ജോണ്‍ പോള്‍ എന്റെ ഗുരുവും മെന്ററുമെല്ലാം ആയിരുന്നു. എന്റെ ചലച്ചിത്ര യാത്രകള്‍ തുടക്കത്തില്‍ ജോണ്‍ പോളിലൂടെയായിരുന്നു എന്നു തന്നെ പറയാം. ഞാന്‍ കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലം തൊട്ടുള്ള പരിചയമാണ്. അന്ന് അദ്ദേഹം 'ചാമരം' എന്ന സിനിമ എഴുതിക്കൊണ്ടിരിക്കുന്ന സമയമാണ്. എന്റെ അങ്കിള്‍ പടിയന്റെ സുഹൃത്തായിരുന്നു ജോണ്‍ പോള്‍. അങ്ങനെയാണ് ഞാന്‍ ജോണ്‍ പോളിനെ പരിചയപ്പെടുന്നത്. ജോണ്‍ പോള്‍ അന്ന് കാനറ ബാങ്കില്‍ ജോലി ചെയ്യുകയും, സെബാസ്റ്റ്യന്‍ പോളും കലൂര്‍ ഡെന്നിസുമൊക്കെ ചേര്‍ന്നിട്ടുള്ള ചില സിനിമ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളൊക്കെ എഴുതുകയും ചെയ്യുമായിരുന്നു. ആ സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഇണയെ തേടി എന്ന ആന്റണി ഈസ്റ്റ്മാന്റെ സിനിമ എഴുതിക്കൊണ്ടാണ് അദ്ദേഹം സിനിമയിലേക്ക് വന്നത്. പിന്നീട് ഭരതേട്ടന്റെ കൂടെ ചാമരം ചെയ്തു. അതോടുകൂടി തിരക്കഥാകൃത്ത് എന്ന നിലയില്‍ അദ്ദേഹം വളരെ തിരക്കുള്ള ആളായി മാറി. ആ സമയം മുതലേ അദ്ദേഹവുമായി എനിക്ക് ഒരു അസോസിയേഷന്‍ ഉണ്ടായിരുന്നു. കാരണം ഏത് സിനിമയുടെ തിരക്കഥ ചര്‍ച്ച ചെയ്യുമ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ ഒപ്പം ഇരിക്കുമായിരുന്നു. പിന്നെ ഞാന്‍ സഹ സംവിധായകനായി മദ്രാസിലൊക്കെ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി, ഭരതന്റെ കൂടെ വര്‍ക്ക് ചെയ്തു, സേതുനാഥ് സാറിന്റെ കൂടെ വര്‍ക്ക് ചെയ്തു, പി.എം മേനോന്റെ കൂടെ വര്‍ക്ക് ചെയ്തു. ഇവരുടെ ഒക്കെ കൂടെ വര്‍ക്ക് ചെയ്യുമ്പോഴും ജോണ്‍ പോളിന്റെ തിരക്കഥകളില്‍ ഒരുപാട് എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടുണ്ട്.
ഭരതന്റെ കൂടെ കാതോട് കാതോരം, സേതുനാഥ് സാറിന്റെ ആരോരുമറിയാതെ, അറിയാത്ത വീഥികള്‍. ആരോരുമറിയാതെ എന്റെ കഥയാണ്. അത് ജോണ്‍ പോള്‍ തിരക്കഥയെഴുതിയതാണ്. അതുപോലെ പി.എം മേനോന്റെ കൂടെ അസ്ത്രം എന്നുപറയുന്നതും ജോണ്‍ പോള്‍ എഴുതിയതാണ്. അങ്ങനെ കുറേ സിനിമകള്‍. ജോണ്‍ പോളിന്റെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്ത പടങ്ങളും, കൂടാതെ ജോണ്‍ പോള്‍ തിരക്കഥ എഴുതിയ പ്രധാനപ്പെട്ട പല സിനിമകളുടെയും തിരക്കഥ രചനയുടെ വേളയില്‍ ഞാന്‍ സഹായി ആയിട്ടൊക്കെ ഉണ്ടായിരുന്നു. യാത്ര എന്ന സിനിമയുടെയൊക്കെ തിരക്കഥ അദ്ദേഹം എഴുതുമ്പോള്‍ പകര്‍ത്തി എഴുതാന്‍ ഉപണ്ടായിരുന്നു എന്നുള്ളത് ഒക്കെ എനിക്ക് വലിയൊരു അനുഭവമായിരുന്നു.
