വിട, മനുഷ്യർക്ക് ഇടം നൽകിയ ആ ജീവന്, ജീവിതത്തിന്

വിട, 
മനുഷ്യർക്ക് ഇടം നൽകിയ 
ആ ജീവന്, ജീവിതത്തിന്
Published on
Summary

അധികാരം സ്വയം അഭിരമിക്കലിന്റെയും അനുസരിപ്പിക്കലിന്റെയും അടിച്ചമർത്തലിന്റെയും പ്രയോഗരൂപങ്ങളുള്ള ഫ്യൂഡൽ രീതികളിൽ ഇന്നും ഏറെക്കുറെ കുരുങ്ങിക്കിടക്കുമ്പോൾ അധികാരത്തെ ജനങ്ങളെ കേൾക്കാനും അവരോടൊപ്പമാകാനും അവരുടെ ജീവിതത്തെ മെച്ചപ്പെട്ടതാക്കാനുമല്ലേ അദ്ദേഹം ഉപയോഗിച്ചത്? പണം കൊണ്ടോ പദവി കൊണ്ടോ ജീവിതം കൊണ്ടോ തങ്ങൾക്ക് മുകളിലാണ് അദ്ദേഹം എന്ന തോന്നൽ, ഒരു അരക്ഷിതത്വ ബോധം അദ്ദേഹത്തിന്റെ അടുത്തെത്തുന്ന സാധാരണ മനുഷ്യർ അനുഭവിച്ചിട്ടുണ്ടാകുമോ എന്നെങ്കിലും? ജ്യോതി രാധിക വിജയകുമാർ എഴുതുന്നു.

ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ച് ആരെങ്കിലും പറഞ്ഞിട്ടില്ലാത്തതോ എഴുതിയിട്ടില്ലാത്തതോ ആയ ഒന്നും എഴുതാനില്ലെന്നറിയാം. മനുഷ്യർക്കൊപ്പം അതിരുകളില്ലാതെ ജീവിച്ച അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് എഴുതാനും പറയാനുമുള്ള അനുഭവങ്ങളോ യോഗ്യതയോ കരുത്തോ ഈ വാക്കുകൾക്കില്ലെന്നും അറിയാം. പക്ഷെ ഇന്നത്തെപ്പോലെ കണ്ണ് നിറയ്ക്കുന്ന, ഒരു അനുഭവം മനസ്സിലുണ്ട്. ഈ മാർച്ച് മാസത്തിൽ, അദ്ദേഹം അവസാനം ബാംഗ്ലൂരിലേക്ക് പോകുന്നത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തെ കാണാൻ പോയ ദിവസം, അധികം തിരക്കുണ്ടായിരുന്നില്ല വീട്ടിൽ. അദ്ദേഹം ക്ഷീണിതനായിരുന്നു. സഹായത്തോടെയാണ് നടക്കുന്നത്. ഏകദേശം രണ്ടു മണിക്കൂറുകളോളം അദ്ദേഹത്തിനും ജീവിതപങ്കാളിക്കുമൊപ്പമുണ്ടായിരുന്നു. ആളും ബഹളവുമില്ലാതെ ഒപ്പമിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഇഷ്ടഭക്ഷണമായ തൈരുസാദം മെല്ലെ കഴിച്ചുകൊണ്ടിരുന്ന ആ മനുഷ്യൻ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്നു എന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ ബുദ്ധിമുട്ടി. അധികാരത്തിന്റെ, അംഗീകാരത്തിന്റെ ഒരു ചിഹ്നങ്ങളും അദ്ദേഹത്തിന്റെ വാക്കിലും നടപ്പിലും വീട്ടിലും ഒന്നുമുണ്ടായിരുന്നില്ല. ഫോട്ടോ എടുക്കണമെന്ന് തോന്നിയില്ല. പക്ഷെ പോകാനിറങ്ങി, വീടിനു മുൻപിൽ വണ്ടി തിരിക്കാൻ ബുദ്ധിമുട്ടിയപ്പോൾ നടക്കാൻ വയ്യെങ്കിലും വാതുക്കൽ യാത്രപറയാൻ വന്നു നിന്ന സാറിനെയും ജീവിതപങ്കാളിയെയും കണ്ടപ്പോൾ കണ്ണുനിറഞ്ഞു. സഹിക്കാൻ പറ്റിയില്ല. ഓടിച്ചെന്നു ചോദിച്ചു, ഒരു ഫോട്ടോ എടുത്തോട്ടെ എന്ന്. ആ നിൽപ്പും നോട്ടവും മറക്കാൻ പറ്റില്ല ഒരിക്കലും. അത്ര മാത്രം മനസ്സിൽ പതിഞ്ഞു പോയി അത്.

