കേരളത്തിന്റെ കര്‍ഷക അവകാശസമരങ്ങളിലെ മുന്നണിപ്പോരാളിയും കര്‍ഷകത്തൊഴിലാളി നേതാവുമായ അന്തരിച്ച കെ.എസ് അമ്മുക്കുട്ടിയെക്കുറിച്ച് എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം നിതീഷ് നാരായണന്‍ എഴുതുന്നു. 2021 മേയില്‍ ട്രൈകോണ്ടിനെറ്റല്‍ സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് വേണ്ടി അമ്മുക്കുട്ടിയെ കണ്ട് നിതീഷ് ദീര്‍ഘസംഭാഷണം പ്രസിദ്ധീകരിച്ചിരുന്നു.
സഖാവ് കെ. എസ് അമ്മുക്കുട്ടി വിട പറഞ്ഞു. ഇന്ന് രാവിലെ മഹിളാ അസോസിയേഷന്‍ നേതാവ് എന്‍ സുകന്യ ടീച്ചറാണ് അമ്മുക്കുട്ടിയേച്ചിയുടെ മരണവിവരം അറിയിച്ചത്. കുറേ നേരം അവരെക്കുറിച്ച് ആലോചിച്ചിരുന്നു. ഇത് എഴുതിത്തീരുമ്പോഴേക്കും എണ്‍പത്തെട്ട് വയസുള്ള ആ കമ്യൂണിസ്റ്റുകാരി പയ്യാമ്പലത്ത് എരിഞ്ഞു തീര്‍ന്നിട്ടുണ്ടാകും. ചരിത്രത്തില്‍ ഒരു കനല്‍ കൊളുത്തി വച്ചിട്ടാണവര്‍ യാത്രയാകുന്നത്. ആ കനല്‍ അണയാതെ കത്തിക്കൊണ്ടിരിക്കും.
മാസങ്ങള്‍ക്ക് മുന്‍പ് ഗവേഷണത്തിന്റെ ഭാഗമായാണ് അമ്മുക്കുട്ടിയേച്ചിയോട് ദീര്‍ഘമായി സംസാരിക്കുന്നത്. അന്ന് പറഞ്ഞ കാര്യങ്ങള്‍ വച്ച് അതൊരു ലേഖനമായി ട്രൈക്കോണ്ടിനെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ആലക്കോട് മകളുടെ വീട്ടില്‍ വച്ചാണ് അവസാനം കണ്ടത്. മഹാമാരി മൂലം യാത്ര ചെയ്യാനും പാര്‍ട്ടി പരിപാടികള്‍ക്ക് പോകാനും തന്റെ പ്രിയപ്പെട്ടവരെ കാണാനുമൊന്നും സാധിക്കാത്തതിലെ സങ്കടം പറഞ്ഞിരുന്നു. നിര്‍ത്താതെ സംസാരിക്കാന്‍ അമ്മുക്കുട്ടിയേച്ചിക്ക് അത്രമേല്‍ ഇഷ്ടമായിരുന്നു. എങ്ങനെയാണ് അടിച്ചമര്‍ത്തപ്പെട്ടവര്‍ ഉണര്‍ന്നെഴുന്നേറ്റതെന്ന് അവര്‍ ആവേശത്തോടെ വിശദീകരിക്കുമായിരുന്നു. മഹാരാഷ്ട്രയിലെ വാര്‍ളി ആദിവാസി മേഖലയില്‍ ഐതിഹാസികമായ സമരം നയിച്ച കമ്യൂണിസ്റ്റ് പോരാളി ഗോദാവരി പാരുലേക്കര്‍ എഴുതിയ പുസ്തകത്തിന്റെ പേരാണ് 'മനുഷ്യന്‍ ഉണരുമ്പോള്‍' എന്ന്. മനുഷ്യര്‍ കടന്നുവന്ന വഴികളെക്കുറിച്ച് അസാധാരണമാം വിധം തെളിമയോടെ വര്‍ത്തമാനം പറയുന്ന ഒരാളാണ് നിശബ്ദയായിരിക്കുന്നത്. അര്‍ഹിക്കും വിധം അവര്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ജീവിച്ചിരിക്കുന്ന നമ്മളോരോരുത്തരുടെയും മഹാ നഷ്ടമാണത്.