അങ്ങനെ ഒരുപാട് സിനിമകള്‍ ചെയ്തപ്പോഴാണ് ജോണ്‍ പോള്‍ എന്നെ പല നിര്‍മ്മാതാക്കളുടെ അടുത്തും റെക്കമെന്റ് ചെയ്യാന്‍ തുടങ്ങിയത്. കമലിനെ കൊണ്ട് സിനിമ ചെയ്യിക്കണമെന്നെല്ലാം അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയാണ് സത്യത്തില്‍ എന്റെ ആദ്യത്തെ സിനിമയായ മിഴിനീര്‍ പൂവുകള്‍ ഉണ്ടാകുന്നത്. ശ്രീസായി പ്രൊഡക്ഷന്‍സ് എന്ന തമിഴ് കമ്പനിയാണ് അതിന്റെ നിര്‍മ്മാതാക്കള്‍, ജോണ്‍ പോള്‍ റെക്കമെന്റ് ചെയ്തിട്ടാണ് ഞാന്‍ ആ സിനിമയില്‍ എത്തുന്നത്. പിന്നീട് അതിന് ശേഷം സെഞ്ച്വറി ഫിലിംസിന് വേണ്ടി മോഹന്‍ലാലും ചേര്‍ന്ന് നിര്‍മ്മിച്ച ഉണ്ണികളെ ഒരു കഥ പറയാം ജോണ്‍ പോള്‍ എഴുതിയതാണ്.
അങ്ങനെ ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ സഹകരിച്ചു. പിന്നെ എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ജോണ്‍ പോളിന്റെ അവസാനത്തെ തിരക്കഥ പ്രണയ മീനുകളുടെ കടല്‍, അതും യാദര്‍ശ്ചികമായിട്ട് അദ്ദേഹം കുറേ കാലങ്ങളായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു സിനിമ എഴുതാനായി വന്നത്. ഞങ്ങള്‍ ഒരുമിച്ച് ഇരുന്ന് ലക്ഷദ്വീപിലെ ഒരുപാട് സുഹൃത്തുക്കളുമായി സംസാരിക്കുകയെല്ലാം ചെയ്തിട്ടാണ് അതിന്റെ തിരക്കഥ ഉണ്ടാകുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹത്തിന് ലക്ഷദ്വീപിലേക്ക് വരാനൊന്നും സാധിച്ചിരുന്നില്ല.
അങ്ങനെ വ്യക്തിപരമായി എനിക്ക് ഒരുപാട് അടുപ്പമുണ്ട്, എന്റെ സിനിമ ജീവിതത്തിലും വളരെ അടുപ്പമുള്ള ഒരാളായിരുന്നു. അതുപോലെ തന്നെ സിനിമയ്ക്ക് അപ്പുറത്തുള്ള ഒരു സൗഹൃദവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഞാന്‍ ജോണ്‍ പോളിനെ അങ്കിള്‍ എന്നാണ് വിളിച്ചിരുന്നത്. മലയാള സിനിമയുടെ അങ്കിളായിരുന്നു അദ്ദേഹം. എനിക്ക് സിനിമയില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ ഞാന്‍ ആദ്യമൊരു അഭിപ്രായം വിളിച്ച് ചോദിക്കുക ജോണ്‍ പോളിന്റെ അടുത്തായിരുന്നു. അങ്ങനെ എന്റെ ജേഷ്ഠ സഹോദരന്‍ എന്ന നിലയില്‍ എന്നെ ഉപദേശിക്കുകയും ശാസിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം വളരെ സൗഹൃദത്തോടെയും സ്‌നേഹത്തോടെയും എല്ലാ കാര്യങ്ങളും എടുക്കുന്ന ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
