മേള, രംഗബോധമുള്ള ഒരു കോമാളിയുടെ കഥ

മേള, രംഗബോധമുള്ള ഒരു കോമാളിയുടെ കഥ
Published on

മേള, രംഗബോധമുള്ള ഒരു കോമാളിയുടെ കഥ

'മനുഷ്യരേക്കാള്‍ വിശ്വസിക്കാവുന്ന മൃഗങ്ങളുണ്ടിവിടെ.'

-ഒരു സര്‍ക്കസ് കലാകാരി (മേള)

സ്വപ്നാടനം മുതലുള്ള കെ.ജി. ജോര്‍ജിന്റെ ഭൂരിഭാഗം സിനിമകളും ദുരന്തപര്യവസായികളാണ്. തികഞ്ഞ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം പോലും പൊതുജനത്തിന്റെ പ്രതിനിധിയായ കാത്തവരായന്‍ എന്ന വികലാംഗന്റെ മരണത്തില്‍ അവസാനിക്കുമ്പോള്‍ അതുവരെക്കണ്ട തമാശരംഗങ്ങളെല്ലാം ഒരു നിമിഷം മറന്ന് കാണികള്‍ ആ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തിലമരുന്നു. മേള, യവനിക, കോലങ്ങള്‍, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഇരകള്‍, ഈ കണ്ണികൂടി, മറ്റൊരാള്‍, യാത്രയുടെ അന്ത്യം എന്നീ ചിത്രങ്ങളിലെല്ലാം ഇങ്ങനെ കഥാപാത്രങ്ങള്‍ പൊടുന്നനെ ജീവിതത്തില്‍ നിന്നിറങ്ങിപ്പോകുന്നുണ്ട്. സ്വപ്നാടനത്തിലെ കേന്ദ്രകഥാപാത്രമായ ഗോപിനാഥന്‍ ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍പ്പോലും ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം അയാളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ആദാമിന്റെ വാരിയെല്ലിലെ ആലീസും ലേഖയുടെ മരണത്തിലെ ചലച്ചിത്രനടിയും മറ്റൊരാളിലെ കൈമളും മേളയിലെ ഗോവിന്ദന്‍കുട്ടിയും പ്രത്യാശയുടെ വഴികളെല്ലാം അവര്‍ക്കുമുന്നില്‍ അടഞ്ഞുവെന്നു തിരിച്ചറിയുമ്പോഴാണ് മരണത്തെ സ്വയം വരിക്കുന്നത്.

മേള (1980) യില്‍ ഒരു സര്‍ക്കസ് കൂടാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ നിന്ന് ജോര്‍ജ് കണ്ടെടുത്ത ഗോവിന്ദന്‍കുട്ടി എന്ന കുള്ളന്‍ കഥാപാത്രത്തിന്റെ മരണം തികച്ചും ഹൃദയഭേദകമാകുന്നത് സഹജീവികള്‍ അയാളോടു പുലര്‍ത്തിയ മനുഷ്യത്വരഹിതമായ മനോഭാവത്തിന്റെ ക്രൂരത തിരിച്ചറിയുമ്പോഴാണ്. സര്‍ക്കസ് കൂടാരത്തില്‍ അയാള്‍ക്കു ചുറ്റുമുള്ള മൃഗങ്ങള്‍ തീര്‍ച്ചയായും മനുഷ്യരോളം ക്രൂരത കാണിക്കുന്നവരല്ല. അക്കാര്യം സര്‍ക്കസ് കലാകാരിയായ ഒരു കഥാപാത്രം ഗോവിന്ദന്‍കുട്ടിയുടെ നവവധുവായ ശാരദയോടു പറയുന്നുമുണ്ട്.

'വലിച്ചിഴച്ചാലും അവ പുറത്തേയ്ക്കു വരില്ല. വന്നാല്‍ത്തന്നെ വീണ്ടും കൂട്ടില്‍ക്കയറിക്കിടക്കും.'

