എന്നെ സംബന്ധിച്ചിടത്തോളം ജോര്‍ജ് സാറിന്‍റെ ആറു സിനിമകള്‍ ഏറ്റവും പ്രിയപ്പെട്ടവയായി എടുത്തുപറയാനുണ്ട്. പ്രിയപ്പെട്ടവയെന്ന നിലയില്‍ അത്രയും സിനിമകള്‍ മലയാളത്തിലെ മറ്റൊരു സംവിധായകന്‍റേതായും എനിക്ക് അടിവരയിട്ടു പറയാനില്ല.
ഛായാഗ്രാഹകനും സംവിധായകനുമായ അമൽ നീരദ് എഴുതിയത്
ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ കെ.ജി. ജോര്‍ജിനെ മലയാളികള്‍ വളരെ നേരത്തേ തന്നെ ആഘോഷിക്കേണ്ടിയിരുന്നു എന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍. നമ്മുടെ സമൂഹത്തിന്‍റെ ചില പ്രത്യേകതകള്‍ കൊണ്ടാകാം ഒരുപാടു പേര്‍ അനാവശ്യമായി സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനര്‍ഹതയുള്ളവരെ സൗകര്യപൂര്‍വ്വം ആഘോഷിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. ജോര്‍ജ് സാര്‍ അക്കൂട്ടത്തില്‍ പെട്ടു പോയിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹത്തിന്‍റെ ഏഴയലത്തു നില്‍ക്കാന്‍ പോലും യോഗ്യതയില്ലാത്ത ഒരുപാടു പേരെ മലയാളികള്‍ ആഘോഷിച്ചിട്ടുണ്ട്. അര്‍ഹിക്കുന്ന ഒരാഘോഷം ജോര്‍ജ് സാറിനുണ്ടായിട്ടുണ്ടോ എന്നും എനിക്കു സംശയമുണ്ട്.
ജോര്‍ജ് സാറിന്‍റെ കോലങ്ങള്‍ പോലെ മലയാളി സമൂഹത്തെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ള മറ്റൊരു സിനിമയില്ലെന്നാണ് എന്‍റെ വിശ്വാസം. നന്മയുടേതായ എല്ലാം നശിപ്പിക്കപ്പെടുമെന്നും തിന്മയുടേതായ എല്ലാം പൊങ്ങിവരുമെന്നും വിളംബരം ചെയ്യുന്ന തിലകന്‍ ചേട്ടന്‍റെ കഥാപാത്രത്തിന്‍റെ അട്ടഹാസത്തിലാണ് ജോര്‍ജ് സാറിന്‍റെ പേര് ചിത്രാന്ത്യത്തില്‍ എഴുതിക്കാണിക്കുന്നത്. കെ.ജി. ജോര്‍ജ് വിമര്‍ശനബുദ്ധിയോടെ വിലയിരുത്തിയ അതേ മലയാളി സമൂഹം തന്നെയാണ് അദ്ദേഹത്തെ സെലിബ്രേറ്റ് ചെയ്യാതിരുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നു.
