"ഇടവാ ബഷീര്‍ക്ക യാത്രയായി.... പാടിക്കൊണ്ടിരിക്കേ വേദിയില്‍ കുഴഞ്ഞു വീണ് മരണത്തിന് കീഴടങ്ങുകയായിരുന്നു എന്റെ പ്രിയ സുഹൃത്ത്... ശരിക്കും അവിശ്വസനീയമായ വേര്‍പാട്.. ബഷീര്‍ക്കയെ കുറിച്ച് മുന്‍പ് എഴുതിയ 'പാട്ടെഴുത്ത്'. അദ്ദേഹത്തിനുള്ള എന്റെ സ്മൃതി പൂജ കൂടിയാണിത്". രവി മേനോന്‍ എഴുതിയത്.
വഴിയോരത്തെ മരത്തണലില്‍ സ്‌കൂട്ടര്‍ ഒതുക്കിനിര്‍ത്തി നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ തൂവാലകൊണ്ട് തുടച്ച് പുഞ്ചിരിയോടെ റോഡ് മുറിച്ചു നടന്നു വരുന്ന കൊച്ചു മനുഷ്യനെ നോക്കിനില്‍ക്കേ മനസ്സ് പറഞ്ഞു: 'ഇതാ വരുന്നു നീ കാത്തിരുന്ന ആ പഴയ സുല്‍ത്താന്‍; ഗാനമേളാവേദിയിലെ കിരീടം വെക്കാത്ത രാജാവ്.''
പിന്‍നിരയില്‍ നിന്നാരോ ഉറക്കെ വിളിച്ചു പറയുന്നു: 'ബഷീര്‍ക്കാ, വണ്‍സ് മോര്‍...'' കോറസ് പോലെ ആ മുദ്രാവാക്യം ഏറ്റുപാടുന്നു ചുറ്റുമുള്ള ജനക്കൂട്ടം. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ആ അപേക്ഷ എങ്ങനെ നിരസിക്കാനാകും ഗായകന്? പിന്നിലിരുന്ന ഓര്‍ക്കസ്ട്രക്കാരോട് എന്തോ പിറുപിറുത്ത ശേഷം, വീണ്ടും പാടിത്തുടങ്ങുകയായി അയാള്‍: സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍....
മുന്‍പൊരിക്കലേ കണ്ടിട്ടുള്ളൂ 'സുല്‍ത്താനെ'-- അതും വിദൂരതയില്‍, ഇത്തിരിപ്പോന്ന ഒരു പൊട്ടു പോലെ. കൊല്ലം ആശ്രാമം മൈതാനത്തെ അനന്തമായ ജനസാഗരത്തിനക്കരെ വേദിയിലെ ദീപപ്രളയത്തില്‍ ജ്വലിച്ചുനിന്നു ആ കൊച്ചു സിന്ദൂരപ്പൊട്ട്. സൂചി കുത്താന്‍ ഇടമില്ലാത്ത വിധം ചുറ്റും നിറഞ്ഞു തുളുമ്പിയ ജനക്കൂട്ടത്തെ പ്രയാസപ്പെട്ടു വകഞ്ഞു മാറ്റി മുന്നിലേക്ക് കയറി നിന്നപ്പോഴാണ് പാട്ടുകാരന്റെ രൂപം തെളിഞ്ഞുവന്നത്-- കടും ചുവപ്പില്‍ സ്വര്‍ണവരകളുള്ള കുപ്പായമണിഞ്ഞ ഒരു ചെറിയ മനുഷ്യന്‍. 'രാജഹംസ''ത്തിലെ വിഷാദ മധുരമായ പ്രണയഗാനത്തിന്റെ സഞ്ചാര പഥത്തിലൂടെ സ്വയം മറന്ന് ഒഴുകുകയാണ് അദ്ദേഹം: 'സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നൂ...'' ഭാവദീപ്തമായ ആ ആലാപനത്തിന്റെ ആകര്‍ഷണവലയത്തില്‍ സ്വയം മറന്നു തരിച്ചിരിക്കുന്നു മുന്നിലെ ജനാവലി. കാതടപ്പിക്കുന്ന ആരവങ്ങളില്ല; നൃത്തഘോഷമില്ല; പേരിനൊരു ചൂളം വിളി പോലുമില്ല. സര്‍വചരാചരങ്ങളും നിശ്ചലം, നിശബ്ദം.
ഗാനം പാടി നിര്‍ത്തി ഗായകന്‍ സദസ്സിനെ താണുവണങ്ങിയപ്പോള്‍ നിലയ്ക്കാത്ത ആരവം. പിന്‍നിരയില്‍ നിന്നാരോ ഉറക്കെ വിളിച്ചു പറയുന്നു: 'ബഷീര്‍ക്കാ, വണ്‍സ് മോര്‍...'' കോറസ് പോലെ ആ മുദ്രാവാക്യം ഏറ്റുപാടുന്നു ചുറ്റുമുള്ള ജനക്കൂട്ടം. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള ആ അപേക്ഷ എങ്ങനെ നിരസിക്കാനാകും ഗായകന്? പിന്നിലിരുന്ന ഓര്‍ക്കസ്ട്രക്കാരോട് എന്തോ പിറുപിറുത്ത ശേഷം, വീണ്ടും പാടിത്തുടങ്ങുകയായി അയാള്‍: സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍....പൊടുന്നനെ ആരവങ്ങള്‍ അടങ്ങുന്നു. സദസ്സില്‍ വീണ്ടും കനത്ത നിശബ്ദത. രണ്ടാമതും പാടി നിര്‍ത്തിയപ്പോള്‍, ഒരിക്കല്‍ കൂടി അതേ ആവശ്യം: 'പ്ലീസ് ബഷീര്‍ക്കാ വണ്‍സ് മോര്‍..'' കഥ തുടരുന്നു. മടുപ്പിന്റെ ലാഞ്ഛന പോലും പ്രകടിപ്പിക്കാതെ ഗായകന്‍ മൂന്നാമതും ഗാനത്തിന്റെ ആത്മാവിലേക്ക്.
