വരികൾ യാത്രയായി; ഈണത്തെ തനിച്ചാക്കി...
അർദ്ധരാത്രിയോടടുപ്പിച്ചാണ് ശ്യാം സാർ വിളിച്ചത്. ഫോണിലൂടെ ഒഴുകിവന്ന ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ വേദന കലർന്നിരുന്നു. പതിവുള്ള പ്രസാദാത്മകതയില്ല; കുശലാന്വേഷണങ്ങളില്ല. നിശ്ശബ്ദമായ ഒരു ഗദ്ഗദം വാക്കുകളിൽ തങ്ങിനിൽക്കുന്നതു പോലെ...
``മോനേ, ബിച്ചുവിന് എങ്ങനെ ഉണ്ട്?'' -- അദ്ദേഹം ചോദിച്ചു. ``കിടന്നിട്ട് ഉറക്കം വരുന്നില്ല. ഇന്നലെ ആ വാർത്ത കേട്ടതു മുതൽ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ. അദ്ദേഹത്തിന്റെ മകനെ വിളിച്ചു കിട്ടുന്നില്ല. അതുകൊണ്ടാണ് അസമയത്ത് വിളിച്ചത്. ക്ഷമിക്കണം.''
വികാരഭരിതമായ ആ വാക്കുകൾക്ക് മുന്നിൽ എന്ത് പറയണമെന്നറിയാതെ പകച്ചുനിന്നു ഞാൻ. ബിച്ചു തിരുമലയും ശ്യാമും ചേർന്നൊരുക്കിയ നൂറു നൂറു പാട്ടുകളുടെ ശീലുകൾ ഓർമ്മയിൽ ഒഴുകിയെത്തുന്നു. പതിറ്റാണ്ടുകളായി സ്വന്തം ആത്മാവിന്റെ, ജീവന്റെ ഭാഗമായ ഒരാൾ അകലെ മരണത്തിന്റെ നേർത്ത കാലൊച്ചകൾക്ക് കാതോർത്ത് മയങ്ങിക്കിടക്കുമ്പോൾ, ശ്യാം സാറിന് എങ്ങനെ ഉറക്കം വരും? ``കുറച്ചു ഭേദമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. നമുക്ക് പ്രാർത്ഥിക്കാം ശ്യാം സാർ, ബിച്ചു ചേട്ടന് വേണ്ടി..'' അത്രയേ പറയാൻ കഴിഞ്ഞുള്ളു എനിക്ക്.
ബിച്ചു ചേട്ടന്റെ വിയോഗവാർത്ത അതികാലത്ത് ഓഫീസിൽ നിന്ന് വിളിച്ചറിയിച്ചപ്പോൾ ആദ്യം ഓർമ്മവന്നത് ശ്യാം സാറിനെയാണ്. എങ്ങനെ ഉൾക്കൊള്ളാനാകും അദ്ദേഹത്തിന് ഈ വേർപാട്. ``എന്റെ കുടുംബാംഗങ്ങളെക്കാൾ കൂടുതൽ സമയം ഞാൻ ചെലവഴിച്ചിട്ടുണ്ടാകുക ബിച്ചുവിനോടൊപ്പമായിരിക്കും. ഹൃദയം കൊണ്ട് ഒന്നായിരുന്നു ഞങ്ങൾ. അതുകൊണ്ടാവണം ഞങ്ങൾ ഒരുമിച്ചുണ്ടാക്കിയ പാട്ടുകൾ നിങ്ങൾ എളുപ്പം ഹൃദയത്തിൽ സ്വീകരിച്ചത്.''-- ശ്യാം സാറിന്റെ വാക്കുകൾ.
ഇരുവരും ചേർന്നൊരുക്കിയ മനോഹര ഗാനങ്ങളിൽ ഒന്നിന്റെ പിറവിയുടെ കഥ ഒരിക്കൽ കൂടി പങ്കുവെക്കുന്നു: ബിച്ചു ചേട്ടനെ ഓർത്തുകൊണ്ട്...കടലിൽ നിന്നുയർന്ന മൈനാകത്തിന്റെ കഥ.---- ``മോനേ.....'' എന്ന വിളിയിൽ ഒരു സ്നേഹസാഗരം തന്നെ ഒളിപ്പിക്കുന്ന, `ഗോഡ് ബ്ലെസ്' എന്ന ആശംസയിൽ മനസ്സിലെ നന്മയും കരുതലും മുഴുവൻ നിറച്ചു വെക്കുന്ന മനുഷ്യൻ. സിനിമാസംഗീത ലോകത്ത് ഞാൻ കണ്ടുമുട്ടിയ സുതാര്യ വ്യക്തിത്വങ്ങളിൽ ഒരാൾ. അനസൂയ വിശുദ്ധൻ. ശ്യാം എന്ന സാമുവൽ ജോസഫ്.
