'പറയുവാനെന്തുണ്ടു വേറെ, വീണ്ടും പൊരുതുക എന്നതല്ലാതെ'

'പറയുവാനെന്തുണ്ടു വേറെ,
വീണ്ടും പൊരുതുക എന്നതല്ലാതെ'
Published on
Summary

വി.കെ.എസ്സ്. എന്ന മൂന്നക്ഷരം ശാസ്ത്രസാഹിത്യ പരിഷത്തും പുകസയുമുൾപ്പെടെ കേരളത്തിലെ പുരോഗമന സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ചിരപരിചിതമായിരുന്നു. കലാജാഥകളിലും തെരുവുനാടകങ്ങളിലും സമ്മേളനവേദികളിലും അവർ ഏറ്റുപാടിയ എണ്ണമറ്റ പടപ്പാട്ടുകളുടെ സൃഷ്ടാവായിരുന്നു അദ്ദേഹം. ഡോ.ടി.എം.തോമസ് ഐസക് എഴുതിയത്‌

"അമ്മയും നന്മയുമൊന്നാണ്നിങ്ങളും ഞങ്ങളുമൊന്നാണ്അറ്റമില്ലാത്തതാം ജീവിതത്തിൽനമ്മളൊറ്റയല്ലൊറ്റയല്ലൊറ്റയല്ലനിറവും മണവുമേറെയാണെങ്കിലും പൂവായ പൂവൊക്കെയൊന്നു തന്നെഒഴുകുന്ന പുഴകൾ വേറെയാണെങ്കിലുംപുഴയായ പുഴയൊക്കെ ഒന്നു തന്നെ".

ഉള്ളൂർ സമത സ്വയം സഹായ സംഘങ്ങളുടെ വാർഷികത്തിലാണ് ഞാനീ ഗാനം ആദ്യമായി കേൾക്കുന്നത്. പിന്നീട് ഏതാനും വർഷം കഴിഞ്ഞ് 2001ൽ മാരാരിക്കുളം വികസനപദ്ധതിയുടെ ഭാഗമായി ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകളിലെ കുടുംബശ്രീ അയൽക്കൂട്ട സംഗമത്തിലെ ഇരുപതിനായിരത്തിലേറെ വരുന്ന സ്ത്രീകളുടെ കൂട്ടപ്പാട്ടായി ഈ ഗാനം പുനരാവിഷ്കരിക്കാൻ തീരുമാനിച്ചു. വി കെ ശശിധരനാണ് ഇതിന്റെ ചുമതലയേറ്റത്.

സംഗീത അധ്യാപകരടക്കം ഒരു ചെറുടീമിനെ പരിശീലിപ്പിച്ചു. പിന്നീട് അടുത്തൊരു മാസം കൊണ്ട് മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളും ഈ പാട്ടു പഠിച്ചു. ഇതിനുവേണ്ടി ബാക്കിയെല്ലാ പ്രവർത്തനവും മാറ്റിവെച്ച് വാർഡു തോറും നടന്ന വി കെ ശശിധരൻ മാഷിനെ ഞാനിന്നും ഓർക്കുന്നു. സംഗമവേദിയിൽ നിന്ന് വികെഎസ് പാട്ടുകാരെ നയിച്ചു. സംഗമത്തിൽ ഗാനമൊരു ആരവമായിരുന്നു. എ കെ ആന്റണിയെയും കേന്ദ്രമന്ത്രിയെയുമെല്ലാം അമ്പരപ്പിച്ച അനുഭവം.

വി.കെ.എസ്സ്. എന്ന മൂന്നക്ഷരം ശാസ്ത്രസാഹിത്യ പരിഷത്തും പുകസയുമുൾപ്പെടെ കേരളത്തിലെ പുരോഗമന സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് ചിരപരിചിതമായിരുന്നു. കലാജാഥകളിലും തെരുവുനാടകങ്ങളിലും സമ്മേളനവേദികളിലും അവർ ഏറ്റുപാടിയ എണ്ണമറ്റ പടപ്പാട്ടുകളുടെ സൃഷ്ടാവായിരുന്നു അദ്ദേഹം.

