ബാലവേദി കളിക്കൂട്ടങ്ങളിലോ വിദ്യാലയങ്ങളിലോ എത്തിയാല്‍ ഒറ്റയ്‌ക്കൊരു ബാന്‍ഡാവുമായിരുന്നു മാഷ്. വിരല്‍ ചൂണ്ടി ചോദ്യങ്ങളുന്നയിച്ചും വിരല്‍ ഞൊടിച്ചും കൈകൊട്ടിയും താളം പിടിച്ചും വരികള്‍ ഒപ്പം പാടിച്ചും എത്ര വലിയ സദസ്സുകളെയും മാഷ് തനിക്കൊപ്പം നടത്തിച്ചു.വി.കെ ശശിധരനെക്കുറിച്ച് ഷിജു. ആര്‍ എഴുതുന്നു.
'ഒഴിഞ്ഞ ചട്ടിയില്‍ നിന്നും
എങ്ങനെ കഞ്ഞികുടിക്കും നീ...?'
സമരോത്സുകതയും സൗന്ദര്യദീപ്തിയും നിറഞ്ഞ സ്വരത്തില്‍തീവിരല്‍ ചൂണ്ടി ചോദിക്കാന്‍ ഇനി വി.കെ.എസ് മാഷും ഇല്ല. കിളി കൂട് വിട്ടു പറന്നാലും ബാക്കിയാവുന്ന കിളിപ്പാട്ടുകള്‍ പോലെ മാഷിന്റെ പാട്ടുകള്‍ മാത്രം ബാക്കിയാവുന്നു. കിളികൊല്ലൂര്‍ പോസ്റ്റ് ഓഫീസിന്റെ മുദ്ര പതിഞ്ഞ പോസ്റ്റ് കാര്‍ഡുകളും ഗീതാഞ്ജലിയുടെയും മധുരമലയാളത്തിന്റെയും പൂതപ്പാട്ടിന്റെയും ശബ്ദലേഖയും ഇനി മാഷുടെ സാന്നിദ്ധ്യമായി ഒപ്പമുണ്ടാവും.
എത്ര പാട്ടുകള്‍ !
എത്രയെത്ര കവിതകള്‍ !
പൂതപ്പാട്ടും ഗീതാഞ്ജലിയും ഇത്രമേലാഴത്തില്‍ ആത്മസ്പര്‍ശിയായത് വി.കെ.എസിന്റെ ശബ്ദത്തിലും ശൈലിയിലും കേട്ടപ്പോഴാണ്.
ഭീതിയും മായികസൗന്ദര്യവും ചേര്‍ന്ന പൂതപ്പാട്ടിലെ പാതിരാവര്‍ണ്ണന
'നിശ്ശൂന്യത നടമാടും പാതിരതന്‍ മച്ചുകളില്‍
നിര നിരയായ് കത്തിക്കും മായാദീപം.
തലമുടിയും വേര്‍പെടുത്തലസമിവള്‍ പൂപ്പുഞ്ചുരി വിലസിടവേ വഴിവക്കില്‍ ചെന്നു നില്‍ക്കും '
എന്ന് വി.കെ.എസ് പാടുമ്പോള്‍ നിരനിരയായ് കത്തുന്ന നിറദീപ പ്രഭയില്‍ ആ ഏഴുനിലാ മാളിക തെളിഞ്ഞു നില്‍ക്കുന്നതനുഭവിക്കാം.
ബാലവേദി കളിക്കൂട്ടങ്ങളിലോ വിദ്യാലയങ്ങളിലോ എത്തിയാല്‍ ഒറ്റയ്‌ക്കൊരു ബാന്‍ഡാവുമായിരുന്നു മാഷ്. വിരല്‍ ചൂണ്ടി ചോദ്യങ്ങളുന്നയിച്ചും വിരല്‍ ഞൊടിച്ചും കൈകൊട്ടിയും താളം പിടിച്ചും വരികള്‍ ഒപ്പം പാടിച്ചും എത്ര വലിയ സദസ്സുകളെയും മാഷ് തനിക്കൊപ്പം നടത്തിച്ചു.
