പീഢകളെ നോവലുകളാക്കിയ, കൊച്ചിയുടെ ചരിത്രം പൂര്‍ത്തിയാക്കാതെ മറഞ്ഞു പോയ വൈറ്റില ജോസഫ്

പീഢകളെ നോവലുകളാക്കിയ,
കൊച്ചിയുടെ ചരിത്രം പൂര്‍ത്തിയാക്കാതെ മറഞ്ഞു പോയ വൈറ്റില ജോസഫ്
Published on

ജോസഫ് വൈറ്റില. മലയാളത്തിലെ എണ്ണപ്പെട്ട കഥാകൃത്തുക്കളില്‍ ഒരാള്‍. 15 നോവലുകളും അഞ്ച് കഥാസമാഹാരങ്ങളും രണ്ടു നാടകങ്ങളും ഉള്‍പ്പെടെ ഇരുപത്തഞ്ചോളം കൃതികള്‍ മാത്രമാണ് രചിച്ചിട്ടുള്ളത്.

മനസ്സിലും ചിന്തയിലും വികാരങ്ങളിലും അത്യപൂര്‍വ്വമായ ശക്തി. ആ ശക്തി തെല്ലും ചോര്‍ന്നുപോകാതെ എഴുത്തില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുന്ന അപൂര്‍വ്വം സാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായിരുന്നു ജോസഫ് വൈറ്റില. ചോറുണ്ണാനായി ഇട്ട ഇലയുടെ മുന്നില്‍നിന്നും എഴുന്നേല്‍പ്പിച്ചു വിട്ടപ്പോഴും കഥ എഴുതിയതിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടപ്പോഴും മാസിക നടത്തി ഉള്ളതെല്ലാം കളഞ്ഞുകുളിച്ച് നട്ടം തിരിഞ്ഞു നടന്നപ്പോഴും എഴുത്തിന്റ കരുത്ത് കൈവിട്ടില്ല. ഒരളവ് അത് കൂടിയിട്ടേയുള്ളു.

ജോസഫ് വൈറ്റില സൃഷ്ടിച്ച കഥാപാത്രങ്ങളെല്ലാം തന്നെ കരുത്തുറ്റവരായിരുന്നു. എല്ലുമുഴുപ്പുള്ള പാത്രസൃഷ്ടിയില്‍ ആനന്ദം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഹെമിംഗ് വേയുടെ കിഴവനും കടലും എന്ന വിശ്വപ്രസിദ്ധമായ കൃതിയോട് കിടപിടിക്കാന്‍ മലയാളത്തില്‍ വൈറ്റിലയുടെ പീഡിതരുടെ സങ്കീര്‍ത്തനം മാത്രമാണുള്ളത്. കായലിനേയും കള്ളിനേയും മണ്ണിനേയും അതിനേക്കാള്‍ ഉപരി ചവിട്ടുനാടകത്തേയും സ്‌നേഹിക്കുന്ന ബഞ്ചമിന്‍. ഈ പച്ചയായ മനുഷ്യന്റേയും അയാളുടെ വലിയ കുടുബത്തിന്റേയും കഥയാണ് പീഡിതരുടെ സങ്കീര്‍ത്തനം.

മുതല നായാട്ടുകാരനായ കണ്ടനരയന്‍ അയാളുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. നിത്യജീവിതത്തില്‍പ്പോലും വളരെ അപൂര്‍വ്വമായേ ഇത്തരം എല്ലുമുഴുപ്പുള്ള വ്യക്തിത്വങ്ങള്‍ ഉണ്ടാകാറുള്ളു. അക്കഥയുടെ പശ്ചാത്തലം ഇങ്ങനെ.

ഗ്രാമത്തില നാലഞ്ചുപേരെ മുതല പിടിച്ചുകൊണ്ടുപോയപ്പോള്‍ പ്രജകള്‍ രാജാവിന്റെ മുന്നില്‍ സങ്കടമുണര്‍ത്തിച്ചു.

തമ്പുരാനേ, അടിയങ്ങള്‍ക്ക് നിത്യവൃത്തി കഴിക്കേണ്ടേ?.