സംഗീതജ്ഞനെന്നതുപോലെ തന്നെ സമർപ്പിത മനസ്സോടെ പ്രവർത്തിച്ച ഒരു സാമൂഹിക പ്രവർത്തകനുമായിരുന്നു വി,കെ.എസ്സ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ ഒട്ടേറെ ചുമതലകൾ അദ്ദേഹം വഹിച്ചിരുന്നു. 77-78 കാലത്ത് പരിഷത്തിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന അദ്ദേഹം സംഘടനയുടെ കൊല്ലം ജില്ലാ പ്രസിഡന്റും സെക്രട്ടറിയും പരിഷത്ത് പുസ്തകങ്ങളുടെ പ്രസിദ്ധീകരണ സമിതി കൺവീനറുമായിരുന്നു.

കവിതകളുടെ ആത്മാവിൽ നിന്ന് മുളച്ചു പടരുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങൾ. അദ്ദേഹം ചെയ്ത ഗാനങ്ങളിലെല്ലാം ഈ സിദ്ധിയുടെ കൈയൊപ്പുണ്ട്. ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധം വി.കെ.എസിന്റെ ഗാനങ്ങളെ അസാധാരണമാംവിധം ഗാംഭീര്യമുള്ളതാക്കി. ഊർജം തുടിക്കുന്ന വരികളിൽ അദ്ദേഹത്തിന്റെ ഈണം തൊട്ടപ്പോൾ പാട്ടുകളിൽ തീപടർന്നു.

പൂതപ്പാട്ടിന്റെ സംഗീതാവിഷ്കാരം അദ്ദേഹം നിർവഹിച്ചതിനെക്കുറിച്ച് ഇടശേരിയുടെ മകൻ ഇ ഹരികുമാറിന്റെ ഹൃദയഹാരിയായ ഒരു കുറിപ്പുണ്ട്. വികെഎസിന്റെ ആലാപനത്തിൽ പൂതപ്പാട്ടിന്റെ പല പുതിയ മാനങ്ങളും പുറത്തുവന്നുവെന്ന് കാസറ്റു കേട്ടപ്പോൾ എം ഗോവിന്ദൻ അഭിപ്രായപ്പെട്ടത് ഹരികുമാർ ഓർമ്മിക്കുന്നു. പാട്ടുകൾ മാത്രമല്ല, കവിതകളും മനോഹരമായി ചൊല്ലി കേരളത്തിൽ പുതിയ ധാര സൃഷ്ടിച്ച ആളാണ് അദ്ദേഹം.

കെ. ദാമോദരനും വി.ടി. ഭട്ടതിരിപ്പാടും ഉൾപ്പെടെയുള്ള ആദ്യകാല പുരോഗമന സാഹിത്യപ്രവർത്തകരും കെ.പി.എ.സി. ഉൾപ്പെടെയുള്ള നാടകസംഘങ്ങളുമെല്ലാം തുടങ്ങിവച്ച ജനകീയ നാടക പാരമ്പര്യത്തിന്റെ സഫലമായ പിൻതുടർച്ചയായി വന്നതാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകൾ. അവയെ ജനകീയമാക്കുന്നതിൽ വി.കെ.എസ്സിനോളം ഉജ്വല സംഭാവന നല്കിയ മറ്റൊരാളില്ല. എൺപതിൽ പരിഷത്തിന്റെ ആദ്യ കലാജാഥയുടെ കൺവീനറായിരുന്നു. അതിലെ ഗാനങ്ങളെല്ലാം ചിട്ടപ്പെടുത്തിയതും ചിലത് പാടിയതും അദ്ദേഹമായിരുന്നു.

പിന്നീട് ഈ അടുത്തകാലം വരെ പരിഷത്ത് കലാജാഥകളുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അദ്ദേഹമായിരുന്നു. പുനലൂർ ബാലൻ, പി.എൻ. ദാമോദരൻ പിള്ള, മുല്ലനേഴി, കരിവെള്ളൂർ മുരളി, സുഹൃത്ത് കുമാർ തുടങ്ങി ഒട്ടേറെപ്പേരുടെ ഗാനങ്ങൾ വി.കെ.എസ്സിന്റെ സംഗീതത്തിലൂടെ ജനമനസ്സുകളിൽ ആവേശമായി പടർന്നുകയറി.

