കേരളത്തിൽ ലോകനിലവാരത്തിലുള്ള ഒരു ശാസ്ത്ര ഗവേഷണസ്ഥാപനം സംസ്ഥാനഗവണ്മന്റിന്റെ പിന്തുണയോടെ സ്ഥാപിക്കണം എന്നത് അദ്ദേഹത്തിന്റ സ്വപ്നമായിരുന്നു. ഇന്നത്തെ ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞൻ എന്നു പറയാവുന്ന പ്രതിഭാശാലി ആയിരുന്നു താണു പത്മനാഭൻ, എം.എ.ബേബി എഴുതിയത്
താണു പത്മനാഭൻറെ അകാലനിര്യാണം അതീവ ദുഖകരമാണ്. അത്യന്തം അവിശ്വസനീയവും. ഇന്നലെ വൈകിട്ട് 5 മണിക്കും ഞങ്ങൾ പരസ്പരം കുറെയേറെ സമയം സംസാരിക്കുകയുണ്ടായി. പുതിയ മാതൃഭൂമി വാരികയിൽ പുറംചട്ടയിലെമനോഹരമായ ചിത്രത്തോടെ വന്ന താണു പത്മനാഭനെക്കുറിച്ചുള്ള ദീർഘമായ രചനയെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു. തിരുവനന്തപുരം ജില്ലയിൽ നെട്ടയത്തിനടുത്ത് താൻ കുറേക്കാലം മുമ്പു വാങ്ങിയ 9 സെന്റു ഭൂമിയിൽ ചെറിയൊരുവീടുവച്ച് ഭാവിയിൽ താമസമാക്കുന്ന കാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലുണ്ടായിരുന്നു. കേരളത്തിൽ ലോകനിലവാരത്തിലുള്ള ഒരു ശാസ്ത്ര ഗവേഷണസ്ഥാപനം സംസ്ഥാനഗവണ്മന്റിന്റെ പിന്തുണയോടെ സ്ഥാപിക്കണം എന്നത് അദ്ദേഹത്തിന്റ സ്വപ്നമായിരുന്നു. ഇന്നത്തെ ഇന്ത്യയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രഗത്ഭനായ ശാസ്ത്രജ്ഞൻ എന്നു പറയാവുന്ന പ്രതിഭാശാലി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ജനിച്ച് എസ്എംവിസ്കൂളിലും യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസം ചെയ്തതിനു ശേഷമാണ് അദ്ദേഹം ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൽ നിന്ന് പിഎഛ്ഡി നേടുന്നത്. മുതിർന്ന ശാസ്ത്രജ്ഞൻ പ്രൊഫ. ജയന്ത് നാർലിക്കർ ആയിരുന്നു താണു പത്മനാഭന്റെഗൈഡ്.
ബിഎസ്സിയും എംഎസ്സിയും തിരുവനന്തപുരംയൂണിവേഴ്സിറ്റി കോളേജിലാണ് പഠിച്ചത്. ബിഎസ്സി വിദ്യാർത്ഥി ആയിരിക്കെ, ഇരുപതാം വയസ്സിൽ ജനറൽ റിലേറ്റിവിറ്റിയെക്കുറിച്ചുള്ള തൻറെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിച്ചു (1977).
1983 വരെ ക്വാണ്ടം കോസ്മോളജിയായിരുന്നു ഗവേഷണ മേഖല. പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെന്നൊക്കെ വ്യാഖ്യാനിക്കാവുന്ന കാര്യങ്ങളെ സംബന്ധിച്ചായിരുന്നു അത്. ക്വാണ്ടം മെക്കാനിക്സിന്റെ രീതികൾ ഉപയോഗിച്ച് ഗുരുത്വാകർഷണത്തെക്കുറിച്ച് പഠിക്കുക എന്നത് ഈ ഗവേഷണത്തിന്റെ ഭാഗമാണ്. അതു കഴിഞ്ഞ് പ്രപഞ്ച വിജ്ഞാനീയത്തിൽ (കോസ്മോളജിയിൽ) ഗാലക്സികളും മറ്റും രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിച്ചു. ഇതിന്നിടയിൽ ടി.ഐ.എഫ്.