അവസാനിക്കാത്ത ചരിത്രവും തുടരുന്ന വിപ്ലവപ്രവർത്തനവും

അവസാനിക്കാത്ത ചരിത്രവും തുടരുന്ന വിപ്ലവപ്രവർത്തനവും
Published on
Summary

സോവിയറ്റ് യൂണിയനിലെ അട്ടിമറിക്ക് ശേഷം ഗോര്‍ബച്ചേവിനെ സാമ്രാജ്യത്വ ഏജന്റായും ചാരനായും ഒക്കെ ചിലര്‍ വിശേഷിപ്പിച്ചിരുന്നു മറുവശത്തതാകട്ടെ ജനാധിപത്യത്തിന്റെ മിശിഹാ ആയും പാര്‍ട്ടിയെയും സോവിയറ്റ് സംവിധാനത്തെയും നവീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉത്തമ വിപ്ലവകാരിയായും ചിലര്‍ അദ്ദേഹത്തെ കണ്ടു. ഈ രണ്ടു വിലയിരുത്തലുകളും വസ്തുതാപരമായി ശരിയല്ല.

ഗോര്‍ബച്ചേവിനെക്കുറിച്ച് ശ്രീജിത്ത് ശിവരാമന്‍ എഴുതിയ ലേഖനം രണ്ടാം ഭാഗം

ആദ്യ ഭാഗം, ഗോര്‍ബച്ചേവ്, അന്തിമാര്‍ക്‌സിന്റെ ഒറ്റ് ഇവിടെ വായിക്കാം

'എല്ലാ തരം സര്‍വാധിപത്യങ്ങള്‍ക്കും എതിരായിരുന്നു ഗോര്‍ബച്ചേവ് , ജനാധിപത്യവത്കരണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.' ഈ വാദങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസമായി ലിബറല്‍ കേന്ദ്രങ്ങളില്‍ നിന്നും വലതു കമ്മ്യുണിസ്റ്റുകളില്‍ നിന്നും ഉയരുന്നത്. ഈ വാദങ്ങളുടെ സാംഗത്യം പരിശോധിക്കപ്പെടേണ്ടതുണ്ട് . രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഈ വാദം പ്രസക്തമാകുന്നത്. ഒന്ന് എല്ലാ കമ്മ്യുണിസ്റ്റ് രാജ്യങ്ങളും ജനാധിപത്യം നിഷേധിക്കപ്പെട്ട് ഇരിമ്പുമറക്കുള്ളില്‍ മനുഷ്യാവകാശങ്ങളില്ലാതെ ജനങ്ങള്‍ വിങ്ങി നില്‍ക്കുന്ന സംവിധാനങ്ങളാണെന്ന നിര്‍മ്മിത പൊതുബോധം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ജനാധിപത്യത്തിനും സര്‍വാധിപത്യ നിഷേധത്തിനുമായുള്ള എല്ലാ നടപടികളും ശരിയാണെന്ന് വരുന്നു. രണ്ട് , കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്നത് ഈ ''ജനങ്ങള്‍ക്ക് '' പുറത്തുള്ള , അധികാര കേന്ദ്രങ്ങളായ നേതാക്കളുടെ ഒരു സംവിധാനമാണെന്നും ചിലരെങ്കിലും ധരിക്കുന്നു. അതിനാല്‍ തന്നെ അധികാരങ്ങള്‍ കേന്ദ്രീകരിച്ച ഉരുക്കുമുഷ്ടിയുള്ള പാര്‍ട്ടി ഒരു വശത്തും അധികാരരഹിതരായ അടിച്ചമര്‍ത്തപ്പെട്ട ജനത മറുവശത്തും എന്ന ദ്വന്ത്വം സൃഷ്ടിക്കാന്‍ ഇവര്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്നു. ഈ വാദങ്ങളുടെ ഇടയിലാണ് 'നായകനായ ഗോര്‍ബച്ചേവിനെ പ്രതിഷ്ഠിക്കാന്‍ ' ശ്രമം നടക്കുന്നത്. അതുകൊണ്ട് മേല്‍പ്പറഞ്ഞ വാദങ്ങളുടെ വസ്തുത സോവിയറ്റ് അനുഭവത്തിന്റെ തന്നെ പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടുന്നത് നന്നാകും.