'എന്നാലും മൃഗങ്ങളല്ലേ?'

'മനുഷ്യരേക്കാള്‍ വിശ്വസിക്കാവുന്ന മൃഗങ്ങളുണ്ടിവിടെ.'

സര്‍ക്കസിലെ കോമാളികളും കുള്ളന്‍മാരും പലപ്പോഴും സിനിമയില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും മേളയില്‍ സര്‍ക്കസ്സില്‍ കോമാളിവേഷം കെട്ടുന്ന ഒരു കുള്ളനെ നായകസ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ മാത്രമല്ല, അയാളുടെ വ്യക്തിജീവിതത്തിന്റെയും, വിവാഹജീവിതത്തിന്റെയും, ലൈംഗികസ്വത്വത്തിന്റെയും, സാമൂഹികമായ അസ്തിത്വത്തിന്റെയും ഉള്ളറകളിലേയ്ക്ക് കടന്നു ചെല്ലാനും കെ.ജി. ജോര്‍ജ് ധൈര്യം കാണിച്ചു.

മേള, രംഗബോധമുള്ള ഒരു കോമാളിയുടെ കഥ
നമ്മൾ വീണ്ടും പരാജയപ്പെട്ടിരിക്കുന്നു

ഉത്തരകേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് കൗമാരകാലത്തു തന്നെ നാടുവിട്ടു പോയ ഗോവിന്ദന്‍കുട്ടി (രഘു) പതിമ്മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചുവരുന്നു. മാസ്റ്റര്‍ ക്ലൗണ്‍ ജി വിന്‍ഡേ എന്നാണ് അയാള്‍ സ്വയം വിശേഷിപ്പിക്കുന്നത്. ഗോവിന്ദന്‍കുട്ടി എന്ന പേരിന്റെ പരിഷ്‌കൃതരൂപമാണ് ജി വിന്‍ഡേ. ശരീരത്തിന്റെ ഉയരക്കുറവ് അയാള്‍ അംഗീകരിച്ചു കഴിഞ്ഞതായാണ് സിനിമയുടെ തുടക്കത്തിലുള്ള സീക്വന്‍സുകളില്‍ അനുഭവപ്പെടുക. ആത്മവിശ്വാസമാണ് ഗോവിന്ദന്‍കുട്ടിയുടെ കൈമുതല്‍. നാട്ടുകാരനായ നാണുവിനെക്കൊണ്ട് പെട്ടിയും മറ്റും ചുമപ്പിച്ചുകൊണ്ടുള്ള വരവിനിടെ ഗോവിന്ദന്‍കുട്ടിക്ക് ഒരു കൈത്തോട് കടക്കേണ്ടി വരുന്നുണ്ട്. ആഴമില്ല, നടന്നുകയറാവുന്നതേയുള്ളൂ എന്ന് നാണു പറയുമ്പോള്‍ സ്വയം പരിഹസിച്ചുകൊണ്ട് ഗോവിന്ദന്‍കുട്ടി പറയുന്നു: 'അത് നിനക്കല്ലേ?' എന്നിട്ട് സര്‍ക്കസ് അഭ്യാസിയുടെ ആത്മവിശ്വാസത്തോടെ, നാണുവിന്റെ സഹായത്തോടെയാണെങ്കിലും, അയാള്‍ തോടു ചാടിക്കടക്കുന്നു. കുള്ളനാണെന്ന കാരണം കൊണ്ട് നാട്ടുകാരില്‍ പലരും തന്നെ പരിഹസിക്കുന്നുണ്ടെന്നറിയാമെങ്കിലും ഗോവിന്ദന്‍കുട്ടിക്ക് ആത്മവിശ്വാസം പകരുന്ന പല കാര്യങ്ങളുമുണ്ട്. അതിലൊന്ന് അയാള്‍ അത്രയും കാലം കൊണ്ട് സമ്പാദിച്ച പണമാണ്. പണത്തിന്റെ പിന്‍ബലമുള്ളതുകൊണ്ടാണ് അയാള്‍ക്ക് ശാരദ (അഞ്ജലി) എന്ന ഗ്രാമീണസുന്ദരിയെ വിവാഹം കഴിക്കാന്‍ സാധിക്കുന്നത്. നാഗരികതയെ ആരാധിക്കുന്ന നാട്ടിന്‍പുറത്തുകാര്‍ക്കു മുന്നില്‍ ഗോവിന്ദന്‍ കുട്ടിക്കു പ്രദര്‍ശിപ്പിക്കാന്‍ പലതുമുണ്ട്. നാട്ടിടവഴികളിലൂടെ നടക്കുമ്പോള്‍പ്പോലും അയാള്‍ കാല്‍ശരായി ധരിക്കുന്നു, കയ്യില്‍ ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോ, കഴുത്തില്‍ തടിച്ച സ്വര്‍ണ്ണമാല, ഇടയ്ക്കിടെ സിഗരറ്റു പുകയ്ക്കല്‍, നാട്ടുകാരുടെ ഫോട്ടോ എടുക്കാന്‍ ചെറിയൊരു ക്യാമറ, ഒരു പിശുക്കുമില്ലാതെ പണം ചെലവഴിക്കുന്ന സ്വഭാവം. പോരാത്തതിന് സര്‍ക്കസ്സില്‍ സ്ഥിരം കാണിക്കുന്ന ചില കണ്‍കെട്ടു വിദ്യകള്‍ പ്രയോഗിച്ച് അയാള്‍ നാട്ടുകാരുടെ ആരാധനാപാത്രമാകുന്നുമുണ്ട്.

