കാര്‍ട്ടൂണിന് ആധുനിക സാങ്കേതിക വിദ്യയിലൂടെ കരുത്തു നല്‍കിയ അജിത് നൈനാന്‍

കാര്‍ട്ടൂണിന്  ആധുനിക സാങ്കേതിക വിദ്യയിലൂടെ
 കരുത്തു നല്‍കിയ അജിത് നൈനാന്‍
Published on
Summary

ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ കുട്ടികളുടെ മാസികയായ ടാര്‍ഗെറ്റില്‍ അജിത് നൈനാന്‍ ഒരു ഡിറ്റക്ടീവ് കഥാപാത്രത്തെ സൃഷ്ടിച്ചു. അക്കാലത്ത് തന്നെ, ഉയര്‍ന്ന സാങ്കേതികവിദ്യ കൈക്കലാക്കിയ കഥാപാത്രത്തിന്റെ കയ്യില്‍ സെല്‍ ഫോണ്‍ വരെ ഉണ്ടായിരുന്നു. ഇന്ത്യാ ടുഡേയുടെ ഉടമ അരൂണ്‍ പൂരിക്ക് പോലും ഒരു സെല്‍ഫോണ്‍ ലഭിക്കുന്നതിന് മുമ്പുതന്നെ തന്റെ ഡിറ്റക്ടീവിന് അതുണ്ടായിരുന്നുവെന്ന് അല്പം തമാശയായി അജിത് പറയുമായിരുന്നു. പ്രശസ്ത കാർട്ടൂണിസ്റ്റ് അജിത് നൈനാൻ മാത്യുവിനെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, കാര്‍ട്ടൂണിസ്റ്റുമായ ജോഷി ജോർജ് സ്മരിക്കുന്നു.

ഒരുകാലത്ത് ഇന്ത്യയിലെ പത്രമാസികകളില്‍ രാഷ്ടീയ കാര്‍ട്ടൂണുകളുടെ മേള തന്നെയായിരുന്നു. ആ മേളകളിലെ തലയെടുപ്പുള്ളവരുടെ മുന്‍ നിരയില്‍ തന്നെ സ്ഥാനം പിടിച്ചൊരു മലയാളി ഉണ്ടായിരുന്നു - അജിത് നൈനാന്‍ മാത്യു. സാക്ഷാല്‍ അബു എബ്രാഹാമിന്റെ സഹോദരപുത്രന്‍. സ്വന്തമായൊരു ശൈലി ഉരുത്തിരിച്ചെടുത്ത ഇദ്ദേഹം ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വര്‍ണ്ണക്കാര്‍ട്ടൂണുകള്‍ രചിക്കുന്നവരില്‍ മുമ്പനായിരുന്നു.

കേരളീയനായിരുന്നെങ്കിലും ജനിച്ചുവളര്‍ന്നത് ആന്ധ്രയിലായിരുന്നു. ഹൈദ്രാബാദ് പബ്ലിക് സ്കൂളിൽ നിന്നും സ്കൂൾ ഫൈനല്‍ പാസായ നൈനാന്‍ നേരെ ചെന്നൈയിലേക്ക് വണ്ടികയറി. അവിടെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ ബിരുദമെടുത്ത ശേഷം എസ്.ഡി സ്റ്റൂവാര്‍ട്ട് എന്ന പരസ്യക്കമ്പനിയില്‍ ചിത്രകാരനായി ജോലിയില്‍ പ്രവേശിച്ചു. പഠനകാലത്തുതന്നെ ചില പരസ്യക്കമ്പനികള്‍ക്കുവേണ്ടി കാര്‍ട്ടൂണുകള്‍ വരച്ച് വട്ടച്ചെലവിനുള്ള പണം സമ്പാദിച്ചിരുന്നു.

അജിത് നൈനാന്‍
അജിത് നൈനാന്‍

അതിനിടെ പരസ്യക്കമ്പനി അജിത് നൈനാനെ ഡല്‍ഹി ഓഫീസിലേക്ക് സ്ഥലം മാറ്റി. ഡല്‍ഹിയിലെത്തിയ അദ്ദേഹം ശങ്കേഴ്‌സ് വീക്കിലി ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ തുടങ്ങി. അജിതിന്റെ ആ കാര്‍ട്ടൂണുകള്‍ ശ്രദ്ധയോടെ വീക്ഷിച്ച ഒരാള്‍ ഉണ്ടായിരുന്നു. ഇന്ത്യ ടുഡേയുടെ ഉടമ അരൂണ്‍ പൂരി. ആ രചനാരീതി അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. അങ്ങനെ 1979-ല്‍ ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കുട്ടികളുടെ മാസികയായ ടാര്‍ഗെറ്റില്‍ അജിത് നൈനാന്‍ സ്റ്റാഫായി ചേര്‍ന്നു. കൗമാര വായനക്കാരെ ആകര്‍ഷിക്കുന്ന ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ അജിതിനോട് ആവശ്യപ്പെട്ടു.

