കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓസ്‌കാറിന് ധാരാളം പ്രത്യേകതകളുണ്ട്. ഒരു ഇന്ത്യന്‍ കോണ്ടെക്സ്റ്റില്‍ വീക്ഷിച്ചാല്‍, 'നാട്ടു നാട്ടു' എന്ന ഗാനം മികച്ച ഒറിജിനല്‍ മ്യൂസിക്കായും, ദി എലിഫന്റ് വിസ്പെറര്‍ എന്ന രണ്ട് ഇന്ത്യന്‍ വനിതകള്‍ നിര്‍മ്മിച്ച ഡോക്യുമെന്ററി മികച്ച ഷോര്‍ട് ഡോക്യുമെന്ററി ആയും തെരഞ്ഞെടുക്കപ്പെട്ടു. അതുപോലെ തന്നെ ഓസ്‌കാറിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ വംശജ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെടുന്നു. അങ്ങനെ ഒരുകൂട്ടം സന്തോഷങ്ങളാണ് ഇത്തവണത്തെ ഓസ്‌കാര്‍ സമ്മാനിക്കുന്നത്.
ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഈയൊരു സാഹചര്യത്തെ നോക്കിക്കാണുകയാണെങ്കില്‍, ഒരുപാട് തരത്തിലുള്ള ഭാഷയും, മതങ്ങളും, സംസ്‌കാരവും, രാഷ്ട്രീയവും, സംഗീതവും ഒക്കെയുമുള്ള മനുഷ്യര്‍ ജീവിക്കുന്ന സ്ഥലമാണിത്. സെക്കുലര്‍ എന്നതിനെ വിളിക്കുന്നതും അതുകൊണ്ടാണ്. ഓരോ സംസ്ഥാനത്തിനും ഇതെല്ലം വളരെ വൈവിധ്യമാര്‍ന്നതാണ്. കേരളം തന്നെ ഉദാഹരണമായി എടുത്താല്‍, ഇവിടെ ഓരോ ജില്ലകള്‍ക്കും, ഓരോ പ്രദേശങ്ങള്‍ക്കും വരെ വ്യത്യസ്തമായ, ചെറിയ ചെറിയ സംഗീതവും സംഗീത രൂപങ്ങളുമൊക്കെയുണ്ട്. അത്തരത്തിലൊരു വലിയ നിധി തന്നെയാണ് ഇന്ത്യ. ആ ഇന്ത്യയുടെ ഒരു ചെറിയ ദേശത്തെ സംഗീതത്തെയാണ് ഇവിടെ പ്രതിനിധീകരിക്കുന്നത്. ആ വലിയ കടലില്‍ നിന്നുമുള്ള ഒരു തുള്ളി മാത്രമാണ് ഇപ്പോള്‍ അവിടെ എത്തിയിരിക്കുന്നത്. ഇനിയും ധാരാളം പ്രതിനിധീകരണങ്ങള്‍ സംഭവിക്കാനുണ്ട്. ഇത്തരം ഒരു തുറന്നിടപ്പെടല്‍ സാധ്യമാക്കുന്നതിലൂടെ ഓസ്‌കാറിന്റെ വ്യാപ്തി ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടെ എത്തുകയാണ്. അവിടെയാണ് നമ്മുടെ സംഗീതത്തിന് സാന്നിധ്യമറിയിക്കാനായത്. ഇനിയും അനന്തമായ അത്തരം സാധ്യതകള്‍ തന്നെയാണ് ഇത് ചൂണ്ടിക്കാട്ടുന്നതും.
സംഗീതത്തിനുള്ള ഒരു വൈകാരിക ശക്ത്തി ഭാഷക്കും, രാജ്യങ്ങള്‍ക്കും, സംസ്‌കാരങ്ങള്‍ക്കും, നിറങ്ങള്‍ക്കും, രാഷ്ട്രീയങ്ങള്‍ക്കുമെല്ലാം അതീതമാണ്. അതിന്റെ ഒരു കോമണ്‍ പ്രിമിറ്റിവ് എല്ലാ മനുഷ്യരിലും കാണാം. ഏത് നാട്ടിലെ, ഏതു ഭാഷ സംസാരിക്കുന്ന മനുഷ്യനാണെങ്കില്‍ പോലും അത്തരമൊരു ഘടകം നിലനില്‍ക്കുന്നത് കൊണ്ടാണ് സംഗീതം എല്ലാ മനുഷ്യരെയും പരസ്പരം ബന്ധിപ്പിക്കുന്നത്. അതുകൊണ്ടാണ് 'നാട്ടു നാട്ടു' എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ആസ്വദിക്കാനും സാധിക്കുന്നത്. ഇത്തരമൊരു ആസ്വാദനം ലോക സംഗീതത്തിന്റെ പല ശാഖകളിലും സാധ്യമാണ്. നമ്മുടെ നാട്ടിലും അത് വേണ്ടുവോളമുണ്ട്. അതെല്ലാം നമ്മുടെ നാടിന്റെ നിധികളാണെന്ന് പറയാം.
