പത്മരാജൻ്റെ സിനിമകളിലെ റൊമാൻ്റിസിസമോ ഭരതൻ സിനിമകളിലെ സൗന്ദര്യാത്മകതയോ കെ ജി ജോർജ് ചിത്രങ്ങളിലെ സങ്കീർണ്ണമൗനങ്ങളോ മദ്ധ്യവർത്തി സിനിമയുടെ തിളക്കമാർന്ന മറ്റൊരു മുഖമായിരുന്ന മോഹൻ്റെ സിനിമകളിൽ കണ്ടെത്താനാകില്ല. സിനിമാറ്റിക് ആയ ഒരു ദൃശ്യഭാഷയെ രൂപപ്പെടുത്തുന്നതിനേക്കാൾ ജീവിതാവസ്ഥകളുടെ ചില പരിച്ഛേദങ്ങളെ യാഥാർത്ഥ്യബോധത്തോടെ പകർത്താനാണ് മോഹൻ തൻ്റെ ചിത്രങ്ങളിലൂടെ ഉദ്യമിച്ചത്.
മലയാളസിനിമയിലെ ഏറ്റവും അഗാധമായ വിഷാദ ഭരിതലോകങ്ങൾ സൃഷ്ടിച്ച സംവിധായകനായിരുന്നു മോഹൻ. സൗഹൃദത്തിൻ്റെയും കൗമാരകുതൂഹലങ്ങളുടെയും ദുരന്തകഥ പറഞ്ഞ 'ഇടവേള'യും ഒരു പെൺകുട്ടിയുടെ ചപല വ്യാമോഹത്തിൻ്റെ കഥ പറഞ്ഞ 'ഇളക്കങ്ങ'ളും സ്ത്രീപുരുഷബന്ധത്തിലെ സ്വാർത്ഥമായ ആസക്തി പ്രമേയമാക്കിയ 'കൊച്ചുകൊച്ചു തെറ്റുക'ളും മദ്ധ്യവർഗ്ഗക്കാരനും കുടുംബസ്ഥനുമായ ഒരു മദ്ധ്യവയസ്ക്കൻ്റെ ദാമ്പത്യേതരബന്ധചിന്ത വിഷയമാക്കി 'ആലോല'വും അന്വേഷണോദ്യോഗസ്ഥൻ്റെ കുടുംബപരമായ വൈകാരികപ്രതിസന്ധികളെയും കുറ്റാന്വേഷണത്തിൻ്റെ ഭാഗമാക്കിയ 'മുഖ'വും പോലുള്ള വ്യത്യസ്തസിനിമകൾ മോഹൻ എന്ന സംവിധായകൻ്റെ ചലച്ചിത്ര ജീവിതത്തിൻ്റെ ഭാഗമായി അടയാളപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യൻ്റെ ആന്തരികവ്യഥകൾക്കു പുറകേ സഞ്ചരിച്ചപ്പോഴാണ് അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച സിനിമകൾ സംഭവിച്ചതെന്ന് കാണാം. ആ സിനിമകളുടെ പ്രമേയങ്ങൾ കുടുംബബന്ധങ്ങൾക്കകത്തെ വിള്ളലുകളിലാണ് വേരൂന്നി നിന്നത്.