അമ്മയുടെ ഏകമകനാണ് ഗോവിന്ദന്‍കുട്ടി. അയാള്‍ എത്രയും വേഗം വിവാഹിതനായിക്കാണാനുള്ള അമ്മയുടെ ആഗ്രഹമാണ് ശാരദയുമായുള്ള വിവാഹത്തില്‍ കലാശിക്കുന്നത്. പുതുമോടി കഴിഞ്ഞാല്‍ ദുരന്തമായിത്തീരുമെന്ന് ഏതാണ്ടുറപ്പുള്ള ഈ വിവാഹബന്ധം ഗോവിന്ദന്‍കുട്ടിയെ സംബന്ധിച്ചിടത്തോളം അയാള്‍ അത്രയും കാലം കൊണ്ട് ആര്‍ജ്ജിച്ചെടുത്ത ശുഭപ്രതീക്ഷയുടേതായ ജീവിതദര്‍ശനത്തിന്റെ തകര്‍ച്ചയ്ക്കുള്ള നാന്ദിയായി മാറുന്നു. ശാരദയെപ്പോലെ ഒരു സുന്ദരിയെ വിവാഹം കഴിച്ചതുവഴി നാട്ടിന്‍പുറത്ത് ഗോവിന്ദന്‍കുട്ടി പലരുടെയും അസൂയയ്ക്കു പാത്രമാകുന്നുണ്ടെങ്കിലും അയാള്‍ക്ക് ആ സമൂഹത്തിലുള്ള പദവിക്ക് കോട്ടമൊന്നും സംഭവിക്കുന്നില്ല. കാരണം അയാള്‍ മറ്റുള്ളവരേക്കാള്‍ സമ്പന്നനാണ്. അല്പം ഉയരക്കുറവുണ്ടെങ്കിലും അയാള്‍ക്ക് മറ്റ് ന്യൂനതകളൊന്നുമില്ലെന്നു പറയുന്ന സ്ത്രീകള്‍ പോലും ആ ഗ്രാമത്തിലുണ്ട്. പക്ഷേ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ ശാരദയെയും കൂട്ടി സര്‍ക്കസ് കൂടാരത്തിലെത്തുന്ന ഗോവിന്ദന്‍കുട്ടിയെ തുടക്കം മുതല്‍ കാത്തിരിക്കുന്നത് അപമാനകരമായ സംഭവങ്ങളാണ്. സര്‍ക്കസ് വേദിക്കുമുന്നില്‍ വന്നിറങ്ങുന്ന അയാളുടെ സാധനങ്ങള്‍ എടുത്തുകൊണ്ടു പോകാന്‍ അവിടുത്തെ സാധാരണ ജോലിക്കാരിലൊരാള്‍ വിസമ്മതിക്കുന്നതില്‍ നിന്നു തുടങ്ങുന്നു, ഈ പ്രശ്‌നങ്ങള്‍. ഒരുതരം അടിമ-ഉടമ ബന്ധം നിലനില്‍ക്കുന്ന ചില മേഖലകള്‍ സര്‍ക്കസ് കൂടാരങ്ങളിലുണ്ട്. കഠിനമായ ശിക്ഷണവും അനുസരണശീലവുമാണല്ലോ, സര്‍ക്കസ് അഭ്യാസങ്ങളുടെ അടിസ്ഥാനം. പോരാത്തതിന് ഹിംസ്രമൃഗങ്ങളെപ്പോലും മെരുക്കുന്ന മഹാശിക്ഷകരുള്ള ഇടുങ്ങിയ ലോകം സൃഷ്ടിക്കുന്ന ക്ലോസ്‌ട്രോഫോബിയ കൂടാരത്തിലെ എല്ലാ മനുഷ്യരെയും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുന്നുണ്ട്. മേളയുടെ പശ്ചാത്തലം സര്‍ക്കസ് കൂടാരമെന്ന ഇടുങ്ങിയ ഇടമാണെങ്കില്‍ തുടര്‍ന്നു വന്ന യവനികയില്‍ അത് ഒരു പ്രൊഫഷണല്‍ നാടകട്രൂപ്പിന്റേതാണ്. അവിടെയും ചലനസ്വാതന്ത്ര്യം കുറഞ്ഞ ക്യാംപുകളില്‍ കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന വൈകാരികമായ വീര്‍പ്പുമുട്ടലാണ് സംഘര്‍ഷങ്ങള്‍ക്കു വഴിവയ്ക്കുന്നത്.

