മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കൾ ജീവിച്ചിരിപ്പുണ്ടോ?

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കൾ ജീവിച്ചിരിപ്പുണ്ടോ?
Published on
Summary

പത്രപ്രവര്‍ത്തക പെന്‍ഷന്‍ നിഷേധിക്കുന്നതിനെതിരെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായരുടെ മുഖ്യമന്ത്രി പിണറായി വിജയനുള്ള തുറന്ന കത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഇ.സുധീര്‍ എഴുതുന്നു

കേരള മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് മാധ്യമ ഉപദേഷ്ടാക്കളുണ്ടെന്ന് അദ്ദേഹത്തിൻ്റെ ഔദ്യോഗിക പേജിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രഭാവർമ്മ - അഡ്വൈസർ (പ്രസ്സ്) എന്നും ജോൺ ബ്രിട്ടാസ് - അഡ്വൈസർ (മീഡിയ) എന്നും ആ പേജിൽ കാണുന്നു. ഞാൻ ഇതന്വേഷിച്ച് പോകാനിടയായത് മുതിർന്ന മാധ്യമ പ്രവർത്തകനായ എസ്.ജയചന്ദ്രൻ നായർ കേരള മുഖ്യമന്ത്രിയ്ക്ക് അയച്ച ഒരു കത്ത് പരസ്യമായതിനെ തുടർന്നാണ്. ആ കത്തിൽ അദ്ദേഹം വ്യക്തമാക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഒന്ന് താൻ 50 വർഷത്തോളം കേരളത്തിൽ മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചിരുന്നു. രണ്ട് അതിൻ്റെ അടിസ്ഥാനത്തിൽ ഒരു പത്രപ്രവർത്തക ക്ഷേമനിധി പെൻഷനു വേണ്ടി അപേക്ഷിച്ചിരുന്നു. മൂന്ന് അതിൽ നടപടികൾ ഉണ്ടാവത്തതിൽ തനിക്ക് ഖേദമുണ്ടെന്നും പിണറായി വിജയൻ എന്ന ഭരണാധികാരിയിൽ നിന്നും അനുകൂല നിലപാടു പ്രതീക്ഷിച്ചിരുന്നു എന്നുമാണ്.

ഈ സാഹചര്യത്തിൽ താങ്കളുടെ സൗജന്യത്തിനായി ഇനിയും കാത്തിരിക്കാനില്ലെന്നും കത്തിൽ അവസാനമായി വ്യക്തമാക്കുന്നു. ഇതിൽ പറഞ്ഞ പ്രധാന കാര്യങ്ങളിലൊന്നും ആർക്കും തന്നെ തർക്കമുണ്ടാവേണ്ടതില്ല. എസ്. ജയചന്ദ്രൻ നായരുടെ പത്രപ്രവർത്തക പാരമ്പര്യത്തെപ്പറ്റിയും ആർക്കും സംശയങ്ങളുണ്ടാവാനിടയില്ലല്ലോ. അതു കൊണ്ടു തന്നെ അദ്ദേഹം പത്രപ്രവർത്തക പെൻഷന് അർഹതയുള്ള വ്യക്തിയുമാണ് എന്നത് അവിതർക്കിതമാണ് . ബ്യൂറോക്രാറ്റിക് നൂലാമാലകളിലൂടെ നടന്നില്ലെങ്കിൽ ബന്ധപ്പെട്ടവരെ അതോർമ്മിപ്പിക്കുക എന്നതാണ് അദ്ദേഹം ആദ്യം ചെയ്തത്. അതിനും പരിഹാരം കാണാതെ വന്നപ്പോൾ അല്പം രോഷാകുലനായി ഒരു കത്തു കൂടി അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു. ഇവിടെയാണ് ഇടനിലക്കാരുടെ പ്രാധാന്യം കടന്നു വരുന്നത്.

ഇത്തരം അവസ്ഥ ഒഴിവാക്കുന്നതിനാണ് ഭരണാധികാരികൾ മാധ്യമ ഉപദേഷ്ടാക്കളെ സർക്കാർ ചെലവിൽ വെച്ചു വാഴിക്കുന്നത്. അല്ലെങ്കിൽ അങ്ങനെയായിരിക്കണം.