'അറിയുമോ ഈ പാട്ടുകാരനെ?'' -- ഗായകനും ശ്രോതാക്കളും തമ്മിലുള്ള സ്‌നേഹസുരഭിലമായ 'കൊടുക്കല്‍വാങ്ങ'ലിന്റെ രസതന്ത്രം ആസ്വദിച്ചു നില്‍ക്കേ പിന്നില്‍ നിന്നൊരു ചോദ്യം. ഒപ്പം വന്ന സുഹൃത്താണ്-- തോമസ് സെബാസ്റ്റ്യന്‍. കൊല്ലത്ത് നടക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബാളില്‍ കേരളത്തിന്റെ നായകന്‍. ടൂര്‍ണമെന്റിനിടയ്ക്ക് വീണു കിട്ടിയ വിശ്രമ ദിനങ്ങളില്‍ ഒന്നില്‍ സുഹൃത്തായ കളിയെഴുത്തുകാരനോപ്പം രാത്രിയിലെ നഗരക്കാഴ്ചകള്‍ കാണാന്‍ ഇറങ്ങിത്തിരിച്ചതാണ് സംഗീത പ്രേമി കൂടിയായ തോമസ് സെബാസ്റ്റ്യന്‍. മറുപടിക്ക് കാത്തു നില്‍ക്കാതെ തോമസ് പറഞ്ഞു: 'ബഷീറാണ്; ഇടവാ ബഷീര്‍..കൊല്ലംകാരുടെ ഗാനഗന്ധര്‍വന്‍.''
'ഒരിക്കലും മടുക്കില്ല. അത്രയും ഇഷ്ടമാണ് ആ പാട്ട്. പിന്നെ ആ ഗാനത്തോട് വൈകാരികമായൊരു ബന്ധവും ഉണ്ടെനിക്ക്. മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ ആവാത്ത ബന്ധം. ആ ഗാനം മലയാളികള്‍ ആദ്യം കേട്ടത് എന്റെ ശബ്ദത്തിലാണ് എന്നറിയുമോ? യേശുദാസ് പാടിക്കേള്‍ക്കുന്നതിനും എത്രയോ മുന്‍പ്....''
പെട്ടെന്ന് ഓര്‍മ്മ വന്നു ആ പേര്. മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന ചിത്രത്തില്‍ വാണി ജയറാമിന് ഒപ്പം 'ആഴിത്തിരമാലകള്‍ അഴകിന്റെ മാലകള്‍'' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പാടിയ ഗായകന്‍. ആകാശവാണിയില്‍ ആദ്യം കേട്ടപ്പോഴേ മനസ്സില്‍ പതിഞ്ഞിരുന്നു കെ ജെ ജോയ് എന്ന സംഗീത സംവിധായകന്റെ കയ്യൊപ്പുള്ള ആ ഗാനം. പ്രധാന കാരണം പുതുമയാര്‍ന്ന വാദ്യ വിന്യാസം തന്നെ; പിന്നെ നേര്‍ത്തൊരു ഫോക് സ്പര്‍ശമുള്ള ഊര്‍ജസ്വലമായ ആ പുതു ശബ്ദവും. അതേ ഗായകനാണ് സന്യാസിനി എന്ന ഗാനം വേദിയില്‍ വിഷാദസാന്ദ്രമായി ആലപിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. വയലാറിന്റെ ഹൃദയസ്പര്ശിയായ വരികളിലൂടെ മൂന്നാമതും ബഷീര്‍ ഒഴുകിപ്പോകുന്നത് കേട്ടിരിക്കെ വീണ്ടും തോമസിന്റെ ശബ്ദം: 'ഞെട്ടേണ്ട. ഇത് ഹാട്രിക്ക് അല്ലേ ആയുള്ളൂ? ഡബിള്‍ ഹാട്രിക്ക് വരെ അടിച്ച ചരിത്രമുണ്ട് ബഷീര്‍ക്കക്ക്''-- തനിക്ക് പരിചിതമായ ഫുട്ബാള്‍ ഭാഷയില്‍ തോമസ് തുടര്‍ന്നു: 'അഞ്ചും ആറും തവണ ബഷീര്‍ക്ക ഒരേ പാട്ട് പാടുന്നതിന് ഞാന്‍ സാക്ഷി. ജനങ്ങള്‍ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചാല്‍ നിരസിക്കാനാവില്ല അദ്ദേഹത്തിന്. പാടിപ്പാടി ചിലപ്പോള്‍ ഗാനമേള പുലര്‍ച്ചെ വരെ നീളും. മടുപ്പില്ലാതെ ആളുകള്‍ കേട്ടിരിക്കുകയും ചെയ്യും...''
കാല്‍ നൂറ്റാണ്ടിനു ശേഷം, മെലഡിയുടെ നിലാമഴയില്‍ കുതിര്‍ന്ന ആ സന്ധ്യയുടെ ഗൃഹാതുരമായ ഓര്‍മ്മയില്‍ മുഴുകി ബഷീര്‍ക്കയോടൊപ്പം കടപ്പാക്കടയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു പോകവേ കൗതുകത്തോടെ ചോദിച്ചു: "ഒരേ പാട്ട് തുടര്‍ച്ചയായി പാടിയാല്‍ പാട്ടുകാരന് മടുക്കില്ലേ? പ്രത്യേകിച്ച് സന്ന്യാസിനി പോലൊരു ദുഖഗാനം?'' മറുപടിയായി സൌമ്യമായ ഒരു ചിരി സമ്മാനിച്ചു ഇടവാ ബഷീര്‍. എന്നിട്ട് പറഞ്ഞു: 'ഒരിക്കലും മടുക്കില്ല. അത്രയും ഇഷ്ടമാണ് ആ പാട്ട്. പിന്നെ ആ ഗാനത്തോട് വൈകാരികമായൊരു ബന്ധവും ഉണ്ടെനിക്ക്. മറ്റൊരാള്‍ക്കും അവകാശപ്പെടാന്‍ ആവാത്ത ബന്ധം. ആ ഗാനം മലയാളികള്‍ ആദ്യം കേട്ടത് എന്റെ ശബ്ദത്തിലാണ് എന്നറിയുമോ? യേശുദാസ് പാടിക്കേള്‍ക്കുന്നതിനും എത്രയോ മുന്‍പ്....''