ഉടന്‍ രാജാവിന്റെ വിളമ്പരം വന്നു. വെടിക്കാര്‍ ഉള്‍പ്പടെ മുതലയെ പിടിക്കാന്‍ രാജാവ് ഏര്‍പ്പാടാക്കി. എന്നാല്‍ അവര്‍ക്ക് മുതലയെ പിടിക്കാന്‍ കഴിഞ്ഞില്ല. കണ്ടനരയന്‍ ആ ദൗത്യം ഏറ്റെടുത്തു. അതിനിടെ കണ്ടനരയന്റെ ജീവനായ ആട്ടിന്‍ കട്ടിയെ മുതല പിടിച്ചു. ആട്ടിന്‍ കട്ടിയുടെ നീണ്ട കരച്ചില്‍ പിന്നെപ്പിന്നെ ഇല്ലാതായി.

അതോടെ പരസ്പരം കൊല്ലാനുള്ള അവസരം പാര്‍ത്ത് മുതലയും കണ്ടനും ജീവിച്ചു. ഒരുനാള്‍ കണ്ടന്റെ വഞ്ചിക്കരികില്‍ മുതല തലപൊക്കി. തൊട്ടടുത്ത് ക്രൂരനായ മുതലയെക്കണ്ട് ഒരു നിമിഷം കണ്ടന്‍ പകച്ചു. അടുത്ത നിമിഷം ചാട്ടുളി വീശി. പിന്നെ, എട്ടുനാടും പൊട്ടുമാറ് അലറി. പുലയാടിമോനെ, കൊല്ലും ഞാന്‍ നിന്നെ. അല്ലേ, നിയെന്നെ കൊല്ലണം. അങ്ങനേയെ നമ്മള്‍ തമ്മിലുള്ള കണക്കവസാനിക്കൂ...!

ഉദ്വേഗം നിറഞ്ഞ പീഡിതരുടെ സങ്കീര്‍ത്തനം അങ്ങനെ വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്.

ഇതുപോലെ, അദ്ദേഹത്തിന്റെ നോവലുകളിലേയും ചെറുകഥകളിലേയും കഥാപാത്രങ്ങള്‍ വ്യത്യസ്ത വ്യക്തിത്വത്തിന് ഉടമകളായിരിക്കും. അതാണ് അദ്ദേഹത്തിന്റെ രീതി. ജീവിതത്തില്‍ ഒട്ടേറെ തിക്തഫലങ്ങള്‍ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. ആ അനുഭവസമ്പത്ത് കഥാരചനയ്ക്കുള്ള ഉരുപ്പടിയാക്കി മാറ്റിയതാണ് എഴുത്തിലെ വിജയത്തിന് കാരണമായത്.

എറണാകുളത്ത് വൈറ്റിലയില്‍ പുരാതന ലത്തിന്‍ കത്തോലിക്കാ കുടുംബമായ അയത്തുപറമ്പില്‍ പാപ്പച്ചന്‍ അനസ്താസ്യ ദമ്പതികളുടെ മകനായി ജനനം.

പഠനകാലയളവില്‍ ഒരിക്കല്‍ 40 ഓളം കുട്ടികളുള്ള ഒരു ക്ലാസ്സില്‍ മലയാളം മുന്‍ഷി വായനയുടെ ഗുണഗണങ്ങളെക്കുറിച്ച് പറയുകയുണ്ടായി. നിങ്ങള്‍ പാഠപുസ്തകം മാത്രം പഠിച്ചത് കൊണ്ടായില്ല നല്ല പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിക്കണം. ഒരു കുസൃതി പിന്‍സീറ്റില്‍ നിന്ന് എഴുന്നേറ്റു ചോദിച്ചു എന്താണ് സാറേ ഈ നല്ല പുസ്തകം?

അദ്ദേഹം തിരിച്ചു ചോദിച്ചു: നിനക്ക് വായിക്കാന്‍ താല്പര്യമുണ്ടോ എങ്കില്‍ നീ ബഷീറിന്റെ ബാല്യകാലസഖി എടുത്തു വായിക്കണം. പിന്നെ കേശവദേവന്റെ ഓടയില്‍ നിന്ന,് ചങ്ങമ്പുഴയുടെ കളിത്തോഴി ഇതൊക്കെ വായിച്ചിട്ട് വാ, അപ്പോള്‍ ഇപ്പറഞ്ഞ കാര്യം നിനക്കു ബോധ്യമാകും.