പിങ്ക് പാന്തര്‍ സീരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു ബംബ്ലിംഗ് ഡിറ്റക്ടീവായ മൂച്ച്വാല എന്നൊരു കഥാപാത്രത്തിന് രൂപം കൊടുത്തു. കഷണ്ടിയും തടിയും മീശയും ഒക്കെയുള്ള ഈ കഥാപാത്രത്തെ സത്യത്തില്‍ ഡേവിഡ് ലോയുടെ പ്രശസ്തമായ കേണല്‍ ബ്ലിമ്പില്‍ നിന്ന് രൂപപ്പെടുത്തി എടുത്തതാണെന്ന് അജിത് തന്നെ പറഞ്ഞിട്ടുണ്ട്. അക്കാലത്ത് തന്നെ, ഉയര്‍ന്ന സാങ്കേതികവിദ്യ കൈക്കലാക്കിയ കഥാപാത്രത്തിന്റെ കയ്യില്‍ സെല്‍ ഫോണ്‍ വരെ ഉണ്ടായിരുന്നു. അരൂണ്‍ പൂരിക്ക് പോലും ഒരു സെല്‍ഫോണ്‍ ലഭിക്കുന്നതിന് മുമ്പുതന്നെ തന്റെ ഡിറ്റക്ടീവിന് അതുണ്ടായിരുന്നുവെന്ന് അല്പം തമാശയായി അജിത് പറയുമായിരുന്നു.

അജിത് നൈനാന്റെ  ഡിക്ടറ്റീവ് കഥാപാത്രം
അജിത് നൈനാന്റെ ഡിക്ടറ്റീവ് കഥാപാത്രം

കുട്ടികളുടെ മാസികയായ ടാര്‍ഗെറ്റിലെ ചിത്രങ്ങളും അജിതിന്റെ ഏറെ ആത്മാര്‍ത്ഥതയോടെയുള്ള പ്രവര്‍ത്തനങ്ങളും അരൂണ്‍ പുരി ശ്രദ്ധിച്ചു, പിന്നെ താമസമുണ്ടായില്ല ഇന്ത്യാ ടുഡേയുടെ പോളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റായി അജിത് നൈനാന് സ്ഥാനക്കയറ്റം ലഭിച്ചു. രാഷ്ട്രീയ സാഹചര്യം അക്കാലത്ത് രസകരമായിരുന്നെങ്കിലും ഒരു കാര്‍ട്ടൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം അത് വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ കാലയളവില്‍ ടൈം വാരികയില്‍ വരച്ചിരുന്ന ലോകപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് റാനന്‍ ലൂറിയുടെ രീതി അവലംബിച്ചുവരച്ചാല്‍ നന്നായിരിക്കും എന്ന അരൂണ്‍ പൂരിയുടെ അഭിപ്രായം അജിത് നൈനാന്‍ മുഖവിലക്കെടുത്തു.