എസ്.ജയചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്ത്
എസ്.ജയചന്ദ്രന്‍ നായര്‍ മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്ത്

മുഖ്യമന്ത്രി അദ്ധ്യക്ഷനായി പി ആർ ഡി സെക്രട്ടറിയും, വിവിധ പത്രസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ഒരു പത്രപ്രവർത്തകനും, പത്രപ്രവർത്തക യൂണിയനിലെ ഒരു പ്രതിനിധിയും ചേർന്നാണ് പെൻഷൻ നൽകേണ്ടവരെ അംഗീകരിക്കുന്ന സംവിധാനം നിലകൊള്ളുന്നത്. അംഗങ്ങളുടെ അഭിപ്രായം കേട്ടതിനുശേഷം, മുഖ്യമന്ത്രിയാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. അതായത് ഇക്കാര്യത്തിലെ അവസാന വാക്ക് മുഖ്യമന്ത്രിയുടേതു തന്നെയാണ്. ഇതറിയുന്നതു കൊണ്ടായിരിക്കും എസ്.ജയചന്ദ്രൻ നായർ മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെട്ടിരിക്കുക. അത്തരം കത്തുകളും വിവരങ്ങളും അറിഞ്ഞ് മുഖ്യമന്ത്രിയെ വേണ്ട വിധം ഉപദേശിക്കുക എന്നതായിരിക്കും മാധ്യമ ഉപദേഷ്ടാക്കളിൽ നിക്ഷിപ്തമായ കർത്തവ്യം എന്നാണ് ഞാൻ കരുതുന്നത്. ജയചന്ദ്രൻ നായരുടെ പേര് പറഞ്ഞ് അദ്ദേഹം ആരാണെന്ന് സഖാവ് പിണറായി വിജയന് വിശദീകരിച്ചു കൊടുക്കേണ്ടതില്ലന്നത് ഉറപ്പാണല്ലോ. ആ പേര് ലിസ്റ്റിൽ ഉണ്ടെന്നറിഞ്ഞാൽ അതുടൻ അനുവദിക്കണം എന്നാണ് പിണറായി വിജയൻ നിർദ്ദേശിക്കുവാനുള്ള സാധ്യത. മറ്റെന്തെല്ലാം കുറ്റങ്ങളും ശാഠ്യങ്ങളും ആരോപിച്ചാലും ഇതിനാവശ്യമായ സാമൂഹ്യബോധവും നീതിബോധവുമൊക്കെ പിണറായി വിജയൻ എന്ന നേതാവിനുണ്ട്. ഭരണാധികാരിക്കുമുണ്ട്.

അപ്പോൾ പ്രശ്നം അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ ഈ വിഷയം എത്തിയിരുന്നില്ല എന്നതാവാനേ തരമുള്ളൂ. അതുകൊണ്ടാണ് ഇതിൽ പ്രതിസ്ഥാനത്ത് ഞാൻ മാധ്യമ ഉപദേഷ്ടാക്കളെ നിർത്തുന്നത്. ഒരു കമ്മറ്റിയിൽ മുഖ്യമന്ത്രി അദ്ധ്യക്ഷനാവുന്നു എങ്കിൽ അതിൻ്റെ പ്രാധാന്യമെങ്കിലും നടത്തിപ്പുകാർ മനസ്സിലാക്കണം. പത്രപ്രവർത്തകരുടെ കാര്യം പ്രധാനമാണ് എന്നതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രി ആ കമ്മറ്റിയുടെ അദ്ധ്യക്ഷനായി നിലകൊള്ളുന്നത്. മറ്റ് പ്രതിനിധികൾക്ക് തെറ്റുപറ്റുകയോ, അവർ സ്വകാര്യ താല്പര്യ സംരക്ഷണത്തിന് വശംവദരാവുകയോ ചെയ്താലും മുഖ്യമന്ത്രി എന്ന ഭരണാധികാരി ഒരു തിരുത്തൽ ശക്തിയായി അവിടെ നിലകൊള്ളുന്നു. അതിനുള്ള അവസരം ജയചന്ദ്രൻ നായരുടെ കാര്യത്തിൽ ഉപയോഗിച്ചുവോ? ഇതാണ് കേരളം ഇന്ന് ചോദിക്കുന്നത്. സ്വന്തം പെൻഷനേക്കാൾ ഈ ചോദ്യം ചോദിക്കപ്പെടേണ്ടതുണ്ട് എന്ന സന്ദേശമാണ് ജയചന്ദ്രൻ നായരുടെ കത്തിൽ നിന്നും ഞാൻ വായിച്ചെടുക്കുന്നത്.

