ഞങ്ങൾ സിനിമാളുകളിൽ കണ്ടു കൊതിച്ച വിജയകാന്തിന്റെ കണ്ണുകൾ, ചലനങ്ങൾ

ഞങ്ങൾ സിനിമാളുകളിൽ കണ്ടു കൊതിച്ച വിജയകാന്തിന്റെ കണ്ണുകൾ, ചലനങ്ങൾ
Published on

ഞങ്ങൾ പ്രീഡിഗ്രി കാലത്ത് പേരാമ്പ്രയിലെ ബി ക്‌ളാസ് തിയറ്ററുകളിലും നടുവണ്ണൂരിലെയും മറ്റും സി ക്‌ളാസ് തിയറ്ററുകളിലും ക്‌ളാസ് കട്ട് ചെയ്തും പകലിരവുകളില്ലാതെ അലഞ്ഞും സിനിമകൾക്ക് പിറകെ ഭ്രാന്ത് പിടിച്ച് പാഞ്ഞു നടന്നിരുന്ന കാലത്തെ നായകനായിരുന്നു വിജയകാന്ത്. രജനീകാന്ത് എന്ന സ്റ്റൈൽ മന്നൻ തമിഴ് സിനിമയിൽ മുടിചൂടാ മന്നനായി മാറിയപ്പോൾ വിജയകുമാർ പളനി എന്നോ മറ്റോ ഉള്ള തന്റെ പേര് വെട്ടി കാന്ത് വിജയന് പിറകെ ചേർത്ത് പരീക്ഷണത്തിനിറങ്ങിയതാണ് എന്ന കാര്യമൊക്കെ അന്നേ ഞങ്ങൾക്കിടയിൽ സംസാര വിഷയമായിരുന്നു. റോഡിലെ ഓവ്പാല കല്പടവുകളിലും മൈതാനങ്ങളിലും ഒത്തു കൂടുമ്പോഴൊക്കെ സിനിമകളും ആ ലോകത്തെ അണിയറക്കഥകളും ഗോസിപ്പുകളും അല്ലാതെ ഞങ്ങൾക്ക് മറ്റു ചർച്ചാ വിഷയങ്ങൾ ഇല്ലാ എന്ന് തന്നെ പറയാം. സിനിമ ഹറാമായവർ പോലും പാത്തും പതുങ്ങിയും അത് കാണാൻ നിർബന്ധിതരാവുന്നവിധം ഞങ്ങൾക്കെല്ലാം സിനിമ അവശ്യ ഭക്ഷണവസ്തുവും ഉള്ളിലെ അനുഭൂതിജീവിതമെന്ന വിശപ്പിനെ കെടുത്തുന്ന പാനവസ്തു നിറച്ച മധു ചഷകവുമായിരുന്നു. തമിഴ് സിനിമയെ മലയാള സിനിമയോടൊപ്പം തന്നെ ഞങ്ങൾ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്തു. സബ് ടൈറ്റിൽ ഒന്നുമില്ലാത്ത അക്കാലത്ത് എങ്ങിനെ ഞങ്ങൾ രജനിയെയും കമലാഹാസനെയും വിജയകാന്തിനെയുമെല്ലാം ഇങ്ങിനെ ആസ്വദിച്ചു എന്ന കാര്യം ഇന്ന് അത്ഭുതത്തോടെ ഓർക്കുന്നു. ഞങ്ങൾക്കിടയിലെ കൊട്ടപ്പുറത്ത് ബഷീർ രജനിയുടെ സ്റ്റെയിലിലും ഗണേശൻ വിജയകാന്തിന്റെ സ്റ്റെയിലിലും ഹെയർ കട്ടിങ് നടത്തിയായിരുന്നു നടത്തം. ചലനങ്ങൾ പോലും അവരുടേത്. ശരീര ഭാഷയും സംസാരവും ചുണ്ടിൽ സിഗരറ്റ് എറിഞ്ഞു പിടിപ്പിക്കലും എല്ലാം അവരുടേത് തന്നെ. ബാർബർ ഷാപ്പിലും ഓട്ടോറിക്ഷകളിലും ഏഴകളുടെ തോഴന്മാരായ അവരുടെ ചിത്രങ്ങൾ! അന്ന് നാനയിലും മറ്റും നടുപ്പേജിൽ നിന്ന് ചീന്തിയെടുത്ത് അവരെ മൈതപശ തേച്ചൊടിച്ചു കേരളത്തിലെ സാധാരണ തൊഴിലാളികളും അവരെ ആഘോഷിച്ചു. ചൊവ്വാഴ്ച്ചകളിൽ ആയിരുന്നു അവരുടെ സിനിമകൾ മിക്കതും സിനിമാളുകളിൽ വന്നു കൊണ്ടിരുന്നത്.(ഇന്നത്തെ സിനി 'മാളുകൾ' അല്ല കേട്ടോ! സിനിമാ ഹാളുകൾ എന്ന അർഥം ലോപിച്ചുണ്ടായ അന്നത്തെ സിനിമാളുകൾ!)