ചോദ്യകര്‍ത്താവ് ജോസഫ് വൈറ്റിലയായിരുന്നു.

മറ്റു കുട്ടികള്‍ എങ്ങനെ അത് ചെവിക്കൊണ്ടു എന്നറിയില്ല. പക്ഷേ ജോസഫ് എന്ന പയ്യന്‍ അത് അക്ഷരംപ്രതി അനുസരിച്ചു. അങ്ങനെ തൊട്ടടുത്ത പൊന്നുരുന്നി ഗ്രാമീണ വായനശാലയില്‍ നിന്ന് ആദ്യമായി ബാല്യകാലസഖി വായിക്കാന്‍ എടുത്തു. അതുമായി ജോസഫ് വീടിനടുത്തുള്ള വാഴത്തോട്ടത്തില്‍ ഇരുന്ന് വായന തുടങ്ങി. ശ്വാസം വിടാതെയുള്ള വായന സന്ധ്യയ്ക്ക് മുമ്പ് വായിച്ചുതീര്‍ത്തു.

സുഹറയുടെ മരണം സംഭവിക്കുന്ന ഭാഗം വന്നപ്പോള്‍ ജോസഫിന് ശ്വാസം മുട്ടുന്നത് പോലെ ആയി. അവന്‍ വിതുമ്പി കരയാന്‍ തുടങ്ങി... അയ്യോ സുഹറ മരിക്കാന്‍ പാടില്ല. മരിച്ചാല്‍ പിന്നെ മജീദ് എങ്ങനെ ജീവിക്കും കരച്ചിലും ഏങ്ങലടയും കൂടിക്കൂടി വന്നു. സന്ധ്യയ്ക്ക് കരഞ്ഞു കലങ്ങിയ കണ്ണുമായി വീട്ടിലേക്ക് മടങ്ങി അമ്മ ഓടിയെത്തി. ഇതെന്തുപറ്റി മോനെ..? ജോസഫ് മിണ്ടുന്നില്ല. നിനക്ക് എന്ത് പറ്റിയെടാ... അമ്മ ഇരുതോളിലും പിടിച്ച് കുലുക്കിക്കൊണ്ട് ചോദ്യം ആവര്‍ത്തിച്ചു. ഇടറുന്ന സ്വരത്തില്‍ ജോസഫ് പറഞ്ഞു: സുഹറ മരിച്ചുപോയി.

ഏതു സുഹറ..?

ഈ പുസ്തകത്തിലെ സുഹറ.

കഷ്ടം...എടാ മണ്ടാ.., ജോസഫിന്റെ മുതുകില്‍ തട്ടി അമ്മ പറഞ്ഞു. ജോസഫിന് പിന്നെ ഉറക്കമില്ലാത്ത നാളുകള്‍ ആയിരുന്നു. എന്നാലും സുഹറ മരിച്ചല്ലോ.

രണ്ടാമത്തെ പുസ്തകത്തിനായുള്ള പരക്കം പാച്ചില്‍. ഓടയില്‍ നിന്ന് ആദ്യത്തേതില്‍ നിന്നും വായിച്ചപ്പോള്‍ വ്യത്യസ്തമായ അനുഭവമായിരുന്നു. ചങ്ങമ്പുഴയുടെ ഏക നോവല്‍- കളിത്തോഴി. അതും കണ്ടെത്തി വായിച്ചു. ഈ മൂന്ന് പുസ്തകങ്ങളും ജോസഫിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ പരിവര്‍ത്തനം എത്ര വലുതായിരുന്നു എന്ന് വാക്കുകള്‍ കൊണ്ട് പറഞ്ഞിരിക്കാന്‍ ബുദ്ധിമുട്ടാണത്രെ..!

