ജോൺ പി. വർക്കി: ഗിറ്റാർ സ്ട്രിങ്ങുകളിൽ തീർത്ത ജിഗ്‌സോ പസിൽ


ജോണ്‍ പി വര്‍ക്കി
ജോണ്‍ പി വര്‍ക്കി
Published on
Summary

സിനിമാസംഗീതത്തെ മുന്‍നിര്‍ത്തി ജോണ്‍ പി. വര്‍ക്കിയെ കേള്‍ക്കാന്‍ ശ്രമിച്ചാല്‍ ഏതാനും തിരകളെ ആസ്വാദകന്‍ അറിയൂ... കടല്‍ വേറെയുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂരില്‍ ആക്ടര്‍ മുരളി തീയറ്ററില്‍ ഒരു സംഗീത പരിപാടി നടക്കുന്നു. നയിക്കുന്നത് ജോണ്‍ പി. വര്‍ക്കി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പാട്ടുകള്‍, മൗലികത്വമുള്ളതും കവര്‍ വേര്‍ഷനുകളും, പലയിനം ജോണറുകള്‍, കവിതകള്‍, ഗദ്യകവിതകള്‍ അങ്ങനെ പരിപാടി മുന്നോട്ട് പോകുന്നതിനിടയില്‍ ചിലപ്പോള്‍ ആ പാട്ടിനേയും സംഗീതത്തിനേയും കുറിച്ച് ചെറുതായി പറഞ്ഞു കാണികളെ ജോണ്‍ വലുതായി അടുപ്പിക്കും. ആരായിരുന്നു ജോണ്‍?

സംഗീതമെന്നാല്‍ സിനിമാസംഗീതമെന്ന വൃത്തത്തില്‍ പ്രധാനമായും കറങ്ങുന്ന ലോകത്ത് അത്ര വലുതല്ലാത്ത ഫിലിമോഗ്രഫി ആയിരിക്കാം ജോണ്‍ പി. വര്‍ക്കിയുടേത്. ആഘോഷിക്കപ്പെടുന്ന മുഖ്യധാരാ സിനിമകളില്‍ അങ്ങിനെ ഒരുപാടൊന്നും ആ പേര് ചേര്‍ന്ന് നിന്നിട്ടുമുണ്ടാകില്ല. അതുകൊണ്ട് സിനിമാസംഗീതത്തെ മുന്‍നിര്‍ത്തി ജോണ്‍ പി. വര്‍ക്കിയെ കേള്‍ക്കാന്‍ ശ്രമിച്ചാല്‍ ഏതാനും തിരകളെ ആസ്വാദകന്‍ അറിയൂ... കടല്‍ വേറെയുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ഗാനങ്ങളെന്നാല്‍ സിനിമയും അതിലെ സംഗീതമെന്നാല്‍ രാഗത്തിലധിഷ്ഠിതമാവുകയും, അത്തരം സംഗീതം പൊതുവേദികളില്‍ ഗാനമേളകളായി അവതരിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നല്ലോ. അതിന് സമാനമായി, നാട്ടിലെ റോക്ക് \ പോപ്പ് ബാന്‍ഡുകള്‍ ഭൂരിഭാഗവും ലോകമൊട്ടാകെ ജനപ്രീതിയാര്‍ജ്ജിച്ച ഗാനങ്ങള്‍ അതുപോലെ പാടി അവതരിപ്പിക്കുന്നൊരു കാലത്താണ് ഗിറ്റാര്‍ സ്ട്രിംഗുകളാല്‍ ക്രമപ്പെടുത്തിയ സംഗീതവുമായി ദശകങ്ങള്‍ക്ക് മുന്‍പ് ജിഗ്സോ പസില്‍ വരുന്നത്. വൈവിധ്യങ്ങള്‍ നിറഞ്ഞ, വിവിധ സംസ്‌കാരങ്ങളുള്ള ലോകം ഒരു ജിഗ്സോ പസില്‍ പോലെയാണെന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് ആ പേര് രൂപം കൊണ്ടത്. എല്ലാ തരം സംഗീതവുമുണ്ടായിരുന്നു ജിഗ്സോ പസിലില്‍. ജോണ്‍ പി. വര്‍ക്കി വോക്കലിലും ഗിറ്റാറിലും, റിയാസ് മുഹമ്മദ് ഡ്രംസിലും, ബൈജു എസ്. ബാബു ഗിറ്റാറിലും, ആനന്ദ് രാജ് ബെഞ്ചമിന്‍ പോള്‍ വോക്കലിലും ഭാഗമായ ജിഗ്സോ പസിലില്‍ നിന്നാണ് മലയാളം റോക്ക് ബാന്‍ഡ് കള്‍ച്ചറിന്റെ തുടക്കമായത്.

