ടാഞ്ഞിട്ടോ അതോ അങ്ങനെ നടിക്കുന്നതോ? 

‘പരീക്ഷകള്‍ മാതൃഭാഷയിലാക്കുക’; പി.എസ്.സിക്ക് കാര്യങ്ങള്‍ പിടികിട്ടാഞ്ഞിട്ടോ അതോ അങ്ങനെ നടിക്കുന്നതോ? 

Published on

ഇന്നത്തെ പത്രങ്ങളിൽ പി.എസ്.സി യുടേതായി ''കെ.എ.എസ് പരീക്ഷ മലയാളത്തിലുമെഴുതാം.'' എന്ന തലക്കെട്ടിൽ ഒരു വാർത്തയുണ്ട്. ഈ വാർത്ത വന്നതോടെ സമരം തീരാൻ പോവുന്നു എന്നൊരു പ്രതീക്ഷയിൽ പലരും വിളിക്കുന്നുണ്ട്. 'സമരം ചെയ്യുന്നവരുമായി ചർച്ച നടത്തും' എന്ന തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു. പക്ഷേ ഈ വാർത്തയിൽ പറയുന്ന നിലപാടാണ് പി.എസ്.സി യുടേതെങ്കിൽ നിരാശാജനകമാണ് കാര്യങ്ങൾ.

തലക്കെട്ടു പോലെയല്ല , അകത്ത് കാര്യങ്ങൾ വാർത്തയിൽ. 'ഇംഗ്ലീഷിലായിരിക്കും ചോദ്യങ്ങൾ' എന്ന് കൃത്യമായി പറയുന്നു. 200 മാർക്കിന്റെ പ്രാഥമിക പരീക്ഷയിൽ ഇരുപത് മാർക്കിന്റെ ചോദ്യങ്ങൾ മലയാളത്തിൽ (ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷയിലും ) നൽകുമെന്നുമാണ് ഇതു വായിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. രണ്ടാം ഘട്ടത്തിലെ വിവരണാത്മക പരീക്ഷയിൽ ചോദ്യങ്ങൾ ഇംഗ്ലീഷിൽ നൽകുകയും മലയാളത്തിലും ( ന്യൂനപക്ഷ ഭാഷകളിലും )ഉത്തരങ്ങളെഴുതാമെന്നുമുണ്ട്.

തലക്കെട്ടിൽ വലിയ ഓഫറും സ്റ്റാറിട്ട് കണ്ടീഷൻസ് അപ്ലൈഡ് എന്ന് ചെറിയ ഫോണ്ടിലും നൽകുന്ന കോർപ്പറേറ്റ് പരസ്യങ്ങൾ പോലൊരു തെറ്റിദ്ധാരണാജനകമായ വാർത്തയാണിത്.
‘പരീക്ഷകള്‍ മാതൃഭാഷയിലാക്കുക’; പി.എസ്.സിക്ക് കാര്യങ്ങള്‍ പിടികിട്ടാഞ്ഞിട്ടോ അതോ അങ്ങനെ നടിക്കുന്നതോ? 
ലൈബ്രേറിയന്‍ റാങ്ക് ലിസ്റ്റില്‍ ഒരു മാര്‍ക്കുകാരന്‍; അട്ടിമറിയെന്ന് ആരോപണം

ഇംഗ്ലീഷിൽ നടത്തുന്ന പ്രാഥമിക പരീക്ഷയിൽ 'ഉത്തരമെഴുത്ത് ' ഇല്ല. OMR ഷീറ്റിലെ കോളങ്ങൾ കറുപ്പിക്കൽ മാത്രമാണുള്ളത്. ഏറ്റവും വേഗത്തിൽ ചോദ്യം ഗ്രഹിക്കാനും ഉത്തരം നിർദ്ധാരണം ചെയ്യാനുമുള്ള ശേഷിയാണല്ലോ ആ പരീക്ഷയിലൂടെ അളക്കപ്പെടുന്നത്. മലയാളം മീഡിയത്തിൽ പഠിച്ച ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇത്തരമൊരു പരീക്ഷ ഇംഗ്ലീഷിൽ നടത്തപ്പെടുന്നത് കഠിനമായ കടമ്പ തന്നെയായിത്തീരും. അതിനർത്ഥം അവർക്ക് ആ ചോദ്യങ്ങൾ നിർദ്ധാരണം ചെയ്യാനുള്ള ശേഷിയില്ല എന്നല്ല , ചുരുങ്ങിയ സമയത്തിനുള്ളിൽ ഇംഗ്ലീഷിൽ അത് നിർദ്ധാരണം ചെയ്യാൻ പ്രയാസമാവുമെന്നാണ്. അപ്പോൾ ആ ചോദ്യം പ്രതിനിധീകരിക്കുന്ന വിഷയ മേഖലയിലെ അറിവും അറിവില്ലായ്മയുമല്ല , പകരം ഇംഗ്ലീഷ് എന്ന ഭാഷയിലെ ദ്രുതഗതിയിലുള്ള ആശയ വിനിമയശേഷിയാണ് . ( ഇംഗ്ലീഷ് പരിജ്ഞാനം പോലുമല്ലത്. ഭാഷാ പരിജ്ഞാനമെന്നത് , കേവലം ആശയ വിനിമയ നൈപുണിയല്ല . ആ ഭാഷയിലെ സാഹിതീയവും വൈജ്ഞാനികവുമായ സമ്പത്തിനെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള അറിവാണ്.)