അതോടെ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി. പുസ്തകങ്ങള്‍ എന്നത് കുറെ അക്ഷരങ്ങളും വാക്കുകളും അല്ലെന്ന്. അത് ജീവിതം തന്നെയാണെന്ന് ബോധ്യം ജോസഫിന് ഉണ്ടായി. തുടര്‍ന്ന് ഭ്രാന്ത് പിടിച്ച വായന ആയിരുന്നു. മലയാളത്തിലെ പലരെയും വായിച്ചു. വിവര്‍ത്തനങ്ങള്‍ വായിച്ചു. അപ്പോള്‍ മറ്റൊരാശയം ജോസഫിന്റെ മനസ്സില്‍ വീണു. ഇവരൊക്കെ എഴുതുന്നത് ഇവര്‍ക്കറിയാവുന്ന ജീവിതത്തെ കുറിച്ചാണ് എന്തുകൊണ്ട് തനിക്കറിയാവുന്ന ജീവിതത്തെക്കുറിച്ച് എഴുതിക്കൂടാ. അങ്ങനെ തന്റെ ജീവിതത്തെ പൊള്ളിച്ച് ഉറക്കം നഷ്ടപ്പെടുത്തിയ മനസ്സിനെ വല്ലാതെ നീറ്റിയ സംഭവങ്ങള്‍ ഒന്നൊന്നായി തെളിഞ്ഞു വരാന്‍ തുടങ്ങി. ഒരു രാത്രി എഴുന്നേറ്റിരുന്ന് ജോസഫ് എഴുതി. അത് ഇങ്ങനെയായിരുന്നു.

നീണ്ടു നീണ്ടുപോകുന്ന ചെമ്മണ്‍ പാതയിലൂടെ ഞങ്ങള്‍ പള്ളിയിലേക്ക് നടന്നു. മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ഇല്ലിക്കാടുകളിലൂടെ പുലരിയുടെ ചോര കൈകള്‍ നീണ്ടു വരുന്നുണ്ടായിരുന്നു.

അത് ചരമവാര്‍ഷികം എന്ന കഥയായി. ജോസഫ് എഴുതുന്നത് കഥയാണോ, സാഹിത്യമാണോ, ജീവിതമാണോ എന്നൊന്നും ജോസഫിന് അറിയില്ലായിരുന്നു. ജോസഫിന്റെ ആ കഥ സുഹൃത്തായ അപ്പന്‍ തച്ചേത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. അഞ്ചാം നാള്‍ എം ടി വാസുദേവന്‍ന്മാരുടെ കത്തുകിട്ടി. രണ്ടാഴ്ചയ്ക്കുശേഷം അക്കഥ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു. പിറ്റേ ആഴ്ചയില്‍ കഥയെ കുറിച്ചുള്ള പരസ്യം വന്നു. തുടര്‍ന്നുള്ള ആഴ്ചയില്‍ കഥയും.

ആ കഥ സൃഷ്ടിച്ച ഭൂകമ്പം വലുതായിരുന്നു. അക്കാലത്ത് നാട്ടില്‍ ഒരു ഫ്യൂഡല്‍ പ്രഭു ഉണ്ടായിരുന്നു. രാവിലെ മുതല്‍ മദ്യപാനം. ഒരു സംഘം കൂടെയുണ്ടാകും എപ്പോഴും. വീട്ടിലോ ഷാപ്പിലോ ഇരുന്നുള്ള കുടി. ഒരുനാള്‍ അദ്ദേഹം മൂക്കറ്റം കുടിച്ച് ജോസഫിന്റെ വീട്ടിലേക്ക് കയറി വന്നു. കൂടെ ഒരുപറ്റം മുട്ടാളന്മാരും. ജോസഫ് ഉണ്ടോടാ ഇവിടെ..? കഥ വന്നതിന്റെ പേരില്‍ അഭിനന്ദിക്കാന്‍ ആയിരിക്കും വന്നതെന്ന് ജോസഫ് കരുതി. നീ കഥ എഴുതാറുണ്ടോ..? ആദ്യമായ ഒരു കഥ എഴുതി.

എന്തില്‍..?

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.

നീ പാപ്പച്ചന്‍ ചേട്ടന്റെ മോനല്ലേ..? നീ വെറും പത്താം ക്ലാസുകാരന്‍ അല്ലേ..? നിന്റെ വിവരം എന്താണെന്ന് ഞങ്ങള്‍ക്കറിയാം. മാതൃഭൂമിയില്‍ എഴുതിയ ആളെ നിന്റെ മുന്നില്‍ ഞാന്‍ കൊണ്ടുവരും. നിനക്ക് എന്നെ അറിയാമല്ലോ..? ഇനി ആരോടെങ്കിലും നീയാണ് കഥ എഴുതിയത് എന്ന് പറഞ്ഞാല്‍ നിന്റെ കാല്‍ ഞാന്‍ തല്ലിയൊടിക്കും, പറഞ്ഞേക്കാം..!