കഴിഞ്ഞ പിറന്നാളിന് ആശംസകൾ നേരാൻ കാലത്ത് വിളിച്ചപ്പോൾ ശ്യാം സാർ ഒരു നിമിഷം മൗനിയായി. പിന്നെ ഘനഗാംഭീര്യമാർന്ന ശബ്ദത്തിൽ പറഞ്ഞു: ``സന്തോഷം മോനേ, ഇന്ന് എനിക്ക് വരുന്ന ആദ്യത്തെ ഫോൺകോളാണിത്. നമ്മളെ ആരെങ്കിലും ഓർക്കുന്നു എന്നറിയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. ഇറ്റ്സ് എ ബിഗ് തിംഗ് ഫോർ മി; ഈ പ്രായത്തിൽ. താങ്ക് യു ഫോർ റിമെംബറിംഗ് മി മോനേ. ഗോഡ് ബ്ലെസ്..''
മനസ്സിനെ വല്ലാതെ സ്പർശിച്ചു ആ വാക്കുകൾ. ഉള്ളിലെങ്ങോ നേർത്തൊരു നൊമ്പരം വന്നു തടഞ്ഞപോലെ. ``എങ്ങനെ മറക്കും ശ്യാം സാർ. ഇതാ ഇപ്പോഴും ഞാൻ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ബിച്ചു ചേട്ടനും ശ്യാം സാറും ചേർന്നൊരുക്കിയ പാട്ട്: മൈനാകം കടലിൽ നിന്നുയരുന്നുവോ.....അശുഭവാർത്തകൾ മാത്രം കേൾക്കുന്ന ഈ കോവിഡ് കാലത്തും ആ പാട്ടുകൾ മനസ്സിന് എത്ര സന്തോഷവും സമാധാനവും പകരുന്നു എന്ന് പറഞ്ഞറിയിക്കാൻ വയ്യ.''
മൃദുവായി ചിരിക്കുക മാത്രം ചെയ്തു ശ്യാം സാർ. പിന്നെ ആ പാട്ടിന്റെ വരികൾ ഓർത്തെടുക്കാൻ ശ്രമിച്ചു: ``ഓ ശശിയുടെ പടത്തിലെ പാട്ട്... ഒരു പാട് ഓർമ്മകൾ ഉണ്ട് മോനേ ഓരോ പാട്ടിന് പിന്നിലും. പാവം ശശിയും പോയില്ലേ...ഓരോരുത്തരായി സ്ഥലം വിടുന്നു..''
പാട്ടുകളില്ലാത്ത ``ഒരിക്കൽ കൂടി'' എന്ന ചിത്രത്തിന് ശ്യാം ഒരുക്കിയ തീം മ്യൂസിക്കിൽ നിന്ന് സംവിധായകനായ ഐ വി ശശി കണ്ടെടുത്തതാണ് ``തൃഷ്ണ'' (1981) എന്ന സിനിമക്ക് വേണ്ടി എസ് ജാനകിയുടെ ശബ്ദത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ``മൈനാക''ത്തിന്റെ ഈണം. ആ കൊച്ചു സംഗീതശകലം ഒരു ഗാനമാക്കി മാറ്റണമെന്ന് ശശി ആവശ്യപ്പെട്ടപ്പോൾ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിനിന്നു ശ്യാം. ``എത്ര സൂക്ഷ്മമായാണ് പശ്ചാത്തല സംഗീതം പോലും ശശി ശ്രദ്ധിക്കുന്നത് എന്നോർക്കുകയിരുന്നു ഞാൻ. ഹി വാസ് എ ജീനിയസ്.''
ശശി ഉദ്ദേശിച്ച തീം മ്യൂസിക് ഏതാണെന്ന് ആദ്യം തനിക്ക് ഓർമ്മവന്നില്ലെന്ന് ശ്യാം. വഴിക്കുവഴിയായി സിനിമകൾ ചെയ്യുന്ന കാലമല്ലേ? ``ഒരിക്കൽ കൂടിയിലെ ഹമ്മിംഗ് ഓർമ്മയിൽ നിന്ന് വീണ്ടെടുക്കാൻ സഹായിച്ചത് സഹായിയായ ഷണ്മുഖമാണ്. ബിച്ചു അതിനിണങ്ങുന്ന വരികൾ എഴുതി. പല്ലവി തയ്യാറായതോടെ ചരണം പിറകെ വന്നു. ഇന്നും ആ പാട്ട് കേൾക്കുമ്പോൾ ശശിയെ ഓർമ്മവരും.''