അത്ഭുതം തോന്നി; അവിശ്വസനീയതയും. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ഗാനങ്ങളില്‍ ഒന്നില്‍ ബഷീറിന്റെ കയ്യൊപ്പ് പതിഞ്ഞതെങ്ങനെ? 'ഇന്നോര്‍ക്കുമ്പോള്‍ എനിക്കു തന്നെ ആശ്ചര്യം തോന്നുന്ന കാര്യമാണ്. സന്യാസിനി ഇത്രയേറെ ജനപ്രിയമാകുമെന്നൊന്നും അന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ..'' വഴിയരികിലെ മതിലില്‍ ചാരിനിന്ന് ആ കഥ വിവരിച്ചു തരുന്നു ബഷീര്‍: '1973ലാണ് എന്നാണ് ഓര്‍മ്മ. ഗാനമേളയുടെ ആവശ്യത്തിന് എന്തോ വാങ്ങാന്‍ മദ്രാസില്‍ ചെന്നപ്പോള്‍ യാദൃഛികമായി യേശുദാസിനെ കണ്ടുമുട്ടുന്നു. ദാസേട്ടനെ നേരത്തെ അറിയാം. വര്‍ക്കലയിലെ സംഗീതാലയ എന്ന എന്റെ ഗാനമേള ട്രൂപ്പ് തലേ വര്‍ഷം ഉദ്ഘാടനം ചെയ്തത് അദ്ദേഹമാണ്. കണ്ടപ്പോള്‍ ദാസേട്ടന്‍ ചോദിച്ചു: ബഷീറേ എ വി എം സ്റ്റുഡിയോയില്‍ ഒരു റെക്കോര്‍ഡിംഗ് ഉണ്ട്. വരുന്നോ? യേശുദാസ് പാടി റെക്കോര്‍ഡ് ചെയ്യുന്നത് കാണാനുള്ള മഹാഭാഗ്യമാണ് കയ്യെത്തും ദൂരെ വന്നു നില്‍ക്കുന്നത്. അത് നഷ്ടപ്പെടുത്താന്‍ മനസ്സ് വരാത്തത് കൊണ്ട് കാറില്‍ ദാസേട്ടനോപ്പം നേരെ എ വി എം സി സ്റ്റുഡിയോയിലേക്ക്.
'അവിടെ ചെന്നപ്പോള്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ റെക്കോര്‍ഡിംഗ് നടക്കാന്‍ പോകുകയാണ്. വയലാറും ദേവരാജന്‍ മാസ്റ്ററും ഒക്കെയുണ്ട് സ്റ്റുഡിയോയില്‍. നാല് ചാനലിലാണ് റെക്കോര്‍ഡിംഗ്. ഇന്നത്തെ പോലെ ട്രാക്ക് മിക്‌സിംഗ് ഒന്നും വന്നിട്ടില്ലെങ്കിലും അതുവരെ കണ്ടിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ അവിടെ കണ്ടു. പാട്ടിന്റെ ട്യൂണ്‍ ആരോ വയലിനില്‍ വായിച്ചു വെച്ചിരിക്കുന്നു. ആ ട്രാക്ക് കേട്ടാണ് ദാസേട്ടന്‍ പാടുന്നത്. എ വി എമ്മിലെ വലിയ ഹാളില്‍ ദാസേട്ടന്‍ മൈക്കിനു മുന്നില്‍ നിന്ന് പാടുമ്പോള്‍, കുറച്ചകലെയായി ഒരു കസേരയിട്ട് അത് കേട്ടിരുന്നു ഞാന്‍. സന്യാസിനി എന്ന പാട്ടാണ് റെക്കോര്‍ഡ് ചെയ്യുന്നത്. വരികള്‍ പാടിത്തുടങ്ങിയപ്പോള്‍ തന്നെ കയ്യിലെ കൊച്ചു നോട്ട് ബുക്കില്‍ ഞാന്‍ എഴുത്തും തുടങ്ങി. ദാസേട്ടന്‍ പാടുന്ന വരികള്‍ ശ്രദ്ധയോടെ എഴുതിയെടുത്ത് ഈണം മന:പാഠമാക്കുമ്പോള്‍ സ്വയം പറഞ്ഞു: നാട്ടില്‍ ചെന്ന് ചൂടോടെ വേദിയില്‍ അവതരിപ്പിക്കാന്‍ ഒരു പാട്ടായി.''
നാലോ അഞ്ചോ പ്രാവശ്യം യേശുദാസ് ആ പാട്ട് ആവര്‍ത്തിച്ചു പാടി എന്നാണു ബഷീറിന്റെ ഓര്‍മ്മ. റെക്കോര്‍ഡിസ്റ്റ് വിശ്വനാഥന്‍ ഓക്കെ പറയുമ്പോഴേക്കും യേശുദാസിനൊപ്പം ബഷീറും ആ ഗാനം ഹൃദിസ്ഥമാക്കിക്കഴിഞ്ഞിരുന്നു. 'വല്ലാത്തൊരു ട്യൂണ്‍ ആയിരുന്നു ആ പാട്ടിന്റേത്. ഓരോ തവണ കേള്‍ക്കുമ്പോഴും ഇടനെഞ്ചില്‍ ഒരു തേങ്ങല്‍ വന്നു തടയുന്ന പോലെ. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ആ വരികള്‍ മാത്രമായിരുന്നു മനസ്സില്‍. തിരിച്ചു നാട്ടില്‍ എത്തുമ്പോഴേക്കും സന്ന്യാസിനി എന്റെ ഹൃദയത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. പിറ്റേന്നത്തെ ഗാനമേളയില്‍ ഇറങ്ങാന്‍ പോകുന്ന പടത്തിലെ ഒരു പാട്ട് എന്ന ആമുഖത്തോടെ ആ ഗാനം ആദ്യമായി അവതരിപ്പിച്ചപ്പോള്‍ വികാരവായ്‌പോടെ ആളുകള്‍ അത് കേട്ടിരുന്നത് ഓര്‍മ്മയുണ്ട്. അതായിരുന്നു തുടക്കം. പിന്നീടൊരിക്കലും ആ ഗാനം പാടാതെ എന്റെ ഗാനമേളക്ക് തിരശ്ശീല വീണിട്ടില്ല. ഒരു വര്‍ഷം കൂടി കഴിഞ്ഞാണ് രാജഹംസത്തിലെ പാട്ടുകള്‍ റേഡിയോയില്‍ കേട്ട് തുടങ്ങിയത്. അതുവരെ ഗാനമേളാ വേദികളില്‍ മുഴങ്ങിയത് എന്റെ സന്ന്യാസിനി മാത്രം..'' -- ബഷീര്‍ ചിരിക്കുന്നു. 'സ്വന്തം കുഞ്ഞിനെ പോലെയാണ് എനിക്കാ പാട്ട്. ആയിരക്കണക്കിന് വേദികളില്‍ സന്ന്യാസിനി പാടിയിട്ടുണ്ടാകും ഞാന്‍; ഇന്നും പാടുന്നു-- യാതൊരു മടുപ്പും കൂടാതെ..''
