പ്രതാപ് പോത്തൻ: സ്ത്രൈണാസ്തിത്വവും ശരീരാവിഷ്കാരങ്ങളും

Prathap Pothen passed away
Prathap Pothen passed away
Published on

പ്രശസ്ത ചിത്രകാരന്‍ ഷിബു നടേശന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നോട് പറഞ്ഞു, ''പ്രതാപ് പോത്തനെ ഈ അടുത്തിടെ ഏതോ ഒരു സിനിമയുടെ സീനില്‍ കണ്ടു. 'ഞാനൊന്ന് സെക്‌സ് ചെയ്‌തോട്ടെ' എന്ന് പച്ചയ്ക്ക് ഒരു കഥാപാത്രത്തിനോട് ചോദിക്കുന്നു.''

നമ്മള്‍ രണ്ടു പേരും ചിരിച്ചു. കാരണം മിഡില്‍ വേവ് സിനിമകള്‍ ഒരുമിച്ച് കണ്ട ഒരു കാലം നമുക്കുണ്ടായിരുന്നു. ഇടിപ്പടങ്ങളില്‍ നിന്ന് എന്നെ അദ്ദേഹം അടര്‍ത്തിമാറ്റികൊണ്ടിരുന്ന സമയം.

മൂന്ന് നടന്മാര്‍: വിജയ് മേനോന്‍, പ്രതാപ് പോത്തന്‍, രഘുവരന്‍. വേണമെങ്കില്‍ രവീന്ദ്രന്റെ പേരു കൂടി ചേര്‍ക്കാം. പക്ഷേ രവീന്ദ്രന്‍ മുഖ്യധാരയിലായിരുന്നു.

പ്രതാപ് പോത്തന്‍
പ്രതാപ് പോത്തന്‍

മേല്‍പ്പറഞ്ഞ മൂന്നു പേരും മലയാളികളെങ്കിലും ശരാശരി മലയാളിയെയും അവന്റെ കാമനകളെയും കവച്ചു വയ്ക്കുന്നവരായിരുന്നു. മെറ്റാ മലയാളികള്‍. പ്യുവര്‍ കോസ്‌മോപോളിറ്റന്‍സ്. മൂന്ന് പേര്‍ക്കും വട്ടക്കണ്ണടയും ഇംഗ്ലീഷും ഡ്രഗ്സും സ്വാഭാവികമമെന്ന് തോന്നി. പ്രതാപ് പോത്തനെയും രഘുവരനെയും റസ്റ്റിക് കഥാപാത്രങ്ങളാണ് (തകര,കക്ക) മലയാളിയുടെ മനസില്‍ പ്രതിഷ്ഠിച്ചത്. വിജയ് മേനോന്‍ ചിത്രകാരനായി, എഴുത്തുകാരനായി, ജങ്കിയായി. പക്ഷേ ഗ്രാമീണതയ്ക്കപ്പുറം നില്‍ക്കുന്ന സോഫിസ്റ്റിക്കേഷനായിരുന്നു അവരുടെ സവിശേഷത. ജയനിലും സുകുമാരനിലും അടിഞ്ഞുപോയ മലയാളി മാച്ചോയിസത്തിന്റെ അനാര്‍ക്കിക്കും സ്‌ത്രൈണവുമായ മറുപുറം.

സ്‌ത്രൈണാസ്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു പ്രതാപ് പോത്തനെ മനസിലുറപ്പിച്ചത്. ചാമരത്തില്‍ പൗരുഷം നിറഞ്ഞ രതീഷിനെതിരെ പ്രണയവും ഭ്രാന്തും സംഗീതവും നിറഞ്ഞ 'പൗരുഷം' കുറഞ്ഞ (പ്രായവും) ആണായി പ്രതാപ് പോത്തന്‍. അതേ മോള്‍ഡിലാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ശങ്കറിനെയും ഫാസില്‍ കൊണ്ടു വന്നത്.

