ഉമ്മൻചാണ്ടിക്ക് ഈ ജന്മത്തിലും അടുത്ത ജന്മത്തിലും
ഒരു ഏകാധിപതി ആവാൻ സാധിക്കില്ല.
കാരണം ഉമ്മൻചാണ്ടി എന്ന പേര് പോലും
ജനകീയൻ എന്ന അർത്ഥത്തെ ഉൾവഹിക്കും വിധം
അദ്ദേഹം ജീവിച്ചു കടന്നുപോയി.
ഇരിക്കുമ്പോഴും നടക്കുമ്പോഴും
കിടക്കുമ്പോഴും ഉണ്ണുമ്പോഴും ചുറ്റും
ജനങ്ങളുടെ സാമീപ്യത്തിൽ
കേരള രാഷ്ട്രീയത്തിൽ എ കെ ജി, ഇകെ നായനാർ, സി എച് മുഹമ്മദ്‌കോയ തുടങ്ങിയവരുടെ ജനകീയപാതയിലെ അവസാനകണ്ണി തന്നെയായിരുന്നു ഉമ്മൻ ചാണ്ടി. ഇവരുടെ രാഷ്ട്രീയ സാമൂഹിക പൊതുമണ്ഡല വ്യവഹാരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ ചില പൊതു സവിശേഷതകൾ കാണാൻ സാധിക്കും. വിശേഷപ്പെട്ടതും സത്യസന്ധവുമായ ജനാധിപത്യഭാവനകൊണ്ട് നിർമ്മിച്ചെടുത്ത ഇടപെടൽ ശേഷിയാണ് അതിൽ പ്രധാനം. അധികാരസ്ഥാനത്തിരിക്കുമ്പോഴും അതിന്റെ ഇടനാഴികളിൽ ഒറ്റയ്ക്ക് നടക്കാൻ ഇവർ ആഗ്രഹിച്ചില്ല. ജനാധിപത്യസ്റ്റേറ്റിന്റെ പ്രതീകം എന്ന നിലക്ക് സ്റ്റേറ്റ് പൗരന്മാരുടെ ജീവിതത്തിൽ ഇടപെടുമ്പോൾ തുറന്നതും നിഗൂഢമല്ലാത്തതുമായ രീതിശാസ്ത്രം ഇവർ സ്വീകരിക്കുകയും ജനങ്ങൾക്ക് തങ്ങളെ ഉടമ്പടിരഹിതമായി പ്രാപ്യമാക്കുകയും തുറന്ന വേദിയായി തങ്ങളെ പുനസൃഷ്ട്ടിച്ചെടുക്കയും ചെയ്തു. അധികാരം മനുഷ്യനെ ദുഷിപ്പിക്കും എന്ന ആ പഴയ ആപ്‌തവാക്യം ഓർമയില്ലേ? വർത്തമാനകാലത്ത് പലരും അധികാരം സ്വീകരിക്കുമ്പോൾ അധികാരത്തെ സ്വയംവരം ചെയ്യുകയും സ്വയമൊരു അധികാര കേന്ദ്രമായി മാറി നിഗൂഢമായ ഇടനാഴികളിൽ ഒറ്റക്ക് വസിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അവർ പലപ്പോഴും തങ്ങളെ അധികാരത്തിൽ ഏറ്റിയ പൗരന്മാരുമായി സൂക്ഷിക്കുന്നതും അധികാര ബന്ധമായിരിക്കും. അധികാരം ഒരു വ്യക്തിയെ പലവിധത്തിൽ മാറ്റിമറിക്കും. അധികാരത്തെ ആധിപത്യത്തിനും ശിക്ഷണത്തിനും ഉള്ള ഉപകരണമാക്കാം. അധികാരത്തിന്, അതിന്റെ ഇടപെടൽ ശേഷിക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും വഴികൾ കൂടിയുണ്ട്.