ഇത്തരമൊരു പരിശോധനയില്‍ നാം അന്വേഷിക്കേണ്ട പ്രധാന കാര്യം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ നിഷ്‌കാസനം ചെയ്ത അട്ടിമറിക്കു ശേഷം മുന്‍ സോവിയറ്റ് രാജ്യങ്ങളിലും റഷ്യയിലും ജനാധിപത്യം എത്രമാത്രം പുലര്‍ന്നു ? സര്‍വാധിപത്യങ്ങള്‍ അവസാനിച്ചോ? ജനജീവിതം എത്രമാത്രം മെച്ചപ്പെട്ടു ? തുടങ്ങിയവയാകും. എന്നാല്‍ ജനാധിപത്യത്തിന്റെ സ്വാഭാവിക നീതിയെ കുറിച്ച് വാചാലരാകുന്നവരൊന്നും ഇത്തരമൊരു അന്വേഷണത്തിന് തയ്യാറാകുന്നത് കാണുന്നില്ല. എന്തുകൊണ്ടായിരിക്കും അത് ? നമുക്ക് പരിശോധിക്കാം.

1992 മുതലുള്ള നാല് വര്‍ഷക്കാലം സോവിയറ്റനാന്തര റഷ്യയില്‍ ഷോക്ക് തെറാപ്പിയുടെ കാലം എന്നാണ് അറിയപ്പെടുന്നത്. ഈ കാലയളവില്‍ റഷ്യന്‍ ജി ഡി പി സോവിയറ്റ് കാലത്തേതിനേക്കാള്‍ പകുതിയായി. ഉത്പാദനം 42% കുറഞ്ഞു. സോവിയറ്റ് ചരിത്രത്തിലാദ്യമായി പ്രതിശീര്‍ഷ ആയുര്‍ദൈര്‍ഘ്യം പോലും 4 വര്‍ഷം കുറഞ്ഞു. ആത്മഹത്യാ നിരക്ക് 60% വര്‍ദ്ധിച്ചു. പ്രതിദിന വരുമാനം 4 ഡോളറോ കുറവോ ഉള്ളവര്‍ 1988 ല്‍ ജനസംഖ്യയുടെ 4% മാത്രമായിരുന്നെങ്കില്‍ 1994 ല്‍ അത് 32% ആയി വര്‍ദ്ധിച്ചു. 70 വര്‍ഷത്തിലേറെ നീണ്ട സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയയില്‍ ആര്‍ജ്ജിച്ച സമ്പത്തും പ്രകൃതി വിഭവങ്ങളും ഏതാനം ഒലിഗാര്‍ക്കുകളുടെ കൈയ്യില്‍ എത്തിച്ചേര്‍ന്നു. സോവിയറ്റ് യൂണിയനില്‍ ഉയര്‍ന്ന സ്ഥാനം ഉണ്ടായിരുന്ന സ്ത്രീജനത ചരിത്രത്തിലെ ഏറ്റവും വലിയ ചൂഷണങ്ങള്‍ക്ക് വിധേയരായി. ഒരു വലിയവിഭാഗം പെണ്‍കുട്ടികള്‍ ലൈംഗിക തൊഴില്‍ സ്വീകരിക്കാന്‍ നിബന്ധിക്കപ്പെട്ടു. ഇതൊക്കെ മുതാളിത്തത്തിലേക്കുള്ള പരിവര്‍ത്തനദശയിലെ ഒരേടാണെന്നു സമര്‍ത്ഥിക്കുന്ന ചിന്തകരുണ്ട്. എങ്കില്‍ മുപ്പതു വര്ഷത്തിനുശേഷവും സമാനമായ അവസ്ഥ റഷ്യയില്‍ തുടരുകയാണ്. സോവിയറ്റ് കാലത്ത് ഒരിക്കലും ഉയരാതിരുന്ന നവഫാഷിസ്റ്റ് - തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങള്‍ എല്ലാ മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളിലും വലിയ സ്വാധീനം നേടിയിരിക്കുന്നു.

ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ് എന്ന മുതലാളിത്ത ഏജന്‍സിയുടെ തന്നെ കണക്ക് പ്രകാരം റഷ്യയിലെ വെറും 500 അതിസമ്പന്നരുടെ മൊത്തം സമ്പത്ത് ബാക്കി 99.8 % ജനങ്ങളുടെ സാമ്പത്തിനേക്കാള്‍ അധികമാണ്. ലോകത്തെ ഏറ്റവും ഉയര്‍ന്ന സാമ്പത്തിക അസമത്വം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ന് റഷ്യ. ഈ അഞ്ഞൂറ് പേരാണ് രാജ്യത്തിന്റെ 40% വരുമാനവും കൈയാളുന്നത്. അവരുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ് മാധ്യമങ്ങള്‍. ഈ മഹാമാരി കാലത്ത് രാജ്യത്തെ ഭൂരിപക്ഷവും കൂടുതല്‍ ദരിദ്രരായി മാറിയപ്പോള്‍ ഈ അതിസമ്പന്നരായ അഞ്ഞൂറ് പേരുടെ സമ്പത്ത് 45% കണ്ടു വര്‍ധിച്ചു. റഷ്യന്‍ പ്രതിപക്ഷ നേതാക്കളില്‍ ഒരാളായ അലക്‌സി നവാല്‍നി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് റഷ്യന്‍ പ്രധാനമന്ത്രിയായ ദിമിത്രി മെദ്വദേവ് അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആഡംബര വില്ലകള്‍ , എസ്റ്റേറ്റുകള്‍ , യാട്ടുകള്‍ , സ്വകാര്യ വിമാനങ്ങള്‍ , വൈന്‍യാഡുകള്‍ തുടങ്ങി അമ്പരപ്പിക്കുന്ന സ്വത്തുക്കള്‍. ഈ വിവരം പുറത്തുവന്ന ഉടനെ നവാല്‍നി മാരകമായ വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിലായി. പുട്ടിന്റെ എതിരാളികള്‍ക്കെല്ലാം ഉണ്ടാകുന്ന അവസ്ഥയാണ് ഇത്തരം 'അപകടങ്ങള്‍', തുടര്‍ന്ന് ജര്‍മനിയില്‍ ചികിത്സ തേടി തിരിച്ചെത്തിയ അദ്ദേഹം ജനാധിപത്യത്തിന്റെ 'ഇരുമ്പു മറക്കുള്ളില്‍ ' ആയി. നവാല്‍നി പുറത്തു കൊണ്ട് വന്ന മറ്റൊരു വിവരം ഉപപ്രധാനമന്ത്രിയുടെ ഭാര്യ ഇഗോര്‍ ഷുവലോവ് തന്റെ സ്വകാര്യ ജെറ്റില്‍ യൂറോപ്പ് മുഴുവന്‍ കറങ്ങി തന്റെ പട്ടിയെ ശ്വാന പ്രദര്‍ശനങ്ങള്‍ക്ക് കൊണ്ട് നടന്നതാണ് . എങ്ങനെയാണ് ഇവര്‍ ഇത്രയധികം സ്വത്തുക്കള്‍ സമ്പാദിച്ചതെന്ന് യാതൊരു രേഖയുമില്ല. ഔദ്യോഗിക കണക്കുകള്‍ പ്രാകാരം തന്നെ റഷ്യന്‍ ജനസംഖ്യയുടെ 16 % പേര്‍ (ഏതാണ്ട് രണ്ടരക്കോടി പേര്‍ ) ഇന്ന് ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് . ഗാര്‍ഡിയന്‍ പരാമര്‍ശിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് ഇന്ന് റഷ്യയില്‍ 41% പേരും ഭക്ഷണത്തിനും വസ്ത്രത്തിനും ബുദ്ധിമുട്ടുന്നു എന്നാണു.

ദിമിത്രി മെദ്വദേവ്, വ്‌ലാദിമിര്‍ പുടിന്‍
ദിമിത്രി മെദ്വദേവ്, വ്‌ലാദിമിര്‍ പുടിന്‍

കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭരണത്തിനെതിരെ ഉന്നയിക്കപ്പെട്ട വലിയ ആക്ഷേപം മാധ്യമ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുന്നു എന്നാണ്. ഇന്ന് റഷ്യയിലെ സകല മാധ്യമങ്ങളും സര്‍ക്കാരിന്റെ പരോക്ഷമായ നിയന്ത്രണത്തിലോ , പുട്ടിന്‍ അനുഭാവികളായ ഒലിഗാര്‍ക്കുകളുടെ ഉടമസ്ഥതയിലോ മാത്രമാണ്. അതുകൊണ്ട് തന്നെ യാതൊരു വിധ സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളും ജനങ്ങളില്‍ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഭരണകൂടത്തിന് ആകുന്നുണ്ട്. (ഇന്ത്യയിലെ സ്ഥിതിയും മറിച്ചല്ലല്ലോ , അംബാനിയും അദാനിയും മോഡി സ്തുതിപാഠകരും നിയന്ത്രിക്കുന്ന ഇന്ത്യന്‍ മീഡിയ എത്രമാത്രം 'സ്വതന്ത്രമാണ്'). തൊഴിലാളി വര്‍ഗ്ഗ സര്‍വാധിപത്യം എന്നതാകട്ടെ തികച്ചും തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഒരു സംജ്ഞയാണ്. അതേതെങ്കിലും അടിച്ചമര്‍ത്തലിന്റെ സംവിധാനം എന്ന നിലക്കല്ല മറിച്ച് മൂലധനത്തിന് അധീശത്വമില്ലാത്ത, തൊഴിലാളിവര്‍ഗ്ഗം നേതൃത്വം നല്‍കുന്ന ഒരു ഭരണസംവിധാനം എന്ന നിലക്കാണ് മനസ്സിലാക്കേണ്ടത് എന്നാല്‍ ഇത്തരമൊരു വാക്കില്‍ കടിച്ചുതൂങ്ങി സോഷ്യലിസ്റ്റ് സംവിധാനങ്ങളെയാകെ വിമര്‍ശിക്കുന്ന ലിബറല്‍ ചിന്തകര്‍ പക്ഷെ 'മൂലധന സര്‍വാധിപത്യ' വ്യവസ്ഥകളെ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു. നിലവില്‍ ബൂര്‍ഷ്വാ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന എല്ലാ ദേശരാഷ്ട്രങ്ങളും മൂലധന സര്‍വാധിപത്യത്തിന് കീഴിലാണെന്നും ഭരണകൂടവും ജുഡീഷ്യറിയും പോലീസും പട്ടാളവും മാധ്യമങ്ങളുമെല്ലാം മൂലധന വര്‍ഗ്ഗ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നതും അവര്‍ക്ക് പ്രശ്നമേയല്ല. ഇങ്ങനെ മൂലധനവും അവരുടെ കൂലിയെഴുത്തുകാരും സൃഷ്ടിച്ച പൊതുബദ്ധത്തിന്റെ പൊട്ടിയൊലിക്കലാണ് സോഷ്യലിസ്റ്റ് സംവിധാനങ്ങളോടുള്ള വിമര്‍ശനത്തില്‍ പലപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത് അതുകൊണ്ടു തന്നെ വസ്തുനിഷ്ഠമായ ഒരു വിലയിരുത്തല്‍ പലപ്പോഴും സാധ്യമാകുന്നില്ല.

