ഞാന്‍ എംജി സര്‍വകലാശാലയിലെ പിഎച്ച്ഡി ഗവേഷണം ആരംഭിച്ചത് 2006 ലാണ്. നന്ദകുമാര്‍ കളരിക്കല്‍ ആയിരുന്നു ഗൈഡ്. അതിനു മുന്‍പ് എംഫിലിനും അദ്ദേഹത്തിന്റെ കീഴില്‍ തന്നെയാണ് ഞാന്‍ പ്രോജ്ക്റ്റ് സബ്മിറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ആദ്യകാല വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഞാന്‍. ഇന്ന് ദീപ പി മോഹന്‍ എന്ന വിദ്യാര്‍ത്ഥിനി സമരം ചെയ്തുകൊണ്ടിരിക്കുന്നത് നന്ദകുമാര്‍ കളരിക്കലിനും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥയ്ക്കും എതിരെയാണ്.
വളരെ ചുരുങ്ങിയ സൗകര്യമുള്ള ഒരു ലാബില്‍ രണ്ടു പേര്‍ മാത്രം ഫുള്‍ടൈം ഗവേഷകരായി ഉണ്ടായിരുന്ന രണ്ട് വര്‍ഷത്തിലേറെക്കാലമുണ്ടായിരുന്നു. അക്കാലത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ കമ്പ്യൂട്ടര്‍ സൗകര്യം കുറവായിരുന്നത് കൊണ്ട് സാറിന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്കനുവാദമുണ്ടായിരുന്നു. സാറില്ലാത്ത സമയത്തും സാറിന്റെ ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ചോളൂ എന്ന് പറഞ്ഞ് അദ്ദേഹം തന്നെ മുറിയുടെ സ്‌പെയര്‍ കീ ഞങ്ങള്‍ക്ക് തന്നിട്ടുണ്ടായിരുന്നു.
ഗവേഷണം തുടങ്ങി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും എങ്ങും എത്താതെ കറങ്ങി തിരിയുന്ന ഭ്രാന്തന്‍ ദിവസങ്ങളില്‍ ഒന്നില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം നന്ദകുമാര്‍ ലാബിലേക്ക് കയറി വന്നു. എന്റെ സഹഗവേഷക ലാബില്‍ ഉണ്ടായിരുന്നില്ല. തന്റെ ഓഫീസ് മുറിയിലിരുന്ന ഒരു കെട്ട് ആന്‍സര്‍ ഷീറ്റുകള്‍ കാണുന്നില്ല, ജീവന്‍ കണ്ടിരുന്നൊ എന്ന് അദ്ദേഹം ചോദിച്ചു. കണ്ടിട്ടില്ല എന്ന് പറഞ്ഞതിനു പിന്നാലെ, എംഎസ്‌സി കുട്ടികളുടെ ആന്‍സര്‍ ഷീറ്റ് മനപ്പൂര്‍വ്വം ഞാനെടുത്ത് മാറ്റി വച്ചതാണ് എന്ന് പറഞ്ഞ് അദ്ദേഹം ബഹളം വയ്ക്കാനാരംഭിച്ചു. ഞാനെന്തിനാണ് എംഎസ്‌സി കുട്ടികളുടെ ആന്‍സര്‍ഷീറ്റ് എടുത്ത് ഒളിപ്പിച്ച് വെയ്ക്കുന്നത് എന്ന് ചോദിച്ചതിന്, അതിന് മറുപടി പറയേണ്ട ബാധ്യത ജീവന്റേതാണ് എന്ന് പറഞ്ഞ് അദ്ദേഹം ചീത്തവിളിയുടെ ആക്കം കൂട്ടി.
അരമണിക്കൂറോളം നീണ്ടു നിന്ന ചോദ്യം ചെയ്യല്‍ ഹൊററിനു ശേഷം, എനിക്ക് അല്‍പം സമനില വീണ്ടെടുക്കാനായപ്പോള്‍ ഞാന്‍ പറഞ്ഞു, താങ്കള്‍ ഈ ആരോപണം വിസിയുടെ അടുത്ത് കംപ്ലൈന്റ് ചെയ്യുക, ഞാന്‍ അവിടെ മറുപടി പറഞ്ഞോളാം, ഇനി കംപ്ലൈന്റ് താങ്കള്‍ ചെയ്യുന്നില്ല എങ്കില്‍ ഞാന്‍ പോയി, വിസിയോട് നേരിട്ട് കാര്യം പറയാം, ഞാനതും പറഞ്ഞ്, അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ താക്കോല്‍ തിരികെ കൊടുത്ത് മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു. അടുത്തുള്ള ലാബിലെ എന്റെ സുഹൃത്തിനോട് സംഭവങ്ങള്‍ വിവരിച്ചു. നന്ദകുമാര്‍ തന്റെ ഓഫീസ് മുറി പൂട്ടി വീട്ടിലേക്ക് പോകുന്നതു ആ ലാബിലിരുന്ന് കണ്ടു.
