ഗ്രാമ്യതയെ ഇത്രമേല്‍ ജൈവികമായും വൈവിദ്ധ്യാത്മകമായും അടയാളപ്പെടുത്തിയ മറ്റൊരു പെണ്‍മൊഴിയും ശരീരവും മലയാള സിനിമയില്‍ വേറെയുണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം.
നാട്ടിന്‍പുറങ്ങളുടെ സാമൂഹിക-സാംസ്‌ക്കാരിക മൂല്യങ്ങളെ അയത്‌നസുന്ദരമായി ഉല്‍പാദിപ്പിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു കെ.പി.എ.സി ലളിതയുടെ ശരീരഭാഷയും ഭാവചലനങ്ങളും സംഭാഷണശൈലിയും.
ഒരു കഥാപാത്രത്തെ അതിന്റെ വേരുകളോടെ തിരിച്ചറിഞ്ഞ് വ്യത്യസ്തമാക്കാനുള്ള അപൂര്‍വ്വശേഷി ലളിതയ്ക്കുണ്ടായിരുന്നു. ഒരേ സാമൂഹിക-സാമുദായിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള കഥാപാത്രങ്ങളെ വിവിധ ചിത്രങ്ങളില്‍ അവതരിപ്പിച്ചപ്പോഴും അവയുടെ ജീവിതാവസ്ഥകളെ തൊട്ടറിഞ്ഞ പ്രകടന വൈവിദ്ധ്യത്താല്‍ ആ കഥാപാത്രങ്ങളെ അവര്‍ വേറിട്ടു നിര്‍ത്തി. അവരുടെ ചില ക്രിസ്ത്യന്‍ കഥാപാത്രങ്ങളെ ഓര്‍മ്മിക്കാം.
സ്ഫടികത്തില്‍ ആടുതോമായെ അപ്പന്‍ ചാക്കോ മാഷ് മര്‍ദ്ദിക്കുന്ന രംഗത്തില്‍ കരഞ്ഞും നിലവിളിച്ചും വൈകാരികമായി പ്രതികരിച്ചും കെ.പി.എ.സി ലളിതയുടെ പൊന്നമ്മയെന്ന അമ്മച്ചി കഥാപാത്രം ആ കഥാസന്ദര്‍ഭത്തിന്റെ സംഘര്‍ഷാത്മകതയെ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍, 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ സമാനമായ ഒരു രംഗത്തില്‍ ലളിതയുടെ പ്രകടനം മറ്റൊരു ദൗത്യത്തെയാണ് നിര്‍വ്വഹിക്കുന്നത്.
ആരുമറിയാതെ മകന്റെയൊപ്പം നാടകം കളിക്കാന്‍ പോയി രാത്രി ഏറെ വൈകി വീട്ടിലെത്തിയ അപ്പന്‍ (തിലകന്‍) മകനെ (ജയറാം) ഉന്തിത്തള്ളി മുറിയിലാക്കിമര്‍ദ്ദിക്കുന്നതായി അഭിനയിക്കുന്ന രംഗത്തില്‍ അടഞ്ഞ വാതിലിനു പുറത്ത് അമ്മച്ചി മേരിപ്പെണ്ണിന്റെ കരച്ചിലും പിഴിച്ചിലുമുണ്ട്. മൂത്ത മകനെയും ( സിദ്ദിഖ്) മറ്റു വീട്ടുകാരെയും ബോധിപ്പിക്കാനായി മാത്രം അത്തരമൊരു 'മര്‍ദ്ദനനാടകം' മുറിയ്ക്കകത്ത് അരങ്ങേറുമ്പോള്‍ പ്രേക്ഷകഹൃദയങ്ങളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഹാസ്യരസത്തെ യാതൊരു വിധത്തിലും റദ്ദുചെയ്യപ്പെടാത്ത രീതിയില്‍, മേരിപ്പെണ്ണിന്റെ കരച്ചിലിനെയും ആധിയെയും മറ്റൊരു പ്രതലത്തിലേയ്ക്ക് നീക്കിനിര്‍ത്താന്‍ ലളിതയ്ക്ക് കഴിയുന്നു.
കോട്ടയം കുഞ്ഞച്ചനിലാകട്ടെ, അയല്‍ക്കാരന്റെ അതിക്രമങ്ങളില്‍ കണ്ണു നിറയുമ്പോഴും മൂക്കുപിഴിയുമ്പോഴും പോലും ലളിതയുടെ മുഖത്തും ശരീരഭാഷയിലും പ്രതികാരവാഞ്ഛയും ആങ്ങളമാരുടെ കൈക്കരുത്തിലുള്ള വിശ്വാസത്തിന്റെ ഊറ്റവും ദൃശ്യമാണ്. 'മനസ്സിനക്കരെ' യില്‍ കൊച്ചുത്രേസ്യയായി ഷീല അത്ര നൈസര്‍ഗ്ഗികമല്ലാത്ത, പലപ്പോഴും കൃത്രിമത്വം പ്രസരിപ്പിക്കുന്ന ഭാവചലനങ്ങളോടെ സ്‌ക്രീനില്‍ നിറയുമ്പോള്‍ അവരോടൊപ്പം കുഞ്ഞുമറിയയായി കെ.പി.എ.സി ലളിത വരുന്ന രംഗങ്ങളാകട്ടെ ജൈവികതയും യാഥാര്‍ത്ഥ്യബോധവും കൊണ്ട് വേറിട്ടുനില്ക്കുന്നു.
