കാലമെത്ര കഴിഞ്ഞാലും ഏതൊരു മലയാളിയും ഓര്‍ത്തു ചിരിക്കുന്ന, തങ്ങളുടെ കുട്ടികാലം മനോഹരമാക്കിയ ഒരുപിടി കോമഡി ചിത്രങ്ങള്‍. ഉര്‍വശി തിയ്യേറ്റേഴ്‌സിലെ മത്തായിച്ചനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ഗോഡ്ഫാദറിലെ അഞ്ഞൂറാനും ആനപ്പാറയിലെ അച്ഛമ്മയും കന്നാസും കടലാസുമെല്ലാം മലയാളി മനസ്സുകളില്‍ ആഴത്തില്‍ പതിയാന്‍ കാരണക്കാരനായ സംവിധായകരില്‍ ഒരാള്‍, സിദ്ധിഖ്. 80 കളിലും 90 കളിലും തന്റെ തൂലികയിലൂടെ പിറന്ന കഥാപാത്രങ്ങളിലൂടെ ഇന്നും തലമുറകള്‍ താണ്ടി പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു.
മിമിക്രിയിലൂടെയായിരുന്നു സിദ്ദിഖിന്റെ തുടക്കം. കൊച്ചിന്‍ കലാഭവനില്‍ ഒന്നിച്ചുണ്ടായിരുന്ന ലാലും സിദ്ദിഖും. മലയാളികളുടെ സിദ്ദിഖ് ലാല്‍. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടിയെന്ന ചിത്രത്തില്‍ സംവിധായകന്‍ ഫാസിലിന്റെ അസ്സോസിയേറ്റ് ആയിട്ടാണ് സിദ്ധിഖ് സിനിമയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയുടെ കഥയും തിരക്കഥയും. എന്നാല്‍ സിദ്ദിഖ്- ലാല്‍ എന്ന ബ്രാന്‍ഡ് മലയാളികള്‍ക്കിടയില്‍ പൂര്‍ണമായും ഉറയ്ക്കുന്നത് റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയായിരുന്നു. സൂപ്പര്‍ ഹിറ്റായ ചിത്രത്തിലൂടെ ഉര്‍വശി തിയ്യേറ്റേഴ്‌സും മത്തായിച്ചനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായി. ഒരു ശരാശരി മലയാളിയുടെ നിലനില്പിന്റെയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും ജീവിക്കാനായുള്ള നെട്ടോട്ടത്തിന്റെയും കഥാ മുഹൂര്‍ത്തങ്ങള്‍ നര്‍മത്തിന്റെ മേമ്പൊടിയോടെ സിദ്ദിഖ് ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. ചിത്രം മലയാളികളുടെയുള്ളില്‍ എല്ലാക്കാലവും ഉറച്ചുപോയ ഒരുപാട് ദൃശ്യങ്ങളും സംഭാഷണങ്ങളും ബാക്കി നിര്‍ത്തി.
'നമ്മള്‍ പ്രേക്ഷകന്റെ കൂടെ നില്‍ക്കണം, നമ്മളും പ്രേക്ഷകനാവണം. നമ്മുടെ സിനിമ തന്നെ പ്രേക്ഷകന്റെ ഭാഗത്ത് നിന്നും കാണണം. പ്രക്ഷകനോടൊപ്പമിരുന്ന് സിനിമകള്‍ കാണണം. അങ്ങനെ കാണുമ്പോഴാണ് പ്രേക്ഷകന്റെ പള്‍സ് നമുക്ക് മനസ്സിലാവുക. അതിന്റെ എളുപ്പമാര്‍ഗം നമ്മുടെ എല്ലാ എക്‌സ്പീരിയന്‍സും ഇന്‍ഹിബിഷന്‍സും മാറ്റി വച്ച് സധാരണ പ്രേക്ഷകനായി സിനിമ കാണുക എന്നതാണ്'. - സിദ്ദിഖിന്റെ വാക്കുകളാണിവ. ഏതൊരു മലയാളിക്കും എളുപ്പം റിലേറ്റ് ചെയ്യാനാകുന്ന കഥകളും കഥാപാത്രങ്ങളും ആയിരുന്നു സിദ്ദിഖ് സിനിമകളുടെ പ്രത്യേകത. തമാശ തന്നെയായിരുന്നു എപ്പോഴും നട്ടെല്ല്.