ജോസഫിന് എന്ത് ചെയ്യാന്‍ കഴിയും. ആദ്യ കഥയുടെ അനുഭവം ഇങ്ങനെ ആയതില്‍ ജോസഫ് കരഞ്ഞു.

ഇനി ഈ സംഭവത്തിന്റെ രണ്ട് ഭാഗം ഇങ്ങനെ. അന്ന് നോബര്‍ട്ട് പാവനയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പ്രസിദ്ധ സാഹിത്യ നിരൂപകനായ എം. ഷണ്മുഖദാസിനെ നോബര്‍ട്ട് പരിചയപ്പെടുത്തി. ഇതാണ് ജോസഫ് വൈറ്റില അദ്ദേഹം ചാടി എഴുന്നേറ്റു. ജോസഫിന്റെ അടുത്തു ചെന്നു ചോദിച്ചു: ചരമവാര്‍ഷികം നിങ്ങള്‍ എഴുതിയതാണോ?

കാല്‍ തല്ലിയൊടിക്കും എന്നാണ് ആദ്യത്തെയാള്‍ പറഞ്ഞത്. ഇനി ഇദ്ദേഹം എന്തുപറയും ആവോ. എങ്കിലും ജോസഫ് പറഞ്ഞു, അതെ.

രണ്ടു ഉരത്തിലും ശക്തിയോടെ അടിച്ചുകൊണ്ട് ഇത് നീ എഴുതിയ കഥയാണെങ്കില്‍ ഇതുപോലെ അഞ്ച് കഥ തുടര്‍ന്ന് എഴുതുകയാണെങ്കില്‍ മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ നീയാണ്.

അപ്പോഴാണ് ജോസഫിന്റെ ഉള്ളൊന്നു തണുത്തത്. ആ കാലഘട്ടത്തില്‍ കൊച്ചിയിലെ പ്രധാന എഴുത്തുകാര്‍ മഹാകവി ശങ്കരക്കുറുപ്പ, ടി. കെ സി വടുതല, പോഞ്ഞിക്കര റാഫി- ഇവര്‍ മാത്രമാണ് അന്ന് മാതൃഭൂമിയില്‍ എഴുതിയിട്ടുള്ള കൊച്ചിക്കാര്‍.

കുറച്ചു കഥകള്‍ എഴുതിയപ്പോള്‍ എന്തുകൊണ്ട് ഒരു നോവല്‍ എഴുതിക്കൂടാ എന്ന ചിന്ത ജോസഫിന്റെ മനസ്സില്‍ ഉദിച്ചു. പക്ഷേ പറ്റിയ വിഷയം ഇല്ല. അങ്ങനെയാണ് സ്വന്തം ദേശം തന്റെ മനസ്സില്‍ വന്നതെന്ന് ജോസഫ് പറയുന്നു. അതോടെ ആ നാട്ടിലെ ചില കഥാപാത്രങ്ങള്‍ ജോസഫിന്റെ മനസ്സിലേക്ക് വന്നു. ഒടുവില്‍ എഴുതാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥ. എഴുതി തുടങ്ങി.

പുഴ ശാന്തമായി ഒഴുകുകയായിരുന്നു. കുരുടന്‍ ഗോപാലന്റെ നീന്തുചാലനപ്പുറം പടര്‍ന്ന് പന്തലിച്ച് കൂറ്റന്‍ ആഞ്ഞിലി ചോട്ടില്‍ അലിഞ്ഞുചേര്‍ന്ന് അവന്‍ നിന്നു. അപ്പോള്‍ സണ്ണി ചേട്ടന്‍ പുഴയുടെ ആഴത്തില്‍ ആയിരുന്നു. ചെകുത്താനെ കൂടി പേടിയില്ലാത്ത മനുഷ്യന്‍ നിറഞ്ഞ പാതിര അപ്പോഴതാ വെള്ളത്തില്‍ നിന്ന് ഒരു സംഭാഷണം.

