സുബിയെ പോലെ സുബി മാത്രം

സുബിയെ പോലെ സുബി മാത്രം
Published on

മലയാളം ടെലിവിഷന്‍ രംഗത്ത് സ്വന്തമായ ഒരിടം സ്വയം ഉണ്ടാക്കിയെടുത്ത ആളാണ് സുബി സുരേഷ്. സ്ത്രീകള്‍ കൂടിയ പങ്കും വേഷങ്ങള്‍ ചെയ്യാന്‍ മാത്രം എത്തുന്ന കോമഡി ഷോകളില്‍ സുബി സ്വന്തമായി നമ്പറുകള്‍ പ്രദര്‍ശിപ്പിച്ചു. സ്വതസിദ്ധമായ നര്‍മ്മവും ആത്മവിശ്വാസവും കൃത്രിമത്വത്തിന്റെ കലര്‍പ്പിലാത്ത സംസാരരീതിയും സുബിയെ മറ്റ് കോമഡി ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് വ്യത്യസ്തയാക്കി. മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സ്റ്റേജ് ഷോകളില്‍ കൂടെയുള്ള ആര്‍ട്ടിസ്റ്റുകള്‍ ക്ഷീണിതരാകുമ്പോഴും അവസാനം വരെ തന്റെ ഹൈ എനര്‍ജി അതുപോലെ നിലനിര്‍ത്തുന്നത് സുബി ആയിരിക്കും. മുന്നില്‍ ഇരിക്കുന്നത് ആയിരം പേരായാലും പ്രമുഖരായാലും കൊച്ച് കുട്ടികള്‍ ആയാലും സുബി ചിരിപ്പിക്കും. അതിന് സുബിക്ക് പലപ്പോഴും തയ്യാറെടുപ്പ് പോലും വേണ്ട എന്നതാണ് അതിശയം. ഒരുപക്ഷെ സുബിയുടെ ഉള്ളിലുള്ള തമാശക്കാരിയെ സുബി തന്നെയാണ് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് എന്ന് പറയേണ്ടി വരും. കാരണം, ഒരു ചാനലിനു വേണ്ടിയും ഒരു ബൃഹത്തായ വേദിക്കു വേണ്ടിയും ഒരു സദസ്സിന് വേണ്ടിയും സുബി തന്റെ പെരുമാറ്റത്തില്‍ കൃത്രിമത്വം കലര്‍ത്താറില്ല. സ്ത്രീകള്‍ ഞെളിഞ്ഞൊന്ന് നടന്നാല്‍ അവരെ കുറിച്ച് അപവാദം പറയുന്ന നാട്ടില്‍, സുബി ആരെയും കൂസാതെ ഉറക്കെ ചിരിച്ചു. ചുറ്റുമുള്ളവരെ ചിരിപ്പിച്ചു. ഇഷ്ടമുള്ള വേഷം ധരിച്ചു. ആവോളം മേക്കപ്പ് ഇട്ടു. ചോദ്യം ചെയ്തവരെ മറുചോദ്യം കോടന്‍ ചിരിയില്‍ ആറാടിച്ചു.

ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ വളരെ ഹെവി ഡ്രെസ്സിങ്ങും മെയ്ക്കപ്പും ആയി വരുന്ന ഒരുപാട് താരങ്ങളെ പ്രേക്ഷകര്‍ കളിയാക്കുകയും വലിച്ച് കീറുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ സുബി ഒരു കാഷ്വല്‍ ചാറ്റ് ഷോയ്ക്ക് കേപ്പും കിരീടവും ധരിച്ച് വന്നാല്‍ പോലും പ്രേക്ഷകര്‍ അംഗീകരിക്കും. എത്ര ഔട്ട് ഓഫ് പ്‌ളേസ് ആയ കോസ്റ്റ്യൂമും സുബി വളരെ ആത്മവിശ്വാസത്തോടെ ക്യാരി ചെയ്യുന്നത് കണ്ടിട്ടുണ്ട്. മറ്റാരും ആവാന്‍ ശ്രമിക്കാതെ, ഒട്ടുമേ pretentious അല്ലാതെ അത്യന്തം humorous ആയ തന്റെ ആറ്റിറ്റിയൂഡ് നിലനിര്‍ത്തി കലാജീവിതം നയിച്ച ശരിയായ കലാകാരി. അല്ലെങ്കില്‍ മറ്റേത് ലേഡി ഫിലിം ആര്‍ട്ടിസ്റ്റാണ് മൈക്കല്‍ ജാക്‌സന്റെ ഫാന്‍സി ഡ്രസ്സും ധരിച്ച് പബ്ലിക് റോഡ് ഷോയ്ക്ക് തുറന്ന വാഹനത്തില്‍ സഞ്ചരിക്കാന്‍ തയ്യാറാകുക? സുബിക്ക് മൈക്കല്‍ ജാക്‌സണ്‍ മുതല്‍ ഉണ്ണിയാര്‍ച്ച വരെ അനായാസം വഴങ്ങുമായിരുന്നു.