ഈ വര്‍ഷം ഐ.ഡി.എസ്.എഫ്.എഫ്.കെ-യില്‍ പ്രദര്‍ശിപ്പിക്കുന്ന കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഹാരോള്‍ഡ് ആന്റണി പോള്‍സന്റെ 'ലക്ഷ്മി' എന്ന ചിത്രത്തിന്റെ സംഗീതവും ജോണിന്റെയാണ്.

കാലക്രമത്തില്‍ മദര്‍ ജെയിന്‍ വിട്ടുവന്ന റെക്‌സ് വിജയനുമായി ചേര്‍ന്ന് ജോണ്‍ പി. വര്‍ക്കി തുടങ്ങിയ മ്യൂസിക് പ്രൊഡക്ഷനാണ് പിന്നീട് ഇന്ത്യയിലാകമാനം ആസ്വാദകരെ സൃഷ്ടിച്ച 'അവിയല്‍' എന്ന ബാന്റായി മാറിയത്. അവിയലിന്റെ പുറത്തുവന്ന ഗാനങ്ങളില്‍ ഏറെ ജനപ്രിയമായ 'നട നട', 'ഞാന്‍ ആരാ', 'അരികുറുക' എന്നീ ഗാനങ്ങളിലെ പ്രധാന കണ്ണികളിലൊന്ന് ജോണ്‍ പി. വര്‍ക്കിയാണ്. 'നട നട', 'ഞാന്‍ ആരാ' എന്നീ ഗാനങ്ങള്‍ ജിഗ്സോ പസിലിന്റെ ആദ്യ ഇംഗ്ലീഷ് ആല്‍ബത്തിലെ 'ഫ്‌ലോ', 'ഫാര്‍മേഴ്സ് സോംഗ്' എന്നീ ഗാനങ്ങളില്‍ നിന്നാണ് പരിണമിച്ചുണ്ടായതും.

കര്‍ണ്ണാടിക് ഫ്യൂഷനില്‍ നിപുണനായിരുന്ന ഗിറ്റാറിസ്റ്റ് ജോണ്‍ ആന്റണിയും, ജോണ്‍ പി. വര്‍ക്കിയും, റെക്‌സ് വിജയനും ചേര്‍ന്ന ത്രയത്തില്‍ നിന്നാണ് സമാനതകളില്ലാത്ത വിധം ഗംഭീരമായ കര്‍ണ്ണാട്രിക്‌സിന്റെ 'നമസ്‌തേ'യെന്ന ഏറെ സ്വീകരിക്കപ്പെട്ട ആല്‍ബം പുറത്തുവന്നത്.

കല, കവിത, സാഹിത്യമെല്ലാം ഇഷ്ടപ്പെട്ട് ജീവിക്കുകയും രാഷ്ട്രീയബോധ്യത്തോടെ ഇടപെടേണ്ട സമയത്ത് എന്തെങ്കിലും ഉണർവ് മനുഷ്യർക്ക് കൊടുക്കുന്ന പാട്ടുകൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നതാണ് തന്റെ വഴിയെന്ന് പറയുകയും ചെയ്തിട്ടുള്ള ജോൺ, സിനിമയിൽ ഭൂരിഭാഗവും അൽപ്പം വ്യത്യസ്തമായും ഗൗരവത്തോടെയും, ശബ്ദത്തിനേയും സംഗീതത്തിനേയും ഉപയോഗപ്പെടുത്തിയിട്ടുള്ളവയുടെ ഭാഗമാവുകയാണ് ചെയ്തത്.

സിനിമകളില്‍ ജോണ്‍ അംഗീകരിക്കപ്പെട്ടതും എടുത്ത് പറയേണ്ടതും ഛായാഗ്രഹണവും സംഗീതവും ശബ്ദസന്നിവേശവും മികച്ച അനുഭവമായിരുന്ന ശിവജീ ചന്ദ്രഭൂഷണ്‍ സംവിധാനം ചെയ്ത 'ഫ്രോസണ്‍' എന്ന ഹിന്ദി ചിത്രമായിരിക്കും. എട്ടാമത് മാഡ്രിഡ് ഇമാജിന്‍ ഇന്ത്യാ ചലച്ചിത്ര മേളയില്‍ മികച്ച സംഗീതത്തിനുള്ള അംഗീകാരം ആ ചിത്രത്തിലൂടെ ലഭിച്ചത് ജോണിനായിരുന്നു.