'Power is of two kinds. One is obtained by the fear of punishment and the other by acts of love. Power based on love is a thousand times more effective and permanent then the one derived from fear of punishment '.(Mahathma Gandhi )
തീർച്ചയായും രണ്ടാമത്തെ വഴി ഗാന്ധിയുടെ വഴി ആയിരുന്നു. ഉമ്മൻ ചാണ്ടി സഞ്ചരിക്കാൻ ശ്രമിച്ച അധികാരത്തിന്റെ ഇടനാഴി അത് തന്നെയായിരുന്നു. ഒന്നാമത്തെ വഴിയിൽ അദൃശ്യമായ ഭയത്തിന്റെ നിശബ്ദത കെട്ടി നിൽക്കുന്നുണ്ടെങ്കിൽ രണ്ടാമത്തെ വഴിയിൽ നിന്ന് രക്ഷയുടെയും സ്നേഹത്തിന്റെയും ലായനി നമുക്ക് കിട്ടും. നിരന്തരം ജനങ്ങളുമായി ഇടപെടുക അത്ര സുഖമുള്ള ഒരു കാര്യമല്ല. മനുഷ്യശബ്ദങ്ങളും നിശ്വാസങ്ങളും അവർ പുറത്തു വിടുന്ന കാര്ബണ്ഡയോക്സൈഡും വിയർപ്പിന്റെയും ശ്വസനത്തിന്റെയും ദുര്ഗ്ഗന്ധവും അവരുടെ നൂറു നൂറാവലാതികളും കേൾക്കാനും അനുഭവിക്കാനും തന്റെ പഞ്ചേന്ദ്രിയങ്ങളും വിധിക്കപ്പെട്ടു എന്നദ്ദേഹം വിശ്വസിച്ചു. തന്നെ കാണാൻ വന്ന അവസാനമനുഷ്യനും ഉറങ്ങി കഴിഞ്ഞു നേരം കിട്ടിയാൽ മാത്രം അദ്ദേഹമുറങ്ങി. ആൾക്കൂട്ടമെന്ന ആനന്ദ പറുദീസയിൽ സ്വയം മയങ്ങിയപ്പോഴും തന്നെ കാണാൻ വന്ന ഓരോ മനുഷ്യനും കുരുങ്ങി കിടക്കുന്ന ഓരോ ചുവപ്പ് നാടയാണെന്നും ആ ചുവപ്പ് നാട ഒരു നിർജീവ വസ്തുവല്ലെന്നും അതൊരു മനുഷ്യ സ്ത്രീയുടെ/ എൽ ജി ബി ടി യുടെ/ പുരുഷന്റെ/ മനുഷ്യഇതരരുടെ ഒക്കെ ജീവിതമാണെന്നും അദ്ദേഹം വിശ്വസിച്ചു. നിസ്സഹായതയുടെ അനേകം നിലവിളികൾ കേൾക്കാനും തന്നെക്കൊണ്ട് കഴിയുന്നത്ര ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും അതിനു വേണ്ടി നിയമത്തിന്റെ നൂലാമാലകളെ അവഗണിക്കാനും ഉമ്മൻചാണ്ടി മടി കാണിച്ചില്ല. ജനങ്ങളെ തേടി ചെന്നാൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഉമ്മൻചാണ്ടിയ്‌ക്ക് പി ആർ ഏജൻസികളുടെ പിന്തുണ ആവശ്യമുണ്ടായിരുന്നില്ല എന്നതും വാസ്തവമായിരുന്നു. തന്നെ കല്ലെറിഞ്ഞവരെ പിടികൂടി ശിക്ഷിക്കാനും കൊലപ്പെടുത്താനും ശ്രമിച്ചില്ല എന്നുമാത്രമല്ല, അവർക്കെതിരെ സ്വമേധയാ കേസെടുത്ത പോലീസിനോട് പോലും അവരെ വെറുതെ വിടാൻ പറയുന്ന സൗമനസ്യവും അദ്ദേഹവും രാഹുൽ ഗാന്ധിയും എം കെ ഗാന്ധിയുമെല്ലാം സ്വീകരിക്കുന്ന മാർഗം തന്നെ. കുടുംബത്തെയും തന്നെയും ശത്രു രാജ്യമായി കണ്ട് നശിപ്പിക്കാൻ ഇറങ്ങിയവരോടും നിലവിട്ട് അദ്ദേഹം പെരുമാറിയില്ല.