പ്രഭാവർമ്മയും ജോൺ ബ്രിട്ടാസും വ്യക്തികളെന്ന നിലയിൽ എസ്. ജയചന്ദ്രൻ നായർ എന്ന പത്രപ്രവർത്തകനെ അറിയാത്തവരല്ല. അദ്ദേഹത്തിൻ്റെ കരുതലോടെയുള്ള സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞ പത്രപ്രവർത്തകർ കൂടിയാണ് രണ്ടു പേരും . എന്നിട്ടാണ് ഈ ഗതികേടിൽ അവരാൽ ഉപദേശിക്കപ്പെടുന്ന കേരളത്തിൻ്റെ മുഖ്യമന്ത്രി വന്നു പെട്ടിരിക്കുന്നത്. മറിച്ച് അദ്ദേഹം അറിഞ്ഞു കൊണ്ടാണ് ജയചന്ദ്രൻ നായർ പുറന്തള്ളപ്പെട്ടിട്ടുള്ളതെങ്കിൽ എനിക്കൊന്നും പറയാനില്ല.
ജോണ്‍ ബ്രിട്ടാസ്, പ്രഭാവര്‍മ്മ
ജോണ്‍ ബ്രിട്ടാസ്, പ്രഭാവര്‍മ്മ

ജീവിച്ചിരിക്കുമ്പോൾ വ്യക്തികൾക്ക് അവരർഹിക്കുന്ന പരിഗണനയും ആദരവും ലഭിക്കേണ്ടതുണ്ട്. നിരന്തരം അതുറപ്പാക്കേണ്ടതുണ്ട്. അതിനാണ് വലിയ പണം ചിലവഴിച്ച് ആവശ്യമായ സംവിധാനങ്ങൾ നമ്മൾ നിലനിർത്തുന്നത്. തെറ്റുകൾ പറ്റാതിരിക്കാൻ ഉപേക്ഷകൾ വരാതിരിക്കാൻ വേണ്ടിയാണ് സംസ്ഥാനത്തിൻ്റെ ഭരണാധികാരി തന്നെ ചില സംവിധാനങ്ങളുടെ തലപ്പത്തിരിക്കുന്നത്. ഇതൊന്നും കുട്ടിക്കളിയല്ല. ഇതൊക്കെയാണ് ഭരണാധികാരികളുടെ സഹായികൾ ഉറപ്പാക്കേണ്ടത്. അല്ലാതെ മരണാനന്തരം വ്യക്തികൾക്ക് ആദരാജ്ഞലി അർപ്പിച്ച് പ്രസ്താവന എഴുതിക്കൊടുക്കുന്ന പണി മാത്രമാവരുത് ഉപദേശകരുടേത്.

