ബി.ആർ.പി. ഭാസ്കർ: ജനാധിപത്യവിശ്വാസിയായ മാധ്യമ പ്രവർത്തകൻ

ബി.ആർ.പി. ഭാസ്കർ: ജനാധിപത്യവിശ്വാസിയായ മാധ്യമ പ്രവർത്തകൻ
Published on

ഇന്ന് വിട പറഞ്ഞ ബി.ആർ.പി. ഭാസ്ക്കർ എന്ന വ്യക്തിയെ ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വിലയിരുത്താൻ ധാരാളം പേരുണ്ടാകും. അത് അനിവാര്യവുമാണ്. കാരണം ആറുപതിറ്റാണ്ടിലേറെക്കാലം സജീവമായ മാധ്യമ പ്രവർത്തനം നടത്തിയ ഒരാളാണ് ബി.ആർ.പി ഭാസ്ക്കർ. ദ ഹിന്ദു, ദ സ്റ്റേറ്റ്സ് മാൻ, പേട്രിയറ്റ്, ദ ഡെക്കാൻ ഹെറാൾഡ് എന്നീ ഇംഗ്ലിഷ് പത്രങ്ങളിലും യു.എൻ. ഐ പോലുള്ള ദേശീയ വാർത്താ ഏജൻസികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിലും അദ്ദേഹം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

എന്നാൽ ഇതിനേക്കാളുപരി ജനാധിപത്യവാദിയായ ഒരു പൗരൻ എന്ന നിലയിലും അദ്ദേഹം അടയാളപ്പെടുത്തേണ്ടതുണ്ട്. മാധ്യമ പ്രവർത്തനം എന്നത് അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം തൻ്റെ ജനാധിപത്യ ബോധ്യങ്ങളുടെ ഒരു തുടർച്ച മാത്രമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. ആത്മാഭിമാനത്തോടെ മന:സാക്ഷിക്ക് മുറിവേൽക്കാതെ ജീവിക്കുക; മറ്റുള്ളവർക്കും അങ്ങനെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന് അംഗീകരിക്കുക. ഇതായിരുന്നു ബി.ആർ.പിയെന്ന വ്യക്തിയെ ജീവിതത്തിലുടനീളം നയിച്ച ബോധ്യം. ഇതു പ്രകാരം ജീവിക്കാനും നിലപാടുകളെടുക്കാനും അദ്ദേഹം പരമാവധി ശ്രമിച്ചു എന്നാണ് ഒറ്റനോട്ടത്തിൽ ആർക്കും വിലയിരുത്താനാവുക. വ്യക്തിയുടെ ബോധ്യങ്ങളും ജീവിത രീതികളും പ്രധാനമാണ് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സന്ദേഹങ്ങളുണ്ടായിരുന്നില്ല. പത്രപ്രവർത്തനം വ്യക്തിപരമായ പ്രശസ്തിയുണ്ടാക്കുവാനുള്ള ഒരു വഴിയായി അദ്ദേഹം കരുതിയില്ല. അത് തെറ്റാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അങ്ങനെ നീങ്ങിയാൽ പലതരം സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടി വരും. അതിനാൽ പ്രശസ്തിക്കു പുറകെ പോകരുത്. വിപുലമായ ബന്ധങ്ങൾ കൊണ്ടു നടക്കരുത്. സ്വന്തം ജീവിതത്തിൽ പാലിച്ച നിലപാടായിരുന്നു അത്.