സിനിമക്ക് പോലും തരാന്‍ കഴിയാത്ത സൌഭാഗ്യങ്ങളല്ലേ ഗാനമേളാ വേദി എനിക്ക് തന്നത് ?- സാധാരണക്കാരായ മലയാളികളുടെ സ്‌നേഹ വാത്സല്യങ്ങളുടെ രൂപത്തില്‍? പിന്നെന്തിനു നമ്മള്‍ പരാതിപ്പെടണം?
സിനിമയില്‍ നിന്നകലെ
സിനിമയില്‍ അധികം പാടിയിട്ടില്ല ബഷീര്‍. ഏറിയാല്‍ ഒന്നോ രണ്ടോ പാട്ട് മാത്രം. തന്നെക്കാള്‍ പ്രതിഭ കുറഞ്ഞവരുടെ പാട്ടുകള്‍ പോലും, അവര്‍ സിനിമയില്‍ പാടിപ്പോയി എന്ന ഒരൊറ്റ കാരണത്താല്‍ വേദിയില്‍ അവതരിപ്പിക്കേണ്ടി വരുമ്പോള്‍ ചെറിയൊരു നിരാശ തോന്നും. പിന്നെ സ്വയം സമാധാനിക്കും: സിനിമക്ക് പോലും തരാന്‍ കഴിയാത്ത സൌഭാഗ്യങ്ങളല്ലേ ഗാനമേളാ വേദി എനിക്ക് തന്നത് ?- സാധാരണക്കാരായ മലയാളികളുടെ സ്‌നേഹ വാത്സല്യങ്ങളുടെ രൂപത്തില്‍? പിന്നെന്തിനു നമ്മള്‍ പരാതിപ്പെടണം? ''
യേശുദാസിന്റെ അസാമാന്യ ജനപ്രീതിയുടെ ഉപോല്‍പ്പന്നങ്ങളെന്നോണം കേരളത്തില്‍ അങ്ങോളമിങ്ങോളം പൊട്ടി വീണ അസംഖ്യം 'പ്രാദേശിക ഗന്ധര്‍വന്‍മാ'രില്‍ ഒരാള്‍ എന്ന നിലയ്ക്കാവില്ല ചരിത്രം ബഷീറിനെ രേഖപ്പെടുത്തുക. ഗാനമേളയുടെ മുഖഛായ മാറ്റിയ ഗായകന്‍ എന്ന നിലയ്ക്കാണ്. ജനപ്രിയ സംഗീത ലോകത്ത് ബഷീറിന്റെ ഏറ്റവും വിലപ്പെട്ട സംഭാവന പകരം വെക്കാനില്ലാത്ത ആ ഗാനമേളക്കാലം തന്നെ. ഒരു പ്രത്യേക വിഭാഗം ആസ്വാദകരുടെ രുചിഭേദങ്ങളില്‍ തളച്ചിടപ്പെട്ടിരുന്ന ഗാനമേളകളെ കൂടുതല്‍ ജനകീയമാക്കുകയും യുവഹൃദയങ്ങളോട് കൂടുതല്‍ അടുപ്പിക്കുകയും മാത്രമല്ല, വിപ്ലവാത്മകമായ പരീക്ഷണങ്ങളിലൂടെ അത്തരം പരിപാടികളുടെ രൂപഭാവങ്ങള്‍ മാറ്റിമറിക്കുക കൂടി ചെയ്തു ബഷീര്‍. കോര്‍ഗിന്റെ ജാപ്പനീസ് മിനി സിന്തസൈസറും യമഹയുടെ എക്കോ മിക്‌സറും ഡബിള്‍ ഡെക്ക് കീബോര്‍ഡും ഓര്‍ഗനും 12 തന്ത്രികളുള്ള ഗിറ്റാറും റോളണ്ടിന്റെ റിഥം കംപോസറും ജൂപ്പിറ്റര്‍ സിന്തസൈസറും പിയാനോ എക്കോഡിയനും ഉള്‍പ്പെടെ മലയാളികള്‍ കണ്ടു ശീലിച്ചിട്ടില്ലാത്ത നിരവധി പാശ്ചാത്യ-പൌരസ്ത്യ സംഗീതോപകരണങ്ങള്‍ ബഷീര്‍ സ്വന്തം ഗാനമേളകളില്‍ അവതരിപ്പിച്ചു.
ശബ്ദവിന്യാസത്തിലും മൈക്രോഫോണിലുമെല്ലാംഉണ്ടായിരുന്നു ആ സവിശേഷമായ ബഷീര്‍ സ്പര്‍ശം. ഷുവര്‍ മൈക്കിന്റെയും (ഫോര്‍ സൈഡ് മൈക്ക്) എ കെ ജി മൈക്കിന്റെയും കണ്ടന്‍സര്‍ മൈക്കിന്റെയും കാലത്ത് നിന്ന് അത്യന്താധുനിക ഹൈ-ഇംപെഡന്‍സ് മൈക്രോഫോണുകളുടെയും ഡൈനാമിക് മൈക്കുകളുടെയും കാലത്തെത്തുമ്പോഴും ശബ്ദത്തിലേയും ആലാപനത്തിലെയും ഇന്ദ്രജാലത്തിന്റെ ഒരംശം പോലും ചോര്‍ന്നു പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ബഷീറിന്.
'സാങ്കേതികത ഒരിക്കലും നമ്മുടെ പ്രതിഭയ്ക്ക് പകരമാവില്ല. അത് പ്രതിഭയെ പിന്താങ്ങുകയെ ഉള്ളൂ.'' ബഷീറിന്റെ വാക്കുകള്‍.