ഇനി എസ്. ജയചന്ദ്രൻ നായർ എന്ന പത്രപ്രവർത്തകനെപ്പറ്റി പറയാം. 1957 മുതൽ പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. ആർ.എസ്.പിയുടെ മുഖപത്രമായ കൗമുദിയിലൂടെ പത്രപ്രവർത്തന രംഗത്ത് നിലയുറപ്പിച്ച ജയചന്ദൻ നായർ പിന്നീട് പല പത്രങ്ങളിലും പ്രവർത്തിച്ച് 1970 കളിൽ തിരുവനന്തപുരത്തെ കേരളകൗമുദി പത്രാധിപ സമിതിയിലെത്തുന്നു. 1975 മുതൽ കലാകൗമുദിയുടെയും സമകാലിക മലയാളം വാരികയുടെയും പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചു. അമ്പതു വർഷത്തെ മാധ്യമ പ്രവർത്തനത്തിനു ശേഷം 2012-ൽ അദ്ദേഹം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. ഇത്രയും കാലത്തിനിടയിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോടോ, ഏതെങ്കിലും രാഷ്ടീയ നേതാവിനോടൊ ആ പത്രാധിപർ വിധേയനായില്ല. അദ്ദേഹത്തിൻ്റെ വാക്കുകൾ കൊണ്ട് മുറിവേല്ക്കാത്ത ഒരു നേതാവും കേരളത്തിലില്ല എന്നു തന്നെ പറയാം. അദ്ദേഹം എന്തെഴുതി എന്ന് ആകാംക്ഷയോടെ അന്വേഷിക്കാത്ത ഒരു നേതാവും നമുക്കിടയിലില്ല. പത്രപ്രവർത്തന ചരിത്രത്തിലെ വലിയൊരു മൂല്യബോധത്തിൻ്റെ പേരാണ് എസ്.ജെ. ഒരു നേതാവിൻ്റെയും അധികാരിയുടെയും അടുത്ത് ചെന്ന് വ്യക്തിപരമായ ആവശ്യങ്ങൾ അദ്ദേഹം നിരത്തിയിട്ടില്ല. തനിക്ക് ശരിയെന്നത് മുഖം നോക്കാതെ എഡിറ്റോറിയലുകളിലൂടെ അദ്ദേഹം പറഞ്ഞു വെച്ചു.. ജനാധിപത്യ മര്യാദയോടെ മറുവാദത്തിന് ഇടം നൽകി. കേരളത്തിൻ്റെ അഭിപ്രായ രൂപീകരണത്തിനെ സ്വാധീനിക്കാൻ പോകുന്നവയായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെയുള്ള ഇടപെടലുകൾ. അവയൊക്കെ ചരിത്രത്തിൻ്റെ ഭാഗമാണ് . ഒരവകാശവാദത്തിനും നിൽക്കാതെ ഒരു പൊതു കൂട്ടായ്മയുടെയും ഭാഗമാവാതെ, ഒരിക്കലുമൊരു പ്രദർശന വസ്തുവാകാതെ എല്ലാറ്റിൽ നിന്നും മാറി നിന്ന മാധ്യമവ്യക്തിത്വം. കേരളത്തിലെ രാഷ്ട്രീയ മാധ്യമ പ്രവർത്തനത്തിനും സാംസ്കാരിക മാധ്യമ പ്രവർത്തനത്തിനും വേറിട്ട മുഖം നൽകിയ ഒരു പത്രാധിപർ. അങ്ങനെയൊരാൾ വാർദ്ധക്യകാലത്ത് സ്വന്തം പെൻഷൻ തേടി അലയേണ്ടി വരുന്നത് ദുഃഖകരമാണ്. ഈ മനുഷ്യനെ പത്രപ്രവർത്തകർക്കുള്ള ഏറ്റവും വലിയ പുരസ്കാരങ്ങൾ കൊടുത്ത് ആദരിക്കുയാണ് യഥാർത്ഥത്തിൽ സർക്കാർ ചെയ്യേണ്ടത്. ഞാൻ വീണ്ടും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളിലേക്ക് വരാം. പ്രഭാവർമ്മയും ജോൺ ബ്രിട്ടാസും വ്യക്തികളെന്ന നിലയിൽ എസ്. ജയചന്ദ്രൻ നായർ എന്ന പത്രപ്രവർത്തകനെ അറിയാത്തവരല്ല. അദ്ദേഹത്തിൻ്റെ കരുതലോടെയുള്ള സ്നേഹവാത്സല്യങ്ങൾ അനുഭവിച്ചറിഞ്ഞ പത്രപ്രവർത്തകർ കൂടിയാണ് രണ്ടു പേരും . എന്നിട്ടാണ് ഈ ഗതികേടിൽ അവരാൽ ഉപദേശിക്കപ്പെടുന്ന കേരളത്തിൻ്റെ മുഖ്യമന്ത്രി വന്നു പെട്ടിരിക്കുന്നത്. മറിച്ച് അദ്ദേഹം അറിഞ്ഞു കൊണ്ടാണ് ജയചന്ദ്രൻ നായർ പുറന്തള്ളപ്പെട്ടിട്ടുള്ളതെങ്കിൽ എനിക്കൊന്നും പറയാനില്ല. മുഖ്യമന്ത്രിക്കസേരയുടെ ഗതികേട് എന്നല്ലാതെ മറ്റെന്തു പറയാൻ.

എസ് . ജയചന്ദ്രൻ നായർക്ക് ഇത് പുറം ലോകത്തോട് തുറന്നു പറയാനെങ്കിലും സാഹചര്യമുണ്ടായി. അതിനൊന്നും സാധ്യതയില്ലാത്ത പാവപ്പെട്ട എത്രയോ പത്രപ്രവർത്തകർ ഈ നാട്ടിൽ വെറെയുണ്ടാവും
എന്‍.ഇ.സുധീര്‍
എന്‍.ഇ.സുധീര്‍

പറഞ്ഞു കേട്ട ഒരു സംഭവ കഥ കൂടി ഇവിടെ ചേർക്കുന്നു.