പുതിയ ജനറേഷനില്‍പ്പെട്ട സിനിമാസ്വാദകര്‍ ലഭ്യമായതും അല്ലാത്തതുമായ പല സിനിമകളും തപ്പിപ്പിടിച്ചു കാണാന്‍ തുടങ്ങിയപ്പോഴാണ് കെ.ജി. ജോര്‍ജ് വീണ്ടും ചര്‍ച്ച ചെയ്യപ്പെട്ടത്. എനിക്ക് ഈ പുതിയ തലമുറയെ വളരെ ഇഷ്ടവും വിശ്വാസവുമാണ്. നമുക്കൊക്കെ ശേഷം വന്ന തലമുറയാണത്. അവര്‍ വളരെ സത്യസന്ധമായാണ് സിനിമയെ കാണുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏതു സിനിമയാണ് കാണേണ്ടത്, ഏതാണ് കാണേണ്ടാത്തത് എന്നൊക്കെ പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കാരുമില്ല. അങ്ങനെയാരുമില്ലാത്തതുകൊണ്ടു തന്നെ അവര്‍ സത്യസന്ധമായി സിനിമകള്‍ കാണുന്നുണ്ട്. ജോര്‍ജ് സാര്‍ ആരാണെന്നും അദ്ദേഹത്തിന്‍റെ പ്രാധാന്യമെന്താണെന്നും അദ്ദേഹത്തിന്‍റെ സിനിമകളിലൂടെത്തന്നെ അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം ജോര്‍ജ് സാറിന്‍റെ ആറു സിനിമകള്‍ ഏറ്റവും പ്രിയപ്പെട്ടവയായി എടുത്തുപറയാനുണ്ട്. പ്രിയപ്പെട്ടവയെന്ന നിലയില്‍ അത്രയും സിനിമകള്‍ മലയാളത്തിലെ മറ്റൊരു സംവിധായകന്‍റേതായും എനിക്ക് അടിവരയിട്ടു പറയാനില്ല. ആദാമിന്‍റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്. ഇരകള്‍, യവനിക, പഞ്ചവടിപ്പാലം, കോലങ്ങള്‍ - ഈ ആറു സിനിമകളും എന്‍റെ ഓള്‍ ടൈം ഫേവറിറ്റുകളാണ്. മറ്റൊരാള്‍, ഈ കണ്ണി കൂടി എന്നീ സിനിമകളും എനിക്കു പ്രിയപ്പെട്ടവ തന്നെ.
ഈ സിനിമകളെല്ലാം, നമുക്കെല്ലാവര്‍ക്കുമറിയാവുന്നതു പോലെ, കാലത്തിനു വളരെ മുമ്പേ നടന്നവയാണ്. അവയുടെ ഫിലിം മേയ്ക്കിങ്ങും വളരെ പ്രോഗ്രസ്സീവ് ആയിരുന്നു. ആദാമിന്‍റെ വാരിയെല്ലിന്‍റെ ടൈറ്റില്‍ സോങ് മാത്രം മതി കെ.ജി. ജോര്‍ജ് എന്ന ഫിലിം മേയ്ക്കറെ അറിയാന്‍.
കണ്ണീരാറ്റില്‍ മുങ്ങിത്തപ്പി
പെണ്ണെന്ന മുത്തിനെയാരെടുത്തു..
എന്നാണ് ആ പാട്ടിന്‍റെ തുടക്കം.
ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക് എന്ന സിനിമ തുടങ്ങുമ്പോള്‍ ഒരു വീഡിയോ ഫൂട്ടേജ് ഉണ്ട്. ഒരു ഡോക്യുമെന്‍ററി പോലെ. അതു കാണിച്ച് അതില്‍ നിന്നാണ് ലേഖയുടെ കഥയിലേയ്ക്കു പോകുന്നത്. ഈ സിനിമകളെല്ലാം ഇപ്പോള്‍ റിലീസ് ചെയ്താലും അതീവ ജനപ്രിയമാകാന്‍ സാദ്ധ്യതയുള്ള സിനിമകളാണ്, എന്നെ സംബന്ധിച്ചിടത്തോളം. യവനികയും പഞ്ചവടിപ്പാലവുമൊക്കെ അക്കാലത്തുതന്നെ വളരെ ജനപ്രീതി നേടിയിരുന്നു.
മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത്, പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോള്‍, ജോര്‍ജ്ജ് സാറിനോടുള്ള ആരാധന കാരണം കോളേജ് മാഗസിനു വേണ്ടി ഞാന്‍ അദ്ദേഹത്തെ ഇന്‍റര്‍വ്യൂ ചെയ്യാന്‍ പോയിട്ടുണ്ട്. ഞാനും എന്‍റെ സുഹൃത്തും കൂടിയാണ് അദ്ദേഹത്തിന്‍റെ വീട്ടില്‍ പോയത്. വീടിനു പുറത്ത് അദ്ദേഹം ഒരു പര്‍ണ്ണശാല കെട്ടിയിരുന്നു. അവിടെയിരുന്ന് എന്‍റെ എല്ലാ വിവരമില്ലായ്മയും സഹിച്ചുകൊണ്ട് അദ്ദേഹം ഇന്‍റര്‍വ്യൂ തന്നു. പ്രായത്തിന്‍റെ നിഷ്കളങ്കത കാരണം ഞാന്‍ ചോദിച്ച ചില ചോദ്യങ്ങളുണ്ട്. അദ്ദേഹം അതിനോക്കെ മറുപടി പറഞ്ഞത് അതിലും നിഷ്കളങ്കമായിട്ടാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ആദാമിന്‍റെ വാരിയെല്ലിന്‍റെ അന്ത്യസീനില്‍ എന്തിനാണങ്ങനെ ക്യാമറയെയും ഫിലിം ക്രൂവിനെയുമൊക്കെ തട്ടിത്തെറിപ്പിച്ചു കൊണ്ടോടുന്ന സ്ത്രീകള്‍ എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ചില സിനിമകള്‍ നമുക്കെത്രവേണമെങ്കിലും ഇങ്ങനെ പറഞ്ഞുപോകാം. പക്ഷേ ഇതെങ്ങനെ തീര്‍ക്കണമെന്നൊരു പ്രശ്നം ചിലപ്പോള്‍ വരും. അങ്ങനെ അതൊന്നു തീര്‍ക്കാന്‍ വേണ്ടി ചെയ്ത ഒരു പരിപാടിയായിരുന്നു അത്.'' ഇതല്ലാതെ ഒരു ജാഡയും അദ്ദേഹം ആ സീനിനെക്കുറിച്ചു പറഞ്ഞില്ലെന്നതാണ് അതിന്‍റെ ബ്യൂട്ടിഫുള്‍ ആയ ആസ്പെക്റ്റ്. അദ്ദേഹം തന്നെ അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ട്.
അതേപോലെ മറ്റൊരു കാര്യം കൂടി ഞാന്‍ അന്നു ചോദിച്ചു. യവനികയെക്കുറിച്ചായിരുന്നു അത്. സാധാരണ ക്രൈം ത്രില്ലര്‍ സിനിമകളില്‍ യഥാര്‍ത്ഥ ക്രൈം മാത്രമേ ചിത്രാന്ത്യത്തില്‍ വിഷ്വലൈസ് ചെയ്തു കാണിക്കുകയുള്ളൂ. പക്ഷേ യവനികയില്‍ അങ്ങനെയല്ലാതെ പറയുന്ന സംഭവങ്ങളും ദൃശ്യവത്കരിക്കുന്നുണ്ട്. താനാണ് അയ്യപ്പനെ കൊന്നതെന്ന് ജലജയുടെ കഥാപാത്രത്തെ രക്ഷിക്കാനായി വേണു നാഗവള്ളി പറയുന്ന കഥയുണ്ട്. ആ കഥയും സിനിമയില്‍ കാണിക്കുന്നു. ഈ കള്ളക്കഥ വിഷ്വലൈസ് ചെയ്തു കാണിക്കുന്നതുകൊണ്ടാണ് യവനികയുടെ ക്ലൈമാക്സിന് മുറുക്കം കൂടിയത്. അങ്ങനെ ചെയ്യാന്‍ പാടുള്ളതാണോ എന്ന് ഞാനദ്ദേഹത്തോടു ചോദിച്ചു. അദ്ദേഹം പറഞ്ഞു: ''അങ്ങനെയുള്ള ഒരു സിനിമയില്‍ പ്രേക്ഷകരെ വിശ്വസിപ്പിക്കാന്‍ എന്തും ചെയ്യാം.'' എന്നെ സംബന്ധിച്ചിടത്തോളം ആ ഉത്തരം വലിയൊരു റെവലേഷനായിരുന്നു. റെവലേഷന്‍ മാത്രമല്ല, ഇന്‍സ്പിരേഷനും ആയിരുന്നു.''ഒരു ഫിലിം മേക്കറിനതൊക്കെ ചെയ്യാമെന്നേ..''എന്നാണ് അദ്ദേഹം തന്‍റെ സ്വതസ്സിദ്ധമായ ശൈലിയില്‍ പറഞ്ഞ വാക്കുകള്‍.