പ്രതാപ് പോത്തന്‍
പ്രതാപ് പോത്തന്‍

പ്രതാപ് പോത്തന്‍ അഭിനയിച്ച കോളേജ് വിദ്യാര്‍ത്ഥി സങ്കല്‍പ്പത്തെ ക്രമേണ മോഹന്‍ ലാലിന്റെ മാച്ചോ സങ്കല്‍പ്പം കീഴടക്കി (യുവജനോത്സവം, സര്‍വ്വകലാശാല, സുഖമോ ദേവി). പക്ഷേ പോത്തന്‍ കൊണ്ടുവന്ന കോസ്‌മോപോളിറ്റനിസം മറ്റൊരു നടനും കൊണ്ടു വരാനായില്ല. പ്രതാപ് പോത്തന്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്ക് ചില അപൂര്‍ണ്ണതകള്‍ ഉണ്ടായിരുന്നു. ബുദ്ധിമാന്ദ്യമുള്ളതോ സോഷ്യല്‍ ഔട്ട് സൈഡര്‍ ആയോ നില്‍ക്കുന്ന അവസ്ഥ. മലയാള സിനിമ എഴുപതുകളിലുടനീളം അവതരിപ്പിച്ചത് കണ്‍ഫോമിസം ആവര്‍ത്തിച്ചുറപ്പിക്കുന്ന കഥകളും കഥാപാത്രങ്ങളുമായിരുന്നു. അതില്‍ നിന്നൊരു വ്യതിചലനമായിരുന്നു എണ്‍പതുകള്‍.

പ്രതാപ് പോത്തന്‍
പ്രതാപ് പോത്തന്‍

സാമൂഹികമായും വൈയക്തികമായും ഉള്ള അപൂര്‍ണ്ണത ഒരു ആഖ്യാനബിന്ദുവാകുന്നത് പ്രാന്തവത്കൃതര്‍ക്ക് കഥയുണ്ട് എന്ന അര്‍ത്ഥത്തില്‍ മാത്രമായിരുന്നില്ല, മറിച്ച് ഈ 'കുറവുകള്‍' ഫുള്‍ഫില്‍ ചെയ്യപ്പെടാന്‍ കഴിയാത്ത വിധം ദുരന്തജീവിതങ്ങള്‍ നയിക്കുന്നു എന്നൊരു മുന്നറിയിപ്പു കൂടിയായിരുന്നു. ഈ നാട്, അങ്ങാടി, ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ തുടങ്ങിയ സിനിമകള്‍ പുതിയ സാമൂഹിക-സാമ്പത്തിക മണ്ഡലങ്ങളും ബന്ധങ്ങളും രൂപീകരിക്കുന്നതിനിടയിലാണ് അപഭ്രംശങ്ങള്‍ പോലെ പ്രതാപ് പോത്തന്റെയും രഘുവരന്റെയുമൊക്കെ കഥാപാത്രങ്ങള്‍ വരുന്നത്.

പ്രതാപ് പോത്തന്‍
പ്രതാപ് പോത്തന്‍

അതുകൊണ്ടാകണം മലയാളിയുടെ സ്വത്വം കഥാപാത്രങ്ങളില്‍ നിറയുമ്പോഴും കാരിക്കേച്ചര്‍ പോലെ തോന്നുന്ന ബോഡി ടൈപ്പുകളാകാന്‍ പ്രതാപ് പോത്തനും രഘുവരനും വിജയ് മേനോനുമൊക്കെ പ്രേരിതരായത്. തൊട്ടു മുന്നിലെ തലമുറയില്‍ നിന്ന് ജോസും രവികുമാറും പുറത്തു പോയതും ഇതിന്റെ വിപരീതമായ ഒരു ഡൈനാമിക്‌സില്‍ ആയിരിക്കണം-ഫ്യൂഡല്‍ കാമനകളുണര്‍ത്തുന്ന ബോഡി ടൈപ്പുകള്‍.

പ്രതാപ് പോത്തന് ഒരു രണ്ടാം വരവ് നല്‍കിയപ്പോഴും മലയാള സിനിമ അദ്ദേഹത്തിന്റെ ടൈപ്പിനപ്പുറം ഒരു കഥാപാത്രത്തെ നല്‍കാന്‍ ശ്രമിച്ചില്ല. പ്രതാപ് പോത്തന്റെ പ്രസക്തിയും പ്രശ്‌നവും അതായിരുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ പ്രതാപ് പോത്തന്‍ ഇനിയില്ല. പ്രണാമം.

Related Stories

No stories found.
logo
The Cue
www.thecue.in