നമുക്ക് ഗോര്‍ബച്ചേവിലേക്ക് മടങ്ങി വരാം. സോവിയറ്റ് യൂണിയനിലെ അട്ടിമറിക്ക് ശേഷം ഗോര്‍ബച്ചേവിനെ സാമ്രാജ്യത്വ ഏജന്റായും ചാരനായും ഒക്കെ ചിലര്‍ വിശേഷിപ്പിച്ചിരുന്നു മറുവശത്തതാകട്ടെ ജനാധിപത്യത്തിന്റെ മിശിഹാ ആയും പാര്‍ട്ടിയെയും സോവിയറ്റ് സംവിധാനത്തെയും നവീകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഉത്തമ വിപ്ലവകാരിയായും ചിലര്‍ അദ്ദേഹത്തെ കണ്ടു. ഈ രണ്ടു വിലയിരുത്തലുകളും വസ്തുതാപരമായി ശരിയല്ല. 1920 കള്‍ മുതല്‍ 1950 കള്‍ വരെ ലോകത്തെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് സോവിയറ്റ് യൂണിയന്‍ നേടിയത്. എല്ലാ മേഖലകളിലും രാജ്യം മുന്നേറി. ശാസ്ത്ര ഗവേഷണം , ബഹിരാകാശ പര്യവേഷണം , സ്ത്രീവിമോചനം , തൊഴില്‍ , ആരോഗ്യം, കല - സംസ്‌കാരം തുടങ്ങി പല മേഖലകളിലും ലോകത്തെ ഏറ്റവും മികച്ച സംവിധാനമായി അത് മാറി. എന്നാല്‍ ക്രൂഷ്ചേവിയന്‍ കാലം മുതല്‍ സോവിയറ്റ് വ്യവസ്ഥയില്‍ മന്ദത പ്രകടമായിത്തുടങ്ങി. ഉത്പാദനമേഖലയില്‍ ആദ്യഘട്ടങ്ങളില്‍ ഉണ്ടായ കുതിച്ചുചാട്ടം മെല്ലെ മെല്ലെ മന്ദതയിലായി. വിപ്ലവപ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകാനുള്ള പരിപാടികള്‍ ഇല്ലാതായി. ഈ അവസ്ഥയ്ക്ക് ചെറിയ മാറ്റം വന്നത് ആന്ദ്രോപ്പോവിന്റെ കാലത്താണ്. എന്നാല്‍ വെറും പതിനഞ്ചു മാസം മാത്രമേ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനായുള്ളൂ. ഈ ഘട്ടത്തിലാണ് ഗോര്‍ബച്ചേവ് അധികാരത്തില്‍ വരുന്നത്. ഇതിനു സമാനമായ അവസ്ഥ 70 കളുടെ അവസാനത്തില്‍ ചൈനയിലും ദൃശ്യമായിരുന്നു. എന്നാല്‍ അന്ന് ചൈനീസ് പാര്‍ട്ടി ആ മന്ദതയെ വസ്തുനിഷ്ഠമായി വിലയിരുത്തി. ഉത്പാദനശക്തികളുടെ വികാസമില്ലാതെ സോഷ്യലിസ്റ്റ് നിര്‍മാണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല എന്നവര്‍ തിരിച്ചറിഞ്ഞു. എന്നാല്‍ ഗോര്‍ബച്ചേവില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപെടുത്തികൊണ്ടുള്ള ''തുറന്നിടല്‍'' പ്രക്രിയയാണ് ഉത്പാദനശക്തികളുടെ വികാസത്തിനായി അവര്‍ തെരഞ്ഞെടുത്തത് . വിദേശ മൂലധനത്തിന്റെയും തദ്ദേശീയ സ്വകാര്യ മൂലധനത്തിന്റെയും വരവ് സാമൂഹ്യവ്യവസ്ഥയില്‍ തെറ്റായ പ്രവണതകള്‍ സൃഷ്ടിച്ചേക്കാം പക്ഷെ ഉത്പാദനശക്തികളുടെ വികാസത്തിന് ഇത് ആവശ്യവുമാണ് അതിനാല്‍ ഈ തെറ്റായ പ്രവണതകളെ ഉരുക്കുമുഷ്ടിയോടെ ചെറുക്കന്‍ കഴിയുന്ന ഒന്നായി അവര്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി , അതിന്റെ നിയന്ത്രണം സകല മേഖലകളിലും ഉണ്ടായി. അനവധി വര്‍ഷങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ചൈനയില്‍ നിന്നും വ്യത്യസ്തമായ പാത സ്വീകരിച്ച മറ്റൊരു ഉദാഹരണമാണ് ക്യൂബ. സോവിയറ്റ് തകര്‍ച്ച വലിയ ആഘാതം ഏല്‍പ്പിച്ച സമ്പദ്വ്യവസ്ഥയായിരുന്നു ക്യൂബയുടേത് എന്നാല്‍ അവര്‍ അന്നത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചു , ഘടനാപരമായ മാറ്റങ്ങള്‍ വരുത്തിയപ്പോഴും മാര്‍ക്‌സിസം ലെനിനിസത്തെ മുറുകെ പിടിച്ചു. വിയറ്റ്‌നാമിന്റെ അനുഭവമാകട്ടെ മറ്റൊന്നാണ്. അവരും 90 കള്‍ക്ക് ശേഷം പുതിയ വികസന തന്ത്രങ്ങളിലൂടെ ഉത്പാദന രംഗത്ത് വലിയ കുതിച്ചുചാട്ടം വരുത്തി. ഇന്ന് ഏഷ്യയിലെ അതിവേഗം വികസിക്കുന്ന രാജ്യമായി അവര്‍ മാറിയിരിക്കുന്നു , അപ്പോഴും മാര്‍ക്‌സിസ്റ്റ് നിലപാടുകളിലൂടെയാണ് അവര്‍ മുന്നേറുന്നത്.


ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി

സോഷ്യലിസ്റ്റ് വിപ്ലവ പ്രക്രിയയെ മുന്നോട്ട് നയിക്കേണ്ടത് ഓരോ കാലത്തെയും ലോകസാഹചര്യത്തിനും അതാത് രാജ്യങ്ങളിലെ വസ്തുനിഷ്ഠസാഹചര്യങ്ങള്‍ക്കും അനുസൃതമായാണ് എന്നാല്‍ സോവിയറ്റ് യൂണിയനില്‍ ഉണ്ടായ പ്രതിസന്ധിയെ പരിഹരിക്കാന്‍ സൃഷ്ടിപരമായ ഒരു പദ്ധതിയും ഗോര്‍ബച്ചേവിനും കൂട്ടര്‍ക്കും ഉണ്ടായിരുന്നില്ല. വെറും പൊള്ളയായ വാചകമടി മാത്രമായിരുന്നു അവരുടെ ആയുധം . പെരിസ്ട്രോയിക്കയും ഗ്ലാസ്നോസ്തും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണെന്ന് ആദ്യ രണ്ടു വര്‍ഷം കൊണ്ടുതന്നെ മനസ്സിലായിട്ടും അതേ പാതയില്‍ കടുംപിടുത്തം നടത്തുകയായിരുന്നു ഗോര്‍ബച്ചേവ്. യാതൊരു വസ്തുനിഷ്ഠ അടിത്തറയുമായില്ലാത്ത 'സാര്‍വത്രിക മാനവിക മൂല്യം , സോഷ്യലിസ്റ്റ് ചോയ്‌സ് ,സാര്‍വത്രിക ജനാധിപത്യം , നമ്മുടെ പൊതു യൂറോപ്യന്‍ തറവാട് ' തുടങ്ങിയ പൊള്ളയായ വാക്കുകള്‍ കൊണ്ട് ഉത്പാദനവ്യവസ്ഥയിലെ മന്ദിപ്പിനെ പിടിച്ചുകെട്ടാമെന്നും വ്യവസ്ഥയെ പരിഷ്‌കരിക്കാമെന്നും കരുതിയിടുത്താണ് ഗോര്‍ബച്ചേവിന്റെ പരാജയം. ആദ്യ രണ്ടു വര്‍ഷം കൊണ്ട് തന്നെ തന്റെ പരിഷ്‌കാരങ്ങള്‍ വിപരീത ഫലങ്ങള്‍ സൃഷ്ടിക്കുന്നത് കണ്ട ഗോര്‍ബച്ചേവ് ഈ പരിഷ്‌ക്കാരങ്ങള്‍ക്ക് തടസ്സം പാര്‍ട്ടിയാണെന്നും അതിനാല്‍ പാര്‍ട്ടിയുടെ എല്ലാ ആധിപത്യവും ഇല്ലാതാക്കുന്നതിലൂടെ പരിഷ്‌കരണങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നും ധരിച്ചു. 1987 മുതല്‍ അദ്ദേഹം പാര്‍ട്ടിക്കെതിരായ യുദ്ധം പ്രഖ്യാപിച്ചു.

1987 നു ശേഷം അദ്ദേഹം തുടര്‍ന്ന തീവ്രഅവസരവാദ നിലപാടുകളുടെ പ്രായോജകര്‍ സോവിയറ്റ് യൂണിയനില്‍ കരുത്താര്‍ജ്ജിച്ചുകൊണ്ടിരുന്ന നിയമവിരുദ്ധ രണ്ടാംസമ്പദ്വ്യവസ്ഥയുടെ ഗുണഭോക്താക്കള്‍ ആയിരുന്നു.(സോവിയറ്റ് വ്യവസ്ഥക്ക് പുറത്ത് നിയമവിരുദ്ധമായി നിലകൊണ്ട കരിഞ്ചന്തയും , ഉത്പാദന വിതരണ സംവിധാനങ്ങളുമാണ് രണ്ടാം സമ്പദ്വ്യവസ്ഥ എന്നത്‌കൊണ്ട് ഉദ്ദേശിക്കുന്നത് ). ഗോര്‍ബച്ചേവിന്റെ റിവിഷനിസ്റ്റ് നിലപാടുകള്‍ ആദ്യം പാര്‍ട്ടിയിലെ എതിരാളികളെയും പിന്നീട് പാര്‍ട്ടിയെ തന്നെയും നിഷ്‌കാസനം ചെയ്തുകൊണ്ടാണ് മുന്നേറിയത്. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ വര്‍ഗ്ഗ സമരം , മുന്നണി പോരാളി എന്ന നിലക്കുള്ള പാര്‍ട്ടിയുടെ പ്രാധാന്യം , സാര്‍വദേശീയ വീക്ഷണം , പൊതുഉടമസ്ഥതയുടെയും പ്ലാനിംഗിന്റെയും പ്രാധാന്യം ഇവയെല്ലാം അദ്ദേഹം ഉപേക്ഷിച്ചു. മാര്‍ക്‌സിസം ലെനിനിസമില്ലെങ്കില്‍ ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് വിപ്ലവസിദ്ധാന്തം ഇല്ലാതായി തീരുന്നു , ജനാധിപത്യ കേന്ദ്രീകരണമില്ലെങ്കില്‍ അതിനൊരു വിപ്ലവസംഘടനയായി നിലനില്‍ക്കാനും കഴിയാതെ വരുന്നു. ഗോര്‍ബച്ചേവിന്റെ നേതൃത്വത്തിന്‍ കീഴില്‍ റഷ്യന്‍ പാര്‍ട്ടിയില്‍ ഇത് രണ്ടും ഇല്ലാതായി.

