രണ്ട് തവണ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും കെപിസിസി പ്രസിഡന്റിന്റെ ചുമതല എനിക്കായിരുന്നു. മികച്ച കോമ്പിനേഷനായിരുന്നു ഞങ്ങളുടേതെന്നു രാഷ്ട്രീയ എതിരാളികൾ പോലും പറയുമായിരുന്നു.
ഉമ്മൻചാണ്ടി നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കിയ സന്ദർഭത്തിൽ വീക്ഷണം പ്രസിദ്ധീകരിച്ച ഇതിഹാസം- നിയമസഭയിൽ അരനൂറ്റാണ്ട് എന്ന പുസ്തകത്തിൽ രമേശ് ചെന്നിത്തല എഴുതിയത്
ഉമ്മൻ ചാണ്ടി ഒരു പാഠപുസ്തകമാണ്. ഏതൊരു പൊതുപ്രവർത്തകനും രാഷ്ട്രീയ വിദ്യാർത്ഥിക്കും അതിൽനിന്ന് പഠിക്കാനുണ്ടാകും. പ്രശ്നങ്ങളിലും പ്രതിസന്ധികളിലും നട്ടം തിരിഞ്ഞ് പരിഹാരമാർഗം തേടി അദ്ദേഹത്തിന്റെ അടുത്തെത്തുന്നവർക്കാർക്കും നിരാശരായി മടങ്ങിപ്പോകേണ്ടിവരില്ല. ഏത് പ്രശ്നത്തിനും ഉമ്മൻ ചാണ്ടിയുടെ അടുത്ത് പരിഹാരമുണ്ടാകും. ഏത് സ്ഥാനത്തിരുന്നാലും സ്ഥാനങ്ങളൊന്നുമില്ലെങ്കിലും തന്നെ ആശ്രയിക്കുന്ന ഏത് വ്യക്തിക്കും അത്താണിയാകാൻ കഴിയുന്നു എന്നതാണ് ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ പ്രത്യേകത.
1968-69 കാലഘട്ടത്തിൽ ചെന്നിത്തല മഹാത്മാ ഹൈസ്കൂളിൽ ഏട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ ഉമ്മൻ ചാണ്ടി അധ്യക്ഷനായിരുന്ന കേരള വിദ്യാർത്ഥിയൂണിയന്റെ പ്രവർത്തകനായാണ് ഞാൻ പൊതുരംഗത്തേക്ക് വരുന്നത്. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനുവേണ്ടി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കെ എസ് യു ഓണത്തിന് ഒരു പറ നെല്ല് എന്ന പരിപാടി കൊണ്ടുവന്നു. എല്ലാ വിദ്യാലയങ്ങളിലും വിദ്യാർത്ഥികൾ തന്നെ വിത്ത് വിതച്ച് നെല്ല് കൊയ്തെടുക്കുന്ന ഒരു പരിപാടിയായിരുന്നു അത്. ഞങ്ങളൊക്കെ വളരെ ആവേശപൂർവമാണ് അതിൽ പങ്കുകൊണ്ടത്. വിദ്യാർത്ഥികൾക്കിടയിൽ അധ്വാനത്തിന്റെയും സ്വാശ്രയബോധത്തിന്റെയും പുതിയൊരു സന്ദേശമാണ് അതിലൂടെ മുഴങ്ങിക്കേട്ടത്. വിദ്യാർത്ഥി നേതാവായിരുന്ന കാലം മുതൽക്ക് തന്നെ വളരെ നൂതനവും, ജനകീയവുമായ ആശയങ്ങളെ താലോലിക്കാനും അവയെല്ലാം പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും ഉമ്മൻ ചാണ്ടി ബദ്ധ ശ്രദ്ധനായിരുന്നു. പിന്നീട് മന്ത്രിയും മുഖ്യമന്ത്രിയുമായപ്പോഴെല്ലാം അദ്ദേഹം അത് തുടർന്നു.
കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളെ കേരളീയ സമൂഹത്തിൽ വലിയൊരു സ്വാധീന ശക്തിയാക്കാൻ എ.കെ. ആന്റണിക്കും വയലാർ രവിക്കുമൊപ്പം അക്ഷീണം പ്രയത്നിച്ച വ്യക്തിയാണ് ഉമ്മൻ ചാണ്ടി. ആ പ്രസ്ഥാനങ്ങളിലൂടെയാണ് ഞാനടക്കമുള്ള തലമുറ പൊതു പ്രവർത്തനത്തിൽ സജീവമായത്. ഒരു മുതിർന്ന സഹപ്രവർത്തകൻ എന്നതിനെക്കാൾ ഒരു ജ്യേഷ്ഠ സഹോദരനാണ് എനിക്ക് ഉമ്മൻ ചാണ്ടി. മാത്യു മണിയങ്ങാടൻ എം പിയായതിന് ശേഷം ഏതാണ്ട് രണ്ട് ദശാബ്ദത്തിന് ശേഷം കോട്ടയത്ത് നിന്ന് കോൺഗ്രസിന്റെ എംപിയാകുന്നത്, 1989 ൽ ഞാനായിരുന്നു. അക്കാലങ്ങളിൽ അദ്ദേഹം എനിക്ക് നല്കിയ പിന്തുണ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. കോട്ടയത്ത് നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചപ്പോഴൊക്കെ അദ്ദേഹം എന്നെ ഏറെ സഹായിച്ചിരുന്നു. എംപിയും എംഎൽഎയും എന്ന നിലയിൽ ഞങ്ങൾ നല്ലൊരു ടീമായാണ് പ്രവർത്തിച്ചിരുന്നത്. 2005 ൽ അദ്ദേഹം മുഖ്യമന്ത്രിയായപ്പോഴാണ് കെ പി സി സി അധ്യക്ഷന്റെ ചുമതലയേറ്റെടുത്ത് ഞാൻ വീണ്ടും കേരളത്തിലെത്തുന്നത്. രണ്ട് തവണ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവായിരുന്നപ്പോഴും കെപിസിസി പ്രസിഡന്റിന്റെ ചുമതല എനിക്കായിരുന്നു. മികച്ച കോമ്പിനേഷനായിരുന്നു ഞങ്ങളുടേതെന്നു രാഷ്ട്രീയ എതിരാളികൾ പോലും പറയുമായിരുന്നു.
കേരളത്തിന്റെ മുഖച്ഛായ മാറ്റിയ നിരവധി പദ്ധതികൾക്ക് തുടക്കമിടാൻ അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ കഴിഞ്ഞു. ജനങ്ങളിൽ നിന്നുയർന്ന് വരികയും അവർക്കൊപ്പം നിലകൊളളുകയും ചെയ്തത് കൊണ്ടാണ് ജനസമ്പർക്ക പരിപാടി പോലെ ആഗോള അംഗീകാരം നേടിയ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞത്. ഏത് കുഴഞ്ഞുമറിഞ്ഞ പ്രശ്നവുമായി അദ്ദേഹത്തെ സമീപിച്ചാലും അതിന് പരിഹാരമുണ്ടാക്കാൻ ഉമ്മൻ ചാണ്ടിക്ക് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്മെന്റ് പദ്ധതി നടപ്പാക്കുമ്പോൾ കാണിക്കേണ്ട ഗൗരവവും ദിശാബോധവും തന്നെയാണ് ആശ്വാസകിരണം പദ്ധതി നടപ്പിലാക്കുമ്പോഴും അദ്ദേഹം കാണിച്ചത്.
ദേശീയപാത വികസനത്തിൽ എത്ര കണ്ട് ശ്രദ്ധ ചെലുത്തിയോ അത്ര കണ്ട് ശ്രദ്ധയും താല്പര്യവും കോക്ലിയർ ഇംപ്ലാന്റേഷൻ പദ്ധതി നടപ്പാക്കുമ്പോഴും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന രണ്ട് കാലയളവുകളിലാണ് കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം വികസന പദ്ധതികൾ ആരംഭിച്ചത്. കെപിസിസി അധ്യക്ഷനെന്ന നിലയിലും, പിന്നീട് അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗമെന്ന നിലയിലും അതിനെല്ലാം അകമഴിഞ്ഞ പിന്തുണ നല്കാൻ എനിക്ക് കഴിഞ്ഞത് വളരെ സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും ഞാനോർക്കുന്നു. ജനങ്ങളെ നേരിട്ട് സ്പർശിക്കുന്ന, അവരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തുന്ന പദ്ധതികളായിരുന്നു ഒരു ഭരണകർത്താവ് എന്ന് നിലയിൽ അദ്ദേഹം തുടക്കമിട്ടതും സാക്ഷാൽക്കരിച്ചതും. കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി എന്ന നേതാവിന് പകരം വയ്ക്കാൻ അദ്ദേഹം മാത്രമേയുള്ളൂ. ഇനിയെത്ര വർഷങ്ങൾ കഴിഞ്ഞാലും.