ചാര്‍ലി കുറച്ചു മാറി നിന്നോ. ഇതാ ഒരു സാധനം വരുന്നുണ്ട്. ചാര്‍ലിയുടെ കാല്‍ച്ചുവട്ടില്‍ ഒരു വലിയ മഞ്ഞക്കൂരി വന്നു വീണു. തൊടണ്ട കുത്തും. കുത്തിയ കട്ട് കഴപ്പ് മാറില്ല.

ഇത്രയും എഴുതിയതോടെ കഥാപാത്രങ്ങള്‍ വന്ന് മുന്നില്‍ നില്‍ക്കുന്നതായി തോന്നി. ചൂണ്ടയില്‍ മീന്‍ കുരങ്ങിയത് പോലെയാണ് പിന്നെ 28 അധ്യായം എഴുതി തീര്‍ത്തു. എഴുത്തുകാരനെ സൃഷ്ടി വലിച്ചുകൊണ്ടു പോവുകയായിരുന്നു. അതിന് ആശ്രമം എന്ന് ജോസഫ് പേരിട്ടു.

പോഞ്ഞിക്കര റാഫി പറഞ്ഞതനുസരിച്ച് അത് കുങ്കുമം അവാര്‍ഡിന് സമര്‍പ്പിച്ചു. അതില്‍ ചില കൃത്രിമം നടന്നതായി അറിഞ്ഞതോടെ നോവല്‍ തിരിച്ചു വാങ്ങി. പിന്നെ അത് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചു. ജോസഫിന്റെ ആദ്യ നോവല്‍ അച്ചടിച്ചതും മാതൃഭൂമിയായിരുന്നു.

വിക്ടര്‍ ലീനസ് എന്ന കഥാകൃത്തിനെ പരിചയപ്പെട്ടത് ഏറെ രസകരമായ അനുഭവമായിരുന്നുവത്രെ!

സെന്റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ ടെലി കമ്മ്യൂണിക്കേഷനില്‍ അറ്റന്‍ഡര്‍ ആയിരുന്നു അന്ന് ജോസഫ്. വിക്ടര്‍ എംഎസ് സി കഴിഞ്ഞ ഡോക്ടറേറ്റിന് റിസര്‍ച്ച് ചെയ്യുന്നു. ചരമവാര്‍ഷികം വായിച്ച് അഭിനന്ദിക്കാന്‍ ആല്‍ബര്‍ട്ട്സില്‍ എത്തുകയായിരുന്നു വിക്ടര്‍. പ്രഥമ ദര്‍ശനത്തില്‍ തന്നെ ഇരുവരും ചങ്ങാതികളായി തീര്‍ന്നു.

പിന്നീട് അവര്‍ ഒത്തുചേര്‍ന്ന് 'ദളം?' എന്നൊരു സാഹിത്യ പ്രസിദ്ധീകരണം തുടങ്ങി. ആദ്യ നോവല്‍ വായിച്ചശേഷം വിക്ടര്‍ ജോസഫിനോട് പറഞ്ഞു. ധൈര്യമായി എവിടെ വേണമെങ്കിലും കൊടുത്തോളൂ. പിന്നെ ഒരു കാര്യം. ചിലയിടത്ത് അച്ചടി ഭാഷ കയറി വന്നിട്ടുണ്ട്. അത് ഒന്ന് മാറ്റണം.

കൂട്ടത്തില്‍ പറയട്ടെ, ആശ്രമം എന്ന നോവല്‍ വായിച്ച് ജോസഫിനോട് ഇഷ്ടം തോന്നി, ഒരു ഒമ്പതാം ക്ലാസുകാരിക്ക്. അവള്‍ക്ക് പിന്നീട് ജോസഫിനോട് ആരാധനയായി. എന്നാലവള്‍ ജോസഫിനെ കണ്ടിട്ടില്ല. ആ പെണ്‍കുട്ടിയുടെ പേര് എലിസബത്ത്. ആ എലിസബത്താണ് പിന്നീട് ജോസഫിന്റെ ഭാര്യയായത്.