രണ്ട് അഭിസാരിക കഥാപാത്രങ്ങള്‍ ഓര്‍മ്മ വരുന്നു. പെരുവഴിയമ്പലത്തിലെ, നാട്ടിന്‍പുറത്തെ അഭിസാരികയുടെ ഗതികെട്ട ജീവിതാവസ്ഥകളോടുള്ള പൊരുത്തപ്പെടലിന്റെ ശരീരതാളവും 'സദയ'ത്തിലെ അഭിസാരികയിലെ വില്പനയുടെയും കമ്പോളത്തിന്റെയും ലജ്ജയില്ലാത്ത പ്രകടനപരതയും! രണ്ടും എത്രമേല്‍ വ്യത്യസ്തം!
ഗാന്ധിനഗര്‍ സെക്കന്റ്‌സ്ട്രീറ്റില്‍ അവസാനരംഗത്തില്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന മമ്മൂട്ടിയുടെ ബാലചന്ദ്രനെന്ന കഥാപാത്രത്തോട് ഭാര്യയെക്കുറിച്ചും ഗൂര്‍ഖയെക്കുറിച്ചും അപവാദം പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്ന അയല്‍ക്കാരുടെ മുന്‍നിരയില്‍ ലളിതയുടെ കഥാപാത്രവുണ്ട്. 'കുറച്ചൊക്കെ നമ്മള്‍ ക്ഷമിക്കണം ബാലാ, അതിക്രമമൊന്നും കാണിക്കരുത്. കൊലക്കുറ്റത്തിന് സാക്ഷി പറയാന്‍ ഞങ്ങള്‍ക്ക് വയ്യ ' എന്നാണ് ഉപദേശിക്കുന്നതെങ്കിലും ആ പറഞ്ഞതെല്ലാം കണ്ടുരസിക്കാന്‍ ആഗ്രഹമുള്ള സദാചാരക്കാരുടെ മനസ്സ് തന്റെ കഥാപാത്രത്തിന്റെ മുഖത്ത് സമര്‍ത്ഥമായും സൂക്ഷ്മമായും തെളിയിച്ചുനിര്‍ത്താന്‍ ലളിതയ്ക്കു കഴിയുന്നുണ്ട്.
'കനല്‍ക്കാറ്റി'ല്‍ തനിക്ക് ഗര്‍ഭമുണ്ടെന്ന് അഭിനയിച്ച് നത്തു നാരായണനെ വളഞ്ഞിട്ടുപിടിക്കാന്‍ ശ്രമിക്കുന്ന ഓമനയുടെ ഹാസ്യാത്മകതയ്ക്കടിയില്‍ സ്‌നേഹനിരാസങ്ങളിലും ആത്മ നിഷേധങ്ങളിലും പൊള്ളുന്ന ഒരു മദ്ധ്യവയസ്‌ക്കയുടെ മനസ്സ് ലളിത വിളക്കിച്ചേര്‍ക്കുന്നുണ്ട്.
ഒരു സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ക്ലാസ് ആക്കണോ മാസ് ആക്കണോ ചളമാക്കണോയെന്ന് ജഗതി ശ്രീകുമാര്‍ സംവിധായകരോട് തിരക്കാറുണ്ടായിരുന്നുവെന്നറിയാം. അഭിനേത്രികള്‍ക്കിടയില്‍ അത്തരത്തില്‍ കഥാപാത്രങ്ങളെ സമീപിക്കാന്‍ കെല്‍പ്പുണ്ടായിരുന്ന ആളായിരുന്നു ലളിത. പ്രകടനത്തെ 'ലൗഡ്' ആക്കാനും അത്ഭുതപ്പെടുത്തുംവിധം നിയന്ത്രിതമാക്കാനും അവര്‍ക്കു കഴിയുമായിരുന്നു. അതീവഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ കഥാപാത്രത്തിന്റെ സ്ഥായീഭാവത്തെ തിരിച്ചറിഞ്ഞ് അത് ഒരു നിമിഷം പോലും പ്രകടനത്തില്‍ കൈമോശം വരാതെ കാത്തു സൂക്ഷിക്കാന്‍ ഒരഭിനേതാവിന് കഴിഞ്ഞാല്‍ അത് മനുഷ്യന്റെ വൈകാരികാവസ്ഥകളുടെ എന്നും പ്രസക്തവും ദീപ്തവുമായ ആവിഷ്‌ക്കാരമായി മാറും. 'ചിദംബര'ത്തില്‍ ഭരത്‌ഗോപി ഇന്ത്യന്‍ സിനിമയിലെ കുറ്റബോധത്തിന്റെ അവസാനവാക്കായി മാറുന്നതുപോലെ 'ശാന്തം' എന്ന ചിത്രത്തില്‍ കെ.പി.എ.സി ലളിത പുത്രദുഃഖത്തിന്റെയും മാതൃമനസ്സിന്റെയും അവസാനത്തെ കടലാകുന്നത് ആ സവിശേഷസിദ്ധി കൊണ്ടാണ്.