മറ്റൊരിക്കൽ സാറിനെ പോയി കണ്ടത് പനിയായി ആശുപത്രിയിലായിരുന്ന ഒരു സമയത്താണ്. സർ ശ്രദ്ധിക്കണം എന്ന് പറഞ്ഞു കുറെ നേരം കൈയ്യിൽ പിടിച്ചിരുന്നത്. ആ മുഖത്തെ സ്നേഹം, കാരുണ്യം ഒക്കെ മനസ്സിലുണ്ട്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിന് മുൻപ് നടന്ന ഐശ്വര്യകേരളയാത്രയുടെ ഭാഗമായി ഹരിപ്പാട് നടന്ന യോഗത്തിൽ ശ്രീ രമേശ് പിഷാരടി അദ്ദേഹത്തെ അനുകരിച്ചപ്പോൾ നിഷ്കളങ്കമായി പൊട്ടിച്ചിരിച്ച അദ്ദേഹത്തിന്റെ മുഖം മാനസിലുണ്ട്.

അതിനു മുൻപ് അച്ഛൻ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ കൂടെയുള്ള ആരുടെയോ ഫോണിൽ നിന്ന് ഞാൻ ഉമ്മൻ ചാണ്ടിയാണെന്നു പറഞ്ഞു വിളിച്ച അദ്ദേഹം, തോൽക്കുമെന്ന് ഒരിക്കലും കരുതിയില്ല എന്ന് വിഷമം പങ്കുവെച്ചതും മനസ്സിലുണ്ട്. കുടുംബ സംഗമങ്ങളിൽ ഓടിനടന്ന ഉമ്മൻ ചാണ്ടി സാറിനെ ഓർമയുണ്ട്. ഒരു പരിഭാഷ കേട്ട് നന്നായിരുന്നു എന്ന് പറഞ്ഞത് സന്തോഷമായി മനസ്സിലുണ്ട്. അതിനും ഒരുപാട് മുൻപ് 1996 -1998 കാലഘട്ടത്തിൽ തിരുവനന്തപുരം മാർ ഇവാനിയസ് കോളേജിൽ കെ എസ്‌ യു പാനലിൽ അദ്ദേഹത്തിന്റെ മകൾ അച്ചു ഉമ്മൻ മത്സരിച്ചപ്പോൾ മുതൽ അദ്ദേഹത്തെക്കുറിച്ചുള്ള സംഭാഷണങ്ങൾ കേൾക്കുന്നുണ്ട്. കേരളത്തിന് പുറത്തതായിരുന്ന സമയത്തതാണ് ലീഡറെ അവസാനമായി കാണാൻ തൃശൂർ വരുന്നത്. അവിടെ വെച്ച് ഏറെ സ്നേഹത്തോടെ സാർ എന്റെ അടുത്ത് സംസാരിച്ചിരുന്നു.