മാധ്യമപ്രവർത്തകർ പൊതുവിൽ മുഖം കാണിക്കാൻ മടിക്കുന്ന പല സമരവേദികളിലും അദ്ദേഹം സജീവ സാന്നിധ്യമായി നിലകൊണ്ടിട്ടുണ്ട്. അവിടെയെല്ലാം ആ വ്യക്തിയിലെ ജനാധിപത്യ ബോധമാണ് നയിച്ചത്. അധികാരത്തിൻ്റെ മുന്നിൽ താനൊരു സ്ഥിരം പ്രതിപക്ഷമാണെന്നും സമൂഹത്തിൻ്റെ മുന്നിൽ താനെന്നും നീതിയുടെ പോരാളിയാണെന്നും അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചു തന്നു. മുഖ്യധാരാ രാഷ്ട്രീയത്തിൻ്റെയും സംഘടനകളുടെയും പിൻബലമില്ലാത്തവരുടെ പക്ഷത്ത് അദ്ദേഹം എല്ലായ്പോഴും നിലകൊണ്ടു. കേരളത്തിൽ പൊതുസമൂഹം എന്നൊന്ന് ഇല്ല എന്ന പക്ഷക്കാരനായിരുന്നു ബി.ആർ.പി. രാഷ്ട്രീയ കക്ഷികളുടെ ആർത്തിമൂലമാണ് അത്തരമൊരു ദുരന്തം നമുക്ക് സംഭവിച്ചത്. ഏതുതരം മുന്നേറ്റങ്ങളെയും തങ്ങളുടെ വരുതിയിലേക്ക് ചുരുക്കുന്ന ഒന്നായി കേരള രാഷ്ട്രീയം അധ:പതിച്ചു. അതു കാരണം നമ്മുടെ സമൂഹത്തിലെ നീതിബോധത്തിലും മനുഷ്യാവകാശ ബോധ്യത്തിലും വിള്ളലുകളുണ്ടായി.

ഇത്തരം ബോധ്യങ്ങളുടെ കരുത്ത് അദ്ദേഹത്തിൻ്റെ മാധ്യമപ്രവർത്തനത്തിലും വലിയ സ്വാധീനമായി നിലകൊണ്ടു. ഇത് സാക്ഷ്യപ്പെടുത്തുന്ന പല സംഭവങ്ങളും ആ ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. ‘ന്യൂസ് റൂം ‘ എന്ന ആത്മകഥയിൽ ഇത്തരം ചില സംഭവങ്ങൾ അദ്ദേഹം വിവരിക്കുന്നുണ്ട്. ഒരെണ്ണം ഞാനിവിടെ ഓർത്തു പറയാം. ജമ്മു - കാശ്മീർ മുഖ്യമന്ത്രി കാസിം സംസ്ഥാനത്തെ ലേ എന്ന സ്ഥലം സന്ദർശിച്ച വേളയിൽ അദ്ദേഹത്തിൻ്റെ കൂടെ യാത്ര ചെയ്ത പത്രപ്രവർത്തകരുടെ കൂട്ടത്തിൽ ബി.ആർ.പിയും ഉൾപ്പെട്ടിരുന്നു. അന്നത്തെ ഒരനുഭവം അദ്ദേഹം വിവരിക്കുന്നു.

“ലേയിലെ അവസാന ദിവസ പരിപാടിയിലെ പ്രധാന ഇനം മുഖ്യമന്ത്രിയുടെ ബഹുമാനാർത്ഥം ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ചായസൽക്കാരമായിരുന്നു. സിവിൽ, സൈനിക ഉദ്യോഗസ്ഥരും ബുദ്ധമത നേതാക്കളും ഉൾപ്പെടെ ധാരാളം പേർ അതിൽ പങ്കെടുത്തു. അവിടെ ചില അതിഥികളുമായി സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ ഒരുദ്യോഗസ്ഥൻ വന്ന് മുഖ്യമന്ത്രി എന്നെ അന്വേഷിച്ചതായി പറഞ്ഞു. അദ്ദേഹം നിൽക്കുന്നയിടത്തേക്ക് ഞാൻ ഉടൻ ചെന്നു.

“ എനിക്കിവിടെ പട്ടാളത്തിൻ്റെ അകമ്പടി കൂടാതെ നീങ്ങാൻ വയ്യെന്ന് നിങ്ങൾ റിപ്പോർട്ടു ചെയ്തോ ? “ മുഖ്യമന്ത്രി എന്നോടു ചോദിച്ചു.

"ഇല്ല, “ ഞാൻ പറഞ്ഞു. "പക്ഷേ, ഒരു പട്ടാളവണ്ടി അകമ്പടി സേവിച്ചതായി ഞാൻ എഴുതായിരുന്നു.”

“എന്തിനാണ് അങ്ങനെ എഴുതിയത് ?"