ശബ്ദം കൊണ്ടും മോഡുലേഷന്‍ കൊണ്ടും വൈകാരികതയുടെ പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ നടന്മാര്‍ക്കിടയില്‍ മമ്മൂട്ടിയെന്ന പോലെ നടിമാര്‍ക്കിടയില്‍ ലളിതയും ആകാശം തൊടുന്നു.
അമ്മ വേഷങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ട കാലത്തും കവിയൂര്‍ പൊന്നമ്മയെപ്പോലെ നന്മയുടെ രൂപക്കൂട്ടില്‍ അടയ്ക്കപ്പെട്ട അമ്മയായി മാത്രം രൂപാന്തരപ്പെട്ടില്ല കെ.പി.എ.സി ലളിത. ആ സ്വാതന്ത്ര്യം തന്നെയാണ് കടപ്പുറത്ത് കൊള്ളരുതായ്മ പറയുന്ന ആണുങ്ങളെ ആട്ടാനും മകനെ കടലില്‍ കൊണ്ടുപോയി കൊന്നുവെന്ന് പറഞ്ഞ് അച്ചൂട്ടിയെ ഒതുക്കമോ മറയോ ഇല്ലാതെ പ്രാകാനും (അമരം) കഴിയുന്ന ഭാര്‍ഗ്ഗവിയിലേയ്ക്കും അസൂയയും ആര്‍ത്തിയും കുശുമ്പുമൊക്കെയുള്ള, യാഥാര്‍ത്ഥ്യബോധത്തെ പ്രസരിപ്പിച്ച നിരവധി കഥാപാത്രങ്ങളിലേയ്ക്കും കൂടി നടന്നുകയറിക്കൊണ്ട് ലളിത എന്ന അഭിനേത്രി ആഘോഷിച്ചത്.
സ്വാഭാവികാഭിനയശൈലി പിന്തുടരുന്ന ഒരു അഭിനേതാവിന്റെയോ അഭിനേത്രിയുടെയോ എറ്റവും വലിയൊരു വെല്ലുവിളി സ്വയം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ്. 50 വര്‍ഷങ്ങളും 550 ചിത്രങ്ങളും കടന്ന് നീളുന്ന അഭിനയചരിത്രമുള്ള കെ.പി.എ.സി ലളിത ആ വെല്ലുവിളിയെ സമര്‍ത്ഥമായും ഫലപ്രദമായും എതിരിട്ടുവെന്നത് തന്റെ കഥാപാത്രങ്ങളെ അതിന്റെ സൂക്ഷ്മമായ സാമൂഹ്യപശ്ചാത്തല വൈവിദ്ധ്യങ്ങളോടെയും ജീവിതാവസ്ഥകളുടെ വിപുല വ്യാഖ്യാനങ്ങളോടെയും ഉള്‍ക്കൊള്ളാനും ആ അറിവിനെ ക്യാമറയ്ക്കു മുമ്പില്‍ തന്റെ കലയായി പുനരുല്പാദിപ്പിക്കാനുമുള്ള ആ അഭിനേത്രിയുടെ സമാനതകളില്ലാത്ത സിദ്ധിവിശേഷത്തെ രേഖപ്പെടുത്തുന്നു.അതുകൊണ്ടുതന്നെ, 2 ദേശീയ പുരസ്‌കാരങ്ങള്‍ക്കും നാല് സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ക്കുമപ്പുറം ആ അഭിനേത്രി ചരിത്രത്തിലും പ്രേക്ഷകഹൃദയങ്ങളിലും അടയാളപ്പെടുന്നത് അവരുടെ പ്രകടനങ്ങളിലെ സൂക്ഷ്മനിയന്ത്രണം കൊണ്ടും ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളെപ്പോലും അവരുടെ സാമൂഹിക-സാംസ്‌ക്കാരിക ഭേദങ്ങളെ ഉള്‍ക്കൊണ്ട് വൈവിധ്യങ്ങളോടെ ആവിഷ്‌ക്കരിച്ച അഭിനയസമീപനങ്ങള്‍ കൊണ്ടുമായിരിക്കും.
കടന്നുപോകുന്നത് മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പൂര്‍ണ്ണതയോട് ഏറെയടുത്തു നില്‍ക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ അഭിനേത്രികളിലൊരാളാണ്. തന്റെ കലയെ തന്റെ സ്മാരകമാക്കാന്‍ കഴിഞ്ഞ അപൂര്‍വ്വം പ്രതിഭകളിലൊരാള്‍ .