വ്യക്തിപരമായ ഈ പരിമിതമായ അനുഭവങ്ങൾക്കപ്പുറം ശ്രീ ഉമ്മൻ ചാണ്ടി എന്താണ്? അദ്ദേഹം അവശേഷിപ്പിച്ചു കടന്നു പോകുന്ന ഒരു മാതൃക, ഒരു ലെഗസി എന്താണ്? ഇത്രയധികം മനുഷ്യരുടെ കണ്ണ് നിറയിച്ചത്, അവസാനമായി അദ്ദേഹത്തെ ഒന്ന് കാണാൻ ഓടിയെത്തിക്കുന്നതെന്താണ്?അത് മനുഷ്യരോടുള്ള സ്നേഹമാണ്, കരുണയാണ്, അനുതാപമാണ്, മനുഷ്യജീവിതങ്ങളുടെ വ്യത്യസ്ത അവസ്ഥകളെ, ദുഖങ്ങളെ, പ്രശ്നങ്ങളെ, മനസ്സിലാക്കാനുള്ള, ഉൾക്കൊള്ളാനുള്ള, വലിയ മനസ്സാണ്. കക്ഷി രാഷ്ട്രീയത്തിലും സംഘടനയ്ക്കുള്ളിലെ രാഷ്ട്രീയത്തിലുമൊക്കെ പ്രയോഗികമായിത്തന്നെ ഇടപെട്ടപ്പോഴും ഉള്ളിലെ മനുഷ്യസ്നേഹം, എമ്പതി, നിലനിർത്താനായതല്ലേ അദ്ദേഹത്തെ ഇത്രമാത്രം പ്രിയപ്പെട്ട മനുഷ്യനാക്കിയത്? തികഞ്ഞ മതവിശ്വാസിയായിരുന്നതുകൊണ്ട് ആഴത്തിൽ മതേതരത്വം പാലിച്ചു മനുഷ്യസ്നേഹം മതമുൾപ്പെടെയുള്ള ഏതു മതിലിനുമപ്പുറമാണെന്ന് അദ്ദേഹം ജീവിച്ചു കാട്ടിയതല്ലേ? രാഷ്ട്രീയ വ്യക്തിത്വങ്ങൾ നിർമിക്കപ്പെടുന്ന ബിംബങ്ങളും മാധ്യമ, നവമാധ്യമ ഇടങ്ങളിൽ രൂപപ്പെടുത്തിയെടുക്കുന്ന പ്രതിച്ഛായകളുമാകണമെന്ന് ഏറെക്കുറെ തീരുമാനിക്കപ്പെട്ട, ശീലിക്കപ്പെടുന്ന ഒരു രാഷ്ട്രീയസമൂഹത്തിൽ തീർത്തും ജൈവികമായി, സ്വാഭാവികമായി നിലനിൽക്കാനായത്. തന്റെ മാത്രം വഴിയിലൂടെ നടക്കാനായത് ആ മനുഷ്യന്റെ പ്രത്യേകതയല്ലേ? അധികാരം സ്വയം അഭിരമിക്കലിന്റെയും അനുസരിപ്പിക്കലിന്റെയും അടിച്ചമർത്തലിന്റെയും പ്രയോഗരൂപങ്ങളുള്ള ഫ്യൂഡൽ രീതികളിൽ ഇന്നും ഏറെക്കുറെ കുരുങ്ങിക്കിടക്കുമ്പോൾ അധികാരത്തെ ജനങ്ങളെ കേൾക്കാനും അവരോടൊപ്പമാകാനും അവരുടെ ജീവിതത്തെ മെച്ചപ്പെട്ടതാക്കാനുമല്ലേ അദ്ദേഹം ഉപയോഗിച്ചത്? പണം കൊണ്ടോ പദവി കൊണ്ടോ ജീവിതം കൊണ്ടോ തങ്ങൾക്ക് മുകളിലാണ് അദ്ദേഹം എന്ന തോന്നൽ, ഒരു അരക്ഷിതത്വ ബോധം അദ്ദേഹത്തിന്റെ അടുത്തെത്തുന്ന സാധാരണ മനുഷ്യർ അനുഭവിച്ചിട്ടുണ്ടാകുമോ എന്നെങ്കിലും? എനിക്ക് അപ്രാപ്യനാണ്, എന്നെ കേൾക്കില്ല എന്ന് ആർക്കെങ്കിലും അദ്ദേഹത്തെക്കുറിച്ചു തോന്നിയിട്ടുണ്ടാകുമോ?അധികാരം അഗ്ഗ്രഷൻ ആണ് ആക്രമണോല്സുകതയാണ് എന്ന് ഒരിക്കലും അദ്ദേഹം തോന്നിപ്പിച്ചിട്ടില്ല. ആശയപരമായി, രാഷ്ട്രീയമായി എതിർക്കുന്ന മനുഷ്യരോട് ഒരിക്കലും അദ്ദേഹം ശത്രുത കാണിച്ചില്ല. ആ സൗമ്യത, ആ നിഷ്കളങ്കത, ആ ചിരി, മനുഷ്യരെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ആ സാന്നിധ്യം ഒക്കെ ഇനി എവിടെ തേടേണ്ടി വരും? എല്ലാ അധികാരസ്ഥാനങ്ങൾക്കും പദവികൾക്കും പിടിച്ചെടുത്ത വിജയങ്ങൾക്കുമപ്പുറം രാഷ്ട്രീയപ്രവർത്തനത്തിന്റെ ബാക്കിപത്രം ഇടപെട്ട മനുഷ്യരുടെ ജീവിതത്തിൽ അവശേഷിപ്പിച്ച സ്നേഹവും ആ സ്നേഹം പ്രതിഫലിപ്പിച്ച പ്രവൃത്തികളും സ്പർശിച്ച ജീവിതങ്ങളുമാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആ ജീവിതം.