ഇന്ത്യ ടുഡേയുടെ മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക പതിപ്പുകളിലും അജിതിന്റെ കാര്‍ട്ടൂണുകള്‍ ഉണ്ടാകും. ഇംഗ്ലീഷ് പദപ്രയോഗങ്ങള്‍ ഇതര ഭാഷകളിലുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. അതിനാല്‍, സംഭാഷണങ്ങളില്ലാത്ത സൈലന്റ് കാര്‍ട്ടൂണിലൂടെ രസകരമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന രീതിയാണ് പരീക്ഷിച്ചത്. അത് ഏറെ വിജയം കണ്ടു. ഇന്ത്യാ ടുഡേയിലെ വരക്ക് രണ്ട് തവണ ചില പ്രശ്നങ്ങള്‍ ഉണ്ടായി. ഒരിക്കല്‍ രാജീവ് ഗാന്ധിയെ വരച്ചത് കറുത്ത ഒുരു ആടും വെളുത്ത ഒരു ആടും ചേര്‍ന്ന് ചുറ്റി വരഞ്ഞിരിക്കുന്ന മാര്‍പാപ്പയായിട്ടായിരുന്നു. തൊട്ടടുത്തുനിന്ന വി.പി. സിംഗ്, ഒരു വേലി ചാടുന്നു. കുരിശിന് പകരം രാജീവിന്റെ യൂണിഫോമില്‍ കോണ്‍ഗ്രസിന്റെ കൈയുണ്ടായിരുന്നു. ഇത് വ്യക്തമായും ചില മത സംഘടനകളെ വല്ലാതെ ചോടിപ്പിച്ചു. അടുത്ത കാര്‍ട്ടൂണില്‍ ഇന്ത്യയുടെ ഭൂപടം ഗണപതിയുടെ തലയാക്കി മാറ്റി, പടിഞ്ഞാറും കിഴക്കും ചെവികളായി, തെക്ക് തുമ്പിക്കൈ പോലെയായി. വെള്ള ആനയെന്ന പഴഞ്ചൊല്ലിനേയും പൊതുമേഖലയിലെ അഴിമതിയേയും പ്രതീകാത്മകമാക്കി. തല തടിച്ച ശരീരത്തിന് മുകളില്‍ വെച്ചു. എലിക്ക് പകരം ആനയെ ആരാധിക്കുന്ന രാഷ്ട്രീയക്കാരനെ വരച്ചത് അവരെ ചൊടിപ്പിച്ചു. ദൈവത്തെ ചിത്രീകരിച്ചതില്‍ രോഷാകുലരായ കുറെ സംഘടനകള്‍ രംഗത്ത് വന്നെങ്കിലും അത് കത്തിക്കയറിയില്ലെന്നത് അജിത് നൈനാന്റെ ഭാഗ്യം.

അജിത്ത് നൈനാൻ ഔട്ട് ലുക്കിൽ വരച്ച കാരിക്കേച്ചറുകൾ
അജിത്ത് നൈനാൻ ഔട്ട് ലുക്കിൽ വരച്ച കാരിക്കേച്ചറുകൾ

ഇന്ത്യ ടുഡേ മാസികയിലെ 'സെന്റര്‍‌സ്റ്റേജ്' സീരീസ്, മികച്ച അഭിപ്രായം രൂപീകരിച്ച കാര്‍ട്ടൂണുകളായിരുന്നു. വിനോദ് മേത്ത ഔട്ട്‌ലുക്ക് മാഗസിന്‍ തുടങ്ങുമ്പോല്‍ അതിമനോഹരമായ കാരിക്കേച്ചറുകളിലൂടെ ഇന്ത്യാ ടുഡേയെ മോഡി പിടിപ്പിച്ച് അജിത് നൈനാനെ അടര്‍ത്തിയെടുത്തു. ഔട്ട് ലുക്കില്‍ വിനോദ് മേത്ത വേണ്ടുവോളം സ്വാതന്ത്ര്യം അജിത് നൈനാന് നല്‍കിയിരുന്നു. ഇന്ത്യാ ടുഡേയുടെ പത്രാധിപരായിരുന്ന പ്രഭു ചൗള ഇന്ത്യന്‍ എക്‌സ്പ്രസിലേക്ക് ചേക്കേറിയപ്പോള്‍ ഔട്ട് ലുക്കില്‍ നിന്നും അജിത്തിനേയും റാഞ്ചിക്കൊണ്ടായിരുന്നു പോയത്.

പിന്നീട് ടൈംസ് ഓഫ് ഇന്ത്യയിലാണ് അജിത് നൈനാന്‍ ലാന്റ് ചെയ്തത്. അവിടെ മുഖ്യ ഡിസൈനര്‍ കൂടിയായിരുന്നു. ആരേയും പിണക്കാതെ വിദ്വേഷത്തിലേക്ക് ചായാതെ, എപ്പോഴും പക്ഷപാതമില്ലാതെ, നര്‍മ്മത്തിന്റെ മര്‍മ്മം അറിഞ്ഞുതന്നെ വരച്ചുകൊണ്ടിരുന്നു. ഒരു മികച്ച മാന്ത്രികന്റെ കരവിരുതോടെ ഏറെക്കാലം മുന്നേറി.

ഏതാണ്ട് രണ്ട് വര്‍ഷമായി മൈസൂരില്‍ താമസിച്ചിരുന്ന അജിത് നൈനാന്‍ വീട്ടില്‍ തനിച്ചായിരുന്നു. ആ അനുഗ്രഹീത കലാകാരന്റെ 68-ാം വയസ്സിലുള്ള വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം ഞങ്ങളും അനുശോചിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in