``തൃഷ്ണ''യിലെ ഗാനങ്ങളുടെ പിറവിക്ക് പിന്നിൽ ചെറിയൊരു വാശിയുടെ കഥ കൂടിയുണ്ടെന്ന് പറയും ഗാനരചയിതാവ് ബിച്ചു തിരുമല. റെക്കോർഡിങ്ങിന്റെ തലേന്നാണ് ശശി വിളിച്ചുപറഞ്ഞത് -- നാളെ എം ടി വരുന്നു, ഉടൻ പാട്ടുകളൊരുക്കണം എന്ന്. ചെന്നൈയിലെ പാംഗ്രൂവിൽ ഈണങ്ങളുമായി ശ്യാം കാത്തിരിക്കുന്നു. ആദ്യം പാടിക്കേൾപ്പിച്ച ട്യൂൺ കേട്ടപ്പോഴേ ബിച്ചുവിന്റെ മനസ്സിൽ പല്ലവി റെഡി: ``ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ.'' ആയിടക്ക് വായിച്ച നാലാങ്കലിന്റെ മഹാക്ഷേത്രങ്ങൾക്ക് മുൻപിൽ എന്ന ഗ്രന്ഥത്തിൽ നിന്ന് കടം കൊണ്ടതായിരുന്നു മൈനാകം എന്ന വാക്ക്. ``മൈനാകത്തെ കുറിച്ചുളള ഐതിഹ്യം രസകരമായി തോന്നി എനിക്ക്. മേനകക്ക് ഹിമവാനിൽ ഉണ്ടായ കുഞ്ഞാണ് മൈനാകം എന്നാണ് കഥ. കടലിന്റെ നടുവിലാണ് മൈനാകത്തിന്റെ വാസം. പർവ്വതങ്ങൾക്ക് ചിറകുകൾ ഉണ്ടായിരുന്ന ആ കാലത്ത് അവ യഥേഷ്ടം പറന്നുനടന്ന് അപകടങ്ങൾ വരുത്തിവെച്ചപ്പോൾ ഇന്ദ്രന് ദേഷ്യംവന്നു. വജ്രായുധം ഉപയോഗിച്ച് ഇന്ദ്രൻ പർവ്വതങ്ങളുടെയെല്ലാം ചിറകുകൾ അരിഞ്ഞു. മൈനാകംമാത്രം ഇന്ദ്രകോപത്തിൽനിന്നും രക്ഷനേടാൻ കടലിൽ പോയൊളിച്ചു. ആ ഐതിഹ്യത്തെ സിനിമയിലെ സന്ദർഭവുമായി ബന്ധിപ്പിക്കുകയാണ് ഞാൻ ചെയ്തത്. ശ്യാമിന്റെ ഈണം കൂടി ചേർന്നപ്പോൾ അതൊരു നല്ല പാട്ടായി.''
ശശിയുടെ പടങ്ങളിലാണ് ബിച്ചു -- ശ്യാം കൂട്ടുകെട്ട്ഏ റ്റവും കൂടുതൽ ഹിറ്റുകൾ ഒരുക്കിയത്. ``അസാധാരണമായ ഒരു കെമിസ്ട്രി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. എനിക്ക് വേണ്ടത് എന്താണെന്ന് അവർക്കറിയാം. അവരുടെ മനസ്സിലെ സംഗീതം എനിക്കും.'' -- ശശിയുടെ വാക്കുകൾ ഓർമ്മവരുന്നു. പശ്ചാത്തല സംഗീതത്തിൽ നിന്ന് പോലും അസാധാരണ മികവുള്ള പാട്ടുകൾ സൃഷ്ടിക്കും ശ്യാം. അടിയൊഴുക്കുകളുടെ പശ്ചാത്തല സംഗീത ശകലം ``അനുബന്ധ''ത്തിലെ കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും എന്ന ഗാനമായതും, തുഷാരത്തിന്റെ ക്ലൈമാക്സിലെ തീം മ്യൂസിക് തൃഷ്ണയിൽ ഉപയോഗിച്ചതും (തെയ്യാട്ടം ധമനികളിൽ) എല്ലാം ശശിയുടെ പ്രേരണയിൽ തന്നെ. രണ്ട് ഈണങ്ങൾക്കുമൊത്ത് അനായാസം പാട്ടുകളെഴുതി ബിച്ചു.
ഫോൺ വെച്ച ശേഷവും ശ്യാം സാറിന്റെ വാക്കുകൾ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു: `` നമ്മളെ ആരെങ്കിലും ഓർക്കുന്നു എന്നറിയുമ്പോഴുള്ള ഒരു സന്തോഷമുണ്ടല്ലോ. ഇറ്റ്സ് എ ബിഗ് തിംഗ് ഫോർ മി; താങ്ക് യു ഫോർ റിമെംബറിംഗ് മി മോനേ. ഗോഡ് ബ്ലെസ്..''