80കളില്‍ നിലനിന്നിരുന്ന ചെറുപ്പക്കാരുടെ ആവേശവും, തൊഴിലില്ലായ്മയും എല്ലാം നര്‍മ്മം കൊണ്ടവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വെച്ചു. എന്നാല്‍ വെറും ഹ്യൂമര്‍ മാത്രമായിരുന്നില്ല സിദ്ദിഖ് ലാല്‍ കോമ്പിനേഷനില്‍ പിറന്നിരുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റനാം കോളനി, കാബൂളിവാല തുടങ്ങിയ സിനിമകളിലൊക്കെ തമാശയും ഇമോഷന്‍സും ഒരുപോലെ സിനിമയെ താങ്ങി നിര്‍ത്തി. ഒരുപക്ഷെ മലയാള സിനിമ ഇനി ഒരിക്കലും മറികടക്കാത്ത ഒരു റെക്കോര്‍ഡ് സ്വന്തമായുള്ള സിനിമയുടെ സംവിധായകരില്‍ ഒരാളാകും സിദ്ദിഖ്. 1991 ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച കൊമേര്‍ഷ്യല്‍ എന്റെര്‍റ്റൈനെര്‍ മാത്രമല്ല, 417 ദിവസം തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രമെന്ന റെക്കോര്‍ഡും ഗോഡ്ഫാദറിന് മാത്രം സ്വന്തമായുള്ളതാണ്. അഞ്ഞൂറാനെയും മക്കളെയും ആനപ്പാറയിലെ അച്ചാമ്മയെയും മലയാളി ഒരുകാലത്തും മറക്കില്ല. വെറുമൊരു പകപോക്കലിന്റെ കഥയായിരുന്നില്ല ഗോഡ്ഫാദര്‍. കൃത്യമായ ഇടവേളകളില്‍ തമാശയും, പ്രണയവും, സംഘര്‍ഷങ്ങളും നിറഞ്ഞ ഒരു കംപ്ലീറ്റ് കൊമേര്‍ഷ്യല്‍ പാക്കേജ്. 32 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ ടെലിവിഷന് മുന്നില്‍ പിടിച്ചിരുത്താന്‍ ഗോഡ്ഫാദറിന് സാധിക്കുന്നതില്‍ സിദ്ധിഖ് എന്ന സംവിധായകന് അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.
സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് മാറി തനിച്ച് സംവിധാനം തുടര്‍ന്നപ്പോഴും സിദ്ദിഖ് പതിവ് തെറ്റിച്ചില്ല. സ്വന്തന്ത്ര സംവിധായകനായി അരങ്ങേറ്റം ചെയ്ത സിനിമയായിരുന്നു ഹിറ്റ്‌ലര്‍. മമ്മൂട്ടിയെ ഹിറ്റലര്‍ മാധവന്‍ കുട്ടിയെന്ന ഒരു കൂട്ടം പെങ്ങന്മാരുടെ ജ്യേഷ്ഠനാക്കി സിദ്ദിഖ് അവതരിപ്പിച്ച ചിത്രം പതിവ് തെറ്റിച്ചില്ല. പിന്നീട് 1999ല്‍ കരിയറിലെ മറ്റൊരു പ്രധാനപ്പെട്ട ചിത്രം, ഫ്രണ്ട്സ്. വേര്‍പിരിയാനാകാത്ത 3 സുഹൃത്തുക്കളുടെ കഥ സിദ്ദിഖ് മനസ്സില്‍ തട്ടും വിധം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. ഹ്യൂമര്‍ ട്രാക്ക് വിടാതെ തന്നെ. ആ വര്‍ഷത്തെ ഏറ്റവും അധികം കളക്ഷന്‍ നേടിയ ഫ്രണ്ട്‌സിലൂടെ സിദ്ദിഖ് മലയാളത്തില്‍ നിന്ന് തമിഴിലേക്കും അരങ്ങേറ്റം കുറിച്ചു. അന്ന് ചിത്രത്തില്‍ നായകന്മാരായതോ വിജയ്യും സൂര്യയും. പ്രേക്ഷകര്‍ക്ക് വേണ്ട പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും എന്നാല്‍ ഒപ്പം റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ജീവിതങ്ങളും ഒപ്പം കരയിപ്പിക്കാന്‍ വൈകാരിക നിമിഷങ്ങളുമെല്ലാം സിദ്ദിഖിന്റെ കൈയ്യിലുണ്ടായിരുന്നത് കൊണ്ട് തന്നെ തമിഴിലും ചിത്രം സൂപ്പര്‍ ഹിറ്റ്. സൂര്യക്ക് തമിഴില്‍ സ്ഥാനം നല്‍കിയ ആദ്യകാല ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്‌സ്. പിന്നെ 2003ല്‍ വീണ്ടും മമ്മൂട്ടിയുമായി ചേര്‍ന്ന് ക്രോണിക് ബാച്ചിലര്‍, ആ സമയത്ത് തുടര്‍പരാജയങ്ങളില്‍ പെട്ട്കിടന്നിരുന്ന മമ്മൂട്ടിക്ക് ആശ്വാസം പകര്‍ന്ന സിനിമയായിരുന്നു ക്രോണിക്ക് ബാച്ചിലര്‍.
