പഞ്ചവടിപ്പാലം, വര്‍ത്തമാനകാല ഇന്ത്യയെ പ്രവചിച്ച രാഷ്ട്രീയസിനിമ

പഞ്ചവടിപ്പാലം, വര്‍ത്തമാനകാല ഇന്ത്യയെ പ്രവചിച്ച രാഷ്ട്രീയസിനിമ
Published on
Summary

Anyone who has the power to make you believe absurdities has the power to make you commit injustices.

-Voltaire

പന്ത്രണ്ടു വര്‍ഷമായി ഒറ്റ തെരഞ്ഞെടുപ്പു പോലും ഇല്ലാതെ ആനപ്പുറത്ത് മേലേവീട്ടില്‍ കുഞ്ഞന്‍ രാവണക്കുറുപ്പ് ദുശ്ശാസനക്കുറുപ്പ് പ്രസിഡന്‍റായി തുടരുന്ന ഐരാവതക്കുഴി പഞ്ചായത്തിന്‍റെ നടുവിലൂടെയൊഴുകുന്ന പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന, ആവശ്യത്തിനു വീതിയില്ലെന്നതൊഴിച്ചാല്‍ പ്രകടമായ മറ്റു കുഴപ്പങ്ങളൊന്നുമില്ലാത്ത ഒരു പാലം-പഞ്ചവടിപ്പാലം.

കഥ നടക്കുന്ന കാലം ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളാണെങ്കിലും ഒത്തുതീര്‍പ്പ് രാഷ്ട്രീയവും അഴിമതിയും സ്വജനപക്ഷപാതവും കൂടിക്കുഴഞ്ഞ ഇന്‍ഡ്യന്‍ അവസ്ഥ പാലങ്ങള്‍ പൊളിച്ചും പണിതും പ്രതിമകള്‍ നിര്‍മ്മിച്ചും ഒട്ടും മാറ്റമില്ലാതെ അന്നും ഇന്നും അതേപോലെ തുടരുന്നു എന്ന് കണിശമായി പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്നതാണ് 1982 ല്‍ പുറത്തിറങ്ങിയ കെ.ജി. ജോര്‍ജിന്‍റെ പഞ്ചവടിപ്പാലം എന്ന ഇരുതലമൂര്‍ച്ചയുള്ള രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമ.

വ്യവസ്ഥതിക്കെതിരെ ഉറക്കെയുറക്കെ അലറിക്കൂവി തോക്കെടുക്കുന്ന സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങള്‍ക്കു പകരം കാര്‍ട്ടൂണിക് കാരിക്കേച്ചര്‍ സ്വഭാവമുള്ള ദുശ്ശാസനക്കുറുപ്പ്, മണ്ഡോദരിയമ്മ, ശിഖണ്ഡിപ്പിള്ള, ഇസഹാക്ക് തരകന്‍, ജീമൂതവാഹനന്‍, റാഹേല്‍, ജഹാംഗീര്‍ താത്ത, പൂതന, അനാര്‍ക്കലി, യൂദാസ് കുഞ്ഞ്, ശീര്‍ഷാസനാനന്ദ സ്വാമി തുടങ്ങിയ കഥാപാത്രങ്ങളെയാണ് വിട്ടുവീഴ്ചകളില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പശ്ചാത്തലം വരച്ചുകാട്ടാന്‍ കെ.ജി. ജോര്‍ജ് ഉപയോഗിക്കുന്നത്.

