നിലക്കാത്ത ശബ്ദം; കെ പി ശശി ഉറങ്ങില്ല

നിലക്കാത്ത ശബ്ദം; കെ പി ശശി ഉറങ്ങില്ല
Published on
Summary

ഇന്ത്യയിലെ ജനാധിപത്യവും മനുഷ്യാവകാശവും മതേതരത്വവും നീതിയും നിലനില്‌ക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ആ യാഥാര്‍ത്ഥ്യമാണ് കെ പി ശശി എന്നും ഉയര്‍ത്തിപ്പിടിച്ചത്. ജി പി രാമചന്ദ്രന്‍ എഴുതുന്നു

ജെ എന്‍ യുവില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കാര്‍ട്ടൂണുകള്‍ വരച്ചുകൊണ്ടാണ്, കെ പി ശശി തന്റെ സാമൂഹ്യവിമര്‍ശനാവിഷ്‌ക്കാര പ്രക്രിയക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന കെ ദാമോദരന്റെ മകനാണ് ശശി. എണ്‍പതുകളുടെ തുടക്കത്തില്‍ 8 എം എമ്മില്‍ പരീക്ഷണ ചിത്രങ്ങളെടുത്തുകൊണ്ട് അദ്ദേഹം സിനിമാരംഗത്തേക്ക് പ്രവേശിച്ചു. എല്ലാ അര്‍ത്ഥത്തിലും സമാന്തര ചലച്ചിത്രകാരന്‍ എന്നു വിളിക്കാവുന്ന പ്രതിഭയാണ് ശശി. അദ്ദേഹത്തിന്റെ ഫീച്ചറുകള്‍, ഇലയും മുള്ളും, ഏക് അലക് മൗസം, ശ് സൈലന്‍സ് പ്ലീസ് എന്നിവയാണ്. സ്ത്രീകള്‍ക്കെതിരായ സാമൂഹ്യവും വ്യക്തിപരവുമായ ആക്രമണങ്ങള്‍ തുറന്നു കാട്ടുന്ന ഇലയും മുള്ളും പൂര്‍ണ അര്‍ത്ഥത്തിലുള്ള ആദ്യത്തെ മലയാളം ഫെമിനിസ്റ്റ് സിനിമയാണ്.

ശശി നിരവധി ഡോക്കുമെന്ററികളെടുത്തിട്ടുണ്ട്. അവയെല്ലാം തന്നെ പ്രതിരോധത്തിന്റെ സമരവീര്യം പ്രസരിപ്പിക്കുന്നവയാണ്. സയന്‍സ് ടു പീപ്പിള്‍, വി ഹു മേക്ക് ഹിസ്റ്ററി, ലിവിംഗ് ഇന്‍ ഫിയര്‍, ഇന്‍ ദ നെയിം ഓഫ് മെഡിസിന്‍, എ കാംപയിന്‍ ബിഗിന്‍സ്, എ വാലി റെഫ്യൂസസ് ടു ഡൈ, ദ വിംഗ്‌സ് ഓഫ് കൊക്രെബെല്ലൂര്‍, വോയ്‌സസ് ഫ്രം ഡിസാസ്റ്റര്‍, ഡെവലപ്‌മെന്റ് അറ്റ് ഗണ്‍ പോയന്റ്, ദ സോഴ്‌സ് ഓഫ് ലൈഫ് ഫോര്‍ സെയില്‍, റീ ഡിഫൈനിംഗ് പീസ് - വുമണ്‍ ലീഡ് ദ വേ, ദ ടൈം ആഫ്റ്റര്‍ സുനാമി, ഈഫ് ഇറ്റ് റെയിന്‍സ് എഗെയിന്‍, റെസിസ്റ്റിംഗ് കോസ്റ്റല്‍ ഇന്‍വേഷന്‍, വോയ്‌സസ് ഫ്രം ദ റുയിന്‍സ് എന്നിവയാണ് കെ പി ശശിയുടെ ഡോക്കുമെന്ററികള്‍. അദ്ദേഹം സംവിധാനം ചെയ്ത യുദ്ധ വിരുദ്ധ സംഗീത വീഡിയോ ആയ അമേരിക്ക അമേരിക്ക പതിനായിരക്കണക്കിന് വേദികളിലാണ് പ്രദര്‍ശിപ്പിച്ചത്. നിരവധി മേളകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കെ പി ശശിക്ക് ഏറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