വിജയകാന്തും രജനീകാന്തുമെല്ലാം തമിഴ് നാട്ടിൽ ആയതു കൊണ്ട് കൂടിയായിരുന്നു നായകന്മാരായി വളർന്നത്.എൺപതു ശതമാനത്തോളം ദ്രാവിഡ വംശത്തിൽ പിറന്ന കാണികൾക്ക് അവർക്കിടയിൽ നിന്നൊരാൾ എന്ന ഭാവുകത്വ വിജയം കൂടിയായിരുന്നു അത്. എന്നാൽ കലാഭവൻ മണിയുടെ കൂടെ സവര്ണമലയാള സിനിമയിലെ നായികമാർ അഭിനയിക്കാൻ തെയ്യാറാവാതിരുന്ന പോലെ വിജയകാന്തിന്റെ കൂടെയും ആദ്യകാലത്ത് അഭിനയിക്കാൻ തെയ്യാറാവാതിരുന്ന നായികമാർ ഉണ്ടായിരുന്നത്രെ. നമ്മുടെ നായക/ നായിക സൗന്ദര്യ സങ്കല്പം വർണവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒന്ന് കൂടിയാണല്ലോ. ഒരു വെള്ളക്കാരൻ വെള്ളാരങ്കണ്ണുള്ള പൗരസ്ത്യനെ തന്നെ വേണം നമുക്ക് നായക നിർമിതിക്കും! വിജയകാന്തിൻറെ മാനക ഭാഷയല്ലാത്ത തമിഴ് കൊളോക്ക്യൽ ഉച്ചാരണ രീതിയും വില്ലനായി മാറിയത്രെ. എന്നാൽ ആ തിളങ്ങുന്ന കണ്ണുകളും ചലനങ്ങളും പതിയെ തമിഴർ ഏറ്റെടുത്തു. വില്ലനായി അരങ്ങേറി നായകനായി മാറിയ ആ ദ്രാവിഡ വര്ണമുള്ള ശരീരം രജനിക്കൊപ്പം കമലാഹാസനൊപ്പം തമിഴ് വെള്ളിത്തിരയിൽ നിറഞ്ഞാടി. അമ്മന്‍ കോവില്‍ കിഴക്കാലെ, വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൗണ്ടര്‍, വല്ലരസു ക്യാപ്റ്റന്‍ പ്രഭാകരന്‍ തുടങ്ങിയ സിനിമകളും അതിലെ മുത്തുമണി മാല ചിന്നമാണീ കുയിലേ തുടങ്ങിയ പാട്ടുകളിൽ അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്ത അതിലെ അനുഭൂതിയും തമിഴർ അവരുടെ ഹൃദയത്തിൽ തന്നെ ഏറ്റെടുത്തു. 1979ൽ എം എ കാജയുടെ 'ഇനിക്കും ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് വിജയകാന്തിൻ്റെ അരങ്ങേറ്റം. പ്രതിനായക വേഷത്തിലായിരുന്നു തുടക്കം. ആദ്യ സിനിമകളിൽ പരാജയങ്ങൾ രുചിച്ചെങ്കിലും കഥാപാത്രങ്ങളുടെ വ്യത്യസ്തതത അദ്ദേഹത്തെ വേറിട്ട് നിർത്തി.