രാഷ്ട്രീയപ്രവർത്തനം സംഘടനയ്ക്കുള്ളിലും പുറത്തും അധികാരത്തിലെത്താനുള്ള കരുനീക്കം മാത്രമല്ലെന്നും ചുറ്റുമുള്ള ചോരയും നീരുമുള്ള, പ്രവർത്തകരും അല്ലാത്തവരുമായ മനുഷ്യർ പൊളിറ്റിക്കൽ കരിയറുകൾ സൃഷ്ടിക്കാനുള്ള ഉപകരണങ്ങൾ മാത്രമല്ലെന്നും കക്ഷിരാഷ്ട്രീയവ്യത്യാസമുൾപ്പെടെ അവർക്കിടയിലുള്ള ഒരു വ്യത്യാസവും അവരുടെ ജീവിതാവസ്ഥകളെ വേർതിരിച്ചു കാണാനുള്ളതല്ലെന്നുമുള്ള ഒരു പാഠമല്ലേ അദ്ദേഹം അറിഞ്ഞോ അറിയാതയോ പഠിപ്പിക്കുന്നത്? ആജ്ഞാപിക്കാതിരിക്കുന്നതും അധികാരപ്രയോഗം നടത്താത്തതും ലളിതമായി ജീവിക്കുന്നതും വരേണ്യതയുടെ അടയാളങ്ങളിൽ നിന്നും മാറി നിൽക്കുന്നതും സാമൂഹിക സാംസ്കാരിക മൂലധനങ്ങളുൾപ്പെട്ട അധികാര വ്യാപാരത്തിന്റെ ഭാഗമാകാത്തതും മനുഷ്യമനസ്സിനെ മാനിപുലേറ്റ് ചെയ്യാത്തതും കക്ഷിരാഷ്ട്രീയപാതകളിലെ ദൗർബല്യങ്ങളായി കരുതപ്പെടുന്ന ഒരു കാലത്ത് ഹൃദയം കൊണ്ട് മനുഷ്യനെ സ്നേഹിക്കുന്നതിന്റെ ശക്തി, ആ സ്നേഹം നിറഞ്ഞ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നേരും കരുത്തും, വീണ്ടും വീണ്ടും പ്രവൃത്തികളിലൂടെ ഉറക്കെപ്പറയാൻ ഇനി മറ്റാർക്കും സാധിക്കുമെന്ന് തോന്നുന്നില്ല.