സോഷ്യലിസം ബിട്രേയ്ഡ് എന്ന പുസ്തകത്തില്‍ റോജര്‍ കീരാനും തോമസ് കെന്നിയും സൂചിപ്പിക്കുന്നത് അഞ്ചു കാര്യങ്ങളിലാണ് ഗോര്‍ബച്ചേവിന് വീഴ്ച സംഭവിച്ചതെന്നാണ് ,

ഒന്ന് ) സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയയിലെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പങ്കിനെ അദ്ദേഹം വിസ്മരിച്ചു. അതിനെ വെറുമൊരു പാര്‍ലമെന്ററി പാര്‍ട്ടിയാക്കി മാറ്റി.

രണ്ട് ). പൊതു ഉടമസ്ഥതയുടെയും കേന്ദ്രീകൃത ആസൂത്രണത്തിന്റെയും പങ്കിനെ കുറച്ചുകണ്ടു.സാമ്പത്തിക മാനേജ്മെന്റില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പങ്കില്ലാതാക്കി കമ്പോളത്തെ തുറന്നു വിട്ടു , കരിഞ്ചതയെ വ്യാപകമാക്കി .

മൂന്ന് ) വിദേശകാര്യ വിഷയങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വ നിലപാടിനും താല്പര്യങ്ങള്‍ക്കും നഗ്നമായി കീഴടങ്ങി.

നാല് ) സോവിയറ്റ് പ്രത്യയശാസ്ത്രത്തെയും സാംസ്‌കാരത്തെയും കമ്പോളത്തിനനുസൃതമായി പുനര്‍നിര്‍മിക്കാന്‍ ഗ്ലാസ്നോസ്റ്റിലൂടെ മാധ്യമങ്ങളെ തുറന്നു വിട്ടു.

അഞ്ച് ) ദേശീയപ്രശ്‌നത്തെക്കുറിച്ച് ഒരു ധാരണയും അദ്ദേഹത്തിനുണ്ടായിരുന്നില്ല ,ആദ്യം ബാള്‍ട്ടിക് വിഘടനവാദ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താനും അതിനു കഴിയാതെ വന്നപ്പോള്‍ അവര്‍ക്കു മുന്നില്‍ കീഴടങ്ങാനും അദ്ദേഹം തയ്യാറായി .

സോവിയറ്റ് യുണിയന്റേത് അനിവാര്യമായ ഒരു പതനം ആയിരുന്നില്ല . ഒരിക്കലും ഭൂരിപക്ഷം ജനതയുടെ ഇച്ഛക്കനുസരിച്ചായിരുന്നില്ല ഈ അട്ടിമറി. 1991 മാര്‍ച്ച് 17 ന് നടന്ന ഹിതപരിശോധനയില്‍ 76.4 % പേരും ആഗ്രഹിച്ചത് സോവിയറ്റ് യൂണിയന്‍ നിലനില്‍ക്കണം എന്നായിരുന്നു. അസര്‍ബൈജാനിലും മധ്യഏഷ്യന്‍ റിപ്പബ്ലിക്കുകളിലും 90%ലേറെ പേര്‍ സോവിയറ്റ് യൂണിയന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തി. പക്ഷെ ലിബറലുകള്‍ കൊട്ടിഘോഷിക്കുന്ന ജനാധിപത്യം ഈ കാര്യത്തില്‍ അവര്‍ മുഖവിലക്കെടുക്കുന്നില്ല എന്നതാണ് മറ്റൊരു വൈരുധ്യം. ലോകമെമ്പാടും ലിബറല്‍ ജനാധിപത്യവാദികള്‍ കൊട്ടിഘോഷിക്കുന്ന ഗോര്‍ബച്ചേവിനെ റഷ്യക്കാര്‍ എത്രമാത്രം വെറുത്തിരുന്നുവെന്ന് 1996 ലെ തെരഞ്ഞെടുപ്പ് ഫലം നോക്കിയാല്‍ മനസിലാകും. അന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഗോര്‍ബച്ചേവിന് കിട്ടിയത് അരശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ്.