ഗീതാഞ്ജലിയിലെ 'പ്രാണനുറക്കേ കേണീടുന്നു പ്രഭോ പരാജിത നിലയില്‍ ' എന്ന വിഷാദവിലാപത്തേയും 'പൂര്‍ണ്ണമായീലെങ്കിലുമീ ജീവിതത്തിന്റെ പൂജയൊന്നും വ്യര്‍ത്ഥമായീലെന്നറിവൂ 'എന്ന ശുഭാപ്തി വിശ്വാസത്തെയും എത്ര വ്യത്യസ്തമായ ശബ്ദ ഭാവങ്ങളിലാണ് മാഷ് അവതരിപ്പിച്ചത്.
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ശാസ്ത്ര കലാജാഥകളില്‍ ആലപിക്കപ്പെട്ട മിക്കവാറും ഗീതങ്ങള്‍ വി.കെ.എസ് ചിട്ടപ്പെടുത്തിയതാണ്.
'എന്തിന്നധീരത? ഇപ്പോള്‍ തുടങ്ങണം
എല്ലാം നിങ്ങള്‍ പഠിക്കേണം.' എന്ന ബ്രഹ്തിന്റെ കവിത എണ്‍പതുകളുടെ യൗവ്വനങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന പാട്ടായിരുന്നു. യുറീക്കാ ബാലവേദിയില്‍ കുട്ടികള്‍ക്ക് ആലപിക്കാവുന്ന നിരവധി മനോഹര ഗാനങ്ങള്‍. ബാലവേദി കളിക്കൂട്ടങ്ങളിലോ വിദ്യാലയങ്ങളിലോ എത്തിയാല്‍ ഒറ്റയ്‌ക്കൊരു ബാന്‍ഡാവുമായിരുന്നു മാഷ്. വിരല്‍ ചൂണ്ടി ചോദ്യങ്ങളുന്നയിച്ചും വിരല്‍ ഞൊടിച്ചും കൈകൊട്ടിയും താളം പിടിച്ചും വരികള്‍ ഒപ്പം പാടിച്ചും എത്ര വലിയ സദസ്സുകളെയും മാഷ് തനിക്കൊപ്പം നടത്തിച്ചു.
വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും സംബന്ധിച്ച പതിവു രാഗപ്പകര്‍ച്ചകളും ആലാപനരീതികളും ഉപേക്ഷിച്ച മാഷ് ഹൃദ്യമായ ഈണങ്ങളിലും ആലാപന ശൈലിയിലും എത്രയോ പടപ്പാട്ടുകള്‍ ചിട്ടപ്പെടുത്തി.
മണ്‍മറഞ്ഞ കവി തിരുനെല്ലൂര്‍ കരുണാകരന്റെ,
'മെയ് ദിനമേ,
ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍
അഭിവാദനം അഭിവാദനം അഭിവാദനം
അരുണമയൂഖം നിന്‍ മുഖമാദരപൂര്‍വ്വം കാണ്മൂ ഞങ്ങള്‍ ' എന്ന കവിതയായാലും കരിവള്ളൂര്‍ മുരളിയുടെയോ ഏഴാച്ചേരി രാമചന്ദ്രന്റെയോ ഒക്കെ രചനകളായാലും രചന കൊണ്ടും സംഗീതം കൊണ്ടും മികച്ച കലാസൃഷ്ടികള്‍ കൂടിയായ നിരവധി വിപ്ലവ ഗീതകങ്ങള്‍ മലയാളത്തിന് ലഭിച്ചിട്ടുണ്ട്.
'പറകൊട്ടി പാടിയുണരുക തുയിലുണര്‍ത്തുക നാം...
പടയൊരുക്കം നാളെയാവുകി -
ലേറെ വൈകിടും.' എന്ന് അത് നമ്മെ ജാഗ്രത്താക്കി.
നൂറു കണക്കിന് പാട്ടുകളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് സമാഹരിക്കപ്പെട്ടത്.
