എം.കുഞ്ഞാമൻ, ജാതിയുണ്ടാക്കിയ മുറിവും പേറിയാണ് അദ്ദേഹം ജീവിച്ചിരുന്നത് ; സണ്ണി എം കപിക്കാട്

എം.കുഞ്ഞാമൻ, ജാതിയുണ്ടാക്കിയ മുറിവും പേറിയാണ് അദ്ദേഹം ജീവിച്ചിരുന്നത് ; സണ്ണി എം കപിക്കാട്
Published on

മലയാളികൾക്കിടയിൽ ഏറ്റവും ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനും സാമ്പത്തിക വിദ​ഗ്ദനുമായിരുന്നു ഡോക്ടർ എം കുഞ്ഞാമൻ. അദ്ദേഹത്തിലെ പ്രതിഭയെയും അക്കാദമിക മികവിനെയും അം​ഗീകരിക്കാനോ ആദരിക്കാനോ കേരളീയ സമൂഹം ഒരിക്കലും തയ്യാറായിരുന്നില്ല. തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെപ്പറ്റി അത്മകഥയിൽ കുഞ്ഞാമൻ പറയുന്നത് താൻ പാണർ വിഭാ​ഗം എന്ന അവ​ഗണിക്കപ്പെട്ട ജാതിവിഭാ​ഗത്തിൽ നിന്ന് വന്നതിലാണ് വീണ്ടും വീണ്ടും അവ​ഗണിക്കപ്പെട്ടയാളായതെന്നാണ്.മുൻവിധികളില്ലാതെ അദ്ദേഹത്തോട് സംസാരിക്കുന്ന ആർക്കുമറിയാം ഇന്ന് ജീവിച്ചിരിക്കുന്ന തലമുറയിൽ കുഞ്ഞാമനോളം തലയെടുപ്പുള്ള സാമ്പത്തിക വിദ​ഗ്ധൻ വേറൊരാളില്ലെന്ന്.

വളരെ മികച്ച അക്കാദമിക പാണ്ഡിത്യമുണ്ടായിരുന്നിട്ട് കൂടി അദ്ദേഹത്തിന്റെ അടുത്ത് നിൽക്കാൻ പോലും യോ​ഗ്യതയില്ലാത്തവർ പല സർവകലാശാലകളിലും വൈസ് ചാൻസിലർമാർ വരെ ആയി. അപ്പോഴും കുഞ്ഞാമൻ തഴയപ്പെട്ടു. അതിൽ അദ്ദേഹം അതീവ ദുഖിതനായിരുന്നു.

വ്യക്തിപരമായ് അദ്ദേഹവുമായി വളരെ നല്ല അടുപ്പമുണ്ടായിരുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ എഴുത്തും വാക്കുകളും വല്ലാതെ സ്വാ​ധീനിച്ചിട്ടുമുണ്ട്. മറ്റുള്ളവരുടെ പുസ്തകങ്ങളിൽ നിന്ന് വിഭിന്നമായി സമ്പദ്ഘടനെയെപ്പറ്റി കൂടുതൽ അറിയാൻ എന്നെ സഹായിച്ചത് ഡോ എം കുഞ്ഞാമന്റെ പുസ്തകമാണ്. കേരളം അദ്ദേഹത്തെ പിന്തളളിയതിനു പിന്നിൽ ജാതി മനോഭാവമാണെന്ന് കുഞ്ഞാമൻ തന്നെ പറഞ്ഞിട്ടുണ്ട്. സ്വന്തം നാട്ടിൽ നിന്ന് അപമാനിതനായ് അദ്ദേഹത്തിന് ഇറങ്ങേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അധ്യാപകനായ കെ.എൻ രാജുമായി അദ്ദേഹം നടത്തിയ സംഭാഷണത്തെ പറ്റി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.

