ഉമ്മൻചാണ്ടി നിയമസഭയിൽ അമ്പത് വർഷം പൂർത്തിയാക്കിയ സന്ദർഭത്തിൽ വീക്ഷണം പ്രസിദ്ധീകരിച്ച ഇതിഹാസം- നിയമസഭയിൽ അരനൂറ്റാണ്ട് എന്ന പുസ്തകത്തിൽ നിന്ന്
ഉമ്മൻ ചാണ്ടിയുമായി എനിക്ക് വ്യക്തി ബന്ധമൊന്നുമില്ല. ഞാൻ കോളേജ് വിദ്യാർത്ഥിയായ കാലം തൊട്ടേ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. അക്കാലത്ത് തന്നെ അകലെ നിന്ന് കണ്ടിട്ടുണ്ട്; പ്രസംഗം കേട്ടിട്ടുണ്ട്. പിന്നീട് ഒന്നു രണ്ടു തവണ ഔപചാരികമായി പരിചയപ്പെട്ടിട്ടുണ്ട്. അതൊക്കെ ഒരു വാക്ക് പറഞ്ഞതിലധികമില്ല; ഓർത്തിരിക്കാൻ മാത്രമൊന്നുമില്ല. അതുകൊണ്ടുതന്നെ, മറ്റുള്ളവർക്ക് അറിയുന്നതിലധികമൊന്നും ആ നേതാവിനെപ്പറ്റിയോ ആ മനുഷ്യനെപ്പറ്റിയോ എനിക്കറിഞ്ഞുകൂടാ. സ്വാഭാവികമായും എനിക്ക് മാത്രമായി ഒന്നും എഴുതാനോ പറയാനോ ഇല്ല എന്നർത്ഥം.
ഉമ്മൻ ചാണ്ടിയെപ്പറ്റി എന്തെങ്കിലുമൊരു കാര്യം പറയൂ എന്നു പറഞ്ഞാൽ ഞാൻ പറയും, ‘അദ്ദേഹം അക്ഷോഭ്യനായ നേതാവാണ്.’
സുഹൃത്തുക്കൾക്കിടയിലോ കുടുംബത്തിനകത്തോ സ്വന്തം പാർട്ടിക്കകത്തോ അദ്ദേഹം പെരുമാറുന്നതെങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. രാഷ്ട്രീയ നേതാവ്, എം.എൽ.എ, മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ നിലകളിൽ പൊതുരംഗത്തുള്ള പെരുമാറ്റവും വർത്തമാനവും മാത്രമേ എനിക്കറിയാവൂ. അദ്ദേഹം ക്ഷോഭം കൊണ്ട് പൊട്ടിത്തെറിക്കുന്നതോ, കലികൊണ്ട് തുള്ളുന്നതോ ഏതെങ്കിലും വ്യക്തിയെ തെറി പറയുന്നതോ ഒന്നും ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ല. ചോദ്യങ്ങൾ കൊണ്ട് നിരന്തരം ശല്യപ്പെടുത്തുന്ന മാധ്യമ പ്രവർത്തകരെ അദ്ദേഹം ശാസിക്കുന്നതോ ശകാരിക്കുന്നതോ എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.
ഓ, ഇതൊക്കെ വലിയ കാര്യമാണോ എന്ന് ചോദിക്കുന്നവരുണ്ടാവാം. അതെ, ഇത് വലിയ കാര്യമാണ്. ജനാധിപത്യത്തിൽ ഈ സഹിഷ്ണുത, അക്ഷോഭ്യത വലിയ കാര്യമാണ്. അത് പാർട്ടിക്കത്തും പുറത്തും, സർക്കാരിനകത്തും പുറത്തും വലിയ അളവിൽ സമാധാനം പുലരാൻ സഹായിക്കും. ഇതിന് വിപരീതമായി പെരുമാറുന്ന നമ്മുടെ ചില നേതാക്കന്മാരുടെ ധിക്കാരം എത്ര വലിയ ക്ഷോഭവും സംഘർഷവും നാട്ടിലുണ്ടാക്കിയിട്ടുണ്ട് എന്ന് ആലോചിച്ചു നോക്കിയാൽ ഇപ്പറഞ്ഞതിന്റെ ഉൾസാരം തിരിഞ്ഞുകിട്ടും.
ഒരുദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിക്ക് നേരെ കണ്ണൂർ നഗരത്തിൽ വെച്ച് ഒരിക്കൽ കല്ലേറുണ്ടായി. കാറിന്റെ ചില്ലു പൊട്ടിച്ചു. കൂടെയുണ്ടായിരുന്നവർക്ക് ചില്ലറ പരിക്കു പറ്റി. ഒരേറ് അദ്ദേഹത്തിന്റെ നെറ്റിയിൽ കൊണ്ടു. നെറ്റി ചെറുതായി പൊട്ടുകയും രക്തം വരികയും ചെയ്തു. ഉടനെതന്നെ നെറ്റി കഴുകി മുറിവിന് മരുന്നുവെച്ച് ഉമ്മൻ ചാണ്ടി പരിപാടികൾ തുടർന്നു. സ്വന്തം പാർട്ടിക്കാരോടും മുന്നണിക്കാരോടും അദ്ദേഹം നടത്തിയ ഒരേയൊരു അഭ്യർത്ഥന ‘ഈ പേരിൽ ഹർത്താൽ നടത്തരുത്’ എന്നാണ്!
അദ്ദേഹം ശാന്തനായി തന്റെ പണികളിലേക്ക് തിരിഞ്ഞു. ‘മുഖ്യമന്ത്രിയെ കല്ലെറിഞ്ഞു തല പൊട്ടിച്ചു’ എന്ന പേരിൽ ഹർത്താൽ നടത്തുന്നതാണ് കേരളീയ സംസ്ക്കാരം. ഇറാഖ് പ്രസിഡന്റായിരുന്ന സദ്ദാം ഹുസൈനെ അവിടത്തെ അമേരിക്കൻ പാവ ഗവൺമെന്റ് തൂക്കിക്കൊന്ന വകയിൽ ലോകത്തിലാകെ ഹർത്താൽ നടന്നത് കേരളത്തിലാണ്. ആ തൂക്കിക്കൊലയിൽ കേരളത്തിലെ ഒരു വ്യക്തിക്കും ഒരു സംഘടനയ്ക്കും ഒരു ഉത്തരവാദിത്തവും ഇല്ല എന്ന് എല്ലാവർക്കും അറിയാമായിരുന്നിട്ടും ഉമ്മൻ ചാണ്ടി ഒന്നും മിണ്ടാതെയിരുന്നെങ്കിൽ സ്വന്തം പാർട്ടിക്കാരും മുന്നണിക്കാരും ഹർത്താൽ സംഘടിപ്പിക്കുമായിരുന്നു. കേരളത്തിൽ ഏറ്റവും എളുപ്പമുള്ള പണി ഹർത്താൽ നടത്തുകയാണല്ലോ. ഹർത്താൽ നടന്നിരുന്നെങ്കിൽ ഒരു ദിവസംകൊണ്ട് ഉൽപ്പാദന രംഗത്ത് എത്ര കോടി നഷ്ടം വരുമായിരുന്നു? എത്ര പേർ ചികിത്സ കിട്ടാതെ മരിക്കുമായിരുന്നു? എത്ര സ്ഥലങ്ങളിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും നടക്കുമായിരുന്നു? അങ്ങനെ എന്തെല്ലാം എന്തെല്ലാം!
കണ്ണൂർ ജില്ലയിൽ ഒരു ചെറുപ്പക്കാരനെ ഒരു സംഘം വെട്ടിക്കൊന്നത് അവരുടെ നേതാവിന്റെ ജീപ്പിന് കല്ലെറിഞ്ഞതിനാണ് എന്ന വാർത്ത ഈ സംഭവത്തോട് ചേർത്തുവെച്ച് ആലോചിക്കുമ്പോഴേ ഉമ്മൻ ചാണ്ടിയുടെ ആ പെരുമാറ്റത്തിന്റെ യോഗ്യതയും ജനാധിപത്യ മര്യാദയും വേണ്ട അളവിൽ തെളിഞ്ഞുവരികയുള്ളൂ.