ബിച്ചു തിരുമലയുടെ ഗാനസപര്യയെക്കുറിച്ച് ഗാനരചയിതാവ് നിധീഷ് നടേരി എഴുതുന്നു
ഹൃദയത്തിൽ പാട്ടിൻ പദങ്ങളാൽ ആറാട്ടും ആഘോഷവും ഉന്മാദ നൃത്തവും ചെയ്ത ബിച്ചു തിരുമലയെന്ന പാട്ടെഴുത്തു പ്രതിഭ ജീവിതപ്പടിയിറങ്ങുകയാണ്.
ഗാനരചന ബിച്ചു തിരുമലയെന്ന് പതിറ്റാണ്ടുകളായി മുൻ മൊഴിക്കൊപ്പം ആകാശവാണിയും സിനിമകളും പകർന്നു തന്ന പാട്ടുകൾ മലയാളിയുടെ നിമിഷങ്ങളിലോരോന്നിലും തുടിച്ചു നിൽക്കുന്നുണ്ട്.
നാല് പതിറ്റാണ്ടിന്റെ പാട്ടെഴുത്തു ജീവിതമായിരുന്നു ബിച്ചു തീരുമലയുടേത്. പാട്ടിന്റെ സാധ്യതകൾ വെളിച്ചം വീശിയ വഴികളിലെല്ലാം പദപരിചരണത്തിന്റെ സകലവിരുതുകളും പയറ്റി അദ്ദേഹം നിറഞ്ഞു നിന്നു.
പാട്ടിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഭാവനകളുടെ വാക്കിണക്കങ്ങളുടെ മൈനാകങ്ങൾ അദ്ദേഹം ഉയർത്തി വച്ചു.
ശ്രുതിയിൽ നിന്ന് നാദശലഭങ്ങൾ ഉയരുന്ന ചിത്രം പാട്ടിൽ നിന്ന് നാം ഉൾക്കണ്ണാലെ കണ്ടു.
ഒരു കുസൃതിക്കുരുന്നിനെ പോലെ വാക്കുകൾ തുള്ളിച്ചാടിയ പാട്ടുകളെത്ര.
മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ വന്നു
പീലി വീശിയാടിടുന്നു മൂകം തെയ്യം തെയ്യം
ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി
പുങ്കുരുവി പൂവാങ്കുരുവി
പൊന്നോ ലേഞ്ഞാലിക്കുരുവി
ഈ വഴി വാ...
പാവാട വേണം മേലാട വേണം പഞ്ചാരപ്പനങ്കിളിക്ക്
കള്ളൻ ചക്കേട്ടു ആരും കണ്ടാ മിണ്ടണ്ട
പയ്യെപ്പയ്യെ ക്കൊണ്ടെത്തിന്നോട്ടെ
സങ്കട ഛായ കലർന്ന പാട്ടുകളിലും കണ്ണീർക്കായലുകൾ തീർക്കാൻ അനായാസം ആ തൂലികക്കു കഴിഞ്ഞു.
നീർപ്പളുങ്കുകൾ
ചിതറി വീഴുമീ
നിമിഷ സാഗരം
ശാന്തമാകുമോ..
മകളേ പാതി മലരേ
മനസിൽ നിന്നെയറിയുന്നു..
തുടങ്ങിയ ഹൃദയ നൊമ്പര ഗാനങ്ങളെത്രയെത്ര
കരിമ്പനയിലെ
കൊമ്പിൽ കിലുക്കും കെട്ടി
എന്ന ഗാനം അത്രമേൽ നാട്ടു പ്രയോഗങ്ങളാൽ സമ്പന്നമാണ്
ലാടം വച്ച കുഞ്ഞി ക്കുളമ്പടിച്ചോടിക്കോ കാളെ മടിക്കാതെ
നേരം പോയ് നേരം പോയ് നേരം പോയ്
ചുട്ടരച്ച ചമ്മന്തിയും , അക്കാനിയും, കരുപ്പെട്ടിയും , ചില്ല്വാനവുമെല്ലാം പാട്ടിൽ ഇണങ്ങിച്ചേരുന്നു.