അരനൂറ്റാണ്ട് മുന്‍പ് മരിച്ചു പോകുമായിരുന്നു കെ എസ് അമ്മുക്കുട്ടി. 1970 ജനുവരി ഒന്ന് മുതലാണ് കേരളത്തിലെ മിച്ചഭൂമി സമരം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബന്ധ ഭേദഗതി ബില്‍ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കേരളത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ നിന്ന് പുറപ്പെട്ട കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജാഥ ആലപ്പുഴ സമാപിക്കുകയും തുടര്‍ന്ന് ചേര്‍ന്ന സമ്മേളനത്തില്‍ കേരളത്തിലെമ്പാടും മിച്ച ഭൂമികള്‍ കയ്യേറി കുടികിടപ്പുകാര്‍ക്കും പാട്ടക്കാര്‍ക്കും ഭൂരഹിത തൊഴിലാളികള്‍ക്കും വിതരണം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയുമായിരുന്നു. എ.കെ.ജിയായിരുന്നു ആ സമ്മേളനത്തിന്റെ അധ്യക്ഷന്‍. ബില്ല് പ്രസിഡന്റ് ഒപ്പു വച്ച് നിയമമാക്കിയാലും ഇല്ലെങ്കിലും ജനുവരി ഒന്നുമുതല്‍ ബില്ല് പ്രാബല്യത്തില്‍ വരും എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ആ സമ്മേളനത്തില്‍ പങ്കെടുത്ത അമ്മുക്കുട്ടി കണ്ണൂരേക്ക് തിരിച്ചെത്തുന്നത് ആ തീരുമാനം തന്റെ മേഖലയില്‍ നടപ്പാക്കാനുള്ള ചുമതലയേറ്റുകൊണ്ടായിരുന്നു.
''ദിവസങ്ങളോളം ഞാന്‍ ബോധരഹിതയായി കിടന്നു. മാസങ്ങളോളം കിടക്കയില്‍ നിന്നും ഒന്നനങ്ങാന്‍ പറ്റിയില്ല. ശരീരം മുഴുവന്‍ വേദന കൊണ്ട് പുളയുകയായിരുന്നു. സ്വന്തം കൈ കൊണ്ട് ഒരു ബണ്ണ് കഴിക്കാന്‍ ആറ് മാസം വേണ്ടി വന്നു എനിക്ക്''
കേരളത്തിലെമ്പാടും കര്‍ഷക സംഘത്തിന്റെയും കര്‍ഷക തൊഴിലാളി യൂണിയന്റെയും നേതൃത്വത്തില്‍ മിച്ചഭൂമികള്‍ പിടിച്ചെടുത്ത് പ്രവര്‍ത്തകര്‍ ചെങ്കൊടി നാട്ടി. ഭൂപ്രമാണിമാരും പോലീസും സമരത്തെ ചോരയില്‍ മുക്കി കൊല്ലാന്‍ നോക്കി. അതൊന്നും സമര വീര്യത്തെ കെടുത്തിയില്ല. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോടായിരുന്നു അമ്മുക്കുട്ടി നേതൃത്വം കൊടുത്ത സമരകേന്ദ്രം. ആലക്കോട് രാജ കൈവശം വച്ച 56 ഏക്കര്‍ ഭൂമി സമരവളണ്ടിയര്‍മാര്‍ വളഞ്ഞു. അതിലവര്‍ അവകാശം സ്ഥാപിക്കുകയും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏത് രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും ഒരു തുണ്ട് ഭൂമി സ്വന്തമായില്ലാത്ത എല്ലാവര്‍ക്കും ഭൂമിയുടെ അവകാശം പതിച്ച് കൊടുക്കുക എന്നതായിരുന്നു തീരുമാനം.