ആഴ്ചയില്‍ ഒരു മന്ത്രിയുടെയെങ്കിലും പ്രസംഗം കേട്ടില്ലെങ്കില്‍ ഉേډഷമില്ലാത്തവരും പൈസ കിട്ടിയാല്‍ കള്ളമാണെന്നോ സത്യമാണെന്നോ നോക്കാതെ ആര്‍ക്കു വേണ്ടിയും സാക്ഷി പറയുന്നവരും വഴിയില്‍ ഇരുന്നു തൂറുന്ന പിള്ളേരുമുള്ള ഈ മാതൃകാഗ്രാമത്തിലെ പൊളിറ്റിക്കല്‍ മാനിപുലേറ്റര്‍ ആയ ശിഖണ്ഡിപ്പിള്ളയുടെ തലയില്‍ വിരിഞ്ഞ ഐഡിയയാണ് പഞ്ചവടിപ്പാലം പൊളിച്ചു കളഞ്ഞ് പുതിയൊരെണ്ണം പണിത് അതിന്‍റെ ഇരുകവാടങ്ങളിലും പ്രസിഡന്‍റ് ദുശ്ശാസനക്കുറുപ്പ് അവര്‍കളുടെ പ്രതിമ സ്ഥാപിക്കുക എന്നത്.

കേടില്ലാത്തത് കൊടുക്കുന്നതാണ് ജനാധിപത്യമെന്ന ആപ്തവാക്യത്തെ മുന്‍നിര്‍ത്തി പാലം പണിയുടെ കാര്യം തത്കാലം ജനങ്ങളില്‍ നിന്ന് ഒളിച്ചുവച്ച് ഭരണപക്ഷത്തിന്‍റെ പ്രതിച്ഛായ ഉയര്‍ത്താന്‍ ഉണ്ണിമേരിയുടെ നൃത്തം ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു സംഘടിപ്പിച്ച യോഗം പ്രതിപക്ഷം കലക്കുന്നു.

ദുശ്ശാസനക്കുറുപ്പ് ചോദിക്കുന്നു: എന്നാലും പിള്ളേ.. നാട്ടുകാര് കള്ളം കണ്ടുപിടിച്ചാലോ..?

പിള്ളയുടെ മറുപടിക്കു മുന്നേ, അതു കേട്ടിരുന്ന കുറുപ്പിന്‍റെ ഭാര്യ പ്രതികരിക്കുന്നു.

മണ്ഡോദരിയമ്മ: നാട്ടുകാര്ٹ ഇന്നത്തെ യോഗം കലക്കിയ അവമ്മാരെ ഒരു പാഠം പഠിപ്പിക്കണം. കൊറേക്കാലം ഇവിടെ പാലം വേണ്ട. ങാ.. പാലം ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് ഇവമ്മാര് മനസ്സിലാക്കട്ടെ..നൂല്‍പ്പാലത്തിലൂടെ നടക്കട്ടെ..

മണ്ഡോദരിയമ്മ നാട്ടുകാരെ നൂല്‍പ്പാലത്തിലൂടെ നടത്തിക്കും എന്നു പറഞ്ഞത് യോഗം കലക്കിയ ഊച്ചാളി പ്രതിപക്ഷത്തോടുള്ള അരിശം കൊണ്ടു മാത്രമായിരുന്നില്ല, മറിച്ച് ഐരാവതക്കുഴി പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളോടുള്ള അവരുടെ പൊതുസമീപനം കൊണ്ടു കൂടിയാണ്.

