അന്ന് ബഷീർക്ക പറഞ്ഞു; 'ഇവനൊരു നടനാണ്, ഇവന് ഒരു വേഷം കൊട്

അന്ന് ബഷീർക്ക പറഞ്ഞു; 'ഇവനൊരു നടനാണ്, ഇവന് ഒരു വേഷം കൊട്
Published on

'കോഴിക്കോട് നാടകം കളിച്ചു നടക്കുന്ന സമയത്ത് ഒരു കഥ ഞങ്ങള്‍ക്ക് കിട്ടി. ഞങ്ങളുടെ ഒരു സുഹൃത്ത്, അശോകന്‍ നമുക്കീ കഥ ഒരു സിനിമയാക്കാം എന്നു പറഞ്ഞു. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായി എടുത്താല്‍ വളരെ ചുരുങ്ങിയ പൈസ കൊണ്ട് സിനിമയെടുക്കാം എന്നെല്ലാം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് കോഴിക്കോട് കെ.ജി. ജോര്‍ജ് സംവിധാനം ചെയുന്ന മണ്ണ് എന്ന സിനിമ എടുക്കാന്‍ ആളുകള്‍ വരുന്നത്. എന്നാല്‍ ആ സിനിമ നിര്‍മ്മാതാക്കളുടെ തര്‍ക്കം കാരണം നടന്നില്ല. അപ്പോള്‍ നിലമ്പൂര്‍ ബാലേട്ടന്‍, അതില്‍ ഒരു നിര്‍മ്മാതാവായ പി.വി മാധവനോട് ഞങ്ങളുടെ കഥയെ പറ്റി പറഞ്ഞു. അങ്ങനെ മാധവേട്ടനെ കൂട്ടി ബാലേട്ടന്‍ വരികയും ഈ സിനിമ അവര്‍ എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. സിനിമ ബാലേട്ടന്‍ തന്നെ സംവിധാനം ചെയ്യാനും തീരുമാനമായി.

അങ്ങനെ നിലമ്പൂര്‍ ബാലേട്ടന്റെ ആദ്യത്തെ സംവിധാനമായി 'അന്യരുടെ ഭൂമി'. എനിക്കതില്‍ തെറ്റില്ലാത്തൊരു വേഷവും കിട്ടി. നിലമ്പൂര്‍ ആയിഷാത്ത, കുഞ്ഞാണ്ട്യേട്ടന്‍, സീനത്ത്, ഞാന്‍ തുടങ്ങിയവര്‍ ഒക്കെയായി ആ സിനിമ ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനശക്തി ഫിലിംസ് എന്നൊരു കമ്പനിയുണ്ടായൊരുന്നു, അവര്‍ സിനിമ റിലീസ് ചെയ്തു. സിനിമ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതു കൊണ്ടും, താരങ്ങളില്ലാത്തത് കൊണ്ടും ആരും ശ്രദ്ധിക്കാതെ പോയി. അതാണ് എന്റെ സിനിമ രംഗപ്രവേശം.

സിനിമാനടനായി, ഇനി സിനിമ വരും എന്ന് വിചാരിച്ച് കാത്തിരുന്നു. കാത്ത് കാത്ത് അഞ്ച് കൊല്ലം പോയി. പിന്നെയൊരു സിനിമ വരുന്നത് എണ്‍പത്തിരണ്ടിലാണ്.

പി.എ. മുഹമ്മദ് കോയയുടെ സുറുമയിട്ട കണ്ണുകള്‍ എന്ന പേരിലുള്ള നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. കൊന്നനാട്ട് സാമിയേട്ടന്‍ അത് സംവിധാനം ചെയ്യുന്നു. സിനിമ ചര്‍ച്ച ചെയ്യാന്‍ വേണ്ടി എല്ലാവരും കോഴിക്കോട് കൂടി. സ്വാഭാവികമായും ഗുരുവിന്റെ ആശിര്‍വാദം വാങ്ങാന്‍ പോയി. വൈക്കം മുഹമ്മദ് ബഷീറിന്റെ.

അവര്‍ ബേപ്പൂര്‍ വന്ന ദിവസം ഞാനവിടെ ഉണ്ടായിരുന്നു. ഞാന്‍ ഇതിനിടക്ക് ബേപ്പൂരേക്ക് താമസം മാറ്റിയിരുന്നു. ബഷീര്‍ക്കാന്റെ അടുത്ത്. ഞാന്‍ ഇടയ്ക്ക് അങ്ങോട്ടു പോയിക്കാണും, അല്ലെങ്കില്‍ ടൗണിലോ മറ്റോ വച്ചു കാണും. അങ്ങനെ ഞങ്ങള്‍ ചിരപരിചിതരായി. അങ്ങനെ അവര്‍ കാണാന്‍ വന്ന അന്ന്, ബഷീര്‍ക്ക അവരോട് പറഞ്ഞു;