തീരെ നിരാകരിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും 'ഒളിപ്പോരി'ന് വേണ്ടി ജോണ്‍ പി. വര്‍ക്കി ചെയ്ത ചില സംഗീതരചനകള്‍ മികച്ചതും പരാമര്‍ശിക്കപ്പെടേണ്ടതുമാണ്. ശ്രീവത്സന്‍ ജെ. മേനോന്റെ ശബ്ദത്തില്‍, ശ്രീ നാരായണ ഗുരുവിന്റെ 'ദൈവദശക'ത്തിന്റെ സംഗീതരൂപം ആ രചനക്ക് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും മികച്ച ഒന്നാണെന്ന് നിസംശയം പറയാം. രവീന്ദ്രനാഥ ടാഗോര്‍, പാബ്ലോ നെരൂദ, കെ.ജി ശങ്കരപ്പിള്ള എന്നിവരുടെ കവിതകളുടെ ആവിഷ്‌ക്കാരവും എടുത്ത് പറയേണ്ടവയാണ്. എന്നാല്‍ ആ ആല്‍ബത്തിലെ ഗദ്യകവിതകളുടെ ഒട്ടുമേ സ്വീകരിക്കപ്പെടാതെ പോയ ഭാഗങ്ങള്‍ക്കിടയില്‍ ദൗര്‍ഭാഗ്യവശാല്‍ മറ്റുള്ളവയും തഴയപ്പെട്ട് പോവുകയായിരുന്നു.

കമല്‍ കെ.എം-ന്റെയും പ്രിയനന്ദനന്റെയും ആദ്യ ചിത്രങ്ങളായ 'ഐഡി', 'നെയ്ത്തുകാരന്‍' എന്നിവയുടെ പശ്ചാത്തല സംഗീതം, അമിത് ദത്ത, കമല്‍ കെ.എം, സഞ്ജു സുരേന്ദ്രന്‍, ജെയിന്‍ ജോസഫ്, അരുണ്‍ സുകുമാര്‍ എന്നിവരുടേതടക്കം ഒട്ടേറെ ഫിലിം സ്‌കൂള്‍ സിനിമകളുടെ സംഗീതം എന്നിങ്ങനെ ജോണ്‍ പി. വര്‍ക്കിയുടെ സംഗീതാവിഷ്‌ക്കാരങ്ങളുടെ പട്ടിക വിപുലമാണ്. ഈ വര്‍ഷം ഐ.ഡി.എസ്.എഫ്.എഫ്.കെ-യില്‍ പ്രദര്‍ശിപ്പിക്കുന്ന കെ.ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഹാരോള്‍ഡ് ആന്റണി പോള്‍സന്റെ 'ലക്ഷ്മി' എന്ന ചിത്രത്തിന്റെ സംഗീതവും ജോണിന്റെയാണ്.

ദശകങ്ങള്‍ മുന്‍പ് നാടോടി സംഗീതത്തിന്റെയും ജാസിന്റെയും റോക്കിന്റെയും ചുവടുകള്‍ പറ്റി, സാങ്കേതികമായി കാര്യമായൊന്നും പരുവപ്പെട്ടിട്ടില്ലാത്ത വഴിയിലൂടെ നടന്ന് ജോണും അന്നത്തെ ജോണിന്റെ സഹയാത്രികരും നല്‍കിയ സംഭാവനകളുടെ കൂടി ബാക്കിയാണ് ഇന്ന് നമുക്ക് ഏറെ അടുപ്പമുള്ള ഇന്‍ഡീ സംഗീതലോകം. അതിന്റെ ചരിത്രം എവിടെയെങ്കിലും എപ്പോഴെങ്കിലും രേഖപ്പെടുത്തുകയാണെങ്കില്‍ അതില്‍ ഏറ്റവും പ്രാധാന്യത്തോടെയും വ്യക്തമായും എഴുതേണ്ട പേരുകളില്‍ ഒന്നാണ് ജോണ്‍ പി. വര്‍ക്കി.

ജോണ്‍ പി വര്‍ക്കി,

താങ്ക് യു ഫോര്‍ യുവര്‍ മ്യൂസിക്.

Related Stories

No stories found.
logo
The Cue
www.thecue.in