വിപ്ലവകാരികളെ സംബന്ധിച്ച് അസ്വസ്ഥമാക്കേണ്ടത് ഗോര്‍ബച്ചേവിന്റെ ഒറ്റല്ല , ,മറിച്ച് ലെനിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട മഹത്തായ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഗോര്‍ബച്ചേവിനെപ്പോലൊരാള്‍ എങ്ങനെ എത്തി ?, അയാളുടെ പിന്തിരിപ്പന്‍ നിലപാടുകളെ തടയാന്‍ എന്തുകൊണ്ട് പാര്‍ട്ടിക്ക് കഴിഞ്ഞില്ല ? എന്ന ചോദ്യങ്ങളാണ്. ക്രൂഷ്‌ചേവ് മുതല്‍ ഇങ്ങോട്ട് പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ച വലതുവ്യതിയാനത്തിന് അതില്‍ വലിയ പങ്കുണ്ട് , പാര്‍ട്ടിയെയും ഭരണത്തെയും രണ്ടായി കണ്ട് വിപ്ലവപ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പറ്റിയ പിശകുണ്ട് , കരുത്താര്‍ജ്ജിച്ചു വന്ന അനധികൃത രണ്ടാം സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ വന്ന പരാജയവും അതുവഴി കടന്നുകൂടിയ അഴിമതിക്കും വലിയ പങ്കുണ്ട്. പാര്‍ട്ടി അംഗത്വത്തെ വളരെ അശ്രദ്ധയോടെയാണ് അവര്‍ കൈകാര്യം ചെയ്തത് , ഭരണ പാര്‍ട്ടി എന്ന നിലക്ക് കടന്നുകൂടിയ അവസരവാദികള്‍ക്കും അന്യവര്‍ഗ്ഗ ചിന്താഗതിക്കാര്‍ക്കും ഒരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിര്‍ണായക സ്ഥാനം ലഭിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നാമമാത്രവും ഔദ്യോഗികവുമായി. ഇതിന്റെയൊക്കെ ഫലമായി പാര്‍ട്ടിയുടെ ജീവവായുവായ വിമര്‍ശനവും സ്വയംവിമര്‍ശനവും പതുക്കെ പതുക്കെ ഇല്ലാതായി. അവസരവാദികളുടെ വരവോടെ മികച്ച കേഡര്‍മാര്‍ പാര്‍ട്ടിക്ക് പുറത്തായി . പ്രത്യയശാസ്ത്ര വികാസവും പഠനവുമാകട്ടെ പാര്‍ട്ടി നേതൃസ്തുതികളും ചടങ്ങുകളും മാത്രമായി ഒതുങ്ങി. ഇതെല്ലം സൃഷ്ടിച്ച പ്രതിസന്ധിയിലാണ് ഗോര്‍ബച്ചേവ് അധികാരത്തിലെത്തുന്നത് , പക്ഷെ അദ്ദേഹവും ഇതേ പ്രതിസന്ധികളുടെ ഉത്പന്നമായിരുന്നു.

സോവിയറ്റ് അട്ടിമറിക്കു ശേഷം ഇന്നത്തേതിനേക്കാള്‍ കോരിത്തരിപ്പോടെ മുതലാളിത്ത ചിന്തകര്‍ ആഹ്ലാദിച്ചിരുന്നു. ചരിത്രം അവസാനിച്ചുവെന്നും ഇനി മുതലാളിത്തത്തിന്റെ പുഷ്‌കലകാലമാണെന്നും ഫുക്കുയാമമാര്‍ പ്രഖ്യാപിച്ചു. മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം ലോകം കൂടുതല്‍ പ്രതിസന്ധിയിലാണ്. ഫുക്കുയാമ പോലും നിലപാട് മാറ്റിയിരിക്കുന്നു. അഞ്ഞൂറ് വര്‍ഷത്തിലേറെ നീണ്ട അനുഭവങ്ങളുടെയും വിഭവങ്ങളുടെയും ബലത്തിലാണ് മുതലാളിത്തം നില്‍ക്കുന്നത് , സോവിയറ്റ് പരീക്ഷണം 74 വര്‍ഷമേ നീണ്ടു നിന്നുള്ളൂ. റഷ്യന്‍ വിപ്ലവത്തിന് പതിനാലു മാസം പ്രായമായപ്പോള്‍ ലെനിന്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി , അയാള്‍ പറഞ്ഞു നാം പാരീസ് കമ്മ്യുണിനേക്കാള്‍ കൂടുതല്‍ അതിജീവിച്ചിരിക്കുന്നു. സോവിയറ്റ് അനുഭവം വിപ്ലവകാരികള്‍ക്ക് നിരാശപ്പെടാനോ സോഷ്യലിസ്റ്റ് പോരാട്ടം അവസാനിപ്പിക്കാനോ ഉള്ള ഒന്നല്ല മറിച്ച് കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകാനുള്ള കരുത്താണ് നല്‍കുന്നത്. വിപ്ലവപ്രവര്‍ത്തനത്തില്‍ ഇടവേളകളും ഒത്തുതീര്‍പ്പുകളും സാധ്യമല്ല തന്നെ.

Related Stories

No stories found.
logo
The Cue
www.thecue.in