എടേയ്, കോഴിക്കോട് പശ്ചാത്തലാക്കീട്ടുള്ള ഒരു നോവലാണ് സുറുമയിട്ട കണ്ണുകള്‍, ഇവനാണെങ്കില്‍ കോഴിക്കോട്ടെ ഒരു നാടക നടനും, ഇതില്‍ എന്തേലും ഒരു വേഷം ഉണ്ടെങ്കില്‍ അവന് കൊട് അവന്‍ നന്നായിട്ട് ചെയ്യും കേട്ടോ

ബഷീര്‍ക്ക പറഞ്ഞതല്ലേ, തട്ടാന്‍ പറ്റാത്തത് കൊണ്ട്, അവര്‍ എന്നോട് ചെല്ലാന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ പിറ്റേന്ന് ഹോട്ടല്‍ മഹാറാണിയില്‍ ചെന്നപ്പോഴാണ് അവര്‍ പറയുന്നത്, 'കഥാപാത്രങ്ങളെ ഒക്കെ തീരുമാനിച്ചതാണ് പക്ഷെ, ബഷീര്‍ക്ക പറഞ്ഞതോണ്ട് നിങ്ങളെ ഒഴിവാക്കില്ല, എന്തെങ്കിലും തരും' എന്ന്.

കെ.പി. ഉമ്മര്‍ ഒരു അറബി ആയാണ് അഭിനയിക്കുന്നത്. അറബിക്ക് വരാനുള്ള കുതിരയെ കുളിപ്പിക്കാനും പുല്ലിട്ടുകൊടുക്കാനും ഒക്കെയൊരു കഥാപാത്രമാകട്ടെ എന്നു പറഞ്ഞ് ഒരു കഥാപാത്രത്തെ അങ്ങിട്ടു. എന്നാല്‍ പിന്നെ അയാള്‍ അവിടെ മാത്രമാക്കണ്ട, ചായക്കടയിലും മറ്റും വന്നു പോകട്ടെ എന്നായി. അങ്ങനെ ബഹദൂര്‍ക്കയും, നെല്ലിക്കോട്ട് ഭാസ്‌കരേട്ടനും ഒക്കെക്കൂടെ കുറച്ചു ഡയലോഗുകള്‍ ഒക്കെ കേറ്റി കേറ്റി ഞാന്‍ ഒരുപാട് സീനുകളില്‍ വന്നും പോയും നിന്നു. അങ്ങനെ ആ സിനിമയും കഴിഞ്ഞു.

തിരിച്ചു വീട്ടിലെത്തുമ്പോള്‍ ബഷീര്‍ക്ക എന്നോട് ചോദിച്ചത്, സിനിമ എങ്ങനെ ഉണ്ടായിരുന്നു, നിനക്ക് നല്ല വേഷമാണോ, ഡയലോഗ് ഉണ്ടോ, ക്ലോസ് അപ്പ് ഉണ്ടോ എന്നൊന്നുമല്ല, എന്ത് കാശ് കിട്ടി എന്നാണ്. ഞാന്‍ പറഞ്ഞു അവര്‍ ഒരായിരം ഉറുപ്പിക തന്നു എന്ന്. 'ആ അത് മതി' എന്നതായിരുന്നു മൂപ്പരുടെ മറുപടി.

പിന്നെ കുറെക്കഴിഞ്ഞ് ബഷീര്‍ക്ക മരിക്കാറാകുമ്പോഴേക്ക്, അതായത് തൊണ്ണൂറ്റിനാല് ജൂലൈ-5 വരെ ഞാനൊരു പത്ത് മുന്നൂറ് സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു, അതു വരേയ്ക്കും, ഏത് സിനിമ, ആരാ ഡയറക്ടര്‍, ഏത് കഥ എന്നൊന്നും ചോദിച്ചിട്ടില്ല. 'ആ പടം കഴിഞ്ഞ് വന്നോ, കാശൊക്കെ കിട്ടിയല്ലോ' എന്നു മാത്രമാണ് ചോദിച്ചിരുന്നത്.

പിന്നെ സിനിമാക്കാര്‍ ആര് വന്നാലും, മൂപ്പരുടെ കഥ വാങ്ങാന്‍ വന്നാലും, 'ആഹ് മാമുക്കോയ ഉണ്ടോ ഇതില്' എന്നു ചോദിക്കും. അവര്‍ തള്ളിക്കളയാന്‍ പറ്റാത്തത് കൊണ്ട് ഉള്‍കൊള്ളിക്കും. അതാണ് ബഷീര്‍ക്ക. എന്റെ ഒരു മൂത്ത ജ്യേഷ്ഠന്റെ സ്ഥാനത്ത് തന്നെയാണ് ഞാന്‍ ബഷീര്‍ക്കയെ കണ്ടിട്ടുള്ളത്'

-സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ മാമുക്കോയ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in