ഒരു മണിക്കൂര്‍ കഴിഞ്ഞ് നന്ദകുമാര്‍ തിരിച്ചു വന്ന് എന്നെ വിളിച്ചു. ഞാനപ്പോഴും സുഹൃത്തിന്റെ ലാബില്‍ തന്നെ ചെയ്യാത്ത കുറ്റത്തിന് പ്രതിയാകേണ്ടിവന്ന ഷോക്കില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുകയായിരുന്നു. വീണ്ടും അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലേക്ക് ചെന്ന എന്നോട് നന്ദകുമാര്‍ പറഞ്ഞു, ആന്‍സര്‍ ഷീറ്റ് തന്റെ വീട്ടില്‍ ഇരുപ്പുണ്ടായിരുന്നു, കഴിഞ്ഞ ദിവസം വാല്യൂ ചെയ്യാനായി വീട്ടില്‍ കൊണ്ടുപോയത് മറന്നു പോയതാണ് എന്ന്. തെറ്റിദ്ധരിച്ചതില്‍ അദ്ദേഹം സോറി പറഞ്ഞു.
സോറി ഞാന്‍ സ്വീകരിച്ചു. പക്ഷെ, ഒരു കാര്യവുമില്ലാതെ ആ വിധം തെറ്റിദ്ധരിക്കപ്പെട്ടത് എന്തുകൊണ്ടാണ് എന്ന ചോദ്യം അവസാനിക്കുന്നില്ല.
ആറുവര്‍ഷത്തെ ഗവേഷണ ജീവിതത്തില്‍ അനുഭവിച്ച അനാവശ്യമായ സ്ട്രസ്സിന്റെ നേര്‍ചിത്രം മനസിലാക്കാനായി ആദ്യം ഓര്‍മ്മയില്‍ വരുന്ന ഒരു സംഭവം മാത്രമാണ് ഈ പറഞ്ഞത്. ഇതേപോലെ അനേകം സംഭവങ്ങളുണ്ടായിട്ടുണ്ട്. ഓരോ സംഭവങ്ങളുണ്ടാകുമ്പോഴും അത്രയും കാലം ചെയ്ത ഗവേഷണ ഫലങ്ങള്‍ മുഴുവനും ഉപേക്ഷിച്ചു പോകാനായി ഒരുങ്ങും. ആരെങ്കിലും ഒക്കെ വന്ന് സമാധാനിപ്പിക്കും. പിടിച്ചു നില്‍ക്കാന്‍ ഉപദേശിക്കും. ആറുവര്‍ഷത്തെ ഗവേഷണ ഫലങ്ങള്‍ മുഴുവനും പിഎച്ച്ഡി ഗൈഡിനു മുന്നില്‍ വച്ചിട്ട് താങ്കള്‍ എടുത്തോളൂ എന്ന് പറഞ്ഞ് ഇറങ്ങിപ്പോരാന്‍ ഒരുങ്ങിയ ഒരു ദിവസവും ഉണ്ടായിരുന്നു. ഗവേഷണ ജീവിതത്തില്‍ അധ്യാപകനില്‍ നിന്നേറ്റുകൊണ്ടിരുന്ന ഇന്‍സല്‍റ്റുകളുടെയും വെര്‍ബല്‍ അബ്യൂസുകളുടെയും കാഠിന്യം സഹിക്കാവുന്നതിലും അപ്പുറത്തായ സമയത്താണ് ഇനി പിഎച്ച്ഡി കിട്ടിയില്ലെങ്കിലും വേണ്ടാ എന്ന് കരുതി ഇറങ്ങിപ്പോരാന്‍ ഒരുങ്ങിയത്.