സമരത്തിന്റെ തീവ്രതയില്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ ജന്മി തയ്യാറായി. ആലക്കോട് രാജയുടെ കൊട്ടാരത്തില്‍ നേതാക്കന്മാരെ വിളിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കൂട്ടം വനിതാ പ്രവര്‍ത്തകര്‍ക്കൊപ്പം അങ്ങോട്ട് പോവുകയായിരുന്നു അമ്മുക്കുട്ടി. വഴിയില്‍ പതിയിരുന്ന ജന്മിയുടെയും ഗവണ്മെന്റിന്റെയും ഗുണ്ടകള്‍ അവരെ ആക്രമിച്ചു. സമരത്തിന്റെ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന അമ്മുക്കുട്ടിയായിരുന്നു അവരുടെ ലക്ഷ്യം. ശരീരമാസകലം മര്‍ദ്ദനമേറ്റ അമ്മുക്കുട്ടി ബോധരഹിതയായി വീണു. പിന്നീടവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരില്ല എന്നാണ് എല്ലാവരും കരുതിയത്. ഒരു വര്‍ഷത്തെ തീവ്രമായ പരിചരണത്തിനും ചികിത്സയ്ക്കും ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് അവര്‍ മടങ്ങുന്നത്. ''ദിവസങ്ങളോളം ഞാന്‍ ബോധരഹിതയായി കിടന്നു. മാസങ്ങളോളം കിടക്കയില്‍ നിന്നും ഒന്നനങ്ങാന്‍ പറ്റിയില്ല. ശരീരം മുഴുവന്‍ വേദന കൊണ്ട് പുളയുകയായിരുന്നു. സ്വന്തം കൈ കൊണ്ട് ഒരു ബണ്ണ് കഴിക്കാന്‍ ആറ് മാസം വേണ്ടി വന്നു എനിക്ക്'' അങ്ങനെയാണ് അമ്മുക്കുട്ടി ആ കാലത്തെ ഓര്‍ത്തെടുത്തത്. അതിലുണ്ടായിരുന്നു എല്ലാം. 36 വയസായിരുന്നു അന്ന് അവരുടെ പ്രായം. അന്നത്തെ പരിക്കുകള്‍ ജീവിതകാലം മുഴുവന്‍ അവരെ പിന്തുടര്‍ന്നു.
'ഞാന്‍ രാഷ്ട്രീയ തത്വശാസ്ത്രമൊന്നും പഠിച്ചിട്ടില്ല. എല്ലാം എന്റെ അനുഭവമാണ്. ആ ജീവിതത്തിന്റെ സത്യത്തെക്കുറിച്ചുള്ള ബോധം എങ്ങനാ ഉണ്ടായതെന്നറിയുമോ? എല്ലാ ചൂഷണത്തിന്റെയും ഒരു ഭാഗം ഞങ്ങളും അനുഭവിച്ചിരുന്നു.
കെ എസ് അമ്മുക്കുട്ടി
വേദന കൊണ്ട് പുളയുമ്പോഴും അസാമാന്യമായ കരുത്തിലേക്ക് തന്നെ പരുവപ്പെടുത്തുകയായിരുന്നു അമ്മുക്കുട്ടി. പരിക്കില്‍ നിന്നും ഏകദേശം മോചിതയായ അവര്‍ കൂടുതല്‍ വീര്യത്തോടെ കര്‍ഷക തൊഴിലാളികളെയും ആദിവാസികളെയും സംഘടിപ്പിച്ചു. കേരളത്തില്‍ മണ്ണില്‍ അധ്വാനിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും സംഘാടകയും നേതാവുമായി അവര്‍ വളര്‍ന്നു.
