വ്യാഴാഴ്ച (14.9.23) ദ ക്യൂവിന് വേണ്ടി ഒരഭിമുഖസംഭാഷണത്തിനായാണ് ഞാൻ ഓമനക്കുട്ടൻ മാഷിൻ്റെ വീട്ടിലെത്തിയത്. ഞങ്ങൾ തമ്മിൽ വലിയ അടുപ്പമൊന്നുമില്ല. ഒന്നു രണ്ടു തവണ കണ്ട് സംസാരിച്ചിട്ടുണ്ട്. ചില കഥകൾ വായിച്ചിട്ടുണ്ട്. അത്ര തന്നെ. കഴിഞ്ഞ ദിവസം നടന്ന മാഷിൻ്റെ പുസ്തക പ്രകാശന ചടങ്ങിൽ ഞാനും പോയിരുന്നു.
മാഷുടെ 'ശവംതീനികൾ ' എന്ന പുസ്തകത്തെപ്പറ്റി എൻ്റെ 'ബുക്ക്ടോക്ക്' എന്ന പരിപാടിയിൽ സംസാരിക്കാനാണ് ഞാൻ വീട്ടിലെത്തിയത്.
ഉച്ചയുറക്കത്തിൽ നിന്നുണർന്ന് മാഷെന്നെ സ്വീകരിച്ചു. ഏറെക്കാലത്തെ സുഹൃത്തിനെയെന്ന പോലെ സ്നേഹത്തോടെ അകത്തേക്ക് വിളിച്ചിരുത്തി.
'എന്താ പരിപാടി?'
'മാഷേ, ഒരു വീഡിയോ അഭിമുഖമാണ്. ക്യാമറയും ആൾക്കാരും ഉടൻ വരും.'
'അയ്യോ - അതൊക്കെ വേണോ? എനിക്കിതൊന്നും പരിചയമില്ലാത്തതാണ്. '
"നമ്മളിങ്ങനെ വർത്തമാനം പറഞ്ഞിരിക്കും അത്ര തന്നെ. വീഡിയോയിലായതുകൊണ്ട്, ഷർട്ടൊക്കെ മാറ്റി മാഷൊന്നു സുന്ദരനായിക്കൊള്ളൂ."
മാഷ് ചിരിച്ചു കൊണ്ട് അകത്തേക്കു പോയി.
ക്യാമറയ്ക്കു മുന്നിലിരുന്ന് ഞങ്ങൾ രാജനെപ്പറ്റിയും ഈച്ചരവാരിയരെപ്പറ്റിയും 'ശവം തീനികൾ ' എന്ന പുസ്തകമെഴുതാനിടയായ സാഹചര്യത്തെപ്പറ്റിയും സംസാരിച്ചു. ഓർമ്മക്കുറവ് മാഷിനെ ചെറുതായി അലട്ടുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ചിലപ്പോഴൊക്കെ പറഞ്ഞ കാര്യങ്ങൾ മാഷ് വീണ്ടും വീണ്ടും പറഞ്ഞു. പഴയ കാര്യങ്ങൾ മാഷ് പറഞ്ഞു കൊണ്ടിരുന്നു. രാജനെ പരിചയപ്പെട്ടതും പിന്നീട് സുഹൃത്തിനെപ്പോലെ അടുത്തു പെരുമാറിയതും അവനെയന്വേഷിച്ചുള്ള യാത്രയിൽ സഹമുറിയനായിരുന്ന ഈച്ചരവാരിയരുടെ കൂടെ നടന്നതും. ഹേബിയസ് കോർപ്പസ് വാദം കേൾക്കാൻ കോടതിയിൽ കാത്തിരുന്നതും.
അവരിരുവരും ഇപ്പോഴും മാഷിൻ്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഇപ്പോഴും ദു:ഖത്തോടെയാണ് രാജൻ സംഭവത്തെപ്പറ്റി മാഷോർത്തെടുത്തത്.