ഇറങ്ങിപ്പോന്നപ്പോള്‍ പിന്നാലെ വന്ന് വിളിച്ച് വേഗം തീര്‍ത്തുതരാം പോവരുത് എന്ന് പറഞ്ഞിട്ടുണ്ട്, നന്ദകുമാര്‍ കളരിക്കല്‍. അതു കഴിഞ്ഞും ബഹളത്തിന്റെ പാരമ്യം ഉണ്ടാക്കിയതിന് ശേഷമാണ് എംജി യൂണിവേഴ്‌സിറ്റിയിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ആ ലാബുകളില്‍ നിന്നും ജീവിതത്തെ രക്ഷപ്പെടുത്തിയെടുത്തത്.
ആറു വര്‍ഷത്തെ പിഎച്ച്ഡി കാലത്തെ എംജി സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയിലെ ഉറക്കമില്ലാത്ത രാത്രികളില്‍ അനുഭവിച്ച വേദനകള്‍, ഒഴുകിത്തീര്‍ത്ത കണ്ണുനീര് ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും എന്നെ വേട്ടയാടുന്നുണ്ട്. പിടിച്ചു നില്‍ക്കാന്‍ മറ്റൊരുപാട് സപ്പോര്‍ട്ടിങ്ങ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലത്തെ അതിജീവിച്ചത്. അതില്ലാത്ത എത്രയോ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് എംജി സര്‍വകലാശാലയിലെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ മറ്റ് അധ്യാപകരും കൂടെയുണ്ടായിരുന്ന മറ്റ് ഗവേഷകരും ഹോസ്റ്റലിലെയും ക്യംപസിലേയും അനേകം കൂട്ടുകാരും കുടുംബവും എല്ലാം അറിഞ്ഞൊ അറിയാതെയോ കാണിച്ച കരുതലിന് എന്റെ ജീവന്റെ വിലയുണ്ട് എന്ന് ഞാനിന്ന് തിരിച്ചറിയുന്നുണ്ട്.
അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ കാരണക്കാരന്‍ ഞാനല്ല, എന്റെ കുറവുകളല്ല, അത് അബ്യൂസീവായ ഒരു ബോസിന്റെ ബിഹേവ്യറല്‍ പ്രശ്‌നമാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ആ സപ്പോര്‍ട്ടിങ്ങ് സംവിധാനമാണ്. ആ സപ്പോര്‍ട്ടിങ്ങ് സംവിധാനം ഉള്ളതുകൊണ്ടാണ് എന്നെപ്പോലെയുള്ള പലര്‍ക്കും അവിടെ നിന്നും പിഎച്ച്ഡി തീര്‍ത്ത് ഇറങ്ങിപ്പോരാന്‍ കഴിഞ്ഞത്. ആ സപ്പോര്‍ട്ടിങ്ങ് സംവിധാനം എല്ലാവര്‍ക്കും ഒരേ മട്ടിലല്ല പ്രവര്‍ത്തിക്കുന്നത്.
ജാതി എന്ന സാമൂഹിക യാഥാര്‍ത്ഥ്യം നിര്‍മ്മിക്കുന്ന അസമത്വം ഏറ്റവും സൂക്ഷ്മ തലത്തില്‍ ഇടപെടുന്നത് ഇതുപോലെയാണ്. ഞാനും ദീപ പി മോഹനും അനുഭവങ്ങളുടെ സമാനതയിലും വ്യത്യസ്തമാകുന്നതും സമൂഹം കൂടുതല്‍ ഉത്തരവാദിത്വത്തോടെ ദീപ പി. മോഹനെ കേള്‍ക്കേണ്ടിവരുന്നതും ഈ പറഞ്ഞ സപ്പോര്‍ട്ടിങ്ങ് സംവിധാനങ്ങള്‍ ഞങ്ങള്‍ രണ്ടു പേരിലും രണ്ടു തരത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതു കൊണ്ടാണ്.
ഞാന്‍ സഞ്ചരിച്ച അതേ വേദനകളിലൂടെ, ചിലപ്പോഴൊക്കെ അതിനേക്കാള്‍ കൂടിയ വേദനകളിലൂടെ സഞ്ചരിച്ച മറ്റുനാലു പേരുകൂടെ പല കാലങ്ങളില്‍ എന്നോടൊപ്പമുണ്ടായിരുന്നു. ഞങ്ങളാരും നന്ദകുമാര്‍ കളരിക്കലിനെതിരെ ദീപ പോയതുപോലെ പോരാടാന്‍ പോയില്ല. എല്ലാവരും എങ്ങനെയെങ്കിലും പിഎച്ച്ഡി തീര്‍ക്കണം എന്ന് മാത്രം വിചാരിച്ചു. ഞാനാകെ ചെയ്തത് ഗവേഷണ രംഗത്തെ അടിമ ഉടമ ബന്ധത്തെ മുന്‍നിര്‍ത്തി മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ലേഖനമെഴുതുക മാത്രമാണ്.