ത്രസിപ്പിക്കുന്ന ജീവിതമാണ് കെ എസ് അമ്മുക്കുട്ടിയുടേത്. പതിമൂന്നാം വയസില്‍ കോട്ടയത്ത് നിന്നും വടക്കേ മലബാറിലെ കാര്‍ത്തികപുരമെന്ന കാട് നിറഞ്ഞ മലമ്പ്രദേശത്തേക്ക് കുടുംബത്തോടോപ്പം കുടിയേറിയതാണ് അമ്മുക്കുട്ടി. അതോടെ അഞ്ചാം ക്ലാസില്‍ വച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നു. കാട്ടില്‍ മുള വെട്ടി കുടില്‍ കെട്ടി അവര്‍ താമസം തുടങ്ങി. ആദിവാസികളായിരുന്നു അവിടെ ഭൂരിപക്ഷവും. ഒപ്പം ദരിദ്രരും പിന്നോക്ക ജാതിക്കാരുമായ ചുരുക്കം ചില കുടിയേറ്റക്കാര്‍. കാലവര്‍ഷം വന്നാല്‍ ഉപ്പ് കിട്ടാത്ത കാലമാണ്. മലവെള്ളത്തിനൊപ്പം മാറാരോഗങ്ങളും കുത്തിയൊലിച്ച് വന്നിരുന്ന കാലം. ആനയും മറ്റ് കാട്ടുമൃഗങ്ങളും പകലിറങ്ങി നടന്നിരുന്ന കാലം.അവസാനമില്ലാത്ത പട്ടിണിയുടെയും വറുതിയുടെയും കാലം. കൂലിയായി ലഭിക്കുന്ന നെല്ല് ഒരിത്തിരി അധികം കിട്ടാന്‍ തന്റെ മാതാപിതാക്കള്‍ക്കൊപ്പം അമ്മുക്കുട്ടിയുടെ ജന്മിയുടെ കൃഷിയിടത്തില്‍ പണിക്ക് പോയിത്തുടങ്ങി.
''പട്ടിണിയല്ലേ കുഞ്ഞേ, രാവേറും വരെ പണിയെടുത്താലും ഒരിത്തിരിയല്ലേ കിട്ടത്തൊള്ളൂ. കുഞ്ഞാണെങ്കിലും ഞാന്‍ കൂടെ പോയാല്‍ അത്രേം കൂടിയായല്ലോ എന്ന് കരുതി'' അക്കാലത്തെക്കുറിച്ച് അമ്മുക്കുട്ടിയേച്ചി പറഞ്ഞതാണ്.
''രാവന്തിയോളം നീളുന്ന പണിയാണ്. രാവിലെ ഏഴുമണിക്ക് പണിക്കെത്തിയിരിക്കണം. ഒരു മിനിട്ട് വൈകിയാല്‍ പിന്നെ അന്ന് പണിയില്ല. വൈകുന്നേരം ഏഴ് മണിവരെ അത് നീളും. അപ്പഴേക്കും നല്ല ഇരുട്ടായിട്ടുണ്ടാകും. കാട്ടിലൂടെ നടന്നു വേണം വീട്ടിലെത്താന്‍. ഇലക്ട്രിക് ടോര്‍ച്ചൊന്നും കയ്യിലില്ല. ഏറ്റവും മുന്നില്‍ ഒരു ചൂട്ടും കത്തിച്ച് ഒരാള്‍ നടക്കും. അയാളുടെ വസ്ത്രത്തിന്റെ അറ്റം പിടിച്ച് പിന്നിലുള്ളയാള്‍. ആ നിര അങ്ങനെ നീളും. ഒരിക്കല്‍ ഒരു ആനയുടെ മുന്നില്‍ പെട്ടു. എന്തോ ഭാഗ്യത്തിന് രക്ഷപെട്ടു.''