അവര്‍ അവതരിപ്പിച്ചിരുന്ന 'കുട്ടിപ്പട്ടാളം' എന്ന പരിപാടിക്കെതിരെ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഞാന്‍ തന്നെ പണ്ട് പി.ജിയ്ക്ക് പഠിക്കുമ്പോള്‍ 'കുട്ടിപ്പട്ടാളം', 'കഥയല്ലിത് ജീവിതം' എന്നീ ടി.വി പരിപാടികള്‍, മനുഷ്യരുടെ നിഷ്‌കളങ്കതയും നിസ്സഹായതയും മുതലെടുത്ത് അവരുടെ സ്വകാര്യജീവിതം എങ്ങനെ കച്ചവടവസ്തു ആക്കുന്നു എന്നതിനെ കുറിച്ച് പേപ്പര്‍ ചെയ്തിട്ടുണ്ട്. ഇതൊക്കെ ആയിരുന്നാലും ഒരു കാര്യം പറയാതെ വയ്യ : കുട്ടികളോട് അവരുടെ ഭാഷയില്‍ സംസാരിച്ച് ഫലിപ്പിക്കാന്‍ സുബി സുരേഷിന് ഉള്ള കഴിവ് എന്റെ അറിവില്‍ മറ്റാര്‍ക്കും ഇല്ല. മുതിര്‍ന്നവരെ തീര്‍ത്തും മുന്‍വിധിയോടെ കാണുകയും, അടുപ്പമില്ലാത്തവരോട് ഒന്ന് മുഖത്ത് നോക്കാന്‍ പോലും മടിക്കുകയും ചെയ്യുന്നവരാണ് കുട്ടികള്‍. അവരോട് effective ആയി communicate ചെയ്ത് അവരുടെ ചിന്തകളെ പുറത്ത് കൊണ്ട് വരിക എന്നത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. അങ്ങനെയൊരു പൊതുവേദിയില്‍ എന്റെ കുട്ടി ആണെങ്കില്‍ എന്താവും പറയുക എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. പറ്റുമെങ്കില്‍ എന്റെ കുഞ്ഞിനെയും സുബിയെ മീറ്റ് ചെയ്യിക്കണം എന്നും എനിക്ക് ഉണ്ടായിരുന്നു. കുട്ടിപ്പട്ടാളം എന്ന പരിപാടി ഞാന്‍ കാണാറുള്ളത് കുട്ടികളുടെ സംസാരം കേള്‍ക്കാന്‍ മാത്രമല്ല, അവരെക്കാള്‍ കുട്ടിക്കളിയോടെ സുബി സംസാരിക്കുന്നത് കേള്‍ക്കാനും കാണാനും കൂടിയാണ്. അവരുടെ ഉള്ളില്‍ ഒരു കുട്ടി എന്നുമുണ്ടായിരുന്നു.

സ്റ്റേജില്‍ ജോളി ആയി പെരുമാറുന്ന പല ആര്‍ട്ടിസ്റ്റുകളും ഓഫ് സ്റ്റേജില്‍ മറ്റൊരു സ്വഭാവത്തിന് ഉടമകള്‍ ആയിരിക്കും. ചിലര്‍ ഗൗരവക്കാര്‍ ആകും, ചിലര്‍ മിതഭാഷികള്‍ ആകും, ചിലര്‍ പരിചയപ്പെടാന്‍ വരുന്നവരെ പിണക്കാതിരിക്കാന്‍ ചിരിച്ച് സംസാരിക്കുകയും ചെയ്യും. ചിലരെ കണ്ടാല്‍ 'ഇവര്‍ തന്നെയാണോ സ്റ്റേജില്‍ ഇതുപോലെ കോമഡി പറയുന്നത്' എന്ന് തോന്നിപ്പോകും. എന്നാല്‍ സ്റ്റേജിലും ഓഫ് സ്റ്റേജിലും ഒരേ എനര്‍ജി ഉള്ള, ഒരേപോലെ തമാശകള്‍ പറയുന്ന, ഒരു എന്റര്‍ടെയ്നര്‍ ആയി ജീവിക്കുന്ന കലാകാരി ഒരുപക്ഷെ സുബി മാത്രമായിരിക്കും. സഞ്ചരിക്കുന്ന ഒരു ലൈവ് എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ് ആയിരുന്നു അവര്‍.

സുബി സുരേഷിനെ പോലൊരു കലാകാരി ഇനി മലയാളം ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകാന്‍ പാടാണ്. പ്രത്യേകിച്ച് ദ്വയാര്‍ത്ഥ പ്രയോഗങ്ങളും 'ക്യൂട്ട്‌നെസ് ഓവര്‍ലോഡും' ഫീല്‍ഡ് ഭരിക്കുന്ന ഇക്കാലത്ത്. രസകരമായ കൗണ്ടറുകളും സിറ്റുവേഷണല്‍ കോമഡികളും ഉരുളയ്ക്ക് ഉപ്പേരി പോലെ വരുന്ന ഉത്തരങ്ങളും എല്ലാം സുബിയുടെ സിഗ്‌നേച്ചര്‍ ഐറ്റംസ് ആയിരുന്നു. കൃത്രിമ ഗൗരവം ഭാവിച്ച് വലിയ വിഷയങ്ങള്‍ സുബി പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ചിരി പൊട്ടും. സുബിയെ പോലെ സുബി മാത്രമാണുള്ളത്. മലയാളം ടെലിവിഷന്‍ അവരെ തീര്‍ച്ചയായും മിസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in