സെമി ക്ലാസിക്കൽ ഗാനങ്ങളിൽ നക്ഷത്ര ദീപങ്ങൾ പോലെ മിഴിവോടെ അദ്ദേഹം അക്ഷരങ്ങൾ കൊളുത്തി വെക്കുന്നു.
സ്വാതിതിരുനാളിൽ രാജധാനി വീണ്ടും രാഗസുധാ സാഗരത്തിൽ നീരാടി..
ചെമ്പൈയുടെ കച്ചേരിയുടെ പെരുമ വർണ്ണിക്കുന്നത് എന്ത് മനോഹര സങ്കേതങ്ങളിലൂടെയാണ്
ആറാട്ടുകടവിലും ആന കൊട്ടിലിലും വരെ നിറഞ്ഞ ആസ്വാദക ലക്ഷം സതിരു തുടങ്ങിയപ്പോൾ നിശ്ചലാരുവകയാണ്.
ചെമ്പട താളത്തിൽ ശങ്കരാഭരണത്തിൽ
ചെമ്പൈ വായ്പ്പാട്ടു പാടി
പ്രൗഢ ഗംഭീരമായ ഗാന ശില്പം തന്നെയാണീ പാട്ട്.
ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം..
മറ്റൊരു സൗന്ദര്യമാണ്
ഗാനം ദേവഗാനം
അഭിലാഷ ഗാനം
മാനസ വീണയിൽ
കരപരിലാളന ജാലം
ഇന്ദ്രജാലം
അതിലോല ലോലം
ഈണത്തിന്റെ വഴികളിലങ്ങനെ ലോല ലോലം ഒഴുകുന്ന പദ ഘടനയുടെ ജാലം..
ഉദയം ആകാശത്ത് പവനരച്ച് കോലമെഴുതുന്ന സുന്ദര ഭാവന പിറന്നതും ആ മനോവ്യാപാരങ്ങളിലാണ്
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനിക്കോലായിലരുണോദയം
പകലകപ്പൊരുളിന്റെ ശ്രീ രാജധാനി
ഹരിതകംബളം നീട്ടി വരവേൽക്കയായ്
ഇതിലേ ഇതിലേ വരു
സാമഗാനവീണ മീട്ടുമഴകേ
ഹരിത കംബളങ്ങൾ വിരിച്ച് സൗമ്യ പദാവലികളെ പാട്ടുകളിൽ വരവേൽക്കുകയായിരുന്നു ആ മഹാപ്രതിഭ.
യുവനത്തിന്റെ മോഹാവേശങ്ങളെ
ഉന്നം മറന്ന് തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്ത് കരളിന്നകത്ത് ചില്ലിട്ടടച്ചതല്ലേ
എന്ന് എഴുതുമ്പോൾ തന്നെ
ആശാഭംഗങ്ങളെ
കൊളുത്തിയും കെടുത്തിയും പ്രതീക്ഷകൾ വിളക്കുവെച്ചു മൂകം
എന്ന് അനായാസം അവതരിപ്പിക്കുന്നു.
കുന്നിക്കുരുക്കുത്തി
നുള്ളിപ്പറിച്ചിട്ട്
പിന്നിക്കൊരുത്തൊരു മാല തീർക്കാം
തിങ്കൾക്കിടാവിനെ തോളത്തെടുക്കുന്ന തങ്കക്കലമാനെ കൊണ്ടത്തരാം
ചിങ്കിരി മുത്തല്ലേ..
എന്റെ ചിത്തിരക്കുഞ്ഞല്ലേ...
എന്ന് കുഞ്ഞു മനസിന്റെ സ്നേഹ നൊമ്പരങ്ങൾ ഇതിലപ്പുറമെങ്ങിനെ പാട്ടിലാക്കാനാവും
സ്വന്തം അനുജനായ ബാലഗോപാലനെ അനുസ്മരിച്ച് എഴുതിയ
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ
എന്റെ ബാലഗോപാലനെ
എണ്ണ തേപ്പിക്കുമ്പം പാടെടീ..
എന്ന പാട്ടിലും കുട്ടികളോട് വാത്സല്യത്തോടെ സംവദിക്കുന്ന കവിയുണ്ട്
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിൻ കഥ പറയാം
പോലെ
കുട്ടികളോട് കഥ പറയുന്ന പാട്ടുകളിലെല്ലാം പാട്ടിന്റെ ഈണത്തിനിണങ്ങുന്ന നല്ല കഥകൾ ഉണ്ടായിരുന്നു.
ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ വേടൻ കുരുക്കും കടങ്കഥയിക്കഥ
എന്ന പാട്ടിൽ സിനിമയുടെ ഇതിവൃത്തത്തിനോട് അത്രമേൽ ഇണങ്ങിച്ചേരുന്നതും അതേ സമയം കുട്ടിക്കഥയായ് നിലനിൽക്കുന്നതുമായ കഥ ഉൾച്ചേർത്തിരിക്കുന്ന സർഗ വിസ്മയം കാണാം.
അരയന്നമേ ആരോമലേ, ശരത് പൂർണ്ണിമാ യാമിനിയിൽ തുടങ്ങിയ മലയാള മേറ്റു വാങ്ങിയ മനോഹര ലളിത ഗാനങ്ങളും അദ്ദേഹം എഴുതി വച്ചിട്ടുണ്ട്.
പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം
പ്രകാശവലയമണിഞ്ഞൊരു സുന്ദരി
പ്രസാദപുഷ്പമായി വിടർന്നു
എന്റെ വികാരമണ്ഡലത്തിൽ പടർന്നു
എന്ന പാട്ട് എൺപതുകളിൽ രചനയുടെ തുടക്കകാലത്ത് അദ്ദേഹം എഴുതിയതാണ്. അക്കാലത്തെ പ്രൗഢ ഗാനങ്ങൾക്കൊപ്പം ഇടം പിടിച്ച പാട്ടായി അത് മാറി.
അത് മേശമേൽ കുടഞ്ഞിട്ടപ്പോൾ അസംഖ്യം പേനകൾ പലനിറത്തിൽ പല രൂപത്തിൽ... എഴുതിയ ഓരോ പാട്ടിനും മനസിന്റെ പല വർണ്ണപ്പേനകളായിരുന്നു ബിച്ചു തിരുമല പ്രയോഗിച്ചത്.
പഴന്തമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തമ്പുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ നിലവറ മൈന മയങ്ങി
സന്ദർഭത്തോട് ഇഴുകിച്ചേർന്ന പാട്ടിന്റെ വിരുത് ഈ വരികളിലുണ്ട്.
മണിച്ചിത്രത്താഴ് എന്ന . ചിത്രത്തിന്റെ പേര് ഈ പാട്ടിൽ നിന്നു പിറന്നതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
പടകാളി ചണ്ടി ച്ചങ്കിരി
പോലെ കുതറിത്തുള്ളി നിൽക്കുന്ന പാട്ട് വേറെ തുണ്ട്.
സംഗീത സംവിധായകൻ വിശ്വജിത്ത് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ നിഴലായി നടന്ന കാലമുണ്ടായിരുന്നു. യാത്രകളിലെ കൂട്ട്. സംഗീത സംവിധായകൻ എം.ജി രാധാകൃഷ്ണന്റെ വീട്ടിൽ പാട്ടെഴുത്തിനെത്തിയ നേരം.
എഴുതാനിരിക്കുമ്പോൾ
വാടാ പോടാ സുഹൃദത്തിന്റെ രസത്തിൽ
എം.ജി രാധാകൃഷ്ണൻ ചോദിച്ചു
" ഗാനരചയിതാവാണ് പോലും പേനയൊന്നുമില്ലേ...?
ബിച്ചു തിരുമല വിശ്വജിത്തിനോട് കൊണ്ടുവന്ന ബാഗ് തുറക്കാൻ പറഞ്ഞു.
അത് മേശമേൽ കുടഞ്ഞിട്ടപ്പോൾ
അസംഖ്യം പേനകൾ പലനിറത്തിൽ പല രൂപത്തിൽ...
എഴുതിയ ഓരോ പാട്ടിനും മനസിന്റെ പല വർണ്ണപ്പേനകളായിരുന്നു ബിച്ചു തിരുമല പ്രയോഗിച്ചത്.
അത്രമേൽ വൈവിധ്യങ്ങളുടെ ഉന്മാദങ്ങളുടെ പാട്ടെഴുത്തുകാരനാണ് പാട്ടുകൾ ബാക്കിയാക്കി ചരിത്രമാവുന്നത്.