പത്മരാജൻ്റെ 'പാർവ്വതിക്കുട്ടി' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി 'ശാലിനി എൻ്റെ കൂട്ടുകാരി' എന്ന സിനിമയൊരുക്കിയപ്പോൾ കാവ്യാത്മകമായി അവതരിപ്പിക്കാൻ സാദ്ധ്യതയുള്ള പ്രമേയമായിരുന്നിട്ടും ശാലിനിയുടെ ആത്മസംഘർഷങ്ങളെ പിന്തുടർന്നുകൊണ്ടാണ് മോഹൻ ക്യാമറ വയ്ക്കുകയുണ്ടായത്.ക്ലോസപ്പ് ഷോട്ടുകളുടെയും മിഡ് ഷോട്ടുകളുടെയും പരമാവധി ഉപയോഗത്തിലൂടെ ശാലിനിയുടെയും ജ്യേഷ്ഠൻ പ്രഭയുടെയുമടക്കുള്ള കഥാപാത്രങ്ങളുടെ ഓരോ വൈകാരിക നിമിഷവും പേക്ഷകൻ്റെ കണ്ണിലൂടെയും ഹൃദയത്തിലൂടെയും കടന്നുപോകുന്നുവെന്ന് ചിത്രം ഉറപ്പുവരുത്തുന്നു. കാല്പനികതയുടെ അതിഭാവുകത്വമില്ലാതെ നേർക്കുനേർ പ്രേക്ഷകനോട് സംവേദിക്കുന്ന വിധത്തിലുള്ള ഒരു ചലച്ചിത്രാവിഷ്ക്കരണശൈലി കൊണ്ടുതന്നെ വൈകാരികതയെ അടയാളപ്പെടുത്താൻ കഴിയുമെന്ന നിലപാട് ചിത്രത്തിൽ കണ്ടെടുക്കാൻ കഴിയും. എന്നാൽ സിനിമയ്ക്ക് സാഹിത്യഭാഷയെ പിന്തുടരേണ്ടിവരുന്ന അവസരങ്ങളിൽ മോഹൻ പ്രകൃതിയെ ഒരു മനോഹരപ്രതീകം പോലെ 'ശാലിനി എൻ്റെ കൂട്ടുകാരി'യിൽ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്നേഹസമ്പന്നനായ ജ്യേഷ്ഠൻ്റെ ആത്മഹത്യയ്ക്കു ശേഷമുള്ള ശാലിനിയുടെ പ്രസരിപ്പൊഴിഞ്ഞ മനോനിലയെ ഉണങ്ങിയ ഇലകളുള്ള വൃക്ഷവും തിളക്കുന്ന വേനലിൽ പൊള്ളിനില്ക്കുന്ന കലാലയമൈതാനവും പശ്ചാത്തലമാക്കി സമർത്ഥമായി ചിത്രീകരിച്ചിരിക്കുന്നു. അതുവരെയുള്ള മലയാളസിനിമകളിൽ കോളേജ് ഓഡിറ്റോറിയങ്ങൾക്കകത്ത് തളച്ചിടപ്പെട്ട കലാലയാഘോഷവേളകളെ പുറത്ത് കോളേജങ്കണത്തിലേയ്ക്ക് കൊണ്ടുവന്ന് മലയാളത്തിലെ വേറിട്ടു നില്ക്കുന്ന ഒരു കൾട്ട് കലാലയഗാനമായി 'സുന്ദരീ നിൻ തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ ' എന്ന ഗാനത്തെ ആവിഷ്ക്കരിക്കുവാനും മോഹന് കഴിഞ്ഞു.
ഏതു നിമിഷവും കടന്നുവന്നേക്കാവുന്ന മരണത്തെ കാത്തുനില്ക്കുമ്പോഴും ചുറ്റുമുള്ള മനുഷ്യരിൽ സ്നേഹത്തിൻ്റെയും പ്രതീക്ഷയുടെയും തുറസ്സുകൾ സൃഷ്ടിക്കുന്ന സേവ്യറുടെ (നെടുമുടി വേണു) കഥ പറയുന്ന 'വിടപറയുംമുമ്പേ' എന്ന ചിത്രത്തിലേയ്ക്കെത്തുമ്പോൾ മാനുഷിക ഭാവങ്ങളെയും പ്രതികരണങ്ങളെയും പകർത്തുന്നതോടൊപ്പം പ്രകൃതിയുടെയും ചുറ്റുപാടുകളുടെയും വ്യത്യസ്ത ചേതനകളെ വ്യാഖ്യാനസാദ്ധ്യതകളുള്ള വിദൂരദൃശ്യങ്ങളിലൂടെ കഥാഖ്യാനത്തിൻ്റെ ഭാഗമാക്കി മാറ്റുന്ന ഒരു ആവിഷ്ക്കാരശൈലി മോഹൻ സ്വായത്തമാക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്ന സിനിമയും 'വിട പറയും മുമ്പേ' തന്നെ. അധികം ചർച്ച ചെയ്യപ്പെടാതെ പോയ സിനിമയാണെങ്കിലും 'കഥയറിയാതെ' എന്ന ദുരന്താത്മകചിത്രവും മോഹൻ എന്ന സംവിധായകനെ അദ്ദേഹത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട വിഷാദലോകനിർമ്മിതിയുടെ പാടവത്തിലൂടെ ഏറ്റവും സർഗ്ഗാത്മകമായി പ്രേക്ഷകന് അഭിമുഖപ്പെടുത്തുന്നുണ്ട്.