പാലം പൊളിച്ചാല്‍ കടത്തുവള്ളം നടത്താനുള്ള അവസരവും പാലത്തിനടുത്ത് ഹോട്ടല്‍ കെട്ടാനുള്ള സഹായവും ചെയ്യാമെന്ന് വ്യാമോഹിപ്പിച്ച് പാലത്തിന്‍റെ കൈവരി ആരുമറിയാതെ പാരവെച്ചു തകര്‍ക്കാന്‍ ഐരാവതക്കുഴിയിലെ താരതമ്യേന നിഷ്കളങ്കനായ ജഹാംഗീര്‍ താത്തയെ നിയോഗിക്കുന്നത് ശിഖണ്ഡിപ്പിള്ളയാണ്. പാലം അപകടത്തിലാണെന്ന് പ്രചരിപ്പിക്കാന്‍ അയാളെ പണം കൊടുത്തു ശട്ടം കെട്ടുക കൂടി ചെയ്യുന്ന ശിഖണ്ഡിപ്പിള്ളയുടെ വൈറസ് ബുദ്ധി അധികാരക്കസേരയില്‍ ഇരുന്നില്ലെങ്കിലും അണിയറയിരിരുന്ന് ചരടു വലിക്കുന്നവര്‍ സര്‍വ്വകാലത്തും പരീക്ഷിച്ചു വിജയിച്ച രാഷ്ട്രീയ കുതന്ത്രമാണ്. മാര്‍ക്കു തട്ടിപ്പു കേസില്‍ പിടിക്കപ്പെട്ട വിദ്വാനും ഐരാവതക്കുഴി പഞ്ചായത്തിലെ ആസ്ഥാന പൊതുമരാമത്ത് കോണ്‍ട്രാക്റ്ററായ വൈശ്രവണപ്പണിക്കരുടെ പുത്രനുമായ ജീമൂതവാഹനന്‍ പാലം പണിയുടെ സ്വതന്ത്ര ചുമതല ഏറ്റെടുത്തു. കള്ളിനും പണത്തിനും പുറമേ څയക്ഷിچകളെയും യഥേഷ്ടം കൊടുത്തു പ്രലോഭിപ്പിച്ച് എക്സിക്യൂട്ടീവ് എന്‍ജിനീയറദ്ദേഹത്തെക്കൊണ്ട് പാലത്തിന് ബലക്ഷയമുണ്ടെന്ന് അയാള്‍ പ്രഖ്യാപിപ്പിക്കുന്നു.

പഞ്ചായത്ത് യോഗത്തില്‍ മുണ്ടുപൊക്കിയും കസേരയും ബെഞ്ചും മറിച്ചിട്ടും തല്ലിപ്പൊളിച്ചും പ്രതിഷേധിക്കുമെങ്കിലും ഇസഹാക്ക് തരകന്‍ നയിക്കുന്ന ബ്രായ്ക്കറ്റ് പാര്‍ട്ടിയായ ജനഗുണ പാര്‍ട്ടി (പു) നേതാക്കള്‍ക്ക് ഭരണപക്ഷ പാര്‍ട്ടി ഒഴുക്കിയ പണത്തിന്‍റെയും മദ്യത്തിന്‍റെയും മുന്നില്‍ കണ്ണു മഞ്ഞളിച്ചു. ڇഅതിനെന്താ, പുതിയൊരു പാലം പണിത് അതും കുറുപ്പു ചേട്ടന്‍ പൊളിച്ചെടുത്തോ.. പക്ഷേ നമ്മളൊണ്ടല്ലോ, ഒന്നായിരിക്കണം..ڈ എന്നുപറഞ്ഞ് അവര്‍ സസന്തോഷം ഒത്തുതീര്‍പ്പിനു തയ്യാറാകുന്നു.

തലവേദന, തലചുറ്റ്, കൈകാല്‍ കഴപ്പ് തുടങ്ങി ഏതു രോഗവും വിവിധ ആസനങ്ങള്‍ വഴി തീര്‍ത്തുകൊടുക്കുന്ന ത്രികാലജ്ഞാനിയും അത്ഭുതസിദ്ധനുമായ ശീര്‍ഷാസനാനന്ദ സ്വാമിജിയും ഈ സമയം ഗ്രാമത്തില്‍ അവതരിക്കുന്നു. കള്ളന്‍മാരും കരിഞ്ചന്തക്കാരും പൊങ്ങച്ചക്കാരും പലപ്പോഴും അന്ധവിശ്വാസികളുമായിരിക്കും എന്ന സിദ്ധാന്തത്തിന്‍റെ മാര്‍ക്കറ്റ് സാദ്ധ്യത തിരിച്ചറിഞ്ഞ് അവരുടെ മണ്ടത്തരങ്ങള്‍ ചൂഷണം ചെയ്തു കോടികള്‍ സമ്പാദിക്കുന്ന ആള്‍ദൈവങ്ങള്‍ ഒരു കൂസലുമില്ലാതെ വാണരുളുന്ന വര്‍ത്തമാനകാല ഇന്‍ഡ്യയില്‍ 1980 ന്‍റെ ആദ്യപാദത്തില്‍ത്തന്നെ കെ.ജി. ജോര്‍ജ് നല്‍കിയ മുന്നറിയിപ്പാണ് ഈ തരികിട സ്വാമി.