പിന്നെ മറ്റൊന്ന് ജോണ്‍ പോളിന്റെ പ്രസക്തി. 80കളിലെയും 90കളിലെയും സിനിമകള്‍ പരിശോധിച്ചാല്‍ നമുക്ക് അറിയാം, 80കളിലാണ് ഏറ്റവും കൂടുതല്‍ കലാപരമായ സിനിമകള്‍ ഉണ്ടായിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ എന്നിവര്‍ പാരലല്‍ സിനിമയില്‍ ഉള്ളപ്പോള്‍ ഈ മധ്യവര്‍ഗ സിനിമ ഏറ്റവും സജീവമായൊരു കാലഘട്ടമായിരുന്നു. നമുക്ക് അറിയാം കെജി ജോര്‍ജ്, ഭരതന്‍, പത്മരാജന്‍, മോഹന്‍ പോലെയുള്ള സംവിധായകര്‍ ഉണ്ടാക്കിയിട്ടുള്ള ഒരു ഭാവുകത്വമുണ്ട്. അത് തന്നെയാണ് സിനിമയിലെ പുതിയ തലമുറയും തുടരുന്ന ഒരു രീതി. പുതിയ രചന സങ്കേതങ്ങള്‍, അവതരണ രീതികളൊക്കെ തന്നെ അദ്ദേഹത്തിന്റെ സിനിമകളിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് മനസിലാക്കാന്‍ കഴിയും. അതുവരെയുള്ള സമ്പ്രദായങ്ങളില്‍ നിന്ന് മാറിയിട്ടുള്ള ഒരു കഥകളായിരുന്നു ജോണ്‍ പോള്‍ സിനിമയിലൂടെ പറഞ്ഞിരുന്നത്. ജോണ്‍ പോള്‍ ഒരിക്കലും എംടിയെ പോലെയോ പത്മരാജനെ പോലെയോ സാഹിത്യകാരനായിരുന്നില്ല. അദ്ദേഹം ഒരിക്കലും സാഹിത്യത്തില്‍ നിന്നും സിനിമയിലേക്ക് വന്ന ആളല്ല. ഒരു ചെറുകഥ പോലും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷെ ഇവരില്‍ നിന്നൊക്കെ വേറിട്ട ശൈലിയിലാണ് അദ്ദേഹം സിനിമയിലൂടെ കഥ പറഞ്ഞിരുന്നത്.
അദ്ദേഹം തിരക്കഥാകൃത്തായിരുന്നു, സിനിമ വിഷ്വലൈസ് ചെയ്യുന്ന ഒരു തിരക്കഥാകൃത്ത്. കഥ എഴുത്തുകാരനല്ല, കഥ പറച്ചിലുകാരനാണ് എന്നാണ് എനിക്ക് അദ്ദേഹത്തെ കുറിച്ച് പലപ്പോഴും തോന്നിയിട്ടുള്ളത്. കാരണം അദ്ദേഹം ഒരു കഥ സംവിധായകന്റെ അടുത്തോ, ആര്‍ട്ടിസ്റ്റിന്റെ അടുത്തെല്ലാം നെരേറ്റ് ചെയ്യുന്നത് വളരെ കൗതുകത്തോടെ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. എന്തൊരു വിഷ്വലായിരിക്കും എന്ന് അറിയുമോ പുള്ളി അത് പറയുമ്പോള്‍. അതുകൊണ്ട് തന്നെ ഭരതന്‍ ഒക്കെ എന്നും അദ്ദേഹത്തെ കൂടെ നിര്‍ത്തും. ജോണ്‍ പോള്‍ തിരക്കഥ എഴുതാത്ത സിനിമകളില്‍ അദ്ദേഹത്തെ ചര്‍ച്ചയ്ക്ക് വിളിക്കും. എന്നിട്ട് വേറൊരാള്‍ എഴുതിയ തിരക്കഥ എന്നിട്ട് ജോണ്‍ പോളിനെ കൊണ്ട് നെരേറ്റ് ചെയ്യിപ്പിക്കുമായിരുന്നു. ജോണ്‍ പോള്‍ അത് നെരേറ്റ് ചെയ്യുമ്പോള്‍ അതിന് പുതിയ പുതിയ മാനങ്ങള്‍ വരും. ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. കാരണം ഒരാളോട് കഥ പറയുന്ന പോലെ ആയിരിക്കില്ല മറ്റൊരാളോട് കഥ പറയുന്നത്. അതില്‍ ഒരുപാട് കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാകും. അങ്ങനെ കഥ പറയുന്ന ആളായിരുന്നു. അപ്പോള്‍ പുള്ളി തിരക്കഥ എഴുതാന്‍ തുടങ്ങിയാല്‍ അങ്ങനെയാണ്. കഥ പറഞ്ഞ് പറഞ്ഞ് എഴുത്തുകാരനായ ആളാണ് അദ്ദേഹം. അതൊരു പ്രത്യേകതയായിരുന്നു.