സമ്പൂർണ സാക്ഷരതയുടെ കൊല്ലം ജില്ലയിലെ പ്രധാന സംഘാടകനായിരുന്നു. അക്ഷരകലാജാഥയുടെ സംവിധായകനും അദ്ദേഹമായിരുന്നു. ജനകീയാസൂത്രണസമയത്ത് ടാഗോർ തിയേറ്ററിൽ താമസിച്ച് അദ്ദേഹം ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഇന്നും ഓർമയിൽ നില്ക്കുന്നു. മുല്ലനേഴിയുടെ ‘ആത്മാഭിമാനക്കൊടിക്കൂറ പൊക്കുവാൻ കൂട്ടുകാരെ നമുക്കൊത്തുചേരാം, കാലങ്ങളായി നാം കാത്തുകാത്തിരുന്നൊരാ കാലമിതാ ഞങ്ങളുടെ മുന്നിലെത്തി’ എന്ന ഗാനം ഭാവമറിഞ്ഞുള്ള സംഗീതത്തിലൂടെ ജനകീയാസൂത്രണത്തിന്റെ സിഗ്നേച്ചർ ഗാനമായിത്തന്നെ മാറി.ബാലസംഘത്തിന്റെയും കെ.ജി.ഒ.എ. ഉൾപ്പെടെ പല സർവീസ്-സാമൂഹ്യ രാഷ്ട്രീയ സംഘടനകളുടെയും സമ്മേളനങ്ങളിലെ ആദ്യ ആവേശം വി.കെ.എസ്. സംഗീതം നല്കി ആലപിക്കുന്ന ആമുഖ ഗാനമായിരുന്നു.

“മേയ്ദിനമേ, ജയഗാഥകളാൽ, നിറവേറ്റും ശപഥവചസ്സുകളാൽ അഭിവാദനം, അഭിവാദനം...” എന്ന ഗാനം അദ്ദേഹം പാടുമ്പോൾ ആ പാട്ടിന്റെ ആവേശം മുഴുവൻ നമ്മളിലേക്ക് സംക്രമണം ചെയ്യും.1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹവും പി.കെ. ശിവദാസുമൊത്തു പാട്ടുകൾ ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് 'തീരങ്ങൾ' എന്ന ചിത്രത്തിൽ പിന്നീട് ആ ഗാനങ്ങൾ ഉൾപ്പെടുത്തി.

ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിലും ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചു.പുത്തൻ കലവും അരിവാളും, ബാലോത്സവ ഗാനങ്ങൾ, കളിക്കൂട്ടം, മധുരം മലയാളം, മുക്കുറ്റിപ്പൂവിന്റെ ആകാശം, ശ്യാമഗീതങ്ങൾ, പ്രണയം, അക്ഷരഗീതങ്ങൾ, പടയൊരുക്കപ്പാട്ടുകൾ എന്നിവയാണ് പ്രധാന ആൽബങ്ങൾ.

വടക്കൻ പറവൂറുകാരനായിരുന്ന വികെഎസ് ആലുവ യുസി കോളജിൽ നിന്ന് ബിരുദവും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ നിന്ന് എഞ്ചിനീയറിംഗ് ഡിഗ്രിയും എടുത്ത ശേഷമാണ് പോളിടെക്നിക്ക് അധ്യാപകനാവുന്നത്. കുട്ടിക്കാലത്ത് ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്. കെടാമംഗലം പപ്പുക്കുട്ടി അമ്മാവനായിരുന്നു.

തിൻമകൾ നഖം മൂർച്ച കൂട്ടുന്ന കാലത്ത് നമ്മളെ കർമനിരതരാക്കാൻ ഇനി വി.കെ.എസ്.ഇല്ലാത്തത് തീരാ നഷ്ടം തന്നെ. എങ്കിലും സിരകളിൽ അഗ്നി പടർത്തുന്ന, നമ്മെ അറിയാതെ കർമരംഗത്തേക്ക് കുതികൊള്ളിപ്പിക്കുന്ന ആ സംഗീതപ്രവാഹം നമ്മിൽ ഇനിയും അനേകകാലം ഊർജം നിറയ്ക്കുമെന്നു തീർച്ച. ഈയിടെ അന്തരിച്ച സുഹൃത്ത് കുമാർ രചിച്ച് വി.കെ.എസ്. ഈണം നല്കിയ പാടിയ വരികളിൽ പറയുന്നതാവും ഈ അന്ത്യയാത്രയിലും അദ്ദേഹത്തിന് നമ്മോട് പറയുവാനുണ്ടാവുക –

പറയുവാനെന്തുണ്ടു വേറെ,വീണ്ടും പൊരുതുക എന്നതല്ലാതെ,വീറോടെ പൊരുതുക എന്നതല്ലാതെ.

Related Stories

No stories found.
logo
The Cue
www.thecue.in