മേള, രംഗബോധമുള്ള ഒരു കോമാളിയുടെ കഥ
കെ.ജി. ജോര്‍ജ്; മാമൂലുകളെയും കാലത്തെയും മറികടന്ന ചലച്ചിത്രകാരന്‍

കുള്ളനായ ഗോവിന്ദന്‍കുട്ടിയുടെ സുന്ദരിയായ ഭാര്യ ആ കൂടാരത്തിലാകെ സംസാരവിഷയമായി. ക്യാംപിനുള്ളില്‍ വച്ചു മാത്രമല്ല, പൊതു ഇടങ്ങളില്‍ വച്ചും ഇരുവരും പരിഹാസപാത്രങ്ങളായി. ഗോവിന്ദന്‍ കുട്ടിയുടെ ഉറ്റസുഹൃത്തും മോട്ടോര്‍ സൈക്കിള്‍ അഭ്യാസിയുമായ വിജയന്‍ (മമ്മൂട്ടി) അതിസുന്ദരനും സത്‌സ്വഭാവിയുമാണ്. വിജയനെ ശാരദയുമായി ബന്ധിപ്പിച്ച് കഥകള്‍ മെനയാന്‍ ക്യാംപിലെ ലൈംഗികാസൂയ മൂത്ത ചില പുരുഷന്‍മാര്‍ക്ക് പ്രത്യേകിച്ചു മടിയൊന്നും തോന്നിയില്ല. ഗോവിന്ദന്‍കുട്ടിയാണെങ്കില്‍ മറ്റൊരു വലിയ പ്രതിസന്ധിയിലായിരുന്നു, അപ്പോഴേയ്ക്കും. ചിത്രത്തിന്റെ തുടക്കത്തില്‍ കാണുന്ന ഗോവിന്ദന്‍കുട്ടി വളരെ സ്വതന്ത്രനായ ഒരു വ്യക്തിയാണ്. അയാള്‍ക്ക് തന്റെ നീളം കുറഞ്ഞ ശരീരം സംരക്ഷിക്കേണ്ട ബാദ്ധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ളവരുടെ പരിഹാസം അയാള്‍ വളരെ സ്വാഭാവികമായി നേരിടാന്‍ പഠിച്ചിരുന്നു. വിവാഹിതനായതോടെ അയാള്‍ക്ക് തന്നെ മാത്രമല്ല, സുന്ദരിയായ ഭാര്യയ്ക്കു നേരെ ഉയരുന്ന ലൈംഗികാതിക്രമങ്ങളെയും അവളുടെ സാന്നിദ്ധ്യത്തില്‍ നേരിടേണ്ടി വരുന്ന പരിഹാസങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നു. വിജയനോടൊപ്പം ഇരുവരും ഒരു