ഞാന്‍ നേരത്തേ പറഞ്ഞതു പോലെ അതീവഗംഭീരമായ ഫിലിമോഗ്രഫിയുള്ള ഒരു ചലച്ചിത്രകാരനെ നമ്മള്‍ സെലിബ്രേറ്റ് ചെയ്യാന്‍ വൈകി എന്നാണ് തോന്നുന്നത്. ഒരു മുപ്പതു വര്‍ഷമെങ്കിലും വൈകി എന്നു ഞാന്‍ പറയും.
അമൽ നീരദ്
ഞാന്‍ നേരത്തേ പറഞ്ഞതു പോലെ അതീവഗംഭീരമായ ഫിലിമോഗ്രഫിയുള്ള ഒരു ചലച്ചിത്രകാരനെ നമ്മള്‍ സെലിബ്രേറ്റ് ചെയ്യാന്‍ വൈകി എന്നാണ് തോന്നുന്നത്. ഒരു മുപ്പതു വര്‍ഷമെങ്കിലും വൈകി എന്നു ഞാന്‍ പറയും.
ഞാന്‍ കല്‍ക്കട്ടയില്‍ പഠിച്ചതുകൊണ്ട് ഒരു കാര്യം പറയാം. ബംഗാളികള്‍ അവരുടെ ചലച്ചിത്രകാരന്‍മാരെ അങ്ങനെ മറക്കാറില്ല. റേയും ഘട്ടക്കും മാത്രമല്ല, മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, ഗൗതം ഘോഷ്, അപര്‍ണ്ണ സെന്‍ തുടങ്ങി ഋതുപര്‍ണ്ണോ ഘോഷ് വരെയുള്ള ഫിലിം മേയ്ക്കേഴ്സിന്‍റെ ഡി വി ഡി കള്‍ അവിടുത്തെ ചെറുപ്പക്കാരായ പിള്ളേരൊക്കെ വളരെ അഭിമാനത്തോടെ വിളിച്ചുപറഞ്ഞു വില്‍ക്കുന്നതു കണ്ടിട്ടുണ്ട്. ഇവിടെ ജോര്‍ജ് സാറിനെപ്പോലുള്ള ഒരു സംവിധായകന്‍റെ സിനിമകള്‍ എവിടെ കിട്ടുമെന്ന് നമ്മള്‍ തപ്പിനോക്കേണ്ട ഗതികേടാണ്. നമ്മുടെ പുതിയ കുട്ടികള്‍ വളരെ കഷ്ടപ്പെട്ടിട്ടായിരിക്കണം അതൊക്കെ ഡൗണ്‍ലോഡ് ചെയ്തും മറ്റും കണ്ടതു തന്നെ.
ആര്‍ട്ട് ഹൗസ് സിനിമകളുടെ ചില മാമൂലുകളും പരിപാടികളുമൊക്കെയുണ്ട്. ഓഡിയന്‍സിനെ സിനിമ കാണാന്‍ പ്രേരിപ്പിക്കാത്ത ഒരന്തരീക്ഷം അവയിലുണ്ട്. ജോര്‍ജ് സാറിന്‍റെ സിനിമകളും അവയുടെ തീമുകളുമൊക്കെ അങ്ങനെയുള്ള ഒരു സ്പേസില്‍ നിന്നല്ല വരുന്നത്. ഞാന്‍ നേരത്തേ പറഞ്ഞ ആറു സിനിമകളും അതിവ്യത്യസ്തമായ ഴോണറുകളില്‍ നിന്നുള്ളവയാണ്. എല്ലാ സിനിമകളിലും ജോര്‍ജ് സാറിന്‍റേതായ സര്‍കാസവും കോമഡിയുമുണ്ട്. എനിക്കതു വലിയ ഇഷ്ടവുമാണ്. യവനികയില്‍ അശോകനെ ചോദ്യം ചെയ്യാന്‍ കൊണ്ടു വരുന്നതൊക്കെ ഓര്‍ക്കുക. ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കില്‍ ഉള്ളതു പോലെ സിനിമയെക്കുറിച്ച് ഇത്രയും സര്‍കാസ്റ്റിക് ആയ കമന്‍റുകള്‍ ഉള്ള മറ്റൊരു ചിത്രവും ഉണ്ടെന്നു തോന്നുന്നില്ല. ആ സിനിമയില്‍ ലേഖയുമായിരുന്ന് രാത്രി സംവിധായകന്‍ മദ്യപിച്ചു കൊണ്ടിരിക്കുമ്പോള്‍ കതകിലാരോ മുട്ടുന്നുണ്ട്. അതൊരു നടിയാണ്. അവര്‍ സംവിധായകന്‍റെ കുപ്പിയില്‍ നിന്ന് രണ്ടു ഡ്രിങ്കെടുത്തോട്ടെ എന്നു ചോദിച്ച് അതു കഴിച്ചിട്ടു മുറിയിലേയ്ക്കു പോകുന്നു. അവര്‍ പോയിക്കഴിഞ്ഞ ശേഷം സംവിധായകന്‍ ലേഖയോടു പറയുന്നുണ്ട്: ''അതു വാസന്തി. നമ്മുടെ ഈ പടത്തില്‍ കന്യാസ്ത്രീയുടെ റോളാ.'' എല്ലാ സിനിമകളിലും ഇതു പോലെ ജോര്‍ജ് സാറിന്‍റെ സ്വതസ്സിദ്ധമായ എന്തെങ്കിലും ഒരു സര്‍കാസം ഉണ്ടാകും. പഞ്ചവടിപ്പാലത്തിലും യവനികയിലും കോലങ്ങളിലുമൊക്കെ ഈ ഫലിതബോധം അതിഗംഭീരമായി അനുഭവപ്പെടുന്നുണ്ട്. ലേഖയുടെ മരണം ഒരു ബയോപിക് ആണ്. ഇത്രയും വ്യത്യസ്ത ഴോണറുകളില്‍ ഡിഫറന്‍റായ സിനിമകള്‍ ചെയ്തിട്ടുള്ള ആളുകള്‍ ഇന്‍ഡ്യയില്‍ത്തന്നെ വളരെക്കുറവാണ്. ഒരു ജാര്‍ഗണില്‍ നിന്നോ ജാഡയില്‍ നിന്നോ അല്ല കെ.ജി. ജോര്‍ജ് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്. ആര്‍ട്ട് ഹൗസ് സിനിമയാണെങ്കില്‍ ഇങ്ങനെയായിരിക്കണം, പോപ്പുലര്‍ സിനിമയാണെങ്കില്‍ ഇങ്ങനെയായിരിക്കണം എന്നുള്ള ഒരു ധാരണയില്‍ നിന്നല്ല അദ്ദേഹം ഇതൊക്കെ ചെയ്തിരിക്കുന്നത്. എനിക്കു താത്പര്യമുള്ള ഒരു വിഷയം ഞാനിങ്ങനെ ചെയ്യുന്നു എന്നുള്ള രീതിയിലാണ് അദ്ദേഹം എല്ലാ സിനിമകളെയും സമീപിച്ചിട്ടുള്ളത്.
ജോര്‍ജ് സാര്‍ ഇലവങ്കോടു ദേശം കൊണ്ട് സിനിമയെടുക്കല്‍ നിര്‍ത്താന്‍ പാടില്ലായിരുന്നു എന്നു വിശ്വസിക്കുന്ന പ്രേക്ഷകരില്‍ ഒരാളാണ് ഞാന്‍. നിര്‍ത്തിയത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാര്യം. പക്ഷേ പ്രേക്ഷകനെന്ന നിലയില്‍ എനിക്കതില്‍ ദുഃഖമുണ്ട്.
****
ദൃശ്യതാളം കെ.ജി.ജോർജ് സ്പെഷ്യൽ പതിപ്പിന് വേണ്ടി 2021ൽ ഛായാഗ്രാഹകനും സംവിധായകനുമായ അമൽ നീരദ് എഴുതിയ ലേഖനം.