കാലങ്ങളായി കേട്ടുകൊണ്ടിരുന്ന ഇന്‍സല്‍റ്റുകളുടെ ഫ്രീക്വന്‍സി ഇരട്ടിച്ച് മാസങ്ങളോളം നീണ്ടു നിന്ന ഡിപ്രഷന്‍ മാത്രമാണ് ആ ലേഖനം എനിക്ക് സമ്മാനിച്ചത്. ദീപയേപ്പോലെ അന്ന് ഞങ്ങള്‍ സമരം ചെയ്ത് നന്ദകുമാറിന്റെ അബ്യൂസീവ് ബിഹേവിയറിന് തടയിടാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്ന് ദീപയ്ക്ക് ഈ മട്ടില്‍ പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ല.
പക്ഷെ ഞങ്ങള്‍ എല്ലാവരും നീതിയേക്കാള്‍ കൂടുതല്‍ സ്വന്തം കരിയറിനെ കുറിച്ച് മാത്രം ചിന്തിച്ചു. എല്ലാവരും അവരവരുടെ കാര്യം നോക്കുന്ന നാട്ടില്‍ ദീപ വ്യത്യസ്തയാകുന്നത് അവള്‍ അവള്‍ക്ക് വേണ്ടി മാത്രമല്ല, അവളുടെ പിന്നാലെ വരുന്നവര്‍ക്കും വംശാവലിക്കും വേണ്ടി കൂടിയാണ് സംസാരിക്കുന്നത് എന്നത് കൊണ്ടാണ്.
നന്ദകുമാര്‍ കളരിക്കലില്‍ നിന്നും മാനസിക പീഡനങ്ങള്‍ അനുഭവിച്ചവരില്‍ ദളിതല്ലാത്ത ഞാനൊ മറ്റുള്ളവരോ ഉണ്ട് എന്നത് കൊണ്ട് ദീപ അനുഭവിച്ച വിവേചനവും മാനസിക പീഡനങ്ങളും ജാതിപരമല്ലാതാകുന്നില്ല. പല തരം മുന്‍വിധികള്‍ വച്ചു കൊണ്ട് ഗവേഷകരോടും വിദ്യാര്‍ത്ഥികളോടും അദ്ദേഹം പെരുമാറുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്.
ഒരധ്യാപകന്‍ എന്ന നിലയില്‍ തുടരാന്‍ ഒരു കാരണവശാലും അര്‍ഹതയില്ലാത്ത മട്ടിലുള്ള അനേകം അനേകം പരാമര്‍ശങ്ങളും പ്രവര്‍ത്തികളും നന്ദകുമാര്‍ കളരിക്കല്‍ നടത്തുന്നത് ഏറ്റവും അടുത്ത് നിന്ന് അനുഭവിച്ച ഒരാളാണ് ഞാന്‍. ആത്മാഭിമാനമുള്ള ആരും വേദനിക്കാതെ ആ ലാബില്‍ നിന്നും ഇറങ്ങിപ്പോന്നിട്ടുണ്ട് എന്നെനിക്ക് തോന്നിയിട്ടില്ല. ആത്മാഭിമാനവും സ്വന്തം കഴിവില്‍ വിശ്വാസവും ഇല്ലാത്ത അടിമത്വത്തെ ആഘോഷമാക്കുന്ന ഒരുപാട് പേര്‍ ആ ലാബുകളില്‍ നിന്നും ഇറങ്ങിപ്പോന്ന ശേഷം തങ്ങള്‍ അനുഭവിച്ചതെല്ലാം ഭാഗ്യമായിരുന്നു എന്ന് പറഞ്ഞ് അണിനിരക്കുന്നത് കാണുമ്പോഴാണ് ഇനിയും ഇതൊക്കെ പറയാതിരിക്കരുത് എന്ന് തോന്നിയത്.