അക്രമപ്പിരിവിന്റെയും ചൂഷണത്തിന്റെയും കൂടി കാലമായിരുന്നു അത്. മൃഗങ്ങളെ പോലെ പണിയെടുപ്പിച്ച ശേഷം വിശന്നൊട്ടുന്ന തൊഴിലാളിക്ക് കുഴിയില്‍ ഇലയിട്ട് കഞ്ഞി കൊടുത്തിരുന്ന കാലം. അടിമത്തൊഴിലാളികള്‍ ഉണ്ടായിരുന്ന കാലം. അവകാശങ്ങളെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാതെ വിധേയത്വത്തിന്റെ ചങ്ങലകളില്‍ മനുഷ്യര്‍ വിധിയെന്ന് വിശ്വസിച്ച് ബന്ധിതരാക്കപ്പെട്ടിരുന്ന കാലം. ആ കാലത്തോടുള്ള പോരാട്ടമാണ് ചെറുപ്പക്കാരിയായ അമ്മുക്കുട്ടിയെ കമ്യൂണിസ്റ്റുകാരിയാക്കി മാറ്റുന്നത്. ആദിവാസികളെ സംഘടിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ വരുമായിരുന്നു. ഏതെങ്കിലുമൊരു ആദിവാസി കൂരയ്ക്ക് മുന്നിലാണ് അവര്‍ എല്ലാവരെയും വിളിച്ച് കൂട്ടി ഇരിക്കുക. മെല്ലെ മെല്ലെ കുടിയേറി വന്ന ദരിദ്രകര്‍ഷകരെയും തൊഴിലാളികളെയും കൂടി അവര്‍ വിളിച്ച് ചേര്‍ക്കാന്‍ തുടങ്ങി. ആ കൂട്ടത്തിലേക്ക് അമ്മുക്കുട്ടി മെല്ലെ മെല്ലെ ചേരുകയായിരുന്നു. എ.വി കുഞ്ഞമ്പുവും പാച്ചേനി കുഞ്ഞിരാമനും കെ.കെ.എന്‍ പരിയാരവും എല്ലാം നാട്ടുഭാഷയില്‍ വിശദീകരിച്ചിരുന്ന കാര്യങ്ങളുമായി തന്റെ ജീവിതത്തെയും ചേര്‍ത്ത് വായിക്കാന്‍ അമ്മുക്കുട്ടിക്ക് സാധിച്ചു.
''ഞാന്‍ രാഷ്ട്രീയ തത്വശാസ്ത്രമൊന്നും പഠിച്ചിട്ടില്ല. എല്ലാം എന്റെ അനുഭവമാണ്. ആ ജീവിതത്തിന്റെ സത്യത്തെക്കുറിച്ചുള്ള ബോധം എങ്ങനാ ഉണ്ടായതെന്നറിയുമോ? എല്ലാ ചൂഷണത്തിന്റെയും ഒരു ഭാഗം ഞങ്ങളും അനുഭവിച്ചിരുന്നു. നമ്മുടെ പാച്ചേനിയും ഏ.വിയും (കെ കെ എന്‍) പരിയാരവും മലയിലേക്ക് വന്ന് ഭൂരിപക്ഷം ആദിവാസികളോടും കുറച്ച് കുടിയേറ്റക്കാരോടും അവരുടെ കൂരയില്‍ ചാരി ഇരുന്ന് എന്തുകൊണ്ട് അവരെല്ലാം സംഘടിക്കണമെന്നതിനെ കുറിച്ച് വിശദീകരിച്ചു. ഇതൊക്കെ എന്റേം കൂടെ അനുഭവമാണല്ലോ എന്ന് ഞാന്‍ ആലോചിച്ചു. ഈ അനീതികള്‍ക്കെല്ലാമെതിരെ ശബ്ദമുയര്‍ത്താന്‍ എന്റെ പാര്‍ട്ടിക്ക് മാത്രമേ സാധിക്കൂ എന്ന് അന്നുമുതല്‍ ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങി. എന്റെ മരണം വരെ ആ വിശ്വാസം അങ്ങനെ തന്നെയുണ്ടാകും''. സര്‍വകലാശാലകള്‍ക്ക് പഠിപ്പിക്കാനാകാത്തത് ആലക്കോട്ടെ ആദിവാസി കുടിലുകള്‍ക്ക് മുന്നില്‍ നിന്ന് അമ്മുക്കുട്ടി പഠിച്ചിട്ടുണ്ട്. തന്റെ കുടുംബത്തില്‍ ആരും കമ്യൂണിസ്റ്റ് അല്ലാതിരുന്നിട്ടും അമ്മുക്കുട്ടി മെല്ലെ ഒരു കമ്യൂണിസ്റ്റായി മാറുകയായിരുന്നു. ഏറെ വൈകാതെ തന്നെ മര്‍ദ്ദിതരായ മനുഷ്യരുടെ മോചനത്തിനായി തന്നെ പൂര്‍ണമായും സമര്‍പ്പിച്ച ജീവിതമായി അത് മാറി.
