1940 ല്‍ തൊടുപുഴയിലെ കടയത്തൂരില്‍ ജനിച്ച നാരായന്റെ, സാഹിത്യത്തിലേക്കുള്ള കാല്‍വെപ്പ് ചരിത്ര പ്രാധാന്യമുള്ളതാണ്. മലയാളത്തില്‍ അന്ന് വരെ തന്റെ വിഭാഗത്തില്‍ നിന്നും ഒരു എഴുത്തുകാരന്‍ ഉണ്ടായിട്ടില്ല എന്ന ബോധത്തില്‍ നിന്നും, അരികുവത്കരിക്കപ്പെട്ട ജനതയെ പ്രതിനിധീകരിക്കാന്‍ ശ്രമിച്ച നിലവിലെ സാഹിത്യം അവരെ തെറ്റായി അവതരിപ്പിച്ചതിനെതിരെയുമാണ് നാരായന്‍ ശബ്ദിച്ചു തുടങ്ങുന്നത്. ആദിവാസി വിഭാഗങ്ങളെ സിനിമകളിലൂടെയും നോവലുകളിലൂടെയും മോശമായി ചിത്രീകരിക്കുകയും, ഗോത്രസാഹിത്യം എന്ന പേരില്‍ മുഖ്യധാരാ സാഹിത്യത്തില്‍ ഒരിക്കലും സ്വീകാര്യത ലഭിച്ചിട്ടില്ലാത്ത, അതിന് അര്‍ഹതയില്ല എന്ന സവര്‍ണ പൊതുബോധത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമായിരുന്നു കൊച്ചരേത്തി.
നിങ്ങള്‍ വായിച്ചതും കണ്ടതുമായ ചിത്രങ്ങളല്ല യഥാര്‍ത്ഥ ഗോത്ര ജീവിതം എന്ന് നാരായന്‍ കൊച്ചരേത്തിയിലൂടെ വിളിച്ചു പറഞ്ഞു. ആദ്യമായാണ് ഗോത്ര വിഭാഗങ്ങളില്‍ നിന്ന് ഒരാള്‍ തന്റെ വിഭാഗത്തെ പറ്റി എഴുതുന്നത് എന്നതുകൊണ്ടുതന്നെ അതുവരെ ഉണ്ടായിരുന്ന ആദിവാസി ചിത്രങ്ങളായിരുന്നില്ല അതിലുണ്ടായിരുന്നത്.
മലയരയര്‍ വിഭാഗത്തില്‍ ജനിച്ച നാരായന് പിന്നീട് പോസ്റ്റല്‍ സര്‍വീസില്‍ ജോലി ലഭിച്ചു, നഗരത്തിലേക്ക് താമസം മാറി. ഈ ഒരു പറിച്ചു നടല്‍ നാരായന്റെ എഴുത്തുകളില്‍ നമുക്ക് ഉടനീളം കാണാം. ജനിച്ചു വളര്‍ന്ന ചുറ്റുപാടും ആചാരവും വിശ്വാസവും എല്ലാം എഴുത്തുകളില്‍ അദ്ദേഹം കൊണ്ടുവരുന്നുണ്ട്. ആദിവാസിയായ ഒരു മനുഷ്യനെ 'പരിഷ്‌കൃതര്‍' എന്ന് വിളിക്കുന്ന നഗരവാസികള്‍ എങ്ങനെ സ്വീകരിച്ചു എന്ന് അദ്ദേഹത്തിന്റെ 'ഈ വഴിയില്‍ ആളേറേയില്ല ' എന്ന നോവലില്‍ കാണാം. അദ്ദേഹം ജീവിതത്തിലുടനീളം അനുഭവിച്ച തിരസ്‌കരണങ്ങളെ പറ്റി 'തുടക്കങ്ങളും ഒടുക്കങ്ങളും ഒരു പ്രാന്തവത്കൃതന്റെ സാഹിത്യാനുഭവങ്ങള്‍' എന്ന പേരില്‍ എഴുതിയ ഓര്‍മ്മകുറിപ്പില്‍ പറയുന്നുണ്ട്. കാടന്‍, വേടന്‍, അപരിഷ്‌കൃതന്‍ തുടങ്ങിയ വിളികളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതും, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടും ഒരു എഴുത്തുകാരനായി മലയാള സാഹിത്യ മണ്ഡലം അദ്ദേഹത്തെ അംഗീകരിക്കാത്തതും എല്ലാം വിശദമായി ആ കുറിപ്പില്‍ പറയുന്നു. എല്ലാറ്റിനും ഒരു കാരണം മാത്രമേ ഉള്ളു, അത് അദ്ദേഹത്തിന്റെ സ്വത്വമാണ്.