പിന്നെ അദ്ദേഹം സിനിമയില്‍ സജീവമല്ലാതെ ആകുന്ന ശേഷവും അദ്ദേഹം എഴുത്തിന്റെ വഴിയില്‍ സജീവമായിരുന്നു. പുതിയൊരു മേഖല അദ്ദേഹം തുറന്നു. സിനിമയുടെ പിന്നാമ്പുറ കഥകള്‍, എന്നാല്‍ അതൊരു ഗോസിപ്പിന്റെ രീതിയിലേക്ക് പോവുകയോ, ഓര്‍മ്മക്കുറിപ്പിന്റെ രീതിയും അല്ലാതെ തന്റെതായ കാഴ്ച്ചപാടില്‍ നിന്നുകൊണ്ട് സിനിമയെ കാണാനും സിനിമ പ്രവര്‍ത്തകരെ കാണാനും അദ്ദേഹം ശ്രമിച്ചു. ഭരതനെ കുറിച്ചും കെ.ജി ജോര്‍ജിനെ കുറിച്ചുമെല്ലാം അദ്ദേഹം ഒരുപാട് എഴുതിയിട്ടുണ്ട്. അതിലും അദ്ദേഹത്തിന്റെ എഴുത്തിന്റെ ശൈലി വ്യത്യസ്തമായിരുന്നു. പിന്നെ പ്രഭാഷകനായിരുന്നു അദ്ദേഹം. മനോഹരമായ ഭാഷയിലൂടെ സ്ഫുടം ചെയ്ത അക്ഷരങ്ങള്‍ ഇങ്ങനെ പെറുക്കി പെറുക്കി കൂട്ടി വെച്ചിട്ട് ഒരു കവിത പോലെ പുള്ളി സംസാരിക്കുമായിരുന്നു. അതുകൊണ്ടാണ് സാനു മാഷിനെ പോലുള്ളവര്‍ ജോണ്‍ പോളിനെ എന്നും ചേര്‍ത്ത് നിര്‍ത്തിയിരുന്നത്. അങ്ങനെ അദ്ദേഹം ഉണ്ടാക്കിയെടുത്ത ഒരു സൗഹൃദ വലയം ഉണ്ടായിരുന്നു. ഒരു സാംസ്‌കാരിക മണ്ഡലത്തില്‍ അദ്ദേഹം നിറഞ്ഞു നിന്നു. എന്നാല്‍ യാതൊരു വിവാദങ്ങളിലേക്കും അദ്ദേഹം പോകാറുണ്ടായിരുന്നില്ല. രാഷ്ട്രീയ പരമായ വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടെങ്കിലും അദ്ദേഹം ഒരിക്കലും അതെല്ലാം തുറന്ന് പറഞ്ഞ് ഒരു വിവാദത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നില്ല. വളരെ പുരോഗമനപരമായ കാഴ്ച്ചപ്പാടുള്ള ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ജോണ്‍ പോള്‍. എനിക്ക് അദ്ദേഹത്തിന്റെ വളരെ ഇഷ്ടപ്പെട്ട ചില തിരക്കഥകളുണ്ട്, പാളങ്ങള്‍, ഇളക്കങ്ങള്‍, മര്‍മരം എന്നീ സിനിമകളാണ്. ഇതെല്ലാം വളരെ വ്യത്യസ്തമായ സിനിമകളായിരുന്നു. അത്തരത്തില്‍ ഒരുപാട് സിനിമകള്‍ ഉണ്ടായിരുന്നു. വിടപറയും പോലെ, അതിരാത്രം പോലെ മമ്മൂട്ടി വലിയ താരമാക്കി മാറ്റുന്നതില്‍ പങ്കുവഹിച്ച സിനിമ, മമ്മൂട്ടിയും മോഹന്‍ലാലും ഉള്ള അവിടത്തെ പോലെ ഇവിടയും എന്ന ഹ്യൂമര്‍ സിനിമകള്‍. അങ്ങനെ പല ജോണറിലുള്ള സിനിമകള്‍ എഴുതാന്‍ കഴിഞ്ഞു എന്നുള്ളതും ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ ജോണ്‍ പോളിനെ വേറിട്ട് നിര്‍ത്തുന്നുണ്ട്.