ഏറെ ആസ്വദിച്ച കോഴിക്കോട്ടെ ജീവിതത്തെപ്പറ്റിയാണ് കൂടുതലും പറഞ്ഞത്. കുഞ്ഞുണ്ണി മാഷിനെ സിനിമ കാണിക്കാൻ കൊണ്ടു പോയതും എസ്.കെ. പൊറ്റക്കാടിനോടൊപ്പം നഗരത്തിലൂടെ നടക്കുമ്പോൾ കണ്ട അനുഭവങ്ങളും മാഷ് ഓർത്തെടുത്തു. വഴിയിൽ കാണുന്നവരൊക്കെ 'എസ്.കെ. അടുത്ത യാത്ര എവിടേക്ക്? ' എന്നു ചോദിക്കുമായിരുന്നുവത്രേ. നാട്ടുകാരുമായുള്ള പൊറ്റക്കാടിൻ്റെ ആ സൗഹൃദം മാഷിനെ അത്ഭുതപ്പെടുത്തി. മാഷും സൗഹൃദത്തിൻ്റെ രാജാവായിരുന്നു. ശിഷ്യരെല്ലാം സുഹൃത്തുക്കൾ എന്നതായിരുന്നു നിലപാട്. മീഞ്ചന്തയിൽ താമസിച്ചിട്ടും ബേപ്പൂരിലെത്തി ബഷീറിനെ കാണാൻ പോവാതിരുന്നത് വലിയ ദുഃഖമായിരുന്നു. ഒടുക്കം ബഷീർ മരിച്ചതിനു ശേഷമാണ് അവിടെ ചെന്നത്. അപ്പോൾ ബഷീറിൻ്റെ ഭാര്യ 'കോട്ടയംകാരൻ മരിച്ചപ്പോഴാണോ ഈ കോട്ടയംകാരൻ വരുന്നത് 'എന്ന ചോദിച്ചപ്പോൾ മാഷ് ഞെട്ടിപ്പോയി. അതെ ബഷീർ ഒരിക്കൽ കോട്ടയംകാരനായ ഓമനക്കുട്ടനെപ്പറ്റി സൂചിപ്പിച്ചിരുന്നുവത്രേ!
കോഴിക്കോട്ട് സിനിമയുടെ കൂടെ കാലമായിരുന്നു ഓമനക്കുട്ടൻ മാഷിന്. എന്നും സിനിമയ്ക്ക് പോകുമായിരുന്നു. മറ്റൊരു ഹോബി ശീട്ടുകളിയാണ്.
മഹാരാജാസിലെ നല്ല അനുഭവങ്ങളും ചില തിക്താനുഭവങ്ങളും മാഷ് കൂട്ടിച്ചേർത്തു.
"ഇപ്പോഴെന്താണ് എഴുതാത്തത്? "
"എഴുതണമെന്നുണ്ട്. തീരെ പറ്റുന്നില്ല. കോവിഡ് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. "
" എഴുത്തിലിങ്ങനെ നർമ്മം വന്നതെങ്ങനെയാണ് ? "
"ഞാനെല്ലാറ്റിലും നർമ്മം കാണും. സിഎംഎസ് കോളേജിലെ ഒരന്തരീക്ഷമാണ് അതിനെ വികസിപ്പിച്ചത്. അന്നുതൊട്ടേ കഥകളെഴുതുമായിരുന്നു. "
"മാഷിനെങ്ങനെ 'ഓമനക്കുട്ടൻ' എന്ന പേരു വന്നു?"
"നല്ല പേരല്ലേ? അത് സ്കുളിൽ ചേർക്കാൻ പോയപ്പോൾ ടീച്ചർ പേരെന്താണ് എന്ന് ചോദിച്ചു. ഞാൻ ഓമനയെന്നു പറഞ്ഞു. അന്നെന്നെ എല്ലാവരും ഓമനയെന്നാണ് വീട്ടിൽ വിളിച്ചിരുന്നത്. അത് പോരെന്നും പറഞ്ഞ് ടീച്ചറതിനെ ഓമനക്കുട്ടനെന്നാക്കി."