ഡോക്കുമെന്ററി, ഫീച്ചര്‍ സിനിമകള്‍ക്കു പുറമെ, കവിത, കാര്‍ട്ടൂണ്‍, ഓണ്‍ലൈന്‍ പെറ്റീഷനുകള്‍, കേസുകള്‍ എന്നിങ്ങനെ ആക്ടിവിസത്തിന്റെ പര്യായം തന്നെയായിരുന്നു കെ പി ശശി.

കെ പി ശശിയുടെ ഫാബ്രിക്കേറ്റഡ് (കെട്ടിച്ചമച്ചത്) എന്ന ഡോക്കുമെന്ററി, അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ നീണ്ടു പോയ വിചാരണത്തടവിനെക്കുറിച്ചാണ്. മൊണ്ടാഷ് മൂവി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി പഴയ ബസ് സ്റ്റാന്റിനുള്ളിലുള്ള തുറന്ന ചത്വരത്തില്‍ പ്രദര്‍ശിപ്പിച്ചത് മറക്കാത്ത ഓര്‍മ്മയാണ്. ആ പ്രദര്‍ശനത്തില്‍ ശശിയും പങ്കെടുത്തു. കൂടാതെ കെ കെ ഷാഹിനയും ജയന്‍ ചെറിയാനുമുണ്ടായിരുന്നു. അന്ന് ആ സിനിമയുടെ വികാരനിര്‍ഭരമായ അവതരണം, കാണികളായ നമ്മളില്‍ ഇനി പ്രത്യാശയൊന്നും അവശേഷിപ്പിക്കാത്ത വിധത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയിലെ ജയിലുകളില്‍ വിചാരണയും കാത്ത് കഴിയുന്ന നിരപരാധികളായ ആയിരക്കണക്കിന് തടവുകാരുടെ ദുര്‍വിധിയോര്‍ത്ത് നെടുവീര്‍പ്പിടാന്‍ മാത്രം ദുസ്സഹമായിക്കഴിഞ്ഞുവോ നമ്മുടെ ജനാധിപത്യവും സ്വാതന്ത്ര്യവും ഭരണഘടനയും അതിന്റെ നൂറായിരം സ്ഥാപനങ്ങളും? ഇന്ത്യയിലെ ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും എപ്പോഴൊക്കെ, എപ്രകാരം അപഹാസ്യ നാടകമായി മാറുന്നു എന്നതാണ് ഫാബ്രിക്കേറ്റഡ് എന്ന ഡോക്കുമെന്ററിയുടെ പ്രമേയം.

ഒറീസയിലെ കന്ദമാലില്‍, ദളിത് ക്രൈസ്തവര്‍ക്കെതിരെ ഫാസിസ്റ്റുകള്‍ നടത്തിയ നരവേട്ട വോയ്‌സസ് ഫ്രം ദ റുയിന്‍സ് എന്ന പ്രസിദ്ധമായ ഡോക്കുമെന്ററിയില്‍ അദ്ദേഹം രേഖപ്പെടുത്തി. ഈ സിനിമ ചെയ്തതിനെ തുടര്‍ന്ന് ഏറെക്കാലം ഇന്ത്യയുടെ ദുരവസ്ഥയെ സംബന്ധിച്ചുള്ള പ്രചാരണങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടു.