മനുഷ്യര്‍ കൂലിക്കും ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള സമരത്തിലായിരുന്നു. ഒരു പ്രത്യേക ക്രമം അനുസരിച്ച് കൂലിയായി അവര്‍ക്ക് നെല്ല് കിട്ടിയിരുന്ന ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ ദിവസം ചൊവ്വയോ വെള്ളിയോ ആയി വരികയാണെങ്കില്‍ അന്ന് കൂലി ഇല്ല. അന്ന് പത്തായം തുറന്ന് നെല്ല് എടുക്കുന്നത് പത്തായത്തിന്റെ ഐശ്വര്യം ഇല്ലാതാക്കും എന്നായിരുന്നു ജന്മിമാരുടെ വിശ്വാസം.
''ഞങ്ങളായിരുന്നില്ലേ ആ പത്തായം നിറച്ചതും ഐശ്വരം കൊണ്ടുവന്നതും? അന്ന് ഞങ്ങള്‍ക്ക് അത് അറീല്ലാരുന്നു. അങ്ങനൊരു ബോധം അന്ന് വളര്‍ന്നിരുന്നില്ല''. മനുഷ്യാദ്ധ്വാനത്തെക്കുറിച്ചുള്ള ആ ബോധം കൂടി കരുപ്പിടിപ്പിക്കുകയായിരുന്നു അമ്മുക്കുട്ടിയും സഖാക്കളും ചെയ്തത്. 'തമ്പ്രാനെന്ന് വിളിക്കില്ല, പാളേല്‍ കഞ്ഞി കുടിക്കില്ല' എന്ന മുദ്രാവാക്യം വിളിച്ചവര്‍ അവകാശ ബോധത്തിന്റെ വിശാലമായ ആകാശത്തേക്ക് നിവര്‍ന്ന് നില്‍ക്കാന്‍ ശീലിക്കുകയായിരുന്നു. ശരീര ഭാഷയും വാക്കുകളും ആചാരങ്ങളും വിശ്വാസങ്ങളും കൂടി അട്ടിമറിച്ചുകൊണ്ടാണ് വര്‍ഗരാഷ്ട്രീയം അതിന്റെ കരുത്താര്‍ജ്ജിക്കുന്നതെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ പറഞ്ഞുതരാന്‍ അമ്മുക്കുട്ടിയേച്ചിക്ക് ഉണ്ടായിരുന്നു.
സ്ത്രീ വിമോചന പോരാട്ടത്തിന്റെയും മുന്‍പന്തിയില്‍ അമ്മുക്കുട്ടിയുണ്ടായിരുന്നു. കേരളത്തില്‍ ആദ്യമായി സ്ത്രീകള്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് ചെയ്യുന്നത് അമ്മുക്കുട്ടിയുടെ നേതൃത്വത്തിലായിരുന്നു. ആലപ്പുഴ നെഹ്രു ട്രോഫി വാര്‍ഡില്‍ പോലീസുകാര്‍ സ്ത്രീകളെ ബലാത്സംഘം ചെയ്ത വാര്‍ത്ത അറിഞ്ഞപ്പോഴായിരുന്നു അത്. അന്ന് മഹിളാ ഫെഡറേഷന്റെ ആലക്കോട് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന അമ്മുക്കുട്ടിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പിന്നീട് ചെന്നൈയില്‍ വച്ച് അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ രൂപീകരണ സമ്മേളനം നടന്നപ്പോള്‍ അതില്‍ പ്രതിനിധിയായും അവര്‍ പങ്കെടുത്തു. പൊതു ഇടങ്ങളില്‍ ഇടപെടുന്ന സ്ത്രീകളെ അപഹസിക്കാനും നിശബ്ദയാക്കാനും നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന തന്ത്രങ്ങള്‍ക്കെതിരെ കൂടിയായിരുന്നു അമ്മുക്കുട്ടിയുടെ സമരങ്ങള്‍.