ഇന്ത്യയിലെ ഓരോ ഫോക്ക് ലോര്‍ സംഗീത ശാഖകളും നോക്കിയാല്‍, അതിലെല്ലാം പ്രതിബാധിക്കുന്നത് മനുഷ്യന്റെ ജീവിതവും, മനുഷ്യ ജീവിതത്തിലെ ഓരോ ഘട്ടങ്ങളോ, ആഘോഷങ്ങളോ, ഉത്സവങ്ങളോ ആണ്. അത്തരത്തിലാണ് എപ്പോഴും ഇവിടെ പാട്ടുകള്‍ ഉണ്ടായിട്ടുള്ളത്. നമ്മുടെ രാജ്യത്തെ പല പല സ്ഥലങ്ങളിലെ സംഗീതം പരിശോധിച്ചാലും അത്തരമൊരു പൊതു ഘടകം കാണാം. കൂടുതലും മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടിട്ടോ, ആഘോഷങ്ങളുമായി ബന്ധപ്പെട്ടിട്ടോ ആചാരങ്ങളുമായി ബന്ധപ്പെട്ടിട്ടോ, ഉള്ളതായിരിക്കും. അത്തരമൊരു ഫോക്ക് എലെമെന്റിനു ലഭിക്കുന്ന അംഗീകാരമായി കൂടെ ഈ ഓസ്‌കാര്‍ നേട്ടത്തെ വ്യാഖ്യാനിക്കാം.
'നാട്ടു നാട്ടു' എന്ന ഗാനത്തെ തന്നെ പരിശോധിച്ചാല്‍, അതില്‍ ഒരൊറ്റ ഘടകം മാത്രമായി വേറിട്ട് നില്‍ക്കുന്നില്ല. അതിനെ മനോഹരമാക്കുന്നതും അതിനെ ബലപ്പെടുത്തുന്നതും അതിലെ ഓരോ ഘടകത്തിന്റെയും സമ്മിശ്രണമാണ്. പാട്ടിലുപയോഗിച്ചിരിക്കുന്ന സംഗീതത്തിനൊപ്പം തന്നെ, അതിന്റെ വരികളും, സംവിധാനവും, ഛായാഗ്രഹണവും, നൃത്തവും, എഡിറ്റിംഗും, ആര്‍ട്ടും, അതിനു പുറകില്‍ ആദ്യാന്ത്യം പ്രവര്‍ത്തിച്ച എല്ലാ മനുഷ്യരുടെയും ആകെത്തുകയാണ് ഈ അംഗീകാരം. സാങ്കേതികതകളുടെ പ്രയോഗങ്ങളും തുടങ്ങി ഏറ്റവും ഒടുവിലെ മിക്‌സ് മാസ്റ്റര്‍ വരെയും അതിന്റെ ഏറ്റവും മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നത് കൂടെയാണ് ഇന്ന് ആ ഗാനത്തെ ഓസ്‌കാര്‍ വേദിയില്‍ എത്തിച്ചിരിക്കുന്നത്. അങ്ങനെ അതിന്റെ ആകെ രൂപം ഒന്നായി കാണാനാണ് എനിക്കിഷ്ട്ടം. അല്ലാതെ, ഏതെങ്കിലും ഒരു ഘടകം മുഴച്ചു നില്‍ക്കുന്നത് കൊണ്ടോ, അത് മാത്രം നന്നായതുകൊണ്ടോ ആണ് പാട്ട് മികച്ചതായതെന്ന് ഞാന്‍ കരുതുന്നില്ല.
ഇത്തരം അംഗീകാരങ്ങള്‍ എപ്പോഴും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. അത് എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് വലിയ പ്രചോദനം തന്നെയായിരിക്കും. മുന്നോട്ടുള്ള യാത്രകളുടെ ആരംഭം മാത്രമാവട്ടെ ഇതെന്ന് പ്രതീക്ഷിക്കുന്നു