അദ്ദേഹത്തിന്റെ ജീവിതം പറഞ്ഞു കൊണ്ടേയിരിക്കുന്നത് പൊതുപ്രവർത്തനത്തിൽ നിരാകരിക്കപ്പെടുന്ന ഒരുപാട് വഴികളെകുറിച്ചാണ്.. ശരികളെക്കുറിച്ചാണ്..രാഷ്ട്രീയ പ്രവർത്തനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യരാക്കേണ്ടതിനെകുറിച്ചാണ്; മനുഷ്യരോടുള്ള സ്നേഹവും സഹാനുഭൂതിയും ആകേണ്ടതിനെക്കുറിച്ചാണ് .. അധികാരവും ലാളിത്യവും ജൈവികതയും സ്വാഭാവികതയും പ്രായോഗികതയും കാർക്കശ്യവും സ്നേഹവും സൗമ്യതയും ഒരുമിച്ചു ചേരുന്ന മനോഹരമായ ഒരു നിലനില്പിനെക്കുറിച്ചാണ്, നമ്മിലൊരുപാട് പേര് ഒരിക്കലും മറക്കരുതാത്ത , പിൻതുടരേണ്ട സ്ഥായിയായ പലതിനെയും കുറിച്ചാണ്..

ആ വഴി ആവർത്തിക്കപ്പെടില്ലായിരിക്കാം. പക്ഷെ അതിൽ തെളിഞ്ഞ വിളക്കുകൾ അണയാതെ നോക്കാനാവും. ആകണം. ആ തുടർച്ചയിലൂടെയാകും ഇന്നിന്റെ ആഴമുള്ള, നോവിപ്പിക്കുന്ന, ലക്ഷക്കണക്കിന് ഹൃദയങ്ങളെ നൊമ്പരപ്പെടുത്തുന്ന ഈ നഷ്ടബോധത്തെ അതിജീവിക്കാനാകുക.

സാറിന്റെ കാണാൻ പോകുന്നതിനു മുൻപ് കുറിച്ചതാണ് ഈ വരികൾ. രാത്രി മകനൊപ്പം കെ പി സി സി ഓഫീസിൽ അദ്ദേഹത്തെ കണ്ടു മടങ്ങുമ്പോൾ രാവിലെ മുതൽ മനസ്സിന് തോന്നുന്ന ഭാരം ഒട്ടും കുറഞ്ഞിട്ടില്ല..അത്ര തിരക്കിലും രാത്രി പതിനൊന്നു മണി കഴിഞ്ഞിട്ടും എനിക്ക് കുറച്ചു നേരം കൂടി അവിടെ നിൽക്കണമായിരുന്നു എന്ന് മകൻ പറഞ്ഞപ്പോൾ തിരിച്ചറിഞ്ഞു ഒരുപാട് കുഞ്ഞുങ്ങളുടെ മനസ്സിൽ ഇടം പിടിച്ചത് പോലെ, എവിടെയൊക്കെയോ അദ്ദേഹം അവന്റെ മനസ്സിലും പതിഞ്ഞിട്ടുണ്ടെന്ന്..

പറയാനും എഴുതാനും വിശദീകരിക്കാനും കഴിയുന്നതിനപ്പുറം വിശാലമായ, വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഒരുപാട് മനുഷ്യർക്കിടം നൽകിയ ആ ജീവന്, ജീവിതത്തിന്, രാഷ്ട്രീയത്തിന് പകരം വയ്ക്കാൻ ഒന്നുമുണ്ടെന്നു തോന്നുന്നില്ല തത്കാലം മുൻപിൽ...

Related Stories

No stories found.
logo
The Cue
www.thecue.in