നന്ദകുമാറിന്റെ ഈ സ്വഭാവത്തെകുറിച്ച് അറിയാത്തവരല്ല എംജി സര്‍വകലാശാലയിലെ ബഹുഭൂരിപക്ഷം വരുന്ന അക്കാദമിക്ക് സമൂഹം. പക്ഷെ അവരാരും അതില്‍ സീരിയസായി ഇടപെടാന്‍ തയ്യാറാവുകയില്ല. കാരണം, നന്ദകുമാറില്‍ നിന്നും നേരിട്ടോ, തൊട്ടടുത്ത ബന്ധുക്കളൊ, ഏറ്റവും വേണ്ടപ്പെട്ടവരോ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ മാത്രമേ ഈ വിഷയം അവര്‍ക്കെല്ലാം പ്രധാനമാവുകയൊള്ളൂ. അനുഭവിച്ചവര്‍ പോലും പിന്നീട് കിട്ടിയേക്കാവുന്ന ചെറിയ ചെറിയ അപ്പക്കഷണങ്ങള്‍ മുതല്‍ വലിയ വലിയ കേക്ക് പീസുകള്‍ വരെ പ്രതീക്ഷിച്ച് അടിമയുടെ റോള്‍ ഭംഗിയായി ആടിക്കൊണ്ടിരിക്കുന്നത് തിരിച്ചറിയാന്‍ എളുപ്പമാണ്.
എന്റേതടക്കം പലരുടെയും പിഎച്ച്ഡിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ഈ മനുഷ്യനെ നിലയ്ക്ക് നിര്‍ത്തേണ്ടതുണ്ട്, അല്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം വലുതായിരിക്കും എന്ന് തോന്നിയിട്ടുണ്ട്. ഇത്തരം അധ്യാപകര്‍ ചെയ്യുന്ന ഏറ്റവും വലിയ അപകടം അവര്‍ അവരുടെ തന്നെ ക്ലോണുകളെ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയും ആ ക്ലോണുകളെ ഇന്‍ഫ്‌ലുവന്‍ഷ്യലായ പൊസിഷനുകളില്‍ കുടിയിരുത്തുകയും ചെയ്യുന്നു എന്നത് കൂടിയാണ്.
ഇവര്‍ നടത്തുന്ന ഇന്‍സല്‍റ്റുകളും മാനസിക പീഡനങ്ങളും നോര്‍മ്മലാണെന്നും അതിനെ സപ്പോര്‍ട്ട് ചെയ്യേണ്ടതാണ് എന്നും വിശ്വസിക്കുന്ന വലിയ കൂട്ടത്തെ അവര്‍ ഉണ്ടാക്കി വച്ചിരിക്കുന്നു എന്നതാണ്. ആ കൂട്ടമാണ് ഈ സംവിധാനത്തില്‍ നിന്നും പിഴുതെറിയപ്പെട്ടവരെ കുറിച്ചുള്ള ഡാറ്റയെ അപ്രത്യക്ഷമാക്കുന്നതും. ദീപ അങ്ങനെ പിഴുതെറിയപ്പെടുന്നതിന് നിന്നു കൊടുത്തില്ല, പത്തു വര്‍ഷമായിട്ടും പോരാടിക്കൊണ്ടിരിക്കുന്നു. തന്റെ അവകാശങ്ങളെ കുറിച്ച് തനിക്ക് കഴിയുന്ന മട്ടില്‍ കലമ്പിക്കൊണ്ടിരിക്കുന്നു.
നന്ദകുമാറിന്റെ അബ്യൂസീവായ ബിഹേവിയറിനെ കുറിച്ച് അറിയാത്ത ആളല്ല സാബു തോമസ്. എന്ന് മാത്രമല്ല, ദീപ പി മോഹന്‍ പഠിക്കാനായി എത്തും മുന്‍പുപോലും വിദ്യാര്‍ത്ഥികളുമായി നന്ദകുമാറിനുണ്ടായ പ്രശ്‌നങ്ങളില്‍ മധ്യസ്ഥന്റെ റോള്‍ വഹിച്ച് നന്ദകുമാറിന് അനുകൂലമാക്കി മാറ്റിയത് സാബു തോമസ് തന്നെയാണ്. ഇതൊന്നും ഹറാസ്‌മെന്റോ അബ്യൂസോ അല്ല, എക്‌സലന്‍സിനു വേണ്ടിയുള്ള പ്രഷര്‍ മാത്രമാണെന്ന കപട ന്യായത്തിന്റെ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന വലിയ പ്രക്രിയയുടെ നേതൃത്വം വഹിക്കുന്നത് സാബു തോമസ് തന്നെയാണ് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. അക്കാദമിക്ക് എക്‌സലന്‍സിന്റെ ന്യായങ്ങള്‍ ഉന്നയിച്ച് സാബു തോമസിനെ ന്യായീകരിക്കുന്നവര്‍ മനസിലാക്കാത്തതോ ഓര്‍ക്കാതെ പോകുന്നതോ ആയ കാര്യം ഇന്ന് നിങ്ങള്‍ കാണുന്ന നന്ദകുമാര്‍ കളരിക്കല്‍ സാബു തോമസിന്റെ ഗ്ലോറിഫൈഡ് ടൂള്‍ മാത്രമാണ് എന്നകാര്യമാണ്.
