മനുഷ്യനെ വരകളിൽ നിറച്ച നമ്പൂതിരി

മനുഷ്യനെ വരകളിൽ നിറച്ച നമ്പൂതിരി
Published on

"Drawing makes you see things clearer, and clearer and clearer still, until your eyes ache." - David Hockney

ആർട്ടിസ്റ്റ് നമ്പൂതിരിയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുന്ന വാക്യം ഇതാണ്. മലയാളിയുടെ ദൃശ്യബോധത്തെ രൂപപ്പെടുത്തുന്നതിലും സാഹിത്യത്തിനും കലാസ്വാദനത്തിനും ഇടയിൽ ഒരു പാലം നിർമ്മിക്കുന്നതിലും നമ്പൂതിരി വഹിച്ച പങ്ക് ചെറുതല്ല. സാഹിത്യകൃതികളിൽ ഇടപെടാതെ, എന്നാൽ അവയുടെ അന്തസ്സത്ത ഉൾക്കൊണ്ടുകൊണ്ട് ദ്വിമാനത്തിൽ വരച്ച ശില്പങ്ങളായിരുന്നു നമ്പൂതിരിയുടെ ചിത്രങ്ങൾ.

ഒരേസമയം ഒരു കൂട്ടായ്മയുടെ ഭാഗമാവുകയും തന്റേതായ വഴികളിലൂടെ ഒറ്റയ്ക്ക് നടക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. മദ്രാസിലെ പഠനത്തിൽ നിന്നും, അവിടെ ഉരുത്തിരിഞ്ഞ കലാപ്രസ്ഥാനത്തിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുമ്പോഴും നമ്പൂതിരിയുടെ ശൈലി എല്ലാ തരം സ്വാധീനങ്ങളിൽ നിന്നും മുക്തമായിരുന്നു. ദീർഘരൂപികളായ ആ മനുഷ്യർ അവിടെ തങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും തീർത്തു. സ്ത്രീപൂങ്ങൾ സൗന്ദര്യം സംബന്ധിച്ച നമ്മുടെ സങ്കല്പം തന്നെ മാറ്റിമറിച്ചു.

രേഖാചിത്രണ രംഗത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് പുതിയ ശൈലികൾക്ക് തുടക്കമിട്ട കാലത്താണ് നമ്പൂതിരി അവിടെ എത്തുന്നത്. എം വി ദേവനും എ എസ് നായരും നേരത്തെ അവിടെ ഉണ്ടായിരുന്നു. ഏകദേശം ഇതേകാലത്തുതന്നെയാണ് ജി അരവിന്ദൻ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന ഒരൊറ്റ കാർട്ടൂൺ കഥയിലൂടെ ഗ്രാഫിക് നോവൽ എന്നൊരു ആശയത്തിന്റെ തന്നെ മുൻഗാമിയായി കടന്നുവരുന്നതും. ഈ സൗഹൃദം തന്നെയാണ് പിന്നീട് നമ്പൂതിരിയെ അരവിന്ദന്റെ ഉത്തരായണത്തിന്റെ ആർട്ട് ഡയറക്ടർ ആക്കുന്നത്. ഒരേ കാലത്ത് കോഴിക്കോട്ടെ സാംസ്‌കാരിക ഭൂമികയിൽ വരകൾ കൊണ്ട് നിറഞ്ഞുനിന്ന നാലുപേരിൽ മൂന്നുപേരും നേരത്തെ പോയി. ആ കൂട്ടത്തിൽ നാലാമത്തെയാളും യാത്രയായിരിക്കുന്നു - ആർട്ടിസ്റ്റ് നമ്പൂതിരി.

കേരള ലളിതകലാ അക്കാദമിയെ സംബന്ധിച്ചിടത്തോളം നമ്പൂതിരി ചെയർമാനായിരുന്ന കാലം ഏറ്റവും ശ്രദ്ധേയമായ വികസനങ്ങളുടെ കൂടി കാലമായിരുന്നു. തൃശൂരിൽ അക്കാദമിയുടെ പുതിയ ആസ്ഥാനമന്ദിരം, ദർബാർഹാളിന്റെ നവീകരണം തുടങ്ങി പല കാര്യങ്ങൾക്കും നേതൃത്വം നല്കിയതും അദ്ദേഹം തന്നെ. അതോടൊപ്പം അക്കാദമി പുരസ്‌കാരങ്ങളുടെ സ്വഭാവത്തിൽ കാതലായ മാറ്റം കൊണ്ടുവരാനും പ്രഗത്ഭരായ കലാകാരന്മാരെ കണ്ടെത്തി അവർക്ക് പുരസ്‌കാരം നൽകാനും അദ്ദേഹം മുൻകൈ എടുത്തതും ഇവിടെ എടുത്തുപറയേണ്ട കാര്യമാണ്.