“ പട്ടാള വണ്ടിയുടെ അകമ്പടി ഉണ്ടായിരുന്നതുകൊണ്ട് അങ്ങനെ എഴുതി.”

“ഇതൊരു അതിർത്തി പ്രദേശമല്ലേ? ഇവിടെ പട്ടാളം അനുഗമിക്കില്ലേ?”

“ നമ്മൾ അതിർത്തി ജില്ലയിൽ പ്രവേശിച്ചപ്പോൾ അതുണ്ടായിരുന്നില്ല. ഉണ്ടായപ്പോൾ അക്കാര്യം പരാമർശിച്ചു. “

“ദേശീയ താത്പര്യങ്ങൾ മനസ്സിലാകാത്ത ഒരാളെ യു.എൻ.ഐ ഇവിടെ നിയോഗിച്ചത് എന്നെ അത്ഭുതപ്പെടുത്തുന്നു.”

"ദേശീയ താത്പര്യങ്ങൾ കണക്കിലെടുത്തു കൊണ്ടു തന്നെയാണ് ഞാൻ പ്രവർത്തിക്കുന്നത്. പക്ഷേ, ദേശീയ താത്പര്യങ്ങൾ എന്താണെന്നത് സംബന്ധിച്ച് സർക്കാരിൻ്റെ വാക്ക് സ്വീകരിക്കാനുള്ള ബാധ്യത എനിക്കില്ല.”

ബി.ആർ.പി യിലെ ജനാധിപത്യവാദിയാണ് ആ മുഖ്യമന്ത്രിയോട് അന്ന് മറുപടി പറഞ്ഞത്. ഇതാണ് ആ മുതിർന്ന മാധ്യമ പ്രവർത്തകനിൽ നിന്നും പുതിയ തലമുറ ഉൾക്കൊള്ളണ്ടത് . ആത്യന്തികമായി നമ്മളൊരു ജനാധിപത്യ വിശ്വാസിയായിരിക്കണം. തൊഴിൽപരമായ സത്യസന്ധത പുലർത്തേണ്ടി വന്നതിനാൽ ചില നഷ്ടങ്ങൾ അദ്ദേഹത്തിൻ്റെ കരിയറിലുണ്ടായിട്ടുണ്ട്. അതില്ലാത്ത സാഹചര്യത്തിൽ തനിക്ക് പ്രവർത്തിക്കാനാവില്ല എന്നും ബി. ആർ. പി സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. "മന:സാക്ഷിക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് നിർബന്ധമുള്ള ഒരാൾക്ക് അതിന് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. അത് സന്തോഷത്തോടെ കൊടുക്കുക. അത് പലപ്പോഴും നാം ഭയപ്പെടുന്നത്ര വലുതല്ല."

1952-ൽ ജേണലിസ്റ്റായി പ്രവർത്തനം തുടങ്ങിയ ഒരാൾക്ക് തൊണ്ണൂറാമത്തെ വയസ്സിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെയും സമൂഹത്തിൻ്റെ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞതും ഈ കരുത്തു കൊണ്ടാണ്. അങ്ങനെ എത്ര പേർ നമ്മോടൊപ്പമുണ്ട് എന്നന്വേഷിക്കുമ്പോഴാണ് ബി.ആർ.പിയെന്ന മാധ്യമ പ്രവർത്തകൻ്റെ മൂല്യം നമ്മളറിയുക. ഇന്നത്തെ മാധ്യമ പ്രവർത്തകർക്ക് തികച്ചും അപരിചിതമായ വഴികളിലൂടെ സഞ്ചരിച്ചാണ് അദ്ദേഹം നമ്മോടൊപ്പവും സമകാലികനായി നടന്നത്. ജീവിതാന്ത്യം വരെ സമൂഹ്യ വിമർശകനായി നിലകൊള്ളാൻ സാധിച്ചതും. ബി.ആർ.പിയുടെ മരണത്തിലൂടെ ഒരു തികഞ്ഞ ലിബറൽ ജനാധിപത്യ വിശ്വാസിയെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ച ഒരു മികച്ച മനുഷ്യാവകാശ പ്രവർത്തകനെയും .

Related Stories

No stories found.
logo
The Cue
www.thecue.in