നന്ദകുമാറിന്റെ ഹറാസിങ്ങ് ബിഹേവിയറിനെ ഓരോ സമയത്തും ചൂട്ടുകത്തിച്ച് വളരാന്‍ സഹായിച്ച ആ മനുഷ്യനു മുന്നില്‍ നീതിക്ക് വേണ്ടി വാദിക്കാന്‍ ചെല്ലേണ്ടി വന്നു എന്നതാണ് ദീപ നേരിട്ട ഏറ്റവും വലിയ ഐറണി. ദീപ നടത്തുന്നത് നന്ദകുമാര്‍ കളരിക്കല്‍ എന്ന ഒരു വ്യക്തിയോടുമാത്രമുള്ള സമരമല്ല എന്നും സാബു തോമസും നന്ദകുമാര്‍ കളരിക്കലും കൂടിച്ചേര്‍ന്ന് കെട്ടിയുയര്‍ത്തിയ ഒരു സംവിധാനത്തില്‍ നിലനില്‍ക്കുന്ന നീതി നിഷേധത്തിന് എതിരെയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
ഒരധ്യാപകന് ആദ്യമായും അവസാനമായും വേണ്ട ബോധ്യം തന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന ഓരോ വിദ്യാര്‍ത്ഥിയും ഓരോ മനുഷ്യനാണ് എന്നതാണ്. ആ വിദ്യാര്‍ത്ഥിയെ നിര്‍മ്മിക്കുന്നത് ആ മനുഷ്യജീവി ജനിച്ചു വളര്‍ന്ന സാഹചര്യങ്ങളാണ്. ജാതിയും മതവും കുടുംബപശ്ചാത്തലവും സാമ്പത്തിക ക്രമങ്ങളും നാടും നാട്ടിലെ രാഷ്ട്രീയവും എല്ലാം ചേര്‍ന്ന ജീവസത്തയാണ് ഓരോ വിദ്യാര്‍ത്ഥിയും.
അതിനനുസരിച്ച് മാത്രമാണ് ഓരോ വിദ്യാര്‍ത്ഥിയും തങ്ങള്‍ക്ക് മുന്നില്‍ നിര്‍ദേശിക്കപ്പെടുന്ന അവസ്ഥകളോട് പ്രതികരിക്കുക. അതിനു പകരം എല്ലാ വിദ്യാര്‍ത്ഥിയും ഓരോ യന്ത്രങ്ങളാണ് എന്ന് കണ്ട് നിശ്ചിതമായ അളവുകളും വടിവുകളും മാത്രം സ്വീകരിക്കപ്പെടുന്ന അതോറിറ്റിയായിട്ടാണ് നന്ദകുമാര്‍ തന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന ഗവേഷക വിദ്യാര്‍ത്ഥികളെ കാണുന്നത്.
നന്ദകുമാറിന്റെ ഈ അളവുകളില്‍ ഏറ്റവും യോജ്യമാവുക ജീവിത പരിസരത്തിന്റെ ഏറ്റവും നല്ല പ്രിവിലേജുകള്‍ ആസ്വദിക്കുന്നവര്‍ മാത്രമാണ്. നന്ദകുമാറിന്റെ ഇന്‍സല്‍റ്റുകളെയും അബ്യൂസുകളെയും ക്വാളിറ്റി ഇമ്പ്രൊവൈസേഷനുള്ള അധ്യാപകന്റെ സ്‌പെഷ്യല്‍ ട്രീറ്റ്‌മെന്റാണ് എന്ന് ആ പ്രിവിലേജുകള്‍ ആസ്വദിക്കുന്നവര്‍ തെറ്റിദ്ധരിച്ചു പോയേക്കാം. പക്ഷെ, ജാതിയുടെ വ്യവഹാരങ്ങള്‍ മുറിവേല്‍പ്പിച്ചിട്ടുള്ളവര്‍ക്ക് വളരെ എളുപ്പത്തില്‍ അതിന്റെ യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനാകും.