ഈ ഒരൊറ്റ ഉപാധി വച്ച് ബഹുജന സാധാരണരെ അധികാര പദവികളിൽ നിന്ന് ആട്ടിപ്പുറത്താക്കിയും ചവിട്ടിത്തൊഴിച്ചും സമ്പന്ന/ സവർണ്ണ വർഗ്ഗങ്ങൾക്ക് റിസർവ്വ് ചെയ്തു വച്ചതാണ് ഇന്ത്യൻ ബ്യൂറോക്രസിയുടെ ജീവചരിത്രം.

ഇങ്ങനെ മനസ്സിലാക്കിയാൽ മാത്രമേ PSC യുടെ നിലപാടിലെ വൈരുദ്ധ്യം മനസ്സിലാവൂ. പ്രാഥമിക പരീക്ഷയിൽ തന്നെ ഭാഷയുടെ അരിപ്പകൊണ്ട് സാധാരണക്കാരെ അരിച്ചു മാറ്റുക. രണ്ടാം ഘട്ടത്തിലെ വിവരണാത്മക പരീക്ഷയിൽ ''വേണമെങ്കിൽ നിങ്ങളുടെ ഭാഷയിൽ എഴുതിക്കോളൂ'' എന്ന് ഉദാരത നടിക്കുക. വിചാരമാതൃകയും ചിന്താപദ്ധതിയും ഇംഗ്ലീഷിലുള്ള , ഒപ്പം പ്രാദേശികഭാഷ കൂടി അറിയാവുന്ന ഉദാരതാ ബ്യൂറോക്രസിയെ നിർമ്മിക്കാനുള്ള ശ്രമം എന്ന നിലയിലാണ് PSC 'മാതൃഭാഷയിൽ പരീക്ഷ' എന്ന ആവശ്യത്തെ മനസ്സിലാക്കിയത് അല്ലെങ്കിൽ വ്യാഖ്യാനിക്കുന്നത്.

‘പരീക്ഷകള്‍ മാതൃഭാഷയിലാക്കുക’; പി.എസ്.സിക്ക് കാര്യങ്ങള്‍ പിടികിട്ടാഞ്ഞിട്ടോ അതോ അങ്ങനെ നടിക്കുന്നതോ? 
പിഎസ്‌സി തട്ടിപ്പിന് കൂട്ടുനിന്നത് പോലീസുകാരന്‍; സന്ദേശങ്ങളയച്ചത് ഗോകുല്‍
പക്ഷേ ഭരണത്തിന്റെയും വികസനത്തിന്റേയും സാമൂഹ്യ നിർമ്മാണ പ്രക്രിയയുടേയും മുന്നുപാധിയായി ഭാഷയെ മനസ്സിലാക്കുന്ന ജനാധിപത്യവാദികൾക്ക് അങ്ങനെയല്ല . മാതൃഭാഷയിൽ ചിന്തിക്കുന്ന , അവശ്യസന്ദർഭങ്ങളിൽ ഉപയോഗിക്കാനുള്ള ഇംഗ്ലീഷ് പരിജ്ഞാനമുള്ള ബ്യൂറോക്രസി എന്നതാണ് ഒരു ജനാധിപത്യ സമൂഹം ലക്ഷ്യംവെക്കേണ്ടത്.