2012ല്‍ സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിനു ഇദ്ദേഹം അര്‍ഹനായി. സമയം മാസികയുടെ പത്രാധിപരാരായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. നവദര്‍ശന എന്ന നാടക ട്രൂപ്പ് തുടങ്ങിയെങ്കിലും പരാജയപ്പെട്ടു. വിജയന്‍ കരോട്ട് സംവിധാനം നിര്‍വഹിച്ച ചെമ്മീന്‍കെട്ട് എന്ന ചലച്ചിത്രത്തിനു തിരക്കഥ രചിച്ചു. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത മുദ്ര എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

വളരെ യാദൃശ്ചികമായിട്ടാണ് ഈ ലേഖകന്‍ ജോസഫ് വൈറ്റിലയുമായി ഒത്തു ചേര്‍ന്ന് നോവല്‍ രചനയില്‍ പങ്കാളിയാകുന്നത്. പി. ജെ ആന്റണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു നോവല്‍ എഴുതാന്‍ ഞാനൊരു ശ്രമം നടത്തുന്ന കാലം. സി. ആര്‍ ഓമനക്കട്ടന്‍ സാറാണ് അതിന് പ്രചോദനം. അങ്ങനെ പലരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന കൂട്ടത്തില്‍ ഞാന്‍ ജോസഫ് വൈറ്റിലയേയും കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാനും ആന്റണിയാശാനെക്കുറിച്ച് ഇങ്ങനെയെന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചിട്ടുണ്ട്. നല്ല കാര്യം ജോഷി അത് ചെയ്യൂ.

അപ്പോള്‍ ഞാന്‍ പറഞ്ഞു:

അങ്ങനെയെങ്കില്‍ ഞാന്‍ കളക്റ്റ് ചെയ്ത വിവരങ്ങളത്രയും താരാം, ചേട്ടനെഴുതു.

ഹേയ്.. അതൊന്നും നടക്കുന്ന കാര്യമല്ല., ഞാനൊരു കുഴിമടിയനാണ്.

എങ്കില്‍ ഒരു കാര്യം ചെയ്യാം നമുക്ക് രണ്ടുപേര്‍ക്കും ചേര്‍ന്നെഴുതാം.

അങ്ങനെയാണ് ഭരതനടനം എന്ന നോവല്‍ പി.ജെ. ആന്റണിയുടെ ജീവിതകഥയെ ആസ്പദമാക്കി ഞങ്ങള്‍ എഴുതിയത്. ഏതാണ്ട് പത്തുവര്‍ഷമെടുത്തു അത് എഴുതിതീര്‍ക്കാന്‍.

അതിനിടയ്ക്ക് മറ്റൊരു നോവല്‍ കൂടി എഴുതി 'കമ്പക്കല്ല്' ലോകത്ത് കഞ്ചാവ് കൃഷിക്ക് ഏറ്റവും പറ്റിയ മണ്ണാണ് ഇടുക്കിക്കടുത്ത് കമ്പക്കല്ലിലേത്. മയക്കുമരുന്നു ലോബിയുടെ കഥ പറയുന്ന ആനോവലിന് കമ്പക്കല്ല് എന്ന് പേരിട്ടത് അതുകൊണ്ടാണ്.

ജോസഫ് വൈറ്റില അവസാനകാലത്ത് ആത്മാംശം നിറഞ്ഞ കൊച്ചിയെടെ ചരിത്രരചനയില്‍ മുഴുകിയിരിരിക്കവേയാണ് വിധി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. പൊതുവേ പരുക്കനാണെന്നു തോന്നുമെങ്കിലും സ്‌നേഹനിധിയായൊരു പച്ചയായ മനുഷ്യനായിരുന്നു അദ്ദേഹം. ഒരുമിച്ചുള്ള എഴുത്തിനിടയ്ക്ക് ഞങ്ങള്‍ ഏറെ തര്‍ക്കിക്കുകയും തമ്മിലിടയുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ അത് അപ്പോള്‍ തന്നെ തീരുമെന്നതാണ് രസകരമായ സംഗതി. ഇനി ആ ആത്മമിത്രം ഇല്ല എന്നത് ഒരു നീറ്റലായി നില്‍ക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in