ആന്‍സര്‍പ്പേപ്പര്‍ മോഷ്ടിച്ചു എന്ന നുണകൊണ്ട് നാടകം നടത്തിയത് എന്റെ കൈയില്‍ നിന്നും അദ്ദേഹത്തിന്റെ ഓഫീസ് മുറിയുടെ താക്കോല്‍ തിരികെവാങ്ങാനുള്ള കുതന്ത്രമായിരുന്നു എന്ന് ചിന്തിക്കാനാണ് അന്ന് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ ആ ഒരു സംഭവം തന്നെ ഗവേഷണം അവസാനിപ്പിക്കാനുള്ള കാരണമാകാമായിരുന്നു. ഞാന്‍ മിണ്ടാതെ പോകും എന്നും, എനിക്ക് വേണ്ടി സംസാരിക്കാന്‍ ആരും ഉണ്ടാകില്ല എന്ന സാഹചര്യവും ഉണ്ടായിരുന്നെങ്കില്‍ നന്ദകുമാര്‍ എന്നോട് സോറി പറയുമായിരുന്നില്ല. ഒരു സോറിയെങ്കിലും വാങ്ങിയെടുക്കാന്‍ നമ്മുടെ സമൂഹത്തില്‍ അനേകം പ്രിവിലേജുകള്‍ ആര്‍ജിക്കേണ്ടതുണ്ട് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
ഒരു അധ്യാപകനായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കാന്‍ ഒരിക്കലും അര്‍ഹനല്ലാത്ത ആളായിട്ടാണ് നന്ദകുമാര്‍ കളരിക്കല്‍ എന്ന മനുഷ്യനെ അനുഭവങ്ങളിലൂടെ ഞാന്‍ മനസിലാക്കിയിട്ടുള്ളത്.
ദീപയല്ല വിദ്യാഭ്യാസ സംവിധാനത്തില്‍ നിന്നും പുറത്താക്കപ്പെടേണ്ടത്, അവരെ മാനസിക പീഡനത്തിനിരയാക്കുകയും മനുഷ്യന്‍ എന്ന മാന്യത നല്‍കി പെരുമാറാന്‍ തിരിച്ചറിവില്ലാതെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്യുന്ന ഇത്തരം അധ്യാപകരാണ്. ദീപയുടെ സമരം നമ്മുടെ സമൂഹത്തിലെ മാറ്റത്തിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഏറ്റവും ഉജ്ജ്വലമായ അധ്യായങ്ങളില്‍ ഒന്നാണ്. നമ്മുടെ പൊതു സമൂഹത്തിന്റെ കാപട്യം നിറഞ്ഞ തെറ്റിദ്ധാരണകള്‍ക്കെതിരെ കൂടിയാണ് ദീപ നിരാഹാരമിരിക്കുന്നത്.
ഐഐറ്റി കാണ്‍പൂരില്‍ അധ്യാപകനായി നിയമിതനായ ദളിത് വിഭാഗത്തില്‍ നിന്നുള്ള സുബ്രമണ്യം സദര്‍ല നേരിട്ട പ്രശ്‌നം അടുത്തകാലത്ത് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. എസ്.സി/ എസ്.ടി വിഭാഗത്തില്‍ പെട്ട ആളെ നിയമിച്ചതിലൂടെ ഐഐറ്റിയുടെ നിലവാരം മോശമായി എന്ന ധാരണയോടെ സദര്‍ലയെ കാണ്‍പൂര്‍ ഐഐറ്റിയില്‍ നിന്നും പുറത്താക്കിക്കാനായി അവിടുത്തെ നാലു പ്രമുഖ ഫാക്കല്‍റ്റികള്‍ നടത്തിയ ശ്രമങ്ങള്‍ തെളിവു സഹിതം പുറത്തു വന്ന കേസാണ് അത്. അതില്‍ സദര്‍ലയ്‌ക്കെതിരെ ഉണ്ടായിരുന്ന വ്യാജ ആരോപണങ്ങളില്‍ ഏറ്റവും പ്രധാനമായും ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ ഗവേഷണ ഫലങ്ങളിലെ കോപ്പിയടിയെ സംബന്ധിച്ചായിരുന്നു എന്നോര്‍ക്കണം.