ആറിൽ എന്റെ ജൂനിയറായി ഗവേഷണം നടത്തിയിരുന്ന വാസന്തി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. ഞങ്ങൾ ഇരുവരും ചേർന്നാണ് ഈ ഗവേഷണം നടത്തിയത്. പിന്നീട്, കേംബ്രിഡ്ജിൽ വച്ച് ഗുരുത്വാകർഷണ മണ്ഡലത്തിലെ വസ്തുക്കളുടെ സാംഖ്യകം (സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സസ്) എന്ന മേഖലയിൽ പ്രവർത്തിച്ചു. ഇത് 1990കൾ വരെ തുടർ ന്നു. 1990 കളുടെ മധ്യം മുതൽ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ ഗണിതമാതൃകകൾ പഠിക്കുന്ന രീതി വികസിപ്പിച്ചെടുക്കാൻ ശ്രമിച്ചു. പിന്നീട്, തമോദ്വാരങ്ങളെക്കുറിച്ചു പഠിച്ചു. 2002 മുതൽ ഗുരുത്വാകർഷണത്തെ സംബന്ധിച്ച് ഒരു പുതിയ ഗവേഷണ മേഖലയിൽ പ്രവർത്തിക്കുന്നു. ക്വാണ്ടം ഗ്രാവിറ്റിയുടെ ഒരു നല്ല സിദ്ധാന്തം നമുക്കിപ്പോഴില്ല. എങ്കിലും അതിന്റെ ഫലങ്ങൾ നമുക്ക് പരോക്ഷമായി പഠിക്കാൻ പറ്റും. ഉദാഹരണമായി, എല്ലാ വസ്തുക്കളെയും നിർമിച്ചിരിക്കുന്ന ആറ്റങ്ങളെ സംബന്ധിച്ച് വ്യക്തമായി അറിയുന്നതിനു മുമ്പേ ശാസ്ത്രജ്ഞർ ഇലാസ്തികതയെക്കുറിച്ചും വാതകങ്ങളുടെ ഒഴുക്കിനെക്കുറിച്ചുമെല്ലാം പഠിച്ചിരുന്നല്ലോ? ഇതുപോലെ ക്വാണ്ടം ഗ്രാവിറ്റിയെ അറിയാതെ തന്നെ ഗുരുത്വബലത്തെക്കുറിച്ചു പഠിക്കാനാണ് ശ്രമം. ഇതൊക്കെയാണ് എന്റെ ഗവേഷണ മേഖലകൾ.
താണു പദ്മനാഭന്‍ (ലൂക്ക പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്ന്)
2006 ലെ എൽ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി പരിഗണിച്ചാൽ അംഗീകരിക്കുമോ എന്ന് ഞാൻ അന്വേഷിച്ചു. 'ഇത് വലിയൊരു അംഗീകാരമാണെങ്കിലും തല്ക്കാലം എന്നെഗവേഷണപരിപാടികൾ തുടരാൻ അനുവദിക്കണം ' എന്ന് അപേക്ഷിക്കുകയാണുചെയ്തത്.
ഇന്ത്യൻ സൈദ്ധാന്തികഭൌതികജ്ഞരിൽ മുൻനിരയിലായിരുന്ന അദ്ദേഹം ഒരു കോസ്മോളൊജിസ്റ്റും ആയിരുന്നു. ഭൂഗുരുത്വം, ഘടനാ രൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി എന്നീ മേഖലകളിൽ ഗവേഷണസംഭാവനകൾ നടത്തിയ അദ്ദേഹം തമോഊർജത്തെക്കുറിച്ചുള്ള പഠനത്തിലും സംഭാവനകൾ നല്കി.
പൂനെയിലെ പ്രസിദ്ധമായ ഇൻറർ യൂണിവേഴ്സിറ്റി സെൻറർ ഫോർ അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സിൻറെ (അയൂക്കാ)ഡയറക്ടർ ആയിരുന്നു ദീർഘകാലമായി.2006-2011 ലെ ഇടതുപക്ഷ ജനാധിപത്യമുന്നണിഗവണ്മന്റ് കേരളത്തിൽ അന്തർസർവ്വകലാശാലാ പഠനകേന്ദ്രങ്ങൾതുടങ്ങിയത് പൂനയിലെ അയൂക്കാ മാതൃക കൂടി പഠിച്ചതിനുശേഷമായിരുന്നു. അന്ന് ഞാൻ അയൂക്കാസന്ദർശിക്കുമ്പോൾ അതിന്റെഡയറക്ടർ ജയന്ത് നർലിക്കറും ഡെപ്യൂട്ടി ഡയറക്ടർ താണു പത്മനാഭനുമായിരുന്നു.
ലോകമെങ്ങുമുള്ള സർവകലാശാലകളിലും അസ്ട്രോണമി സ്ഥാപനങ്ങളിലും അധ്യക്ഷനായും അംഗമായും ഒക്കെ അദ്ദേഹം പലനിലയിൽ സേവനം അനുഷ്ഠിച്ചു. ശാസ്ത്രപ്രചാരണത്തിൽ തല്പരനായ അദ്ദേഹം ഇരുനൂറിലേറെ ജനകീയ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഭൌതികത്തിൻറെ കഥ എന്ന പേരിൽ കുട്ടികൾക്കായി എഴുതിയ ഗ്രാഫിക് പുസ്തകവും ശ്രദ്ധേയമാണ്.