സിനിമാ നടന്മാരോളം, ഒരു പക്ഷേ അവരെക്കാള്‍ തിളക്കമാര്‍ന്ന താരപരിവേഷം സാധാരണക്കാരായ സംഗീതപ്രേമികള്‍ക്കിടയില്‍ ബഷീറിന് ഉണ്ടായിരുന്നു ഒരിക്കല്‍. "ഗാനമേള എന്നാല്‍ ഇടവാ ബഷീറിന്റെ ഗാനമേളയാണ് അക്കാലത്ത്..'' കൊല്ലത്തു ജനിച്ചുവളര്‍ന്ന പ്രശസ്ത നടന്‍ മുകേഷ് ഓര്‍ക്കുന്നു. "സ്റ്റേജ് മൊത്തം പാശ്ചാത്യ ഉപകരണങ്ങള്‍ കൊണ്ട് നിറയും. ആകാശരൂപിണി അന്നപൂര്‍ണേശ്വരി എന്ന ഗാനം പാടിയാണ് ബഷീര്‍ പരിപാടി തുടങ്ങുക. എന്തൊരു മുഴക്കമായിരുന്നു ആ ശബ്ദത്തിന്! അന്നൊക്കെ ഉത്സവപ്പറമ്പുകളില്‍ ഒഴിച്ചുകൂടാനാവാത്ത വിഭവങ്ങളായിരുന്നു ബഷീറിന്റെ ഗാനമേളയും വി സാംബശിവന്റെ കഥാപ്രസംഗവും. ബഷീറിന്റെ ഗാനമേള തന്നെ ഏറ്റവും വലിയ ആകര്‍ഷണം. ഗാനമേള കഴിഞ്ഞാല്‍ ഞാനും കൂട്ടുകാരും സ്ഥലം വിടും.'' ഉത്സവവേദികളില്‍ ഗാനമേള അവതരിപ്പിക്കാന്‍ എത്തുന്ന സംഗീതാലയ ട്രൂപ്പിന്റെ വാഹനത്തിനു ചുറ്റും കൌതുകത്തോടെ ചുറ്റിക്കറങ്ങിയിരുന്ന ബാല്യകാലം ഇന്നുമുണ്ട് സുരേഷ് ഗോപിയുടെ ഓര്‍മ്മയില്‍. 'ആരൊക്കെ വന്നിട്ടുണ്ട്, ഏതൊക്കെ സംഗീതോപകനങ്ങള്‍ ആണ് ഇത്തവണ അവര്‍ അവതരിപ്പിക്കാന്‍ പോകുന്നത് എന്നൊക്കെ അറിയാന്‍ വേണ്ടിയുള്ള ആകാംക്ഷയാണ്. മൈക്കിലൂടെ ഓരോ ഉപകരണതിന്റെയും ശബ്ദം കേള്‍ക്കുന്നത് തന്നെ ഒരു ത്രില്ലായിരുന്നു. കാത്തിരിപ്പിന് ഒടുവില്‍ അതാ കോട്ടണ്‍ മില്ലിലെ സൈറണ്‍ പോലൊരു ശബ്ദം. ഗാനമേള തുടങ്ങുന്നതിന്റെ കേളികൊട്ടാണ്.
ഉത്സവപ്പറമ്പിലായാലും പെരുന്നാള്‍ സ്ഥലത്തായാലും മറ്റെല്ലാ ബഹളവും ആ ശബ്ദത്തില്‍ അലിഞ്ഞു അപ്രത്യക്ഷമാകും. തൊട്ടു പിന്നാലെ യേശുദാസിനെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദത്തില്‍ ബഷീറിന്റെ ആകാശരൂപിണി ഉയരുകയായി. സ്റ്റേജില്‍ നില്‍ക്കുന്ന ചെറിയ മനുഷ്യനാണ് ഇത്രയും ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ പാടുന്നതെന്ന് വിശ്വസിക്കുക പ്രയാസം. ചെറിയൊരു അസൂയയും തോന്നും അപ്പോള്‍. സദസ്സിലെ സുന്ദരിമാരെല്ലാം ഗായകനെ നോക്കി സ്വയം മറന്ന് ഇരിക്കുകയല്ലേ? സദസ്സിന്റെ മുന്‍നിരയില്‍ ഇരുന്നു ബഷീറിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടുണ്ട് അന്നെല്ലാം.''
യേശുദാസിനെ മനസ്സില്‍ കണ്ടു ചിട്ടപ്പെടുത്തിയതായിരുന്നു മുക്കുവനെ സ്‌നേഹിച്ച ഭൂതം എന്ന ചിത്രത്തിലെ ഭഭആഴിത്തിരമാലകള്‍'' എന്ന ഗാനം എന്നോര്‍ക്കുന്നു സംഗീതസംവിധായകന്‍ കെ ജെ ജോയ്. 'ദാസ് അന്ന് വിദേശ പര്യടനത്തിലാണ്. വരാന്‍ താമസിക്കും. എങ്കിലും അതുവരെ കാത്തിരിക്കാന്‍ ഒരുക്കമായിരുന്നു ഞാന്‍. പക്ഷെ ദാസ് സമ്മതിച്ചില്ല. എന്തെങ്കിലും കാരണവശാല്‍ വരാന്‍ വൈകിയെങ്കില്‍ അത് സിനിമയുടെ റിലീസിനെ ബാധിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ആയിടക്കാണ് ഗാനരചയിതാക്കളായ അന്‍വര്‍-സുബൈര്‍ നാട്ടുകാരനായ ബഷീര്‍ എന്ന ഗായകന്റെ കാര്യം പറയുന്നത്. ബഷീറിനെ എനിക്കറിയില്ല. പക്ഷെ ആ പേര് ഞാന്‍ നിര്‍ദേശിച്ചപ്പോള്‍ പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ചു ദാസ്. ബഷീര്‍ തന്റെ ആത്മ സുഹൃത്താണെന്നും നന്നായി പാടുന്ന ആളാണെന്നും ദാസ് പറഞ്ഞതോടെ എന്റെ എല്ലാ സംശയവും തീര്‍ന്നു. അങ്ങനെയാണ് വാണിയോടൊപ്പം ബഷീര്‍ ആ പാട്ട് പാടുന്നത്..''
