തിരുത്തിയില്ലെങ്കില്‍ കേരളാ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഒരധ്യായം

തിരുത്തിയില്ലെങ്കില്‍ കേരളാ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഒരധ്യായം
Published on

ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരനെ വര്‍ഷങ്ങളായി അറിയാം. അടുത്ത സുഹൃത്തുമാണ്. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്ന സിനിമയില്‍ ബൈജു നെറ്റോ അവതരിപ്പിച്ച സൗമ്യനും ശാന്തനുമായ പോലീസുകാരന്റെ കഥാപാത്രം ഉമേഷിനെ മനസ്സില്‍ ഓര്‍മിച്ചുകൊണ്ട് സൃഷ്ടിച്ചതാണ്. സിനിമ കണ്ട പലരും ഇങ്ങനെ ഒരു പോലീസുകാരന്‍ കേരളത്തില്‍ ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുക വഴി കേരളാ പോലീസിനെ വെള്ളപൂശുകയല്ലേ ചെയ്തത് എന്ന് ആരോപിച്ചവരുണ്ട്.

സദാചാര പോലീസിംഗ് എന്ന പ്രയോഗത്തില്‍ തന്നെ ഒരു പോലീസ് ഒളിച്ചിരിപ്പുണ്ട്. ഒരുപക്ഷേ ആ പൊലീസിങിന് കേരളത്തിലെ ഒരു പോലീസുകാരന്‍ തന്നെ ഇരയാവുകയാണ്. അതിന് ഒരു സിറ്റി പോലീസ് കമീഷണര്‍ നേതൃത്വം കൊടുക്കുന്നു. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇത് കേരളാ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഒരധ്യായമായി മാറുമെന്ന് ഉറപ്പാണ്.

കേരളത്തില്‍ തുടങ്ങി രാജ്യത്തുടനീളം വ്യാപിച്ച 'കിസ് ഓഫ് ലവ്' സമരത്തിന്റെ പശ്ചാത്തലത്തില്‍ ചെയ്ത സിനിമയാണ് രണ്ടുപേര്‍ ചുംബിക്കുമ്പോള്‍. സദാചാര പോലീസിംഗ് ആണ് സിനിമയുടെ പ്രമേയം. സത്യത്തില്‍ സിനിമയുടെ സ്‌ക്രിപ്റ്റ് ആലോചിച്ചുതുടങ്ങിയ സമയത്ത് സദാചാര പോലീസിംഗ് നടത്തുന്നയാള്‍ ഒരു യഥാര്‍ത്ഥ പോലീസുകാരന്‍ ആയിട്ടായിരുന്നു സങ്കല്പിച്ചിരുന്നത്. പക്ഷേ, ഉമേഷിനെപ്പോലൊരാള്‍ സുഹൃത്തായിരിക്കുമ്പോള്‍ അങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുക എളുപ്പമായിരുന്നില്ല. അത് കറങ്ങിത്തിരിഞ്ഞ് വളരെ മാന്യനും സൗമ്യനുമായ മറ്റൊരു കഥാപാത്രമായി മാറുകയായിരുന്നു.

കോഴിക്കോട് ഓപ്പണ്‍ സ്‌ക്രീന്‍ തിയേറ്ററില്‍ ആണ് സിനിമ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. മിക്കവാറും ദിവസങ്ങളില്‍ ഡ്യൂട്ടിയില്ലാത്ത സമയങ്ങളില്‍ ഉമേഷ് തിയേറ്ററില്‍ വരുമായിരുന്നു. പ്രദര്‍ശനത്തിന്റെ അവസാന ദിവസമാണ് ഇത്രയും നിഷ്‌കളങ്കനായ ഒരു പോലീസുകാരനോ എന്ന ചോദ്യം നിരന്തരം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഉമേഷിനെ ചൂണ്ടിക്കാട്ടി ഇതാ അയാളാണ് ആ പോലീസുകാരന്‍ എന്ന് പറയേണ്ടി വന്നത്. ഉമേഷിനെ അടുത്തറിയുന്ന കോഴിക്കോട്ടുകാര്‍ക്ക് അതില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുദേവന്റെ ക്രൈം നമ്പര്‍ 89 കോഴിക്കോട് ശ്രീ തിയേറ്ററില്‍ കളിക്കുന്ന സമയത്താണ് ഉമേഷിനെ പരിചയപ്പെടുന്നത്. തീയേറ്ററിന് പുറത്ത് കൈരളി- ശ്രീയുടെ പടവുകളില്‍ ഇരുന്ന് ഏറെനേരം സംസാരിച്ചു. സിനിമ തിയേറ്ററില്‍ നിന്ന് മാറുന്നതുവരെ ഇത് ഓരോ ദിവസവും ആവര്‍ത്തിച്ചു. സിനിമയ്ക്ക് സാധ്യമാകുന്ന എല്ലാവിധത്തിലും പബ്ലിസിറ്റി കൊടുക്കാന്‍ ഉമേഷ് ശ്രദ്ധിച്ചു. ഒരുപാട് സുഹൃത്തുക്കളെ സിനിമ കാണാന്‍ നിര്‍ബന്ധിച്ച് പറഞ്ഞുവിട്ടു. ഒരു പക്ഷേ ക്രൈം നമ്പര്‍ 89 ല്‍ അശോക് കുമാര്‍ അവതരിപ്പിച്ച ആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ, അനീതിക്കും അക്രമത്തിനും എതിരേ അങ്ങേയറ്റത്തെ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കഥാപാത്രം അയാള്‍ക്ക് അയാളുടെ തന്നെ പ്രതിരൂപമായി തോന്നിയിട്ടുണ്ടാകാം.

