ഓ‍ർമകളൊരുപാടുണ്ട്, ആണുങ്ങൾ മാത്രം മിമിക്രി ചെയ്തിരുന്നിടത്ത് വന്ന് സ്ഥാനമുറപ്പിച്ച സുബി : രമേഷ് പിഷാരടി

ഓ‍ർമകളൊരുപാടുണ്ട്, ആണുങ്ങൾ മാത്രം മിമിക്രി ചെയ്തിരുന്നിടത്ത് വന്ന്  സ്ഥാനമുറപ്പിച്ച സുബി : രമേഷ് പിഷാരടി
Published on

നാല് ദിവസം മുൻപാണ് ഞാൻ സുബിയെ അവസാനമായി കാണുന്നതും സംസാരിക്കുന്നതും. മരിക്കുന്നതിന്റെ തലേന്നും ഞാൻ ഡോക്ടറുമായി സംസാരിച്ചിരുന്നതാണ്. ഞാൻ മിമിക്രി രംഗത്ത് വരുന്ന സമയം മുതൽ സുബിയും ഉണ്ടായിരുന്നു. ആണുങ്ങൾ മാത്രമായിരുന്നു ആ സമയത്ത് മിമിക്രി ചെയ്തുകൊണ്ടിരുന്നത്. സ്ത്രീവേഷങ്ങളൊക്കെ ആണുങ്ങൾ തന്നെ ചെയ്തുകൊണ്ടിരുന്ന അന്ന്, നൃത്തമേഖലയിൽ നിന്ന് സ്വിച്ച് ചെയ്ത് മിമിക്രിയിലേക്ക് വന്ന ആളാണ് സുബി. ഡാൻസ് ആയിരുന്നു അവർക്ക് താല്പര്യം. എന്നാൽ പിന്നീട് വർഷങ്ങളോളം, നിരന്തരം പരിപാടികളിലൂടെ തന്റെ കുടുംബം നോക്കിനടത്തിയിരുന്നത് സുബി ആയിരുന്നു.

പിന്നീട് പുരുഷാധിപത്യമുള്ള ഒരിടത്തു വരികയും വളരെ ഹാർഡ് വർക്കിങ് ആയി നിലനിൽക്കുകയും അവർ ചെയ്തു. ചിലപ്പോഴൊക്കെ ഒരു ഡാൻസ് കഴിഞ്ഞായിരിക്കും ഒരു സ്കിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. അപ്പോഴൊക്കെ കേവലം ഡ്രസ്സ് ചെയ്ഞ്ചിങ്ങിന്റെ സമയം മാത്രമേ സുബിക്ക് വേണ്ടി വരുമായിരുന്നുള്ളൂ. ഒരിക്കലും ഒരു പ്രത്യേക ട്രൂപ്പിന്റെ കൂടിയേ പോകൂ, ചില വേഷങ്ങളെ ചെയ്യൂ എന്നൊന്നും സുബി പറയാറില്ലായിരുന്നു. കിട്ടുന്ന എല്ലാ വർക്കും മനോഹരമായി അവർ പെർഫോം ചെയ്യുമായിരുന്നു. തന്റെ വ്യക്തി ജീവിതത്തിലായാലും വർക്കിലല്ലാതെ മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ ഒരു പരിപൂർണ 'വർക്കഹോളിക്ക്' ആയ ചുരുക്കം ചിലരിൽ ഒരാൾ തന്നെയായിരുന്നു സുബി.

മുൻപ് പറഞ്ഞപോലെ ആണുങ്ങൾ ഒരുപാടുണ്ടായിരുന്നു നമ്മുടെ മേഖലയിൽ. അതുകൊണ്ട് തന്നെ സുബിയെ എല്ലായിടത്തും ആവശ്യമായിരുന്നു. എന്റെ കൂടെ ആയാലും ആരുടെ കൂടെ ആയാലും വിദേശത്തുൾപ്പെടെ എല്ലാ ദിവസവും വരാൻ അവർക്ക് ഒരു മടിയുമില്ലായിരുന്നു. അന്നത്തെക്കാലത്ത്, അതൊക്കെ വലിയ പ്രശ്നമായിരുന്ന സമയത്ത് അതിനെയെല്ലാം അവഗണിച്ച്, നമ്മളെയൊക്കെ വിശ്വസിച്ച് കൂടെ വരാൻ, അതും ഒറ്റയ്ക്ക്, അവർ ധൈര്യം കാണിച്ചു. ഇന്ന് അങ്ങനെയൊന്നും ആരും വരില്ല.

സ്കിറ്റുകളാണ് കൂടുതലും ചെയ്തിരുന്നതെങ്കിലും അവർ നല്ലൊരു അഭിനേത്രി ആയിരുന്നു, അവതാരക ആയിരുന്നു, നർത്തകി ആയിരുന്നു. അതുകൊണ്ട് തന്നെ സുബിയെ ഒരിക്കലും നമുക്കൊരു ക്യാറ്റഗറിയിലേക്ക് ഒതുക്കി നിർത്താൻ കഴിയില്ല. ചിലപ്പോഴൊക്കെ സ്ക്രിപ്റ്റിങ് ചെയ്യുന്ന സമയത്ത് വളരെ സെൻസിബിൾ ആയി എന്ത് വേണം വേണ്ട എന്ന് പറയാൻ കെൽപ്പുള്ള ഒരാളായിരുന്നു സുബി.

പ്രോഗ്രാം ചെയ്യുന്ന ഒരാളും പ്രോഗ്രാം പിടിക്കുന്ന ഒരാളും തമ്മിൽ ഭയങ്കര വ്യത്യാസമുണ്ട്. പ്രോഗ്രാം പിടിക്കുന്ന ഒരാൾക്ക് കൃത്യ സമയത്ത് വരിക, കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകുക തുടങ്ങി, വളരെ റെസ്പോൺസിബിൾ ആയ ജോലിയാണുള്ളത്. സുബി അങ്ങനെ ഒരുപാട് പരിപാടികൾ കോർഡിനേറ്റ് ചെയ്ത ഒരാളായിരുന്നു. ഒരുമിച്ചുള്ള പരിപാടികളുടെ ഓർമ്മകൾ വീണ്ടെടുത്താൽ, ചെയ്ത സ്റ്റേജുകളുടെ എണ്ണം വെച്ച് ഒരുപാടുണ്ട്. എല്ലാം നല്ല ഓർമ്മകൾ തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in