കെ എൻ രാജ് ഇന്ത്യയിൽ അറിയപ്പെടുന്ന സാമ്പത്തിക വിദ്​ഗധനായിരുന്നു. കെ എൻ രാജിന്റെ അച്ഛൻ ജ‍‍ഡ്ജ് ആയതുകൊണ്ട് നിങ്ങൾ അധ്യാപകനായി എന്റെ അച്ഛൻ ജഡ്ജിയായിരുന്നെങ്കിൽ ഞാൻ ഐൻസ്റ്റീൻ ആയേനെ എന്നാണ് അദ്ദേഹം ആ സംഭാഷണത്തിൽ പറഞ്ഞത്. പറയുന്ന വാക്കുകളോട് പറയുന്ന പ്രത്യയശാസ്ത്രത്തോട് അങ്ങേയറ്റം നൈതികത പുലർത്തിയ അപൂർവ്വം ചില ആളുകളിൽ ഒരാളായിരുന്നു ‍ഡോ കുഞ്ഞാമൻ.‌

കുഞ്ഞാമനെ സംബന്ധിച്ചിടത്തേളം ദളിതരുടെയും ആദിവാസികളുെടെയും പ്രശ്നങ്ങൾ അന്യരുടെ പ്രശ്നങ്ങളായിരുന്നില്ല. കേരളം അദ്ദേ​ഹത്തിൽ കണ്ടെത്തിയ ഏറ്റവും വലിയ കുറ്റം അദ്ദേഹം പാണൻ സമുദായത്തിൽ പെട്ട ആളാണ് എന്നതായിരുന്നു. ആളുകളോട് അവരുടെ നിറത്തിന്റെ കാര്യത്തിലോ മനുഷ്യരോട് പെരുമാറുന്ന കാര്യത്തിലോ കുഞ്ഞാമനപ്പുറം നിൽക്കുന്നൊരാളെ അക്കാദമിക രം​ഗത്ത് കാണാൻ സാധിക്കില്ല. അത്രയും ഉന്നതനായൊരു മനുഷ്യന് കേരളത്തിൽ നിൽക്കാൻ കഴിയാതെ മുംബെ ടിസിൽ (Tata Institute of Social Science (TISS) അഭയം പ്രാപിക്കേണ്ടി വന്നിരുന്നു.

കുഞ്ഞാമന്റെ പാണ്ഡിത്യത്തിൽ ആരാധന പൂണ്ട വിദ്യാർഥികൾ എപ്പോഴും അദ്ദേഹത്തിന് ചുറ്റുമുണ്ടായിരുന്നു. നിങ്ങൾ എന്നെ ബഹുമാനിക്കേണ്ട നിങ്ങൾ എന്നോട് ബഹുമാനം ചോദിച്ച് വാങ്ങുകയും വേണ്ട എന്നാണ് കുഞ്ഞാമൻ വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. ഇതിൽ വലിയ ഒരു സാമൂഹിക വിമർശനമുണ്ട്. ഇന്ത്യയിലെ ജാതി വ്യവസ്ഥ നില നിൽക്കുന്നത് തന്നെ ബഹുമാനത്തിലൂടെയാണ്, ആ ജാതി വ്യവസ്ഥയുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതാണ് കുഞ്ഞാമന്റെ ഈ സ്റ്റേറ്റ്മെന്റ്. ബഹുമാനത്തിന്റെ വിതരണം എങ്ങനെ ആയിരിക്കണം എന്ന കാര്യത്തിലാണ് അദ്ദേഹം ഇടപെടുന്നത്.‌‌

ഡോക്ടർ ബി.ആർ അംബേദ്കർ ഒരിക്കൽ പറഞ്ഞത് നോളജ് വിത്തൗട്ട് എത്തിക്സ് ഈസ് ഡേയ്ഞ്ചറസ് എന്നാണ്. കേരളത്തിലെ ബുദ്ധിജീവികളിൽ ബഹുഭൂരിപക്ഷം പേരും ഈ ഡ‍േയ്ഞ്ചറസ് ബീയിങ്സാണ്. പറയുന്നതിനോട് ഒരു സത്യസന്ധതയും പുലർത്താത്തവരാണ്.