ഗീതാഞ്ജലി,പൂതപ്പാട്ട്,പുത്തന്‍ കലവും അരിവാളും, ബാലോത്സവ ഗാനങ്ങള്‍,കളിക്കൂട്ടം,മധുരം മലയാളം, മുക്കുറ്റിപൂവിന്റെ ആകാശം, ശ്യാമഗീതങ്ങള്‍, പ്രണയം, അക്ഷരഗീതങ്ങള്‍, പടയൊരുക്കപ്പാട്ടുകള്‍, മഴ തുടങ്ങിയ സമാഹരങ്ങളുടെ പേരുകള്‍ മാഷിനെക്കുറിച്ചുള്ള വിക്കി ലേഖനത്തിലുണ്ട്. പേരിനപ്പുറം അവയില്‍ പലതും ഇനിയും സമാഹരിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട ആ സംഗീത സപര്യയും സന്നദ്ധ സാമൂഹ്യബോധത്തേയുംകേരളം വേണ്ടും വിധം ആദരിച്ചോ? സംഗീതമെന്നാല്‍ സിനിമാസംഗീതമോ ആത്മീയസംഗീതമോ മാത്രമാണല്ലോ നമുക്ക്. അനന്യമായ പ്രതിഭയുടെ പിന്‍ബലമുണ്ടായിട്ടും പൊതുബോധത്തിന്റെ അലസനോട്ടം കാരണം ജനപ്രിയതയുടെ പന്തലില്‍ മാഷിന് ഇരിപ്പിടമുണ്ടാവില്ലായിരിക്കാം.
ഈ സ്ഥിതിയില്‍ മാഷിന് ദുഃഖമേയുണ്ടായിരുന്നില്ല. കാരണം അത് മാഷിന്റെ തന്നെ തെരെഞ്ഞെടുപ്പായിരുന്നു. മതത്തിനും മൂലധനത്തിനും കീഴടങ്ങാത്ത ജനപക്ഷ സാംസ്‌കാരിക മണ്ഡലത്തില്‍ തന്റെ സര്‍ഗ്ഗാത്മക സിദ്ധികള്‍ ഉപയോഗിക്കാനുള്ള ഒരു ആക്ടിവിസ്റ്റിന്റെ നിശ്ചയദാര്‍ഢ്യം.
പക്ഷേ ജനാധിപത്യ കേരളം ആഴത്തില്‍ നടത്തേണ്ട ഒരു ആത്മവിമര്‍ശനമുണ്ട്, ഇക്കാര്യത്തില്‍. കക്ഷിരാഷ്ട്രീയത്തിലെ പ്രകടിത ബലത്തിന് അനുസരിച്ച ബദല്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ബലമില്ല കേരളത്തില്‍.
വിപണിയും മതബോധവും തന്നെയാണ് മലയാളിയുടെ സാംസ്‌കാരിക ജീവിതം നിര്‍ണ്ണയിക്കുന്നത്. ലിംഗനീതി നിഷേധം, പ്രകൃതിവിഭവ വിനിയോഗം, ജാതി വിവേചനം, സവര്‍ണ്ണ സാംസ്‌കാരിക ചിഹ്നങ്ങളോടും പ്രകടനങ്ങളോടുമുളള അടിമത്തം, ദളിത് വിരുദ്ധത, മുസ്ലീം വിരുദ്ധത, ട്രാന്‍സ്/ഹോമോഫോബിയ തുടങ്ങിയ കാര്യങ്ങള്‍ അതേ പടി നിലനിര്‍ത്തി നിങ്ങള്‍ക്ക് കേരളത്തിലെ ഏത് രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ഭാഗമാവാം.
വിപണിയും മതബോധവും തന്നെയാണ് മലയാളിയുടെ സാംസ്‌കാരിക ജീവിതം നിര്‍ണ്ണയിക്കുന്നത്. ലിംഗനീതി നിഷേധം, പ്രകൃതിവിഭവ വിനിയോഗം, ജാതി വിവേചനം, സവര്‍ണ്ണ സാംസ്‌കാരിക ചിഹ്നങ്ങളോടും പ്രകടനങ്ങളോടുമുളള അടിമത്തം, ദളിത് വിരുദ്ധത, മുസ്ലീം വിരുദ്ധത, ട്രാന്‍സ്/ഹോമോഫോബിയ തുടങ്ങിയ കാര്യങ്ങള്‍ അതേ പടി നിലനിര്‍ത്തി നിങ്ങള്‍ക്ക് കേരളത്തിലെ ഏത് രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ഭാഗമാവാം.
ഉപരിപ്ലവമായ ചില സംഗതികള്‍ ഒഴിച്ചാല്‍ ഇത്തരം വിഷയങ്ങളില്‍ ഒരു സംവാദ മണ്ഡലവും രൂപപ്പെടുത്താന്‍ അധികാരം കയ്യാളുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കാവുന്നില്ല. ഇടതുപക്ഷത്തിന് ഇക്കാര്യത്തില്‍ ചരിത്രപരമായ അധികബാധ്യതയുണ്ട്. അത് നിറവേറ്റാന്‍ കഴിയുന്നുണ്ടോ എന്ന ആത്മ പരിശോധന ഇക്കാലം ആവശ്യപ്പെടുന്നുണ്ട്. തെരെഞ്ഞെടുപ്പ് രംഗത്തും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പുകളിലും ജനപക്ഷ മൂല്യങ്ങള്‍ക്കപ്പുറം ജനപ്രിയ വിപണി മൂല്യങ്ങള്‍ മാനദണ്ഡമാവുന്നതും നാം കാണുന്നു.