എന്റെ കൂടെ പലയിടങ്ങളിലും ഉമേഷിനെ കൂടെക്കൂടെ കണ്ടപ്പോള്‍ അയാളുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കണമെന്നും ഇയാള്‍ പോലീസിന്റെ ചാരനാണ് എന്നും ഉപദേശിക്കുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ നിരവധിയുണ്ട്. ഒഡേസ സത്യന്‍ അവസാനമായി ചെയ്ത ഹോളി കൗ ഡോക്യുമെന്ററി പൂര്‍ത്തിയാക്കാന്‍ പ്രായത്‌നിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഒരേ സമയം 'തീവ്ര ഇടതുപക്ഷ'ക്കാര്‍ക്കിടയില്‍ പോലീസിന്റെ ചാരനെന്നും പൊലീസുകാര്‍ക്കിടയില്‍ 'തീവ്ര ഇടതുപക്ഷ'ക്കാരനെന്നും അറിയപ്പെടാനായിരുന്നു ഉമേഷിന്റെ വിധി.

സദാചാര പോലീസിംഗ് എന്ന പ്രയോഗത്തില്‍ തന്നെ ഒരു പോലീസ് ഒളിച്ചിരിപ്പുണ്ട്. ഒരുപക്ഷേ ആ പൊലീസിങിന് കേരളത്തിലെ ഒരു പോലീസുകാരന്‍ തന്നെ ഇരയാവുകയാണ്. അതിന് ഒരു സിറ്റി പോലീസ് കമീഷണര്‍ നേതൃത്വം കൊടുക്കുന്നു. തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇത് കേരളാ പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട ഒരധ്യായമായി മാറുമെന്ന് ഉറപ്പാണ്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ തനിച്ചു താമസിക്കുന്നു എന്നതിന്റെ പേരില്‍ പേരെടുത്തുപറഞ്ഞ് അവഹേളിക്കാനും അവര്‍ താമസിക്കുന്നിടത്ത് പോയി ബോഡി ഷെയിമിംഗ് നടത്താനും ഭീഷണിപ്പെടുത്താനും ഒരു മടിയുമില്ലാത്ത കൂട്ടമായി കേരളപൊലീസ് മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരുക്കുന്നത്. എന്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്? പോലീസിന്റെ തെമ്മാടിത്തരത്തെ ചോദ്യം ചെയ്തുകൊണ്ട് പൊലീസിന് അകത്തുനിന്നുതന്നെ ഉയരുന്ന ശബ്ദത്തെ ഇല്ലായ്മ ചെയ്യാന്‍. ഉമേഷ് ഇക്കാലഘട്ടങ്ങളില്‍ അനുഭവിച്ച സംഘര്‍ഷം മനസ്സിലാക്കാന്‍ അയാള്‍ അഞ്ചുവട്ടം ഷെയര്‍ ചെയ്ത, അടുത്ത ദിവസങ്ങളില്‍ വീണ്ടും ഷെയര്‍ ചെയ്ത എന്റെ തന്നെ ഒരു കവിത ഇവിടെ കുറിക്കുകയാണ്.

'സ്വാതന്ത്ര്യം വേണോ

സുരക്ഷിതത്വം വേണോ എന്ന്

ജീവിതം

എല്ലാവരോടും

ഒരിക്കല്‍ ചോദിക്കും

സുരക്ഷിതത്വം മതി

എന്നു പറയുന്നവരുടെ

ജീവിതം

അവിടെ തീരും

സ്വാതന്ത്ര്യം മതി എന്നു പറയുന്നവരോട്

ജീവിതം

വീണ്ടും വീണ്ടും ആ ചോദ്യം

ചോദിച്ചുകൊണ്ടിരിക്കും

ചിലര്‍ ഇടക്കുവെച്ച് കൊഴിഞ്ഞുപോകും

അവശേഷിക്കുന്നവരുടെ കൂടെ ആരുമുണ്ടാകില്ല,

പക്ഷേ

ജീവിതമുണ്ടാകും'

Related Stories

No stories found.
logo
The Cue
www.thecue.in