എന്നാൽ കുഞ്ഞാമൻ അങ്ങനെ ആയിരുന്നില്ല. കേരളത്തിലെ ദളിത് ബുദ്ധിജീവികൾ പറഞ്ഞുപരത്തിയത് കുഞ്ഞാമൻ ദാരിദ്ര്യത്തെ ആ​ഘോഷിച്ചയാളാണ് എന്നാണ്. എന്നാൽ അവർക്കൊന്നും കുഞ്ഞാമന്റെ അടുത്തിരിക്കാൻ പോലും യോ​ഗ്യത ഇല്ല എന്നതാണ് യാഥാർഥ്യം. സ്വന്തം സമുദായത്തിൽ നിന്ന് പോലും വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നയാളാണ് കുഞ്ഞാമൻ. സാർ ഇനി എന്നെ പാണൻ എന്ന് വിളിക്കരുത് എന്ന് ആത്മ കഥയിലെ അനുഭവ വിവരണത്തിന് അയാൾ ജാതിയെ ആഘോഷിച്ചു എന്നാണ് വിമർശനം വന്നത് എന്നാൽ അതൊരു കൊച്ചു കുഞ്ഞിന്റെ ​ഗതികേടാണ്. താൻ കല്യാണവീട്ടിൽ നിന്ന് എച്ചിൽ കഴിച്ചു എന്ന് പറഞ്ഞ കുഞ്ഞാമൻ ദളിർക്ക് അപമാനമാണെന്ന് പറഞ്ഞ ബുദ്ധി ​ജീവികൾ പണ്ട് നക്സലേറ്റായി വിപ്ലവം നടത്താൻ നടന്നവരാണ്. അധാർമികരായ മനുഷ്യർക്കിടയിൽ ജീവിക്കേണ്ട പ്രതിസന്ധിയെയാണ് കുഞ്ഞാമൻ എല്ലാ ഘട്ടത്തിലും നേരിട്ടത്.

എല്ലാവരോടും സമഭാവനയോടെ പെരുമാറാൻ കുഞ്ഞാമന് കഴിഞ്ഞിരുന്നു. ജാതിയുണ്ടാക്കിയ മുറിവും പേറിയാണ് അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹത്തെ കേരളം അം​ഗീകരിച്ചില്ല, ആദരിച്ചുമില്ല. അവർഡുകളിൽ അഭിരമിക്കാത്ത ആളായിരുന്നു കുഞ്ഞാമൻ തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി അവാർഡ് നിഷേധിച്ചതിന് കുഞ്ഞാമന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു.

അദ്ദേഹം അർഹിക്കുന്ന സ്നേഹവും ബഹുമാനവും കേരള സമൂഹത്തിന് നൽകാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ ഒടുവിൽ വിളിക്കുമ്പോൾ തിരുവനന്തപുരത്ത് കാണാം എന്ന് പറഞ്ഞിരുന്നു. എന്നാൽ അതിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെ കാണാൻ കഴിയാതെ പോയതിൽ വല്ലാത്ത ​ദുഖമുണ്ട്. വ്യക്തിപരമായ് സംഭവിച്ച വലിയ നഷ്ടമാണ്. അദ്ദേഹം മരണം തിരഞ്ഞെടുത്താണ്, ഇത്രയും അപമാനിക്കപ്പെട്ട മനുഷ്യൻ അത് തെരഞ്ഞെടുത്തതിൽ അത്ഭുതമില്ല. നിശിതമായ ചില ചോദ്യങ്ങൾ അദ്ദേഹത്തിന്റെ മരണം ബാക്കി വെക്കുന്നുണ്ട്. അതിനു മറുപടി പറയാൻ കേരള സമൂഹം ബാധ്യസ്ഥരാണ്.

Related Stories

No stories found.
logo
The Cue
www.thecue.in