ആൾക്കൂട്ടത്തിൽ തനിയെ അല്ല, ആൾക്കൂട്ടമില്ലാതെ ഒറ്റക്കുമല്ല, ആൾക്കൂട്ടത്തിനൊപ്പം മാത്രമായിരുന്നു ഉമ്മൻചാണ്ടി. അക്ഷരാർത്ഥത്തിൽ ജനനിബിഢമായ ദന്തഗോപുരംപോലെ ഒറ്റക്കൊരു ആൾമരം. അത് ജനവാഹനം പോലെ കേരളത്തിൽ അങ്ങോളമിങ്ങോളം പലകാലങ്ങളിൽ സഞ്ചരിച്ചു. ഫ്രാൻസ് കാഫ്കെ മെറ്റമോർഫോസിസ് എന്ന കൃതിയിൽ ഗ്രിഗർസാംസാ എന്ന മനുഷ്യൻ രാവിലെ എഴുന്നേറ്റപ്പോൾ ഒരു ചിലന്തിയായി രൂപാന്തരപ്പെട്ടത് പറഞ്ഞ പോലെ ഉമ്മൻചാണ്ടി തന്നെ പരിണാമം നടന്ന് ഒരു ആൾക്കൂട്ടമായി മാറിയ കാലത്തിന്റെ ചരിത്രം കൂടിയാണ് അരനൂറ്റാണ്ടിലധികം കാലം ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഉമ്മൻചാണ്ടിയുടേത്. ഉമ്മൻ ചാണ്ടി എന്ന ആൾക്കൂട്ടം സഞ്ചരിക്കുന്ന ഒരു ജനകീയ വണ്ടിയുടെ മാതൃകയിൽ ചലിച്ചു. മരണപ്പെട്ടവനുള്ള ഉപചാരം നൽകലാണ് ഈ വാക്കുകൾ എന്ന് തോന്നിപ്പിക്കാത്ത വിധം ഉമ്മൻചാണ്ടി ഈ ഒറ്റക്കാരണം കൊണ്ട് വർത്തമാനരാഷ്ട്രീയയുഗത്തിൽ അനന്യനാണ്. തനിക്ക് സമം താൻ താനെന്ന് ചൊല്ലുമ്പോലെ ആൾക്കൂട്ടത്തെ അത്രക്ക് തന്നിലേക്ക് ആവാഹിച്ചവൻ എന്ന അർത്ഥത്തിൽ ഉമ്മൻചാണ്ടി അപൂർവനായി കടന്നു പോയി. ഉമ്മൻചാണ്ടി നേതാവേ ജനകീയനായ നേതാവേ എന്ന് അണികൾക്ക് ആത്മാർഥമായി വിളിക്കാമായിരുന്നു അദ്ദഹത്തെ. വൈക്കത്തു നിന്നും കോഴിക്കോട്ട് വന്ന് ബേപ്പൂരിൽ ഒരു പർണശാല കെട്ടി വൃക്ഷച്ചുവട്ടിൽ ഒരു ജനകീയ സന്യാസിയെ പോലെ വസിച്ച സാഹിത്യത്തിലെ ബഷീറിനെപോലെ രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടി വസിച്ചു. എപ്പോഴും ജനങ്ങളെ ഒരു മടിയും കൂടാതെ തന്നിലേക്ക് പ്രവേശിപ്പിക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്ത രാഷ്ട്രീയക്കാരൻ.