കര്‍ഷകത്തൊഴിലാളി സംഘടന തന്നെയായിരുന്നു അമ്മുക്കുട്ടിയേച്ചിയുടെ പ്രധാന പ്രവര്‍ത്തന മേഖല. കാടും മലയും കയറി അവര്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. ഗതാഗത സൗകര്യം തീരെ വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് ലോറിയില്‍ കയറിയും ജീപ്പില്‍ തൂങ്ങിയും അവര്‍ ഓരോയിടത്തുമെത്തി. പാര്‍ട്ടി ഓഫീസുകളിലായിരുന്നു പലപ്പോഴും കിടന്നുറങ്ങിയിരുന്നത്. വയനാടും കോഴിക്കോടും കാസര്‍ഗോഡുമെല്ലാം സംഘടനാ ചുമതലയുള്ള നേതാവായി അവര്‍ വളര്‍ന്നു. കേരള സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്റെ ഉപാദ്ധ്യക്ഷയും തുടര്‍ന്ന് അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റെ ഏറ്റവും ഉന്നത സമിതിയായ വര്‍ക്കിങ് കമ്മറ്റിയംഗവുമായി. ആ സ്ഥാനത്തെത്തുന്ന ആദ്യത്തെ മലയാളി വനിതയായിരുന്നു കെ എസ് അമ്മുക്കുട്ടി. അന്ന് അതേ സമിതിയിലെ മറ്റൊരംഗമായി ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറ്റവും ഉന്നതരായ നേതാക്കളില്‍ ഒരാള്‍ ഹര്‍കിഷന്‍ സിങ് സുര്‍ജീത്തുമുണ്ടായിരുന്നു. 'കോമ്രേഡ് ആമ്മക്കുട്ടീ..' എന്ന സുര്‍ജീത്തിന്റെ വിളിയെക്കുറിച്ച് പറഞ്ഞ് മലയാളികളായ മറ്റ് സഖാക്കള്‍ സ്‌നേഹത്തോടെ കളിയാക്കുമായിരുന്നു എന്ന് പറഞ്ഞ് നിറഞ്ഞ് ചിരിച്ചിരുന്നു അമ്മുക്കുട്ടിയേച്ചി.
''സഖാവ് സുര്‍ജീത്തിന്റെ കൂടെ എന്റെ പേരും എഴുതിയില്ലേ. അതിനു മാത്രം ഈ പാര്‍ട്ടി അഞ്ചാം ക്ലാസ് വരെ മാത്രം പഠിച്ച എന്നെ വളര്‍ത്തിയില്ലേ. അതിനപ്പുറം എന്തു വേണം കുഞ്ഞേ'' ആ നിഷ്‌കളങ്കത കൂടിയായിരുന്നു കെ എസ് അമ്മുക്കുട്ടി. മലയോര മേഖലയിലെ സഹകരണ പ്രസ്ഥാനത്തിന്റെയും തദ്ദേശ ഭരണ സ്ഥാപനത്തിന്റെയുമെല്ലാം സാരഥ്യത്തിലേക്ക് അവര്‍ നടന്നുകയറുന്നുണ്ട്. സംശയങ്ങള്‍ക്കതീതമാം വിധം മലബാറിലെ മലയോരം കണ്ട ഏറ്റവും ഉജ്ജ്വല സംഘാടകയായിരുന്നു കെ എസ് അമ്മുക്കുട്ടി.
അമ്മുക്കുട്ടിയേച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ് ആരംഭിച്ച ഈ പകല്‍ അവസാനിക്കുകയാണ്. പുലരും മുന്‍പേ ഇരുള്‍ വീണൊരു ദിവസം കടന്നു പോകുന്നു. പയ്യാമ്പലത്ത് ഒരു ചരിത്രം ഉറങ്ങാന്‍ കിടക്കുന്നു. ആ ചരിത്രത്തോട് മനുഷ്യ വംശം കടപ്പെട്ടിരിക്കുന്നു.