കുടുംബങ്ങൾക്കകത്തെ സദാചാരസങ്കല്പങ്ങളുടെ കാര്യത്തിൽ തികഞ്ഞ ഒരു സാമ്പ്രദായികവാദിയെ മോഹൻ എന്ന ചലച്ചിത്രകാരനിൽ വളരെ എളുപ്പമായി കണ്ടെത്താം. കുടുംബ വ്യവസ്ഥയെ നോക്കിക്കാണുന്നതിൽ എന്നും ഒരു മദ്ധ്യവർഗ്ഗ പാരമ്പര്യസംരക്ഷകനായ പുരുഷൻ്റെ കണ്ണ് അദ്ദേഹത്തിൽ ഉണർന്നുനിന്നു. കെ.ജി.ജോർജിനെ പോലുള്ള സമകാലീന സംവിധായകർ സ്ത്രീയുടെ മാറുന്ന സ്വാതന്ത്ര്യസങ്കല്പങ്ങളെ സ്ത്രീയുടെ വീക്ഷണകോണിലൂടെ പറഞ്ഞ് പലപ്പോഴും കാലത്തിനു മുമ്പേ സഞ്ചരിച്ചപ്പോൾ സ്ത്രീയെ ക്ഷമയുടെയും സഹനത്തിൻ്റെയും പ്രതിരൂപമായിത്തന്നെ നിലനിർത്താൻ മോഹൻ ശ്രമിച്ചു. ലൈംഗികതയുടെ കാര്യത്തിൽ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളിലേയ്ക്ക് സഞ്ചരിക്കുകയോ തീരുമാനങ്ങൾ കൈക്കൊള്ളുകയോ മോഹങ്ങളിലേക്ക് വഴുതിവീഴുകയോ ഒക്കെ ചെയ്യുന്ന സ്ത്രീകളുടെ ജീവിതം മോഹൻ സിനിമകളാക്കിയപ്പോൾ അവ ദുരന്തപര്യവസായിയായി അവശേഷിച്ചു. മലയാളത്തിൽ ആദ്യമായി ലെസ്ബിയൻ പ്രണയം പറയുന്ന ധീരത കണ്ട 'രണ്ടു പെൺകുട്ടിക'ളിലെയും 'കഥയറിയാതെ' എന്ന ചിത്രത്തിലെയും 'ഇസബെല്ല ' എന്ന സിനിമയിലെയുമെല്ലാം സ്ത്രീ കഥാപാത്രങ്ങൾ ഇത്തരത്തിൽ ദുരന്തത്തിലാണ് ഒടുങ്ങുന്നത്.
കാമനകളുടെ ദംശനത്തിൽ നിന്ന് അവസാന നിമിഷം കുടഞ്ഞുമാറാൻ കഴിയുന്ന രണ്ട് കുടുംബസ്ഥരുടെ കഥകൾ പറയുന്ന സിനിമകളാണ് 'ആലോല'വും 'കഥയറിയാതെ'യും. ലളിതനർമ്മം നിറഞ്ഞ ആഖ്യാനശൈലി പിന്തുടരുന്ന ആലോലത്തിൽ അന്യസ്ത്രീശരീരമെന്ന ഭ്രമത്താൽ വലഞ്ഞ് ധാർമ്മികതയുടെ വീക്ഷണകോണിൽ തെറ്റിലേക്ക് വീണിട്ടും പുരുഷനായ മുകുന്ദൻമേനോന് (ഭരത് ഗോപി) ക്ഷമിക്കപ്പെട്ട് വീണ്ടും കുടുംബത്തിലേയ്ക്കു നടന്നുകയറാൻ കഴിയുന്നുണ്ട് . എന്നാൽ 'കഥയറിയാതെ' യിൽ ഭർത്താവിൻ്റെ സുഹൃത്തിനോടുള്ള ബന്ധത്തിൽ വീട്ടമ്മയായ ഗീതയ്ക്കുണ്ടാകുന്ന (ശ്രീവിദ്യ) ഒരു നിമിഷത്തെ പതർച്ച ഒരു കുടുംബത്തെ തന്നെ ശിഥിലമാക്കുന്ന വിധത്തിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുന്നു. 'രചന ' എന്ന ചിത്രത്തിൽ എഴുത്തുകാരനായ ഭർത്താവിൻ്റെ സാഹിത്യരചനയ്ക്ക് സഹായകമാകുംവിധത്തിൽ ഒരു കഥാപാത്രസൃഷ്ടിക്കായി തൻ്റെ ഓഫീസിലെ കീഴുദ്യോഗസ്ഥനോട് പ്രണയം അഭിനയിക്കുന്ന സൂപ്രണ്ട് ശാരദയുടെ(ശ്രീവിദ്യ) ജീവിതവും കുടുംബവും ദുരന്തങ്ങൾക്ക് തന്നെയാണ് കീഴ്പ്പെടുന്നത്.