എന്റെ ഒരു ചെറുകഥയിൽ ഒരു കാമുകനോട് അവന്റെ കൂട്ടുകാരൻ ചോദിക്കുന്നതായി എഴുതിയിട്ടുണ്ട്. കാമുകിയെ കാണാൻ പോകുമ്പോഴും നീ ഉമ്മൻചാണ്ടിയെ പോലെ ആൾക്കൂട്ടവുമായാണോ പോകുന്നത് ? എന്ന് ! . അതെ ഉമ്മൻചാണ്ടിക്ക് സ്വകാര്യത ഒട്ടുമേ കിട്ടിയിട്ടുണ്ടാവില്ല. ആൾകൂട്ടം കവർന്നെടുത്ത സ്വകാര്യതയുടെ സാരമായ ജീവിതസന്ദർഭങ്ങൾ ഉമ്മൻചാണ്ടിയുടെ ജീവിതകാലത്തെ കൊഞ്ഞനം കുത്തുന്നുണ്ടാവണം. ഉമ്മൻചാണ്ടി ഒരു തുറന്ന ജീപ്പിൽ സഞ്ചരിച്ചാൽ വശങ്ങളിൽ നിറയെ കൈവരികളും കാൽവരികളും പിടിച്ചു ജനങ്ങൾ തൂങ്ങി നിൽക്കുന്ന ആവാഹനം പോലെ ആ വാഹനം ഒരു ചിത്രകാരന് റിയലിസമായി തന്നെ ഭാവന ചെയ്യാം. ചുവപ്പു നാടയിൽ കുരുങ്ങിപോയ എത്രയോ മനുഷ്യരുടെ ജീവിതങ്ങൾ ഉമ്മൻചാണ്ടിക്ക് അഴിച്ചെടുക്കാൻ ധൈര്യമായത് ഒരു പക്ഷെ അദ്ദേഹം ആൾക്കൂട്ടത്തിൽ പകലിരവുകൾ നീന്തി നീന്തി കളിച്ചതു കൊണ്ടാവാം!
അതെ
ഒരു ഏകാധിപതിയാവാനുള്ള പ്രവണതക്ക്
ഒരിക്കലും ഉമ്മൻചാണ്ടി ആവാനാവില്ല
അതെ
ഉമ്മൻചാണ്ടിക്ക് ഈ ജന്മത്തിലും അടുത്ത ജന്മത്തിലും
ഒരു ഏകാധിപതി ആവാൻ സാധിക്കില്ല.
കാരണം ഉമ്മൻചാണ്ടി എന്ന പേര് പോലും
ജനകീയൻ എന്ന അർത്ഥത്തെ ഉൾവഹിക്കും വിധം
അദ്ദേഹം ജീവിച്ചു കടന്നുപോയി.
ഇരിക്കുമ്പോഴും നടക്കുമ്പോഴും
കിടക്കുമ്പോഴും ഉണ്ണുമ്പോഴും ചുറ്റും
ജനങ്ങളുടെ സാമീപ്യത്തിൽ
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജീവിച്ചു മരിച്ചവന്
ആൾക്കൂട്ടത്തിന്റെ അച്ഛന്
കണ്ട ആൾക്കൂട്ടത്തിലെ ഓരോമനുഷ്യനെയും
തന്റെ കൂട്ടത്തിലാണോ എന്നന്വേഷിക്കാതെ
ചേർത്തു നിർത്തി ചെവിയിൽ സ്വകാര്യമായി സുഖവിവരം തിരക്കിയവന്
കമ്യുണിസ്റ്റായിരുന്ന സുശീലേടത്തിയുടെ മകന് രാഷ്ട്രീയമന്വേഷിക്കാതെ
ചികിത്സക്ക് പണം നൽകിയവന്
ഭയപെടുത്താതെ സ്നേഹിക്കുകയാണ് ജനാധിപത്യത്തിന്റെ ഗാന്ധിമാർഗം
എന്ന് ജീവിച്ചവന്
വിട.