ദളിത് വിഭാഗത്തില്‍ പെട്ട മനുഷ്യരെ താഴ്ത്തിക്കെട്ടാനായി അവരുടെ ബൗദ്ധിക ശേഷിയെ ഇകഴ്ത്തിക്കാട്ടുന്ന തരത്തില്‍ ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നമ്മുടെ രാജ്യത്തെ ഒരു സാധാരണ രീതിയായി കഴിഞ്ഞിട്ടുണ്ട് എന്ന് വേണം മനസിലാക്കാന്‍. ദീപ പി മോഹന്റെ മേല്‍ നന്ദകുമാര്‍ കളരിക്കല്‍ ആരോപിച്ച രണ്ട് ആരോപണങ്ങളും (ഇവരേപ്പോലുള്ളവരെ നിലനിര്‍ത്തിയാല്‍ ഇന്‍സ്റ്റ്യൂട്ടിന്റെ നിലവാരം തകരും എന്ന അഭിപ്രായം പറഞ്ഞതും ദീപയെ കോപ്പിയടി ആരോപിച്ച് ഇന്‍സല്‍റ്റ് ചെയ്തതും) ഇന്ത്യയിലെ ദളിതുകളെ അക്കാദമിക്‌സില്‍ നിന്നും പുറത്താക്കി നിര്‍ത്തുന്നതിനായി വരേണ്യ വര്‍ഗ്യം കെട്ടി ചമയ്ക്കുന്ന വ്യാജ ആരോപണങ്ങളില്‍ പ്രധാനപെട്ടതാണ്.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന ജാതിപരമായ വിവേചനത്തേയും അതുമൂലം ഉണ്ടാകുന്ന വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്കും ആത്മഹത്യകളെയും കുറിച്ച് ദിവസവും പത്രം വായിക്കുന്നവര്‍ക്ക് സുപരിചിതമായി തീര്‍ന്ന കാര്യമാണ്. ഇന്ത്യയിലെ ഏഴ് പ്രധാന ഐഐറ്റികളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന വിദ്യാര്‍ത്ഥികളില്‍ അറുപതു ശതമാനവും എസ്.സി/എസ്.ടി വിഭാഗത്തില്‍ നിന്നും ഉള്ളവരാണെന്ന കണക്ക് രാജ്യസഭയില്‍ ചര്‍ച്ചയായത് ഈ കഴിഞ്ഞ ആഗസ്റ്റിലാണ്. ഇത് കേരളത്തിന് പുറത്ത് മാത്രമാണെന്നും നമ്മുടെ നാട്ടില്‍ ഇതൊന്നും നടക്കുന്നതല്ലെന്നും ഉള്ള കണ്ണടച്ച് ഇരുട്ടാക്കല്‍ ബൗദ്ധിക സത്യസന്ധത അല്‍പമെങ്കിലും ശേഷിക്കുന്ന നമ്മുടെ അക്കാദമിക്ക് സമൂഹത്തിന് ഭൂഷണമാണോ എന്നതാണ് ചോദ്യം. രോഹിത്ത് വെമുലയുടേതടക്കം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ എത്രയോ ആത്മഹത്യകള്‍ തലങ്ങും വിലങ്ങും ചര്‍ച്ച ചെയ്ത സമൂഹമാണ് നമ്മുടേത്. പക്ഷെ നമ്മുടെ കൂടെയുള്ളയാള്‍ക്ക് പ്രശ്‌നം നേരിടേണ്ടി വരുമ്പോള്‍ തടിതപ്പുകയും ജാതിപരമായ പ്രിവിലേജിന്റെ ഭാഗത്തേക്ക് കൂടുമാറുകയും ചെയ്യുന്ന കാപട്യത്തിന് കേരളത്തിലും ഒരു വ്യത്യാസവുമില്ല എന്ന് തെളിയിച്ചു തരുന്ന കാഴ്ചയാണ് ദീപ പി മോഹന്റെ സമരത്തിലൂടെ നാം കണ്ടുകൊണ്ടിരിക്കുന്നത്.
ദീപയുടെ സമരം വിജയിക്കേണ്ടത് സാമൂഹിക നീതിയേയും മനുഷ്യത്വത്തേയും കുറിച്ച് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്ന ഏതൊരാളുടെയും പ്രതീക്ഷകള്‍ നിലനിര്‍ത്താനാവശ്യമാണ്.