ഇന്ത്യയിലെ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കാനും മനുഷ്യരെ ചൂഷണം ചെയ്യാനുമായി സ്വദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് മുഴുവന്‍ അധികാരവും കൈവന്നിരിക്കുന്നു. ആദിവാസികളും ദളിതരും ന്യൂനപക്ഷങ്ങളും സ്ത്രീകളും തൊഴിലാളികളും കര്‍ഷകരും മീന്‍ പിടുത്തക്കാരും ആക്റ്റിവിസ്റ്റുകളും മനുഷ്യാവകാശ സംഘടനകളും വേട്ടയാടപ്പെടുന്നതിന്റെ അടിസ്ഥാനകാരണം, കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാരിനു മേലുള്ള അമിതമായ നിയന്ത്രണമാണെന്നതാണ് സത്യം. ജനങ്ങളുടെ സമരങ്ങളെ, സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍; മുഖ്യധാരാ മാധ്യമങ്ങള്‍ വ്യാപകമായി അവഗണിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരും നേതാക്കളും പീഡിപ്പിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നു. ആക്റ്റിവിസ്റ്റുകള്‍ക്കും ജനകീയ പ്രസ്ഥാനങ്ങള്‍ക്കും ബദല്‍ മാധ്യമങ്ങള്‍ക്കും നാടക സംഘങ്ങള്‍ക്കും ന്യൂനപക്ഷത്തിനും ദളിതര്‍ക്കും സ്വാഭിമാനപ്രസ്ഥാനങ്ങള്‍ക്കും ആദിവാസികള്‍ക്കുമെതിരായി കള്ളക്കേസുകള്‍ തുടരെത്തുടരെ ചുമത്തപ്പെടുന്നു. ആയിരക്കണക്കിന് നിരപരാധികളാണ് ഇന്ത്യയിലെ വിവിധ ജയിലുകളില്‍ വിചാരണകള്‍ക്കൊന്നും വിധേയമാക്കപ്പെടാതെ അഴിയെണ്ണിക്കഴിയുന്നത്. ഈ പ്രശ്‌നങ്ങളൊക്കെയും ഡോക്കുമെന്റ് ചെയ്യുന്നതില്‍ ആനന്ദ് പട് വര്‍ദ്ധന്‍ അടക്കമുള്ള സംവിധായകരുടെ നിരയില്‍ കെ പി ശശിയും പ്രവര്‍ത്തിച്ചു.

ഡോക്കുമെന്ററി, ഫീച്ചര്‍ സിനിമകള്‍ക്കു പുറമെ, കവിത, കാര്‍ട്ടൂണ്‍, ഓണ്‍ലൈന്‍ പെറ്റീഷനുകള്‍, കേസുകള്‍ എന്നിങ്ങനെ ആക്ടിവിസത്തിന്റെ പര്യായം തന്നെയായിരുന്നു കെ പി ശശി. ഇതെല്ലാം ഒത്തു ചേരുന്ന അമേരിക്ക അമേരിക്ക എന്ന മ്യൂസിക്ക് വീഡിയോ പതിനായിരക്കണക്കിന് വേദികളില്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിച്ചു. ഈ വീഡിയോ 2005 ആഗസ്ത് 6നാണ് റിലീസ് ചെയ്തത്. ഹിരോഷിമ ദിനമാണന്ന്. അമേരിക്കക്കെതിരെയുള്ള പ്രചാരണങ്ങള്‍, യോഗങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്ക്കായി ലോകവ്യാപകമായി പ്രചരിച്ച വീഡിയോ ആണിത്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ കാര്‍ട്ടൂണ്‍, ജനപ്രിയ ഗാനത്തിന്റെ (സുരാംഗനി) പാരഡി, ആനിമേഷന്‍, യഥാര്‍ത്ഥ ദൃശ്യങ്ങള്‍, ന്യൂസ് ക്ലിപ്പിംഗ്‌സ് എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ ഈ മ്യൂസിക്ക് വീഡിയോ ഒരു ക്ലാസിക്ക് തന്നെയാണ്.

ഇന്ത്യയിലെ ജനാധിപത്യവും മനുഷ്യാവകാശവും മതേതരത്വവും നീതിയും നിലനില്‌ക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ആ യാഥാര്‍ത്ഥ്യമാണ് കെ പി ശശി എന്നും ഉയര്‍ത്തിപ്പിടിച്ചത്. ധീരമായ ആ ജീവിതം ഇപ്പോള്‍ അവസാനിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ രേഖപ്പെടുത്തലുകള്‍, ശബ്ദവും ദൃശ്യവും ചലനവും സത്യങ്ങളും എക്കാലവും നമ്മുടെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in