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയുടെ ഭാഗമായ 'ദൂരത്തു ഇടി മുഴക്കം' (1980) അദ്ദേഹത്തെ മുൻനിരയിലെത്തിച്ചു. എസ്‌എ ചന്ദ്രശേഖറിന്റെ 'സട്ടം ഒരു ഇരുട്ടറൈ'യിലൂടെ തമിഴ് സിനിമയിൽ ശക്തമായ സാന്നിധ്യമായി. വിജയകാന്തിൻ്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ വർഷമായിരുന്നു 1984. 18 റിലീസുകളാണ് ആ വർഷം താരത്തിനുണ്ടായിരുന്നത്. ടൈഗർ പ്രഭാകറിനൊപ്പം തമിഴ് സിനിമയിലെ ആദ്യത്തെ 3D ചിത്രമായ 'അന്നൈ ഭൂമി'യിൽ വിജയകാന്ത് നായകനായി. നിരവധി ഫിലിംഫെയർ അവാർഡുകളും വ്യത്യസ്തമായ കഥാപാത്രങ്ങളും പ്രേക്ഷക പ്രീതിയും അദ്ദേഹത്തിന്റെ കരിയറിനെ സമ്പന്നമാക്കി. കലൈമാമണി പുരസ്കാരം നൽകി തമിഴ്‌നാട് സർക്കാർ ആദരിച്ചു.

തമിഴിന് സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എന്നൊരു പാരമ്പര്യം തന്നെയുണ്ടല്ലോ. എം ജി ആറും ജയലളിതയും കരുണാനിധിയുമെല്ലാം പയറ്റി തെളിഞ്ഞ ആ അടവ് പരീക്ഷിക്കുന്നതിന്റെ മുന്നൊരുക്കം എന്ന നിലയിൽ വിജയകാന്ത് ദേശ സ്നേഹ സിനിമകൾ ചെയ്യുകയും ഏഴൈകളുടെ തോഴ ജീവിതം വെള്ളിത്തിരയിൽ നിറഞ്ഞാടുകയും ചെയ്തു എന്ന് വേണമെങ്കിൽ പറയാം. എന്നാൽ വെള്ളിത്തിരയിൽ നിന്ന് തമിഴ് ഏഴൈകൾക്കിടയിലേക്കിറങ്ങിയ രജനികാന്തിനെ അവർ രാഷ്ട്രീയപരമായി തന്നെ കൈ വിട്ടു. ഒറ്റക്കൊരു പാർട്ടി രൂപീകരിച്ചു സ്റ്റേറ്റ് പ്രതിപക്ഷനേതാവ് വരെയായി മാറിയ വിജയകാന്ത് താമസിയാതെ സംഘി പാളയത്തിലെത്തുകയും രണ്ടു തവണ ബിജെപി ക്കൊപ്പവും അല്ലാതെയും മത്സരിച്ച സമയങ്ങളിൽ ഒക്കെ കെട്ടിവെച്ച കാശ് നഷ്ടപ്പെടും വിധം 'ക്യപ്റ്റനെ' തമിഴർ കയ്യൊഴിഞ്ഞു. ഉത്തരേന്ത്യയല്ല കേരളവും തമിഴ് നാടുമൊന്നും എന്ന രീതിയിൽ ഇവിടെ അടിയൊഴുക്കായി ഇപ്പോഴും നിലനിൽക്കുന്ന സംഘി വിരുദ്ധ രാഷ്ട്രീയവും അതിനൊരു കാരണമായി തീർന്നിട്ടുണ്ടാവാം. വിജയകാന്തിന്റെ പുതു തലമുറ അറിയുക പോലും ചെയ്യാത്ത വിധമോ സോഷ്യൽ മീഡിയയിൽ ട്രോളുകളും മീമുകളും രൂപപ്പെടുന്ന വിധമോ പുതുകാലത്ത് അദ്ദേഹം രാഷ്‌ടീയത്തിൽ നിന്നും സിനിമയിൽ നിന്നും അപ്രസക്തനായി മാറിയ സന്ദർഭത്തിലാണ് ഈ വിടവാങ്ങൽ എന്നും കൂടി പറയാതെ വയ്യ. ഞങ്ങൾ മധ്യവയസ്‌കതയിലേക്ക് പ്രയാണം തുടങ്ങിയവർക്ക് അദ്ദേഹം ഇപ്പോഴും സ്റ്റൈലൻ നായകൻ തന്നെ.

Related Stories

No stories found.
logo
The Cue
www.thecue.in