നഗരജീവിതവുമായി പൊരുത്തപെടേണ്ടി വരുന്ന ആദിവാസി മനുഷ്യരുടെ അവസ്ഥകളും, ഒരേസമയം ആധുനിക ജീവിത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടില്ലെങ്കില്‍ നിലനില്‍പ്പ് സാധ്യമല്ലെന്ന ബോധ്യവും നാരായന്റെ കഥകളില്‍ പ്രശ്‌നവത്കരിക്കുന്നുണ്ട്. സംവരണം പോലുള്ള സാമൂഹിക നവോത്ഥാന പ്രക്രിയയിലൂടെ അരികുവത്കരിക്കപ്പെട്ട ജനതയെ സാമൂഹ്യമായ മുന്നേറ്റത്തിന് സഹായിക്കുമ്പോള്‍, ഈ സമൂഹം അവര്‍ക്കെതിരെ കാണിക്കുന്ന അവഗണനയും, സംവരണ വിഭാഗക്കാരെ പൊതുവില്‍ എങ്ങനെ സ്വീകരിക്കുന്നു എന്നും നാരായന്റെ കഥകളില്‍ കാണാന്‍ കഴിയും. സംവരണത്തിലൂടെ എത്തുന്നവര്‍ക്ക് ഉണ്ടാവുന്ന അവഗണനയും കളിയാക്കലുകളും, വര്‍ഗ്ഗ വ്യത്യാസമില്ലാതെ എല്ലാ ചുറ്റുപാടുകളിലുമുള്ള വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ജീവനക്കാരും അനുഭവിക്കുന്നുണ്ട് എന്ന് നാരായനില്‍ കാണാം.
ആദിവാസി ഗോത്ര വിഭാഗക്കാര്‍ക്ക് അവരുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടും എല്ലാം ഉപേക്ഷിച്ചു പോകേണ്ടി വരികയും അതേസമയം പരിഷ്‌കൃതര്‍ എന്ന് വിളിക്കുന്ന സമൂഹം അവരെ ഉപയോഗിച്ച് ഒന്നും നഷ്ടപ്പെടാതെ മുന്നേറുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങളെ ആണ് നാരായന്‍ തന്റെ സാഹിത്യ സൃഷ്ടികളിലൂടെ ആളുകളുടെ മുന്നില്‍ എത്തിച്ചത്.
ആദിവാസി എന്ന് കേള്‍ക്കുമ്പോള്‍ അല്പ വസ്ത്രധാരിയായ മനുഷ്യരുടെയും ദാരിദ്ര്യംപിടിച്ച കുടിലുകളുടെയും ചിത്രങ്ങള്‍ ആകെ പൊളിച്ചു മാറ്റി, സര്‍ക്കാര്‍ ജോലി ഉള്ളവരും നന്നായി വസ്ത്രം ധരിക്കുന്നവരുമായി ആധുനിക ജീവിതവുമായി ചേര്‍ന്ന് പോകുന്ന ചിത്രങ്ങള്‍ നാരായന്‍ വരച്ചു കാട്ടുകയാണ് ഉണ്ടായത്. ആദിവാസികളുടെ ജീവിത സാഹചര്യം മാറണം എന്നും ആധുനിക ജീവിത സൗകര്യങ്ങളെ ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്നും വാദിക്കുമ്പോള്‍ തന്നെ, ഗോത്ര ജീവിതത്തിന്റെ വിശ്വാസങ്ങളും ആചാരങ്ങളും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുകള്‍. സവര്‍ണ ജാതി പ്രമാണിമാര്‍ കയ്യടക്കി വച്ചിരുന്ന സാഹിത്യ മണ്ഡലത്തില്‍ അവര്‍ ആവിഷ്‌കരിച്ച ചിത്രമല്ല യഥാര്‍ത്ഥ ആദിവാസികളുടേത് എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയുകയായിരുന്നു അദ്ദേഹം.
എഴുത്തെന്ന അധികാരം അരികുവത്കരിക്കപ്പെട്ട ജനതയ്ക്ക് കൂടെ ലഭിക്കുമ്പോള്‍ മാത്രമേ സാമൂഹ്യനീതി ഉണ്ടാവുകയുള്ളു. സമൂഹത്തിലെ സവര്‍ണ വിഭാഗം രചിച്ച ചരിത്രത്തില്‍, ദളിത് ആദിവാസി വിഭാഗത്തെ തെറ്റായി ചിത്രീകരിച്ചതിന് നാരായന്‍ കൊടുത്ത മറുപടി ഒരു പുതിയ രാഷ്ട്രീയ ചുവടുവെപ്പായി കാണേണ്ടതുണ്ട്. കേവലം ഒരു ആദിവാസി എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ കാണുന്നവര്‍ക്ക് ആ രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൊച്ചരേത്തി പരിഭാഷപ്പെടുത്തി ലോകം വായിക്കുമ്പോഴും മലയാളത്തിലെ സാഹിത്യ ലോകം അദ്ദേഹത്തെ ഇന്നും ആദിവാസിയായി മാത്രം കാണുന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് ലോകത്തിലെ മൊത്തം ആദിമ നിവാസികളെയും സംബോധന ചെയ്യാന്‍ ഉള്ള കഴിവുണ്ട്. നാരായനിലൂടെ ഒരു സമൂഹം അവരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും എല്ലാം പുനഃസൃഷ്ടിക്കുകയായിരുന്നു.