ഒരു കുഴപ്പവുമില്ലാത്ത പഞ്ചവടിപ്പാലം ഒട്ടും കുറ്റബോധമില്ലാതെ പൊളിച്ചുകളഞ്ഞ് പൊതുഖജനാവ് കൊള്ളയടിക്കാനുള്ള ഭരണപക്ഷത്തിന്‍റെ പരാക്രമങ്ങളും അതിന് ഇടങ്കോലിട്ട് വിലപേശലിലൂടെ പരമാവധി പണം തങ്ങളുടെ പോക്കറ്റിലാക്കാനുള്ള പ്രതിപക്ഷത്തിന്‍റെ ആക്രാന്തങ്ങളും പൊടിപൊടിക്കുന്ന കളിക്കളത്തിനു പുറത്ത് അരയ്ക്കു താഴെ തളര്‍ന്ന, ഒന്നിലും ഇടപെടാനാകാതെ നിസ്സഹായനായി മുട്ടിലിഴയേണ്ടി വരുന്ന കാത്തവരായന്‍ എന്ന ദരിദ്രന്‍ കോടിക്കണക്കിനു വരുന്ന ഇന്‍ഡ്യന്‍ ജനതയുടെ എക്കാലത്തെയും കറുത്ത ഹാസ്യാത്മക പ്രതിരൂപമാണ്.

ആഴ്ചയിലൊരിക്കല്‍ കേട്ടിരുന്ന രാഷ്ട്രീയപ്രസംഗങ്ങളില്‍ നിന്ന് ദിവസവുമുള്ള ചാനല്‍ ചര്‍ച്ചകള്‍ കേട്ട് ജനം കോള്‍മയിര്‍ കൊള്ളുമെന്നും, ഉണ്ണിമേരിയുടെ ഡാന്‍സ് കാണാന്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ ഐരാവതക്കുഴിയിലെ ഗ്രാമീണരുടെ അതേ കൗതുകത്തോടെ രാഷ്ട്രീയത്തലവന്‍മാരുടെ പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഒരു പൊറാട്ട് നാടകം മാത്രമായി കണ്ടാസ്വദിക്കുന്ന കാലത്തിലേയ്ക്ക് അവര്‍ വളരുമെന്നും, ഇന്ധനവില ഉയര്‍ന്നാലും നികുതി വര്‍ദ്ധിച്ചാലും ഒന്നും തിരിച്ചു പറയാനാകാതെ സഹിച്ചുകൊള്ളുമെന്നും, ആള്‍ദൈവങ്ങള്‍ ഭസ്മം വിതറി മയക്കുന്ന കപട ആത്മീയതയുടെ അയഥാര്‍ത്ഥലോകം ഉണ്ടാകുമെന്നും കൃത്യമായ പ്രവചനാത്മകതയോടെ അവതരിപ്പിച്ചതുകൊണ്ടാണ് പഞ്ചവടിപ്പാലം ഇന്‍ഡ്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പൊളിറ്റിക്കല്‍ സറ്റയറായി നിലനില്‍ക്കുന്നത്.