അഭിനേതാക്കളെ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്ന സംവിധായകനായിരുന്നു മോഹൻ .ശാലിനി എൻ്റെ കൂട്ടുകാരിയിലെ ശോഭയുടെ പ്രകടനം അകാലമരണം സംഭവിച്ചില്ലായിരുന്നെങ്കിൽ മലയാള സിനിമയിലെയെന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ എക്കാലത്തെയും ഏറ്റവും മികച്ച അഭിനേത്രികളിൽ ഒരാളായി എണ്ണപ്പെടുന്ന തലത്തിലേക്ക് ആ അഭിനേത്രി വളരുമായിരുന്നു എന്നതിൻ്റെ ദൃഷ്ടാന്തമാണ്. അതേ ചിത്രത്തിലെ വേണു നാഗവള്ളിയുടെ പ്രകടനവും അദ്ദേഹത്തിൻ്റെ മറ്റു ചിത്രങ്ങളിലെ വിഷാദകഥാപാത്രങ്ങളേക്കാൾ കഥാപാത്രത്തിൻ്റെ ആത്മാവിനെ തൊട്ടറിഞ്ഞ പ്രകടനമാകുന്നുണ്ട്. 'വിട പറയും മുമ്പേ'യിലെ സേവ്യർ എന്ന കഥാപാത്രം നെടുമുടി വേണു എന്ന നടൻ്റെ സഹജമായ നിഷ്ക്കളങ്ക സങ്കോചശൈലിയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ചിത്രാന്ത്യത്തിലെ ദുരന്തത്തിൻ്റെ വലിയ ആഘാതം പ്രേക്ഷകരിലേക്ക് പകരുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. പ്രേംനസീറിൻ്റെ അഭിനയജീവിതത്തിലെ എണ്ണപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറിയ പ്രസ്തുത ചിത്രത്തിലെ തന്നെ കമ്പനിമുതലാളിയായ മാധവൻകുട്ടിയുടെ വേഷത്തിനാണ് അദ്ദേഹത്തിന് ഒരേയൊരു സംസ്ഥാന പുരസ്ക്കാരം - സ്പെഷ്യൽ ജൂറി അവാർഡ് - കരസ്ഥമായത്.
അടിയന്തരാവസ്ഥയ്ക്കു ശേഷം, കാല്പനികതയും സ്വത്വപ്രതിസന്ധികളും മരുമക്കത്തായത്തിൻ്റെ സങ്കീർണ്ണമായ അവശേഷിപ്പുകളും യുവത്വത്തിൻ്റെ പ്രതിഷേധങ്ങളും നിഷേധാത്മകതയും അലയൊലികൾ തീർത്ത 70 -കളുടെ അവസാനകാലഘട്ടത്തിൽ ഒരു അടരുപോലെ സമൂഹത്തെ പൊതിഞ്ഞുനിന്ന വിഷാദത്തെ തൻ്റെ ചലച്ചിത്രസമീപനങ്ങളിലേയ്ക്ക് അടിസ്ഥാനപരമായി സ്വാംശീകരിച്ച സംവിധായകനായിരുന്നു മോഹൻ. അതുകൊണ്ടുതന്നെ ആത്യന്തികമായി ദുരന്തങ്ങളുടെ ദുഃഖസാന്ദ്രമായ വിഷാദലോകങ്ങളിൽ അഭിരമിച്ചിരുന്ന സംവിധായകനെന്ന് മോഹനെ വിലയിരുത്തുന്നതിൽ അപാകതയില്ലെന്ന് അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ തെളിവു നൽകുന്നുണ്ട്.