റെസ്റ്റോറന്റില്‍ ചെല്ലുന്ന ഒരു സീന്‍ ഉണ്ട്. ചെറിയൊരു അശ്രദ്ധ കൊണ്ട് ഗോവിന്ദന്‍കുട്ടി ഒരു വെയ്റ്ററുമായി കൂട്ടിയിടിക്കുകയും അയാള്‍ കൊണ്ടു വന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിലത്തു വീണു ചിതറുകയും ചെയ്യുന്നു. റെസ്റ്റോറന്റിലെ എല്ലാ മനുഷ്യര്‍ക്കുമൊപ്പം വിജയനും ശാരദയും ഗോവിന്ദന്‍കുട്ടിയുടെ പരിഹാസ്യമായ നില്‍പുകണ്ട് പൊട്ടിച്ചിരിക്കുന്നു.

ആ രാത്രിയില്‍ മുറിയിലെ ഇരുട്ടിലേയ്ക്ക് ശൂന്യമായ നോട്ടമയച്ചു കിടക്കുന്ന ശാരദയോട് ഗോവിന്ദന്‍ ചോദിക്കുന്നു...

ഗോവിന്ദന്‍: നിനക്കെന്താ ഒരു വല്ലായ്മ പോലെ?

ശാരദ: എനിക്കൊന്നുമില്ല.

ഗോവിന്ദന്‍: പിന്നെന്താ ഒന്നും മിണ്ടാത്തേ?

ശാരദ: എന്തു മിണ്ടാനാ?

ഗോവിന്ദന്‍: ഇന്നു കണ്ട സിനിമ നിനക്കിഷ്ടമായോ?

ശാരദ: ഞാനൊന്നു പറഞ്ഞാല്‍ ഏട്ടനൊന്നും വിചാരിക്കരുത്. പുറത്തൊക്കെ പോകുമ്പോ, കുറച്ചൊക്കെ സൂക്ഷിച്ചു നടന്നാലെന്താ? ഓരോന്നു കാണുമ്പോ, ആളുകള് നോക്കി ചിരിക്യാ...

ഗോവിന്ദന്‍: ഓ, അതാണോ? ആളുകളെന്നെ കണ്ടാലേ ചിരിക്കും. പിന്നെ, എനിക്കെന്തെങ്കിലും പറ്റിയാല്‍ കൂടുതല്‍ ചിരിക്കും. ഇന്നു നീ ചിരിച്ചില്ലേ, എല്ലാവരും ചിരിച്ചപ്പോ? ആരുടേയും കുറ്റമല്ല...ശാരൂ...മറ്റുള്ളോരെന്നെ നോക്കി ചിരിക്കുമ്പോ എനിക്കൊന്നും തോന്നാറില്ല. പക്ഷേ, നീ ചിരിക്കുമ്പോ എന്റെ മനസ്സില്‍ എന്തോ പോലെയാ...