മലയാളത്തില്‍ മാത്രം സിദ്ദിഖ് എന്ന സംവിധായകന്‍ ഒതുങ്ങി നിന്നില്ല ഫ്രണ്ട്‌സിനു പിന്നാലെ വിജയകാന്തിന്റെ നായകനാക്കി ക്രോണിക് ബാച്ചിലറിന്റെ റീമേക് ആയ എങ്കള്‍ അണ്ണാ, സാധു മിരണ്ടാല്‍ തെലുങ്ക് ചിത്രം മാരോ. മലയാളത്തില്‍ പിന്നീട് ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ബോഡിഗാര്‍ഡുമായി സിദ്ദിഖ് തിരിച്ചെത്തിയത്. ചിത്രം സിദ്ദിഖിനെ കൊണ്ടെത്തിച്ചത് പക്ഷേ ബോളിവുഡിലായിരുന്നു. വിജയ്യെ നായകനാക്കി ചിത്രം തമിഴില്‍ കാവലന്‍ എന്ന പേരിലും, ബോളിവുഡില്‍ സല്‍മാന്‍ ഖാനും കരീന കപൂറിനെയും പ്രധാനകഥാപാത്രങ്ങളാക്കി ബോഡിഗാര്‍ഡും സിദ്ദിഖ് പിന്നീടൊരുക്കി.
സുറ പോലുള്ള ബോക്‌സ് ഓഫീസില്‍ തകര്‍ന്ന നിലനില്‍പ്പുവരെ പ്രശ്‌നത്തിലായിരുന്ന വിജയ്യെ തിരികെ വിജയത്തിന്റെ പാതയില്‍ എത്തിച്ച ചിത്രം കൂടിയായി കാവലന്‍. ബോഡിഗാര്‍ഡ് ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യുന്ന സമയത് ചിത്രത്തിലെ നായകന്മാരായ സല്‍മാന്‍ ഖാനും വിജയ്യ്ക്കും ആ സിനിമ ചെയ്യരുതെന്ന് പറഞ്ഞു നിരവധി ഫോണ്‍ കോളുകള്‍ വന്നിരുതായി സിദ്ദിഖ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അവയൊന്നും ബാധിക്കാതെ അയാള്‍ മുന്നോട്ടു പോയി. ഹിന്ദി ബോഡിഗാര്‍ഡ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു. 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചു.
എന്നാല്‍ പിന്നീടങ്ങോട്ട് സിദ്ദിഖ് ചിത്രങ്ങള്‍ക്ക് അത്ര നല്ല സമയമായിരുന്നില്ല. ലേഡീസ് ആന്‍ഡ് ജന്റില്‍മാനും, ഫുക്രിയും അവസാനമിറങ്ങിയ ബിഗ് ബ്രദറുമെല്ലാം ബോക്‌സ് ഓഫീസിലും പ്രേക്ഷകര്‍ക്കിടയിലും കാര്യമായ ചലനമുണ്ടാക്കിയില്ല. തുടക്കക്കാലത്ത് അവര്‍ ചെയ്ത് വെച്ചിരുന്ന ചിത്രങ്ങളോട് തന്നെയായിരുന്നു അപ്പോഴും അവ താരതമ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നത്. ഇടയ്ക്ക് ആശ്വാസമായി മാറിയത് ഭാസകര്‍ ദ റാസ്‌കല്‍ മാത്രമായിരുന്നു.
പരാജയങ്ങള്‍ എത്രതന്നെ ബാധിച്ചാലും എല്ലാ കാലത്തും സിദ്ദിഖ് എന്ന സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രമിച്ചത് തമാശ ചിത്രങ്ങള്‍ ആയിരുന്നു. ചിലത് വിജയിച്ചു ചിലത് അടിപതറി. എന്നിരുന്നാലും മലയാളികള്‍ സിദ്ദിഖിനെ ഒരിക്കലും മറക്കില്ല. കാരണം അവരുടെ ജീവിതത്തിന്റെ ഭാഗമായി, പ്രിയപ്പെട്ടതായി ഒരു സിദ്ദിഖ് സിനിമയെങ്കിലും എപ്പോഴും ഓര്‍മയിലുണ്ടാകും, ഒരു സംഭാഷണമെങ്കിലും അവര്‍ ഉപയോഗിച്ചിട്ടുണ്ടാകും.