യാദൃഛികമായി സിനിമയില്‍ പാടാന്‍ ക്ഷണം ലഭിച്ചപ്പോള്‍ അമ്പരന്നു പോയെന്നു ബഷീര്‍. മുന്‍പ് ഒരു ചിത്രത്തിലേ പാടിയിട്ടുള്ളൂ. രഘുവംശം (1978). അടൂര്‍ ഭാസി സംവിധാനം ചെയ്ത ആ ചിത്രത്തില്‍ അവസരം ലഭിച്ചതും പാട്ടെഴുത്തുകാരായ അന്‍വര്‍ സുബൈറിന്റെ ശുപാര്‍ശയില്‍ തന്നെ. എ ടി ഉമ്മറിന്റെ സംഗീത സംവിധാനത്തില്‍ എസ് ജാനകിയോടൊപ്പം വീണവായിക്കും ഈ വിരല്‍ത്തുമ്പിന്റെ വിരുതുകള്‍ എന്തെന്നറിഞ്ഞുവല്ലോ എന്ന പാട്ടാണ് ആ പടത്തില്‍ പാടിയത്. പടത്തോടൊപ്പം പാട്ടും ശ്രദ്ധിക്കപ്പെടാതെ പോയത് മിച്ചം. അതുകഴിഞ്ഞയിരുന്നു മുക്കുവനെ സ്‌നേഹിച്ച ഭൂതത്തിലെക്കുള്ള ക്ഷണം. 'ആ പാട്ടിന്റെ റെക്കോര്‍ഡിംഗ് മറക്കാനാവില്ല. ജോയ് മാഷിന്റെ താരപ്പകിട്ടാര്‍ന്ന ഓര്‍ക്കസ്ട്രയാണ് അകമ്പടി സേവിച്ചത്. എക്കോഡിയനില്‍ അതിപ്രഗല്‍ഭനായ മംഗളമൂര്‍ത്തി, പുല്ലാങ്കുഴലില്‍ ഗുണസിംഗ്, ഡ്രംസില്‍ ശിവമണി..അങ്ങനെ പലരും. ശിവമണി തീരെ ചെറുപ്പമാണ് അന്ന്. ജോയിയുടെ സന്തത സഹചാരി. ആ ഗാനത്തിന്റെ പിന്നണിയില്‍ കോറസ് പാടിയവരില്‍ ഒരാളെയും വ്യക്തമായി ഓര്‍ക്കുന്നു-- സി ഓ ആന്റോ. നല്ല കുറെ പാട്ടുകള്‍ പാടിയ ആന്റോ ചേട്ടന്‍ ജീവിക്കാന്‍ വേണ്ടി കോറസ് പാടിനടക്കുകയാണെന്ന അറിവ് വേദനാജനകമായിരുന്നു.''
സിനിമ അന്നൊന്നും തനിക്കൊരു പ്രലോഭനം ആയിരുന്നില്ല എന്ന് തുറന്നു പറയുന്നു ബഷീര്‍. ഗാനമേളകള്‍ എങ്ങനെ പരിഷ്‌കരിച്ചു കൂടുതല്‍ ആകര്‍ഷകമാക്കാം എന്നായിരുന്നു ചിന്ത. നവീന സാങ്കേതികവിദ്യയോടും പാശ്ചാത്യ സംഗീതോപകരണങ്ങളോടും ഉള്ള ഭ്രമം കുട്ടിക്കാലം മുതലേ ഉണ്ട്. ബാപ്പ സിംഗപ്പൂരില്‍ ആയിരുന്നതുകൊണ്ട് ഇടയ്ക്കിടെ അവിടെ ചെല്ലും. അത്തരമൊരു യാത്രയിലാണ് കോര്‍ഗ് കമ്പനിയുടെ മിനി സിന്തസൈസര്‍ വാങ്ങുന്നത്. 'ഇന്ത്യയില്‍ തന്നെ അന്നൊരു അപൂര്‍വതയാണ് സിന്തസൈസര്‍. യമഹയുടെ വിശാലമായ ഒരു ഷോറൂമില്‍ ചെന്ന് സിന്തസൈസറിനു വേണ്ടി വിലപേശുന്നതിനിടെ കടയുടെ ചുമരിലേക്കൊന്നു നോക്കിപ്പോയി. അവിടെ വലിയൊരു ഫോട്ടോ തൂക്കിയിട്ടിരിക്കുന്നു. ആളെ എവിടെയോ കണ്ടു മറന്ന പോലെ. ചോദിച്ചപ്പോള്‍ കടയിലെ ആള്‍ പറഞ്ഞു: നിങ്ങളുടെ നാട്ടുകാരനാണ് - ആര്‍ കെ ശേഖര്‍. ഈ ഷോറൂമില്‍ നിന്ന് ആദ്യമായി മിനി സിന്തസൈസര്‍ വാങ്ങിക്കൊണ്ടുപോയത് അദ്ദേഹമാണ്-- ഏഷ്യയില്‍ തന്നെ നടാടെ. അതിന്റെ ഓര്‍മ്മക്കായാണ് ശേഖറിന്റെ ഫോട്ടോ ചുമരില്‍ തൂക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്...'' പില്‍ക്കാലത്ത് ശേഖറിന്റെ സുഹൃദ് വലയത്തില്‍ ചെന്ന് പെട്ട നാളുകളില്‍ ആ അനുഭവം അദ്ദേഹവുമായി പങ്കുവേചിട്ടുണ്ട് ബഷീര്‍. വിനയം കലര്‍ന്ന ചിരിയായിരുന്നു മറുപടി. 'പ്രതിഭാശാലിയായിരുന്നു. അത്രയും തന്നെ ലാളിത്യമാര്‍ന്ന സ്വഭാവക്കാരനും. ശേഖറിന് സംഗീതത്തില്‍ നിന്ന് നേടാന്‍ കഴിയാതെ പോയ ഉയരങ്ങള്‍ മകന്‍ എ ആര്‍ റഹ്‌മാന്‍ കീഴടക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നും..''