പുറമേയ്ക്ക് പരുക്കനെങ്കിലും നല്ല ഹൃദയമുള്ള സര്‍ക്കസ് മുതലാളി പോലും ഒരു ഘട്ടത്തില്‍ ഗോവിന്ദന്‍ കുട്ടിയെ തള്ളിപ്പറയുന്നുണ്ട്. ഭാര്യയോടുള്ള സംശയം മൂത്ത് ഗോവിന്ദന്‍ വിജയനെ ടെന്റില്‍ നിന്നിറക്കി വിടുകയും അവളെ മര്‍ദ്ദിക്കുകയും ചെയ്തപ്പോഴായിരുന്നു മുതലാളിയുടെ ശാസന: 'നീ അവളെയും കൂട്ടി ഇവിടെ വന്നപ്പോഴേ ഞാന്‍ വിചാരിച്ചതാ, ഇങ്ങനെയൊക്കെ നടക്കുമെന്ന്. നിനക്കൊന്നും ഇതൊന്നും വിധിച്ചിട്ടില്ലെടാ,' എന്നായിരുന്നു മുതലാളിയുടെ വാക്കുകള്‍.

ഇവിടം മുതല്‍ ഗോവിന്ദന്‍കുട്ടി സര്‍ക്കസ്സില്‍ നിന്നു മാത്രമല്ല, ജീവിതത്തില്‍ നിന്നു തന്നെ പിന്തിരിയാനുള്ള സുദൃഢമായ തീരുമാനമെടുക്കുന്നു. എക്കാലത്തും ഗോവിന്ദന്റെ നന്മ മാത്രം കാംക്ഷിച്ചിട്ടുള്ള വിജയന്‍ കമ്പനി വിട്ടു പോകാന്‍ തീരുമാനിക്കുന്നു. ഗോവിന്ദന്‍ അയാളെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. തന്നേക്കാള്‍ കമ്പനിക്കാവശ്യം വിജയനെയാണെന്ന് ഗോവിന്ദന്‍ പറയുന്നു: 'ഞാന്‍ കോമാളിയല്ലേ.. കോമാളികള്‍ ഇവിടെ ധാരാളമുണ്ട്. ഒരാളില്ലെങ്കിലും സര്‍ക്കസ് നടക്കും.'

മേള, രംഗബോധമുള്ള ഒരു കോമാളിയുടെ കഥ
പഞ്ചവടിപ്പാലം, വര്‍ത്തമാനകാല ഇന്ത്യയെ പ്രവചിച്ച രാഷ്ട്രീയസിനിമ