ഇനി, ഒബ്ജക്ടീവ് ടൈപ്പിൽ നടത്തുന്ന പ്രാഥമിക പരീക്ഷയിൽ വാഗ്ദാനം ചെയ്യുന്ന ഇരുപത് മാർക്കിന്റെ മാതൃഭാഷാ ചോദ്യങ്ങൾ എന്തായിരിക്കും? പതിവ് രീതിയനുസരിച്ച് സാഹിത്യ ചരിത്രം , ഭാഷാശാസ്ത്രം , വ്യാകരണം തുടങ്ങി ഉദ്യോഗാർത്ഥിക്ക് പിന്നീടൊരാവശ്യവും ഇല്ലാത്ത കാര്യങ്ങളാണ് അതിലുൾപ്പെടുക. നേരെ മറിച്ച് 'ഭരണഭാഷ മലയാളം' എന്ന് എഴുതിയ ശീർഷകത്തിനു കീഴിൽ വരുന്ന ഭരണ സംബന്ധിയായ കാര്യങ്ങളെല്ലാം ചോദിക്കുന്നത് ഇംഗ്ലീഷിലും. തൊഴിലിടത്തിലേക്കുള്ള പ്രവേശന കവാടത്തിൽ നിന്നു തന്നെ ഉദ്യോഗാർത്ഥികൾക്ക് കിട്ടുന്ന ഈ സന്ദേശത്തിലെ വൈരുദ്ധ്യം അവരുടെ കർമ്മമണ്ഡലത്തിലുടനീളം പ്രതിഫലിക്കും. അതുകൊണ്ട് മാതൃഭാഷയിൽ പരീക്ഷ വേണമെന്ന ആവശ്യത്തിന് സാഹിത്യ സംബന്ധിയായ ഇരുപത് മാർക്കിന്റെ ചോദ്യങ്ങളല്ല മറുപടി.

ഒരു സമൂഹമെന്ന നിലയിൽ മലയാളികളെയും ഭാഷാന്യൂനപക്ഷങ്ങളെയും വംശീയമായി അധിക്ഷേപിക്കുന്ന പ്രസ്താവനയാണ് മാതൃഭാഷയിലായാൽ ചോദ്യങ്ങൾ ചോരുമെന്നത്. ഭരണഘടനാ സ്ഥാപനമായ PSC ഇതുവഴി ഗുരുതരമായ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നത്. മലയാളം , കന്നട, തമിഴ് സമൂഹങ്ങൾ നാളിതുവരെ നേടിയ അക്കാദമികവും സാമൂഹ്യവുമായ മുന്നേറ്റങ്ങൾ മുഴുവൻ റദ്ദ് ചെയ്യപ്പെടുന്ന നിലപാടാണിത്. തദ്ദേശ ജനതയെ മുഴുവൻ അപരമായി കാണുകയും അവിശ്വസിക്കുകയും ചെയ്ത ബ്രിട്ടീഷ് രാജിന്റെ ഹാങ്ങോവറാണിത്. ആ കാലത്ത് മേലധികാരികൾ ശിപ്പായിമാരെയും അവർ തങ്ങളെ ആശ്രയിക്കുന്ന ജനതയെയും അവിശ്വസിച്ചതിന്റെ ദുരന്തഫലമാണ് ഇന്നും തുടരുന്ന ചുവപ്പുനാടക്കുരുക്കുകൾ.

‘പരീക്ഷകള്‍ മാതൃഭാഷയിലാക്കുക’; പി.എസ്.സിക്ക് കാര്യങ്ങള്‍ പിടികിട്ടാഞ്ഞിട്ടോ അതോ അങ്ങനെ നടിക്കുന്നതോ? 
പിഎസ്‌സിയും കോപ്പിയടിച്ചു; ഓക്‌സ്‌ഫോഡ് പ്രസിന്റെ ചോദ്യങ്ങള്‍ അടിച്ചുമാറ്റി പകര്‍ത്തിയത് അതേപടി

പരീക്ഷയെ വിഭാവനം ചെയ്യുന്നതിലെ പരിമിതികളാണ് ഇവിടെയും കുഴപ്പമുണ്ടാക്കുന്ന മറ്റൊരു ഘടകം. ഇംഗ്ലീഷ് പരീക്ഷയുടെ വിവർത്തനമെന്ന നിലയിൽ മാതൃഭാഷാ പരീക്ഷകളെക്കുറിച്ച് PSC ആലോചിക്കുന്നത്. പകരം മാതൃഭാഷയിൽ ചോദ്യങ്ങൾ വിഭാവനം ചെയ്യാവുന്ന ഒരു പാനൽ ചോദ്യപേപ്പറുകൾ തയ്യാറാക്കുകയും തദവസരത്തിൽ തന്നെ അതിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കുകയും ചെയ്താൽ മതിയല്ലോ ? ഇംഗ്ലീഷിലുള്ള ചോദ്യപേപ്പറുകളും കേരളത്തിലെ വിദഗ്ധർ തന്നെയല്ലേ തയ്യാറാക്കുന്നത് ? അപ്പോഴില്ലാത്ത സവിശേഷമായ എന്ത് ചോർച്ചാഭീഷണിയാണ് മാതൃഭാഷാ മാദ്ധ്യമ ചോദ്യപ്പേപ്പറുകൾക്ക് ഉണ്ടാവുന്നത്? ചോദ്യപേപ്പർ ചോർച്ച തടയാൻ നിലവിലുള്ള സങ്കേതങ്ങൾ അപര്യാപ്തമെങ്കിൽ പുതിയ സങ്കേതങ്ങൾ ആലോചിക്കണം. അല്ലാതെ ക്രമീകരണങ്ങൾക്കനുസരിച്ച് നീതിബോധത്തിന്റെ കാലു മുറിക്കാനാവില്ല.