ചെന്നൈയില്‍ ആദ്യം ചെന്നിറങ്ങിയ കാലം മുതല്‍ ശേഖറിനെ അറിയാം ബഷീറിന്. ആധുനിക ഇലക്ട്രോണിക്‌സ് സംഗീതോപകരണങ്ങളോടുള്ള ആഭിമുഖ്യമാണ് ഇരുവരെയും തമ്മില്‍ അടുപ്പിച്ചത്. ഇടയ്ക്ക് സിംഗപ്പൂരില്‍ പോകുമ്പോള്‍ ഏറ്റവും പുതിയ ഉപകരണങ്ങള്‍ വാങ്ങാന്‍ ബഷീറിനെ ചട്ടം കെട്ടും ശേഖര്‍. 12 സ്ട്രിംഗ് ഉള്ള അക്കോസ്റ്റിക് ഗിറ്റാര്‍ യമഹ പുറത്തിറക്കിയ കാലത്ത് അത് സ്വന്തമാക്കാന്‍ ശേഖര്‍ ആഗ്രഹം പ്രകടിപ്പിച്ചത് ബഷീര്‍ ഓര്‍ക്കുന്നു. അന്ന് ആ ഉപകരണം ഇന്ത്യയില്‍ എത്തിയിട്ടില്ല. 'സിംഗപ്പൂരില്‍ നിന്ന് തിരിച്ചു വന്ന ശേഷം ശേഖറിന്റെ വീട്ടില്‍ ചെന്ന് ഗിറ്റാര്‍ കൈമാറിയപ്പോള്‍, അദ്ദേഹം ആദ്യം ചെയ്തത് അകത്തു നിന്ന് മകന്‍ ദിലീപിനെ വിളിച്ചു വരുത്തുകയാണ്. ശേഖറിന്റെ ആഗ്രഹപ്രകാരം ഞാന്‍ തന്നെ ഗിറ്റാര്‍ അവന്റെ കയ്യില്‍ വെച്ചുകൊടുത്തു. എന്തൊരു സന്തോഷമായിരുന്നുവെന്നോ ആ കൊച്ചു മുഖത്ത്. ഓസ്‌കാര്‍ അവാര്‍ഡ് വേദിയില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന എ ആര്‍ റഹ്‌മാനെ ടെലിവിഷനില്‍ കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മവന്നത് നിഷ്‌കളങ്കമായ ആ മുഖഭാവമാണ്....''
ഇന്ത്യയ്ക്കകത്തും പുറത്തുമായി എത്രയോ അമ്പലങ്ങളില്‍ പാടി.'' ഹരിവരാസനം പാടുമ്പോള്‍ സദസ്സിന്റെ മുന്നിലിരുന്ന് ഭക്തിപാരവശ്യത്തോടെ കൈകൂപ്പുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട് ബഷീര്‍.
സ്വഭാവത്തിലെ ലാളിത്യവും വിനയവും തന്നെയാണ് ബഷീറിന്റെയും മുഖമുദ്ര എന്ന് സാക്ഷ്യപ്പെടുത്തും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍. പതിനായിരങ്ങള്‍ക്ക് മുന്നില്‍ താരശോഭയോടെ തിളങ്ങി നില്‍ക്കാറുള്ള ഗായകന് വ്യക്തിജീവിതത്തില്‍ എകാന്തതയോടാണ് പ്രിയം. മിതഭാഷിയാണ്. ഗാനമേളകള്‍ക്ക് കണക്കു പറഞ്ഞു പ്രതിഫലം വാങ്ങിക്കുന്ന പതിവൊന്നുമില്ല. പുതിയ ഗായകരെയും ഓര്‍ക്കസ്ട്ര കലാകാരന്മാരെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കും. "പണത്തിനോട് ഒരിക്കലും ആര്‍ത്തി തോന്നിയിട്ടില്ല. വിലപേശി ശീലവുമില്ല. കിട്ടുന്നത് കൊണ്ട് തൃപ്തിപ്പെടുന്നതാണ് എന്റെ പതിവ് - അന്നും ഇന്നും. പണത്തിലും എത്രയോ മുകളിലാണ് ആത്മാര്‍ഥമായ സൗഹൃദങ്ങള്‍ എന്ന് വിശ്വസിക്കുന്നു ഞാന്‍. ആസ്വാദകന്‍ ആഗ്രഹിക്കുമ്പോള്‍ പാടിക്കൊടുക്കാന്‍ ഗായകന് മനസ്സ് വന്നില്ലെങ്കില്‍ പിന്നെന്താണ് ഈ കല കൊണ്ട് നമുക്കും ലോകത്തിനും പ്രയോജനം?'' തത്വചിന്തകനെ പോലെ ബഷീറിന്റെ ആത്മഗതം.
'ജാതിമത ഭേദമന്യേ മനുഷ്യനെ ഒരുമിപ്പിക്കാന്‍ സംഗീതം എന്ന കലയ്ക്കുള്ള കഴിവ് മറ്റൊന്നിനും ഇല്ല എന്ന് തോന്നിയിട്ടുണ്ട്. ഹിന്ദു ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗാനമേളകള്‍ നടത്തിയിട്ടുള്ള അഹിന്ദു ഒരു പക്ഷേ ഞാനായിരിക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമായി എത്രയോ അമ്പലങ്ങളില്‍ പാടി.'' ഹരിവരാസനം പാടുമ്പോള്‍ സദസ്സിന്റെ മുന്നിലിരുന്ന് ഭക്തിപാരവശ്യത്തോടെ കൈകൂപ്പുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട് ബഷീര്‍. സംഗീതവും ഈശ്വരചിന്തയും മതവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്ന നിമിഷങ്ങള്‍. 'രണ്ടോ മൂന്നോ തവണ ശബരിമലയിലും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പാടി. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെ പരിപാടിക്ക് ശേഷം എന്നെ സംഘാടകര്‍ പൊന്നാട അണിയിച്ചത് ഓര്‍ക്കുന്നു. സംഗീത ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണ് അവയൊക്കെ.''