മലയാളിയുടെ ബോധമണ്ഡലത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു മേഖല സാഹിത്യമാണ്, പക്ഷെ ആ സ്വാധീനത്തെ ചിത്രകലയുമായി കൂട്ടിയോജിപ്പിക്കുന്നതിലും അങ്ങിനെ ഒരു ദൃശ്യസംസ്‌കാരം നമുക്കിടയിൽ വളർത്തിയെടുക്കുന്നതിലും നമ്പൂതിരിയുടെ രേഖാചിത്രങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. നമ്മൾ ചിത്രകലയുമായി കൂടുതൽ അടുക്കുന്നത് പോലും ഈ രേഖാചിത്രങ്ങളിലൂടെയാണ്. നമ്പൂതിരിയുടെ വരകൾ മാറ്റിവെച്ച് എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ കുറിച്ച് ചിന്തിക്കുക കൂടി അസാദ്ധ്യമാണ്, കാരണം ആ നോവലുമായി അത്രയ്ക്ക് ഇഴുകിച്ചേർന്നു നിന്നവയാണ് നമ്പൂതിരി വരച്ച ചത്രങ്ങൾ. ഒരു പക്ഷെ രണ്ടാമൂഴത്തിന്റെ പ്രചാരത്തിൽ പോലും വലിയ പങ്ക് വഹിച്ചവയാണ് ഈ ചിത്രങ്ങൾ എന്ന് പറയാതെ വയ്യ. എംടിയുടെ ആഖ്യാനം ദൃശ്യമായി നമ്മുടെ മനസ്സിൽ കടന്നുവന്നത് ഈ ചിത്രങ്ങളിലൂടെയാണ് എന്നുമാത്രമല്ല, ആ ചിത്രങ്ങളെ മാറ്റിനിർത്തി ഇന്ന് നമുക്ക് മഹാഭാരത കഥാപാത്രങ്ങളെ കുറിച്ച് ചിന്തിക്കാനാവില്ല താനും.

രേഖാചിത്രങ്ങളെ കുറിച്ച് നിലവിലുള്ള സങ്കൽപം മാറ്റി മാറ്റിയെഴുതിയവയാണ് നമ്പൂതിരിയുടെ വര. എല്ലാതരം അനുപാതങ്ങളെയും മാറ്റിമറിക്കുമ്പോഴും മനുഷ്യൻ എന്ന ഘടനയെ അതിന്റെ എല്ലാ കരുത്തിലും സൗന്ദര്യത്തിലും ആവിഷ്കരിച്ചു ഈ രേഖാചിത്രങ്ങൾ. ഭൂവിശാലതകൾ ഒരിക്കലും അദ്ദേഹത്തെ ആകർഷിച്ചില്ല, മനുഷ്യനായിരുന്നു എക്കാലത്തും നമ്പൂതിരിയുടെ വരകളിൽ നിറഞ്ഞത്.

പ്രകൃതി വളരെ മിനിമലായ ഒരു സാന്നിധ്യമായാണ് അതിൽ കടന്നുവന്നത്. മനുഷ്യന്റെ വൈജാത്യങ്ങളെ, വർണ്ണങ്ങളെ എല്ലാം വളരെ കുറഞ്ഞ വരകൾ കൊണ്ട് ദ്യോതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അന്താരാഷ്ട്ര പ്രശസ്തി നേടിയ രേഖാചിത്രകാരന്മാരുടെ ചരിത്രം വെച്ചു നോക്കിയാൽ പോലും ഒരു സമകാലീനത ഈ ചിത്രങ്ങളിൽ ഉണ്ട് എന്ന് പറയാതെ വയ്യ. അതേസമയം ആ വരികൾക്ക് ഒരു പ്രവചന സ്വഭാവം ഉണ്ടായിരുന്നു. നമ്മുടെ കലാചരിത്രത്തിൽ നമ്പൂതിരി രേഖപ്പെടുത്തപ്പെടുന്നതും അങ്ങിനെയായിരിക്കും.

സർഗ്ഗരചനയിൽ കഥയും കവിതയുമൊക്കെ രൂപപ്പെടുന്നതുപോലെ സ്വകാര്യതയിൽ ആണ് ചിത്രസൃഷ്ടി നടന്നിരുന്നത് എന്നാൽ പിൽക്കാലത്ത് അത് മാറുകയും ചിത്രകാരന്മാർ പെർഫോമർമാരാവുകയും ചെയ്തു എന്ന് നമ്പൂതിരി പലപ്പോഴും പറയാറുണ്ടായിരുന്നു.

ഒരു സ്വതന്ത്ര സ്ഥാപനമായി അക്കാദമിയെ വളർത്തിക്കൊണ്ടുവരാൻ താൻ ചെയർമാനായിരുന്ന കാലത്ത് അദ്ദേഹം ശ്രമിച്ചപ്പോളും നീചമായ തരത്തിൽ അദ്ദേഹവും ആക്രമണങ്ങൾ നേരിട്ട് എന്നത് പറയാതെ വയ്യ. പല കാലങ്ങളിലും അക്കാദമിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അക്കാദമി ചിത്രങ്ങൾ കത്തിച്ചു കളഞ്ഞു, കുഴിച്ചുമൂടി തുടങ്ങിയ ആരോപണങ്ങൾ നേരിട്ടപ്പോഴും ആർജ്ജവത്തോടെ തന്റെ സത്യസന്ധത തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ദൗത്യങ്ങൾ പൂർത്തീകരിച്ച് പടിയിറങ്ങുമ്പോൾ അദ്ദേഹം പറഞ്ഞത് സഫലമീയാത്ര എന്നായിരുന്നു. അന്ന് അദ്ദേഹം തുടങ്ങിവെച്ച നവീകരണങ്ങളുടെ തുടർച്ചയാണ് ഇന്ന് അക്കാദമിയെ മുന്നോട്ട് നയിക്കാൻ ഞങ്ങൾക്ക് കരുത്ത് പകരുന്നത്.

നമ്മുടെ വായനാരീതിയിലും ദൃശ്യസംസ്കാരത്തിലും ഒരുപോലെ സ്വാധീനം ചെലുത്തിയ ഒരു പ്രതിഭയെയാണ് നമ്പൂതിരിയുടെ നിര്യാണത്തോടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്. വിട...

Related Stories

No stories found.
logo
The Cue
www.thecue.in