സർക്കാരിന്റെയും ഭരണ / പ്രതിപക്ഷ രാഷ്ട്രീയ മുന്നണികളുടേയും പ്രഖ്യാപിത രാഷ്ട്രീയ നയങ്ങൾക്ക് വിരുദ്ധമായ ഈ നിലപാട് കൈക്കൊള്ളാൻ എങ്ങനെയാണ് PSC ക്ക് സാധിക്കുന്നത്? ഭരണഭാഷാ സംബന്ധിയായ നയം കൊണ്ട് മാത്രമല്ല, സർക്കാർ ഈ നിലപാടിനോട് ബാദ്ധ്യതപ്പെട്ടിരിക്കുന്നത്. നമ്മുടെ പൊതു വിദ്യാലയങ്ങളേറെയും മാതൃഭാഷാ മാദ്ധ്യമ വിദ്യാലയങ്ങളാണ്. രണ്ട് മാതൃഭാഷാമാദ്ധ്യമ ഡിവിഷനുകൾ ഉള്ളിടത്ത് മാത്രമേ മൂന്നാമതായി ഇംഗ്ലീഷ് മീഡിയം അനുവദിക്കാവൂ എന്നാണ് നിയമം. അതിനർത്ഥം സർക്കാർ തന്നെ മാതൃഭാഷാ മാദ്ധ്യമ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നല്ലേ ? അപ്പോൾ സർക്കാർ നയത്തിന് വിധേയമായി പഠിക്കുന്ന , വിദ്യാഭ്യാസത്തിനായി സർക്കാർ സ്കൂളുകളെ ആശ്രയിക്കുന്നവരെ ഒരു തൊഴിൽ ദാതാവെന്ന നിലയിൽ സർക്കാർ പരിഗണിക്കണ്ടേ? തൊഴിലവസരങ്ങളും തൊഴിൽ അഭിരുചി പരീക്ഷകളും അടിമുടി ഇംഗ്ലീഷ് വൽക്കരിച്ചിട്ട് മാതൃഭാഷാ മാദ്ധ്യമ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞിട്ട് കാര്യമുണ്ടോ ?

ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചു വന്ന ഉദ്യോഗാർത്ഥികളെ നിർബന്ധിച്ചു മാതൃഭാഷാ മാദ്ധ്യമ പരീക്ഷയെഴുതിക്കണമെന്ന് ആരും നിർബന്ധിച്ചിട്ടില്ല. അവർക്ക് ഇംഗ്ലീഷിലും ചോദ്യപേപ്പറുകൾ നൽകട്ടെ. പക്ഷേ മാതൃഭാഷയോടുള്ള അധികാരത്തിന്റെ അയിത്തം അവസാനിപ്പിച്ചേ തീരൂ. അതിന് എളുപ്പവഴികളും ഇടക്കാലാശ്വാസങ്ങളുമില്ല. സമഗ്രമായ അഴിച്ചുപണിയാണ് ആവശ്യം. അതാവട്ടെ ഔദാര്യവുമല്ല . ജനാധിപത്യ വ്യവസ്ഥിതിയിലെ പൗര സമൂഹത്തിന്റെ അവകാശമാണ് . ഐക്യമലയാള പ്രസ്ഥാനത്തിന്റെ പ്രവർത്തകരായ പ്രിയേഷും രൂപിമയും നടത്തുന്ന നിരാഹാരം ഇന്നേക്ക് അഞ്ചുനാൾ പിന്നിട്ടിരിക്കുന്നു. അവരുടെ ജീവൻ രക്ഷിക്കേണ്ടതുണ്ട്.

logo
The Cue
www.thecue.in