2006 ലെ എൽ ഡി എഫ് മന്ത്രിസഭയുടെ കാലത്ത് കേരള സർവകലാശാലയുടെ വൈസ് ചാൻസലറായി പരിഗണിച്ചാൽ അംഗീകരിക്കുമോ എന്ന് ഞാൻ അന്വേഷിച്ചു. 'ഇത് വലിയൊരു അംഗീകാരമാണെങ്കിലും തല്ക്കാലം എന്നെ ഗവേഷണപരിപാടികൾ തുടരാൻ അനുവദിക്കണം ' എന്ന് അപേക്ഷിക്കുകയാണുചെയ്തത്. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻറെ ക്ഷണം സ്വീകരിച്ച് കുട്ടികൾക്കായി പ്രഭാഷണം നടത്താൻ വന്നപ്പോൾ ആണ് ഞങ്ങൾ കൂടുതൽ അടുത്തതും ബന്ധം ദൃഢമാവുന്നതും. അയൂക്കാസന്ദർശനവേളയിൽ പൂനയിലെവീട്ടിൽനിന്നുകഴിച്ച രുചികരമായഭക്ഷണത്തിന്റെ കാര്യം തിരുവനന്തപുരത്തുകണ്ടപ്പോൾ ഓർമിപ്പിച്ചു. അപ്പോൾ വീണ്ടും പൂനയിലേക്കുക്ഷണംവന്നു. അത് പ്രകാരം മോഹിച്ച പൂനാ സന്ദർശനം പലകാരണങ്ങളാലും നടന്നില്ല. ഇക്കാലത്ത് എൻറെ വീട്ടിൽ അദ്ദേഹം പലതവണ വന്ന ഓർമകളും മനസ്സിലേക്കുകടന്നുവരുന്നു.
ഇന്ത്യയിൽ മാത്രം പഠിക്കുകയും ഇന്ത്യയിൽ മാത്രം ഗവേഷണം നടത്തുകയും ചെയ്ത് നോബൽ സമ്മാനം നേടുന്ന അപൂർവ്വ ഇന്ത്യൻ ശാസ്ത്രജ്ഞനാവും , ഡോ സി വി രാമനെപ്പോലെ , താണുപത്മനാഭനും എന്ന് പലരും കരുതിയിരുന്നു. (മറ്റുപലരും ഇന്ത്യയിലെപഠനംകഴിഞ്ഞ് ഉപരിപഠനത്തിന് വിദേശത്തുപോയതിനെത്തുടർന്ന് നോബൽ നേടിയവരാണ്!)പക്ഷേ, രംഗബോധമില്ലാത്ത വിദൂഷകനെപ്പോലെ കടന്നുവന്ന ഒരു ഹൃദയാഘാതം ഈ പ്രതിഭാശാലിയെ വളരെ നേരത്തെ ശാസ്ത്രലോകത്തുനിന്ന് പിടിച്ചുകൊണ്ടുപോയി. പ്രിയപത്നി വാസന്തിയെ ഫോണിൽവിളിച്ച് സംസാരിച്ചപ്പോൾ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ഇന്നലെ എന്നോട് ഫോണിൽസംസാരിച്ചകാര്യമെല്ലാം അവർ തമ്മിൽ ഇന്നലെ വിശദമായി പറഞ്ഞകാര്യവും വാസന്തി എന്നോടു സൂചിപ്പിച്ചു. വാസന്തിയും മകൾ ഹംസയും ഈ ആഘാതം നേരിടാൻ കരുത്തുനേടുമെന്ന് വിശ്വസിക്കുന്നു. പ്രിയശാസ്ത്രകാരാ, ആദരണീയസുഹൃത്തേ, വിട
താണു പദ്മനാഭന്‍- ജീവിതരേഖ
1957 ൽ തിരുവനന്തപുരത്തു ജനിച്ച താണു പദ്മനാഭൻ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ 1977 ൽ ബി.എസ്.സി. ബിരുദവും 1979 ൽ ഒന്നാം റാങ്കിനുള്ള സ്വർണ്ണമെഡൽ നേടിക്കൊണ്ട് എം.എസ്.സി. ബിരുദവും കരസ്ഥമാക്കി. ബി.എസ്.സി. വിദ്യാർത്ഥി ആയിരിക്കുന്ന കാലത്തുതന്നെ ആപേക്ഷികതാ സിദ്ധാന്തത്തെ സംബന്ധിച്ച തന്റെ ആദ്യത്തെ ഗവേഷണ പ്രബന്ധം പദ്മനാഭൻ തയ്യാറാക്കിയിരുന്നു. മുംബൈയിലെ ടാറ്റാഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടി.ഐ.എഫ്.ആർ.) നിന്ന് പി.എ.ച്ച്.ഡി. സമ്പാദിച്ച പദ്മനാഭൻ അവിടെ തന്നെ ഗവേഷകനായി 1992 വരെ തുടർന്നു. ആസ്‌ത്രേലിയയിലെ മെൽബൺ യൂണിവേഴ്‌സിറ്റിയിലും അദ്ദേഹം ഗവേഷണം നടത്തിയിട്ടുണ്ട്. 1992 മുതൽ അദ്ദേഹം ഐ.യു.സി.എ. എ.യിൽ ഗവേഷകനും അക്കാദമിക് പ്രോഗ്രാമുകളുടെ ഡീനുമായി പ്രവർത്തിച്ചു വരികയാണ്. ഗുരുത്വാകർഷണം, പ്രപഞ്ച വിജ്ഞാനീയം, ക്വാണ്ടം സിദ്ധാന്തം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഗവേഷണ മേഖലകൾ