വി.ടി. ഭട്ടതിരിപ്പാടിന് പത്രപ്രവർത്തക പെൻഷൻ ഉണ്ടായിരുന്നില്ല. എന്നാലും മരണാനന്തരം അദ്ദേഹത്തിൻ്റെ ബന്ധുക്കൾ അത്തരമൊരു സാധ്യത ആരാഞ്ഞുവത്രേ. മരണാനന്തരം അവകാശിക്ക് അത് നൽകാൻ നിയമം അനുവദിക്കുന്നില്ലെങ്കിലും, വിവരമറിഞ്ഞ അന്നത്തെ മുഖ്യമന്ത്രി കരുണാകരൻ ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പിനോട് വി.ടി.യുടെ കാര്യത്തിൽ അത് അനുവദിച്ചിരിക്കണമെന്ന് ഉത്തരവ് നൽകി. ആവശ്യമായ ഉത്തരവുകൾ അറിഞ്ഞ് നൽകുന്നയാളിൻ്റെ പേരു കൂടിയാണ് ഭരണാധികാരി എന്നത്. ഇതറിയാത്ത ആളാണ് പിണറായി വിജയൻ എന്ന് ഞാൻ കരുതുന്നില്ല. പ്രശ്നം ഉപദേശകരുടേതാണെന്ന് കരുതുന്നത് അതുകൊണ്ടാണ്. പെൻഷൻ കൊടുക്കാതിരുന്നതുകൊണ്ട് ജയചന്ദ്രൻ നായർ എന്ന വ്യക്തിയിൽ നിന്ന് പിണറായി വിജയനെന്ന നേതാവിന് ഒന്നും നോടാനില്ല. മറിച്ച് അതനുവദിച്ചാൽ, തന്നെ ഏറെ വിമർശിച്ച പത്രാധിപർക്കും അർഹമായ അംഗീകാരം നൽകി എന്നഭിമാനിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടാവും. ഇതൊക്കെ തിരിച്ചറിഞ്ഞ നേതാവു തന്നെയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രി. നേരത്തേ പല അവസരങ്ങളിലും വ്യക്തമാക്കപ്പെട്ടതു പോലെ, ഉപദേഷ്ടാക്കളാൽ വഴിതെറ്റിപ്പോവുന്നത് പിണറായി വിജയൻ്റെ ശീലമായിരിക്കുന്നു.

അതൊരിക്കൽ കൂടി, ജയചന്ദ്രൻ നായർ വിവാദത്തിലൂടെ കേരളം അറിഞ്ഞിരിക്കുന്നു.

ജയചന്ദ്രൻ നായരുടെ ശിഷ്യത്വം അവകാശപ്പെടുന്ന പത്രപ്രവർത്തകർ കേരളത്തിലെ ഒട്ടുമിക്കവാറും മാധ്യമ സ്ഥാപനങ്ങളിൽ സുഖമായി ജോലി ചെയ്യുന്നുണ്ട്. അവർ ഇതൊക്കെ അറിയുന്നുണ്ട് എന്ന് ഞാൻ കരുതുന്നു. എന്നാൽ അതിനുള്ള തെളിവുകൾ പൊതുമണ്ഡലത്തിൽ അത്രയൊന്നും കാണുന്നില്ല എന്നത് എന്നെ വേദനിപ്പിക്കുന്നു. അധികാരികളോട് ഏറ്റുമുട്ടുന്നതിൽ നല്ലൊരു പാഠപുസ്തകമായിരുന്നു നിങ്ങളുടെയൊക്കെ ജയചന്ദ്രൻ സാർ. ഇന്നും അദ്ദേഹം അക്കാര്യത്തിൽ പിശുക്കനായിട്ടില്ല. ആ കത്തൊന്ന് വായിച്ചു നോക്കുക.

എസ് . ജയചന്ദ്രൻ നായർക്ക് ഇത് പുറം ലോകത്തോട് തുറന്നു പറയാനെങ്കിലും സാഹചര്യമുണ്ടായി. അതിനൊന്നും സാധ്യതയില്ലാത്ത പാവപ്പെട്ട എത്രയോ പത്രപ്രവർത്തകർ ഈ നാട്ടിൽ വെറെയുണ്ടാവും. അവരും അർഹതപ്പെട്ട പലതും കാത്തിരിപ്പുണ്ടാവും. അവരെയും നമ്മൾ ഓർക്കേണ്ടതുണ്ട്. അവരുടെ നാക്കാവാനെങ്കിലും പുതിയ പത്രപ്രവർത്തകർക്ക് സാധിക്കണം. അല്ലാതെ, മുഖ്യമന്ത്രിമാർക്കും ശിഷ്യന്മാർക്കും ഇഷ്ടാനുസരണം പന്താടാനുള്ളതല്ല പത്രപ്രവർത്തകരുടെ ജീവിതം. അതു വിളിച്ചു പറയാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ ആയുധങ്ങൾ താഴെ വെക്കണം, സുഹൃത്തുക്കളെ.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കൾ ജീവിച്ചിരിപ്പുണ്ടോ?
ജിഷ്ണുവിന്റെ പിന്‍മുറയുടെ മുദ്രാവാക്യങ്ങള്‍ ഇടിമുറികളില്‍ കുടുങ്ങരുത്
മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കൾ ജീവിച്ചിരിപ്പുണ്ടോ?
ആ മറവിയുടെ മേലെയാണ് ഫാസിസം ജൈത്രയാത്ര നടത്തുക

Related Stories

No stories found.
logo
The Cue
www.thecue.in