തന്‍റെ ഒരു സിനിമയും തന്‍റെ തന്നെ മറ്റൊരു സിനിമയുടെ അനുകരണമാകാതെ അണിയിച്ചൊരുക്കിയിട്ടുള്ള, തന്‍റെ സിനിമകള്‍ മറ്റൊരാള്‍ക്കും അനുകരിക്കാനാകാത്തതാക്കി മാറ്റിയിട്ടുള്ള കെ.ജി. ജോര്‍ജ് പഞ്ചവടിപ്പാലത്തിന്‍റെ കഥാബീജം കണ്ടെത്തിയത് ഹാസ്യസാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ പാലം അപകടത്തില്‍ എന്ന ചെറുകഥയില്‍ നിന്നാണ്. ജോര്‍ജ് തന്നെ രൂപപ്പെടുത്തിയ തിരക്കഥയ്ക്ക് ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ സംഭാഷണം എഴുതിയത് പ്രശസ്ത രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റും കാരിക്കേച്ചറിസ്റ്റുമായ യേശുദാസനാണ്. ഒപ്പം ഒരു പൊളിറ്റിക്കല്‍ സറ്റയറിനു വേണ്ടുന്ന താളവും വേഗവും നിലനിര്‍ത്താന്‍ ഷാജി എന്‍ കരുണിന്‍റെ ക്യാമറയ്ക്കും ഭരത് ഗോപി, നെടുമുടി വേണു, തിലകന്‍, കെ പി ഉമ്മര്‍, ശ്രീവിദ്യ, ജഗതി, വേണു നാഗവള്ളി, ശ്രീനിവാസന്‍, ആലുമ്മൂടന്‍, വി ഡി രാജപ്പന്‍, ശുഭ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ പ്രകടനത്തിനും സാധിച്ചിട്ടുണ്ട്.

പഞ്ചവടിപ്പാലത്തിനാണ് കെ.ജി ജോര്‍ജ് സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങളില്‍ താരതമ്യേന ചെലവേറിയത്. 1981-82 കാലഘട്ടത്തില്‍ 15 ലക്ഷം രൂപയായിരുന്നു ഗാന്ധിമതി ബാലന്‍ നിര്‍മ്മിച്ച ഈ ക്ലാസിക് ചിത്രത്തിന്‍റെ മുടക്കുമുതല്‍. സിനിമയുടെ അന്ത്യത്തില്‍ പൊളിഞ്ഞുവീഴുന്ന പാലത്തിന്‍റെ സെറ്റ് ഡിസൈനര്‍ രാജീവ് അഞ്ചല്‍ ആയിരുന്നു. പാലം തകര്‍ന്നു വീഴുന്ന സീന്‍ നാല് ആംഗിളുകളില്‍ നിന്ന് നാലു ക്യാമറകളില്‍ ഷാജി എന്‍ കരുണ്‍ പകര്‍ത്തിയപ്പോള്‍ സഹായിയായി കൂടെയുണ്ടായിരുന്നത് ക്യാമറാമാന്‍ വേണു ആയിരുന്നു. ഒരു ക്രാഫ്റ്റ്സ്മാനെന്ന നിലയില്‍ കെ.ജി. ജോര്‍ജിന്‍റെ കയ്യടക്കം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു പഞ്ചവടിപ്പാലം.

ഇന്‍ഡ്യന്‍ ജനാധിപത്യ പ്രക്രിയയെയും അഴിമതിയില്‍ കുളിച്ച വികസന പ്രവര്‍ത്തനങ്ങളെയും നിശിതമായി ആക്ഷേപിക്കുമ്പോള്‍പ്പോലും ടിപ്പിക്കല്‍ രാഷ്ട്രീയ സിനിമകള്‍ മുന്നോട്ടു വയ്ക്കുന്ന തികച്ചും അരാഷ്ട്രീയമായ സമാപ്തികള്‍ക്കപ്പുറം ഒരു പരിഹാരവും നിര്‍ദ്ദേശിക്കാതെ എക്കാലവും പ്രസക്തമായ ചില സത്യങ്ങള്‍ തുറന്നുകാട്ടുക മാത്രം ചെയ്യുന്നിടത്താണ് പഞ്ചവടിപ്പാലത്തിന്‍റെ ക്ലാസ്സിക് സ്പര്‍ശം.

ദൃശ്യതാളം കെ.ജി.ജോർജ് സ്പെഷ്യൽ പതിപ്പിന് വേണ്ടി 2021ൽ തിരക്കഥാകൃത്ത് മാമ്മൻ കെ. രാജൻ എഴുതിയത്

Related Stories

No stories found.
logo
The Cue
www.thecue.in