പണ്ട് സ്വയം മറന്നു പാടി പതിനായിരങ്ങളെ കോരിത്തരിപ്പിച്ച മൈതാനങ്ങളുടെ അരികിലൂടെ വല്ലപ്പോഴുമൊക്കെ സ്‌കൂട്ടറോടിച്ചു പോകുമ്പോള്‍ അറിയാതെ ബ്രേക്കിലേക്ക് നീളും ബഷീറിന്റെ കൈവിരലുകള്‍. എന്നോ കേട്ടു മറന്ന ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും വേണ്ടി മതില്‍ക്കെട്ടിനീപ്പുറത്തു നിന്ന് ഒരിക്കല്‍ കൂടി കാതോര്‍ക്കും
പഴയ പോലെ ഗാനമേളകളുടെ ബാഹുല്യമില്ല ഇന്ന്. നഗരങ്ങളിലെയും നാട്ടിന്‍പുരങ്ങളിലെയും ജനങ്ങളുടെ സായാഹ്നങ്ങള്‍ ടെലിവിഷന്‍ പകുത്തെടുത്തു കൊണ്ടിരിക്കുന്നു. ഉത്സവപ്പറമ്പുകളിലെ ആരാധകരുടെ ആര്‍പ്പുവിളികളും കലഹങ്ങളും സംഘര്‍ഷങ്ങളും എല്ലാം ഓര്‍മ്മയുടെ ഭാഗം. 'ആരാധകര്‍ പല വിധത്തിലാണ് സ്‌നേഹപ്രകടനം നടത്തുക. ചിലര്‍ സ്റ്റേജില്‍ കയറിവന്നു കെട്ടിപ്പിടിക്കും; മുത്തം തരും; കറന്‍സി നോട്ടുകള്‍ വാരിയെറിയും, നോട്ടുമാല കഴുത്തില്‍ അണിയിക്കും....'' സ്‌നേഹം നിമിഷാര്‍ദ്ധം കൊണ്ട് ക്രോധമായി മാറുന്നതിനും ബഷീര്‍ സാക്ഷി.
'എറണാകുളത്ത് അയ്യപ്പന്‍കാവില്‍ ഗാനമേളക്കിടെ ജനം കൂറ്റന്‍ മതിലുകള്‍ ഇടിച്ചു തകര്‍ത്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും ഉണ്ടായി സമാനമായ ഒരു അനുഭവം. തിങ്ങിനിറഞ്ഞ സദസ്സുകള്‍ക്ക് മുന്നില്‍ പാടുമ്പോള്‍ പലപ്പോഴും ഉള്ളിന്റെ ഉള്ളില്‍ വേവലാതിയായിരിക്കും. എവിടെ നിന്നും ഏതു നിമിഷവും ഒരു കലാപം പൊട്ടിപ്പുറപ്പെടാമല്ലോ. എങ്കിലും എത്ര അക്രമാസക്തമായ ജനസഞ്ചയത്തേയും ഭാവമധുരമായ ആലാപനത്തിലൂടെ പിടിച്ചിരുത്താനാകും എന്നാണ് എന്റെ അനുഭവം.'' നാല്‍പ്പതു കൊല്ലത്തിനിടക്ക് പതിനായിരത്തോളം സ്റ്റേജുകളില്‍ പാടിയ ചരിത്രമുള്ള ബഷീര്‍ പറയുന്നു. 'ഒരേ ദിവസം രണ്ടും മൂന്നും ഗാനമേളകള്‍ നടത്തിയ കാലമുണ്ട്. ചിലപ്പോള്‍ ഒരേ വേദിയില്‍ തന്നെ തുടര്‍ച്ചയായ ദിവസങ്ങളില്‍ പാടേണ്ടി വരും. നിറഞ്ഞ സദസ്സുകള്‍ക്ക് മുന്നില്‍ മൈക്കുമായി നില്‍ക്കുമ്പോള്‍ എല്ലാം മറക്കാറുണ്ടായിരുന്നു ഒരു കാലത്ത്; ജീവിതത്തിലെ ദുഖങ്ങളും നഷ്ടങ്ങളും പോലും. ലോകം മുഴുവന്‍ ഒരു സംഗീത മണ്ഡപമായി മാറിയ പോലെ തോന്നും അപ്പോള്‍.'' ഇന്ന് പൊതുവേദികളില്‍ അപൂര്‍വമായേ പാടാറുള്ളൂ ബഷീര്‍. ഹൃദയ സംബന്ധമായ ചെറിയൊരു അസുഖം കാരണം സ്വമേധയാ പരിപാടികള്‍ കുറച്ചതാണ്. കുടുംബത്തോടൊപ്പം കടപ്പാക്കടയില്‍ സ്വസ്ഥ ജീവിതം നയിക്കുന്നു ഗാനമേളകളുടെ പഴയ സുല്‍ത്താന്‍.
പണ്ട് സ്വയം മറന്നു പാടി പതിനായിരങ്ങളെ കോരിത്തരിപ്പിച്ച മൈതാനങ്ങളുടെ അരികിലൂടെ വല്ലപ്പോഴുമൊക്കെ സ്‌കൂട്ടറോടിച്ചു പോകുമ്പോള്‍ അറിയാതെ ബ്രേക്കിലേക്ക് നീളും ബഷീറിന്റെ കൈവിരലുകള്‍. എന്നോ കേട്ടു മറന്ന ആരവങ്ങള്‍ക്കും ആര്‍പ്പുവിളികള്‍ക്കും വേണ്ടി മതില്‍ക്കെട്ടിനീപ്പുറത്തു നിന്ന് ഒരിക്കല്‍ കൂടി കാതോര്‍ക്കും അദ്ദേഹം-- വെറുതെ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ. അളവറ്റ ആവേശത്താല്‍ ഇളകിമറിയുന്ന ആരാധക സഹസ്രങ്ങളും ഇടതടവില്ലാതെ പാട്ടൊഴുകുന്ന മള്‍ട്ടി വാട്‌സ് സ്പീക്കറുകളും വര്‍ണ്ണദീപ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന സംഗീതവേദികളും എല്ലാം വീണ്ടും ഓര്‍മ്മയില്‍ കടന്നുവരും അപ്പോള്‍...'എന്തൊരു കാലമായിരുന്നു അത്,'' ബഷീര്‍ സ്വയം പറയും. 'ഒരിക്കലും തിരിച്ചു വരാന്‍ ഇടയില്ലാത്ത കാലം..''