ഇങ്ങനെ പല കഥകളും പറഞ്ഞ് ഏറെ രസിച്ചാണ് ആ വൈകുന്നേരം ഞങ്ങൾ ചിലവഴിച്ചത്. എന്നെയും കൂടെ വന്ന ആൽബർട്ടിനെയും നിഥിനെയും പിടിച്ചിരുത്തി കാപ്പിയും ഉണ്ണിയപ്പവും കഴിപ്പിച്ചു.
ഇറങ്ങും മുമ്പ് ഒരു ഫോട്ടോ എടുക്കാനായി ഞാൻ മാഷിനോട് ചേർന്നു നിന്നു. മാഷിൻ്റെ കൈ എൻ്റെ തോളിൽ നിറഞ്ഞു. പടം ഗംഭീരമായിക്കാണുമെന്ന് ഞാൻ പറഞ്ഞു.
എന്നാൽ പിന്നെ ഒരു പടം കൂടിയെടുക്കാം. ഉടനെ ഭാര്യ ഹേമലതയെ വിളിച്ചു കൂടെ നിർത്തി. എന്തിനാ ഇപ്പോൾ ഒരു ഫോട്ടോ എന്ന് ആ അമ്മ ചോദിച്ചു.
നമ്മളൊരുമിച്ച് പടമെടുത്തിട്ട് കുറച്ചായില്ലേ എന്ന് മാഷും. അങ്ങനെ ആൽബർട്ട് അവരുടെ ഫോട്ടോയും എടുത്തു, മാഷത് ക്യാമറയിൽ നോക്കി ആസ്വദിച്ചു.
മാഷിന് പഴയതുപോലെ കൂട്ടുകൂടാൻ ആളെക്കിട്ടുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. എന്നാലും മിക്കപ്പോഴും വീടിൻ്റെ ഉമ്മറപ്പടിയിൽ വന്നിരിക്കും. വഴിയേ പോകുന്ന ആരുമായും സൗഹാർദ്ദത്തിലാവും.
"സുധീർ, വല്ലപ്പോഴും വരണം. നമുക്കിങ്ങനെ കുറച്ചു നേരം വർത്തമാനം പറഞ്ഞിരിക്കാം." വരണേ എന്ന് അമ്മയും കൂട്ടിച്ചേർത്തു.
"വരും മാഷേ, നമുക്കൊരു പാട് ഇനിയും പറയാനുണ്ട്. മാഷ് എഴുതാൻ നോക്കണം. പഴയതുപോലെ രസിപ്പിക്കുന്ന കഥകൾ. "
വീഡിയോ റെഡിയാക്കി അടുത്ത ദിവസം വരാമെന്നും പറഞ്ഞ് ഞാൻ മടങ്ങി.
ഇന്നിതാ മാഷില്ലാതായിരിക്കുന്നു. എഴുതാത്തതും പറയാത്തതുമായ കഥകളുമായി സി.ആർ. ഓമനക്കുട്ടൻ യാത്രയായിരിക്കുന്നു.
മാഷേ, ഇനി നമ്മൾ കാണില്ല. നമ്മുടെ വർത്തമാനങ്ങളുണ്ടാവില്ല. എന്നാലും മാഷ് വായിക്കപ്പെടും. ഞാനിന്നലെയും 'ശവംതീനികൾ' വായിച്ചിരുന്നു. നല്പത്തിയാറു കൊല്ലം മുമ്പ് മാഷെഴുതിയ അപൂർവ്വമായ ആ ഡോക്യുമെൻ്റ് ഇവിടെയിങ്ങനെ ജീവിച്ചു കൊണ്ടിരിക്കും. കൂടെ മാഷിൻ്റെ ഓർമ്മകളും.