ഈ അവസ്ഥ വി.കെ.എസിന്റേതു പോലുള്ള സമര്‍പ്പിത സമാന്തര സര്‍ഗ്ഗാത്മക ജീവിതങ്ങള്‍ക്കുണ്ടാക്കാവുന്ന നിരാശ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ വ്യക്തിപ്രഭാവം അംഗീകരിക്കപ്പെടാത്തതല്ല, തങ്ങളാവിഷ്‌കരിക്കുന്ന ബദല്‍ ജീവിത സ്വപ്നങ്ങളും തങ്ങളുയര്‍ത്തുന്ന ചോദ്യങ്ങളും കേള്‍ക്കാനാരുമില്ലല്ലോ എന്ന വേവലാണത്.
ഒഴിഞ്ഞ ചട്ടിയുയര്‍ത്തിപ്പിടിച്ച് രാജ്യ തലസ്ഥാനത്തും ഉത്തരേന്ത്യയിലും സമരം ചെയ്യുന്ന കര്‍ഷകരുടെ നെഞ്ചിന് നേരെ അധികാരത്തിന്റെ ചക്രമുരുണ്ടു കയറി ചോരവാര്‍ന്ന കാലത്തിരുന്ന് വി.കെ എസ് വീണ്ടും പാടുന്നു.
കിളിക്കൂട്ടം കലാജാഥയുടെ ക്യാമ്പില്‍ പരിചയപ്പെട്ട മാഷുമായി നല്ല അടുപ്പത്തിനുള്ള അവസരം തന്നത് 1995 ല്‍ ദില്ലിയില്‍ നടന്ന Joy of Learning ക്യാമ്പാണ്. പിന്നെ മാഷ് നാട്ടില്‍ പരിപാടികള്‍ക്ക് വരുമ്പോഴൊക്കെ പരമാവധി ചെന്നു കാണാന്‍ ശ്രമിക്കാറുണ്ട്. പ്രായവും ശാരീരികാവശതകളും ഒരിക്കലും മാഷെ വേദികളില്‍ നിന്നും ഗൗരവമുള്ള സദസ്സുകളില്‍ നിന്നും അകറ്റിയില്ല. മനുഷ്യര്‍ക്ക് പരസ്പരം ചേര്‍ന്നിരിക്കാനാവാത്ത ഈ കെട്ടകാലം കെടുത്തിക്കളഞ്ഞ അത്തരം സന്തോഷങ്ങളുടെ അഭാവത്തില്‍ മനുഷ്യരെല്ലാം എപ്പോഴേ ഭാഗികമായി മരിച്ചു പോയിരുന്നു!
കൊവിഡ് ബാധിച്ച് മാറിയെങ്കിലും അതില്‍ പിന്നീടുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ മാഷെയും മരണത്തിന്റെ മറുകര കടത്തിയിരിക്കുന്നു.
ഒഴിഞ്ഞ ചട്ടിയുയര്‍ത്തിപ്പിടിച്ച് രാജ്യ തലസ്ഥാനത്തും ഉത്തരേന്ത്യയിലും സമരം ചെയ്യുന്ന കര്‍ഷകരുടെ നെഞ്ചിന് നേരെ അധികാരത്തിന്റെ ചക്രമുരുണ്ടു കയറി ചോരവാര്‍ന്ന കാലത്തിരുന്ന് വി.കെ എസ് വീണ്ടും പാടുന്നു.
'ഒഴിഞ്ഞ ചട്ടിയില്‍ നിന്നും
എങ്ങനെ കഞ്ഞികുടിക്കും നീ...
നാട്ടിന്‍ ഭരണം പിടിച്ചെടുത്തത് കീഴ്‌മേല്‍ മാറ്റിമറിക്കൂ
അതിന്റെ നായകനാകൂ'
അന്ത്യാഭിവാദ്യങ്ങള്‍ സഖാവേ