ഗോവിന്ദന്‍കുട്ടിയുടെ വേഷത്തില്‍ കെ.ജി. ജോര്‍ജ് നായകസ്ഥാനത്തു കൊണ്ടുവന്ന രഘു എന്ന നടന്‍ ഈയിടെ അന്തരിച്ചു. മമ്മൂട്ടിക്ക് അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ ലഭിച്ച ശ്രദ്ധേയമായ വേഷമായിരുന്നു മേളയിലേത്. മലയാളസിനിമയില്‍ പുതിയ താരോദയങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കാലമായിരുന്നു അത്. ആ പുതുയുഗത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്ന് മമ്മൂട്ടി തന്നെയാണ്. ഒരു നടനെന്ന നിലയിലുള്ള ഗംഭീരപ്രകടനം കൊണ്ടല്ല, രഘു മേളയില്‍ ശ്രദ്ധിക്കപ്പെട്ടത്. തിരശ്ശീലയിലെ അസാധാരണമായ സാന്നിദ്ധ്യം തന്നെയാണ് അദ്ദേഹത്തിന്റെ പ്രകടനം അവിസ്മരണീയമാക്കിയത്. ഗോവിന്ദന്‍കുട്ടിയുടെയും ശാരദയുടെയും പാത്രസൃഷ്ടിയില്‍ ജോര്‍ജ് പുലര്‍ത്തിയ സൂക്ഷ്മതയാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. വര്‍ഷങ്ങളോളം പല നഗരങ്ങളിലും അലഞ്ഞു തിരിഞ്ഞ് പല ഭാഷകള്‍ സംസാരിക്കുകയും പലതരം സംസ്‌കാരങ്ങളില്‍ ഇടപെടുകയും ചെയ്തിട്ടും നിഷ്‌കളങ്കതാനഷ്ടം സംഭവിക്കാത്ത ഒരു ഗ്രാമീണനായാണ് ഗോവിന്ദന്‍കുട്ടിയെ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, വിവാഹത്തിനു മുമ്പ് നഗരത്തിന്റെ കാഴ്ചകളൊന്നും കണ്ടിട്ടില്ലാത്ത ശാരദ വളരെ എളുപ്പം അവളുടെ ഗ്രാമീണത വെടിയാന്‍ തയ്യാറാകുന്നതു പോലെ തോന്നും. ഉയരക്കുറവുള്ള ഭര്‍ത്താവിനൊപ്പമുള്ള ജീവിതം എന്നതിനപ്പുറം ലൈംഗികാസംതൃപ്തി അടക്കമുള്ള മറ്റു തലങ്ങളിലേയ്ക്കു കൂടി അവളുടെ നിരാശ വളരുന്നതിന്റെ വ്യക്തമായ സൂചനകള്‍ സിനിമയിലുണ്ട്. ആ മാറ്റം തിരിച്ചറിയുമ്പോഴാണ് ഗോവിന്ദന്‍കുട്ടി ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള വ്യക്തമായ തെരഞ്ഞെടുപ്പ് നടത്തുന്നത്.

മധുരമായ ഒരു പ്രതികാരം ചെയ്യുമ്പോലെ ശാരദയുടെയും വിജയന്റെയും സാന്നിദ്ധ്യത്തില്‍ത്തന്നെ ജീവിതമെന്ന കോമാളിക്കളി എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കാന്‍ ഗോവിന്ദന്‍കുട്ടി തീരുമാനിക്കുമ്പോള്‍ അതിനു പശ്ചാത്തലമായി അയാള്‍ തെരഞ്ഞെടുക്കുന്നത് ഒരു കടല്‍ത്തീരമാണ്. സ്വപ്നാടനത്തിലും ഇത്തരമൊരു കടല്‍ത്തീരം അതിലെ നായകനായ ഗോപിനാഥന്റെ തിരോധാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. മറ്റൊരാള്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ കൈമള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചുകിടക്കുന്നതും ഒരു കടല്‍ത്തീരത്താണ്. കൈമളുടെ മരണം ആത്മഹത്യയാണോ കൊലപാതകം തന്നെയാണോ എന്ന കാര്യത്തില്‍ അല്പം ദുരൂഹത സംവിധായകന്‍ അവശേഷിപ്പിക്കുന്നുണ്ട്. മേളയില്‍, പക്ഷേ, ഗോവിന്ദന്‍കുട്ടിയുടെ മരണം നേരത്തേ തീരുമാനിച്ചുറപ്പിച്ച ഒരു യാത്രപോലെയാണ്. ഇനി ഒരു ചുവടുപോലും മുന്നോട്ടുവയ്ക്കാന്‍ ജീവിതം തന്നെ അനുവദിക്കില്ലെന്നു തിരിച്ചറിയുന്ന നിസ്സഹായനായ മനുഷ്യന്റെ തീരുമാനമാണത്. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്നു പറയുമല്ലോ. മേളയിലെ കോമാളി അങ്ങനെയല്ല. തികഞ്ഞ രംഗബോധത്തോടെയാണ് അയാള്‍ ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞു പോകുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in